
മൂർച്ച കൂട്ടേണ്ടേ! കരവാളെടുക്കുക
രാകിരാകി നീ കൂർപ്പിച്ചു വയ്ക്കുക
കാലം വരയ്ക്കുന്ന കോലങ്ങളിൽ കദന-
ചിത്രങ്ങളെത്രയോ കാണുന്നു നിത്യവും.
കണ്ണടച്ചെന്തിന്നു കാണാതിരിക്കുന്നു
കാതടച്ചെന്തിന്നു കേൾക്കാതിരിക്കുന്നു
നാവനക്കാതെ നാം മൗനത്തിലാവുകിൽ
നാശം നമുക്കും ജഗത്തിനുമോർക്കുക
കള്ളം പറഞ്ഞുപറഞ്ഞു നമ്മിൽനിന്നു
കല്പിച്ചു വാങ്ങുന്നു പൗരാവകാശവും
കനകസിംഹാസനം തന്നിലെത്തിപ്പിന്നെ
കവരുന്നു ഖജനാവു കാലിയാക്കുന്നവർ
തൻപള്ളവീർപ്പിച്ചു തൻപിള്ളക്കേകുവാൻ
തന്ത്രം മെനയുന്ന യന്ത്രങ്ങളാണവർ
തന്ത്രിയും മന്ത്രിയും ചേർന്നു ദൈവങ്ങളെ
തന്ത്രത്തിൽ വീതിച്ചെടുക്കുന്ന കാലമോ?
വീണ്ടും വിളിക്കുന്നു ശരണമന്ത്രങ്ങൾ നാം
വീണ്ടും കരയുന്നു ഗർദ്ദഭം പോലെവേ
വിധിയെന്നു പറയുന്നു ശരിയേതുമറിയില്ല
വാഴുന്നടിമയെപ്പോലവേയിന്നു നാം
പെണ്ണൊന്നു കേറിയാലെല്ലാമശുദ്ധം
പൊന്നുമോഷ്ടിക്കുവോരെല്ലാം വിശുദ്ധർ
പൊട്ടരാണിന്നുനാമെല്ലാം സഹിപ്പവർ
പൊട്ടാക്കിണറ്റിലെ തവളകൾ പോലവേ
കാണണം കേൾക്കണമെൻ കവി ശ്രേഷ്ഠരേ!
കണ്ടതും കേട്ടതും, വിചിന്തനം ചെയ്യണം
കാരണംകണ്ടെത്തി നേരിന്റെ പാതയിൽ
കരവാളിലൂടെ നാം ഗാർജിച്ചിടേണം.








