കരയുകയല്ല കരഞ്ഞുതീര്‍ക്കാന്‍
കഴിയുന്നതല്ലെന്റെ കാര്യമൊന്നും
നെടുനാള്‍ ചുമന്നും നടന്നുമത്രേ
പടുജന്മമത്രയും ഞാന്‍ തുലച്ചു.
കഴിയുന്നതല്ലെന്റെ കാര്യമൊന്നും
നെടുനാള്‍ ചുമന്നും നടന്നുമത്രേ
പടുജന്മമത്രയും ഞാന്‍ തുലച്ചു.
ചുമടേതറിഞ്ഞീല കുങ്കുമമോ
ചവറോ വിഴുക്കലോ ചന്ദനമോ
ഗുണമെന്തറിഞ്ഞീലാ ഞാന്‍ ചുമന്നു
മണമെന്തിനറിയുന്നു കഴുതവര്ഗ്ഗം
ചുമടൊന്നെനിക്കോര്മ്മയുണ്ടു പണ്ടെൻ
ചുമലേറിയിട്ടുണ്ടു മര്ത്ത്യപുത്രന്
അതിനിന്നുമെത്രസുഗന്ധ, മെന്നാല്‍
അതിലുമെന് യത്നം മറന്നു ലോകം.
കഴുതയ്ക്കുമില്ലേ കിനാക്കള്‍, മോഹം,
കഴുതയ്ക്കുമില്ലേ വിശപ്പ്, ദാഹം
കഴുതയ്ക്കു വേണ്ടേ മനസ്സ്, ദുഃഖം,
പഴുതെയാണെന്നോ കഴുതജൻമം.
അറിയാമെനിയ്ക്കൊന്നു, ലോകരെല്ലാം
കഴുതയെന്നെന്നെ വിളിക്കുകിലും
ഇവിടിന്നു ഞാന്‍ ചുമക്കുന്ന ഭാരം
ഒരു കഴുതയ്ക്കും സഹിക്കുകില്ല.