കള്ളൻ

ഒരു കള്ളനെന്റെ
വീടു കാണുന്നു,
ചിതലു തിന്നത്
നൂറു തേച്ചത്

നിഴലുകളിൽ
വലിപ്പം വെക്കുന്ന
ഒറ്റപ്പെട്ട വീട്ടിൽ
കവിതയെഴുതുന്ന ഞാനുണ്ടെന്നു
കള്ളനറിയാം.
അതായതയാൾ
കഴിഞ്ഞയാഴ്ച്ചയുടെ
തുടക്കങ്ങളിലെന്റെ
സുഹൃത്തായിരുന്നു.

ഞാൻ പുറത്തുനിർത്തിയ
രാത്രികളിൽ
കുളിച്ചയാൾ
യാതൊരു
കൂസലുമില്ലാതെ
എന്റെതന്നെ മേൽക്കൂരയുടെ ഓടിളക്കുന്നു.

നോക്കൂ.
അതിസമർത്ഥമായാണയാളുടെ
ഓരോ ചുവടും.

ഉത്തരത്തിലള്ളിപ്പിടിക്കുന്ന
പല്ലിയെ പോലെ
ചെറുതായയാൾ ചിലക്കുന്നു,
ചലിക്കുന്നു.

ഞാനത് കേട്ടപാതി
കേക്കാത്തപാതിയെന്റെ
ചെവി പായിക്കുന്നു.
വീണ്ടും
എന്റെ കാതുകളിലത
കപ്പെടുന്നില്ല.

ഞാനയാളെ
രാത്രിയെന്ന് സങ്കല്പിക്കുന്നു.
കറുപ്പ് നിറം
കൊടുക്കുന്നു.
ഞൊടിയിടയിൽ,
ഊർന്നിറങ്ങിയയാളെന്റെ
വാരിയെല്ലള്ളുന്നു.

എന്റെ കറുത്ത
തൊലിയിലെന്റെ
ചോരയുടെ കറുപ്പു
തൊടുന്നു.

ആർത്തിയിലെന്റെ
ഹൃദയം
തുരക്കുമ്പോൾ
ഇരുട്ടിന്റെ
കൂറ്റൻ പെരുച്ചാഴിയായി
അയാൾ
രോമം കൊഴിക്കുന്നു,

എന്റെ കെണികളിലെ
തേങ്ങാപ്പൂളുകളിൽ
ചുണ്ടുവെക്കാതെയെന്റെ
ഹൃദയഞരമ്പുകൾ
കുരുക്കഴിയുന്നു.

എന്റെ കൈകളെത്ര
ദുർബലമെന്ന്
ബോധ്യപ്പെടുത്തി,
യെന്നെ വരിഞ്ഞുമുറുക്കുന്നു
ആൾതാമസമില്ലാത്ത
എന്റെയുള്ള് കണ്ടയാൾ
നിരാശപ്പെടുന്നു.

ചിലന്തി വലകളിലയാൾക്കു
ജലദോഷം പിടിക്കുന്നു.

അരിശം മൂത്തൊന്നും
കണ്ടെത്താത്തവനായി
എന്റെ മറുകുകളെ കള്ളൻ
പറിക്കുന്നു,
അവയെ
കവിളുകളിലൊട്ടിക്കുന്നു.
എന്റെ,
അറകളിൽ
വിഷാദത്തിന്റെ
പല്ലിമുട്ടകളിടുന്നു.
ഉടനെ, വാതിലു
തുറന്നങ്ങ്
ഇറങ്ങിപ്പോകുന്നു.

വിട്ടു പോയതിതാണ്,
കഴിഞ്ഞയാഴ്ച്ചയുടെയ
വസാനങ്ങളിലയാൾ
എന്റെ കാമുകനായിരുന്നു.

എം.എ.മലയാളം വിദ്യാർത്ഥി . ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല,കാലടി