ഒരുമ്പെട്ടവളെന്ന്
അപ്പനെപ്പോഴും വിളിച്ചുകൊണ്ടിരുന്നു
അവസാനകാലത്ത് ഒരിറ്റ് വെള്ളം
പേർഷ്യക്കാരത്തി മോളെ, തരാനൊള്ളൂ-
-വെന്ന് അമ്മയും
കുത്തുവാക്കുകളിൽ നിന്ന് രക്ഷപെട്ടു എന്ന്
താലികെട്ടിന്റെയന്ന് ഹൃദയമിടിപ്പവൾ കേട്ടു
കെട്ടിയവന്റെ നാറ്റം വന്ന തുണികെട്ടുകൾ
അലക്കി തീർക്കുന്നവൾ
മൂന്ന് നേരം ചൂട് ചോറ് വിളമ്പുന്നവൾ
ലഹരിയിൽ ബോധം കെടുമ്പോൾ
കുളിപ്പിച്ച് ചോറൂട്ടുന്നവൾ
അവന്റെയടക്കം സകലകാര്യങ്ങളിലും
അവളുടെ കൈ മാത്രമായിരുന്നു
അവന്റെ ഉള്ളിൽ വികാരചിന്തകൾ
ലഹരിയിൽ മാത്രമെന്ന്
അവൾ ആദ്യം ദിനം അറിഞ്ഞു
പ്രണയിച്ചു തീരാത്ത മനസും
ഭോഗമെന്തെന്ന് അറിയാത്ത ശരീരവും
അവളെ കൊഞ്ഞനം കാട്ടി
കഴുത്തിനമർത്തി അവൻ
തന്റെ ലഹരിക്ക് തീ കൂട്ടി
വല്ലപ്പോഴും കൊടുക്കുന്ന കാശിനവളുടെ
അപ്പനിന്നലെ കണക്ക് ചോദിച്ചു
മക്കളുടെ പഠിപ്പിന് ചിലവാക്കിയ പണത്തിന-
വളൊരിക്കലും കണക്കോർത്ത് വെച്ചില്ല.
കൂടെ കിടത്തിയപെണ്ണിനെ മറന്നുകളയാത്ത
ആണൊരുത്തൻ ഭൂമിയിൽ ഉണ്ടോയെന്ന്
സ്വപ്നത്തിൽ മാലാഖയോടവൾ
ചോദിക്കുന്നുണ്ടായിരുന്നു.
ഇരു കരകൾക്കിടിയിൽ
ഞെരിഞ്ഞമർന്നൊഴുകുന്ന പെണ്ണുങ്ങൾ
മാലാഖമാരെന്ന്…. മറുപടി.