കള്ളിമുള്ളിന്റെ ഒച്ച

നാട്ടിൽ പോയപ്പോൾ
ഒരു കള്ളിമുൾ ചെടി കൊണ്ടുപോയി,
രണ്ടു വർഷത്തിന് ശേഷമുള്ള
ആദ്യ അവധിക്കാലയാത്രയായിരുന്നു.

പതിവ് പോലെ അച്ഛൻ അപ്പോഴും
പൂമുഖത്തു തന്നെയുണ്ടായിരുന്നു
മുത്തച്ഛൻ ഇരുന്നിരുന്നത് പോലെ
ആരെയോ കാത്ത്
എന്നോണം
വഴിയിലേക്ക് കണ്ണോടിച്ചു
നിശബ്ദനായി
അതേ ചാരു കസേരയിൽ
വെയിലിനോട് കുശലം പറയുന്ന മട്ടിൽ.

ഞങ്ങൾ ഒന്നും സംസാരിച്ചിരുന്നില്ല
അച്ഛന്റെ അച്ഛനും അച്ഛനും
ഒന്നും സംസാരിക്കാനില്ലായിരുന്നു.
എനിക്കും അച്ഛനും
ഒന്നും സംസാരിക്കാനില്ലായിരുന്നു.
ഞങ്ങൾ വിഷയങ്ങൾക്ക് വേണ്ടി പരതി.
ഒരു മൺചട്ടിയിൽ കള്ളിമുൾ ചെടി നട്ടു
അച്ഛൻ ഇരുന്നിരുന്ന കസേരയ്ക്ക് അടുത്തായി
പകൽനേരം വെയിൽ
അത് രണ്ടു പേരോടും കുശലം പറയുന്നു.

കുറേക്കാലം കഴിഞ്ഞ് ഇടം മാറിയ
ഒരു മണൽക്കൂന പോലെ
ഞാൻ ആ കസേരയിൽ ഇരിക്കുകയുണ്ടായി.
വെയിലേറ്റ് തളർന്ന കഥകൾ അയവിട്ടുകൊണ്ട്

കള്ളിമുൾച്ചെടിയ്ക്ക്
പല ഉടലുകൾ വളർന്നിരുന്നു
ചെടിയ്ക്ക് വലിപ്പം തോന്നിയിരുന്നു
വെയിൽ ചായുന്ന നേരത്ത്
ചിലപ്പോൾ
ഞാനതിന്റെ ചെറിയ മുള്ളുകളിൽ തൊട്ടു.
ചിലപ്പോൾ
വിരലുകളിൽ നിന്ന് ചോര ഇറ്റു.
അപ്പോൾ
ആരോടെങ്കിലും മിണ്ടണം എന്ന് തോന്നും
ആരോടും
പറയാൻ കുശലങ്ങൾ ബാക്കിയില്ലായിരുന്നു.

ഇടയ്ക്ക് ഒരിക്കൽ
ഒരു കള്ളിമുൾ ചെടി
മരുഭൂമിയോട് എന്നോണം
ഒരു കള്ളിമുൾ ചെടി
സൂര്യനോട് എന്നോണം
ഒരു കള്ളിമുൾ ചെടി
അതിനോട് എന്നോണം
ഞാൻ സംസാരിച്ചു തുടങ്ങി.
എന്റെ ഉള്ളിൽ നിന്ന് ആദ്യം അച്ഛൻ
പിന്നെ അച്ഛന്റെ അച്ഛൻ ,
പിന്നെ മുത്തച്ഛന്റെ അച്ഛൻ
അവർ ആരോടും പറയാതെ വച്ചിരുന്ന
ഏതൊക്കെയോ വിശേഷങ്ങൾ
ഞാൻ എന്നോട് പറഞ്ഞു തുടങ്ങി.

കടുത്ത വേനലുകളാണ്
കള്ളിമുൾ ചെടികളിൽ
മരുഭൂമിയുടെ മാതളത്തം നിറയ്ക്കുന്നതെന്നത്
അവയിൽ ഒരു വിശേഷം മാത്രമാണ്.

പത്തനംതിട്ട സ്വദേശി. ദുബായിൽ താമസം. കവിതസമാഹാരങ്ങൾ - ഉന്മത്തതകളുടെ ക്രാഷ്ലാന്റിങ്ങുകൾ, ടെക്വീല, ഉളിപ്പേച്ച്, രാജാവിന്റെ വരവും കൽപ്പമൃഗവും, കള്ളിമുള്ളിന്റെ ഒച്ച. കഥാസമാഹാരം - ജിഗ്സ പസൽ. ആദി & ആത്മ (നോവൽ - ബാലസാഹിത്യം )