കറുപ്പ്

ഞാൻ പോകുന്നു.
ഈ വിവേചനം
എനിക്ക് സഹിക്കവയ്യ.

ഞാൻ പോകുന്നു,
നിറങ്ങൾക്ക്
സ്ഥാനമില്ലാത്ത ലോകത്തേക്ക്,
ഇരുളിലേക്ക്.

എന്റെ നിറത്തെ
അംഗീകരിക്കുന്ന കാലം
ഞാൻ വീണ്ടും പുനർജനിക്കും.

അതുവരെ
നിങ്ങളുടെ ഓർമ്മകളിൽ
ഞാൻ സ്ഥാനം പിടിക്കും.

ആത്മഹത്യ അല്ല,
കൊലപാതകം തന്നെ,
കൊന്നത് നിങ്ങളോ…?

പ്രകൃതി നൽകിയ വർണ്ണങ്ങളിൽ-
കറുപ്പിന്
ഭ്രഷ്ട്ട് കൽപ്പിച്ചതാരാണ്,
കറുപ്പിനെ
തീണ്ടാപ്പാടകലെ നിർത്തിയതാരാണ്,
ജനിച്ചു വീണ ശിശുവിൻ്റെ –
കറുപ്പ് നോക്കിയതെന്തിന്,
ഒടുവിൽ
കറുപ്പെന്ന വാക്കിന് ബലിയർപ്പിച്ചില്ലേ…

എന്നിട്ടും മതിവരാതെ നീ
നിന്റെ കറുത്ത കണ്ണുകളാൽ
കൊത്തിവലിച്ചതെന്തിന് ?

ചോദിക്കാതിനി വയ്യ,
കറുപ്പു കണ്ടാൽ
നിനക്ക് വെറുപ്പ്
എങ്കിലും നിന്റെ മുടിയിഴകൾക്ക്
കറുപ്പുണ്ട്,
എന്തേ വെളളപൂശിയില്ല.

നിന്റെ കണ്ണിലെ
കൃഷ്ണമണിയും കറുപ്പ്,
എന്തേ നീ
വെളളപൂശിയില്ല.

നിന്റെ കറുത്ത
ഹൃദയത്തിനു മാത്ര-
മെന്തിന് വെളളപൂശി.

നൂറ്റാണ്ടുകൾക്ക് മുന്നേ
തുടങ്ങിയ വെറുപ്പ്,
ഇന്നും തുടരുന്നുവല്ലോ,

ഖേദിക്കുന്നു ഞാനിന്നും
പറയേണ്ടി വരുന്നല്ലോ
എന്നോർത്ത്
പുകയുന്നുണ്ടേൻ ഉളള്.

പലതും കേൾക്കുമ്പോൾ
നിലക്കുന്നില്ല എന്നിലെ ഉറവ,
കണ്ണീരിൽ
എന്റെ കവിൾ പൊള്ളുന്നുണ്ട്,
നിന്റെ ഉള്ളിലെ കറുപ്പിൽ
പൊലിഞ്ഞു പോയത്
എത്ര ജീവിതങ്ങൾ,

കണ്ണൂർ ചൊക്ലി സ്വദേശിനി. മാഹിയിൽ B.Ed ന് പഠിക്കുന്നു