കറുത്ത ഇരിപ്പിടത്തിലിരുന്ന് കണ്ണുനീർ പൊഴിച്ച കാമുകനെ തേടി

ഡൽഹി റെയിവേസ്റ്റേഷനിൽ നിന്ന് പല പല ലക്ഷ്യങ്ങളുമായി സ്വപ്നാടനത്തിലെന്ന വണ്ണം പുറത്തേക്കൊഴുകുന്ന മനുഷ്യപ്രവാഹത്തിൽ ഞങ്ങളും ലയിച്ചു. സ്റ്റേഷന്   വെളിയിലെത്തിയപ്പോൾ സൂര്യൻ നട്ടുച്ചയിൽ, കത്തി ജ്വലിച്ചൊരു വഴക്കാളി. റാണിയും രവിയുമെത്തിച്ചേരാൻ ഇത്തിരി വൈകും.
അടുത്തുകണ്ട ഒരു മരച്ചുവട്ടിലേക്ക് മാറി കടുത്ത ചൂടിൽനിന്നൊഴിവായി നിന്നു. റിക്ഷാവലിക്കുന്നവരും ഓട്ടോക്കാരുമെല്ലാം ഈച്ച പൊതിയുന്നതുപോലെ പറന്നെത്തി, അവരെ ശ്രദ്ധിക്കാതെ  മറ്റുകാഴ്ചകളിലേക്കായി ശ്രദ്ധ. മുലകുടിക്കുന്ന കുഞ്ഞടക്കം നാടോടികളെപ്പോലെ തോന്നിക്കുന്ന ഒരുപറ്റം ആളുകളാണ് മരച്ചോട്ടിലുള്ളത്. ഓരോ ആളുകളുടെയും സമീപത്തായി മുഷിഞ്ഞ തുണികൾ കൊണ്ടുള്ള ഭാണ്ഡക്കെട്ടുകൾ. വല്ലാതെ വിയർത്തൊലിച്ചിരിക്കുന്നൊരു വലിയമ്മയിലാണ് കണ്ണുടക്കിയത്. തൊട്ടടുത്ത്, വെറും നിലത്തു കിടന്നുറങ്ങുന്ന ഗർഭിണിയെന്നു തോന്നിക്കുന്ന ഒരു സ്ത്രീയുടെ മുടിയിൽ ചുക്കിച്ചുളിഞ്ഞ വിരലുകൾ കൊണ്ട് തലോടുന്ന ആ വൃദ്ധയുടെ മങ്ങിയ കണ്ണുകളിലെ ശൂന്യതാബോധം തെളിഞ്ഞുകാണാം . മുഷിഞ്ഞ ഭാണ്ഡക്കെട്ടുകളും ആ മനുഷ്യരും തമ്മിൽ വലിയൊരു മാറ്റം പറയാനില്ലാത്തതുപോലെ.
ഉന്തുവണ്ടിയിലും തലച്ചുമടായും പലപല പഹാരങ്ങളുമായി വന്നു കച്ചവടം നടത്തുന്നവർ.  സിനിമകളിലും പത്രങ്ങളിലും മാത്രം കണ്ടിട്ടുള്ള, അന്നന്നത്തെ ആഹാരത്തിനുവേണ്ടി പെടാപ്പാടുപെടുന്ന മനുഷ്യരാൽ വലിക്കപ്പെടുന്ന റിക്ഷകൾ. കൈക്കുഞ്ഞുമായി യാചിക്കുന്നവർ. തിരക്കുപിടിച്ച് സ്റേഷനുള്ളിലേക്കും പുറത്തേക്കുമോടുന്ന പലനാടുകളിൽനിന്നുള്ള വിവിധ വേഷക്കാർ.
മുഖലക്ഷണക്കാരെക്കൊണ്ടാണ് പൊറുതിമുട്ടിപ്പോയത്. ഭാഗ്യശാലികളായ ഞങ്ങളുടെ മുഖലക്ഷണം കൃത്യമായും പറഞ്ഞു തന്ന ആ മഹാത്മാക്കൾക്ക് പക്ഷേ പിശുക്കിന്റെ കാര്യം മാത്രം പ്രവചിക്കാനായില്ല.
ഇടക്കിക്കിടെ ഷീമയുമായി എന്തൊക്കയോ മിണ്ടിപ്പറഞ്ഞതൊഴിച്ചാൽ കൂടുതൽ സമയവും ചിന്തകളും കണ്ണുകളും ഓരോരോ മുഖങ്ങളിലേക്കോടിക്കൊണ്ടിരുന്നു.
“ഹായ് .. ടാ..ആൻസീ ….” ഇത്തിരി അകലെനിന്നുതന്നെ റാണി ഞങ്ങളെ കണ്ടിരിക്കുന്നു. ട്രാഫിക്കിൽപെട്ട് വൈകിയതിലുള്ള ക്ഷമാപണത്തോടെ രവിയും. അവരെ മൂന്നുപേരെയും പരസ്പരം പരിചയപ്പെടുത്തിക്കൊടുത്തു. പറഞ്ഞറിയാമെങ്കിലും അവർ തമ്മിൽ കാണുന്നത് ആദ്യമായാണ്. റാണി എന്റെകൂടെ മൂന്നുവർഷത്തോളം ഗുഡ് ഷെപ്പേർഡ് ഹോസ്റ്റലിൽ ഉണ്ടായിരുന്നതാണ്. അവളുടെ കൂടെ ഒരുമിച്ചു പണിയെടുത്തിരുന്ന രവിയേയും അന്നു മുതലറിയാം. സ്വന്തം സഹോദരങ്ങൾ എന്ന പോലെയാണവരെന്നും. കല്യാണം കഴിഞ്ഞു ഡൽഹിയിലേക്ക് മാറിയതിനുശേഷം ആദ്യമായാണ് കാണുന്നത്. കല്യാണത്തിനു ശേഷമുള്ള രവിയുടെ ബർത്ത്ഡേ പ്രമാണിച്ച് റാണി ഗിഫ്റ്റായി വാങ്ങിക്കൊടുത്ത പുത്തൻ ഓപൽ ആസ്ട്ര കാറിലാണ് അവരുടെ വീട്ടിലേക്കുപോയത്. ഒരു സ്വപ്നസാക്ഷാൽക്കാരത്തിന്റെ കഥ, അവളതിനെക്കുറിച്ചൊരുപാട് പറഞ്ഞിരുന്നതിനാൽ വല്ലാത്തൊരു കൗതുകമായിരുന്നെനിക്ക്.
മയൂർ വിഹാർ ഫേസ് 1 പോക്കറ്റ് 4 ലുള്ള അവരുടെ വാടക വീട്ടിലേക്ക് പതിനഞ്ചു കിലോമീറ്റർ ദൂരമേയുള്ളൂ. പുതുതായി നടപ്പിലാക്കിയ ട്രാഫിക് നിയന്ത്രണങ്ങൾ കാരണം കടുത്ത ട്രാഫിക് ബ്ലോക്കാണ്. കുറച്ചുകാലം കൂടി കണ്ടതിലുള്ള സന്തോഷ വർത്തമാനത്തി നിടയിൽ ട്രാഫിക്ബ്ലോക്കിന്റെ അലോരസമൊന്നും ഏശിയില്ല. പുറംകാഴ്ചകളും കാണാൻ സാധിച്ചില്ല.
രണ്ടു ദിവസത്തെ കുത്തിയിരുപ്പും പെട്ടെന്നുള്ള കാലാവസ്ഥ മാറ്റവുമെല്ലാം കൊണ്ടുള്ള ചെറിയൊരു ക്ഷീണം. ലിഫ്റ്റ് ഇല്ലാതിരുന്നതിനാൽ സ്റ്റെപ്പുകൾ കയറി നാലാം നിലയിലുള്ള ഫ്ലാറ്റിനുള്ളിൽ കടന്നത് ഇത്തിരി തളർച്ചയോടെയാണ്. നാലു നില കയറാൻ മടുപ്പുള്ള നിങ്ങളാണോ വൈഷ്ണോദേവി ടെംപിൾ വരെ പോണതെന്ന രവിയുടെ ചോദ്യം ചിരി പടർത്തി.
ചൂടെനിക്കൊരു പ്രശ്നം തന്നെ. വിയർത്തൊഴുകാൻ തുടങ്ങിയിരിക്കുന്നു. കുളിയൊക്കെ കഴിഞ്ഞെത്തിയപ്പോഴേക്കും ഭക്ഷണവും റെഡി.
ട്രയിനിലെ ടോയ്ലെറ്റിനെ പേടിച്ചു കഷ്ടിച്ച് വിശപ്പടക്കിയിരുന്ന എന്റെ ആക്രാന്തം കണ്ടവർ ഞെട്ടിപ്പോയിരിക്കണം. തികയാതെവരുമോയെന്നൊരു സംശയം അവരുടെ ഉള്ളിൽനിന്ന് ടെലിപ്പതിയായി എന്റെ തലച്ചോറിലേക്ക്. തുടക്കത്തിൽ കാണിച്ച ആവേശമൊക്കെ മാറ്റി അവരുടെ പിടയുന്ന മനസ്സിനെ മാനിച്ച് കുറച്ചു ഡീസന്റായി ശാപ്പിട്ടു. ചോറും രാജ്മാ പയറുകൊണ്ടുള്ള തോരനും, വയലറ്റുനിറമുള്ള ഉണ്ടവഴുതന മുഴുവനായി എണ്ണയിൽ ഫ്രൈ ചെയ്ത്, നിലക്കടല അരച്ചുചേർത്ത ഗ്രേവിയുമായൊരു കറിയും. വയറുനിറയെ കഴിച്ചു കഴിഞ്ഞ് ഇവളാളുകൊള്ളാലൊ. പാചക വിദഗ്ദ്ധയെന്ന് റാണിയെ അഭിനന്ദിക്കാൻ തുടങ്ങിയപ്പോഴാണ്, പാചകത്തിന്റെ ക്രെഡിറ്റ് രവിക്കാണ് കൊടുക്കേണ്ടതെന്നറിയുന്നത്.
കുക്ക് ചെയ്യുന്നതിൽ ഇത്തിരി മടിച്ചിയായ റാണിക്ക് രവിയുടെ നളപാചകം നല്ലൊരു നേട്ടമായി. കുക്കിങ്ങിൽ താല്പര്യമുള്ള ഭർത്താവിനെ കിട്ടാൻ ആഗ്രഹിക്കാത്ത പെണ്ണുങ്ങൾ കുറവാകും. അപ്പോൾപ്പിന്നെ ഒരു എക്സ്പെർട്ടിനെത്തന്നെ കിട്ടിയ ഭാഗ്യവതി!
ബാംഗ്ലൂർ വിശേഷങ്ങളും ട്രെയിൻ യാത്രയുടെ കഥകളുമെല്ലാം പങ്കുവച്ചതിനുശേഷം കുറച്ചു നേരം കിടന്നുറങ്ങി. അഞ്ചുമണിയോടെ ഞങ്ങൾ നാലാളും കൂടി മയൂർ വിഹാറിലൂടെ ചുറ്റിനടക്കാൻ പോയി. ചൂടിന്റെ കാഠിന്യം കുറഞ്ഞിരിക്കുന്നു. കുഞ്ഞുകുഞ്ഞു പാർക്കുകളും  നാനാവിധ ആരാധനാലയങ്ങളും സ്കൂളുകളും ചെറിയൊരു ഷോപ്പിംഗ് മാളുമെല്ലാം ഉൾപ്പെട്ട റെസിഡൻഷ്യൽ സ്ഥലമാണ് നോയിഡയോടടുത്തു കിടക്കുന്ന മയൂർ വിഹാർ ഫേസ് 1.
ഓടിച്ചാടിനടക്കുന്ന കുട്ടികൾക്കൊപ്പം മറയാൻ വെമ്പി നില്ക്കുന്ന സ്വർണ്ണനിറമുള്ള സൂര്യകിരണങ്ങളും പാർക്കിലൂടെ ഒളിച്ചുകളിക്കുന്നുണ്ട്. അവിടവിടെയായി കാണപ്പെടുന്ന മിക്ക മരങ്ങളും മഞ്ഞച്ച ഇലകളെല്ലാം ഉരിഞ്ഞിട്ട് അർദ്ധനഗ്നരായായി ചേക്കേറാൻ വരുന്ന കിളികളോട് മുഖം തിരിച്ചു പിണങ്ങിനിൽക്കുന്നു.
‘മയൂർ വിഹാർ….’ ആ പേരിനെ ഓർമ്മപ്പെടുത്തി ഒന്ന് രണ്ടു മയിലുകളേയും ചെറിയൊരു പാർക്കിനുള്ളിൽ കാണാനായി.
ഏറെ വൈകാതെ ഇരുട്ട് വീണുതുടങ്ങി. പാർക്കിന്റെ ഓരം ചേർന്നൊരു ചെറിയ തട്ടുകടയിൽ നിന്ന് രുചിയേറിയ പാവ് ബജിയും സാബുധാനാവടയും കഴിച്ച് ഏഴരയോടെ തിരിച്ചു വീട്ടിലേക്ക്.
പിറ്റേന്ന് ഈസ്റ്റർ ആണ്. രവിയും റാണിയും പള്ളിയിലെ മ്യൂസിക് ക്വയറിൽ അംഗങ്ങളായതിനാൽ രാത്രിയിലെ കുർബാനക്കാണ് പോവേണ്ടത്. കിടന്നുറങ്ങാൻ തീരുമാനിച്ച ഷീമയെക്കൂടാതെ ഞങ്ങൾ മൂന്നാളുംകൂടി പത്തരയോടെ മയൂർ വിഹാറിനുള്ളിൽ തന്നെയുള്ള ത്രിലോക് പുരി ചർച്ചിലേക്ക് പോയി.
ഇംഗ്ലീഷ് കുർബാനക്ക്, കത്തോലിക്കാ പള്ളിയിലെ മലയാളം കുർബാനയുടെയത്രയും ദൈർഘ്യമില്ല. അതിമനോഹരമായൊരു ഗാനശുശ്രൂഷ തന്നെയായിരുന്നു. നാട്ടിലെ പാതിരാകുർബാന. ഉറക്കം തൂങ്ങികളുടെ കലാപരിപാടികളാൽ സമൃദ്ധമെങ്കിൽ പട്ടണങ്ങളിലേത് ഫാഷൻഷോ എന്നതിലേക്കാണ് ചായവ്. കുട്ടിയുടുപ്പുകളും മിനിസ്കേർട്ടുകളും ഹൈഹീൽഡ് ചെരുപ്പുകളുമൊക്കെയിട്ട നാടൻ മദാമ്മകളും ഫുൾ സ്യൂട്ടിൽ തിളങ്ങുന്ന നാടൻ സായിപ്പുമാരുമെല്ലാം ഒരു റാംപിൽ ചുവടുവക്കുന്നതുപോലാവും കുർബാന സ്വീകരിക്കാൻ അച്ചനടുത്തേക്കു നീങ്ങുന്നത്. നിശാക്ളബ്ബിലെ പരിപാടിക്ക് വരുന്നവരെപ്പോലെയാണ് ആബാലവൃദ്ധം ജനങ്ങളുമെന്നു പറഞ്ഞാൽ ഒട്ടും അതിശയോക്തിയാവില്ല.
ബാംഗ്ലൂരിലെ ആദ്യ ക്രിസ്തുമസ്സ് രാത്രിയിൽ കുർബാന സ്വീകരിക്കാൻ മറന്നുപോയ കഥയാണോർമ്മവരുന്നത്. ഞായറാഴ്ച കുർബാനകൂടാൻ വരുന്നവരൊക്കെ ഒന്നുകൂടി ഗ്ലാമറസ് ആയി വന്നപ്പോൾ അന്തവിട്ടു വായിൽ നോക്കി നിന്നുപോയി എന്നുപറയാൻ ചെറിയൊരു നാണമുണ്ട് . പക്ഷേ സത്യം സത്യമല്ലാതാവുന്നില്ല.
കുർബാനകഴിഞ്ഞതോടെ അവരുടെ കുറച്ചു സുഹൃത്തുക്കളുമായുള്ള പരിചയപ്പെടലിനു ശേഷം തിരിച്ച് ഒന്നരയോടെ വീട്ടിലെത്തി. അതിരാവിലെ എണീറ്റ് ആഗ്രക്ക്പോകാനുള്ളതിനാൽ രവിയോടും റാണിയോടും അവരെ വിളിച്ചുണർത്താതെ തന്നെ പോകുന്നകാര്യം അറിയിച്ചു.
മൂന്നുമണിക്കൂർ ഉറങ്ങാനുള്ള സമയമേയുള്ളു. പെട്ടെന്നൊരു ഉറക്കം കിട്ടണേയെന്നാത്മാർത്ഥമായി ആഗ്രഹിച്ചാണ് കിടന്നതെങ്കിലും ഉറക്കമെന്ന വികാരം അതറിഞ്ഞ ഭാവം കാണിച്ചില്ല. ഷീമ നല്ല ഉറക്കമാണ്. ശബ്ദമുണ്ടാക്കാതെയെണീറ്റ് മുഷിഞ്ഞ ഉടുപ്പുകളെല്ലാം കഴുകിയിട്ടു. ഒരെളുപ്പവഴിയായി എണീറ്റപാടെ പോകാനുള്ള തയ്യാറെടുപ്പോടെ കുളിയും പല്ലുതേപ്പുമെല്ലാം കഴിച്ച് മൂന്നരയോടെ വീണ്ടും ബെഡിലേക്ക്.
തീരുമാനിച്ചുറപ്പിച്ച പോലെ കൃത്യം അഞ്ചേകാലോടെ ഫ്ലാറ്റിൽ നിന്നിറങ്ങി. ടാക്സിയൊക്കെപ്പിടിച്ചു ന്യൂഡൽഹി സ്റേഷനിലെത്തിയപ്പോഴേക്കും ആറുമണി കഴിഞ്ഞു. ആറേ പത്തിനാണ് ആഗ്രയ്ക്കുള്ള ട്രെയിൻ. ട്രെയിൻ എത്തിയോയെന്നുള്ള തത്രപ്പാടായിരുന്നു ഞങ്ങൾക്ക്. തിടുക്കപ്പെട്ട് കൗണ്ടറിലേക്ക് ടിക്കറ്റെടുക്കാനോടി. ഒന്നുരണ്ടുപേർമാത്രം ഒട്ടും തിരക്കില്ല. ടിക്കറ്റിനുള്ള പണം കൊടുത്തശേഷം വേവലാതിയോടെ തിരക്കിട്ടു പോന്നതിനാൽ ഫോണൊക്കെ ബാഗിലുണ്ടോയെന്നു ചെക്ക് ചെയ്യുകയായിരുന്നു ഷീമ.
ഒരു നിമിഷം! അപ്രതീക്ഷിതമായതൊന്നു സംഭവിക്കാൻ ആ ഒരു നിമിഷം ധാരാളമായിരുന്നു. കൗണ്ടറിലിരിക്കുന്നയാൾ വീണ്ടും പണം ചോദിക്കുന്നു. ഷീമ ..ആദ്യം തന്നെ രൂപ കൊടുത്തകാര്യം അറിയിച്ചപ്പോൾ ആകെ നൂറുരൂപയല്ലേ തന്നുള്ളൂ ബാക്കി കൂടി തരൂ എന്നാണയാൾ പറഞ്ഞത്. സർ, ഞാൻ തന്നത് നൂറല്ല, അഞ്ഞൂറിന്റെ നോട്ടാണ്. പക്ഷെ അത് സമ്മതിച്ചു തരാൻ അയാളൊട്ടും തയ്യാറായില്ല. മാത്രമല്ലാ, ഷീമ കൊടുത്തതെന്നു പറഞ്ഞയാൾ എടുത്തുകാണിച്ചത് ചുരുണ്ടു കൂടിയ ഒരു നൂറുരൂപാനോട്ടാണ്. വല്ലാത്ത ദേഷ്യം വന്നു. എന്തൊക്കെ പറഞ്ഞാലും ചുരുണ്ടുകൂടിയ ആ നോട്ട് ഞങ്ങളുടേതല്ലെന്നുറപ്പാണ്. കുറച്ചു നേരം വാദപ്രതിവാദങ്ങൾ ഉണ്ടായെങ്കിലും, വീണ്ടും പൈസകൊടുത്തു ടിക്കറ്റെടുക്കേണ്ടി വന്നു. ഞൊടിയിടനേരം കൊണ്ട് കയ്യിൽ നിന്നിറങ്ങിയോടിയത് നാനൂറു രൂപ ! തട്ടിപ്പിന്റെ ഓരോരോ രീതികൾ.  കൗണ്ടറിലിരിക്കുന്ന ആ പണ്ടാരക്കാലന്റെ തലയിൽ ഇടിത്തീ വീഴണമെന്നതിൽ ഇത്തിരിപോലും ഇളവുകൊടുക്കാൻ മനസ്സനുവദിച്ചില്ല.
ആറേകാലോടെ യാത്ര പുറപ്പെട്ട ട്രെയിനുള്ളിലിരിക്കുമ്പോഴും, ശാന്തമായിരിക്കാൻ രണ്ടാൾക്കുമായില്ല. പറ്റിക്കപ്പെട്ടതിന്റെ വിഷമവും ദേഷ്യവുമെല്ലാം തികട്ടി വരുന്ന ദുർചിന്തകളിൽ നിന്നും മുക്തി നേടാൻ കുറച്ചേറെ നേരം വേണ്ടിവന്നു. ഇടയ്ക്കു ട്രെയിനിൽനിന്ന് വാങ്ങിച്ച ചായക്കും ഒട്ടും രുചിതോന്നിയില്ല.
ഞങ്ങളുടെ കാബിനിൽ വേറെയാരുമില്ല. കുറച്ചുനേരം പുറത്തേക്കു നോക്കിയിരുന്നു. പുലർച്ചയെങ്കിലും വിരസമായ കാഴ്ചകൾ. ഇടക്കെപ്പോഴോ കണ്ടൊരു കടുകുപാടം മനോഹരമായൊരു കാഴ്ചയായി. പച്ചയുടെയും മഞ്ഞയുടെയും ചാരുതയേറിയ വർണ്ണപ്പകിട്ട്. ബാഗിലുള്ള ക്യാമെറയെടുത്താദൃശ്യം പകർത്താമെന്നു കരുതിയെങ്കിലും സാധിച്ചില്ല. ആഹ്ലാദപൂർവ്വം നോക്കിയിരുന്നെങ്കിലും മറ്റൊന്നും കണ്ണിലുടക്കിയതുമില്ല. ആ വിരസത കുഞ്ഞുമയക്കത്തിന്റെ രൂപത്തിൽ എന്റെകണ്ണുകളെ മെല്ലെ തഴുകിയടച്ചു. രാത്രിയിലെ ഉറക്കമിളപ്പും ഒരു കാരണമാവാം.
“എടാ, ഇറങ്ങാറായി….” ഷീമ തോണ്ടിവിളിച്ചപ്പോഴാണ് പരിസരബോധമുണ്ടായത്. കണ്ണുതിരുമ്മിയെണീറ്റപ്പോൾ പകലുറക്കം ഒരു ടൂറിസ്റ്റിനു ഗുണപരമായ കാര്യമല്ലെന്നൊരു കുറ്റബോധം ഉള്ളിലുണർന്നു.
ഒട്ടും തിരക്കില്ലാതെ കുതിക്കാതെ കിതച്ചോടിയ ട്രെയിൻ 210 കിലോമീറ്റർ മറികടന്ന് ഒൻപതേകാലോടെ സദർ ബസാറിലുള്ള ആഗ്ര കന്റോൺമെന്റ് സ്റ്റേഷനിലെത്തി.
സ്റ്റേഷന് പുറത്തിറങ്ങിയ ഞങ്ങളെ വരവേറ്റത് വർണ്ണപ്പകിട്ടുള്ള ബ്രോഷറുകളും ഫോട്ടോകളും ആഗ്രയിൽ കാണേണ്ട സ്ഥലങ്ങളുടെ ലിസ്റ്റുകളുമൊക്കെയായി തിക്കിത്തിരക്കുന്ന ഒരു പറ്റം ഗൈഡുകളാണ്. ടാക്സിക്കാരെയും ഗൈഡുകളെയും കബളിപ്പിച്ച്ഫ്രഷ് ആകാനും ബ്രേക്ക്ഫാസ്റ്റ് കഴിക്കാനുമായി ചെറിയൊരു റെസ്റ്റോറെന്റിനുള്ളിൽ കയറിപ്പറ്റാൻ ഇത്തിരി പാടുപെട്ടു .
തെളിഞ്ഞ നീലാകാശത്തിനു കീഴിലുള്ള അന്തരീക്ഷത്തിന് ചൂട് പിടിച്ചു തുടങ്ങിയിരിക്കുന്നു. ആദ്യംകിട്ടുന്ന ടാക്സിയിൽ ആഗ്രക്ക് പോകാൻ തീരുമാനിച്ചു. മസാല ദോശയും സാമാന്യം മോശമല്ലാത്തൊരു ചായയും കഴിച്ച് റെസ്റ്റോറെന്റിനുള്ളിൽ നിന്നും പുറത്തിറങ്ങിയ ഞങ്ങളെയും കാത്ത് നേരത്തേ പറഞ്ഞുറപ്പിച്ചവണ്ണം പ്രതീക്ഷ കലർന്ന നോട്ടവുമായി അവൻ നിൽക്കുന്നു.
 പവൻകുമാർ എന്ന ഗൈഡ്.
കിലുക്കം സിനിമയിലെ ‘വെൽകം ടു ഊട്ടി നൈസ് റ്റു മീറ്റ് യു…’ എന്ന ഡയലോഗാണോർമ്മയിലെത്തിയത്. ‘മാഡം ..മാഡം’ എന്ന വിളി എത്രമാത്രം അരോചകമാണെന്നവൻ മനസ്സിലാക്കിത്തന്നു.
നീണ്ടുമെലിഞ്ഞൊരു വെള്ളകൊറ്റി പോലൊരു പയ്യൻ. ഏറിവന്നാൽ പതിനെട്ടോ ഇരുപതോ വയസ്സുകാണും. ഒട്ടിയ കവിളുകൾ. മുന്നോട്ടു തള്ളിയ കറപിടിച്ച പല്ലുകളിൽ വലതുവശത്തെ കോമ്പല്ല് ഒന്നുകൂടി എഴുന്നു നിൽക്കുന്നു. വലിയ നെറ്റിത്തടവും കട്ടിപ്പുരികവും നിറയെ കണ്പീലികളോട് കൂടി പ്രകാശം പരത്തുന്ന കണ്ണുകളും.
അങ്ങോട്ട് ചോദിക്കാതെ തന്നെ അവനെ പരിചയപ്പെടുത്തിയതിനു ശേഷം തുണികൊണ്ടുള്ള തോൾ സഞ്ചിയിൽനിന്നും സ്മാരകങ്ങളുടെ ലിസ്റ്റെടുത്തവൻ ചരിത്രം പറഞ്ഞുതുടങ്ങി. ഒരു ഗൈഡിനുവേണ്ട ഊർജ്വസ്വലത പ്രകടിപ്പിക്കുന്ന വാക്കുകൾ. അതങ്ങനെ അനർഗ്ഗളനിർഗ്ഗളമായി ഒഴുകുകയാണെന്നു പറയാം.
ഒരുപാട് വാചാലനായ ആ പയ്യനോട് ഞങ്ങൾക്കൊരു ഗൈഡിന്റെ ആവശ്യം ഇല്ലെന്ന് മയമുള്ള വാക്കുകൾകൊണ്ട് മനസ്സിലാക്കിക്കൊടുക്കാനായില്ല. മനസ്സിലായെങ്കിലും അതവൻ സമ്മതിച്ചു തന്നില്ല എന്നതാണ് ശരി. ഒരു ശല്യംപോലെ അവൻ ഞങ്ങളുടെ പുറകേകൂടി.
“നിങ്ങൾക്കായുള്ള ഗൈഡ് ഞാനാകുന്നു, ഞാനല്ലാതെ മറ്റൊരു ഗൈഡ് നിങ്ങൾക്കുണ്ടാകരുത്”. ദൈവകല്പനപോലെ തോന്നിച്ച അവന്റെ വാക്കുകൾ കേട്ടുമടുത്തതിനാൽ ഒന്നുമാലോചിക്കാതെ കുറച്ചു ദേഷ്യപ്പെട്ടു. ഇടയ്ക്കു ഞങ്ങൾ പറഞ്ഞ മലയാളംവാക്കുകൾ പുളിച്ച തെറിയാകുമെന്ന് തെറ്റിദ്ധരിച്ചാവണം ഇത്തിരി വിഷമത്തോടെയാണവൻ പിൻവാങ്ങിയത്.
പത്തരയോടുകൂടി താജ്മഹലിന്റെ അരികത്തായുള്ള ടാക്സിസ്റ്റാൻടിലിറങ്ങി. വിചാരിച്ചയത്രയും സഞ്ചാരികളുടെ ബാഹുല്യമില്ല. വെയില് മൂത്ത് തുടങ്ങിയിരുന്നു. പ്രണയാർദ്രമായ ഗസല് സംഗീതമൊഴുകുന്ന വഴിയിലൂടെ നടക്കുമ്പോൾ അപ്പൂപ്പൻതാടി പോലെ അടുക്കും ചിട്ടയുമില്ലാതെ അലക്ഷ്യമായി പറക്കുകുയായിരുന്നെന്റെ മനസ്സ്.
ടിക്കറ്റെടുത്തു വടക്കുവശത്തെ ഗേറ്റിലൂടെ അകത്തുകയറി, പ്രധാന കവാടം കടന്നു. ശ്വാസം നിലച്ചതുപോലെ.
ഇത്തിരി ദൂരത്തായി കണ്മുന്നിൽ തിളങ്ങുന്നത് ലോകാത്ഭുതങ്ങളിലൊന്നായ അനശ്വര പ്രണയത്തിന്റെ പ്രതീകമായ വെണ്ണക്കൽകൊട്ടാരം! അതുവരെ കണ്ട ചിത്രങ്ങളൊന്നും ഒന്നുമല്ലായെന്ന് വിളിച്ചോതുന്ന അഭൗമമായ കാഴ്ച്ച. കുറച്ചേറെനേരം നോക്കി നിന്നു. ചിത്രങ്ങളിലൂടെ മോഹിപ്പിച്ച, ചരിത്രകഥകളിലൂടെ അത്ഭുതപ്പെടുത്തിയ സാക്ഷാൽ താജ്മഹലിന് മുന്നിലാണ് നിൽക്കുന്നതെന്ന ബോധ്യം വന്നപ്പോൾ ആ കടുത്ത ചൂടിലും കുളിരണിഞ്ഞുപോയി.
യമുനാ നദിയുടെ ഓളങ്ങൾ സാക്ഷിയായി 21 വർഷം കൊണ്ട് സൂക്ഷ്മതയോടെ മെനഞ്ഞെടുത്ത ശിൽപ്പസൗന്ദര്യം മുന്നിലുള്ള കുളത്തിലും യമുനാനദിയിലും പ്രതിഫലിച്ചു കാണുന്നതുമൊരു വേറിട്ട അനുഭവം തന്നെ.
ഫോട്ടോഗ്രാഫർമാരുടെ തിരക്കിനിടയിലാണ് കയ്യിലുള്ള ക്യാമറയുടെ കാര്യമോർമ്മയിലെത്തിയത്. രണ്ടാളും മാറിമാറി പോസ് ചെയ്തും അല്ലാതെയും കുറെയേറെ പടങ്ങൾ പിടിച്ചു.
ഇന്ത്യൻ, പേർഷ്യൻ മാതൃകയിൽ നിർമ്മി ച്ച ഈ ശില്പവേലയിലുള്ള അമൂല്യമായ മാർബിളുകൾ പല രാജ്യങ്ങളിൽ നിന്നും ശേഖരിച്ചവയാണ്. ഭംഗിയുള്ള ആര്ച്ചുകളും കോണുകളും, തൂണുകളും. ഓരോന്നുകാണുമ്പോഴും അത്ഭുതപരതന്ത്രരായി കണ്ണുമിഴിച്ചു.
അകത്തുള്ള ശവകുടീരം കാണാൻ വിദേശികളുടെ വലിയ തിരക്കാണ്. ഗൈഡുകൾ പറഞ്ഞുകൊടുക്കുന്ന ചരിത്രകഥകൾ ബുക്കിലെഴുതിയതുമായി ഒത്തു നോക്കുന്ന വയസ്സായ ദമ്പതികൾ കൗതുകമുണർത്തി. ഓരോ ശില്പവേലകളും സൂക്ഷ്മതയോടെ നിരീക്ഷിക്കുന്ന ആ വിദേശികൾ ഫ്രാൻസിൽ നിന്നുള്ളവരായിരുന്നു. ഓരോരോ മൂലകളിലായി ഒളിഞ്ഞും തെളിഞ്ഞും ആലിംഗനബദ്ധരായി നിൽക്കുന്ന പ്രണയജോഡികളും നല്ലൊരു കാഴ്ചയായി.
യമുനയിലേക്ക് തുറക്കുന്ന ബാൽക്കണിയിൽ കുറേയെറെനേരമിരുന്നു. എന്നെങ്കിലുമൊരിക്കൽ പൂർണ്ണനിലാവിൽ കുളിച്ചുനിൽക്കുന്ന യമുനയിൽ തിളങ്ങുന്ന ഈ പ്രണയകുടീരം കാണാൻ ഭാവിയിലെ കാമുകനുമായി അല്ലെങ്കിൽ ഭർത്താവുമായി വീണ്ടും വരുന്നകാര്യം പറഞ്ഞു രണ്ടാളും നിർവൃതിയടഞ്ഞു. ഞങ്ങളുടെ കത്തിയടിക്കൽ കേട്ടുകൊണ്ട് യമുനാ നദി, മലിനമെങ്കിലും തെല്ലൊരഹങ്കാരത്തോടെ കുഞ്ഞോളങ്ങളുമായി പ്രൗഢയായി ഒഴുകിക്കൊണ്ടിരുന്നു.
താജ്മഹൽ മ്യൂസിയത്തിലും പൂന്തോപ്പിലും ഒരു പ്രദക്ഷിണം വച്ച് എല്ലായിടവും ചുറ്റിനടന്ന് ഓരോ വിസ്മയങ്ങളും ഉള്ളിൽനിറച്ചു തിരിച്ചിറങ്ങുമ്പോൾ ഷാജഹാൻ എന്ന മുഗൾ ചക്രവർത്തിയോ അദ്ദേഹത്തിന്റെ പ്രേമഭാജനമായ മുംതാസ് ബീഗമോ ആയിരുന്നില്ല എന്റെ മനസ്സിൽ തിളങ്ങിനിന്നത് ഉസ്താദ് അഹമദ് ലാഹോരി എന്ന പ്രധാന ശില്പി! ആ അതുല്യ പ്രതിഭക്കുമുന്നിൽ സാഷ്ടാംഗം പ്രണമിക്കുകതന്നെ വേണം.
പലവട്ടം തിരിഞ്ഞു നോക്കി മനസ്സില്ലാമനസ്സോടെ പുറത്തു കടക്കുമ്പോഴേക്കും സൂര്യഭഗവാൻ തന്റെ കരാളസ്വഭാവം പുറത്തെടുത്തിരുന്നു. ഉണ്ടായിരുന്ന രണ്ടുബോട്ടിൽ വെള്ളവും തീർന്നു. അടുത്ത ലക്ഷ്യം രണ്ടു കിലോമീറ്റർ അകലെയുള്ള ആഗ്രാഫോർട്ട്. അവിടെയെത്തിയിട്ടാവാം ഉച്ചഭക്ഷണം ഏന് തീർച്ചപ്പെടുത്തി. ആദ്യം വന്ന റിക്ഷയിലേക്കു കയറുമ്പോൾ മാഡം എന്നൊരു പരിചിതസ്വരം. തിരിഞ്ഞുനോക്കുമ്പോൾ നമ്മുടെ പവൻകുമാർ ഒരു സെറ്റ് വിദേശികളുടെ കൂടെ. നിങ്ങൾ കൂടെക്കൂട്ടാണ്ടിരുന്നത് എന്റെ ഭാഗ്യം എന്നവന്റെ നെറ്റിയിൽ എഴുതിവച്ചതുപോലെ. പരിചയം ചെറിയൊരു പുഞ്ചിരിയിലൊതുക്കി ആഗ്രാഫോർട്ടിനെ ലക്ഷ്യമാക്കി ഞങ്ങൾ യാത്ര തുടർന്നു.
ഒന്നരയോടെ ആഗ്രാഫോർട്ടിനടുത്തുള്ള ഒരു റെസ്റ്റോറെന്റിൽ ഉച്ചഭക്ഷണത്തിരുന്നു. നല്ല തിരക്കാണ്. ആലൂപറാട്ടയും പലപല പച്ചക്കറികൾകൊണ്ടുള്ള നവാബിക്കറിയും ഉൾപ്പെട്ട മുഗളായി വെജ് മീൽസ് ആണ് ഓർഡർ ചെയ്ത്. ഞങ്ങൾ വിചാരിച്ചതിലുമേറെ വിഭവങ്ങൾ. സ്വാദിഷ്ടമായ ഭക്ഷണം. ഇത്തിരി സങ്കടത്തോടെയെങ്കിലും കുറച്ചധികം വേസ്റ്റ് ആക്കേണ്ടിവന്നു.
പ്രതാപവാന്മാരായ മുഗൾ ചക്രവർത്തിമാരുടെ ചരിത്രമുറങ്ങുന്ന ഏകദേശം 94 ഏക്കറിൽ  വ്യാപിച്ചു കിടക്കുന്ന ചെങ്കല്ലുകളാൽ പണിയപ്പെട്ട അർദ്ധചന്ദ്രാകൃതിയിലുള്ള ആഗ്രഫോർട്ട് ഏതൊരു വ്യക്തിയുടെയും മനം മയക്കുന്ന കാഴ്ചതന്നെയാണ്.
പ്രവേശന കവാടത്തിനു മുൻപിലായി സുരക്ഷാപ്രാധാന്യത്തോടെ നിർമ്മിച്ച രണ്ടു കിടങ്ങുകളുണ്ട്. ആദ്യത്തെ കിടങ്ങിൽ മനുഷ്യരെ തിന്നുന്ന മുതലകളും രണ്ടാമത്തെ കിടങ്ങിൽ വന്യമൃഗങ്ങളേയും പാർപ്പിച്ചിരുന്നത്രേ. ഏതെങ്കിലും വിധത്തിൽ ആദ്യത്തെ കിടങ്ങ് ചാടി അക്രമത്തിനു വരുന്ന ശത്രുക്കളെ രണ്ടാമത്തെ കിടങ്ങിലെ വന്യ മൃഗങ്ങൾ  നേരിടും. ഈ രണ്ടു കടമ്പകളും മറികടന്നാൽ മാത്രമേ പ്രധാന പ്രവേശന കവാടത്തിലെത്തു.
മൂന്നു പ്രവേശന കവാടങ്ങളിലൊന്നായ അമർ സിംഗ് ഗേറ്റ് വഴിയാണ് ഞങ്ങൾ അകത്തു കടന്നത്. എണ്ണയും ഉരുളൻ കല്ലുകളുമെല്ലാമായി ശത്രുവിനെ തുരത്താനായി പണിത ചരിഞ്ഞ പ്രതലവും ചരിഞ്ഞ മതിലുകളും. മുഗൾ ചക്രവർത്തിമാരുടെ അപാര ബുദ്ധിയെ നമിക്കാതെ വയ്യ.
മുഗൾസാമ്രാജ്യത്തിന്റെ പ്രതാപം വിളിച്ചോതുന്ന കൊത്തുപണികളും ആര്ക്കിറെക്ച്ചരും അത്ഭുതപ്പെടുത്തുന്നതാണ്. കോട്ടയുടെ അകത്തളിലെ മേല്കൂരകളിലും ചുമരുകളിലും കാണുന്ന കൊത്തുപണികൾ പച്ചക്കറിച്ചാറു കൊണ്ടും ചിലയിടങ്ങളിൽ സ്വർണ്ണം കൊണ്ടും അലങ്കരിച്ചിരിക്കുന്നു. കോട്ടയുടെ അകത്തളിൽ കാണുന്ന പാഴ്ജല സംസ്കരണ വിദ്യയും, സമ്മർ ഹൗസിൽ ആസൂത്രണം ചെയ്തിട്ടുള്ള കൂളിംഗ് ഇഫക്ടുമെല്ലാം അന്നത്തെ ആര്കിറെക്ച്ചറിന്റെ മഹത്വമറിയിക്കുന്നു.
കോട്ട മുഴുവൻ ചുറ്റിനടന്നുകാണാനുള്ള സമയമില്ലാത്തതിനാൽ കാണണം എന്ന് ഞങ്ങൾ തീരുമാനിച്ച സഥലങ്ങൾ തിരഞ്ഞായി യാത്ര. അതിലൊന്നായിരുന്നു മുസ്സമൻ  ബുർ ജ്. തടവറയിലാക്കപ്പെട്ട ഷാജഹാന് തന്റെ പ്രണയിനിയുടെ ശവകുടീരമായ താജ്മഹൽ നോക്കി കണ്ണീർ വാർത്തത് താജ്മഹലുമായി മുഖാമുഖം നില്ക്കുന്ന ഈ കൊട്ടാരത്തിൽ വച്ചായിരുന്നത്രെ. താജ്മഹൽ നോക്കിക്കാണാൻ ഷാജഹാൻ ഇരുന്ന സ്ഥലം ‘കറുത്ത ഇരിപ്പിടം’ എന്നപേരിൽ പ്രത്യേകമായി കാണാം. തുടർച്ച യായി കണ്ണ്നീര് പൊഴിച്ച അദ്ദേഹത്തിന്റെ കാഴ്ച കാലക്രമേണ നഷ്ട്ടപ്പെട്ടു എന്നുമാണ് ചരിത്രം. ഇതിക്കൂടുതൽ മനോഹരമായി ഒരാൾക്കെങ്ങനെ പ്രണയിക്കാനാവും?
പരമാവധി കാഴ്ചകളെല്ലാം കണ്ടിറങ്ങുമ്പോഴേക്കും വല്ലാതെ മടുത്തിരുന്നു. പുറത്തുകണ്ട ചെറിയൊരു റെസ്റ്റോറന്റിൽ ചായകുടിക്കാൻ കയറി. ചായകുടിയും കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ വീണ്ടും അതാ “മാഡം …മാഡം ” എന്ന പരിചിതമായ നിലവിളി .ഹോ.. ഇവനെക്കൊണ്ടൊരു രക്ഷയുമില്ലലോ ശല്യം എന്ന് വിചാരിച്ചു തിരിഞ്ഞു നോക്കാതെ നടക്കുമ്പോൾ വീണ്ടുമതാ കൂടുതലുച്ചത്തിൽ. “മാഡം …മാഡം “. ചീത്തപറയാനായി തിരിഞ്ഞു നോക്കിയ എന്നെനോക്കി അവൻ ചൂണ്ടിക്കാണിച്ചത് ഞങ്ങളിരുന്ന ടേബിളിലുള്ള ഞങ്ങളുടെ കുഞ്ഞുബാഗ്. ഒരു ഞടുക്കത്തോടെയാണ് ഓടിച്ചെന്ന് എന്നെ നിങ്ങളുപേക്ഷിച്ചോ എന്നൊരു തേങ്ങലുമായിരിക്കുന്ന ബാഗെടുത്ത് നെഞ്ചോടുചേർത്തത്. ഇടയ്ക്കിടെ മാറിമാറി ബാഗ് പിടിച്ചിരുന്നതിനാൽ രണ്ടാളും മറ്റേ ആളെടുത്തു എന്ന വിശ്വാസത്തിൽ എണീറ്റുപോയതാവാം.
എങ്ങനെയാണവന് നന്ദി പറയേണ്ടതെന്നൊരൂഹവുമില്ല. നന്ദിപ്രകടിപ്പിക്കാനായി കുറച്ചു പൈസ കൊടുക്കാൻ നോക്കിയെങ്കിലും അവനതു നിരസിച്ചു. അത്രനേരവും ശല്യം എന്ന് വിചാരിച്ച മനസ്സിനെ പഴിപറയുക യല്ലാതെ വേറെന്തുചെയ്യാൻ. കണ്ടുമുട്ടിയ നല്ലമനുഷ്യരുടെ കൂട്ടത്തിൽ ഒരു വെള്ളക്കൊറ്റികൂടി!
തിരികെ ഡെൽഹിക്കുള്ള ട്രെയിൻ 7.30 നാണ് . ഒന്നരമണിക്കൂറിലധികം സമയമുള്ളതിനാൽ ചെറിയൊരു ഷോപ്പിംഗിനായി റെയിവേസ്റ്റേഷനടുത്തുള്ള സദർ ബസാറിനുള്ളിലേക്ക് നടന്നു. കരകൗശലവസ്തുക്കൾ, മാർബിളിൽ കൊത്തിയ താജ്മഹൽ, പുരാണകഥാപാത്രങ്ങൾ, ലെതർ ഉൽപന്നങ്ങൾ എന്നുവേണ്ട പലവിധത്തിലുള്ള സാധനങ്ങളുമായി ഓരോരോ കുട്ടിഷോപ്പുകൾ. അതിനിടയിൽ കണ്ടൊരു കാർപെറ്റ് ഷോപ്പ് വല്ലാത്തൊരാകർഷണമായി. കാര്യമായ വിലപേശലൊന്നും നടന്നില്ലെങ്കിലും മനോഹരമായ രണ്ടു കാർപ്പെറ്റുകളും മാർബിളിൽ കൊത്തിയെടുത്ത താജ്മഹലുകളുമായാണ് അവിടെ നിന്നിറങ്ങിയത്.
തിരികെ ഡൽഹിയിലേക്കുള്ള ട്രെയിനിലിരിക്കുമ്പോൾ തളർച്ചയുണ്ടെങ്കിലും ഒരു സ്വപ്നസാക്ഷാൽക്കാരത്തിന്റെ ലഹരിയിൽ മനസ്സ് പാറിപ്പറന്നു. പതിനൊന്നേകാലോടെ ഫ്ലാറ്റിൽ കയറി കിടന്നതോർമ്മ യുണ്ട്.
(ജമ്മു വൈഷ്ണോദേവി ഭൈരോണ്‍ നാഥ് യാത്രാ വിവരണം തുടരും.)
ബാംഗ്ലൂരിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ. സാമൂഹിക മാധ്യമങ്ങളിൽ സജീവമായി എഴുതുന്നു. വയനാട്ടിലെ നടവയൽ സ്വദേശി.