
കറുത്തവന്റെ കരളിലായി കനലെറിഞ്ഞു നീ
പരുഷവാക്കുകൊണ്ടവന്റെ മനസു നീറ്റി നീ
കണ്ണുനീരിലഴലുകോർത്തു മാലനൽകി നീ
കഴുത്തിലിട്ടവൻ നടന്നു ദുഖഭാരത്താൽ.
അറിവുനേടുവാൻ കൊതിച്ച പൊന്നു മക്കളെ
അകറ്റിനിർത്തി തമസ്സിൽ കല്ലു മുള്ളു പാതയിൽ
അടിച്ചമർത്തിയടിമയാക്കി നീ കുലത്തെയും
അരികുവൽക്കരിച്ചു മാറ്റിനിർത്തിയില്ലയോ?
തടഞ്ഞുവച്ചു നീയവന്റെമാർഗ്ഗമൊക്കെയും
ത്രാണിയൊട്ടുമില്ലവനെതിർത്തുനിൽക്കുവാൻ
തൊട്ടു തീണ്ടലിൽപ്പിടഞ്ഞവന്റെ മാനസം
തീയെരിഞ്ഞവന്റെനെഞ്ചിലാരുകാണുവാൻ
പണിയെടുത്തു മാടിനൊപ്പം തളർന്നു വീഴുമ്പോൾ
അവന്റെമെയ്യിലെ വേർപ്പിനെ നീ നുണ ഞ്ഞെടുത്തില്ലേ
കൂർത്ത വാക്കുകൊണ്ടവന്റെ സിരയിൽ കുത്തി നീ
ഒലിച്ചിറങ്ങിയ നിണം കുടിച്ചു വീർത്തു നീ
കറുത്ത രാത്രിയിലവനുറങ്ങാൻ നഞ്ചു നൽകി നീ
തലയിൽ മുണ്ടിട്ടവന്റ കൂരയിലൊളിച്ചു കേറി നീ
കട്ടെടുത്തവന്റെ സ്വത്വം കരുണയില്ലാതെ
മിണ്ടിയില്ലവർ സഹിച്ചു നിന്നതേയുള്ളൂ
കൂലി ചോദിച്ചെത്തിയപ്പോൾ നാവറുത്തു നീ
പുറത്തിരുത്തിയെച്ചിൽ നൽകി ശ്വാനനോടൊപ്പം
കല്ലുമാലപോലുമില്ലവർക്കണിയുവാൻ
കനകമാല നിന്റെമാത്രം സ്വന്തമല്ലയോ?
വലിയവനായമ്പലങ്ങൾ പണിതുവച്ചൂ നീ
പേരുകേട്ട ദൈവങ്ങളെ വിലക്കെടുത്തില്ലേ?
കാടുകാക്കും മാടൻ മറുതയവന്റെ
ദൈവവും
കാലമതു കണ്ടുകണ്ടു നിന്നതേയുള്ളു
കോമരങ്ങൾ തുള്ളിയാടിനിന്നിടുമ്പോഴും
അമ്പലത്തിലന്നദാനമൂട്ടിടുമ്പോഴും
ദൂരെദൂരെ മാറിനിന്നു നോക്കിടുന്നവൻ
അടുത്തു ചെന്നിടാതിരിയ്ക്കാനുണ്ട് തിട്ടൂരം
നീറിനീറിയടിമയായവൻ കരഞ്ഞപ്പോൾ
നീതിബോധം നോക്കുകുത്തിയായിരുന്നില്ലേ
കണ്ണടച്ചിരുട്ടിലൂടെയെന്തു കാണുവാൻ
കണ്ണുകെട്ടഴിച്ചു നോക്കൂ നീതിദേവതേ!








