കറി കത്തി(കഥകള്‍)

എത്രകാലം എടുത്താലാണ് ഒരെഴുത്തുകാരന് ലക്ഷണമൊത്ത ഒരു കഥ എഴുതാന്‍ കഴിയുക എന്നതിനെക്കുറിച്ച് ഒരു പഠനം എവിടെയെങ്കിലും നടന്നിട്ടുണ്ടോ എന്നറിയില്ല . എന്നാലും എന്റെ വായനകള്‍ എനിക്കു നല്കിയ അറിവ് വച്ച് പറയുകയാണെങ്കില്‍ ആദ്യ കഥ തന്നെ ലോകം സ്വീകരിക്കുകയും പിന്നീട് എഴുതി എഴുതി പിന്നോട്ടു പോയവരും , പിന്നില്‍ നിന്നുമെഴുതി എഴുതി മുന്നില്‍ എത്തിയവരും ഒക്കെ നിറഞ്ഞ ഒരു സാഹിത്യ ലോകമാണ് കഥയുടേത് എന്നു കാണാം . ചിലര്‍ എഴുതിത്തുടങ്ങുമ്പോഴേക്കും അവരുടെ ആത്മവിശ്വാസം പതിന്‍മടങ്ങ് വര്‍ദ്ധിക്കുകയും അവര്‍ സ്വയം എഴുത്തുകാരുടെ പിതാവോ മാതാവോ ഒക്കെയായി അങ്ങ് സ്ഥിരപ്പെടുത്തുകയും ചെയ്യുന്ന ഒരു മോശം പ്രവണത സാഹിത്യത്തില്‍ പ്രത്യേകിച്ചും മലയാള സാഹിത്യത്തില്‍ ഇന്ന് വളരെ വലിയ തോതില്‍ കാണാന്‍ കഴിയുന്നുണ്ട് . എഴുത്തിന്റെ മേലുള്ള ആത്മവിശ്വാസക്കുറവ് ഇന്നത്തെ ഓരോ എഴുത്തുകാരെയും സാരമായി ബാധിക്കുന്നുണ്ട് . തങ്ങള്‍ എഴുതിയത് എന്തു ചവറാണ് എന്നവര്‍ക്കോ ബോധ്യമുണ്ടാകില്ല എന്നാല്‍ ഇതിനെ ഒന്നു കൂടി വായിച്ചു നോക്കാന്‍ അവര്‍ക്ക് മനസ്സും , സമയവും ഉണ്ടാവുകയുമില്ല . സാഹിത്യത്തെ ജീവിപ്പിച്ചു നിര്‍ത്തുന്നവരാണ് എന്ന പേരില്‍ ചിലര്‍ ഇപ്പോള്‍ മുന്നില്‍ ഉണ്ട് . അവരുടെ ലക്ഷ്യം , തങ്ങള്‍ ഇവിടെ ഒരു വര വരയ്ക്കും അതിലാകണം നിങ്ങള്‍ നില്‍ക്കേണ്ടതും എഴുതേണ്ടതും എന്നാണ് . ഇത്തരക്കാര്‍ കവികളെയും കഥാകാരന്മാരെയും അവരുടെ മാനദണ്ഡത്തില്‍ തിരഞ്ഞെടുക്കുകയും അവരെ പരിചയപ്പെടുത്തിക്കൊണ്ട് ഇവരാണ് എണ്ണം പറഞ്ഞ കവികള്‍ , കഥാകാര്‍ എന്നൊരു രീതി പുലര്‍ത്തുന്നു . കുറച്ചുകൂടി മുന്നോട്ട് പോകുന്ന ചിലര്‍ കുറച്ചേറെ കഥകളോ കവിതകളോ തിരഞ്ഞെടുത്തുകൊണ്ടു അവയാണ് വിപ്ലവത്തിന്റെ രജതരേഖകള്‍ എന്നു സ്ഥാപിക്കാന്‍ ആകും പ്രയാസപ്പെടുക . കവി സച്ചിദാനന്ദന്‍ ഒക്കെ മലയാളത്തിന് പുറത്തു പോയി , രാജ്യത്തിന് തന്നെ പുറത്തു പോയി കറുത്ത കവികളുടെ കാവ്യം ശേഖരിച്ചു പുസ്തകമാക്കിയത് വായിച്ചിട്ടുണ്ട് . നാട്ടില്‍ ദളിത് കാവ്യം ഇല്ലാത്ത ദുഖം അദ്ദേഹം തീര്‍ത്തതാകമങ്ങനെ . ഇത്തരം കടത്തിക്കൊണ്ട് വരലുകള്‍ നല്ലതുതന്നെയാണ് സാഹിത്യത്തില്‍ പക്ഷേ ഇവരില്‍ പലരും ആ കടത്തിക്കൊണ്ട് വരലുകളെ അധികാരപൂര്‍വ്വം സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുകയും വിമര്‍ശങ്ങള്‍ പുസ്തകങ്ങളുടെ വില്പനയെ ബാധിക്കും എന്നു കരുതി അവയെ ഒളിച്ചു വയ്ക്കാന്‍ ശ്രമിക്കുകയും തങ്ങളുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് എഴുതുന്നവരുടെ അനുരഞ്ജനക്കുറിപ്പുകളെ മാത്രം വായിക്കുകയും കാണുകയും ചുമക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ ഇത്തരക്കാരുടെ ആത്മവിശ്വാസക്കുറവ് ഹാസ്യാത്മകമായ ഒരു തലമായി കാണാന്‍ കഴിയുന്നു. ചിലര്‍ എഴുതാന്‍ അറിയുന്നവര്‍ ആകും പക്ഷേ അവരുടെ വാക്കും എഴുത്തും പലപ്പോഴും തിരക്കുകളുടെ ഇടയില്‍പ്പെട്ട് ശ്വാസം മുട്ടിപ്പിടയുകയും മോരും മുതിരയും പോലെ വേറിട്ട് നില്‍ക്കുകയും ചെയ്യുന്നത് കാണാം .

ദുബായിലെ എഴുത്തുകാരുടെ കൂട്ടത്തില്‍ വിവിധ കഴിവുകള്‍ കൊണ്ട് വേറിട്ട് നില്‍ക്കുന്ന ഒരു എഴുത്തുകാരിയാണ് ലൗലി നിസാര്‍ . കഥ, കവിത, ചിത്രം, പാട്ട്, ക്ലേ വര്‍ക്ക് തുടങ്ങി പലവിധ രംഗങ്ങളില്‍ ഈ എഴുത്തുകാരിയുടെ അടയാളങ്ങള്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട് . ലൗലിയുടെ കവിത സമാഹാരം മുന്‍പൊരിക്കല്‍ വായിച്ചതും എഴുതിയതും ആണ് . ഇപ്പോള്‍ ലൗലി വായനക്കാര്‍ക്കു നല്കിയിരിക്കുന്നത് ഒരു കഥ സമാഹാരം ആണ് . ഇരുപതു കഥകളുടെ ഒരു പുസ്തകം . കറിക്കത്തി എന്ന ഈ പുസ്തകത്തിലെ തന്നെ കഥയുടെ പേരാണ് പുസ്തകത്തിന്റെ തലക്കെട്ട് നല്‍കിയതും. ഇരുപതു കഥകള്‍ വായിക്കുമ്പോള്‍ പക്ഷേ ഇരുപതും മികച്ചതോ നല്ലതെന്നോ ഉള്ള അഭിപ്രായം ഇല്ല . അതങ്ങനെതന്നെയാണല്ലോ ഒരു പുസ്തകവും പൂര്‍ണ്ണമായും തൃപ്തി വായനക്കാരന് നല്‍കാറില്ല മിക്കവാറും. മൂന്നോ നാലോ കഥകള്‍ മാത്രമാണു ഈ പുസ്തകത്തില്‍ മികച്ചതെന്ന് പറയാവുന്നത് . മഴയെ കാത്തിരിക്കുന്ന മനുഷ്യന്റെ കഥ,പാണപ്പക്ഷിയും മഴമുത്തപ്പനും അവതരിപ്പിച്ചിരിക്കുന്നത് മുന്‍ നിരയിലെ എഴുത്തുകാര്‍ എന്ന് വിവക്ഷിക്കുന്നവര്‍ എഴുതുന്ന കഥകളുടെ അതേ നിലവാരവും ഗുണവും ഉള്‍ക്കൊള്ളുന്ന ഒന്നായിരുന്നു . പാത്ര സൃഷ്ടികൊണ്ടു മികച്ചതായിരുന്നു സ്വജാതിയില്‍തന്നെയുള്ള പയ്യനുമായിട്ടുള്ള വിവാഹമായിട്ടും എതിര്‍ത്തുനില്‍കുന്ന പിതാവിന്റെയും മകളെ അനുകൂലിക്കുന്ന മാതാവിന്റെയും കഥ പറയുന്ന ദുആ. വ്യത്യസ്തമായ പ്രമേയമായിട്ടു മാംസക്കട എന്ന കഥ വേറിട്ട വായനാനുഭവം നല്കി . അതുപോലെ ചേറ്റിലെ പോള എന്ന കഥയും നല്ല ഒരു തീം ആയിരുന്നു . പക്ഷേ മറ്റുള്ള കഥകള്‍ പലപ്പോഴും വൈകാരികത വിളമ്പുന്ന കസര്‍ത്തുകള്‍ ആയിത്തോന്നി . അതിനു കാരണം മറ്റൊന്നുമല്ല . അവയില്‍ പറയാന്‍ ശ്രമിക്കുന്ന കാര്യങ്ങളെ അതേ ഊര്‍ജ്ജത്തോടെ പറയാന്‍ ശ്രമിക്കാതെ അവയില്‍ ലഘൂകരിക്കപ്പെടുന്ന ഭാഷയുടെ കടന്നുകയറ്റങ്ങളും ആത്മഗതങ്ങളോ സംഭാഷണങ്ങളോ കടന്നു വരുന്നുണ്ടായിരുന്നു . അവ കഥയുടെ ഗതിയെ, വായനയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു . കറിക്കത്തി എന്ന കഥയുടെ തീം നല്ലതാണ് എങ്കിലും ആ കഥയിലെ പെങ്കുട്ടിയുടെ ആത്മാവിനെ കണ്ടറിയാൻ അല്ലാതെ അവളായി ജീവിപ്പിക്കാന്‍ പ്രയാസപ്പെട്ടു എന്നു തോന്നിപ്പിച്ചു. ചില കഥകള്‍ എഴുത്തുകാരി തുടക്കത്തില്‍ പറയുന്ന ഒരു കാര്യത്തെ സാധൂകരിക്കുന്നുണ്ടായിരുന്നു . “എന്റെ കഥകളില്‍ പലതും ഒരിയ്ക്കലും നടന്നതാവില്ല . അതെല്ലാം മനസ്സിന്റെ ചിന്തകളും ആഗ്രഹങ്ങളും, ഒരിക്കലെങ്കിലും നടന്നെങ്കില്‍ എന്നാഗ്രഹിക്കുന്നവയുമാണ് .” അമിതമായി വികാരം കൊള്ളുന്ന പ്രതികരിക്കാന്‍ വെമ്പുന്ന ഒരു സമൂഹ ജീവിയുടെ മനസ്സ് ഈ എഴുത്തുകാരിയുടെ കവിതകളില്‍ കണ്ടിട്ടുണ്ട് . ആ മനസ്സ് , കവിതയില്‍ നിന്നും കഥയിലേക്ക് ചുവടു വയ്ക്കുമ്പോഴും കുതികുതിക്കുന്നത് എഴുത്തില്‍ മുഴച്ചു നില്‍ക്കുന്നുണ്ട് . പക്ഷേ ആ കുതികുതിപ്പിന്റെ ആയത്തില്‍ പലപ്പോഴും കഥയില്‍ നിന്നും കഥാകാരി ഇറങ്ങി നടന്നുപോകുന്നതാണ് ചില കഥകള്‍ എങ്കിലും മുന്നോട്ട് വരാന്‍ കഴിയാതെ പരുങ്ങി നില്‍ക്കുന്ന അവസ്ഥ സൃഷ്ടിക്കുന്നത് . കഥഎഴുത്തിന്റെ മര്‍മ്മം മനസ്സിലാക്കാത്ത ഒരു എഴുത്തുകാരി ആണെന്ന് കരുതുന്നില്ല പക്ഷേ എന്നിരുന്നാലും കഥഎഴുത്തില്‍ ആയാലും കവിതയിലായാലും വൈകാരികതയുടെ തലങ്ങളില്‍ കുറെക്കൂടി കയ്യടക്കം പാലിച്ചാല്‍ നല്ല കുറെ കഥകള്‍ മലയാളത്തിന് സമ്മാനിക്കാന്‍ ഈ കലാകാരിക്ക് കഴിയും എന്നു കരുതുന്നു . അതുപോലെ പ്രധാനപ്പെട്ട ഒന്ന് മികച്ച രീതിയിൽ എഡിറ്റിംഗ് ചെയ്യാതെ പോയ ഒരു പുസ്തകമാണിത് എന്നതാണ്. തലക്കെട്ട് അകത്ത് ശരിയാണെങ്കിലും പുറത്ത് അത് വലിയ ഒരു തെറ്റായി നിൽക്കുന്നു. അകം പേജുകളിലും ചില കഥകളിൽ അക്ഷരത്തെറ്റുകൾ കണ്ടു. അനാവശ്യമായ ഒരു ധൃതി ഈ പുസ്തകം ഇറങ്ങുന്നതിൽ സംഭവിച്ചോ എന്ന തോന്നലുളവാക്കി ഇവയൊക്കെ.

കറി കത്തി(കഥകള്‍)
ലൗലി നിസാര്‍
മാക്ബത്ത്
വില :₹ 130.00

ആനുകാലികങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി എഴുതുന്നു. കനൽ ചിന്തുകൾ എന്ന കവിതാ സമാഹാരം ആദ്യ പുസ്തകം. ദുബായിൽ ഇൻഡസ്ട്രിയൽ സേഫ്റ്റി വിഭാഗത്തിൽ ഉദ്യോഗസ്ഥൻ. വർക്കല സ്വദേശി.