കറിവേപ്പിലകൾ

വളരെ ദിവസത്തെ ഹോസ്പിറ്റൽ വാസത്തിന് ശേഷമൊരു രാത്രിയിലാണാ പാലിയേറ്റിവ് ഹോമിലേക്ക് കയറിച്ചെല്ലുന്നത്..! സിഎഫെലിന്റെ അരണ്ട വെളിച്ചത്തിൽ അവിടെ പലതും അവ്യക്തമായിരുന്നു. ഓപ്പറേഷൻ ചെയ്ത കാലും അതിന്റെ വേദനയും; കാലിലെ ബാന്റെജിനുള്ളിൽ വച്ചിരുന്ന ഭാരമുള്ള സ്ലാബും വല്ലാതെ തളർത്തിയിരുന്നു.

ഭാര്യയും മോളും അവിടെ കൊണ്ടുവന്നാക്കി തിരിച്ചു പോയ ശേഷം കട്ടിലിലേക്ക് ഒരു വിധം കയറി കിടന്നപ്പോഴാണ് അവിടത്തെ ഒരന്തേവാസി വർക്കിച്ചൻ പരിചയപ്പെടാൻ വന്നത്. പൊക്കം കുറഞ്ഞു ഷോർട്സും ടീഷർട്ടും ഇട്ടൊരാൾ… പ്രസന്നമായ മുഖം, മുന്നിൽ ആകെയുള്ളൊരു പല്ല് പുറത്തേക്ക് നിൽക്കുന്നു, പക്ഷേ ആളെ കാണാൻ ആകെയൊരു ക്യൂട്ട്നസ്സ്. ഒരല്പ നേരം സൗഹൃദം സംഭാഷണശേഷം പിന്നീടാവാം ബാക്കിയെന്ന് പറഞ്ഞു കിടന്നു.

“നാട്ടുകാരെ ഓടി വരണേ എന്നെ കെട്ടിയിട്ട് കൊല്ലാൻ നോക്കണേ” എന്നലർച്ച കേട്ടുകൊണ്ടാണ് ഞെട്ടിയുണർന്നത്. എന്റെ വെപ്രാളം കണ്ടിട്ടാവണം സിസ്റ്റർ ഓടി വന്നു പറഞ്ഞു “സാർ പേടിക്കണ്ട, ഡിമെൻഷ്യ രോഗിയാണ് അങ്ങേർക്ക് ബോധമില്ല ഇടയ്ക്ക് ഇങ്ങനെ ശബ്ദമുണ്ടാക്കും… പേടിക്കാനൊന്നൂല്ലാ… പേരുകേട്ട മെക്കാനിക്ക് ആയിരുന്നു, ഇപ്പൊ ഇതാണ് അവസ്ഥ… മക്കളൊക്കെ നല്ല നിലയിലാണ്.. അവർക്കും ഭാര്യക്കും നോക്കാൻ കഴിയാതെ ഇവിടെയാക്കിരിക്കുകയാണ്”.

നേരം വെളുത്തിരിക്കുന്നു… സിസ്റ്ററാ സ്ഥലത്തെപ്പറ്റിയും അവിടെയുള്ളവരെപ്പറ്റിയും ഒരു ചെറു വിവരണം തന്നു; വീണ്ടും ഞാൻ പേടിക്കണ്ട എന്ന് കരുതിയാവണം.

എന്റെ മുറിയിൽ പ്രായമേറെയുള്ള രണ്ടു പേരുണ്ട്. അതിലൊരാൾ എന്നെ തന്നെ നോക്കിയിരിക്കുന്നു, ഞാനൊന്ന് പുഞ്ചിരിച്ചെങ്കിലും അയാളിലൊരു ഭാവവ്യത്യാസമില്ല. അത് കണ്ട് സിസ്റ്റർ പറഞ്ഞു “ഒന്നും മനസിലാവില്ല, മക്കളുടെ പേരുകൾ പറഞ്ഞാൽ മാത്രം എന്തെങ്കിലും പ്രതികരിക്കും അതും വളരെ കുറച്ച്”.

സ്ട്രോക്ക് വന്ന് തളർന്നു ജട പിടിച്ച താടിയും മുടിയുമായിട്ടാണത്രേ അയാൾ അവിടേക്ക് എത്തിയത്. സൈന്യത്തിലെ ഉയർന്ന സിവിലിയൻ ജോലിയിൽ നിന്ന് റിട്ടയർ ചെയ്തയാളാണ്, മകളാണത്രെ ഇവിടെ കൊണ്ടാക്കിയത്. ഇന്നയാൾ ആ അവസ്ഥയിൽ നിന്ന് വളരെ മാറിയിരിക്കുന്നു, പതുക്കെയെങ്കിലും നല്ലോണം നടക്കുന്നു, ആകെ പഴയ കാര്യങ്ങളിലെ ഓർമ്മക്കുറവ് മാത്രം. എന്നിട്ടും അയാളിവിടെ എന്തു കൊണ്ടെന്ന് മനസിൽ തോന്നിയെങ്കിലും ചോദിച്ചില്ല.

ശ്രദ്ധയോടെ ചുറ്റിനുമൊന്ന് കണ്ണോടിച്ചു. പ്രതീക്ഷ വറ്റിയ കണ്ണുകൾ, ചിരി മാഞ്ഞു പോയ മുഖങ്ങൾ, വാക്കുകളകന്ന ചുണ്ടുകൾ…. ഏത് ലോകത്തിലാണെന്ന് പോലുമറിയാതെ ജീവിക്കുന്ന കുറെയാളുകൾ.

ഉറക്കമില്ലായ്മ വല്ലാതലട്ടിയ കിടപ്പായിരുന്നവിടെ… അങ്ങനൊരു സമയത്തായിരുന്നു അപ്പുറത്ത് വർക്കിച്ചന്റെ ഫോൺ സംഭാഷണം കേട്ടത്. അങ്ങേരുടെ അടുത്ത ബന്ധുവിന്റെ കല്യാണത്തിന് വിദേശത്ത് നിന്ന് മകൻ വരുന്നു, കുറച്ചു ദിവസം മകനോടൊപ്പം പോവാൻ പോകുന്നു. അക്കാര്യം വളരെ സന്തോഷത്തോടെ അവിടത്തെ സിസ്റ്റർമാരോടും മറ്റുള്ളവരോടും വർക്കിച്ചൻ വീണ്ടും വീണ്ടും പറയുന്നത് കേട്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി, ആ മുഖത്ത് വല്ലാത്തൊരു പ്രകാശം പരന്നതായി തോന്നി. ആദ്യമായിട്ടാണ് അവിടെ എത്തിയതിൽ പിന്നെ നല്ല കാര്യമൊന്നു കേൾക്കുന്നത്.

പക്ഷേ പറഞ്ഞ ദിവസങ്ങളായിട്ടും മകന്റെ വരവ് കാണാതെ വർക്കിച്ചൻ ഡിപ്രഷനിലേയ്ക്ക് നീങ്ങുകയായിരുന്നു. അത് കണ്ട് ‘മകൻ വരുമെന്നും ഇങ്ങനെയിരുന്നാൽ വീണ്ടും പഴയ കൂടിയ രോഗാവസ്ഥയിലേക്ക് പോവുമെന്നും’ പറഞ്ഞു സിസ്റ്റർമാർ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.

ഉറ്റവരുടെ ഓരോ വാക്കുകളും അവിടെ ഓരോരുത്തരും എത്രത്തോളം ഹൃദയത്തോട് ചേർത്ത് വയ്ക്കുന്നുവെന്നും, അവർ എത്ര മാത്രം ഉറ്റവരുടെ സാമീപ്യം ആഗ്രഹിക്കുന്നുണ്ടെന്നും മനസ്സിലാക്കാൻ ആർക്കും റോക്കെറ്റ് സയൻസൊന്നും പഠിക്കേണ്ട, നമ്മൾ നമ്മുടെ മനസ്സൊന്നു തുറന്നാൽ മതി.

ഹോസ്പിറ്റലിൽ നിന്ന് ചെക്കപ്പും മുറിവിലെ ഡ്രെസ്സിങ്ങുമൊക്കെ കഴിഞ്ഞു വളരെ ക്ഷീണിച്ചാണ് ഉച്ചക്ക് വന്ന് കിടന്നത്. അപ്പുറത്ത് മെക്കാനിക്കിന്റെ “അമ്മു.. ചിന്നു.. അച്ചായിയുടെ അടുത്തേക്ക് വാ…” എന്ന സ്ഥിരം അലർച്ചകൾക്കിടയിൽ പുതിയൊരു പ്രശ്നം പറഞ്ഞു കേൾക്കുന്നു.

“എന്റെ കോണം കാണുന്നില്ല… നിങ്ങൾ അലക്കി കൊണ്ടുവന്ന മുണ്ടിന്റെ കൂടെ കാണുന്നില്ല… ഇതിന് മുൻപും എന്റെ കോണങ്ങൾ പോയിട്ടുണ്ട്”… അലക്കിയ തുണികൾക്കിടയിൽ കോണം തിരഞ്ഞു കൊണ്ട് സിസ്റ്റർ പറയുന്നു “തമ്പുരാനേ, തമ്പുരാന്റെ കോണം ഇവിടെ ആർക്കാ വേണ്ടത്? അത് കിട്ടിയിട്ട് എന്ത് ചെയ്യാനാ?”

അതിനുള്ള മറുപടി “കസവുള്ള കോണമാണ് ആദ്യം പോയത്… വെറുതെ കിട്ടിയാൽ മലയാളിയാ കോണവും കെട്ടി തിരുവാതിര കളിക്കും…”

തമ്പുരാൻ…! അത് അവിടത്തെ മറ്റൊരു അന്തേവാസി. പ്രായത്തിന്റെ അസ്കിതകളല്ലാതെ മറ്റൊന്നുമുണ്ടെന്നു തോന്നിയിട്ടില്ല. കയറി വരുന്ന മുറി തന്നെയാണ് അങ്ങേരുടെ നാട്ടുരാജ്യം, അവിടെ ഫാനിടാൻ പാടില്ല, ഒരു പ്രത്യേക സമയത്തിന് ശേഷമേ ലൈറ്റ് ഇടാൻ പാടുള്ളു എന്നൊക്കെ നിയമങ്ങളുള്ള ഒരു പ്രത്യേക രാജ്യം. നേരം വെളുത്താൽ മുൻ ഡോറിന് മുന്നിൽ കസേരയിട്ട് തമ്പുരാൻ സ്ഥാനമുറപ്പിക്കും, ഡോറിലൂടെ പോകേണ്ടവർ ഒതുങ്ങിക്കൂടി പോവണം, കൊതുകൾക്ക് പോലും അകത്തേക്ക് കയറാൻ ഗ്യാപ് ഉണ്ടാവില്ല. അങ്ങേർക്ക് ഒരു കാര്യത്തിലും തൃപ്തിയില്ല എന്ന് മാത്രമല്ല സകലതിലും കുറ്റം പറയുകയും ചെയ്യും. തീർന്നു പോയ പപ്പടം കൊടുക്കാത്തതിന്റെ പേരിൽ “പോവുന്ന വഴി ആക്സിഡന്റിൽ മരിച്ചു പോവട്ടെ” എന്ന് ആശംസിച്ചു വിടുന്നയാൾ. നാവിൽ എപ്പോഴും വികട സരസ്വതി വിളയാട്ടം മാത്രം.

തൊട്ടടുത്താണത്രേ അങ്ങേരുടെ ബന്ധുക്കളുടെ താമസം… ഇത്തരം സ്വഭാവം കൊണ്ട് അവർ അവിടെ കൊണ്ടാക്കിയതാണെന്നാണ് അറിഞ്ഞത്. ഒരിക്കൽ പോലും തമ്പുരാന്റെ മുഖത്ത് ഉറ്റവരെ കാണാതിരിക്കുന്നതിലുള്ള വിഷമം കണ്ടിട്ടില്ല, അവിടെ അങ്ങനെ ഒരേയൊരാൾ ഇങ്ങേരാണ്.

പാലിയേറ്റീവിലെത്തിയിട്ട് ഒരു മാസമായിരിക്കുന്നു, കാലിലെ പ്ലാസ്റ്ററുകൾ മാറി ഫിസിയോതെറാപ്പി കോഴ്സിലാണ്. മനസ്സിൽ എത്രയും വേഗം നടന്നു തുടങ്ങാനുള്ള തിടുക്കമാണ്, തുടർന്ന് വീടണയാനും. മോളെ മനപ്പൂർവം ഇങ്ങോട്ട് വരുത്തണ്ട എന്ന് തീരുമാനിച്ചിരുന്നു, അവളുടെ കാൾ ‘എന്നാണ് വീട്ടിലേക്കു വരുന്നതെന്നറിയാൻ’. അവളെ കാണാനും ചേർത്തൊന്ന് കെട്ടിപിടിച്ചു ഉമ്മ വയ്ക്കാനും മനസ്സിൽ എന്തെന്നില്ലാത്ത ആഗ്രഹം. അവളെ ഞാൻ വല്ലാതെ മിസ്സ് ചെയ്യുന്നു പ്രത്യേകിച്ച് ഇവിടെത്തിയതിൽ പിന്നെ.

ധൃതിയോടെ ഓടി നടക്കുന്ന സിസ്റ്റർമാരുടെ ഒച്ചയും കാൽപ്പെരുമാറ്റവും കേട്ടുകൊണ്ടാണ് അതിരാവിലെ എഴുന്നേൽക്കുന്നത്. മേഴ്സിയാന്റിയെന്നവർ വിളിച്ചിരുന്ന അവിടെത്തെയൊരു അന്തേവാസി മരിച്ചിരിക്കുന്നു. മറ്റുള്ളവർ ഉണരുന്നതിന് മുൻപ് ബോഡി ഹോസ്പിറ്റലിലേക്ക് മാറ്റുവാനുള്ള തത്രപ്പാടാണ്, മരണം മറ്റുള്ളവരെ ഇപ്പോഴത്തെ മാനസികാവസ്ഥയിൽ എങ്ങനെ ബാധിക്കുമെന്ന് നിശ്ചയമില്ല. സ്ട്രച്ചറിൽ ആംബുലൻസിലേക്ക് ആന്റിയുടെ ബോഡി കയറ്റുമ്പോഴും അവരുടെ മുഖത്ത് പ്രസന്ന ഭാവമായിരുന്നു.

അവരുടെ താമസം മുകളിലെത്തെ നിലയിൽ ആയതു കൊണ്ട് ഇതുവരെ കണ്ടിട്ടില്ല, പക്ഷേ കുറച്ചു കാര്യങ്ങൾ കേട്ടിരുന്നു. ആ മരണം അവിടത്തെ സിസ്റ്റർമാർക്കുണ്ടാക്കിയ വേദന എത്ര വലുതാണെന്ന് അവരുടെ ഹൃദയം പൊട്ടിയുള്ള കരച്ചിൽ കണ്ടാലറിയാം, ഏറ്റവും പ്രിയപ്പെട്ടവർ നമ്മെ വിട്ടു പിരിഞ്ഞാലുള്ള അവസ്ഥ.

പാലിയേറ്റിവ് തുടങ്ങിയപ്പോൾ മുതലുള്ള അന്തേവാസിയായിരുന്നു മേഴ്സി. ഏകദേശം ആറേഴ് കൊല്ലം അവിടെ ജീവിച്ചു മരിച്ചയാൾ, അവർ എല്ലാവർക്കും പ്രിയപ്പെട്ട ആന്റിയായിരുന്നു. ആറ് ആണ്മക്കളുടെ അമ്മ, അവരൊക്കെ യൂറോപ്പിൽ സുഖജീവിതം നയിക്കുന്നു. ഒരോ മക്കളുടെ കൂടെ ടേൺ ആയിട്ടായിരുന്നു താമസം, ഒരിക്കൽ ബാത്റൂമിൽ വീണ മേഴ്സിയെ മരുമകൾക്ക് ‘നടുവേദന വന്നാലോ’ പേടി കൊണ്ട് അവിടെന്ന് പൊക്കാൻ ഏകദേശം രണ്ടര മണിക്കൂർ സമയം വേണ്ടിവന്നു.

ആ വീഴ്ചയിൽ ഇടുപ്പ് ഒടിഞ്ഞ മേഴ്സിയെയാണ് മക്കൾ പാലിയേറ്റീവിലേക്ക് എത്തിച്ചത്. കൃത്യമായുള്ള സ്നേഹ-പരിചരണങ്ങൾ അവരെ വളരെ പതിയെയെങ്കിലും പഴയതിലേക്ക് തിരിച്ചു കൊണ്ടുവന്നു. മേഴ്സിക്ക് അവിടം സ്വന്തം വീടിനെക്കാൾ പ്രിയമായിരുന്നു, അവിടെയുള്ളവരും. മക്കൾ തിരികെ കൊണ്ടുപോവാൻ വന്നപ്പോൾ മേഴ്സി സമ്മതിച്ചില്ല, അവർക്ക് അവിടെ ജീവിച്ചാൽ മതിയെന്നായിരുന്നു തീരുമാനം. പോയാലുള്ള ബുദ്ധിമുട്ടുകൾ അവർക്ക് കൃത്യമായി അറിയാമായിരിക്കും, എന്തായാലും ഇന്നവർ ദൈവത്തോട് ചേർന്നിരിക്കുന്നു.

അതൊരു വല്ലാത്ത ലോകമാണ് ക്യാൻസർ ആശുപത്രികളടക്കം ഒരുപാട് ആശുപത്രികളിൽ നല്ലപോലെ സമയം ചിലവഴിക്കേണ്ടി വന്നിട്ടുണ്ട്… പക്ഷേ അവിടെയൊക്കെ കണ്ടിരുന്ന രോഗികളുടെ കണ്ണുകളിൽ ‘തിരിച്ചുവരുമെന്ന’ പ്രത്യാശ കണ്ടിരുന്നു. ആദ്യമായിട്ടാണ് യാതൊരു വികാര-വിചാരങ്ങളുമില്ലാതെ മരണമെത്തിപ്പിടിക്കാൻ കഷ്ടപ്പെടുന്നവരെ കാണുന്നത്, അവിടത്തെ സിസ്റ്റർമാരുടെ കൃപയാൽ ഒരോ നിമിഷവും തള്ളി നീക്കുന്നവർ.

“മരണമെത്തിപ്പിടിക്കാൻ”, എന്ന് മനഃപൂർവം എഴുതിയതാണ്, അതിൽ യാതൊരു അതിശയോക്തിയുമില്ല.

ഉറ്റവരില്ലാത്തവരായി അവരിൽ ഒരാൾ പോലുമുണ്ടായിരുന്നില്ല, എന്നിട്ടും എന്താവും ഇവരിങ്ങനെ ഒഴിച്ച് നിർത്തപ്പെടുന്നത്? ഇങ്ങനെ ഉരുകി തീരേണ്ടവരാണോ ഇവർ?

അനുഭവവും കണ്ടറിവും

കുട്ടികൾ ജനിച്ച നാൾ മുതൽ ഏതൊരു അച്ഛനമ്മമാർക്കും അവർ തന്നെയാവും വലുത്. കുട്ടികൾക്ക് വേണ്ടി അവർ ചെയ്യാത്തതായി എന്തെങ്കിലും ഉണ്ടാവുമോ? അച്ഛനമ്മമാർ കൊണ്ട വെയിലിന്റെ തണലിൽ വളരാത്ത കുട്ടികളുണ്ടാവുമോ? അമ്മിഞ്ഞപ്പാൽ മുതൽ അക്ഷരലോകം വരെ അവർ തന്നതല്ലേ? നാര് കൊണ്ട് കുഞ്ഞിന്റെ കാലിൽ പൊടിഞ്ഞ ചോര കണ്ട് ഏങ്ങിക്കരഞ്ഞ അമ്മമാരെ കണ്ടിട്ടുണ്ട്, മക്കളുടെ പരീക്ഷ മുതൽ റിസൾട്ട് വരുന്ന ദിവസം വരെ ടെൻഷൻ മൂത്ത് ആശുപത്രിയിലാവുന്ന അച്ഛനമ്മമാരെ കണ്ടിട്ടുണ്ട്. സ്വന്തം അവസ്ഥ മാറ്റി നിർത്തി ഉയർന്ന സ്ഥിതിയിലുള്ള മക്കളെക്കുറിച്ച് അഭിമാനത്തോടെ മാത്രം സംസാരിക്കുന്നരെ പാലിയേറ്റിവിലും കണ്ടിരുന്നു.

ഇതെല്ലാം പോട്ടെ, അച്ഛനമ്മമാരുടെ കൈകളെക്കാൾ സുരക്ഷിതമായ സ്ഥലം അനുഭവിച്ചിട്ടുണ്ടോ? അവർ തന്നപോലെ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ വാരിക്കോരി സ്നേഹം കിട്ടിയിട്ടുണ്ടോ, അത് ഇപ്പോഴത്തെ ഭാര്യ/ഭർത്താവിൽ നിന്നെങ്കിൽ പോലും. എത്ര പിണങ്ങിയാലും ദ്രോഹിച്ചാലും എല്ലായ്പോഴും ഓടിയെത്താനും, എത്തുമ്പോൾ ചേർത്ത് നിർത്തി ആശ്വസിപ്പിക്കാനും ദൈവസന്നിധികളെക്കാൾ വലുതായി അവരല്ലേയുള്ളൂ. എത്രയേറെ എഴുതാനുണ്ട് ഇനിയും…

ഇതൊക്കെ അവരുടെ റെസ്പോൺസിബിലിറ്റി മാത്രമാണ് ചെയ്തത് എന്നാണെങ്കിൽ ഓർമ്മപ്പെടുത്താൻ…”കർമ്മ, അത് നിങ്ങളിലേക്ക് മടങ്ങിവരും”.

അവരുടെ അവസാന നാളുകളിൽ… ആ കണ്ണുകളിൽ പ്രതീക്ഷ നിറഞ്ഞാൽ, മുഖങ്ങളിൽ പുഞ്ചിരി നിറഞ്ഞാൽ, ചുണ്ടുകളിൽ വാക്കുകൾ നിറഞ്ഞാൽ… അത് അവർക്കും നിങ്ങൾക്കും കിട്ടുന്ന ഏറ്റവും വലിയ സൗഭാഗ്യമായിരിക്കും. കുറച്ചു സമയം കൂടി അവർക്ക് കൊടുക്കണ്ടേ, ഒരു ജന്മം നമുക്ക് വേണ്ടി മാറ്റിവച്ചവർക്ക്.

ഫിസിയോതെറാപ്പി ആഴ്ചകൾ പിന്നിട്ടിരിക്കുന്നു, കാൽമുട്ട് പഴയ രീതിയിൽ ആയിട്ടില്ല ഇനിയും ഫിസിയോ തുടരണം എത്ര നാളെന്നറിയില്ല. പക്ഷെ എല്ലാം വീട്ടിൽ ചെന്നിട്ടു മതിയെന്നുള്ളതാണ് തീരുമാനം, ഫാമിലി വല്ലാതെ മിസ്സ് ചെയ്യുന്നു പ്രത്യേകിച്ച് മോളെ.

മോളോട് ഒച്ചയെടുക്കാത്ത ദിവസങ്ങളില്ല, അവൾ ചിലപ്പോഴെങ്കിലും വേണ്ട കാര്യങ്ങൾ ഭാര്യ വഴിയാണ് എന്നോട് അവതരിപ്പിക്കുക. പക്ഷേ അവളുടെ ശബ്ദമൊന്നിടറിയാൽ കണ്ണൊന്നു കലങ്ങിയാൽ അവിടെ തീരും എന്നിലെ ബലംപിടിത്തമെല്ലാം.

കടന്നു പോയ ഒന്നര രണ്ടു മാസം ഒരുപാട് കാര്യങ്ങൾ കണ്ടു അതിലേറെ മനസിലാക്കി. എന്നിൽ കുറെയേറെ മാറ്റങ്ങളുണ്ടാക്കണമെന്ന ആഗ്രഹത്തോടെയാണ് മടക്കം.

കുടുംബത്തിനും മോൾക്കുമൊപ്പം കൂടുതൽ സമയം, അവരില്ലാതെ ഞാനൊന്നുമല്ലെന്നത് തിരിച്ചറിയുന്നു. മണ്ണിൽ ചേരണം.. ഉറ്റവരുമായി അവസാനം വരെ സ്നേഹിച്ചു കൊണ്ട്.

മറ്റൊരു ‘കറിവേപ്പില’ ആവരുത് എന്നാണാഗ്രഹം.

എറണാകുളം സ്വദേശി. ഗാനരചയിതാവ്, കഥാകൃത്ത്, കോപ്പിറൈറ്റർ, തിരക്കഥാകൃത്ത്.