കറചെമ്മരത്തികൾ പെറുമ്പോൾ

പച്ചപ്പരൽ മീനുകൾ മുളച്ചുപൊങ്ങി കറചെമ്മരത്തികളാവുന്നു. അതേ ഞെട്ടിറ്റിക്കുമ്പോൾ രക്തം പടരുന്ന, ചുമന്ന, വെളുത്ത, വയലറ്റ് നിറമുള്ള കറയുള്ള ചെമ്മരത്തികൾ.

അവൾ ഇറുത്ത കറചെമ്മരത്തികൾ മുഴുവനായി മോസിയമ്മ രണ്ടു ചാക്കുകളിലായി നിറച്ചു വച്ചു.,ഓരോ ചെമ്മരത്തികളുടെ അറ്റത്തുനിന്നും ചുമന്ന കറ ഇറ്റുവീണുകൊണ്ടിരുന്നു. ഒന്നിൽ നിന്ന് ചുമപ്പ്, മറ്റൊന്നിൽ വയലറ്റ്,മറ്റൊന്നിൽ വെള്ള. ഇറ്റുവീഴുന്ന കറത്തുള്ളികൾ കല്ലുന്തി നിൽക്കുന്ന തറയിൽ തളം കെട്ടി വൃത്തങ്ങൾ തീർക്കുന്നു. അതു പിന്നീട് ഓളങ്ങളായി അരികലച്ചു പിന്നിലേക്കൊഴുകി.

ചോലാമ്മ അതു മുഴുവൻ പെറുക്കി അകത്തെ കൊട്ടിലിലേക്ക് വയ്ക്കുമ്പോളാണ് ‘അമ്മ വരുന്നത്.

“മോസി ഇതൊക്കെ എന്ത്….??എന്തിവിടെ..??”

“അത്..”.

മോസിയമ്മ വെള്ളക്കറ പുരണ്ട സാരിത്തലപ്പ് ഇടുപ്പിൽ തിരുകി, ഒരുകാലുയർത്തി പൊന്തിയ കല്ലിൽ വച്ചു, കുനിഞ്ഞു ചാക്ക് എന്തിയെടുത്തു മെല്ലെ കണ്ണുയർത്തി മിണ്ടാതെ നിന്നു.

“ചോല എന്തു ചെയ്യാൻ പോകുന്നു മോച്ചി….?” അമ്മയുടെ ശബ്ദം ഇടറി ഉയർന്നു.

“അത് ചെയ്തു കഴിഞ്ഞു പറയാം..” വെറ്റയും, പാക്കും, ചുമന്ന പൊകിലയും മുറുക്കി നീട്ടി തുപ്പി ചോലാമ്മ അടുത്ത ചാക്കെടുക്കാൻ മുറ്റത്തു വന്നു കുനിഞ്ഞു.

അമ്മ അരിശം കൊണ്ടു… “ഇയ്യെന്തിനാടിയെ കറചെമ്മരത്തി പൊട്ടിച്ചേ…?” എന്റെ നേർക്ക് അമ്മയുടെ കൈ ഉയർന്നു.

“പരല് പൊട്ടിക്കിള്ക്കാൻ ഇനിം എടുക്കും മാസം മൂന്നാല്….. ഇനി പെണ്ണുങ്ങള് തെരളും. കണ്ടില്ലേ കറ ഒലിച്ചു തീരും വരെ പെണ്ണ് തെരളും” അമ്മ കലി കൊണ്ട് നൃത്തം ചവിട്ടി.

എനിക്ക് അമ്മ തുപ്പിയ ചുമപ്പിനും കറചെമ്മരത്തിയുടെ ചുമപ്പിനും ഒരേ വലുപ്പമായി തോന്നി. അത് വെറും തോന്നൽ മാത്രമായിരുന്നു.

കറചെമ്മരത്തികൾ തീർത്ത കറയുടെ വൃത്തം പുരയ്ക്കകത്തെ ഇരുപ്പുകല്ലും താണ്ടി ഉയർന്നു..,വെള്ളക്കറയേയും വയലറ്റ് കറയെയും മുക്കി ചുമപ്പ് പടർന്നു. ചുമന്ന കറ പെരുകി.
നോക്കിനിൽക്കെ അത് മുറിയിലും പുരയിലും ഇരുപ്പുകല്ലിലും വൃത്തങ്ങളായി.

‘അമ്മ കലിതുള്ളി.

മോസിമ്മയുടെ സാരിത്തലപ്പ് ചീന്തി അമ്മ ഉറിയുടെ വായയ്ക്ക് കോണകം കുത്തി.

ഉറിവായ്ക്ക് മുകളിലൂടെ കെട്ടിയ കയറിന്റെ ഇടുപ്പിലേക്ക് ‘അമ്മ കോണകവാൽ ചുരുട്ടി വച്ചു കണ്ണടച്ചു മന്ത്രം ചൊല്ലി.

അമ്മയുടെ നെറ്റിയിലെ ചുമന്ന വട്ടപ്പൊട്ട് കീഴോട്ടൊലിച്ചു.

കല്ലിരിപ്പിടത്തിൽ നിന്നും ചുമന്ന കറ താഴ്ന്നു.. ചോലാമ്മ ചുണ്ട് മേപ്പോട്ട് പൊന്തിച്ചു മുകൾമോണയിലെ ചവർപ്പ് ഒതുക്കി കൂട്ടി. കൈ ഇടുപ്പിൽ കുത്തി നെഞ്ഞത്തെ കാശുമാല നേരെ പിടിച്ചിട്ടു. ഒരു ചുമന്ന കറചെമ്മരത്തി മുടിപ്പൊത്തിൽ തിരുകിച്ചിരിച്ചു.

അമ്മ കലിതുള്ളി എന്റെ കയ്യിൽ പിടിച്ചു വലിച്ചു നടന്നു.

മോസിയമ്മ കണ്ണുന്തിച്ചു മിഴിച്ചു നിന്നു.

“പൂജയ്ക്ക് വാ മോസി,ഓരൊക്കെ ഇപ്പൊ വരും.”

ചോലാമ്മ കറ ചെമ്മരത്തി പൊട്ടിച്ചു പൂജ നടത്തുന്നു എന്നത്, കവലപെണ്ണുങ്ങൾ പറഞ്ഞത് കേട്ടാണത്രെ അമ്മ പാറകേറി വന്നത്. അമ്മ പാറകേറാറില്ല. ആച്ചമ്മ പോയെപ്പിന്നെ അമ്മ ആദ്യമായി പാറകേറിയത് ഇന്നാണ്. ഊര് ഭയന്നെന്നു പറഞ്ഞു മൂപ്പൻ അമ്മയ്ക്ക് മുന്നിൽ കാഴ്ച്ചപൊന്നും, പരലും കള്ളും വച്ചു കരഞ്ഞെന്ന്.,
അമ്മയും കരഞ്ഞെന്ന്…
കഴുത്തിലെ കരിമണി പൊട്ടിച്ചെറിഞ്ഞു കരഞ്ഞെന്ന്..
ഇനി പെണ്ണ് തെരണ്ടുമെന്ന്.,
പെണ്ണ് പെറുമെന്ന്..
‘അപ്പൊ ഇക്കാലമത്രയും കുഞ്ഞുങ്ങൾ എവിടെ നിന്നു വന്നു..??’

അത് പാറപൊട്ടിച്ചു കിട്ടുന്ന മുട്ട അടവച്ചാണത്രേ കുഞ്ഞുങ്ങൾ ഉണ്ടാവുന്നത്..

ഓരോ കറച്ചെമ്മരത്തിയും മുട്ടയിടുമത്രേ. അതൊക്കെ പള്ളിക്കൂടത്തിൽ പഠിച്ചതാണ്. പരല് മുളച്ചു ചെമ്മരത്തിയുണ്ടാകും. ആ ചെമ്മരത്തികൾ ഓരോ മാസവും ഇലപൊഴിക്കുമത്രെ..
അപ്പോളൊക്കെയും പതിനാല് നാൾ ചെമ്മര്ത്തി കറ പൊഴിക്കുമത്രെ…ചുമന്നത്, വയലറ്റ്, വെള്ള അങ്ങനെ അങ്ങനെ…

കറുത്തകറ പൊഴിക്കണ കാലം ഊരിൽ ആണും പെണ്ണുമല്ലാത്ത കുഞ്ഞുങ്ങൾ മുട്ടവിരിയുമത്രേ..
അതൊരിക്കൽ മാത്രമേ ഉണ്ടായിട്ടുള്ളത്രെ… ആ കുഞ്ഞാണത്രെ ചോലാമ്മ..!

വയലറ്റ് ചെമ്മരത്തിയില പൊഴിയുന്ന കാലത്താണത്രെ ആൺ കുഞ്ഞുങ്ങൾ മുട്ടവിരിഞ്ഞു ഇറങ്ങുക.

ചുമപ്പിൽ, തീണ്ടാത്ത പെണ്ണുങ്ങൾ വിരിഞ്ഞിറങ്ങുമത്രെ.

വരമ്പിൽ നിരത്തി ഇരുത്തി മാഷ് വയലിൽ നിന്നു പഠിപ്പിച്ചതാണ്. ആശാൻ ചെമ്മരത്തിക്ക് എന്നും പാലും, വെള്ളവും വളമിടും.

അന്നൊരിക്കൽ ആശാൻ പാടിയ കവിത വലിയ പരീക്ഷയ്ക്ക് ചോദ്യം വന്നു. മുടിയില്ലാത്ത ഉണ്ടക്കണ്ണി പെണ്ണ് അന്ന് എനിക്ക് വരമ്പിൻ മുകളിൽ പേപ്പർ പൊന്തിച്ചു എഴുതാൻ കാണിച്ചു തന്നു.

അപ്പോളും ഞാൻ ചിന്തിച്ചിരുന്നത് എന്തുകൊണ്ടാണ് അന്ന് ആശാൻ പാടിയത് ഞാൻ ഓർത്തു വക്കാഞ്ഞതെന്നാണ്.

പരല് മുളച്ചോരു, ചെമ്മരത്തി പൂത്തേ…
ആ മുളകൂട്ടി ചെമ്മരത്തി തിരണ്ടേ..
ചുമന്നും വെളുത്തുമാ പെണ്ണൊരുത്തി തുടുത്തേ-
ആ ചെമ്മരത്തി തിരണ്ടേ..,,ആ- ചെമ്മര്ത്തി പൂത്തേ..,
ചെമ്മരത്തിപ്പൂപോലാപ്പെണ്ണൊരുത്തി പെറ്റെ….,
ആ പെണ്ണൊരുത്തി പെറ്റേ..
ചെമ്മര്ത്തി പൂപോലാ
പെണ്ണൊരുത്തി പെറ്റേ….
ആ പരല് മുളച്ചേ.., ചെമ്മര്ത്തി പൂത്തേ..
ആ ചെമ്മര്ത്തി പെറ്റേ..
ആ പെണ്ണൊരുത്തി പെ..റ്റേ…
ആ ചെമ്മര്ത്തി..,
ആചെമ്മരത്തി പൂത്തേ….

അന്നെഴുതിയ കവിത ഞാൻ ഓർത്തെടുത്തു. മൂപ്പൻ ഇറക്കത്തിൽ കാത്തു നിന്നു. പെണ്ണുമാണുമൊപ്പം നിന്നു.
അമ്മ ഉച്ചത്തിൽ പറഞ്ഞു

“പെണ്ണ് തിരളും ഇനി പെണ്ണ് പെറും..”

“ഇത്രകാലം ചെമ്മരത്തിപ്പൂക്കൾ പെറ്റ കുഞ്ഞുങ്ങളെ നമ്മൾ പോറ്റി., ഇനി പെണ്ണ് പെറും., പെണ്ണ് തിരളും..
ഇനിയിവിടെ മഴയും കാറ്റുമുണ്ടാകും.. ഇനിയിവിടെ പരല് മുളയ്ക്കില്ല, ചെമ്മര്ത്തി പൂക്കില്ല.. ഇനിയിവിടെ പെണ്ണ് പെറും..”

“വയലറ്റും ചുമപ്പും നിറത്തിലെ ചെമ്മരത്തികൾ ഇനി പെറില്ല.. പൂക്കില്ല .. പകരം പെണ്ണ് പെറും..
അവളുടെ ഉടൽ പൂക്കും.. അവളുടെ ഉടൽ നിറയെ ചോല പറിച്ചു കൊണ്ടുപോയ ചെമ്മര്ത്തിപ്പൂക്കൾ കറ പൊഴിക്കും..”

“ആ കറ ഉറിക്ക് കുത്തിയ കോണകത്തലപ്പിൽ ചുമന്ന വൃത്തങ്ങൾ തീർക്കും.പെണ്ണ് പെറും..!
ഇനിയിവിടെ വൃക്ഷങ്ങൾ കായ്ക്കില്ല.. ഇന്നാട്ടിലിനി പെണ്ണ് പെറും..
ഇന്നാട്ടിലിനി പെണ്കുഞ്ഞുങ്ങളുടെ കരച്ചിൽ കേൾക്കും.
വിങ്ങലുകൾ കേൾക്കും..
ഇന്നാട്ടിലിനി പെണ്ണാണ് പെറുന്നത്..
ഇന്നാട്ടിലിനി പെണ്ണ് കരയും..
പെണ്ണ് തിരണ്ടും..”

അമ്മ തലയിലാഞ്ഞാഞ്ഞു തല്ലി..

മൂപ്പൻ വയലറ്റ് ചെമ്മരത്തികൾ പിഴുതു. വയലറ്റ് കറ പൊങ്ങി നിറഞ്ഞു. അതെന്റെ കാലും കവിഞ്ഞു മുകളിലേക്ക് കയറി.

വയലറ്റ് ചെമ്മര്ത്തി കറയിൽ ഞാൻ പാദസരം കിലുങ്ങേ കാലടിച്ചു മൂളി

“… പരല് മുളച്ചൊരു ചെമ്മര്ത്തി പൂത്തേ…”

ആശാനും കൂട്ടുകാരുംകൂടി ഒരു വലിയ കമ്പ് നെടുകെ നീളത്തിൽ കെട്ടി അതിൽ ചെമ്മര്ത്തി പൂക്കൾ നിറച്ചു…

നടുവിൽ വയലറ്റ് പിന്നെ ചുമപ്പ് ആദ്യം വെളുപ്പ്..

ചോലമ്മയ്ക്ക് വെള്ള ചെമ്മര്ത്തി കൊടുക്കണമെന്ന് മനസ്സിൽ കണക്ക് കൂട്ടി.. ഞാൻ വാടിത്തുടങ്ങിയ കറയിറ്റുന്ന ചെമ്മരത്തിപ്പൂക്കൾ എണ്ണി.

അങ്ങു മലമുകളിൽ ചോലമ്മ മുറുക്കിക്കൊണ്ടേയിരുന്നു.. വലിയ വെളുത്ത പൊട്ടുകുത്തി ചോല.
വലിയ ചെമ്പിന്റെ കുടുക്ക് കാതിലിട്ടു.. ഉറിയിലുടുപ്പിച്ച കോണകവാൽ പിടിച്ചു വലിച്ചു… ചോലയ്ക്ക് മുകളിൽ ചുമന്ന ചെമ്മര്ത്തിക്കറ പൊട്ടിയൊഴുകി. വെളുത്ത പൊട്ട് ചുമന്ന നിറമായി. ചോല പാടി…
ഉറക്കെ ഉറക്കെ…

ഒടുവിലത്തെ വെള്ളചെമ്മരത്തി വേരോടെ പിഴുത് ചോല കണ്ണടച്ചു നിന്നു…

“ഇനി പെണ്ണ് പെറും..
ഇനിയിവിടെ ഇന്നാട്ടിൽ വെള്ള ചെമ്മരുത്തി പെറില്ല..”

“പെണ്ണ് പെറും..”

ചോല കണ്ണടച്ചു പതിയെ പിന്നിലേക്ക് മലർന്നു. അവൾക്ക് മുകളിൽ ചെമ്മരത്തിക്കറ ഉയർന്നു പൊങ്ങി.
അവളുടെ മൂക്കിനെയും താണ്ടി അത് ഉറിയോളം ഉയർന്നു.

അമ്പലപ്പുഴ സ്വദേശി, ഇപ്പോൾ തിരുവനന്തപുരത്ത് സ്ഥിര താമസം. എൻജിനീയറിങ് ബിരുദധാരി ആണ്, ഐ ടി സെക്ടറിൽ ജോലി ചെയ്തു വരുന്നു. ആരോഹി (നോവൽ ), ഓർമ്മപ്പെയ്ത്തുകൾ (ഒരു കൂട്ടം എഴുത്തുകാരികളുടെ ഓർമ്മക്കുറിപ്പുകൾ) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.