കരുതി വെക്കപ്പെടുന്ന ഉയിര്‍പ്പുകള്‍

ഇടറി വീണൊരെന്‍ ദേഹബോധങ്ങളില്‍
ഇനിയുമേതോ കുരിശിന്റെ ബാക്കികൾ..
അടരുവാന്‍ മടിച്ചിപ്പൊഴുമുണ്ടതില്‍
അവരണിയിച്ച മുള്‍മുടിത്തുണ്ടുകള്‍ ….

അകലെയേതോ ഗുഹാന്തര രാവിന്‍റെ
ഇരുളിനപ്പുറം നില്‍ക്കുകയാണ് ഞാന്‍
അനുനിമിഷമെന്നാത്മബോധങ്ങളില്‍
ഒരു പുനര്‍ജ്ജനി തീര്‍ക്കുകയാണ് ഞാന്‍ …..

എവിടെയെന്റെ ജീവന്റെയാഴങ്ങളില്‍
പതിവുജീവിതം മോഹിച്ചൊരാടുകള്‍ ?
എവിടെയെന്റെയീ പഥികപാദങ്ങളില്‍
പതിവു മണ്‍തരി ചേര്‍ത്ത ഗാഗുല്‍ത്തകള്‍ ?

അവിടെയങ്ങതാ കാണുന്നു മേടയില്‍
ബലിമൃഗങ്ങളെ, ലോഹഖഡ്ഗങ്ങളെ
മുടിയിറങ്ങിയ മൃത്യുചിഹ്നങ്ങളെ
മടിയിലേറ്റിയ ശ്വേതരൂപങ്ങളെ …

മറികടക്കുവാനാകുമോ മര്‍ത്ത്യനു
മതമൊരുക്കും മരീചികക്കാഴ്ച്ചയെ ?
മറികടക്കുവാനായാലതുവരെ
കരുതി വെക്കട്ടെ ഞാനെന്നുയിര്‍പ്പുകള്‍ !

കോഴിക്കോട് രാമകൃഷ്ണമിഷൻ ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ജീവശാസ്ത്ര അദ്ധ്യാപകനായിരുന്നു. 'തൊടാതെ' കവിതാസമാഹാരം, ' ഉണ്ണിയെങ്ങനെ പാമ്പുണ്ണിയായി' (അനുഭവക്കുറിപ്പുകൾ), 'ഇഴയുന്ന കൂട്ടുകാർ', ' വലനെയ്യുന്ന കൂട്ടുകാർ', ' ഓന്തും അരണയും കൂട്ടുകാരും ' എന്നിവയാണ് ഇതുവരെ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ. 2019 ൽ സർവീസിൽ നിന്ന് റിട്ടയർ ചെയ്തു. ഇപ്പോൾ കോട്ടയം ജില്ലയിലെ ഇടക്കോലിയിൽ വിശ്രമജീവിതം.