നീ തെളിച്ച പാതയിലൂടെയാണവർ
കുന്നുകയറിയത്
കറുത്തുപോയതിനല്ല,
വഴിവിളക്കായതിനാലാണ്
നിന്നെയവർ
കൊന്നുകളഞ്ഞത്
കുന്നോളമുയരങ്ങൾ
വെളുത്തവർക്കുമാത്രം
സ്വന്തമെന്നവർ
ധരിച്ചുവച്ചിരുന്നു.
വയനാടിന്റെ രാജശില്പീ,
ധീരരിൽ
നിന്റെ പേര്
ഈ നാടിനു സ്വന്തം
ജ്വലിക്കുന്നയോർമ്മകളിൽ
ഈ കാടുകളിന്നും
നിന്നെക്കുറിച്ചു പാടുന്നു
ഇനിയെന്നും
കാറ്റും വയലേലകളും
കുയിലുമതേറ്റുപാടും
ഒരായുധത്തിനും
തോല്പിക്കാനാവാത്ത
നിന്റെ നെഞ്ചു തുളച്ചത്
പിന്നിലൂടെയായിരുന്നു
ചതിയന്മാർ
ഒറ്റുകാരെക്കാൾ
നല്ലവരാണ്
ചങ്ങലയാൽ
ഒരുമരത്തിലും
കെട്ടിയിടാനാകില്ലൊന്നിനെയും
രക്തസാക്ഷികൾ
മരിക്കുന്നില്ല,
അവരാണെന്നും
ജീവിച്ചിരിക്കുന്നത്.