പ്രണയത്തിന്റെ ഭാഷ്യം കഥകളുടെ ഊര്‍ജ്ജമാണ്. ലോകത്തേറെ സ്വീകാര്യമായ കഥകളും കവിതകളും നോവലുകളും സിനിമകളും തുടങ്ങി എല്ലാ കലാസംവിധാനങ്ങളും വിജയം വരിക്കുന്നതിലെ പ്രധാന ഫോര്‍മുല പ്രണയം തന്നെയാണ് . ആസ്വാദകരെ കാലാകാലം അതിതീവ്രവിഷാദങ്ങളിലേക്ക് തള്ളിയിടുന്ന പ്രണയ കാവ്യങ്ങള്‍ സാഹിത്യാസ്വാദകര്‍ക്ക് അപരിചിതങ്ങളല്ലല്ലോ. കെ.ആര്.മീരയുടെ ഒരു നോവലെറ്റ് ആണ് കരിനീല . സദാചാര ഭ്രംശത്തില്‍ അലോസരത പൂണ്ടു സമൂഹമേ നിങ്ങള്‍ ഇത് വായിക്കരുതേ എന്നൊരു ആമുഖത്തോടെ കുറിച്ചിടുന്ന പ്രണയത്തിന്റെ ഒരു വ്യത്യസ്ത മുഖമാണ് കരിനീല എന്ന ഈ നോവലെറ്റ് .
പ്രാക്തനമായ സഞ്ചാരപഥം തേടുന്ന മനസ്സിന്റെ ജന്മാന്തരങ്ങളിലെ അവ്യക്തമായ നൂലിഴകള്‍ കൊണ്ട് കൊരുത്തിടപ്പെട്ട രണ്ടു പേര്. കാലാന്തരങ്ങളുടെ വേഷപ്പകര്ച്ചകളില് പാമ്പായും ശലഭമായും മഞ്ഞായും മഴയായ് തുടര്‍ന്നുപോകുന്ന പ്രണയജന്മങ്ങള് . അവര്‍ ഇവിടെയും തിരിച്ചറിയപ്പെടുകയും ഒന്നു ചേരുകയും ചെയ്യുന്നതാണ് കഥ . നാല്പതുകളിലെത്തിയ അവള് , തന്റെ ഭര്‍ത്താവും രണ്ടു കുഞ്ഞുങ്ങളും കൂടെയുണ്ടായിട്ടും തന്റെ സ്വപ്നത്തിലെ വീട് തിരഞ്ഞു നടക്കുകയാണ് . വീട്ടിലൂടെ അവള് അയാളെയാണ് തിരയുന്നത് . ജന്മ ജന്മാന്തരങ്ങളില്‍ തന്റെ മാത്രം പ്രണയമായിരുന്ന അയാളെ . കത്തിയെരിഞ്ഞുപോയ തന്റെ ജന്മ ഗേഹത്തിന്റെ അതേ പോലുള്ള വീടിനെ തിരയുന്ന അവളില്‍ വേരുകള്‍ തിരഞ്ഞു പോകുന്ന ഒരു മനുഷ്യന്റെ നെടുവീര്‍പ്പുകള്‍ അടഞ്ഞിരിക്കുന്നുണ്ട് . ഒടുവില്‍ അവള് ആ വീട് , തന്റെ സ്വപ്നത്തിലെ , സങ്കല്‍പ്പത്തിലെ അതേ വീട് കണ്ടെത്തുകയാണ് . വീട് മാത്രമല്ല സന്യാസ രൂപത്തിലുള്ള തന്റെ സ്വന്തം പ്രണയത്തെയും. മാറിടവും അടിവയറും ഒരുപോലെ പുകഞ്ഞു കത്തുന്ന അനുഭവമാണ് അതവൾക്ക് നല്‍കുന്നത്. മാതൃത്വം ! അയാളുടെ ബീജത്തെ സ്വീകരിക്കാനും അതിനെ ഉദരത്തില്‍ സൂക്ഷിക്കാന്‍ , ജന്മമേകി പാല്‍കൊടുത്തു വളര്‍ത്തുവാന്‍ അവളിലെ പ്രണയിനിയുടെ ദാഹം ജ്വലിക്കുകയാണ്; അതുകൊണ്ടുതന്നെയാണ് രണ്ടാമതും അവള് അവിടേക്ക് വരുന്നത്. അവിടെ വച്ചവള്‍ക്ക് അയാളുടെ കാമത്തിന്റെ ആഴവും ആഴിയും അറിയാനും അളക്കാനും കഴിയുന്നുണ്ട് . അതിനാലാണ് കാലില്‍ സര്‍പ്പദംശനമേറ്റ അവളുടെ ശുശ്രൂക്ഷ ചെയ്യുന്ന അയാളെ , അയാളുടെ ചുണ്ടില്‍ അമര്‍ത്തി ചുംബിച്ചുകൊണ്ടു , ദന്തക്ഷതമേല്പ്പിച്ചുകൊണ്ടവൾ തങ്ങളുടെ പ്രണയത്തിൻ്റെ അടയാളവാക്യം നല്‍കുന്നത് . മൂന്നാമത്തെ സന്ദര്‍ശനത്തില്‍ പക്ഷേ അവളുടെ ദേഹത്തിന്റെ കാമനകളെ ഉണര്‍ത്താന്‍ കഴിയാതെ ഭയന്ന് പിന്മാറുന്ന അയാളിലെ ആത്മീയതയും മാനുഷികതയും തമ്മിലുള്ള സംഘട്ടനമാണ് കാണാന്‍ കഴിയുക . എങ്കിലും പിന്മാറാൻ കഴിയാത്ത അവള് തന്റെ നാലാമത്തെ വരവില്‍ , അടിവയറിന്റെ രഹസ്യയറയില്‍ അയാളുടെ ബീജത്തെ സ്വീകരിക്കുക തന്നെ ചെയ്യുന്നുണ്ട് . ഇതെന്റെ അനുഭവമാണ് കഥയല്ല അതിനാല്‍ത്തന്നെ ആത്മീയതയുടെ വിളിയുടെ പിന്നാലേ അയാളെ യാത്രയാക്കിക്കൊണ്ടു ഗാര്ഹസ്ത്യത്തിന്റെ തിരക്കിലേക്ക് അവള് കൗശലപൂര്‍വ്വം ഒളിച്ചു പോകുന്നതായാണ് വിളംബരം ചെയ്യപ്പെടുന്നത്. ഭര്‍ത്താവിന് വല്ലപ്പോഴും വഴങ്ങിക്കൊടുത്തും കുട്ടികളുടെ കാര്യങ്ങളില്‍ ഒരു സ്വപ്നാടകയെപ്പോലെ ഇടപെട്ടുകൊണ്ടും അവള് അടുത്ത ജന്മത്തെ കാത്തിരിക്കുന്നു. അടിവയറില്‍ രഹസ്യമായി സൂക്ഷിയ്ക്കുന്ന പ്രണയ സാഫല്യത്തെ ആരും കാണാതെ ഓമനിച്ചും ലാളിച്ചും സമയഘടികാരത്തെ അതിന്റെ വഴിക്കു മേയാന്‍ വിടുന്നു .
പ്രണയത്തിന്റെ മനോഹരവും ലളിതവുമായ ആവിഷ്കാരത്തിലൂടെ മീര ഈ നോവലെറ്റിനെ പരിക്കുകള്‍ ഇല്ലാതെ സംരക്ഷിച്ചു കൊണ്ട് പോകുന്നത് നല്ലൊരു വായനാനുഭവം ആയി തോന്നിച്ചു. വളരെ ചെറുതായ ഒന്നായിപ്പോയതെങ്കിലും വായനയുടെ അവസാനവും കഥയെ കൂടുതല്‍ ഭാവനകളിലേക്ക് , ചിന്തകളിലേക്ക് കൂട്ടിക്കൊണ്ടു പോകുവാന്‍ പര്യാപ്തമായ വായനയായിരുന്നു ഇത്. പരത്തിപ്പറഞ്ഞും അനാവശ്യമായ വിവരങ്ങള്‍ നല്‍കിയും വായനക്കാരെ വിഷമിപ്പിക്കുന്ന എഴുത്തുകാരുടെ ശൈലിയല്ല മീര ഈ നോവലെറ്റില്‍ പ്രയോഗിച്ചിരിക്കുന്നത് അതിനാല്‍ത്തന്നെ ഒട്ടും ബോറടിക്കാതെ ഒറ്റയിരുപ്പിൽ വായിച്ചു തീര്‍ക്കാൻ കഴിയുന്ന ഒന്നാണിത് .
കരിനീല (നോവലെറ്റ് )
കെ. ആര്. മീര
നാഷണല്‍ ബുക്ക് സ്റ്റാള്‍
വില : ₹ 35.00