അവിശുദ്ധപ്രണയം
പണ്ടധികാരി പിടിച്ചപ്പോൾ
മുലക്കണ്ണിൽ മുളകിട്ട്
മുടി മൊത്തം വടിച്ചിട്ട്
മിഴിയിൽ തീക്കനലിട്ട്
അടി തൊട്ടു മുടിയോളം
വെയിൽ കീറിപ്പുതപ്പിച്ച്
ചിതയിൽ വെച്ചുയിരോടെ
ദഹിപ്പിച്ചോൾ കരിങ്കാളി
വിളിക്കുമ്പോൾ വിളി കേട്ടും
വിളക്കായും തുടിപ്പായും
കുരുത്തോലച്ചമയത്തിൽ
കുലം കാക്കും കുരിപ്പായും
കുരുതിക്കു ഗുരുക്കന്മാർ
കളം തീർത്ത് തിരി വെച്ച്
കൊടിയും കോമരച്ചോപ്പും
ഉറഞ്ഞാടി നിറയുമ്പോൾ
പനങ്കള്ളിൻ മണം, വാഴ-
യിലക്കൂമ്പിൽ പുഴമത്സ്യം
മരിച്ചവർ തിറ കെട്ടി
തിരിച്ചെത്തും സമയത്ത്
ഇരുൾക്കണ്ണിൽ മുഴുക്കെയും
കനൽപ്പന്തക്കരകാട്ടം…
ദ്രുതവേഷപ്പകർച്ചകൾ
മൃതരോഷത്തുടർച്ചകൾ
ചിലമ്പിട്ടു വരുന്നുണ്ടേ
തിറയാടിത്തിമർക്കുവാൻ
ഇടംതലപ്പെരുക്കത്തിൽ
ഇടം വലം തിരിഞ്ഞാടി
വലം തലമുഴക്കത്തി-
ലുടലാകെയുലഞ്ഞാടി
അടി മുതൽ മുടിയോളം
കടൽ കേറിയിറങ്ങുന്നു
ഇടറാത്ത ചുവടുമായ്
തിറയാട്ടം കനക്കുന്നു
തിരുമുടിയഴിക്കുമ്പോൾ
ഉടവാൾ കൈയ്യെടുക്കുമ്പോൾ
അരി ചാർത്തിയകം കൂട്ടി
പരിവാരം പിരിയുമ്പോൾ
ഒരു കുമ്പിൾ ഇരുൾ കോരി
കുടിച്ചന്തിത്തിരി കെട്ടു
ഇലവാട്ടിപ്പൊതി കെട്ടി –
യടിയാന്മാർ സ്ഥലം വിട്ടു..
കരിങ്കാളീ ഭയം വന്നു
പന പോലെ വളരുന്നു
ചിതയിലെക്കിനാക്കൾക്കു –
മിടത്തൊണ്ട വരളുന്നു
ജലപാനമിറക്കാതെ
വ്രതഭാരമിറക്കാതെ
വരും കൊല്ലം വരേക്കും ഞാൻ
തിരുമുമ്പിൽ ഭജിക്കുന്നു!