കമീനോ സാൻറ്റിയാഗോ – 8

അഗ്നി പരീക്ഷ

ഇളകിയ മണ്ണിൻറെ പതുപതുപ്പിന്മുകളിൽ കിടന്നതിനാലാകണം സാധാരണ ടെന്റ്ൽ ഉറങ്ങുമ്പോൾ ഉണ്ടാകുന്ന ശരീരവേദന തീർത്തും ഇല്ല. തുറസ്സിൻറെ വായുസഞ്ചാരമേറ്റുറങ്ങിയതിനാൽ ഉറക്കവും തൃപ്തികരമാണ്. സൂര്യനുദിക്കും മുൻപേ ഉറക്കമുണർന്നു. നിലാവെളിച്ചത്തിൽ കൂടാരം ചുരുട്ടി ഭാണ്ഡത്തോടൊപ്പം ചേർത്ത് റോഡിലേക്കിറങ്ങിയപ്പോൾ സമയം 6 :20 . നിലാവത്ത് കുളിർന്നുണരുന്ന ആ പ്രഭാതകാഴ്ചയുടെ ഭംഗികൂട്ടാൻ ഫോണിൽ കുടമാളൂർ മാഷിൻറെ പുല്ലാങ്കുഴൽ സംഗീതവും കേട്ടുകൊണ്ട് ഞാൻ മെല്ലെ നടന്നു. അൽപ്പം കഴിഞ്ഞപ്പോൾ പുറകിൽനിന്നും ടോർച്ചടി വെളിച്ചം വരുന്നതായി ശ്രദ്ധയിൽപെട്ടു. ശ്രദ്ധിച്ചപ്പോൾ ആരോ രണ്ടുപേർ പരസ്പരം സംസാരിച്ചുകൊണ്ട് വേഗത്തിൽ നടന്നടുക്കുന്നതായി മനസ്സിലായി.

“ഗുഡ് മോർണിംഗ്”

ഫ്രഞ്ച് ശൈലിയിൽ കത്തറീനയും ജോർജും ഒരേ സ്വരത്തിൽ പറഞ്ഞുകൊണ്ട് എനിക്കരികിലേക്ക് നടന്നെത്തി. ഇന്നലെ അവർ എന്നോട് യാത്രപറയുമ്പോൾ ഞാൻ വേദനയിൽ ഉഴലുകയായിരുന്നല്ലോ. ആദ്യമായി അവർ ചോദിച്ചതും വേദനയെപ്പറ്റിയായിരുന്നു. അപ്പോഴേക്കും വേദനയെപ്പറ്റി ഞാനും മറന്നിരുന്നു. തിരികെ ലിസ്ബണിൽപോയി ഷൂ മാറ്റിയ സംഭവങ്ങൾ അവരോടു വിവരിച്ചുകൊണ്ട് ഞങ്ങൾ മൂവരും പതിയെ നടന്നു നീങ്ങി.
പരസ്പരം സംസാരിച്ചുകൊണ്ട് സാവധാനമുള്ള നടത്തമായതിനാൽ ജോർജ് തൻ്റെ കയ്യിലുള്ള ടോർച്ച് ഉപയോഗിക്കാതായി. വൈകാതെ ഞങ്ങളുടെ കണ്ണുകൾ നിലാവിനോട്‌ താദാത്മ്യം പ്രാപിച്ചു. ക്യാമറ നഷ്ടപ്പെട്ടതിനാൽ സാവധാനം ഫോൺ ഉപയോഗിച്ച് ആവശ്യമായ ചിത്രങ്ങൾ പകർത്താൻ ഞാൻ പ്രേരിതനായിക്കഴിഞ്ഞിരുന്നു.

നടത്തത്തിനിടയിൽ നിലാവാത്തെ പോർത്തുഗീസ് ഗ്രാമീണത ഫോണിൽ പകർത്തിയും സൂര്യൻ ഉദിക്കുന്ന കോൺ എവിടെയായിരിക്കും എന്ന് പ്രവചിച്ചും ഞങ്ങൾ കുറച്ചുദൂരം പിന്നിട്ടപ്പോൾ വഴിയരികിൽ അതാ ഫിലമെൻ്റ് ബൾബിൻ പ്രകാശം പരത്തിക്കൊണ്ട് ഒരു കുഞ്ഞു കഫെ.
മൂവർക്കും സംശയം തീരെയില്ലായിരുന്നു. പ്രത്യേകിച്ച് തീരുമാനമെടുപ്പൊന്നുംകൂടാതെത്തന്നെ ഞങ്ങൾ കഫെയുടെ മുന്നിലെ കസേരകളിൽ ഭാണ്ഡവും ഊന്നുവടികളും ചാരിയശേഷം നേരെ അകത്തുകയറി.

സാധാരണ ഉൾനാടൻ കഫെകളിൽ കാണപ്പെടുന്ന എല്ലാ ഘടകങ്ങളും അടങ്ങിയ ഒന്നായിരുന്നു ആ കഫെയും. പുർത്തുഗീഷ് ഭാഷയിൽ കാപ്പിയും അതുവിൽക്കപ്പെടുന്ന കുഞ്ഞു കടകളും “കഫെ” എന്നുതന്നെയാണ് അറിയപ്പെടുന്നത്. അകത്തുകയറിയ ഉടനെ കത്തറീനയും ജോർജും കൗണ്ടറിൽ കണ്ട സ്ത്രീയോട് കഴിക്കാൻ എന്തുണ്ടെന്ന് ചോദിച്ചറിയുന്ന തക്കത്തിൽ ഞാൻ നേരെ ശുചിമുറിയിലേക്ക് നടന്നു. കഴിഞ്ഞദിവസ്സം രാത്രിയിൽ കുളിക്കാൻകഴിയാത്തതിനാൽ ആ ശുചിമുറിയെ ഞാൻ പരമാവധി ഉപയോഗപ്പെടുത്തി. കയ്യിലുള്ള തോർത്ത് നനച്ചെടുത്ത് ദേഹമാസകലം തുടച്ചു. ഒപ്പം പ്രഭാതകൃത്യങ്ങൾ എല്ലാം നടത്തി വൃത്തിയായി. തിരികെ എത്തിയപ്പോഴേക്കും ജോർജും കത്തറീനയും കൗണ്ടറിലെ സ്ത്രീയുമായി കുശലം പറയുന്നതിനോടൊപ്പം എന്തൊക്കെയോ ആഹാരം കഴിക്കുന്നുമുണ്ട്.

ഞാൻ മെല്ലെ അവരുടെ അടുത്തേക്ക് ചെന്നു. എന്നെ കണ്ടപാടെ കത്തറീന അവരുടെ മേശപ്പുറത്തിരുന്നിരുന്ന ഒരു പാത്രം എനിക്കുനേരെ നീട്ടി ഉറക്കെ വിളിച്ചുപറഞ്ഞു.

“കം ആദാർഷ്, ലെറ്റ്സ് ഹാവ് ഇറ്റ്, ഉം.. യമ്മീ.”

പാത്രത്തിൽ നെടുകെ പൊളിച്ച കൃത്യമല്ലാത്ത വൃത്താകൃതിയിലുള്ള ഒരു ബ്രെഡിൻനടുവിൽ ഇറച്ചി ഷീറ്റുകൾ അടുക്കിവച്ചിരിക്കുന്നതും പിന്നെ ഒരു എസ്സ്പ്രേസ്സോയും. ഉണക്കിയെടുത്ത പോർക്ക് ഇറച്ചി നേർത്ത പാളികളാക്കി മുറിച്ചെടുത്തതോ, പച്ചയിറച്ചി പേസ്റ്റ് പരിവത്തിലാക്കി പാതിവേവിച്ച് അത് കട്ടകളാക്കി ഉറപ്പിച്ച്, ആ കട്ടകൾ നേർത്ത പാളികളാക്കി മുറിച്ചെടുത്തതോ ആണ് ബ്രെഡിൻനടുവിലെ ഇറച്ചി ഷീറ്റുകൾ. പുർത്തുഗീഷ് ഭാഷയിൽ “പാവ് കോം പ്രെസുണ്ടോ ഡെ പോർക്കോ, ഫറ്റിയഷ് ഡെ കാർണേ ” എന്നെല്ലാം വിളിക്കപ്പെടുന്ന വിഭവമാണ് കത്തറീന എനിക്ക് വച്ചുനീട്ടിയത്. ഒപ്പം വറുത്തെടുത്ത കാപ്പിക്കുരു കണ്മുൻപിൽ പൊടിച്ച് അൽപ്പം അധികം പൊടിയിലൂടെ തിളച്ചവെള്ളം സാവധാനം കടത്തിവിട്ട് ഊറുന്ന കാപ്പിയെ കുഞ്ഞു കപ്പിൽ ശേഖരിച്ച് ചൂടോടെ തരുന്ന പടിഞ്ഞാറൻ കാപ്പിയെ എസ്സ്പ്രേസ്സോയെന്നും വിളിക്കുന്നു.

ഞാൻ വരുന്നതിനും മുൻപേ എനിക്കായുള്ള ആഹാരം ഓർഡർ ചെയ്ത് കാത്തിരിക്കുകയായിരുന്നു കത്തറീനയും ജോർജും. പക്ഷെ പൂർണ സസ്സ്യഭുക്കായ ഞാൻ ഈ മാംസവും അതിനിടയിൽ വെണ്ണ പുരട്ടിയ ബ്രെഡ്ഡും എങ്ങനെ കഴിക്കാൻ?. മാത്രമല്ല ചായയും കാപ്പിയും മധുരവും മദ്യവും എല്ലാം വര്‍ജിതം ആണല്ലോ.

അവരോട് എൻ്റെ ആഹാരരീതിയെപ്പറ്റി വിവരിച്ചു. പൊതുവെ വികസിതനാടുകളിൽ ജീവിക്കുന്നവർ മറ്റൊരു വ്യക്തിയുടെ താല്പര്യങ്ങളെയും ജീവിതമൂല്യങ്ങളെയും ബഹുമാനിക്കുന്നവരാണ്. ആ നിമിഷത്തിൽ എനിക്കു മുന്നിലുണ്ടായിരുന്നവർ എല്ലാംതന്നെ എൻ്റെ ജീവിതരീതിയെ അംഗീകരിച്ച്‌, എനിക്ക് വേണ്ടാത്ത ആ ആഹാരം കഴിക്കാൻ എന്നെ നിർബന്ധിച്ചില്ല. കഫെ നടത്തിപ്പുകാരി ഞാൻ ഒരു വീഗൻ ആണെന്ന് കേട്ടയുടൻ എനിക്കായി എടുത്തുവച്ചിരുന്ന ആഹാരം എടുത്തുമാറ്റി. ഇപ്പോൾ ഇവിടെ താങ്കൾക്ക് കഴിക്കാൻ വെറും ബ്രെഡ്ഡും പഴച്ചാറുകളും മാത്രമാണുള്ളത് എന്ന് എന്നെ അറിയിച്ചു, ബ്രെഡിൽ മുട്ട ചേർക്കാറില്ലെന്നും അവർ കൂട്ടിച്ചേർത്തു. വേഗനിസം എന്ന ആശയം ഇവിടെ ഉൾനാടൻ ഗ്രാമങ്ങളിൽപോലും വ്യാപിച്ചിരിക്കുന്നു.

അവിടെവച്ച് ഞാൻ ആത്മപരിശോധനക്ക് വിധേയനായി. വ്യക്തിഗത തിരഞ്ഞെടുപ്പിന് ഇന്ത്യൻ സമൂഹം എന്തുവിലയാണ് കൽപ്പിക്കുന്നത്?.
ഒരാൾ ഒന്ന് കഴിക്കുന്നില്ല എന്ന് തീരുമാനിച്ചാൽ സംഘം ചേർന്നോ അല്ലാതെയോ അയാളെ പരിഹസിക്കുകയോ പിൻതിരിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്യും. മറ്റൊരാൾ മറ്റൊന്ന് കഴിക്കാൻ തീരുമാനിച്ചാൽ അയാളെ വിശ്വാസം എന്ന ആയുധത്താൽ വെട്ടിയോ വെടിവെച്ചോ കൊല്ലും. വികാസം എന്നത് അമേരിക്കൻ പ്രെസിഡൻറ് രാജ്യം സന്ദർശിക്കാൻ വരുമ്പോൾ ദരിദ്രരെ മതിൽ കെട്ടിയും തുണിയിട്ടും മൂടിവെക്കുന്നതോ, എവിടെയൊക്കെയോ എന്തൊക്കെയോ പണിതുയർത്തി അതിന്മേലെല്ലാം നേതാവിൻ്റെ പടം പതിപ്പിക്കുന്നതോ അല്ല. മറിച്ച് പരസ്പരം സ്നേഹവും ബഹുമാനവും അംഗീകരണമനോഭാവവും ഉള്ള ഒരു ജനതയെ വാർത്തെടുക്കലാണ്. ശുചിത്വവും സുരക്ഷിതത്വവുമുള്ള സമത്വപൂർണമായ ചുറ്റുപാടിൽ, സ്വതന്ത്രരും സന്തുഷ്ടരുമായ മനുഷ്യർ ജീവിക്കുന്ന ഇടമായി മാറലാണ് വികസനം. അതിനായി വേഗനിസം പോലെ മനുഷ്യനെ കൂടുതൽ കരുണാലു ആക്കുന്ന ധാരാളം ആശയങ്ങൾ സമൂഹത്തിനാവശ്യമാണ്.

കഫേയിലെ സ്ത്രീയുടെ നിർദേശപ്രകാരം ഞാൻ രണ്ടു ബ്രെഡ്ഡും ഒരുകുപ്പി പഴച്ചാറും വാങ്ങി ഭാണ്ഡത്തിൻറെ വശത്തെ കള്ളിയിൽ വച്ചു. അപ്പോഴേക്കും കത്തറീനയും ജോർജും ആഹാരം കഴിച്ച് വീണ്ടും കൗണ്ടറിലെ സ്ത്രീയുടെ അടുത്തെത്തി. അവർ കമീനോ പാസ്പോർട്ട് കാണിച്ച് സ്ത്രീയിൽനിന്നും അതിൽ സീൽ വാങ്ങി. അതുകണ്ടപ്പോൾ അവരോടൊപ്പം ഞാനും സ്ത്രീയിൽനിന്നും പാസ്സ്പോർട്ടിൽ സീൽ വാങ്ങി.

ഞങ്ങൾ സന്തോഷത്തോടെ ആ സ്ത്രീയോട് വിടപറഞ്ഞു പുറത്തേക്കിറങ്ങി. ഭാണ്ഡവും ഊന്നുവടിയും കയ്യിലെടുത്ത് ഞാൻ കത്തറീനയോടും ജോർജിനോടുമൊപ്പം നടത്തം തുടരാൻ ആരംഭിച്ചപ്പോഴാണ് ഒരുകാര്യം ഓർമ്മവന്നത്. കുപ്പികളിൽ വെള്ളം നിറക്കാൻ മറന്നിരിക്കുന്നു. ഉടനെ ഇരുവരോടും “നടത്തം തുടർന്നുകൊള്ളൂ ഞാൻ വെള്ളം നിറച്ചിട്ട് വരാം” എന്ന് പറഞ്ഞു തിരികെ കഫേയിലേക്ക് കയറി. ഒരിക്കൽ കൂടി കഫേയിലെ സ്ത്രീയോട് നമസ്കാരം പറഞ്ഞശേഷം കുപ്പികളിൽ ശുദ്ധജലം നിറച്ചുതരാൻ അഭ്യർത്ഥിച്ചു. അവർ പുഞ്ചിരിയോടെ എനിക്ക് കുപ്പികളിൽ വെള്ളം നിറച്ചുതന്നു.

ഒരിക്കൽ കൂടി ആ സ്ത്രീയോട് നന്ദിപറഞ്ഞശേഷം ഞാൻ പുറത്തിറങ്ങി. അപ്പോൾ അതാ പാട്രിക്. എന്നെ കണ്ടയുടൻ തൻ്റെ ഊന്നുവടിയിലെ ഞെക്കിയാൽ ഒച്ചയെടുക്കുന്ന ഹോൺ അടിച്ച് ബോം ദിയ ആശംസിച്ചു. ഞാൻ അത് അദ്ദേഹത്തിൻ്റെ ജർമൻ ഭാഷയിൽ “ഗുട്ടൻ മോർഗൻ” ആക്കി മടക്കി. ഞങ്ങൾ കുശലം പറയുന്നതിൻറെ ഇടയിൽ പാട്രിക് പുറത്തുനിന്നുകൊണ്ട്തന്നെ കഫെയുടെ അകത്തെ സ്ത്രീയോട് അദ്ദേഹത്തിന് ഒരു കാപ്പി വേണമെന്ന് ആശയവിനിമയം ചെയ്തിരുന്നു. നിമിഷങ്ങൾക്കുള്ളിൽ അദ്ദേഹത്തിൻ്റെ കാപ്പി പുറത്തുള്ള മേശയിന്മേൽ എത്തുകയും ചെയ്തു. പാട്രിക് വളരെ വേഗത്തിൽ കാപ്പി അകത്താക്കി ഞങ്ങൾ ഒരുമിച്ച് നടത്തം ആരംഭിച്ചു.

ചുറ്റും കൃഷിഭൂമികൾ നിറഞ്ഞ, കാഴ്ചയിൽ ഏറെ മനോഹരമായ ഭൂപ്രദേശത്തുകൂടിയാണ് ഞങ്ങൾ ഇപ്പോൾ നടക്കുന്നത്. വലിയൊരു ജലസംഭരണിയിലേക്ക് നീളുന്ന സാമാന്യം വലിപ്പമുള്ള, നീണ്ടുപരന്ന കൃഷിഭൂമിയുടെ നടുക്കായി ഭൂനിരപ്പിൽനിന്നും മണ്ണിട്ട് ഉയർത്തിയുണ്ടാക്കിയ ഒരു തോടിന് വശങ്ങളിലായി വീടുകൾ കാണാം. നമ്മുടെ നാട്ടിലെ ഗ്രാമപ്രദേശങ്ങളിലേതുപോലെ കുഞ്ഞു വീടുകൾ. പക്ഷെ അവിടെ താമസിക്കുന്നവരുടെ ജീവിതനിലവാരം നമ്മുടെനാട്ടിലേതിനേക്കാൾ ഏറെ ഉയർന്നതാണ്.

സമയം എട്ടുമണിയോട് അടുക്കുന്നു. ഞങ്ങൾ രണ്ടുപേരും ചേർന്ന് രസകരമായ സംഭാഷണത്തിൽ ഏർപ്പെട്ട് പതിയെ നടക്കുകയാണ്. അപ്പോഴേക്കും സൂര്യൻ അന്തരീക്ഷം ചുവപ്പിച്ചുകൊണ്ട് കൃഷിഭൂമികൾക്ക് മറുകരയിൽനിന്നും ഉദിച്ചുയർന്നു. കുറച്ചു നിമിഷങ്ങൾ നടത്തം താൽക്കാലികമായി നിർത്തിയശേഷം ഞങ്ങൾ ഭൂമിയിലേക്കരിച്ചിറങ്ങുന്ന ആദ്യകിരണങ്ങൾ ഏറ്റുവാങ്ങി.

പുതിയൊരു പുലരി പിറക്കുന്ന കാഴ്ച മതിവരുവോളം ആസ്വദിച്ചശേഷം വീണ്ടും മെല്ലെ നടത്തമാരംഭിച്ചു. ഞാനും പാട്രിക്കും ഒരുമിച്ചാണ് നടക്കുന്നത് എങ്കിലും ഞങ്ങളെ ആകർഷിക്കുന്ന കാഴ്ചകളും അനുഭവങ്ങളും തികച്ചും വ്യത്യസ്തമാണ്. അതിനാൽ പലപ്പോഴും ഒരാൾ ഒന്നിൽ ആകൃഷ്ടനായി നിൽക്കുമ്പോൾ മറ്റയാൾ അയാളെ മറികടക്കുകയും. മറ്റയാൾ നിൽക്കുമ്പോൾ ഇയ്യാൾ അയാളെ കടന്നുപോവുകയും ചെയ്യുന്നു. മാത്രമല്ല പാട്രിക്കിന് ഇടക്കൊന്നു പുകക്കുന്നശീലവും ഉണ്ട്. അങ്ങനെ സാവധാനം ഇരുവരും തമ്മിലുള്ള അന്തരം ഏറിവന്നു.

പോർത്തുഗലിലെ ശുദ്ധജല വിതരണത്തിനായി സർക്കാർ രൂപീകരിച്ചിട്ടുള്ള കമ്പനി ആണ് “എപാൽ”. കമ്പനി താഗാസ് നദിയിൽനിന്നും ശുദ്ധജലം ഒരുവലിയ റിസെർവോയറിൽ ശേഖരിച്ച്. അവിടെനിന്നും ആവശ്യമായ മറ്റിടങ്ങളിലേക്ക് കൊണ്ടുപോകുന്ന നീണ്ട കനാൽക്കരയിലൂടെ നടക്കവെ ഞാൻ തിരിഞ്ഞുനോക്കി. പാട്രിക് അങ്ങ് ദൂരെയാണ്. ഞാൻ നടത്തം തുടർന്നു.

മുന്നോട്ട് പോകുംതോറും നടപ്പാതയും ചുറ്റുപാടും മാറിവന്നു. പൊടിപറക്കുന്ന മൺവഴികൾ ഇടക്കിടെ പിന്നിട്ടു. മണ്ണൊരുക്കം കഴിഞ്ഞു കിടക്കുന്ന കൃഷിഭൂമികൾ മാറി മുന്തിരി പാടങ്ങളും അവയുടെ അരികിലായി വീഞ്ഞുത്പാദനകേന്ദ്രങ്ങളും കണ്ടുതുടങ്ങി. പോർത്തുഗൽ പൊതുവെ വൈൻ ഉത്പാദനത്തിന് പേരുകേട്ട ഇടമാണ്. വള്ളിപ്പടർപ്പായി പടർന്ന് തലക്കുമുകളിൽ ഉണ്ടാകുന്ന മുന്തിരികളേക്കാൾ ഇവിടെ കൃഷിചെയ്യപ്പെടുന്നത് കുറ്റിച്ചെടികളായി പരമാവധി ഒരാൾ പൊക്കത്തിൽ വളരുന്ന മുന്തിരി ചെടികളാണ്.

ആഗസ്ത് മുതൽ ഒക്ടോബർ തുടക്കം വരെ പോർത്തുഗലിൽ “വിൻദീമകൾ” നടക്കുന്ന സമയമാണ്. പുറത്തുഗേഷ് ഭാഷയിൽ വിൻദീമ എന്നാൽ മുന്തിരി വിളവെടുപ്പ് എന്നർത്ഥം. ചിലയിടങ്ങളിലെല്ലാം അത് ഒരു ഉത്സവം പോലെ കൊണ്ടാടുന്ന ആഘോഷമാണ്. ദൂരെ ദേശങ്ങളിലോ, മറ്റുരാജ്യങ്ങളിലോ സ്ഥിരതാമസമാക്കിയവർ വിൻദീമക്കായി സ്വന്തം നാട്ടിലേക്ക് തിരികെയെത്താറുണ്ട്. പ്രത്യേകിച്ച് വിദ്യാർത്ഥികൾ. കുടുംബത്തിലെ ആരെങ്കിലും മുന്തിരിക്കൃഷി ചെയ്യുന്നവർ ഉണ്ടെങ്കിൽ സാധാരണയായി പുറത്തുനിന്നും ആളുകളെ വിളിക്കുന്നതിന്‌ പകരമായി കുടുബത്തിലെ ബന്ധുക്കളെ വിൻദീമക്കായി ക്ഷണിക്കുന്നു. അവർ കൃഷിഭൂമിയുടെ വലിപ്പമനുസരിച്ച് പഠിക്കുന്നവരോ ജോലിചെയ്യുന്നവരോ, തങ്ങളുടെ ലീവ് ദിവസ്സങ്ങൾ ക്രമീകരിച്ച് വിൻദീമക്കായി നാട്ടിൽ എത്തും. ഒരുദിവസം മുതൽ പത്തോ അതിലധികമോ ദിവസ്സങ്ങൾ നീളുന്ന വിൻദീമകൾ നടക്കാക്കാറുണ്ട്. കൂട്ടമായി കളിച്ചും ചിരിച്ചതും പരസ്പരം കളിയാക്കിയും കുശലം പറഞ്ഞും മുന്തിരി പറിക്കുന്നതിന് വൈകീട്ട് ജോലികഴിയുമ്പോൾ നല്ലൊരുതുക കൂലിയായി കിട്ടും. കൂടാതെ ജോലിക്കിടയിൽ കുടിക്കാൻ വൈനും, കഴിക്കാൻ എന്തെങ്കിലുമൊക്കെയും പതിവാണ്.

ചില കുടുംബ വീടുകളിലും, റിസോർട്ടുകളിലും മറ്റും ഇപ്പോഴും പറിച്ചെടുക്കുന്ന മുന്തിരി ഒരുവലിയ ടാങ്കിൽ നിക്ഷേപിച്ചശേഷം അത് പറിക്കാൻ കൂടിയവർതന്നെ വലിയ ഗംബൂട്ടുകൾ ഇട്ട് മുന്തിരിക്കു മുകളിൽ നൃത്തം ചെയ്യുംപോലെ ചവിട്ടി മുന്തിരിച്ചാർ ഉണ്ടാക്കി ആ ചാർ നേരിട്ട് വൈൻ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. വലിയ തോതിൽ മുന്തിരി ഉത്പാദിപ്പിക്കുന്ന കർഷകർ മുന്തിരി നേരെ അതാത് പഞ്ചായത്തുകൾ പോലുള്ള ലോക്കൽ ബോഡിക്കുകീഴെ രൂപീകൃതമായിട്ടുള്ള കോർപറേറ്റീവ് സൊസൈറ്റികളിൽ നിക്ഷേപിക്കുന്നു. അത്തരം സൊസൈറ്റികൾ വൻകിട വൈൻ കമ്പനികളുമായി കച്ചവടം ചെയ്യുന്നു.

വിൻദീമയെയും ആപ്പിൾ കമ്പനിയെയും ചേർത്ത് പോർത്തുഗലിൽ ഒരു ആധുനിക പഴംചൊല്ലുപോലും ഉടലെടുത്തിട്ടുണ്ട്. അതായത് ആപ്പിൾ അവരുടെ പുതിയ ഐ ഫോണുകൾ വിപണിയിൽ ഇറക്കുന്നത് സെപ്റ്റംബർ മാസത്തിൽ ആണല്ലോ. അത് പോർത്തുഗലിലെ വിൻദീമയെ കണക്കിലെടുത്താണത്രെ. കാരണം ജോലിയുള്ളവർക്ക് തങ്ങളുടെ ആനുവൽ ലീവ് വിൻദീമക്കായി എടുത്താൽ ശമ്പളത്തിനു പുറമെ കുറച്ചു ദിവസം കൊണ്ട് നല്ലൊരുതുക സമ്പാദിച്ച് ആ പണം ഉപയോഗിച്ച് പുതിയ ഐ ഫോൺ വാങ്ങാം. വിദ്യാർത്ഥികൾക്കും ഇപ്രകാരം അവരുടെ സെപ്റ്റംബർ മാസം അവസാനം വരെ നീളുന്ന ആനുവൽ വെക്കേഷനിൽ പണം സമ്പാദിച്ച് ഐ ഫോൺ വാങ്ങാം. ഒരു പക്ഷെ എല്ലാം കൂട്ടിവായിച്ചാൽ ഇത് ഒരു ശരിയാണെന്ന് തോന്നും. കാരണം മിക്കവാറും എലാവരുടെ കയ്യിലും പുതുപുത്തൻ ഐ ഫോണുകൾ കാണാം. പ്രത്യേകിച്ഛ് കുട്ടികളുടെ കയ്യിൽ. പക്ഷെ ആപ്പിൾ കമ്പനിക്ക് വിൻദീമയുമായി യാതൊരു ബന്ധവുമില്ല എന്നതായിരിക്കും വാസ്തവം.

നടത്തം മുന്നേറിക്കൊണ്ടിരിക്കവെ കാമീനോയുടെ സഭാവത്തിൽ സാരമായ മാറ്റം പ്രകടമായിത്തുടങ്ങി. വരണ്ട പൊടിപാറും നടവഴികൾ സ്ഥിരമാകുന്നു. അടുത്തടുത്തുള്ള കുഞ്ഞു വീടുകൾ അപ്രത്യക്ഷമായി. വിൻദീമ കഴിഞ്ഞു കാലിയായികിടക്കുന്ന മുന്തിരിത്തോട്ടങ്ങൾക്ക് നടുവിൽ ഒറ്റപ്പെട്ട ഫാം ഹൗസുകൾ കാണപെട്ടുതുടങ്ങി. ഒപ്പം തണൽ അപ്രത്യക്ഷമായികൊണ്ടിരിക്കുന്നു. കുറേ ദൂരം ഒരേ കുതിപ്പിൽ പിന്നിട്ട് ചെറിയൊരു തണൽ ലഭിച്ചപ്പോൾ ഞാൻ അൽപ്പനേരം വിശ്രമിക്കാൻ തീരുമാനിച്ചു. അപ്പോഴേക്കും സൂര്യൻ അതിൻ്റെ പൂർണസ്വരൂപം കാട്ടാൻ തുടങ്ങിയിരുന്നു. ഭാണ്ഡം ഇറക്കിവെച്ച് തോർത്തുകൊണ്ട് വിയർപ്പ് ഒപ്പി വെള്ളം കുടിച്ച് ഒരുമരത്തണലിൽ അൽപ്പനേരം ഇരിക്കവെ ഞാൻ അൽപ്പം മധുരമുള്ള ഒരു കാഴ്ച കണ്ടു. ഒരു കള്ളിമുൾച്ചെടി നിറയെ പഴുത്ത കള്ളിമുൾ പഴങ്ങൾ ഉണ്ടായിനിൽകുന്നു. പോർത്തുഗീസ് ഭാഷയിൽ “ഫിഗോ ഡെ ഇന്ത്യ” (ഇന്ത്യൻ അത്തിപ്പഴം) എന്നറിയപ്പെടുന്നു ഈ പഴം. ഇവിടെ ഇന്ത്യ എന്ന് ഉദ്ദേശിച്ചിരിക്കുന്നത് “ഇൻഡിജിന്സ്” എന്ന പദത്തിൻറെ ചുരുക്കമായാണ് എന്ന് ഞാൻ കരുതുന്നു. ഒരുപക്ഷെ മേക്ക്സിക്കൻ ഭാഗങ്ങളിൽ പണ്ട് കൊളോണിയൽ കാലത്ത് ഈ പഴം ധാരാളമായി കണ്ടിരുന്നിരിക്കാം. അങ്ങനെയായിരിക്കാം ഇതിന് ഈ പേര് വന്നത്.

പഴുത്ത പഴങ്ങൾ കണ്ടതോടെ മടക്കുകത്തിയും ലൈറ്ററുമായി ഞാൻ നേരെ കള്ളിമുൾച്ചെടിക്കരികിലെത്തി. വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടുന്ന ഒരു പഴമാണിത്. കാരണം കൂർത്ത ഇടത്തരം മുള്ളുകൾക്കുപുറമെ നേർത്ത ആയിരക്കണക്കിന് മുള്ളുകളാൽ കവചം തീർത്ത രീതിയിലാണ് ഈ പഴം ചെടിയിൽ നിൽക്കുക. നേരിട്ട് പഴത്തിൽ കയറിപിടിചാൽ ഈ കുഞ്ഞുമുള്ളുകൾ പിടിക്കുന്നയാളുടെ കയ്യിൽ തറക്കും. പിന്നീട് അയാൾ തൊടുന്ന എല്ലായിടത്തും ഈ മുള്ളുകൾ തറയ്ക്കാൻ തുടങ്ങും. അതിനാൽ ആദ്യം പഴത്തിനുചുറ്റും ലൈറ്റർ ഉപയോഗിച്ച് തീനാളം ഒന്ന് ഓടിച്ചശേഷം മടക്കുകത്തികൊണ്ട് നാലുപാടും ഒന്ന് വാദിച്ചശേഷം വേണം കൈകൊണ്ട് നേരിട്ട് തൊടാൻ.

ഞാൻ സാവധാനം ഓരോന്നോരോന്നായി കുറച്ചു പഴങ്ങൾ ക്ഷമയോടെ പറിച്ചെടുത്ത് തൊലി ചെത്തി ആ തണലിൽ ഇരുന്ന് അകത്താക്കി. പരമാവധി ജലലഭ്യത കുറഞ്ഞ ഇടത്തിൽ വളരുന്ന പഴങ്ങൾക്ക് മധുരം കൂടുതലായിരിക്കും. ഈ ചെടി അത്തരത്തിലുള്ളതായിരുന്നു. പഴത്തിൻറെ ഉള്ളിൽ ധാരാളം വിത്തുകൾ ഉണ്ട്. അവ വളരെ കാഠിന്യം കൂടിയതാണ്. മരുഭൂമിയിൽ ഈ പഴം പൂർണ വളർച്ചയെത്തി ചെടിയിൽനിന്നും പൊഴിഞ്ഞുവീഴുമ്പോൾ അതിലെ മുള്ളുകൾ സ്വയം ഇല്ലാതാകും. ശേഷം ചില പക്ഷികൾ ഈ പഴം കഴിച്ചാലും വിത്ത് അവക്ക് ദഹിപ്പിക്കാനാകാതെ വിസർജ്യത്തിലൂടെ മറ്റിടങ്ങളിൽ വീണ് പുതിയ ചെടി മുളക്കാൻ ഇടയാകുന്നു.

സ്പെയിനിലും പോർത്തുഗലിലും മരുപ്പച്ച എന്നറിയപ്പെടുന്ന ഈ കള്ളിമുൾച്ചെടി ഇന്ന് ധാരാളമായി കാണാം. വേഗത്തിൽ ഡെസെർറ്റിഫിക്കേഷൻ നടന്നുകൊണ്ടിരിക്കുന്ന ഒരു ഇടമാണ് ഐബീരിയൻ പെനിൻസുല. ധാരാളം പഠനങ്ങൾ ഈ വസ്തുത ചൂണ്ടിക്കാട്ടുന്നു. അതിനാൽ യൂ. എൻ ഉൾപ്പെടുന്ന കാലാവസ്ഥാ സംഘടനകൾ ഈ മേഖലയിലെ ജൈവ വൈവിധ്യം നിലനിർത്തേണ്ടുന്നതിനെപ്പറ്റിയും. യൂക്കാലിപ്റ്റസ് പോലെയുള്ള മരുഭൂവൽക്കരണം വേഗത്തിലാക്കുന്ന വൃക്ഷങ്ങൾ ഒഴിവാക്കേണ്ടുന്നതിനെപ്പറ്റിയും മാർഗനിർദ്ദേശങ്ങൾ അതാത് സർക്കാരുകൾക്ക് മാർഗ്ഗനിർദ്ദേശം നൽകിവരുന്നു. മരുപ്പച്ചയുടെ പഴം ആസ്വദിച്ച് കഴിക്കുമ്പോഴും മരുഭൂവൽക്കരണത്തെപ്പറ്റിയുള്ള ആശങ്ക എൻ്റെ മനസ്സിലൂടെ ഓടുന്നുണ്ടായിരുന്നു.
വിശ്രമം കഴിഞ്ഞു ഞാൻ നടത്തം പുനരാരംഭിച്ചു ആരംഭിച്ചു. ഇന്ന് ചൂട് ഏറെ കൂടുതലാണ്. മാത്രമല്ല ഈ തണൽ കുറഞ്ഞ മൺവഴിയിലൂടെയുള്ള നടത്തം ചൂടിനെ ഇരട്ടിയാക്കുന്നു. കമീനോ മാപ്പിൽ നോക്കിയപ്പോൾ ഇനി 14 കിലോമീറ്റർ ഉണ്ട് “സാന്തരേം” പട്ടണത്തിലേക്ക്. ദൂരത്തിനുപുറമെ ഭൂമിശാസ്ത്രപ്രകാരം ഒരു കുന്നിൻമുകളിൽ സ്ഥിതിചെയ്യുന്ന പട്ടണമാണ് സാന്തരേം. അതായത് മുന്നിൽ വലിയ കയറ്റങ്ങൾ പ്രതീക്ഷിക്കാം.

സാമാന്ന്യം നന്നായി വിയർക്കുന്നുണ്ട്. ചൂടിനേയും പൊടിയെയും ചെറുക്കാൻ തോർത്ത് പുതച്ചുകൊണ്ട് ഞാൻ നടന്നുകൊണ്ടിരുന്നു. അൽപ്പം മുന്നോട്ട് പോയതോടെ വഴിയരികിൽ വീണ്ടും ഒരു കുഞ്ഞു കഫെ കണ്ടു. അപ്പോഴേക്കും കയ്യിലെ ഒരുകുപ്പി വെള്ളം തീർന്നിരുന്നു. ആ കഫെയിൽ കയറി ഒരുകുപ്പി വെള്ളം കൂടെ ഞാൻ വാങ്ങി. കഫെയിൽനിന്നും പുറത്തിറങ്ങിയപ്പോൾ അവിടെ തണൽപ്പറ്റി പോർത്തുഗീസ് വിഭവമായ “പാസ്റ്റർ ഡെ നാറ്റയും” കാപ്പിയും കുടിക്കുന്ന രണ്ടു പിൽഗ്രിമുകളെ കണ്ടു. ടോം, ലിൻഡ എന്നാണ് അവരുടെ പേരുകൾ. ബ്രിട്ടീഷുകാരായ പങ്കാളികളാണ് രണ്ടാളും. അവരുടെ ജീവിത സായാഹ്നം സാഹസീകതയിലൂടെ സന്തോഷഭരിതമാക്കുകയാണ് അവർ. കഫെയിൽ നിന്നും ഇറങ്ങവെ രണ്ടാളും ചേർന്ന് എന്നെ അൽപ്പസമയം പിടിച്ചുനിർത്തി സംസാരിച്ചു. എൻ്റെ യാത്രാ രീതികൾ അവർക്ക് വളരെ ഇഷ്ടമായി. അൽപ്പം ഫലിതപ്രിയനായ ടോം എന്നോട് അദ്ദേഹത്തിൻ്റെ ഒഴുക്കൻ അറ്റംബ്രഹ് ഇംഗ്ലീഷ് ശൈലിയിൽ പറഞ്ഞു,

“വീ വിൽ ക്യാമ്പ് ലൈക് യു ഇൻ ഔർ നെക്സ്റ്റ് കാമീനോ”.

ഞാൻ അതിന് മരുവുപടിയായി ഒരു “ആമീൻ” മൂളി, ഇരുവരോടും യാത്രപറഞ്ഞു നടത്തം തുടർന്നു.

കഫെയിൽനിന്നും തണുത്ത വെള്ളം ഉപയോഗിച്ചു മുഖം കഴുകിയിരുന്നു. അപ്പോൾ കിട്ടിയ ഉന്മേഷത്തിൽ ഞാൻ അൽപ്പം വേഗത്തിൽത്തന്നെ നടന്നു. എനിക്ക് മുന്നിലോ പിന്നിലോ ആയി മറ്റുപിൽഗ്രിമുകൾ ആരുംതന്നെയില്ല. പാതയോരത്ത് ഇരുവശത്തും അതിരില്ലാതെ പരന്ന ഫാമുകൾ. മുന്നോട്ട് പോകുംതോറും പാതയിൽ അര ഇഞ്ചോളം കട്ടിയിൽ പൊടി. ഇനി മുന്നോട്ട് പതിമൂന്നിലേറെ കിലോമീറ്ററുകൾ ഏകദെശം ഇത്തരത്തിൽ തന്നെയായിരിക്കും എന്ന ചിന്ത എൻ്റെ ആവേശത്തെ കുറയ്ക്കുന്നതായി അനുഭവപ്പെട്ടുതുടങ്ങി. എങ്കിലും തളരാതെ ഞാൻ നടന്നുകൊണ്ടേയിരുന്നു. ചിന്തകളിൽനിന്നും ചിന്തയെ പുതിയ കാഴ്ചകളിലെ കൗതുകത്തിലേക്ക് വഴിതിരിച്ചുവിട്ടും പിന്നിടുന്ന കൃഷിഭൂമികളിലെ വിളകളെ അവ കൃഷിചെയ്യുന്ന രീതികളെപ്പറ്റിയുമെല്ലാം മനസ്സിലാക്കിയും ഞാൻ ദൂരം പിന്നിട്ടു .

വെളുത്ത പൊടിമണ്ണിൽ തട്ടി തിളങ്ങുന്ന സൂര്യൻറെ പ്രകാശം മുഖത്തേക്ക് പ്രതിഫലിക്കപെട്ടു ചൂടിൽ ഉരുകി നടന്നു നീങ്ങിക്കൊണ്ടിരുന്ന എനിക്ക് ദിശ, സ്ഥലം, സമയം എന്നിങ്ങനെയുള്ള അടിസ്ഥാന ബോധം നഷ്ടപ്പെട്ടിരുന്നു. ആ ഒരു അവസ്ഥയിൽ മെല്ലെ മുന്നോട്ട് നീങ്ങികൊണ്ടിരിക്കവെ. ഒരു ഒഴിഞ്ഞ ഇടത്ത് “ഔട്ട് ഓഫ് നോ വെർ” എന്ന് പറയുംപോലെ ഒരു ഊഞ്ഞാൽ. അതിന് മുകളിലായി പിൽഗ്രിമുകൾക്കായുള്ള ഊഞ്ഞാൽ എന്ന് എഴുതിവച്ചിരിക്കുന്നു. ഞാൻ തളർന്നോടിഞ്ഞു ഒരുവിധം ഊഞ്ഞാലിനടുത്ത് എത്തി. ആദ്യം ഊഞ്ഞാലിൻ്റെ ഇരിപ്പിടത്തിൽ ഭാണ്ഡം ഇറക്കിവെച്ച് അൽപ്പം വെള്ളം കുടിച്ച് ഒന്ന് ശാന്തമായി. അതിനുശേഷം ഊഞ്ഞാലിൽ പതിയെ ഞാൻ ഒന്ന് ഇരുന്നു.

കണ്ണിൽ ഇരുട്ട് കയറുന്നപോലെ, കാലുകൾ നിലത്ത് കുത്തണമെന്നുണ്ട് പക്ഷെ സാധിക്കുന്നില്ല, ഞാൻ ഊഞ്ഞാലിൻ്റെ കയറിൽ മുറുക്കി പിടിച്ചിട്ടുണ്ട് പക്ഷെ വീഴുമോ എന്ന ഭയം, തൊണ്ട വരളുന്നു, വിയർപ്പ് തുള്ളികൾ സാധാരണയിലും വലിപ്പമുള്ളവ, കാതിൽ ചീവീട് കരയുന്ന പോലെ തോന്നുന്നു, ഹൃദയം ദ്രുതതാളം കൊട്ടുന്നു, എനിക്ക് കിടക്കാൻ തോന്നുന്നു, ഞാൻ കണ്ണുകൾ അടച്ചു, ഭൂഗോളം ഇരുട്ടിലാഴ്ന്നു ചുറ്റാൻ തുടങ്ങി, പതിയെ തല ഊഞ്ഞാൽ കയറിൽ ചാരി.

ചാലക്കുടിക്കടുത്ത് മുരിങ്ങൂർ സ്വദേശി. പോർത്തുഗൽ തലസ്ഥാനമായ ലിസ്ബണിൽ ജീവിക്കുന്നു. സമൂഹമാധ്യമങ്ങളിൽ ചെറുകഥകൾ എഴുതാറുണ്ട്.