കമീനോ സാൻറ്റിയാഗോ – 7

കൂടൊരുക്കം

സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങി നടത്തമാരംഭിച്ചു. സ്റ്റേഷൻ പരിസരം കഴിഞ്ഞതോടെ വീണ്ടും പൊടിപറക്കുന്ന മൺപാതയിലൂടെയായി നടത്തം. പക്ഷെ പാതയുടെ ഓരത്ത് ധാരാളം മുളംകൂട്ടങ്ങൾ ഉണ്ട്. തഴച്ചുവളരുന്ന ബലമുള്ള ഏഷ്യൻ മുളകളല്ല. നമ്മുടെ നാട്ടിൽ കാണപ്പെടുന്ന ഈറ്റയോട് ഉപമിക്കാവുന്ന, എന്നാൽ വലിപ്പമുള്ള ഇലയും, കൊലകുത്തി പൂക്കുന്ന, തടിവണ്ണം കുറഞ്ഞ, ആൾപൊക്കത്തെക്കാൾ അൽപ്പംകൂടെ ഉയരത്തിൽ വളരുന്ന, മുട്ടുകളുടെ അടുപ്പം കുറഞ്ഞ ഒരിനം മുളകളാണ് അവ. ചില പിൽഗ്രിമുകൾ അലൂമിനിയം വാക്കിങ് സ്റ്റിക്കുകൾ ഉപയോഗിക്കുന്നതായി കണ്ടപ്പോൾ എനിക്കും ഒരു ഊന്നുവടി വേണമെന്ന് തോന്നിയിരുന്നു. എൻ്റെ യാത്രാരീതി ആധുനികതയുടെയും പ്രായോഗീകതയുടെയും ഒപ്പം തന്നെ പരമ്പരാഗതയും ഒത്തിണങ്ങിയ ഒരു സങ്കരയിനത്തിൽപെട്ടതാണല്ലോ.

“ചരിത്രത്തിലെ പല സഞ്ചാരികളുടെ കയ്യിലും നീളമുള്ള, അഗ്രഭാഗം വളഞ്ഞതോ, അലങ്കാരപ്പണികളുള്ളതോ ആയ ഊന്നുവടികൾ കണ്ടിട്ടുണ്ട്. പ്രത്യേകിച്ച് പുരാണങ്ങളിലെ മിക്കവാറും കഥാപാത്രങ്ങൾ അത്തരത്തിൽ ഉള്ളവരാണ്. എങ്കിൽ ഞാൻ എന്റെ യാത്രയിൽ ഒരു മുളവടിയെ കൂടെകൂട്ടിയാൽ എന്തുസംഭവിക്കും.?”

മുളംകൂട്ടത്തിനടുത്ത്ചെന്ന് ഉണങ്ങി കടപുഴകി കിടന്നിരുന്ന മുളകളിൽ ബലമുള്ള ഒന്ന് അടർത്തിയെടുത്തു. ഭാണ്ഡത്തിൽനിന്നും മടക്കുകത്തിയെടുത്ത് എന്നോളം പൊക്കത്തിൽ മുളയുടെ ചുവട്ടിൽ വട്ടത്തിൽ വരഞ്ഞു ഒടിച്ചെടുത്തു. ശേഷം വടിചീകി മുളയുടെ വെടുത്ത പൊടി കളഞ്ഞു. ടിഷ്യുപേപ്പറിൽ സാനിട്ടൈസർ മുക്കി തുടച്ച് മിനുക്കിയെടുത്തു. ഇനിയങ്ങോട്ടുള്ള യാത്രയിൽ ഞാനും ഭാണ്ഡവും ഇപ്പോൾ ഇതാ ഈ ഊന്നുവടിയും.

കുറച്ചുദൂരം പിന്നിട്ടതോടെ പൊടിപറക്കുന്ന മൺവഴിയിൽനിന്നും പട്ടണത്തിൻറെ പ്രാന്തപ്രദേശത്തേക്ക് നടത്തം വഴിമാറി. പക്ഷെ പൂർണമായും പട്ടണത്തിൻറെ തിരക്കിലേക്ക് നേരിട്ട് എത്തിക്കാതെ ഇടക്ക് തുറസ്സുകൾ ധാരാളമുള്ള ചെറിയ റസിഡൻഷ്യൽ ഏരിയകളും അതോട് ചേർന്ന് പാർക്കുകളും ആളുകൾ വട്ടംകൂടുന്ന കുഞ്ഞു കഫേകളും എല്ലാം കടന്ന് വീണ്ടും അൽപ്പനേരം കൃഷിഭൂമികളും ആളൊഴിഞ്ഞ പ്രദേശങ്ങളും എല്ലാം വരത്തക്കരീതിയിലാണ് കമീനോ ചിഹ്നങ്ങൾ വഴികാട്ടുന്നത്. ഈ നടത്തം അസംബുജ പട്ടണത്തിലേക്കാണ് നീളുന്നത്. വൈകാതെ ഞാൻ അസംബുജ പട്ടണഹൃദയത്തിൽ പ്രവേശിച്ചു. നേരെ ഒരുവലിയ സൂപ്പർമാർക്കറ്റിലേക്കാണ് പോയത്. അവിടെനിന്നും രാത്രിയിലേക്കുള്ള ലഘുഭക്ഷണവും കുഞ്ഞുകുപ്പി വെള്ളവും വാങ്ങി നടത്തം തുടർന്നു.

ഒരു കാലത്ത് ലിസ്ബൺ നഗരത്തിന്റെ കിഴക്കുഭാഗത്തുനിന്നും ആരംഭിക്കുന്ന വ്യാവസായിക മേഖല അവസാനിച്ചിരുന്നത് ഈ അസംബുജ പട്ടണത്തിലായിരുന്നല്ലോ. ഇന്നും അസംബുജയും പരിസരവും ചരക്കുനീക്കം, ഉത്പാദനം, ഉത്പന്നങ്ങൾ സൂക്ഷിക്കൽ പോലെയുള്ള വ്യവസായങ്ങളാൽ സമ്പന്നമാണ്. അതിനാൽത്തന്നെ ധാരാളം കുടിയേറ്റക്കാരായ തൊഴിലാളികളും ഇവിടെ താമസിക്കുന്നു.

നേരം സന്ധ്യയോടടുക്കുന്നു, വൈകാതെ ഞാൻ അസംബുജ പട്ടണത്തിന്റെ പ്രധാന വീഥിയിൽ എത്തി. മുനിസിപ്പൽ ഓഫീസ് മന്ദിരവും പള്ളിയും കടന്ന് ആ പട്ടണത്തിന്റെ ഹൃദയത്തിലൂടെ നടക്കുമ്പോൾ, നഗരത്തിന്റെ തിരക്കുകളില്ലാത്ത ഒരു കൊച്ചു ലിസ്ബണിലൂടെ നടക്കുന്ന അനുഭവമായിരുന്നു. തനത് പോർത്തുഗീസ് ശൈലിയിൽ നിലകൊള്ളുന്ന കെട്ടിടങ്ങളും ചുറ്റുപാടും ആസ്വദിച്ചു നടക്കവെ ഒരുകാര്യം ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. മിക്കവാറും പോർത്തുഗീസ് നാടുകൾ മറ്റു യൂറോപ്പ്യൻ നാടുകളെ അപേക്ഷിച്ച് വൃത്തിയായി കാണപ്പെടുന്നു. അവധി ദിവസങ്ങളുടെ തലേരാവ് തീർച്ചയായും മറ്റു നഗരങ്ങളും പട്ടണങ്ങളും പോലെ ഇവിടെയും കുപ്പിയും ഗ്ലാസും ചവറും കൊണ്ട് നിറയുമെങ്കിലും അടുത്തദിവസം അതെല്ലാം വൃത്തിയാക്കപ്പെട്ടിരിക്കും. ലിസ്ബൺ നഗരത്തിൽ ചിലപ്പോഴൊക്കെ ഫയർ ഫൈറ്റിങ് വെന്റുകളിൽനിന്നും ഓസ് ഘടിപ്പിച്ച് റോഡും ഫൂട്ട്പാത്തുമെല്ലാം കഴുകി വൃത്തിയാക്കുന്നത് കാണാം.

നടത്തം തുടരവെ പട്ടണത്തിന്റെ ഹൃദയത്തോട് ചേർന്ന് ഒരു കൊച്ചു പാർക്കുപോലുള്ള ഇടത്ത് എന്തോ മേള നടക്കുന്നത് എന്റെ ശ്രദ്ധയിൽപെട്ടു. യൂറോപ്പിൽ പൊതുവെ മിക്കവാറും ഗ്രാമങ്ങളിലും നഗരങ്ങളിലും ആഴ്ചയിൽ ഒരു ദിവസമോ രണ്ടു ദിവസമോ ഇത്തരത്തിൽ പലതരം വാണിജ്യമേളകൾ നടക്കാറുണ്ട്. കർഷകർ അവരുടെ വിളകൾ, കലാകാരന്മാർ അവരുടെ സൃഷ്ടികൾ, കരകൗശലക്കാർ അവരുടെ ഉത്പന്നങ്ങൾ, ഭക്ഷണ പാനീയങ്ങൾ അങ്ങനെ ഒരു നാടിന്റെ തനിമ വിപണനം ചെയ്യപ്പെടുന്ന ഇത്തരം മേളകൾ അഥവ ആഴ്ച ചന്തകൾ കണ്ടുനടക്കുന്നത് ഏറെ രസകരമാണ്. ഞാൻ ആ മേളയുടെ തുടക്കത്തിലൂടെ നടന്നുതുടങ്ങി. മേള ഒരുവിധം അതിന്റെ സമാപനത്തോടടുക്കുന്നു. ഭക്ഷണ സാധനങ്ങളും മറ്റും വിൽക്കുന്ന ആളുകൾ അവരുടെ കച്ചവടം പൂർത്തിയാക്കി മടങ്ങിക്കഴിഞ്ഞു. മറ്റുള്ളവർ അവരുടെ ഉത്പന്നങ്ങൾ പതിയെ വണ്ടികളിലേക്ക് കയറ്റികൊണ്ടിരിക്കുന്നു. മാത്രമല്ല സെക്കൻഡ്ഹാൻഡ് തുണികൾ വിൽക്കുന്ന ഒരു കച്ചവടക്കാരന്റെ അടുക്കൽ കൂടിനിൽക്കുന്ന കുറച്ചാളുകളെ ഒഴിച്ചാൽ മേളയിൽ ഉപഭോക്താക്കൾ ആരുംതന്നെ അവശേഷിക്കുന്നില്ല.

ഞാൻ മെല്ലെ ആ തുണിവിൽപ്പനക്കാരന്റെ അടുക്കൽ എത്തി. മാസ്സിമോ ടുട്ടി, ലൂയി വുട്ടൻ, 100 % കാപ്പറി മുതലായി വിലകൂടിയ ഡിസൈനർ തുണികൾ മുതൽ ലിവൈസ്, എച് എം, സാറ പോലുള്ള ബ്രാൻഡുകളുടേതടക്കം എല്ലാം ഉണ്ട് അദ്ദേഹത്തിന്റെ പക്കൽ. ബോംബെയിൽ ചർച്ച് ഗേറ്റിൽ വണ്ടിയിറങ്ങി മൈതാനത്തിനരികിലൂടെ ഫാഷൻസ്ട്രീറ്റു വഴി നടക്കുമ്പോൾ ഇത്തരത്തിൽ സെക്കൻഡ്ഹാൻഡ് തുണിക്കച്ചവടക്കാരിൽനിന്നും തുണികൾ നോക്കാൻ പലപ്പോഴും നാണിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് മിനിമലിസത്തിന്റെ ഉപവിഭാഗമായ പുനരുപയോഗം എന്ന ആശയത്തിന്റെ ആഴം അറിയാൻ ശ്രമിച്ചതോടെ, അത് പ്രകൃതിക്കും മനുഷ്യരാശിക്കും എത്ര സൗഹാർദപരമാണെന്ന് മനസ്സിലാക്കാൻ ശ്രമിച്ചതോടെ ഞാനും സെക്കന്റ് ഹാൻഡ് കൾചറിന്റെ ഭാഗമായിമാറി. പോർത്തുഗീസ് കലാകാരനായ ബുർദാലോ രണ്ടാമന്റെ കലാസൃഷ്ടികളും, സിറ്റിസെന്ററിലെ പല സബ്കൾച്ചർ അസോസിയേഷനുകളിൽ സമയം ചിലവഴിക്കലും എന്നെ അത്തരത്തിൽ ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചു.

തുണിക്കച്ചവടക്കാരൻ അപ്പൂപ്പന്റെ അടുത്തുനിന്നും ഞാൻ പതിയെ മുന്നോട്ടുനടന്നപ്പോൾ സാധനങ്ങൾ കെട്ടിപൊതിയുന്ന ഒരു മുത്തശ്ശിയുടെ കച്ചവടത്തട്ട് ശ്രദ്ധയിൽ പെട്ടു. മറ്റുള്ളവർ എല്ലാം പോയിട്ടും ആ മുത്തശ്ശി പോവാനുള്ള തയ്യാറെടുപ്പ് തുടങ്ങിയിട്ടേയുള്ളു. അവരുടെ കച്ചവടതട്ടിൽ കമീനോ ഉത്പന്നങ്ങൾ മാത്രമാണ്. കക്കതോടുകൾ, പലതരം കമീനോ പുസ്തകങ്ങൾ, കമീനോചിഹ്നം പതിപ്പിച്ച കുപ്പികൾ, തൊപ്പികൾ, ടി ഷർട്ടുകൾ, കൊച്ചു പേഴ്സുകൾ, കൊന്തകൾ അങ്ങനെ എല്ലാം ഉണ്ട്. ചെറു കൗതുകത്തോടെ ഞാൻ അവരുടെ തട്ടിലേക്ക് അൽപ്പനേരം നോക്കിനിന്നു. തിരക്കിനിടയിൽ ആദ്യം അവർ എന്നെ ശ്രദ്ധിച്ചില്ല. എന്നെ കണ്ടതും അവർ എന്നെ സൂക്ഷിച്ചുനോക്കി, ഒരു നിമിഷം തന്റെ പണികൾ എല്ലാം നിർത്തി എന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു. ഞാനും അവർക്കുനേരെ പുഞ്ചിരിച്ചുകൊണ്ട് “ബോവ താർടെ” (ശുഭ സായാഹ്നം) നേർന്നു. അമ്മുമ്മ പ്രത്യേകിച്ച് ഒന്നും സംസാരിക്കാതെ എന്റെ മുഖത്തേക്ക് നോക്കി ആ പുഞ്ചിരി അല്പനേരംകൂടെ തുടർന്നു. അമ്മുമ്മ ചിരി അവസാനിപ്പിക്കുംമുമ്പേ ഞാൻ അമ്മുമ്മയുടെ കച്ചവടത്തട്ടിലേക്ക് നോക്കാൻ ആരംഭിച്ചു. സാധനങ്ങളിലേക്ക് കണ്ണോടിക്കുന്നതിനിടയിൽ അമ്മുമ്മ എന്റെ അടുത്തേക്ക് വരുന്നതായി എനിക്ക് തോന്നി. തിരിഞ്ഞപ്പോൾ അതാ അമ്മുമ്മ എന്റെ തൊട്ടടുത്ത് എന്നെയുംനോക്കി പുഞ്ചിരിച്ചുനിൽക്കുന്നു. കയ്യിൽ ഒരു കറുത്ത കൊച്ചു തുണി പൗച് എനിക്കുനേരെ നീട്ടികൊണ്ടാണ് അദ്ദേഹത്തിന്റെ നിൽപ്പ്. അമ്മുമ്മയുടെ ഉദ്ദേശം മനസ്സിലാവാതെ ഞാൻ അവരെ നോക്കി ഒന്ന് ശങ്കിച്ചുനിന്നപ്പോൾ, കയ്യിൽ എനിക്കുനേരെ നീട്ടിപിടിച്ചിരിക്കുന്ന പൗച് ഒന്ന് കുലുക്കി “ദാ ഇത് അങ്ങ് വാങ്ങൂ” എന്ന മട്ടിൽ അദ്ദേഹം ആംഗ്യം കാട്ടി. ഞാൻ ആ പൗച് വാങ്ങി തുറന്നുനോക്കി. കണ്ണാടി മുത്തുക്കളാൽ തീർത്ത ഒരു കൊന്ത. ആദ്യം ആ കൊന്ത എന്തുചയ്യണമെന്ന് എനിക്ക് മനസ്സിലായില്ല. ഒരുനിമിഷം സ്തംഭിച്ചുനിന്നപ്പോൾ അമ്മുമ്മ അത് വാങ്ങിച്ചു എന്റെ കഴുത്തിൽ ഇട്ടുതന്നു.

ഒരുപക്ഷെ അമ്മുമ്മയുടെ കച്ചവട തന്ത്രമാകാം, അതല്ലെങ്കിൽ അവരുടെ ജീവിതത്തിലെ ഏതെങ്കിലും സാഹചര്യത്തിൽ എന്റെ സാദൃശ്യമുള്ള ആരെങ്കിലും കടന്നുപോയിരിക്കാം. ഇപ്പോൾ എന്നെ കണ്ടപ്പോൾ അത് ഓർമ്മവന്നതായിരിക്കാം. എന്തുതന്നെയായാലും ഞാൻ ആ കൊന്ത സ്വീകരിക്കാൻ തീരുമാനിച്ചു. എത്രരൂപയാണ് അതിന്റെ വിലയെന്ന് പലതവണ ചോദിച്ചിട്ടും അവർ അത് നിനക്ക് എന്റെ വക സമ്മാനമാണെന്ന് ആവർത്തിക്കുന്നു. ഒടുവിൽ ഞാൻ കയ്യിൽ എളുപ്പത്തിൽ കിട്ടിയ ഒരു 5 യൂറോ നോട്ട് എടുത്ത് നിർബന്ധപൂർവം അവർക്കുനൽകി. അവർ ആ പണം സ്വീകരിക്കാൻ വിസമ്മതിച്ചപ്പോൾ എങ്കിൽ ഞാൻ കൊന്ത തിരികെ നൽകുമെന്ന് ഭീഷണിപ്പെടുത്തി. ഒടുവിൽ അവർ ആ പണം സ്വീകരിച്ചു. അവരുടെ കയ്യിൽ തൊട്ട് നന്ദിപറഞ്ഞപ്പോൾ അവർ എനിക്ക് ഒരു മുത്തം നൽകി ബോം കമീനോ നേർന്നു. ഞാൻ അമ്മുമ്മയോട് യാത്രപറഞ്ഞ ശേഷം നടത്തം തുടർന്നു.

നേരം സന്ധ്യയായി കൊണ്ടിരിക്കുന്നു. അസംബുജ പട്ടണത്തിൽനിന്നും മുന്നോട്ടുള്ള കമീനോ വഴിയിലൂടെ സഞ്ചരിച് അസ്തമയമാകുമ്പോൾ ഒഴിഞ്ഞ ഒരിടത്ത് റ്റെൻറ് സ്ഥാപിച്ച് അതിൽ ഉറങ്ങുക. ഇന്ന് ഇനി മുന്നോട്ടുള്ള പ്ലാൻ അപ്രകാരമാണ്. രണ്ടുകിലോമീറ്ററുകൾ പിന്നിട്ടതോടെ പട്ടണത്തിന്റെ തിരക്കുകൾ ഒഴിഞ്ഞ് വിജനമായ റോഡും അല്പംകൂടെ കഴിഞ്ഞതോടെ ഇരുവശത്തും പുൽപ്പടർപ്പുകൾ നിറഞ്ഞ മൺപാതയും ആരംഭിച്ചു. വെയിൽ അസ്തമിക്കാറായെങ്കിലും ചൂട് അതിന്റെ പാരമ്മ്യത്തിൽ തുടരുന്നു. മുന്നോട്ട് പോകവെ വശങ്ങളിലെ പച്ചനിറം അസ്തമിച്ചുവന്നു. വീണ്ടും നോക്കെത്താദൂരം വരണ്ട മണ്ണൊരുക്കം കഴിഞ്ഞ് മഴ കാത്ത്കിടക്കുന്ന കൃഷിഭൂമി. ഒരുവശത്തുനിന്നും ആ വരണ്ട ചെമ്പൻ കടലിലേക്ക് ഇറങ്ങി ഞാൻ നടന്നുനീങ്ങി. ഇടക്ക് ഇരുവശങ്ങളിൽനിന്നും വരുന്ന കാറ്റ് കൂടിച്ചേരുന്നിടത്ത് പൊടിയുയർന്ന് ചുഴലി രൂപപ്പെടുന്നു. കയ്യിലെ തോർത്ത് പുതച്ച് ഞാൻ അവയെ ചെറുത്തു.

കയ്യിൽ ഇന്ന് രാത്രി വെളിപ്പിക്കാനുള്ളത്ര വെള്ളം ഇല്ല. ഈ ചെമ്പൻ കടൽ കടക്കുമ്പോഴേക്കും വെള്ളം പൂർണമായും തീർന്നേക്കാം. പക്ഷെ ഇപ്പോൾ ഞാൻ അതിനെപ്പറ്റി ആശങ്കപ്പെടുന്നില്ല. “അസ്തമയത്തിനുമുൻപ് എത്താവുന്ന ദൂരം പിന്നിടുക, പിന്നീട് വരുന്നിടത്ത് വച്ച് നേരിടുകതന്നെ”.

അങ്ങനെ ഏറെ ദൂരം പിന്നിട്ടപ്പോൾ ആ വരണ്ട കൃഷിഭൂമിയുടെ ഓരത്ത് എനിക്കായ് ആരോ നട്ടുനനച്ചപോലെ ഒരു അത്തിമരവും, ഓറഞ്ച് ചെടിയും നിൽക്കുന്നു. അത്തിയിൽ അവിടിവിടെയായി മൂന്നോനാലോ പഴുത്ത അത്തിപ്പഴങ്ങൾ നിൽക്കുന്നതിനെ ഊന്നുവടിയുപയോഗിച്ച് ചില്ലകൾ താഴ്ത്തി ഞാൻ പറിച്ചെടുത്തു. നല്ല മധുരമുള്ള അത്തിപ്പഴങ്ങൾ. അവ തിന്നുകഴിഞ്ഞപ്പോൾ കണ്ണുകൾ സ്വയം ഓറഞ്ച് ചെടിയിലേക്ക് പാഞ്ഞു. കണ്ടെത്തി അവിടെയും രണ്ട് മുക്കാൽ വിളഞ്ഞ വലിയ ഓറഞ്ചുകൾ. ഞാൻ ആദ്യം എന്നോടും പിന്നെ ചെടിയോടും അനുവാദം വാങ്ങി പറിച്ചെടുത്തു അവരണ്ടും. മടക്കുകത്തി ഉപയോഗിച്ച് ഓറഞ്ചിന്റെ തൊലി പിഴുത് അതിന്റെ രുചി ആസ്വദിച്ചു. ഒരുപക്ഷെ ഇതുവരെ കഴിച്ചതിൽ ഏറ്റവും രുചികരമായ ഓറഞ്ചുകൾ അവയായിരിക്കാം.

ഓറഞ്ചും അത്തിയും എന്നിൽ ഉന്മേഷമേകി, നടത്തത്തിന്റെ വേഗതകൂട്ടി. വരണ്ട പൊടിപറത്തുന്ന മണ്ണൊരുക്കം കഴിഞ്ഞുകിടക്കുന്ന കൃഷിഭൂമികൾ പിന്നിട്ട്, കുറച്ചു ദിവസ്സങ്ങൾ മുൻപ് മാത്രം വിളവെടുത്ത തക്കാളി പാടങ്ങൾക്കരികിലൂടെയായി നടത്തം. വിളവെടുപ്പിൽ തിരിഞ്ഞുമാറ്റപ്പെട്ട തക്കാളികൾ ആ പാടവരമ്പിൽതന്നെ ഇപ്പോഴും കിടപ്പുണ്ട്. പക്ഷെ ആ കിടപ്പ് അവയിൽ ചെറുന്നനെ പൂപ്പൽ പിടിപ്പിച്ചിരിക്കുന്നതിനാൽ അവ ഭക്ഷ്യയോഗ്യമല്ല. അല്പംകൂടെ മുന്നോട്ട് നടന്നപ്പോൾ ഒരുവലിയ കണ്ടൈനർ നിറയെ തക്കാളി ഉപേക്ഷിച്ചനിലയിൽ കാണാനിടയായി. അതും കടന്നു ഞാൻ മുന്നേറിയപ്പോൾ അങ്ങകലെയായി വണ്ടികൾ പോകുന്ന ഒരു റോഡ് കണ്ടതോടെ അപ്പോഴേക്കും വീണ്ടും തളർച്ചബാധിച്ചുതുടങ്ങിയിരുന്ന എനിക്ക് അതൊരു പ്രതീക്ഷയുടെ വഴികാട്ടിയായി. അൽപ്പം വേഗത്തിൽ നടന്നു ആ റോഡിൽ എത്തിയപ്പോഴേക്കും സൂര്യന്റെ അവസാന പൊൻകിരണങ്ങൾ പടിഞ്ഞാറുനിന്നും പരന്നുതുടങ്ങിയിരുന്നു.

“വൈകാതെ വെള്ളം നിറച്ച് ഈ രാവ് വെളുപ്പിക്കാൻ ആറടി മണ്ണ് കണ്ടെത്തിയേതീരൂ..” . ആ ചിന്ത തീരുംമുന്നേ കുറച്ചുദൂരെയായി അതാ ഒരു കെട്ടിടം. വലിയ മതിൽകെട്ടും, കെട്ടിടത്തിനരികിൽ ഒരു കാറ്റാടിയും ഒക്കെയായി അതങ്ങനെ തലയുയർത്തി നിൽക്കുന്നു. കെട്ടിടത്തോടടുത്തപ്പോൾ അതൊരു ധനികന്റെ പഴയ മാൻഷൻ ആയിരുന്നെന്നും ഇന്ന് അതൊരു റിസോട്ട് ആയി പ്രവർത്തിക്കുന്നു എന്നും മനസ്സിലായി. മുന്നിലെത്തിയപ്പോൾ ഗേറ്റ് തുറന്നുകിടക്കുന്നു. ഞാൻ വേഗംതന്നെ അകത്തുകയറി ആദ്യംകണ്ട പൈപ്പിൽനിന്നും മുഖംകഴുകി കുപ്പികളിൽ വെള്ളം നിറച്ചു. ശേഷം റെസ്റ്റോറന്റ് എന്ന് എഴുതിവച്ചിരിക്കുന്ന ഇടത്തോട്ട് കയറിച്ചെന്നു. അപ്പോഴാണ് ആ നോട്ടീസ് കാണാനിടയായത്. അറ്റകുറ്റപ്പണികൾക്കായി ഈ റിസോട്ട് ഒക്ടോബർ 30 വരെ താൽക്കാലികമായി പ്രവർത്തനരഹിതമാണ്. എങ്കിലും കെട്ടിടത്തിനുചുറ്റും ഒന്ന് നടന്ന് അതിന്റെ ഭംഗി ആസ്വദിച്ചു. അവിടെ ധാരാളം വളർത്തുമൃഗങ്ങൾ ഉണ്ട്. കുതിരകൾ, പലയിനം കോഴികൾ, അരയന്നം, കാവൽ നായ്ക്കൾ, മീനുകൾ അങ്ങനെ ധാരാളമുണ്ടവ.

ഒന്ന് നടന്നപ്പോഴേക്കും വെളിച്ചം മങ്ങിത്തുടങ്ങി. ഞാൻ വേഗം കെട്ടിടത്തിനു പുറത്തിറങ്ങി നേരെ കണ്ടത് റോഡിനു മറുകരയിൽ പരന്ന കൃഷിഭൂമിയാണ്. പിന്നീട് അധികം ആലോചിക്കാതെ ആ പരപ്പിൽ ടെന്റ് സ്ഥാപിച്ചു. ഭാണ്ഡവും ഊന്നുവടിയും എല്ലാം കൂടാരത്തിനകത്താക്കി ഞാനും അതിൽ പ്രവേശിച്ചു. ഒരു കിളിയെപ്പോലെ സ്വതന്ത്രനായ ഞാൻ എനിക്കായി ഒരുക്കിയ കൂട്ടിൽ മേലെ ആകാശക്കൂരക്കുകീഴെ നടുനിവർത്തി.

ചാലക്കുടിക്കടുത്ത് മുരിങ്ങൂർ സ്വദേശി. പോർത്തുഗൽ തലസ്ഥാനമായ ലിസ്ബണിൽ ജീവിക്കുന്നു. സമൂഹമാധ്യമങ്ങളിൽ ചെറുകഥകൾ എഴുതാറുണ്ട്.