വേദനസംഹാരം
പെട്ടന്നുള്ള ഞെട്ടലിൽ ഭാണ്ഡം കയ്യിലെടുത്ത് ഈ സ്റ്റേഷനിൽ ഇറങ്ങാം എന്ന മട്ടിൽ സീറ്റിൽനിന്നും എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും, എന്തോ ഞാൻ പതിയെ ശാന്തതയിലേക്ക് ലയിച്ചു. ഭാണ്ഡത്തിൻറെ പിടിവിട്ട് വീണ്ടും സീറ്റിൽ ചാരിയിരുന്നു. തീവണ്ടിയുടെ വാതിലുകൾ സ്വയം അടഞ്ഞ്, വണ്ടി വീണ്ടും നീങ്ങിത്തുടങ്ങി. ഞൊടിയിടയിൽ വണ്ടി ഓറിയൻറെ സ്റ്റേഷനിൽ എത്തി.
ചിന്തകളും പദ്ധതികളുമെല്ലാം നിലച്ച് മനസ്സ് പൂർണമായും ഒരു മൂകതയിലാണ്. തീവണ്ടിയിലെ ഒരുകൂട്ടം ആളുകൾ ഓറിയന്റെ സ്റ്റേഷനിൽ ഇറങ്ങുന്നു, ഞാനും അവരോടൊപ്പം അവിടെ ഇറങ്ങി. മഴപെയ്യുമ്പോൾ അവിടവിടെ ഉള്ള ഡ്രൈനേജ് ദ്വാരങ്ങളിലൂടെ വെള്ളം അപ്രത്യക്ഷമാകുംപോലെ വാഷ്കോഡഗാമ ഷോപ്പിംഗ് മാളിൻറെ മൂന്നാം നിലക്കുമുകളിലെ റെയിൽവേ പ്ലാറ്റ്ഫോമിൽനിന്നും ആൾക്കൂട്ടം അരിച്ചിറങ്ങി. ആ ഒഴുക്കിൽ ഞാനും പെട്ടിരുന്നു. താഴെ എത്തിയ ഉടനെ സൂപ്പർമാർക്കറ്റിൽ കയറി ഒരുകുപ്പി വെള്ളം വാങ്ങി. ക്യാഷ് കൗണ്ടർ എത്തുന്നതിനു മുൻപുതന്നെ ഞാൻ കുപ്പി കാലിയാക്കിയിരുന്നു. ഒടുവിൽ കാലിക്കുപ്പിയുടെ പണവുംനൽകി ഞാൻ സൂപ്പർമാർക്കറ്റിന് പുറത്തിറങ്ങി.
ഓട്ടോപൈലെറ്റ് മോഡിൽ ആയിരുന്ന ഞാൻ, പഴയ ഓർമയിൽ മെട്രോ ലക്ഷ്യമാക്കി നടന്നു. ഓറിയൻറെയിൽനിന്നും എയർപോർട്ട്ലേക്ക് പോകുന്ന പ്ലാറ്റ്ഫോമിലെ ആളൊഴിഞ്ഞ ബെഞ്ചിൽ ഇരുന്നു. ആ ഇരുപ്പ് ഏറെനേരം ആകുംമുൻപേ ഒരു മെട്രോ ട്രെയിൻ പാഞ്ഞെത്തി. അത് എനിക്കുമുൻപിൽ വാതിൽതുറന്ന് നിന്നപ്പോഴാണ് സത്യത്തിൽ ഞാൻ എങ്ങോട്ടാണ് പോകുന്നതെന്ന ബോധ്യം കൈവന്നത്.
“ഈ വണ്ടിയിൽ കയറിയാൽ പത്തുമിനിറ്റിനകം വീട്ടിൽ എത്തും. ഇന്ന് രാത്രി കുളിയും ആഹാരവും കഴിഞ്ഞശേഷം സുഖമായി ഉറങ്ങി, നാളെ അതിരാവിലെ എഴുന്നേറ്റ് എവിടെയാണോ ഇന്ന് നിർത്തിയത് അവിടെ ട്രെയിൻ പിടിച്ചെത്തി നടത്തം പുനരാരംഭിക്കാം. അതല്ലായെങ്കിൽ തിരികെ മുകളിൽപോയി വീണ്ടും ഏറെനേരം കാത്തുനിന്ന് അടുത്ത ട്രെയിൻ പിടിച്ച് കസ്റ്റാനിയെറ ഡൊ റിബൻതേജോ എത്തി അവിടെ ടെന്റ് സ്ഥാപിച്ച് ഉറങ്ങി രാവിലെ നടത്തം തുടരണം.”
ആ ഞൊടിയിടയിൽ മനസ്സിലൂടെ ഒരു ബുദ്ധകഥയാണ് ഓടിയത്. സത്യാന്വേഷണ വേളയിൽ ആഹാരം ഉപേക്ഷിച്ച് കഠിനവ്രതം അനുഷ്ഠിച്ച് മരച്ചുവട്ടിൽ വീണുപോയ സിദ്ധാർഥൻറെ മുൻപിൽ സുജാത ആഹാരവുമായി എത്തിയപ്പോൾ, “ഞാൻ” എന്ന സ്വത്വത്തെ തിരിച്ചറിയാൻപോലും കെൽപ്പില്ലാതെ കിടന്ന അദ്ദേഹത്തിന് സുജാതയോട് ആഹാരം നിരസിക്കാനായില്ല. സുജാത നൽകിയ ആ അന്നം അദ്ദേഹത്തെ ലോകമറിഞ്ഞ ബുദ്ധനിലേക്ക് അതിജീവിപ്പിച്ചു. ഒരുപക്ഷെ അന്ന് അദ്ദേഹം വീണ്ടും സ്വയം പീഡനമാണ് തിരഞ്ഞെടുത്തിരുന്നതെങ്കിൽ ഇന്ന് നമുക്ക് ഒരു ശ്രീ ബുദ്ധൻ ഉണ്ടാകുമായിരുന്നില്ല.
“സുജാത എന്നെ കൈനീട്ടി വിളിക്കുന്നു.!”
മെട്രോയുടെ വാതിലുകൾ അടയുന്നതിനുമുൻപായി ബസ്സർ ശബ്ദത്തോടുകൂടി ലൈറ്റുകൾ മിന്നിത്തുടങ്ങിയപ്പോൾ, മറുത്തൊന്നും ചിന്തിക്കാതെ ഞാൻ അതിൽ ഓടിക്കയറി. വീട്ടിൽ എത്തിയപാടെ ഷൂ ഊരി കാലിൻറെ അവസ്ഥ പരിശോധിച്ചു. കാൽപാദം ചുവന്നിരിക്കുന്നു. വിരൽത്തുമ്പുകളിൽ ചെറിയ പോളങ്ങൾ വ്യക്തമായി കാണാം. ഭാണ്ഡം ഇറക്കിവെച്ച് ആദ്യം ഒരു കുളി പാസ്സാക്കിയശേഷം വീട്ടിൽ ഉണ്ടായിരുന്ന ഓട്സും കുറച്ച് ധാന്യങ്ങളും കുതിർത്ത് കഴിച്ചു. കിടക്കുന്നതിനുമുൻപുതന്നെ കാൽപാദത്തിലെ നീറ്റലും പോളങ്ങളും അപ്രത്യക്ഷമായിരുന്നു. ഞാൻ മുറിയിലെത്തി കിടക്കാനുള്ള തയ്യാറെടുപ്പിനിടയിൽ എങ്ങനെയോ കണ്ണ് സാധാരണയായി ക്യാമറ ബാഗ് ഇരിക്കുന്ന ഇടത്തിൽ പതിഞ്ഞു. കാലിയായ അവിടം മനസ്സിൽ പെട്ടന്ന് ഒരു ഭാരം ചുമത്തി. പക്ഷെ കാമീനോ മാപ്പ് മറിച്ച്നോക്കി നാളത്തെ നടപ്പ് വഴികളിലൂടെ പോയതോടെ പ്രതീക്ഷയുടെ അലയടി ചുളിഞ്ഞിരുന്ന എൻ്റെ മുഖപേശികൾക്ക് സാധാരണത്വം നൽകി. എത്രയൊക്കെ ഒഴിവാക്കാൻ ശ്രമിച്ചാലും ഭാവിയോടുള്ള മനുഷ്യൻറെ ആസക്തി അതിൻറെ ജീവിതത്തോളം പ്രാധാന്യമുള്ളതാണ്. ഉറ്റവരെ നഷ്ടപ്പെടുമ്പോൾ, ചിലപ്പോൾ സാധനങ്ങളും സാഹചര്യങ്ങളും നഷ്ടപ്പെടുമ്പോൾ, മറ്റുചിലപ്പോൾ സ്വത്വം തന്നെ നഷ്ടപ്പെടുമ്പോൾ മനുഷ്യൻ നാളെയെന്ന പ്രതീക്ഷയിൽ അഭയം പ്രാപിക്കുന്നു. ആ പുതിയ തിരിച്ചറിവിനോട് കൃതജ്ഞനായി ഞാൻ നിദ്രപൂണ്ടു.
ഓറിയൻറെയിൽനിന്നും കസ്റ്റാനിയെറ ഡൊ റിബൻതേജോ സ്റ്റേഷനിൽ സ്റ്റോപ്പുള്ള ആദ്യ ട്രെയിൻ 06 : 59 ന് ആണ് പുറപ്പെടുന്നത്. നേരത്തെ തന്നെ കുളിയും ആഹാരവുമെല്ലാം കഴിച്ച് ഞാൻ തയ്യാറായി. പണ്ടെപ്പഴോ വാങ്ങിയ പതുപതുത്ത സോൾ കാലിൻറെ അളവിൽ മുറിച്ചെടുത്ത് ഷൂവിനുള്ളിൽ ഉറപ്പിച്ചു. അതിനുശേഷം ഷൂ ധരിച്ചപ്പോൾ ഇന്നലത്തേക്കാളും സുഖം തോന്നി.
“ഇനി കാൽപാദത്തിൽ വേദന വരില്ല, ആമേൻ”.
ട്രെയിൻ കൃത്യസമയം പാലിച്ചു. 7:30 ഓടെ ഞാൻ കസ്റ്റാനിയെറ ഡൊ റിബൻതേജോയിൽ എത്തി. സൂര്യൻ ചക്രവാളത്തിനുമപ്പുറം ചുവപ്പുപടർത്തുന്നതേയുള്ളു. സ്റ്റേഷനിൽനിന്നും പുറത്തിറങ്ങി ഞാൻ കമീനോയിൽ (പാത) എത്തി മെല്ലെ നടത്തം ആരംഭിച്ചു. എനിക്കും മുൻപേ നിരയായി റിഫ്ലക്റ്റീവ് ജാക്കറ്റ് എല്ലാം ധരിച്ച് ഒരു കൂട്ടം ആളുകൾ നടക്കുന്നുണ്ട്. പക്ഷെ അവരുടെ ശരാശരി വേഗം എന്നേക്കാൾ കുറവാണ് അതിനാൽ അല്പനേരത്തിനുള്ളിൽ ഞാൻ അവരെ മറികടക്കാനാരംഭിച്ചു. കയ്യിൽ കൊന്തയും നാവിൽ പ്രാർത്ഥനയുമായി ഭക്തിയോടെ ഫാത്തിമ പള്ളി ലക്ഷ്യമാക്കി നടന്നുനീങ്ങുന്ന ബ്രസിൽ സ്വദേശികളായ വയോധികരാണ് അവർ. മുൻപിൽ നടക്കുന്ന ഗൈഡിനെ അനുസരണയോടെ അവർ പിൻതുടരുന്നു. ഓരോരുത്തരെയായി പിന്നിടുമ്പോഴും അവരുടെ മുഖത്തുനോക്കി ഒരു പുഞ്ചിരിമാത്രമാണ് ഞാൻ നൽകിയത്. കാരണം ഒരു ഗുഡ് മോർണിങ്, ബോം കമീനോ പോലുള്ള വാക്കുകൾ അവരുടെ ആ നിശബ്ദ പ്രാർത്ഥനയെ ഭേതിച്ചേക്കാം എന്ന് ഞാൻ ഭയന്നിരുന്നു. പക്ഷെ അവർ ഓരോരുത്തരും എനിക്ക് ബ്രസീലിയൻ സ്ലാങ്ങിൽ “ബോൻ ജിയ” നേർന്നു, അവസാനം അവരുടെ ഗൈഡ് മാത്രം ബോം കമീനോയും ആശംസിച്ചു. ഞാൻ ഒരുവട്ടം അവർക്കുനേരെ തിരിഞ് എല്ലാവരോടുമായി കൈവീശി യാത്രപറഞ്ഞു എൻ്റെ വേഗതയിൽ നടന്നുനീങ്ങി.
ആ പരന്ന ഭൂമിയിലൂടെ ഏറെ ദൂരം നടക്കും മുൻപേ പ്രഭാതത്തിൽ ഈറനുടുത്ത സുന്ദരി നെറ്റിയിൽ സിന്ദൂരം ചാർത്തിയപോലെ ചക്രവാളത്തിൽ സൂര്യനുദിച്ചു. അൽപ്പസമയം നടത്തം നിർത്തി ഞാൻ ആ കാഴ്ച ആസ്വദിച്ചു. ഉള്ളിൽ എവിടയോ തങ്ങിനിന്ന ഒടുവിലെ ദുഖത്തിൻ കണികയും ആ സൂര്യതാപമേറ്റ് സ്വതന്ത്രമായി.
വരണ്ടുപരന്ന ഭൂമികയിലൂടെയുള്ള നീണ്ട നടത്തത്തിനൊടുവിൽ വലിയൊരു റൌണ്ട് എബൗട്ടിൽ എത്തി. അവിടെ എത്തിയതോടെ എനിക്ക് ഒരു ദേജാവൂ അനുഭൂതിയുണ്ടായി. ഈ പ്രതേശത്ത് ഞാൻ ആദ്യമാണ്. പക്ഷെ എവിടയോ ഈ റൌണ്ട് എബൌട്ട് ഇതിനുമുൻപ് കണ്ടിട്ടുണ്ട്. ഏറെനേരത്തെ ആലോചനക്കൊടുവിൽ ഉത്തരം കിട്ടി. അബുദാബിയിലെ അൽ ഫലാഹ് റൌണ്ട് എബൌട്ട് ആയിരുന്നു അത്. റൌണ്ട് എബൗട്ടിൽനിന്നും വലതുവശത്തേക്ക് തിരിയണമെന്ന് മാപ്പിൽനോക്കി മനസ്സിലാക്കി. വിജനമായ പ്രദേശത്തുകൂടിയുള്ള നീണ്ട യാത്രക്കൊടുവിൽ ഇപ്പോൾ നടുവിൽ വരയിട്ട ഒറ്റവരിപ്പാതയുടെ ഒരുവശംചേർന്ന് നടക്കാനാരംഭിച്ചിരിക്കുന്നു. പാതയുടെ ഇരുവശത്തും മരങ്ങളും, പച്ചപ്പും കണ്ടുതുടങ്ങി. അൽപ്പം മുന്നോട്ട് നടന്നതോടെ ചെറിയ ഫാമുകളും അവയോടുചേർന്ന് കൊച്ചുകെട്ടിടങ്ങളും കാണപ്പെട്ടുതുടങ്ങി. ഫാമുകളിൽ പുല്ലുതിന്നുന്ന പശുക്കളുടെയും ചെമ്മരിയാടുകളുടേയുമെല്ലാം കഴുത്തിൽ കെട്ടിയിരിക്കുന്ന മണിയുടെ നാദം ദൂരെനിന്നും കേൾക്കാം.
അല്പദൂരം മുന്നോട്ട് പോയപ്പോൾ ഒരു ഫാക്ടറിയുടെയോമറ്റോ ബോർഡിൽ ഈ പ്രദേശത്തിൻറെ പേര് എഴുതിവച്ചിരിക്കുന്നത് ശ്രദ്ധയിൽപെട്ടു. “വല ദോ കറെഗാടൊ”, കറെഗാടൊ എന്ന സ്ഥലത്തേക്കുള്ള ഇടവഴി എന്നാണ് അതിൻറെ അർഥം. ഇന്ന് ഒരു ഞായറാഴ്ചയായതിനാൽ വഴിയിൽ വാഹനങ്ങൾ ഇതുവരെ കാണാനായില്ല. ആളൊഴിഞ്ഞ ആ നീണ്ട റോഡിലൂടെയുള്ള നടത്തത്തിനൊടുവിൽ ഒരു ചെറിയ ജങ്ഷനിലെത്തിച്ചേർന്നു. അവിടെ കമീനോ ചിഹ്നത്തോടൊപ്പം ഇടത്തോട്ട് തിരിയുന്ന അരോമാർക്ക് ശ്രദ്ധയിൽപെട്ടു. ഞാൻ അതുവഴി തിരഞ്ഞു നടന്നു. ആ റോഡിൻറെ സമാന്തരതയിൽ ഒരു കനാൽ ഒഴുകുന്നുണ്ട്. മറുവശത്ത് നിരയായി വീടുകളും കാണാം. യഥാർത്ഥത്തിൽ വല ദോ കറെഗാടൊ എന്ന വാക്കിൻറെ നേരിട്ടുള്ള തർജമ “കറെഗാടൊ” എന്ന സ്ഥലത്തേക്കുള്ള നീർച്ചാൽ എന്നാണ്. ഒരുപക്ഷെ ആ കനാലിനെ സൂചിപ്പിക്കുന്ന രീതിയിലായിരിക്കാം ഈ പ്രദേശത്തിന് അങ്ങനെയൊരു പേരുവന്നത്.
ഞാൻ കനാൽ വക്കിലേക്ക് കയറി നടക്കാനാരംഭിച്ചു. ആ നടപ്പിൽ കാലിൽ ചെറുതായി പുകച്ചിൽ ആരംഭിച്ചിരിക്കുന്നതായി അനുഭവപ്പെട്ടുതുടങ്ങി. തൽക്കാലം ഷൂ ഊരിവെച്ച് കാൽപാദത്തിൽ കാറ്റുകൊള്ളിക്കേണ്ടതായ സ്ഥിതി എത്തിയിട്ടില്ല. പക്ഷെ കാലിലെ ഈ വേദനയും വിരൽത്തുമ്പിൽ പൊള്ളലേറ്റപോലെയുള്ള പോള വരലും അത്ര നല്ല ലക്ഷണമല്ല എന്ന് മനസ്സിൽ തോന്നിത്തുടങ്ങിയിരുന്നു. ഈ ചൂടുള്ള കാലാവസ്ഥയിൽ കാൽപാദത്തിന് വായുസഞ്ചാരം അനുവദിക്കാത്ത വാട്ടർപ്രൂഫ് ഷൂ തിരഞ്ഞെടുത്തത് ഒരു പരാജിത തീരുമാനമായിപോയോ എന്ന് ഞാൻ സംശയിച്ചു തുടങ്ങിയിരുന്നു.
എന്നാൽ ഈ പ്രദേശത്ത് തുടർച്ചയായി വലിയ മഴ പെയ്തതിൻറെ ലക്ഷണങ്ങളും കാണാമായിരുന്നു. വഴിയരികിലെ ചെടികളിൽ പറ്റിപ്പിടിച്ചിരിക്കുന്ന “കരിക്കോയിഷ്”കൾ ആണ് ആ ലക്ഷണം. മേൽമണ്ണ് വരണ്ടുതുടങ്ങുമ്പോൾ ഭൂമിക്കടിയിലേക്ക് ഉൾവലിയുന്ന ചെറു ഒച്ചുകളെയാണ് പോർത്തുഗീസ് ഭാഷയിൽ കരിക്കോയിഷ് എന്ന് വിളിക്കുന്നത്. സാമാന്ന്യം നീണ്ട മഴ ലഭിക്കുമ്പോൾമാത്രമാണ് അവ മണ്ണിനടിയിൽനിന്നും പുറത്തേക്ക് വരുന്നത്. പിന്നീടുള്ള ദിവസങ്ങളിൽ ചെടികളിൽ കൂട്ടമായി കയറി ഇലകൾ തിന്നുതീർക്കും. മഴ മാറി മേൽമണ്ണ് ഉണങ്ങാൻ തുടങ്ങിയാൽ അവ വീണ്ടും ഈർപ്പമുള്ള താഴ്മണ്ണിലേക്ക് പോകും. യുറോപ്പ്യന്മാർ കരിക്കോയിഷുകളെ ഭക്ഷിക്കുന്നവരാണ്. പുഴുങ്ങിയ ഒരുപാത്രം കരിക്കോരിഷും രണ്ടുകുപ്പി ബീറും മഴമാറിയ ദിവസങ്ങളിലെ പതിവാണ് ഈ നാട്ടിൽ. പ്ലാസ്റ്റിക്ക് കവറിൽ ചെടികളിൽനിന്നും പഴങ്ങൾ നുള്ളിയെടുക്കുംപോലെ കരിക്കോയിഷുകളെ നുള്ളുന്ന വയോധികർ സിറ്റികളിലെ കുറ്റിച്ചെടികൾ വളർന്നുനിൽക്കുന്ന വഴിയോരങ്ങളിലും ഗ്രാമങ്ങളിലെ ഒഴിഞ്ഞ പ്രദേശങ്ങളിലും മഴപ്പിറ്റേന്നത്തെ പ്രധാനകാഴ്ചയാണ്.
ഇന്ന് ഒരു അവധി ദിവസം ആയതുകൊണ്ട് ധാരാളം സൈക്ലിസ്റ്റുകൾ ഈ വഴിയെ കൂട്ടമായി റൈഡ് ചെയ്യുന്നത് കാണാം. റോഡ് സൈക്കിൾസ്, ബി ടി ടി എന്ന് ഇവിടെ അറിയപ്പെടുന്ന എം ടി ബി, ഗ്രാവൽ, ടൂറിംഗ് ബൈക്കുകൾ അങ്ങനെ പലതരത്തിലുള്ള സൈക്കിളുകളുടെ കൂട്ടങ്ങളായാണ് അവയുടെ സഞ്ചാരം. മിക്കവാറും കൂട്ടങ്ങൾ അവരവരുടെ സൈക്ലിംഗ് ക്ലബ്ബുകളുടെ ജേഴ്സി അണിഞ്ഞാണ് റൈഡ് ചെയ്യുന്നത്. അവയിൽ ചിലക്കൂട്ടങ്ങൾ ഫാത്തിമയിലേക്കും മറ്റുചിലർ സാൻറ്റിയാഗോയിലേക്കും പോകുന്നു. അത്തരക്കാർ കൂട്ടത്തോടെ എനിക്ക് ബോം കമീനോ നേർന്നശേഷമാണ് കടന്നുപോകുന്നത്.
കനാൽ വക്കിൽനിന്നും റോഡരികിലേക്ക് ഇറങ്ങി നടക്കാനാരംഭിച്ചു. ചൂടുകുറഞ്ഞ പ്രഭാതവെയിൽ കൊണ്ട് ഏറെ ദൂരം നടന്ന് കറെഗാടൊയിലെത്തി. ഒരു തനത് പോർത്തുഗീസ് ഗ്രാമമാണ് കറെഗാടൊ. പക്ഷെ ഗ്രാമത്തിൻറെ തിരക്കേറിയതും ജനവാസമുള്ളതുമായ ഭാഗങ്ങൾ ഒഴിവാക്കിയുള്ള പാതകളിലൂടെയാണ് കമീനോ ചിഹ്നങ്ങൾ എന്നെ നയിക്കുന്നത്.
അടുത്ത സീസണിലേക്കുള്ള മണ്ണൊരുക്കം നടത്തി വിത്തിറക്കി മഴക്കായി കാത്തുകിടക്കുന്ന നീണ്ട കൃഷിഭൂമികൾ, അതിനുവശത്തുകൂടി നീളുന്ന മൺപാതകൾ, വീണ്ടും ടാർഇട്ട ഒറ്റവരി പാത അങ്ങനെ കറെഗാടൊ ഗ്രാമത്തിൻറെ ഉൾവഴികളിലൂടെ നടന്നുനീങ്ങുമ്പോൾ കാലിലെ അസ്വസ്ഥത കൂടിവന്നുകൊണ്ടിരുന്നു. മുന്നോട്ട് പോകുംതോറും നടത്തത്തിൻറെ താളവും രീതിയും വേഗവും മാറിവന്നു.
കൃഷിഭൂമിയുടെ ഓരത്തെ വിജനമായ ഒറ്റവരിപ്പാതയിലൂടെ നടക്കുമ്പോൾ ദൂരെയായി അൽപ്പം ഉള്ളിലേക്ക് കയറി പഴയൊരു പോർത്തുഗീസ് ജന്മികുടുംബം എന്ന് തോന്നുംപോലെ ഒരു വലിയ വീടുകാണാം. ആ വീടിൻ്റെ പടിപ്പുരയോട് നടന്നടുത്തപ്പോൾ അതിനരികിലായി പഴയ, എന്നാൽ വലിയ തകരാറില്ലാത്ത സോഫാസെറ്റുകൾ ഉപേക്ഷിച്ചനിലയിൽ കണ്ടു. യൂറോപ്പ്യൻ രാജ്യങ്ങളിലെ ഒരു കീഴ്വഴക്കമാണിത്, അതായത് വീട്ടുപകരണങ്ങൾ, തുണി, പുസ്തകങ്ങൾ മുതലായി തങ്ങൾ പുതുതായി എന്തെങ്കിലും സാധനങ്ങൾ മാറ്റുമ്പോൾ പഴയത് അപ്പോഴും ഉപകാരപ്രദമാണെങ്കിൽ വീടിനുപുറത്ത് മറ്റുള്ളവർ കാണത്തക്ക രീതിയിൽ അവ വെയ്ക്കുന്നു. കാണുന്നവർക്ക് ആ വസ്തുക്കൾ ആവശ്യമുണ്ടെങ്കിൽ എടുത്ത്കൊണ്ടുപോകാം. പക്ഷെ സിറ്റികളിൽ ഇത്തരത്തിൽ വലിപ്പമുള്ള സാധനങ്ങൾ പ്രദർശിപ്പിക്കാൻ പ്രത്യേക ഇടങ്ങൾ ഉണ്ടാകും. മിക്കവാറും ആഴ്ചയിൽ ഒരുദിവസം സർക്കാർ സംവിധാനങ്ങൾ അവിടെ അവശേഷിച്ചവ ശേഖരിച്ച് സംസ്കരിക്കുകയും ചെയ്യും.
അൽപ്പം കൂടെ മുന്നോട്ട് നടന്നപ്പോൾ വഴിയരികിൽ ഉപേക്ഷിച്ചനിലയിൽ കുറച്ചു റെക്കോർഡുകൾ കാണാനിടയായി. യൂറോപ്പിൽ ഇപ്പോഴും ടേൺടേബിളുകളും, റെക്കോർഡ് പ്ലെയറുകളുമെല്ലാം പ്രാബല്യത്തിലുണ്ട്. മിക്കവാറും സിറ്റികളിൽ ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്ന റെക്കോർഡ് ഷോപ്പുകൾ ധാരാളം കാണാം. ഇവിടെ ഇന്നും ചില സംഗീതഞ്ജർ അവരുടെ പുതിയ ആൽബങ്ങൾ റെക്കോർഡുകളായി വിപണിയിലിറക്കാറുണ്ട്.
നീളമുള്ള ആ ടാർഇട്ട ഒറ്റവരിപ്പാതയിലൂടെ വേദനിക്കുന്ന കാലും വേച്ചുകൊണ്ട് ഞാൻ നടന്നുനീങ്ങികൊണ്ടിരുന്നു. മുന്നോട്ട് പോകുംതോറും കാടുപിടിച്ച ചതുപ്പ്നിലങ്ങൾ വിജനതതീർക്കുന്ന പാത, ആ പാതയിലൂടെ മുന്നേറവെ ചളിയുടെ ദുർഗന്ധം രൂക്ഷമാകാൻ തുടങ്ങി. അൽപ്പം കൂടെ മുന്നോട്ട് നടന്നപ്പോൾ മതിൽകെട്ടിനുള്ളിൽ ഒരു ചതുപ്പ് ഭൂമി ഉഴുതുമറിച്ചിട്ടിരിക്കുന്നത് കണ്ടു. വർഷങ്ങളായി വെള്ളം കെട്ടിനിന്ന ചതുപ്പിനെ ഉഴുതു വൃത്തിയാക്കി കൃഷിയോഗ്യമാക്കുകയാണ്. ഒറ്റനോട്ടത്തിൽ ഇന്ന് അതിരാവിലെ വലിയ ട്രാക്റ്റർ ഉപയോഗിച്ചു കിളച്ചുമറിച്ച ആ പറമ്പാണ് നേരത്തെ എൻ്റെ മൂക്കിനെ സ്പർശിച്ച ദുർഗന്ധത്തിൻറെ ഉറവിടം എന്ന് മനസ്സിലായി.
പറമ്പിനെ ഒന്ന് അർദ്ധവൃത്തത്തിൽ നോക്കിയശേഷം നടത്തം തുടർന്നപ്പോൾ ദയനീയമായ ഒരു കാഴ്ച കാണാൻ ഇടയായി. ഉഴുതുമറിക്കപെട്ട ആ പറമ്പിനകത്തെ ചതുപ്പിൽ ജീവിച്ചിരുന്ന നൂറുകണക്കിന് ചുവപ്പൻ കൊഞ്ചുകൾ പറമ്പിൽനിന്നും ഉറുമ്പുകൾ കൂട്ടത്തോടെ അരിച്ചിറങ്ങുംപോലെ റോഡുമുറിച്ചുകടക്കുന്നു. ഇംഗ്ലീഷിൽ “ലോബ്സ്റ്റർ” എന്നറിയപ്പെടുന്ന ഇവ ചതുപ്പിൽ കെട്ടികിടന്നിരുന്ന വെള്ളത്തിലെ “അൽഗ”കളെ ഭക്ഷിച്ചു ജീവിച്ചിരുന്നതിനാൽ അവയുടെ ശരീരത്തിന് കടും ചുവപ്പുനിറമാണ്. ഏറ്റവും ചെറിയ ലോബ്സ്റ്ററിന് മുതിർന്ന ഒരാളുടെ ചൂണ്ടുവിരലും നടുവിരലും ചേർത്തുവെച്ച വലിപ്പമുണ്ട്. ചില ലോബ്സ്റ്ററുകൾ മുട്ടയും പേറിയാണ് റോഡ് മുറിച്ചുകടക്കുന്നത്. വല്ലപോഴും കടന്നുപോകുന്ന വണ്ടികൾ ചിലതിനെ ചതച്ചരച്ച പാടുകളും റോഡിൽ കാണാം. റോഡിന് മറുകരയിലുള്ള നീരൊഴുക്ക് ലക്ഷ്യമാക്കിയാണ് ലോബ്സ്റ്ററുകൾ നടക്കുന്നത്. ധാരാളം മുട്ടകളും പേറി വെയിലിൽ ചൂടുപിടിച്ചുകൊണ്ടിരിക്കുന്ന റോഡിലൂടെ മാറുകരലക്ഷ്യമാക്കി മെല്ലെ നീങ്ങുന്ന ഒരു തള്ള ലോബ്സ്റ്ററിനെ രക്ഷിക്കാം എന്ന ഉദ്ദേശത്തോടെ അതിൻറെ വാലിൽ പിടിച്ചു.
“ഔച്…”
ഞാൻ അതിൻറെ വാലിൽ പിടിച്ചപാടെ മുൻഭാഗം വളച്ചുകൊണ്ടുവന്ന് ഇറുക്കുകൈകളാൽ തന്നു അത് എനിക്ക് ഒരു മുറിവ്. അതിനുശേഷം ശ്രദ്ധയോടെ ഞാൻ ഇറക്കുകൈകൾ തുടങ്ങുന്ന ഭാഗത്തിന് പുറകിലായി അതിനെ പിടിച്ചു വേഗം നീരൊഴുക്കിൽ കൊണ്ടുപോയി വിട്ടു. തുടർന്ന് ഭാണ്ഡം നിലത്തിറക്കിവെച്ച് അപ്പോഴേക്കും കുത്തുന്ന വേദനയിലാഴ്പെട്ടിരുന്ന എൻ്റെ കാലും വേച്ചു വേച്ച് റോഡിൽ പ്രയാസ്സപ്പെട്ടിരുന്ന പരമാവധി ലോബ്സ്റ്ററുകളെ ഞാൻ മറുകരയിലെത്തിച്ചു. ചൂടുപിടിച്ചുതുടങ്ങിയ റോഡിലേക്ക് ഇറങ്ങിനടന്നവരെ എല്ലാം മറുകരയിലെത്തിച്ചതോടെ ലോബ്സ്റ്ററുകൾക്ക് ശുഭദിനം നേർന്നുകൊണ്ട് ഞാൻ നടത്തം പുനരാരംഭിച്ചു.
ഏകദെശം അൻപത് മീറ്റർ നടന്നപ്പോൾ സാമാന്യം ആഴമുള്ള ഒരു തോട് റോഡ് മുറിച്ചുകടക്കുന്നു. ലോബ്സ്റ്ററുകൾ അഭയംപ്രാപിച്ച നീർച്ചാൽ ഒഴുകി ആ തോട്ടിൽ എത്തിച്ചേരുന്നതുകണ്ടപ്പോൾ എനിക്ക് ഏറെ സന്തോഷമായി. സമയം ഏകദെശം പതിനൊന്നോടടുക്കുന്നു. ഷൂവിനുള്ളിൽ വെന്തുരുകി പോളം പൊന്തിയ കാലുമായി ഇഴഞ്ഞുനീങ്ങി ഒരുവിധത്തിൽ ഞാൻ “വില്ല നോവ ഡാ റീന” എന്ന ഗ്രാമത്തിൽ എത്തി. ഗ്രാമത്തിൻറെ നടുഭാഗത്തെ പ്രധാന തെരുവിലൂടെ നടക്കുമ്പോൾ ഒരു കൊച്ചുകയറ്റത്തിന് മുകളിലായി അവിടുത്തെ പള്ളി കാണാം. പോർത്തുഗീസ് ഉൾനാടൻശൈലിയിൽ അടുത്തടുത്ത് കുഞ്ഞുവീടുകൾ അടുക്കിയ ഗ്രാമമധ്യം. വെളുത്ത കല്ലുകൾ പാകിയ പ്രധാന നടവഴി. അപ്പോഴേക്കും ചൂടേറിവന്ന വെയിൽതെളിമയിൽ വിയർപ്പുകിനിച്ചുകൊണ്ട് വിശന്ന് വേദനയും പേറി ഞൊണ്ടി ഞെരുങ്ങി ഞാൻ പള്ളിമുറ്റത്തെത്തി.
‘ഉള്ളിൽ ആരൊക്കെയോ ഉണ്ട്, ഇന്നൊരു ഞായറാഴ്ചയല്ലേ’!
ഒരു കൊച്ച് കുന്നിൻമുകളിൽ എന്നപോലെ ആ ഗ്രാമ മധ്യത്തിൽ തലയുയർത്തി നിൽക്കുന്ന ആ കുഞ്ഞുപള്ളിയുടെ അകത്തേക്ക് ഞാൻ കയറി. ഉള്ളിൽ ഞായറാഴ്ചകുറുബാന നടക്കുകയാണ്. ഭാണ്ഡം പള്ളിയകത്തേക്ക് കയറുന്ന വാതിലിനടുക്കൽ ഇറക്കിവെച്ച് ഞാൻ പുറകിലെ നിര ബെഞ്ചിൽ ഇരുന്നു. ഇരുന്നപാടെ ഷൂവിൻറെ കെട്ടഴിച്ച് അത് കാലിൽനിന്നും വേർപെടുത്തി.
“ഹാവൂ”
ഒരു തണുപ്പ് കാലിലൂടെ തലയിലേക്ക് അരിച്ചുകയറുന്നപോലെ തോന്നി. സോക്സ് കൂടെ ഊരി കാൽപാദങ്ങൾ കൈകൊണ്ട് ഉഴിഞ്ഞശേഷം കാൽ തറയിലെ തണുത്ത മാർബിളിൽ ഉറപ്പിച്ച് ഞാൻ ഒന്ന് നിവർന്നിരുന്നു. പള്ളിയിൽ കുറുബാനക്കെത്തിയിരിക്കുന്നവരെല്ലാം 50 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ്, അതും വിരലിലെണ്ണാവുന്നവർ മാത്രം. ഇടയ്ക്കിടെ പാട്ടുകുറുബാനക്കിടയിൽ അച്ഛൻ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഒരുപക്ഷെ ലിസ്ബൺ നഗരത്തിൽനിന്നും പുതിയതായി ഈ ഗ്രാമത്തിൽ എത്തിപ്പെട്ട ഏതോ ഭവനരഹിതൻ ആയിരിക്കുമോ എന്ന സംശയത്തോടെ ആയിരുന്നു ആ നോട്ടം എന്ന് എനിക്ക് തോന്നി.
അരമണിക്കൂറോളം ആ ഇരിപ്പുതുടർന്നു. ശേഷം കാലിനും മനസ്സിനും അൽപ്പം സുഖം ലഭിച്ചതോടെ പതിയെ പള്ളിയകത്തുനിന്നും പുറത്തിറങ്ങി. അപ്പോഴേക്കും സാമാന്യം വിശപ്പ് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. പള്ളിയോടു ചേർന്ന് ചെറിയൊരു പലചരക്കുകട കണ്ടു. ഞാൻ ആ കടയിലേക്ക് കയറിച്ചെന്നു. നീട്ടിയ താടിയും തലയിൽ തൊപ്പിയും നെറ്റിയിൽ നിസ്ക്കാരത്തഴമ്പും ഉള്ള ഒരു ചാച്ച നടത്തുന്ന കടയാണ്. അൽപ്പനേരം കടയുടെ അകത്തുകൂടി ചുറ്റിത്തിരിഞ്ഞശേഷം, പുഴുങ്ങിചെപ്പിലാക്കിയ ചോളം, വീഗൻ ബിസ്ക്കറ്റ്, പഴങ്ങൾ അങ്ങനെ ഒരുനേരത്തെ ആഹാരം തിരഞ്ഞെടുത്ത് ഞാൻ ക്യാഷ് കൗണ്ടറിൽ ചാച്ചയുടെ അടുത്തെത്തി “സലാം അല്ലേക്കും” പറഞ്ഞു. സലാം മടക്കിയശേഷം അദ്ദേഹം എന്നെ ഒന്ന് സൂക്ഷിച്ചുനോക്കി, എൻ്റെ കയ്യിലുള്ള സാധനങ്ങൾ കൈനീട്ടി വാങ്ങി ഓരോന്നായി ബില്ലിംഗ് മെഷീനിൽ സ്കാൻ ചെയ്തു തിരികെതന്നു.
ചെറിയ പുഞ്ചിരിയോടെ അദ്ദേഹം വീണ്ടും എൻ്റെ കണ്ണിലേക്ക് സൂക്ഷിച്ച് നോക്കി ഞാൻ പാകിസ്ഥാനിയാണോ എന്ന് ചോദിച്ചു. പ്രത്യേകിച്ച് ഉത്തരമൊന്നും പറയാതെ ഞാൻ അദ്ദേഹത്തിൻ്റെ മുഖത്തുനോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് സാധനങ്ങളുടെ പണം നൽകി. എൻ്റെ കയ്യിൽനിന്നും പണംവാങ്ങി ബാക്കിതരുന്നതിനിടയിൽ മെല്ലെ തലയാട്ടി പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം മുസമ്പിക്കിൽനിന്നാണെന്നും ഇവിടെ വളരെ ചെറിയ പ്രായത്തിൽ എത്തിയതാണെന്നും സൂചിപ്പിച്ചു. ഞാൻ വീണ്ടും അദ്ദേഹത്തെനോക്കി ഒന്നുപുഞ്ചിരിച്ചശേഷം ഭാണ്ഡത്തിൽനിന്നും കാമീനോ പാസ്പോർട്ട് എടുത്ത് അദ്ദേഹത്തിനുനേരെ നീട്ടി. അദ്ദേഹം അതുവാങ്ങി ഒന്ന് മറിച്ചുനോക്കി അതിൽ സീൽ വച്ചു. തിരികെത്തരുന്നതിനുമുൻപായി അദ്ദേഹത്തിൻറെ മേശപ്പുറത്ത് വച്ചിരുന്ന ഒരു ചാരിറ്റി ബോക്സിനുമുകളിലായി ഉണ്ടായിരുന്ന “തസ്നിയിൽ” തൊട്ട് ‘യാഹ് അള്ളാഹ് ’എന്ന് മന്ത്രിച്ചു, ശേഷം അദ്ദേഹം എന്നെ ഏറെ ബഹുമാനത്തോടെ ഒന്ന് നോക്കി പാസ്പോർട്ട് രണ്ടുകൈകൾ ഉപയോഗിച്ച് എനിക്ക് കൈമാറി. അദ്ദേഹത്തോട് നന്ദി പറഞ്ഞശേഷം ഞാൻ കടയിൽനിന്നും പുറത്തിറങ്ങി. ഒരു തണലിൽ നിന്ന് പഴം കഴിച്ച് അപാര വിശപ്പിന് അൽപ്പനേരത്തേക്ക് തടയിട്ടു. പഴത്തൊലികൾ ചാച്ചയുടെ കടക്ക് മുൻപിൽതന്നെവച്ചിരുന്ന ചവറ്റുകുട്ടയിൽ നിക്ഷേപിച്ച് നടത്തം തുടർന്നു.
വില്ല നോവോ റീന എന്ന ഈ ഗ്രാമത്തിൻറെ ജനവാസമേഖലയിലൂടെ ആണ് നടത്തം. റോഡിനിരുവശത്തും നിരയൊപ്പിച്ച് ചന്ദനനിറമുള്ള തറവീടുകൾ, ഇന്ന് ഒരു ഞായറാഴ്ചയായതുകൊണ്ട് വീടുകൾക്കുമുൻപിലും റോഡിലെ മാർക്ക് ചെയ്തിട്ടുള്ള ഇടങ്ങളിലും ധാരാളം വണ്ടികൾ പാർക്ക് ചെയ്തിട്ടുണ്ട്. അനക്കമില്ലാത്ത ആ നീണ്ട റോഡിലൂടെ ഏറെനേരം ഞാൻ നടന്നു. അപ്പോഴേക്കും ചൂടിൻറെ ശക്തി ഏറിക്കഴിഞ്ഞിരുന്നു. കുറച്ചുകൂടെ മുന്നോട്ട് പോയി ശാന്തമായ നേർവഴിയിൽനിന്നും ഒരു പ്രധാന പാത മുറിച്ചുകടക്കേണ്ടതുണ്ട്. ഞാൻ ആ ക്രോസിങ്ങിനോട് അടുത്തെത്തിയപ്പോൾ ഫുട്ട്പാത്തിലെ ഓറഞ്ച് മരത്തിനുകീഴിലായി ഇട്ടിരുന്ന ബെഞ്ചിൽ ഇന്നലെ പരിചയപ്പെട്ട പിൽഗ്രിം പാട്രിക് ഇരിക്കുന്നു.
കണ്ടപാടെ അൽപ്പനേരം അവിടെ ഇരിക്കാൻ അദ്ദേഹം എന്നെ ക്ഷണിച്ചു. ആ ബെഞ്ചിൽ അൽപ്പനേരം വീണ്ടും ഷൂ അഴിച്ചുവെച്ച് ഞാൻ ഇരുന്നു. അതുകണ്ടപ്പോഴാണ് പാട്രിക് അദ്ദേഹത്തിൻ്റെ കാലിലും എനിക്ക് സമാനമായ അവസ്ഥ ഉള്ളതായി പറഞ്ഞത്. ഞങ്ങൾ രണ്ടുപേരും വാട്ടർപ്രൂഫ് ഷൂസുകൾ ആണ് ഉപയോഗിക്കുന്നത്. മഞ്ഞുകാലമായിരുന്നെങ്കിൽ ഒരുപക്ഷെ ഇത്ര പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ലയെന്നും, ഈ ചൂടിൽ കാലിന് വായുസഞ്ചാരം അനുവദിക്കുന്ന ഷൂ ആണ് വേണ്ടിയിരുന്നതുമെന്ന നിഗമനത്തിൽ എത്തി ഞങ്ങൾ. പാട്രിക് “സാന്തരേം” എന്ന പട്ടണത്തിൽ എത്തുമ്പോൾ ഡെക്കാത്ലോണിൽ പോയി ഒരു വിലകുറഞ്ഞ വാക്കിങ് ഷൂ വാങ്ങാൻ തീരുമാനിച്ചിരിക്കുകയാണ്. അതുവരെ വേദനയറിയാതെ നടക്കാൻ അദ്ദേഹം കയ്യിൽകരുതിയിരുന്ന ഒരു വേദനസംഹാരി ഗുളിക കഴിക്കാൻ പോകുന്നു. കഴിക്കുന്നതിനുമുൻപ് എനിക്കുനേരെയും അദ്ദേഹം ഒരു ഗുളിക നീട്ടിയിരുന്നു. ഞാൻ സ്നേഹത്തോടെ അത് നിരസിക്കുകയുംചെയ്തു.
അല്പനേരത്തെ വിശ്രമത്തിനൊടുവിൽ ഞങ്ങൾ ഇരുവരും ചേർന്ന് നടത്തം പുനരാരംഭിക്കാൻ തയ്യാറെടുത്തു. നടത്തം തുടങ്ങുന്നതിനുമുൻപായി പാട്രിക് എൻ്റെ ഒരു ചിത്രമെടുക്കാൻ എന്നോട് അനുവാദം ചോദിച്ചു. ഞാൻ സമ്മതിച്ചതോടെ എൻ്റെ ഒരു ചിത്രമെടുത്തു, അത് അദ്ദേഹത്തിൻ്റെ കുടുംബത്തിന് അയച്ചുകൊടുക്കാൻ വേണ്ടിയായിരുന്നത്രെ. ഞങ്ങൾ പരസ്പരം ജർമനും, ഇംഗ്ലീഷും, പോർത്തുഗീസും, സ്പാനിഷും, ആംഗ്യങ്ങളും എല്ലാം കലർന്ന ഒരു സങ്കരയിനം ഭാഷയിൽ പലതും സംസാരിച്ചുകൊണ്ട് മെല്ലെ നടന്നു. ജർമനിയിലെ തീവ്ര വലതുപക്ഷത്തിൻ്റെ ശക്തിപ്പെടൽ, ഇന്ത്യയിലെ മോഡിയുടെ ഏകാധിപത്യനയങ്ങൾ , റഷ്യ ഉക്രൈനുനേരെ നടത്തുന്ന അധിനിവേശം, ട്രമ്പിൻറെ കക്കൂസിൽ കണ്ടെത്തിയ രഹസ്യ രേഖകൾ അങ്ങനെ വിഷയങ്ങൾ പലതിലൂടെ പോകുമ്പോഴും, ആദ്യം അടുത്ത കമീനോ ചിഹ്നം കാണുന്നയാൾ മറ്റെയാളെ സംസാരം മുറിയാതെ നേർവഴി ചൂണ്ടിക്കാട്ടി.
സാവധാനം ഞങ്ങൾ ഏറെ ദൂരം പിന്നിട്ടു. തിരക്കേറിയ ജനവാസമേഖലകൾ പുറകിലാക്കി ഒലിവ് മരങ്ങൾ നിറഞ്ഞ തോട്ടങ്ങൾ കടന്ന് ഉണങ്ങിവരണ്ട റെയിൽ പാതയുടെ ഓരംപറ്റി നടക്കാനാരംഭിച്ചു. സൂര്യൻ ഉച്ചിയിലെത്തി അതിൻ്റെ പൂർണസ്വരൂപം കാട്ടുകയാണ്. ദൂരേക്കുനോക്കിയാൽ തിളച്ചുമറിയുന്ന വെള്ളത്തിൽനിന്നും ആവിപരക്കുംപോലെയുള്ള കാഴ്ച. കിലോമീറ്ററുകളോളം ആ പൊടിപറക്കും നേർരേഖയിൽ ഒരു ഇലയോളമില്ല തണൽ. അല്പം കഴിഞ്ഞപ്പോഴേക്കും ഒരുപാട് ദൂരം നടന്നിട്ടും എവിടെയും എത്തുന്നില്ല എന്ന തോന്നൽ എൻ്റെ മനസ്സിൽ വന്നുതുടങ്ങി. പക്ഷെ പാട്രിക് ആവേശത്തോടെ മുൻപിൽ നടക്കുന്നു.
“ഗുളികയുടെ ശക്തി” ഞാൻ മനസ്സിൽ കരുതി.
പക്ഷെ തളരാതെ ഞാൻ പരമാവധി പാട്രിക്കിനോടൊപ്പം ഏറെ ദൂരം പിന്നിട്ടു. ഒടുവിൽ നോക്കെത്താദൂരം നീളുന്ന ആ വഴിയുടെ പാതിയിൽ ഒരു കൊച്ചു മുളംകൂട്ടത്തിനരികിൽ അൽപ്പം തണൽ കണ്ടെത്തി. ഞങ്ങൾ ആ തണലിൽ അൽപ്പനേരം വിശ്രമിക്കാൻ തീരുമാനിച്ചു. ഞാൻ തണലിലെത്തിയപാടെ ഷൂ അഴിച്ചുവെച്ച് കാലിൽ കാറ്റുകയറ്റാനാരംഭിച്ചു. പാട്രിക് പക്ഷെ ഗുളികയുടെ മത്തിൽ വേദനയൊന്നും അറിയുന്നുണ്ടായിരുന്നില്ല. എനിക്ക് വല്ലാതെ വിശക്കുന്നുണ്ടായിരുന്നു. ചാച്ചയുടെകടയിൽനിന്നും വാങ്ങിയ ആഹാരസാധനങ്ങൾ ഓരോന്നായി എടുത്ത് ഞാൻ മുന്നിൽ നിരത്തി കഴിക്കാനായി ഞാൻ പാട്രിക്കിനെയും ക്ഷണിച്ചു. അപ്പോഴാണ് അദ്ദേഹം പറയുന്നത്, ഞങ്ങൾ ഇന്ന് കണ്ടുമുട്ടിയ ഇടത്തിനരികിലുണ്ടായിരുന്ന ഒരു റെസ്റ്റോറന്റിൽനിന്നും ആഹാരം കഴിച്ചിട്ടായിരുന്നു അദ്ദേഹം ആ ബെഞ്ചിൽ വിശ്രമിച്ചിരുന്നത് എന്ന്. മാത്രമല്ല അദ്ദേഹത്തിന് എത്രയുംവേഗം അസംബുജ പട്ടണത്തിലെ ആൽബർഗിൽ എത്തുകയുംവേണം. അദ്ദേഹം എന്നോട് സാവധാനം ഈ തണലിലിരുന്ന് എൻ്റെ ആഹാരം ആസ്വദിക്കാൻ പറഞ്ഞശേഷം തൽക്കാലം യാത്രപറഞ്ഞുകൊണ്ട് നടന്നകന്നു.
മുളംകൂട്ടത്തിൻ തണലിലിരുന്ന് ഞാൻ മെല്ലെ ആഹാരം കഴിച്ചുതീർക്കുന്നതിനിടയിൽ രണ്ടു പിൽഗ്രിമുകൾ എനിക്കരികിൽ എത്തി. കത്തറീനയും, ജോർജും അവർ മധ്യവയസ്കരായ ദമ്പതികൾആണ്. സംസാരശൈലിയിൽനിന്നും അവർ ഫ്രഞ്ചുകാരാണെന്ന് ഞാൻ ഊഹിച്ചു. ഊഹം തെറ്റിയില്ല അവർ “ബിയറിട്സ്” എന്ന ഫ്രഞ്ച് തീരദേശ പട്ടണത്തിൽനിന്നുമുള്ളവരാണ്. ലിസ്ബൺ മുതൽ പോർത്തോ വരെ മാത്രമാണ് അവർ ഇപ്പോൾ നടക്കാനുദ്ദേശിക്കുന്നത്.
ജോർജ് ഒരു പുകവലിക്കാരനാണ്. തണൽകണ്ടപ്പോൾ ഒരു സിഗററ്റിന് തീകൊളുത്താൻ കയറിയതാണ് കക്ഷി. എന്നാൽ അവരുടെ പെരുമാറ്റത്തിൽനിന്നും കത്തറീനക്ക് ജോർജിൻ്റെ ഈ പുകവലിയിൽ അത്ര താല്പര്യമില്ല എന്നത് വ്യതമാണ്. കത്തിച്ച സിഗരറ്റ് എറഞ്ഞുതീരുന്നതിന് മുൻപായി അവർ എന്നെയും ഞാൻ അവരെയും പരിചയപെട്ടു. എൻ്റെ കാലിൻറെ അവസ്ഥ കണ്ടപ്പോൾ കത്തറീനയും, ജോർജും ഒരേസ്വരത്തിൽ ഉടനടി ഷൂ മാറ്റാൻ നിർദേശിച്ചു. പല കമീനോ റൂട്ടുകൾ പലപ്പോഴായി നടന്ന് പരിചയമുള്ള ദമ്പതികളാണവർ. അതുകൊണ്ടുതന്നെ ഏതു കാലാവസ്ഥയിൽ ഏതുതരം ഷൂ ധരിക്കണമെന്നതിനെപ്പറ്റിയുള്ള വ്യക്തമായ ധാരണയുണ്ടവർക്ക്. മാത്രമല്ല ഇരുവരും ധരിച്ചിരിക്കുന്നത് ഹോക്ക, അസിക്സ് പോലുള്ള റണ്ണിങ് ഷൂസുകൾ ആയിരുന്നു. സിഗരറ്റിൻറെ അവസാനപുക വിട്ടുകൊണ്ട് ജോർജ് എന്നോട് യാത്രപറഞ്ഞു, ഒരിക്കൽക്കൂടി എത്രയുംപെട്ടെന്ന് ഷൂ മാറ്റാൻ ആവശ്യപെട്ടുകൊണ്ട് അവർ നടന്നു.
ഭാണ്ഡം തോളിലേറ്റി തണലിനോട് വിടപറഞ്ഞുകൊണ്ട് ഞാനും നടത്തം തുടർന്നു. ഏകദെശം രണ്ട് കിലോമീറ്റർ വീണ്ടും ആ നീളൻ മൺപാത പിന്നിട്ടപ്പോഴേക്കും വില്ല നോവ ഡാ റീന റെയിൽവേ സ്റ്റേഷൻ എത്തി. അപ്പോഴാണ് മനസ്സിൽ ഒരു ബുദ്ധിയുദിച്ചത്. “പുതിയ ഷൂ വാങ്ങണമെങ്കിൽ അസംബുജയും കടന്ന് സാന്തരേം പട്ടണത്തിൽ ഉള്ള ഡെക്കാത്ലൺ എത്തണം. അത്രയും ദൂരം നടക്കുമ്പോഴേക്കും ഒരുപക്ഷെ എൻ്റെ കാലിൽ മുളച്ചിട്ടുള്ള ചെറുപോളങ്ങൾ വളർന്ന് പൊട്ടാനും അങ്ങനെസംഭവിച്ചാൽ പിന്നീടുള്ള നടത്തം തികച്ചും ദുർഘടമാകാനും വഴിയുണ്ട്. അതിനൊപ്പം ഇപ്പോൾ കാലിലുള്ള ഈ ഷൂ ഉപേക്ഷിക്കേണ്ടിയും വരും. പക്ഷെ ഈ റെയിൽവേ സ്റ്റേഷനിൽനിന്നും അടുത്ത വണ്ടിപിടിച്ച് ലിസ്ബണിൽ പോയാൽ വീട്ടിൽകിടക്കുന്ന ഏതെങ്കിലും റണ്ണിങ് ഷൂ എടുത്ത് ധരിച്ച്, ഇപ്പോൾ കാലിലുള്ളത് അവിടെ വച്ചശേഷം തിരിച്ചുവരികയാണെങ്കിൽ പണം ലാഭിക്കുന്നതോടൊപ്പം കാലിനുവന്നേക്കാവുന്ന ദുരന്തവും ഒഴിവാക്കാം.”
അവിടെ തീരുമാനമെടുക്കാൻ പിന്നീടൊന്നും ആലോചിക്കേണ്ടിവന്നില്ല എന്നുമാത്രമല്ല റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ എത്തിയപാടെ ലിസ്ബണിലേക്കുള്ള വണ്ടി എൻ്റെ മുൻപിൽ വന്ന് വാതിൽ തുറന്നുനിൽക്കുന്നു. കൃത്യം 2 മണിക്കൂർ, അതേ വണ്ടിയുടെ വാതിൽ വീണ്ടും അവിടെ തുറന്നപ്പോൾ അതിൽനിന്നും ഞാൻ ഇറങ്ങി. വീട്ടിൽ കിടന്നിരുന്ന പഴയൊരു റണ്ണിങ് ഷൂ കാലിൽ കയറി, കാലിൽകിടന്നിരുന്ന വാട്ടർപ്രൂഫ് ഹൈക്കിങ് ബൂട്ട് വീട്ടിൽ ഉപേക്ഷിച്ചു. സമയം നാലരയോടടുത്തിരുന്നു. ഞാൻ വില്ല നോവ ഡാ റീന സ്റ്റേഷനുപുറത്തിറങ്ങി. ഇപ്പോൾ കാലിൽ പുകച്ചിലോ വേദനയോ ഒന്നുമില്ല. മനസ്സിൽ മടുപ്പോ തളർച്ചയോ എന്തെന്ന്പോലും അറിയാത്ത അത്രയും ആത്മവിശ്വാസം. കമീനോയിൽ എനിക്കിതൊരു പുനർജൻമം.