കമീനോ സാൻറ്റിയാഗോ – 4

ആദ്യ പാദം

ഉഷ്ണകാലത്തിൻറെ അവസാന നാളുകളായതിനാൽ ജനൽ തുറന്നിട്ടാണ് ഉറക്കം. രാത്രി മുറിയുടെ ഭംഗി കൂട്ടുന്നതിനായി കത്തിച്ചുവെച്ച മെഴുതിരിയിൽ ചിലത് ഇപ്പോഴും നുറുങ്ങുവെട്ടം പരത്തുന്നു. വരാന്തയിൽ പുകച്ച അറബി ഊദിന്റെ മണം ഇപ്പോഴും അവിടവിടെ തളംകെട്ടിനിൽക്കുന്നു. ഞാൻ സാവധാനം കൺ‌തുറന്നു. അലാം കേട്ട് ഞെട്ടിയുണരുന്ന വർഷങ്ങളായുള്ള യാന്ത്രിക ജീവിതത്തിൻറെ അവസന തുള്ളി ഓർമ്മപോലും ഈ ഒരൊറ്റ പ്രഭാതം എന്നിൽനിന്നും തുടച്ചുനീക്കി. നിശ്ചിത കാലയളവ്‌ വരെ മാത്രമെങ്കിലും ഇപ്പോൾ മുതൽ ഞാൻ സ്വതന്ത്രനാണ്. സ്വാതന്ത്യത്തിൻറെ പരിപൂർണ്ണതയല്ലെങ്കിലും സാധാരണയിൽ കവിഞ്ഞ സ്വാതന്ത്ര്യം കൈവന്നിരിക്കുന്നു എന്ന ബോധ്യം ഒരുമനുഷ്യൻ്റെ മുഖത്ത് പുഞ്ചിരിയിൽക്കുറഞ്ഞ മറ്റൊരു ഭാവവും വിടർത്തില്ല. കിടക്കയിൽനിന്നും പുഞ്ചിരിയോടെ എഴുന്നേറ്റ ഞാൻ ആദ്യം ഭാണ്ഡത്തെ ഒന്ന് തലോടി. പിന്നെ കാര്യങ്ങൾ വേഗത്തിലായിരുന്നു. വ്യായാമവും കുളിയും ആഹാരവുമെല്ലാം കഴിച്ചു സൂര്യോദയത്തിന് മുൻപുതന്നെ ഞാൻ തയ്യാറായി.

ഇന്ന് 2023 സെപ്റ്റംബർ 30. ജീവിതത്തെ ഈ ദിവസത്തിന് മുൻപും ശേഷവും എന്നിങ്ങനെ രണ്ടായി കാണാവുന്ന ഒരു ദിവസം. പക്ഷെ ഇതുപോലുള്ള നീണ്ട പല യാത്രകൾക്കൊടുവിലാണ് ഞാൻ ഈ ദിവസത്തിൽ എത്തിയത്. അതിനാൽ ഒരുപക്ഷെ കാലചക്രം ഉരുളവെ ഇതും മറ്റു ദിവസങ്ങളുടെ കൂട്ടത്തിൽ ചേർന്നേക്കാം. എന്നാൽ ഇപ്പോൾ ഈ ദിവസവും ഈ നിമിഷവും മാത്രമാണ്, മുന്നോട്ടോ പിന്നോട്ടോ ചിന്തകളും ആഗ്രഹാവശ്യങ്ങളും സഞ്ചരിക്കുന്നില്ല. ഇതാണ് ഇതിനായാണ് ഞാൻ കാത്തിരുന്നത്.

സമയം 7: 15, പുറത്ത് ഭാണ്ഡവും കഴുത്തിൽ ക്യാമറ ബാഗും തൂക്കി ഞാൻ വീടിനുപുറത്തിറങ്ങി. അപ്പോഴാണ് ഒരു കാര്യം ഓർമ്മവന്നത് “എൻ്റെ ചെടി കുഞ്ഞുങ്ങൾ”. ഭാണ്ഡവും ക്യാമറയും വാതിലിനടുക്കൽ ഇറക്കിവെച്ച് ഞാൻ വീടിനകത്തേക്കോടി. ഇനി എപ്പോൾ കാണുമെന്നറിയില്ല അതുകൊണ്ടുതന്നെ ബാൽക്കണിയിലും മുറിയിലും പുറകിലെ വരാന്തയിലുമൊക്കെയായി ഞാൻ നട്ടുവളർത്തുന്ന ചെടികൾക്ക് വെള്ളമൊഴിച്ചു, അവയെ തൊട്ടുതലോടി. അതിനുശേഷം എന്നോടൊപ്പം വീടുപങ്കിടുന്ന സുഹൃത്ത് കാണാൻ വേണ്ടി ഡയനിംഗ് ഏരിയയിലെ നോട്ടീസ് ബോർഡിൽ “വി ആർ തേർസ്റ്റി :- പ്ലാൻറ്സ്” എന്നൊരു കുറിപ്പും എഴുതി കുത്തിവച്ചു. എല്ലാംകൊണ്ടും യാത്രക്ക് തയ്യാർ. വീണ്ടും ഭാണ്ഡവും ക്യാമറയും തൂക്കി ഞാൻ നടത്തം തുടങ്ങി.

നേരെ പാർക്ക് നസോയിഷിൽ എത്തി. ദുബൈയിലെ ബുർജ് അൽ അറബ് ഹോട്ടലിൻറെ രൂപസാദൃശ്യമുള്ള മേരിയാദ് ഹോട്ടലിൻറെ മുൻപിൽ എത്തിയപ്പോൾ അതിനുപുറകിലെ താഗസ് നദി ചുവപ്പിച്ചുകൊണ്ട് വാസ്കോ ഡാ ഗാമ പാലത്തിൻറെ ഒത്തനടുവിൽനിന്നും സൂര്യൻ ഉയർന്നുവന്നുതുടങ്ങിയിരുന്നു. മാരത്തോൺ പ്രാക്ടീസ് കാലത്ത് ഓടാൻ ഇറങ്ങുമ്പോൾ ഈ കാഴ്ച സ്ഥിരമാണെങ്കിലും ഇന്ന് ഇത് പുതിയൊരു കാഴ്ചയെന്നപോലെ ഞാൻ ഒരുനിമിഷം അവിടെ നിന്ന് ആസ്വദിച്ചുകൊണ്ട് സൂര്യോദയത്തിൻ്റെ ചിത്രങ്ങൾ പകർത്തി.

താഗസ് നദിക്കരയിലൂടെ നീണ്ട നടത്തമാണ് ഇന്ന്. പ്രത്യേകിച്ച് ലക്ഷ്യങ്ങളില്ല, എങ്കിലും സാധിക്കുമെങ്കിൽ ഏകദേശം 50 കിലോമീറ്റർ അകലെയുള്ള “അസംബുജ” എന്ന പട്ടണത്തിനരികിൽ എത്തുക. ഞാൻ സാവധാനം നടന്നുതുടങ്ങി. ധാരാളം ആളുകൾ വ്യായാമത്തിനായി നടക്കുകയും ഓടുകയുമൊക്കെ ചെയ്യുന്നു. പ്രദേശവാസികളായ ചിലർ എന്നെ കാണുമ്പോൾ “ബോം കമീനോ” ആശംസിക്കുന്നു. അവരോടെല്ലാം “ഒബ്രിഗാഡോ ഇ ബോം ദിയ” (നന്ദി & ശുഭ ദിനം) എന്ന മറുപടിയും നൽകി ഞാൻ നടന്നു.

കമീനോ നടക്കുന്ന ഒരു പിൽഗ്രിം താൻ ശരിയായ പാതയിലാണെന്ന് മനസിലാക്കുന്നത് വഴിയരികിൽ പതിപ്പിച്ചിട്ടുള്ള കമീനോ ചിഹ്നം കണ്ടുകൊണ്ടാണ്. ഞാൻ മുൻപ് പറഞ്ഞ കക്കയുടെയോ, ഒരു വശത്തേക്ക് പ്രകാശരശ്മികളെ പുറപ്പെടുവിക്കുന്ന സൂര്യൻറെയോ ചിഹ്നത്തോടൊപ്പം ഏതു ദിശയിലേക്കാണെന്ന് സൂചിപ്പിക്കുന്ന അമ്പ് അടയാളവും നോക്കിയാണ് കമീനോ സാൻറ്റിയാഗോ പാത മനസിലാക്കുന്നത്. ഉദാഹരണത്തിന് ഒരു നാൽക്കവലയിലേക്ക് അടുക്കുന്ന പിൽഗ്രിം ആ കവലയിൽ എത്തുന്നതിനും തൊട്ടുമുൻപായി കവലയിൽനിന്നും ഇനി ഏതു ദിശയിലേക്ക് തിരിയണമെന്ന സൂചകമായി ഒരു കക്ക ചിഹ്നത്തോടൊപ്പം തിരിയേണ്ടുന്ന ദിശയിലേക്ക് അമ്പുചിഹ്നം സൂചിപ്പിച്ചിരിക്കുന്നത് ശ്രദ്ധിച്ചാൽ മതി.

കമീനോ സാൻറ്റിയാഗോ മാത്രമല്ല. യൂറോപ്പിലും മറ്റു പടിഞ്ഞാറൻ രാജ്യങ്ങളിലും 45 കിലോമീറ്ററിലും കൂടുതൽ ദൈർഘൃമുള്ള എല്ലാ നടപ്പാതകളിലും അവ ട്രയലുകൾ ആയാലും പരന്ന ഭൂമികയിലൂടെയുള്ള തീർത്ഥാടന പാതകളായാലും. അതാത് പാതകളുടെ സൂചകങ്ങളായ ചിഹ്നങ്ങളോ നിറങ്ങളോകൊണ്ട് യാത്രീകന് സംശയം വന്നേക്കാം എന്ന ധാരണയുള്ള ഇടങ്ങളിൽ മാർക്ക് ചെയ്തിരിക്കും. ലിസ്ബണിൽനിന്നും സെൻട്രൽ വേയിൽ “സാൻറ്ററെയിം” പട്ടണം വരെ കമീനോ സാൻറ്റിയാഗോയും, “കമീനോ ഫാത്തിമയും” ഒരേ പാതയിലാണ്. കമീനോ ഫാത്തിമയുടെ ചിഹ്നം തുമ്പിനു നീളമില്ലാത്ത ആലിലയിൽ ഒരു കുരിശു വച്ചപോലെയുള്ളതാണ്.

ലിസ്ബണിൽ നിന്നും ഏകദെശം 100 കിലോമീറ്ററുകൾ അകലെ സ്ഥിതിചെയ്യുന്ന ഒരു ചെറു ഗ്രാമമായിരുന്നു ഫാത്തിമ. അവിടെ മൂന്നു കുട്ടികൾക്കു മുൻപിൽ കന്യാമറിയം പ്രത്യക്ഷപെട്ടതിൻറെ സൂചകാർത്ഥം ഫാത്തിമയിൽ പ്രത്യക്ഷപ്പെട്ട മാതാവിന് ഫാത്തിമമാത എന്നപേരിൽ ഒരു പള്ളി പണിയുകയും ഇന്ന് ആ പള്ളി വലിയൊരു തീർത്ഥാടനകേന്ദ്രമായി മാറുകയും ചെയ്തിരിക്കുന്നു. ഫാത്തിമ എന്ന പേരിനു പിന്നിൽ മൂർ ഭരണകാലത്തെപ്പറ്റിയും, ആ വാക്കിൻറെ അർത്ഥത്തെ പറ്റിയുമെല്ലാം ധാരാളം മിത്തുകൾ നിലനിൽക്കുന്നു. ഇന്ന് ഫാത്തിമ പള്ളിയിലേക്ക് അവിടുത്തെ വിശേഷ ദിവസമായ ഒക്ടോബർ പതിമൂന്നാം തിയ്യതി ഏത്തക്ക രീതിയിൽ തീർത്ഥാടകർ നടക്കാറുണ്ട്. കമീനോ സാൻറ്റിയാഗോയിലേക്കുള്ള അമ്പ് ചിഹ്നം മഞ്ഞനിറം കൊണ്ട് സൂചിപ്പിക്കുമ്പോൾ ഫാത്തിമയിലേക്കുള്ള അമ്പ് ചിഹ്നം നീല നിറത്തിൽ സൂചിപ്പിക്കുന്നു. അമ്പ് ചിഹ്നത്തോടൊപ്പം ഏത് പാതയാണോ അതിൻ്റെ മുഴുവൻ ചിഹ്നം അടയാളപ്പെടുത്തുന്നുണ്ടെങ്കിൽ അത് ഒരുപക്ഷെ വെള്ളനിറത്തിലും കാണപ്പെട്ടേക്കാം.

സാവധാനം താഗസ് കരയിലൂടെ സൂര്യോദയവും ആസ്വദിച്ച് ഞാൻ നടന്നുകൊണ്ടേയിരുന്നു. ഭാണ്ഡവും ക്യാമറ ബാഗും തൂക്കിയുള്ള നടപ്പിൻറെ ആദ്യ നിമിഷങ്ങൾ ആയതിനാൽ അവ ഇനിയും ശരീരത്തോട് ഇഴുകിച്ചേരാനുണ്ട്. ഇപ്പോൾ ഭാണ്ഡത്തിൻറെ വാറുകൾ തോളിൽ കൃത്യമായ ഇടങ്ങളിലല്ല തൂങ്ങിയിരിക്കുന്നത്. നടക്കുംതോറും കുലുങ്ങി കുലുങ്ങി തോളിലെ മസിലുകൾ ഭാണ്ഡത്തിൻറെ ഭാരത്തെ ഒരു പ്ര്യത്യേക ഭാഗത്ത് കേന്ദ്രീകരിക്കാൻ സ്വയം തയ്യാറാവേണ്ടതുണ്ട്. കുറച്ചു ദൂരം നടക്കുന്നതോടെ അത് താനേ സംഭവിക്കും, മുൻകാല യാത്രകളിൽ അപ്രകാരം സംഭവിച്ചത് പലപ്പോഴും ഞാൻ നിരീക്ഷിച്ചിട്ടുണ്ട്.

നേർരേഖയിലെ നടത്തം വാസ്കോ ഡാ ഗാമ പാലത്തിനടിയിലൂടെ മുനിസിപ്പാലിറ്റി നിർമ്മിച്ചിരിക്കുന്ന സ്കെയ്റ്റ് ബോർഡ്, ബി. എം. എക്സ്. – ബംപ് ട്രാക്ക് പരിശീലനത്തിനായുള്ള ഇടങ്ങൾ പിന്നിട്ട് പാർക്ക് തേജോയിൽ എത്തി. താഗസ് നദിയുടെ മറ്റൊരു പേരാണ് “തേജോ”. തേജോ പാർക്ക് എന്നത് വളരെ വിശാലമായ ഒരു മൈതാനമാണ്. ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന പരിപാടികൾ നടത്താവുന്ന ഒരു തുറസയ പുല്തകിടിയാണ് തേജോ പാർക്ക്. കുറച്ചു മാസങ്ങൾക്ക് മുൻപ് ജെ. എം. ജെ. കൺവെൻഷൻ ലിസ്ബണിൽ വച്ച് നടക്കുകയുണ്ടായി. ലോകത്തിലെ എല്ലാ രാജ്യങ്ങളിൽനിന്നും ക്രിസ്തീയ വിശ്വാസികളായ യുവാക്കൾ മാർപാപ്പയുമൊത്ത് കൂടിയ ആ കൺവെൻഷൻ നടത്തിയത് ഇവിടെവച്ചായിരുന്നു. ജെ. എം. ജെ. പരിപാടിക്കായി ഒരു വലിയ തുറസയ സ്റ്റേജ് ഈ മൈതാനത്ത് നിർമ്മിക്കുകയും പിന്നീട് ആ പരിപാടിക്ക് ശേഷം ജെ എം ജെ 2023 ൻറെ ഓർമ്മക്കായി അത് ഇന്നും ഇവിടെ നിലനിർത്തിയിരുന്നു.

യൂറോപ്പിൽ മതവിശ്വാസികളുടെ എണ്ണം വളരെക്കുറവാണ്. ഇവിടെ ക്രിസ്തുമസ് ദിനത്തിന് തലേന്ന് രാത്രി സെ പള്ളിയിൽ നടക്കുന്ന പാതിരാക്കുർബ്ബാനയിലെ ജനപങ്കാളിത്തം കണ്ടാൽ അതിൻ്റെ സത്യാവസ്ഥ മനസിലാക്കാം. പല വർഷങ്ങളിലും ഇരിപ്പിടങ്ങൾ പോലും നിറയത്തക്ക വിശ്വാസികൾ പങ്കെടുക്കാറില്ല. പാതിരാക്കുർബ്ബാന മാത്രമല്ല പൊതുവെ ആരും പള്ളികളിൽ പോകാറില്ല. ഒരുപാട് പള്ളികൾ അവയുടെ നിലനിൽപ്പിനായി പള്ളിയകങ്ങൾ സംഗീത നിശകൾക്കായി വിട്ടുകൊടുക്കുന്നു. അത്തരം സംഗീതപരിപാടികളുടെ നടത്തിപ്പുകാർ ടിക്കറ്റിൻറെ വിറ്റുവരവിൽ ഒരുവിഹിതം പള്ളിയിലേക്ക് സംഭാവനയായി നൽകുന്നു. മറ്റു ചില പഴക്കമേറിയ പള്ളികൾ ടുറിസത്തിലൂടെ വരുമാനം കണ്ടെത്തുന്നു.

മാർപാപ്പാ പങ്കെടുത്ത ജെ. എം. ജെ. പരിപാടിയെത്തുടർന്ന് വലിയ ഒരു വിവാദവും ഇവിടെ അരങ്ങേറിയിരുന്നു. മത വിശ്വാസങ്ങളുടെ പേരിൽ നടക്കുന്ന ഇത്തരം പരിപാടിക്കായി പൊതുജനങ്ങൾ ഒടുക്കുന്ന നികുതിപ്പണത്തിൽനിന്നും പരിപാടിയുടെ സന്നാഹങ്ങൾക്കായുള്ള ചിലവ് വഹിക്കാനാകില്ല എന്ന് വലിയ ഒരുവിഭാഗം ജനങ്ങൾ പ്രസ്‌താവിക്കുകയും ഈ കാര്യം ചൂണ്ടിക്കാട്ടി അവർ തെരുവിൽ സർക്കാരിനെതിരെ പ്രതിഷേധിക്കുകയും ചെയ്തു. ആ പ്രതിഷേധങ്ങളിൽ ഏറ്റവും ശക്തമായത് ലോകപ്രശസ്ത പോർത്തുഗീസ് കലാകാരനായ ബുർദാലോ രണ്ടാമൻറെതായിരുന്നു. തേജോ പാർക്കിൽ അന്ന് പണി പൂർത്തിയായിക്കൊണ്ടിരുന്ന മാർപാപ്പ യുവജനങ്ങളെ അഭിസംബോധന ചെയ്യേണ്ടുന്ന ഈ സ്റ്റേജിലേക്കുള്ള പടിയുടെ താഴെ. യൂറോ നോട്ടിൻറെ മാതൃകയിൽ തീർത്ത ഒരു ചവിട്ടി അദ്ദേഹം സ്വയം ഉണ്ടാക്കി അത് ഇവിടെ എത്തിച്ച് വിരിക്കുകയുണ്ടായി. താനടങ്ങുന്ന പൊതുജനങ്ങളുടെ പണത്തിനുമുകളിലൂടെയാണ് മാർപാപ്പ പരിപാടിക്കായി ഇവിടെ എത്തുന്നതെന്ന സന്ദേശമാണ് അദ്ദേഹം ആ പ്രവർത്തിവഴി മാർപാപ്പാക്കും ലോകത്തിനും നൽകിയത്. ബുർദാലോയുടെ ആ ചെയ്തി ലോകശ്രദ്ധ ആകർഷിച്ചിരുന്നു. അതിനെത്തുടർന്ന് ജെ എം ജെ പരിപാടിയുടെ സുരക്ഷാ വിഭാഗത്തിനൊഴികെ പൊതുജനങ്ങളുടെ പണം പരമാവധി ചിലവഴിക്കാതിരിക്കാൻ സർക്കാരും ശ്രദ്ധിച്ചിരുന്നു.

പക്ഷെ മാർപാപ്പ വന്നതുകൊണ്ട് മറ്റൊരുരീതിയിൽ പാർക്ക് തേജോക്ക് അരികിൽ ജീവിക്കുന്നവർക്ക് ഗുണമുണ്ടായി. ഏറെ കാലമായി മെല്ലെപോക്കിൽ നീങ്ങിയിരുന്ന 6 കിലോമീറ്റർ നീളമുള്ള ഒരു “റിവർ വാക്ക്” യുദ്ധകാല അടിസ്ഥാനത്തിൽ പണിപൂർത്തിയാക്കപ്പെട്ടു. വേലിയേറ്റസമയത്ത് നദിയുടെ ജലനിരപ്പ് ഉയർന്നാലും നദിക്ക് സമാന്തരമായി നടക്കാവുന്നതും സൈക്കിൾ ചവിട്ടാവുന്നതുമായ നീണ്ട മരപ്പാലമാണ് റിവർ വാക്ക്. തേജോ പാർക്ക് മുതൽ “സാന്ത പോവോവ ഇരിയ” വരെ നീളുന്നതാണ് ഈ പാലം. ഞാൻ ആദ്യമായാണ് റിവർ വാക്കിലൂടെ നടക്കുന്നത്. ഇന്ന് ഒരു ശനിയാഴ്ചയാണ് തന്മൂലം ധാരാളം ആളുകൾ പാലത്തിലൂടെ നടക്കുന്നു, ഓടുന്നു, സൈക്കിൾ ഓടിക്കുന്നു. പാലത്തിൽ കയറിയതോടെ ധാരാളം ആളുകൾ വ്യായാമത്തിൻ്റെ കിതപ്പിൽപോലും ഒരുനിമിഷം എനിക്കായി പുഞ്ചിരിച്ചുകൊണ്ട് ബോം കമീനോ നേരുന്നു. എല്ലാവർക്കും “ഒബ്രിഗാഡോ ഇ ബോം ദിയ” മടക്കിക്കൊണ്ട് ഞാൻ ഏറെ സന്തോഷത്തോടെ നടന്നു.

പാലത്തിൽ ഓരോ രണ്ട് കിലോമീറ്ററുകൾ കൂടുമ്പോൾ വിശ്രമകേന്ദ്രങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അത്തരം ഒരു ഇരിപ്പിടത്തിൽ ഭാണ്ഡം ഇറക്കിവെച്ച് നദിയിലേക്ക് നോക്കി കയ്യിൽകരുതിയിരുന്ന ഒരു ആപ്പിൾ കഴിച്ചുകൊണ്ട് അൽപ്പനേരം അവിടെ ഇരുന്നു. അപ്പോഴാണ് ഒരു മനോഹര കാഴ്ച കാണാനിടയായത്. ഒരുപാട് പിങ്ക് നിറത്തിലുള്ള ഫ്ളമിംഗോ കൊക്കുകൾ കൂട്ടത്തോടെ വേലിയിറങ്ങിക്കിടക്കുന്ന നദിക്കരയിൽ മേയുന്നു. ഏറെ മനോഹരമാണ് ആ കാഴ്ച. ഞാൻ ഉടനെ ക്യാമറ എടുത്ത് സൂം ലെൻസ് ഇട്ട് അവയെ നിരീക്ഷിച്ചു. ഒരു വശത്തുനിന്നും സൂര്യകിരണങ്ങൾ അവക്കുമേൽ പതിക്കുമ്പോൾ പിങ്ക് നിറം ജ്വലിക്കുന്നതായി തോന്നി. പല കോണിൽനിന്നും നിരവധി ചിത്രങ്ങൾ ഞാൻ ക്യാമറയിൽ പകർത്തി.

ഫ്ളമിംഗോ കൊക്കുകൾ മറ്റുപക്ഷികളിൽനിന്നും വ്യത്യസ്തമായി അവയുടെ കുഞ്ഞുങ്ങൾക്കായി അമ്മയുടെ തലയിൽ, ഒരു പ്രത്യേക ഇടത്തായി നേർത്ത തൊലിക്കുകീഴിൽ ഏറെ പോഷകഗുണങ്ങൾ അടങ്ങിയ ചോരയോടുസമാനമായ ഒരു ദ്രാവകം ഉദ്പാദിപ്പിച്ച് ശേഖരിക്കുന്നു. കുഞ്ഞുഫ്ളമിംഗോക്ക് ആവശ്യമുള്ളപ്പോൾ അച്ഛൻ ഫ്ളമിംഗോ അമ്മയുടെ തലയിലെ ആ നേർത്ത തൊലി കൊത്തി പൊട്ടിക്കും. ദ്രാവകം തലയിൽനിന്നും ഒഴുകി അതിൻ്റെ കൊക്കിൻതുമ്പിലൂടെ അമ്മ കുഞ്ഞിനെ ഊട്ടും. ഈ കാഴ്ച ക്യാമറയിൽ പകർത്തുക എന്ന ലക്ഷ്യത്തോടെ ഏറെനേരം ഞാൻ അവയെ നിരീക്ഷിച്ചുനിന്നെങ്കിലും വേലിയിറങ്ങുന്നതോടൊപ്പം ഫ്ളമിംഗോ കൂട്ടവും സാവധാനം കൊത്തിപ്പെറുക്കി എൻ്റെ ലെൻസിൻറെ പരിധിയിൽനിന്നും അകന്നു. ഫ്ളമിംഗോ കൂട്ടം ദൂരേയ്ക്കകന്നതോടെ ഭാണ്ഡവും ചുമലിലേറ്റി ഞാനും നടത്തം തുടർന്നു.

റിവർ വാക്കിലെ ബാക്കിയുള്ള നാല് കിലോമീറ്റർ തുടർച്ചയായി നടന്ന് പാലത്തിൽനിന്നും ഒറ്റവരി മൺപാതയിലേക്ക് ഇറങ്ങി. ഒരുവശത്ത് നദിയും മറുവശത്ത് റെയിൽപാളവും. ലിസ്ബണിൽനിന്നും പോർട്ടോ വരെയും, പോർട്ടോയിൽനിന്നും വടക്കുപടിഞ്ഞാറൻ സ്പെയ്നിലേക്കും നീളുന്നു ഈ തീവണ്ടിപ്പാത. മൺപാതയിലൂടെ അൽപ്പം നടന്ന് വീണ്ടും സിമെൻറ്‌ ഇട്ട നടപ്പാതയിലേക്ക് കയറി. വെയിൽ ചൂടുപിടിച്ചു തുടങ്ങിയിരിക്കുന്നു. ധാരാളം സൈക്ലിസ്റ്റുകൾ എന്നെ മറികടന്നും, എനിക്ക് എതിർദിശയിൽനിന്നുമെല്ലാം കടന്നുപോകുന്നുണ്ട്. അതിൽ ഒരുകൂട്ടം സൈക്ലിസ്റ്റുകൾ പഴയകാലത്തെ അനുസ്മരിപ്പിക്കുന്ന വേഷവിധാനങ്ങളും അത്തരം വിൻറ്റെജ് ബൈക്കുകളും അതിൽ ചിലരുടെ പുറകിൽ പിക്‌നിക് ബാസ്കറ്റുകളിൽ ഭക്ഷണവുമൊക്കെയായി ഉറക്കെ പാട്ടുംപാടി കടന്നുപോകുന്നു. ഉഷ്ണകാലത്തിൻറെ അവസനനാളുകളിലെ ഒരു വീക്കെൻഡ് ആണല്ലോ, ആഘോഷിക്കുവാൻ ഇവിടുത്തുകാർ ഓരോ കാരണങ്ങളും വ്യത്യസ്തമായ ആശയങ്ങളും കണ്ടെത്തുന്നു.

സമയം പത്തിനോട് അടുത്തു. ഞാൻ പോവോവ ഗ്രാമം കടന്നു. ഇപ്പോൾ ഒരു മുക്കുവ കൊളനിയിലേക് കയറുകയാണ്. നദിക്കരയോടുചേർന്നുള്ള നടപ്പാതയുടെ ഒരുവശത്ത് നിരനിരയായി പഴയ മുക്കുവകുടിലുകൾ നിലനിർത്തിയിട്ടുണ്ട്. ആ കുടിലുകൾ ഇന്ന് പലതരം സുവനീർകടകളായി പ്രവർത്തിക്കുന്നു. പഴയ മുക്കുവതോണികൾ അതിൻ്റെ യഥാർത്ഥ രൂപത്തിൽ മിനുക്കിയെടുത്ത് നദിക്കരയിൽ പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിലും ഇന്ന് മുക്കുവർ ഉപയോഗിക്കുന്നത് അത്യാധുനിക യന്ത്രബോട്ടുകളാണ്. അവ കരയിൽനിന്നും നദിയിലേക്ക് നീളുന്ന മരപ്പാലങ്ങളുടെ അറ്റത്ത് ഡോക്ക് ചെയ്തനിലയിലും കാണാം. ഇന്നത്തെ തലമുറയിലെ മുക്കുവർ താമസിക്കുന്നത് അപ്പാർട്മെൻറ്കളിലോ ബാക്ക്യാർഡും ഗ്യാരേജും അടങ്ങുന്ന വലിയ വീടുകളിലുമൊക്കെയാണ്. ഈ ഒരു പ്രദേശം അവരുടെ പഴയ തലമുറ ജീവിച്ചുപോന്ന ശൈലി അതേപടി സംരക്ഷിച്ചുനിർത്താൻ സർക്കാർ മുൻകൈ എടുത്ത് നടപ്പിലാക്കിയ ഒരു പദ്ധതിയുടെ ഭാഗമാണ്. സൗജന്യ ശുചിമുറി, കുട്ടികൾക്കായുള്ള പാർക്ക് എന്നിങ്ങനെയുള്ള സൗകര്യങ്ങളോടുകൂടിയ വലിയൊരു പ്രദേശമാണ് ഇത്തരത്തിൽ പൈതൃക സംരക്ഷണത്തിനു കീഴിൽ ജനങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. പൊതുവെ അവധിദിവസങ്ങളിൽ “ഫ്രിയാധൊ കോം സെർവേജ” (അവധി ബീയറിനൊപ്പം) എന്ന രീതിയാണ് പോർത്തുഗീസുകാരുടേത്. അതിൻ്റെ പ്രതിഫലനം ചുറ്റും കാണാം. നമ്മുടെ നാട്ടിലെ ചെറു ചായക്കടകൾ പോലെ ഇവിടെ “സെർവേജറിയ” (ബിയർ പാർലർ) നിറയെ ആളുകൾ ഒത്തുകൂടിയിട്ടുണ്ട്. ടീവി യിൽ ഏതോ ഫുട്ബാൾ കളിയും കണ്ട് കയ്യിൽ ഒരുകുപ്പി ബിയറും പിടിച്ചു അവധി ആഘോഷിക്കുന്ന ആളുകൾ. കൂടുതലും ഫുൾ കൈഷർട്ടും, വള്ളി “കളസവും” (പാൻറ് ൻറെ പോർത്തുഗീസ് വാക്ക് ആണ് കളസോയിഷ്), പോർത്തുഗീസ് തൊപ്പിയും അണിഞ്ഞ മധ്യവയസ്ക്കരാണ്. അതേ പ്രായം വരുന്ന സ്ത്രീകളെയും ധാരാളമായി അക്കൂട്ടത്തിൽ കാണാം.

മുക്കുവ ഗ്രാമവും പിന്നിട്ട് കാറ്റാടിമരങ്ങളുടെ തണൽ പതിഞ്ഞ പാതയിലൂടെ ഞാൻ നടന്നു. നീണ്ട തണൽവഴിയുടെ ഒരു വശത്തായി പഴയൊരു ഫാക്ടറി തകർന്ന നിലയിൽ കാണാം. ചില്ലുകൾ തകർന്ന് കാടുകയറി പൂർണമായും നാശത്തിൻറെ വക്കിൽ നിലകൊള്ളുകയാണ് ആ കെട്ടിടം. പക്ഷെ കെട്ടിടത്തെചുറ്റി ടാർ ചെയ്ത ഒരു റോഡ് കരിയിലകൾ വീണ്, പുല്ലും വള്ളികളും നിറഞ്ഞിരിക്കുന്നുവെങ്കിലും വലിയ തകർച്ചയൊന്നും കൂടാതെ നിലനിൽക്കുന്നു. ആ ഫാക്ടറിയെ നിരീക്ഷിച്ചുകൊണ്ട് ഞാൻ മുന്നോട്ട് നടന്നുകൊണ്ടിരുന്നു. അപ്പോൾ അതാ ഫാക്ടറിയുടെ കെട്ടിടത്തിനുപുറകിൽ നിന്നും നാലുപേർ ആ റോഡിലൂടെ വീതിയിൽ നിരയായി നടന്നുവരുന്നു. ഏതോ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളാണ്. ഹാരിപോട്ടർ സിനിമയിലെ വിദ്യാർത്ഥികളുടെ അതേ യൂണിഫോം ആണ് പോർത്തുഗലിലെ മിക്ക യൂണിവേഴ്‌സിറ്റികളിലും. പക്ഷെ ചില വിശേഷ സന്ദർഭങ്ങളിൽ മാത്രമേ വിദ്യാർത്ഥികൾക്ക് അവ ധരിക്കേണ്ടുന്നത്. അത്തരത്തിൽ ഒരു പരിപാടിയാണ് “പ്രാക്‌സ്”.

നിയമപരമായ റാഗിങ്ങ് ആണ് പ്രാക്‌സ്. അതായത് നമ്മുടെ നാട്ടിലെ ഫ്രഷേഴ്‌സ് ഡേ എന്നൊക്കെ പറയുന്ന ഒരു ആചാരം. സീനിയർ വിദ്യാർത്ഥികൾ ജൂനിയർ വിദ്യാർത്ഥികൾക്ക് നൽകുന്ന ഒരു സ്വാഗത സംഗമം. മിക്കവാറും പ്രാക്‌സുകൾ യൂണിവേഴ്‌സിറ്റി ക്യാമ്പസുകൾക്ക് പുറത്തായിരിക്കും അരങ്ങേറുക. ചിലപ്പോൾ കടൽക്കരയിൽ, പാർക്കുകളിൽ, ഒഴിഞ്ഞ പ്രദേശങ്ങളിൽ അങ്ങനെ വിദ്യാർത്ഥികൾ അവർക്ക് സ്വീകാര്യമായ ഇടങ്ങൾ തിരഞ്ഞെടുക്കുന്നു. പ്രാക്‌സ് ഒരു സെറിമണി രീതിയിലായിരിക്കും നടക്കുക. പ്രാക്‌സ് മിക്കവാറും ഒരു ആക്ഷേപഹാസ്യ നാടകം പോലെ ആണെന്ന് അത് പുറത്തുനിന്ന് കാണുന്നവർക്ക് തോന്നും. എന്നാൽ അവ മുൻകൂട്ടി കൊറിയോഗ്രാഫി ചെയ്യണമെന്നുമില്ല. സീനിയർ വിദ്യാർത്ഥികൾ വിദൂഷക വേഷം കൈകാര്യംചെയ്ത് ജൂനിയർ വിദ്യാർത്ഥികളെ ഉത്തേജിപ്പിക്കുന്നു. പ്രാക്‌സ് തീരുമ്പോഴേക്കും ആ കൂട്ടം വിദ്യാർത്ഥികൾ തമ്മിലുള്ള സൗഹൃദം ആഴത്തിൽ പതിയും.

ഈ നാലുപേർ തകർന്ന് കാടുപിടിച്ച ആ ഫാക്ടറി വളപ്പിലെ കാറ്റിൽ കരിയിലകൾ പാറുന്ന നിഗൂഢത നിറഞ്ഞ പാതയിൽ കറുത്ത കോട്ടും നീണ്ട ഗൗണും ഉള്ളിൽ വെളുത്ത ഷർട്ടും ധരിച്ച് അങ്ങ് ദൂരെനിന്നും മെല്ലെ നടന്നുവരുന്നു. കൂട്ടത്തിലെ പെൺകുട്ടിയുടെ കണ്ണെഴുത്തും, കഴുത്തിലെയും അരയിലെയും ബെൽറ്റും ഒപ്പം ഗംബൂട്ടും കണ്ടാൽ അവൾ ഒരു “പങ്ക്” ആണെന്ന് മനസിലാക്കാം. ആൺകുട്ടികളിലും അവരുടെ മുടിയും ദേഹത്തെ മറ്റ് ആടയാഭരണങ്ങളുമെല്ലാം പങ്ക് മൂവ്മെൻറ്ൻറെ സൂചനകൾ തരുന്നു. അവരുടെ മുഖഭാവം തീക്ഷണമാണ്. അനുവാദമില്ലാതെ മറ്റൊരാളുടെ ചിത്രംപകർത്തുന്നത് ശെരിയല്ല എന്നറിയാമെങ്കിലും ആ ഒരു നിമിഷത്തെ കാഴ്ച പാഴാക്കാൻ എനിക്കായില്ല. വേഗം മതിൽകെട്ടിനടുത്തേക്ക് നീങ്ങി ക്യാമറ എടുത്ത് അവർക്ക് നേരെ സൂം ചെയ്തു. അവരുടെ ആ വരവ് ഞാൻ ഒപ്പിയെടുത്തു. അവർ പതിയെ നടന്ന് എനിക്കരികിൽ എത്തി അനുവാദം ചോദിക്കുന്ന രീതിയിൽ ചുണ്ടുകൾ ഇറുക്കി തലയൊന്നു കുനിച്ച് അവർക്കുനേരെ പുഞ്ചിരിച്ചു. കൂട്ടത്തിലെ ഉയരമുള്ള ചെറുപ്പക്കാരൻ അതിന് മറുപടിയായി എനിക്ക് നേരെ കണ്ണടച്ച് തലകുലുക്കി, അവർ കടന്നുപോയി. നല്ല ചിത്രം ലഭിച്ചതിൽ സന്തോഷത്തോടെ ഞാനും മെല്ലെ നടത്തം തുടർന്നു.

അൽപ്പം കൂടെ നടന്നതോടെ വലിയൊരു മരത്തണലിൽ കഫേ എന്നൊക്കെ വിളിക്കാവുന്ന ഒരു ജോയൻറ് കണ്ടു. മുളകൊണ്ട് നിർമ്മിച്ച ഒരു കൊച്ചു ചതുരം, അതിൻ്റെ ജനൽ തുറന്ന് വച്ചിരിക്കുന്നു. മരത്തണലിൽ ധാരാളം മേശകളും കസേരകളും നിരത്തിയിട്ടുണ്ട്. ഞാൻ പതിയെ അങ്ങോട്ടടുത്തപ്പോൾ അതാ രണ്ട് കസേരകൾ മുഘാമുഖം ഇട്ടിരിക്കുന്ന ഒരു മേശയിൽ കമീനോ കക്ക തൂക്കിയ ബാഗ് അരികിൽ വച്ചുകൊണ്ട് ഒരാൾ ഇരിക്കുന്നു. എന്നെ കണ്ടയുടൻ അയാൾ ഉറക്കെ പറഞ്ഞു “ബ്യ്ൻ കമീനോ” (സ്പാനിഷ്). അദ്ദേഹത്തിൻ്റെ ഉച്ചാരണത്തിൽ തന്നെ അയാൾ പോർത്തുഗീസ് അല്ല എന്ന് എനിക്ക് മനസിലായി, ഞാൻ ബോം കമീനോ ആശംസിച്ച് അയാൾക്കരികിലെത്തി. ഹസ്തദാനം ചെയ്ത് എന്നെ പരിചയപ്പെടുത്തി. അദ്ദേഹം തിരിച്ചും പരിചയപ്പെടുത്തി.

പാട്രിക്. എൻ്റെ പാതയിൽ ഞാൻ കാണുന്ന ആദ്യ പിൽഗ്രിം. അയാൾ ജർമൻ ആണ്. ജർമൻ വാക്കുകളും തെക്കൻ ജർമൻ ശൈലിയും കലർന്ന ഇംഗ്ലീഷ് ആണ് അദ്ദേഹം പറയുന്നത് എങ്കിലും ഞങ്ങൾക്ക് പരസ്പരം മനസിലാകുന്നുണ്ട്. പക്ഷെ പുകവലിച്ച് കൊക്കക്കോള കുടിക്കുന്ന അദ്ദേഹത്തിൻ്റെ ശീലം എനിക്കത്ര സുഖകരമായി തോന്നിയില്ല. എങ്കിലും ഒരു ലെമണൈഡ് പറഞ്ഞുകൊണ്ട് ഞാനും അൽപ്പനേരം അദ്ദേഹത്തോടൊപ്പം ഇരുന്നു. പാട്രിക്കിന് 55 വയസുണ്ട്. ഇതിനുമുൻപ് പല തവണകളായി അദ്ദേഹം ഫ്രഞ്ച് വേ നടന്ന് പൂർത്തിയാക്കിയിട്ടുണ്ട്. അതിൻ്റെ ഓർമ്മക്കായി അദ്ദേഹത്തിൻ്റെ കയ്യിൽ ഒരു ഊന്ന് വടി കൊണ്ടുനടക്കുന്നു, ഞെക്കുമ്പോൾ ശബ്ദം വരുന്ന പീപ്പി ഘടിപ്പിച്ച ഒരു വടി. ജർമനിയിൽനിന്നും ഈ വടിയുമായാണ് അദ്ദേഹം വിമാനത്തിൽ യാത്ര ചെയ്തത്. അദ്ദേഹത്തിന് എൻ്റെ ഭാണ്ഡം കണ്ടപ്പോൾ അതിശയമായി കാരണം പൂർണമായും ആൽബർഗുകളെ ആശ്രയിച്ച് നടക്കുന്ന അദ്ദേഹത്തിൻ്റെ ബാഗിന് വെറും 5 കിലോമാത്രമാണ് ഭാരം. എൻ്റെ യാത്രയുടെ സ്വഭാവം കേട്ടതോടെ അദ്ദേഹം ആശംസകൾ നേർന്നു, ഒപ്പം എൻ്റെ പ്രായത്തോട് അദ്ദേഹത്തിന് അസൂയ തോന്നുന്നു എന്ന് ഒരു തമാശയും പുറപ്പെടുവിച്ചു. ലെമണൈഡ് കുടിച്ചുതീർത്ത് കഫെയിൽനിന്നും എൻ്റെ കമീനോ പാസ്പോർട്ടിൽ ഒരു സീൽ വാങ്ങിച്ചു. ഇന്നത്തെ ആദ്യ സീൽ. പാട്രിക്കിനോട് യാത്രപറഞ്ഞുകൊണ്ട് വീണ്ടും നടത്തം ആരംഭിച്ചു.

ഓറിയെൻറെ മുതൽ അസംബുജ വരെ നീളുന്ന ഈ നദിക്കര ഒരുകാലത്ത് ധാരാളം ഫാക്ടറികളും വേർഹൌസുകളും നിറഞ്ഞ പ്രദേശമായിരുന്നു. യൂറോപ്പ്യൻ മലിനീകരണ വിരുദ്ധനിയമങ്ങൾ ശക്തമായതോടെ ഫാക്ടറികളിൽ നല്ലൊരുപങ്കും പൂട്ടി. മറ്റുചിലത് രാജ്യത്തിൻറെ മറ്റുഭാഗങ്ങളിലേക് പറിച്ചുനട്ടു. ഇന്ന് വിരലിലെണ്ണാവുന്ന ഫാക്ടറികളും മറ്റും മാത്രമേ ഇവിടെ നിലനിക്കുന്നുള്ളു.

മുന്നോട്ട് നടക്കുംതോറും പാതയുടെ സ്വഭാവം മാറിക്കൊണ്ടിരിക്കുന്നു. ചിലപ്പോൾ ചതുപ്പിനുമുകളിലൂടെ ദീർഘമായ മരപ്പാലം, ചിലപ്പോൾ നീണ്ട മൺവഴി, മറ്റുചിലപ്പോൾ സിന്തറ്റിക് വാക് വേ, ചിലപ്പോൾ നദിയോട്ചേർന്ന് കിടക്കുന്നു നടപ്പാത, മറ്റുചിലപ്പോൾ റെയിൽ പാതയോട് ചേർന്ന്, ചിലപ്പോൾ ഗ്രാമങ്ങളുടെ നടുവിലേക്ക് കയറുന്നു, ചിലപ്പോൾ ഏറെ ദൂരം വിജനമായ പാത. വെയിൽ തീക്ഷണമായിക്കഴിഞ്ഞു എങ്കിലും ഒരു തണുത്ത കാറ്റ് വീശുന്നതിനാൽ ചൂടിൻറെ കാഠിന്യം നേരിട്ട് അറിയുന്നില്ല.

ഏറെ നേരമായി നദിക്കരയിലിനുന്നും അൽപ്പം അകലത്തിലൂടെ നടക്കുന്നു. നോക്കെത്താദൂരം നീണ്ടുകിടക്കുന്ന ചതുപ്പിനുനടുവിലൂടെ മണ്ണിട്ട് പൊക്കിയ നടവഴിയിലൂടെയാണ് നടപ്പ്. സൂര്യൻ ഉച്ചിയിലെത്തിക്കഴിഞ്ഞിരുന്നു. തണൽ തീരെയില്ല പരിസരത്തൊന്നും. ആദ്യ ദിവസമായതുകൊണ്ടായിരിക്കണം ഭാണ്ഡത്തിൻറെ ഭാരംമൂലം തോളിൽ അൽപ്പം വേദന അനുഭവപ്പെട്ടുതുടങ്ങിയിരിക്കുന്നു. തോളിൽമാത്രമല്ല, ഷൂവിനകത്ത് വിരലുകളുടെ തുമ്പുകളിൽ അൽപ്പം പുകച്ചിലും തോന്നുന്നു. പക്ഷെ ഈ കുഞ്ഞു പ്രയാസങ്ങളെയെല്ലാം വളരെ എളുപ്പത്തിൽ മറികടക്കാനുള്ള വിദ്യ എനിക്കറിയാം.

മാരത്തോൺ ഓട്ടത്തിൽ വേദനയോ ക്ഷീണമോ തോന്നുമ്പോൾ അതിനെ വിസ്മരിക്കാൻ ഞാൻ പ്രയോഗിക്കാറുള്ള ഒരു പൊടിക്കൈ ആണ്. ശ്വാസമെടുപ്പിൻറെ ഇടവേളകളിൽ ഒരു താളവട്ടം കണ്ടെത്തുക, എന്നിട്ട് അതിലേക്ക് മുന്നോട്ടുവെക്കുന്ന കാലടികളുടെ എണ്ണം താളമാക്കുക. ചിലപ്പോൾ കാലടികൾ അക്കങ്ങളായി എണ്ണും, മറ്റുചിലപ്പോൾ തബലയുടെയോ മൃദഗത്തിൻറെയോ ഭോലുകൾ ചൊല്ലും, അതുമല്ലെങ്കിൽ തില്ലാനയോ താരാനയോ പോലുള്ള വായ്ത്താരികൾ സ്വയം ഉണ്ടാക്കി മനസിൽ പാടും. ചിലപ്പോഴൊക്കെ ഞെഞ്ചിടിപ്പിനെക്കൂടി ഈ കൂട്ടത്തിൽ ഉൾക്കൊള്ളിക്കും. ക്യാമറ ബാഗ് അതിൻ്റെ വാറുമായി ബന്ധിപ്പിക്കുന്ന പ്ലാസ്റ്റിക് കൊളുത്ത് തമ്മിൽ ഉരസി ഞാൻ നടക്കുന്നതിനനുസരിച്ച് ഒരു താളം പുറപ്പെടുവിക്കുന്നത് ശ്രദ്ധയിൽപെട്ടു. കുറച്ചുനേരം ആ താളം നിരീക്ഷിച്ചപ്പോൾ താനെ മനസിൽ ചില വരികൾ രൂപപ്പെട്ടു. ഞാൻ അത് താളത്തോടൊപ്പം അൽപ്പം ഉറക്കെത്തന്നെ പാടിനോക്കി.

കടലിൻറെ കരയിലെ മുകിലേ.
കാടിൻറെ നടുവിലെ മയിലെ.
കുന്നിൻറെ മുകളിലെ വെയിലേ.
പുഴയുടെ തീരത്തെ കുളിരെ.

കാണാനുണ്ടേ കേൾക്കാനുണ്ടേ.
ആയിരം കാതം താണ്ടാനുണ്ടെ
.

മഴയുടെ താളത്തിൽ ചുവടും.
വെയിലത്തെ ചൂടിൻ വിയർപ്പും.
മഞ്ഞിൻറെ കുളിരത്തെ സുഖവും.
കാറ്റിൻറെ ഓളത്തിൻ മണവും.

അറിയാനുണ്ടേ പറയാനുണ്ടേ.
കാലത്തിൻ കഥകൾ തിരയാനുണ്ടേ.

പകലിൽ മിന്നുന്ന നഗരം.
രാവിൽ കുറുകുന്ന പ്രണയം.
കയറിൽ തൂങ്ങുന്ന കലയും.
തെരുവിൽ പാടുന്ന പാട്ടും.

കണ്ടുകൊണ്ടേ കേട്ടുകൊണ്ടേ.
നാടുകൾ പലതും ചുറ്റിക്കൊണ്ടേ.

ചെല്ലാത്ത ഊരിൻറെ രുചിയും.
കേൾക്കാത്ത പാട്ടിലെ വരിയും.
വായ്ക്കാത്ത കഥയിലെ കാവും.
കാണാത്ത ശിൽപ്പത്തിൻ വടിവും.

കൈകൾ വിട്ടേ.
കാലടിച്ചേ.

ഇല്ലാത്ത കാശിൻറെ വിലയും.
കൊല്ലുന്ന വിശപ്പിൻറെ വിളിയും.
മണലോളം ദൈവങ്ങളെ കണ്ടും.
കടലോളം മതങ്ങളെ അറിഞ്ഞും.

മാറാനുണ്ടേ മായ്ക്കാനുണ്ടേ.
വിശ്വാസ ബന്ധനം അഴിക്കാനുണ്ടേ.

അറിയാത്ത ഭാഷതൻ പൊരുളും.
തെരിയാത്ത മുഖത്തിൻറെ കരളും.
മാനവ കുലത്തിൻറെ നിറവും.
വേർതിരിയാത്ത മണ്ണും.

ഒന്നായ്ക്കണ്ടേ.
അതിൽ ഒത്തുചേർന്നേ.

ഓരോ വരികൾ പാടുക, അതോടൊപ്പം പുതിയ വരികൾ കൂട്ടിച്ചേർക്കുക, പിന്നീട് അവ വീണ്ടും പാടുക അവസനം സ്വയം പൊട്ടിച്ചിരിക്കുക. പാടി പാടി ഒടുവിൽ കവിതക്ക് ഒരു പേരും നൽകി “യാത്ര”. അങ്ങനെ ഒരു നാറാണത്തു ഭ്രാന്തനെപ്പോലെ ഞാൻ സ്വയം സന്തോഷിച്ചുകൊണ്ട് വേദനകൾ മറന്ന് ആവേശത്തോടെ നടന്നു. ഇടയ്ക്കിടെ ചില സൈക്ലിസ്റ്റുകൾ എന്നെ കടന്നുപോകുമ്പോൾ അവർ എന്നോടും ഞാൻ അവരോടും ചില ശബ്ദങ്ങൾ മാത്രം പുറപ്പെടുവിച്ച് ആശംസകൾ നേർന്നു.
ഉച്ചച്ചൂടിൽ നോക്കെത്താദൂരം ഏകനായി നടന്ന് വീണ്ടും നദിക്കരയിലെ തണൽ പാതയിലേക്കെത്തി. മുൻപിൽ ഏതോ ജനവാസകേന്ദ്രം വരുന്നതിൻറെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. അൽപ്പം കൂടെ മുൻപോട്ടുനടന്നപ്പോൾ “അല്ഹന്ദ്ര” എന്നൊരു ഗ്രാമമാണ് ഇതെന്ന് മനസിലായി. അപ്പോഴേക്കും ധാരാളം കെട്ടിടങ്ങളും കുട്ടികൾക്കായുള്ള പാർക്കും കടകളും എല്ലാം പ്രത്യക്ഷപെട്ടു. വീണ്ടും മുന്നോട്ട് നടക്കവെ ഒരു സെർവേജരിയ (ബിയർ പാർലർ) കണ്ണിൽപ്പെട്ടു. കുറച്ചു വയസ്സായ ചങ്ങാതിമാരും അവരോടൊപ്പം ഒരു പട്ടികുട്ടനും ആ കടക്കുമുൻപിൽ സൊറ പറഞ്ഞിരിപ്പുണ്ടായിരുന്നു. ഞാൻ പരിസരം നിരീക്ഷിച്ചുകൊണ്ട് മെല്ലെ കടയുടെ മുൻപിലെത്തി ഭാണ്ഡം ഇറക്കിവെച്ച് കൈകാലുകൾ നീട്ടിനിവർത്തി, കഴുത്ത് ഒന്ന് വട്ടംചുറ്റിച്ചു.

കുടിവെള്ളം 500 മില്ലിയുടെ രണ്ട് കുപ്പികളായി ഭാണ്ഡത്തിൻറെ രണ്ടുവശത്തായാണ് വച്ചിരിക്കുന്നത്. ഭാണ്ഡത്തിൻറെ ഭാരം ബാലൻസ് ചെയ്യുക എന്നതാണ് ഉദ്ദേശം. പക്ഷെ ഇപ്പോൾ രണ്ടാമത്തെ കുപ്പി കാലിയാകാറായിരിക്കുന്നു. കടയിലേക്ക് കയറി ബാക്കിയുള്ള വെള്ളം കുടിച്ചുതീർത്ത് കാലികുപ്പികൾ അവിടുത്തെ മഞ്ഞ കൂടയിൽ നിക്ഷേപിച്ചു. തണുത്ത രണ്ടുകുപ്പി വെള്ളം എടുത്ത് ഞാൻ കടക്കാരൻ സിന്ന്യോറിനെ ലക്ഷ്യമാക്കി നടന്നു.

“ഒള അമീഗോ, ത മുഇതൊ കാലോർ നെഹ്.?” (നമസ്ക്കാരം കൂട്ടുകാരാ, പുറത്ത് നല്ല ചൂടാണല്ലേ..?)

അൽപ്പം പ്രായമുള്ള ഒരാൾ ക്യാഷ് കൗണ്ടറിന് അരികിൽനിന്ന് എന്നോടായി ചോദിച്ചു. “അങ്ങനെ പൊള്ളുന്ന ചൂടൊന്നുമില്ല പക്ഷെ സാമാന്യം ചൂടുണ്ടെന്ന് ഞാൻ അദ്ദേഹത്തോട് മറുപടിനൽകി. അദ്ദേഹത്തിന് ആ മറുപടി ഇഷ്ടമായതായി എനിക്കനുഭവപ്പെട്ടു. അയാൾ വീണ്ടും ചോദ്യങ്ങൾ തുടർന്നു. ഞാൻ എന്നാണ് യാത്രതുടങ്ങിയത്, എൻ്റെ രാജ്യം ഏതാണ്, ലിസ്ബണിൽ എന്തുതരം ജോലി ചെയ്യുന്നു, എത്രനാളായി പോർത്തുഗലിൽ, ഇവിടം ഇഷ്ടപ്പെട്ടോ. ഞാൻ ഇന്ത്യയിൽ കത്തോലിക്ക അല്ലാത്ത ഒരു കുടുംബത്തിൽ ജനിച്ചുവളർന്ന ഒരാളായിട്ടും കമീനോ നടക്കുന്നതിൽ അദ്ദേഹത്തിന് എന്നോട് വളരെ ഇഷ്ടം തോന്നി. ഉച്ചചൂടിൽ ബിയർ പാനം ചെയ്ത് തണുത്തുകൊണ്ടിരുന്ന അദ്ദേഹം ഒരുകുപ്പി ബിയർ എനിക്കുനേരെ നീട്ടി. ഞാൻ സന്തോഷത്തോടെ അത് നിരസിച്ചു. ഉടനെ അദ്ദേഹത്തിൻ്റെ സുഹൃത്തായ കടയുടമയോട് എൻ്റെ വെള്ളം കുപ്പിയുടെ പണം അദ്ദേഹത്തിൻറെ ബില്ലിനോട് ചേർക്കാൻ ആവശ്യപ്പെട്ടു. ഞാൻ ഉപയോഗിക്കുന്ന വസ്തുക്കളുടെ പണം മറ്റൊരാൾ കൊടുക്കുന്നത് എനിക്ക് താൽപ്പര്യമില്ല എന്നൊക്കെ എനിക്കറിയാവുന്ന പോർത്തുഗീസ് ഭാഷയിൽ ഞാൻ പറഞ്ഞുമനസിലാക്കാൻ ശ്രമിച്ചെങ്കിലും ആ ഭാഗം എത്തുമ്പോൾ ഒന്നിൽ അദ്ദേഹം മനസിലാകാത്തപോലെ നടിക്കുന്നു. അതല്ലെങ്കിൽ എനിക്ക് മനസിലാകാത്ത പഴയ പോർത്തുഗീസ് ഭാഷയിൽ ആഴമേറിയ സാഹിത്യം പറയുന്നു. ഒടുവിൽ ഞാൻ തോൽവി സമ്മതിച്ചു.

അൽപ്പനേരം കടക്കുമുൻപിലെ കൂട്ടത്തിൽ കൂടി ഞാനും ഇരുന്നു. സിന്ന്യോർ ജോസേ (വെള്ളം വാങ്ങിത്തന്ന വൃദ്ധൻ) കൂട്ടുകാർക്ക് എന്നെ പരിചയപ്പെടുത്തി. ആ ഇരുപ്പിൽ അദ്ദേഹം അല്ഹന്ദ്ര ഗ്രാമത്തെയും അവിടുത്തെ ജീവിതത്തെയുംപറ്റി വിവരിച്ചു. ഇനി മുൻപോട്ടുള്ള എൻ്റെ നടപ്പിൽ വരാൻപോകുന്ന സ്ഥലങ്ങളും ഓരോ ഇടത്തേക്കുമുള്ള ദൂരവുമെല്ലാം പറഞ്ഞുതന്നു. ഒപ്പം ഒരു പ്രധാനപ്പെട്ട കാര്യവും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് “വില്ല ഫ്രാങ്ക ക്ഷീര” യിൽ “പാമ്പിലോ ഹോണറ” എന്ന പ്രശസ്തമായ ഉത്സവത്തിൻറെ അവസാന ദിനങ്ങളിലൊന്നാണ്. നീ അത് എന്തായാലും കണ്ട് ആസ്വദിക്കണം എന്ന ഉദ്ദേശത്തോടെയാണ് അദ്ദേഹം അത് എന്നോട് പറഞ്ഞതെങ്കിലും. അവിടെനിന്നും എത്രയുംവേഗം രക്ഷപ്പെടണം എന്നായിരുന്നു എൻ്റെ മനസിൽ.

സ്പെയിനിലും പോർത്തുഗലിലും നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ആചാരമാണല്ലോ ബുൾഫൈറ്റ്. ഒരു സഹജീവിയെ അല്പനേരത്തെ വിനോദത്തിനായി ക്രൂരമായി വേദനിപ്പിച്ച് കൊല്ലുന്നത് മൃഗീയമാണെന്ന തിരിച്ചറിവ് ഉണർന്ന ജനത. അവരുടെ വർഷങ്ങളായുള്ള പ്രതിഷേധത്തിൻറെ ഫലമായി ഒട്ടുമിക്ക ഇടങ്ങളിലും കാളയെ പരസ്യമായി കൊല്ലുന്നത് നിയമവിരുദ്ധമാക്കി. എങ്കിലും അവയെ കൊല്ലാതെ വേദനിപ്പിക്കുന്ന ചില ചടങ്ങുകൾ ഇന്നും ഈ നാടുകളിൽ നടക്കാറുണ്ട്. അത്തരത്തിൽ ഒന്നാണ് ഈ പാമ്പിലോ ഹോണറ. കാളകളെ ഒത്തുകൂടി ആർപ്പുവിളിക്കുന്ന ജനക്കൂട്ടത്തിനിടയിലേക്ക് തുറന്നുവിടുന്നു. ശേഷം കൂടിനിൽക്കുന്ന ആളുകൾ കാളയെ വിറളിപിടിപ്പിക്കും. വിറളിപൂണ്ട കാള ആളുകൾക്ക് നേരെ ഓടിയടുക്കുമ്പോൾ കുരങ്ങുമനുഷ്യരെപോലെ ആളുകൾ വേലികെട്ടിന് പുറത്തേക്ക് ചാടി രക്ഷപ്പെടും. അപകടകരമായ ഈ ക്രൂരവിനോദം കണ്ടുനിൽക്കാനുംമാത്രം എൻ്റെ മനോനില തകരാറിലായിട്ടില്ല. സിന്ന്യോർ ജോസേയോടും കൂട്ടുകാരോടും വിടചൊല്ലി മുന്നോട്ടനടക്കവെ ചിന്തകൾ ഉരുണ്ടുകൂടി.

“ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പത്രാസിൻറെയും പേരിൽ മനുഷ്യൻ എത്ര സഹജീവികളെയാണ് വേദനിപ്പിക്കുന്നത്. നാട്ടിലെ ആനപ്പൂരം അതിന് ഏറ്റവും വലിയ ഉദാഹരണമാണ്. ഒരു പടക്കംപൊട്ടുകയോ, പാട്ടയിൽ കൊട്ടുകയോ ചെയ്‌താൽ പേടിച്ചോടുന്ന ആനയെ പിടിച്ച് അതിൻ്റെ ശരീരത്തിൽ ഒരിക്കലും ഉണങ്ങാൻ അനുവദിക്കാതെ ഒരു വൃണം ഉണ്ടാക്കുന്നു. എന്നിട്ട് ആ വൃണത്തിൽ തോട്ടികുത്തി അതിനെ നിയന്ത്രിക്കുന്നു. അതിനുമപ്പുറം കൂച്ചുവിലങ്ങിട്ട് ആനക്ക് താങ്ങാനാവുന്നതിലും വലിയ ശബ്ദകോലാഹലങ്ങളിൽ മണിക്കൂറോളം അതിന് പുറത്തുകയറിയിരുന്ന് കോപ്രായം കാട്ടുന്നു. എന്നിട്ട് എല്ലാത്തിനും ദൈവപ്രീതി എന്നൊരു ന്യായീകരണവും. ദൈവം ഇത്രയും ക്രൂരത്വം ഉള്ള ഒന്നാണോ?. ഭൂമിയോളം ക്ഷമിക്കും, എന്നിട്ടും ക്രൂരത തുടരുമ്പോൾ ചിലപ്പോഴൊക്കെ ആന ഒന്ന് പ്രതികരിക്കും, ആ പ്രതികരണങ്ങൾ ക്രൂരത കണ്ടുനിന്ന് ആനന്ദിക്കുന്ന കൂട്ടത്തിൽ ചിലരുടെ ജീവൻ പിഴുതുകൊണ്ടായിരിക്കാം. എന്നാലും വിഡ്ഢിമനുഷ്യൻ പഠിക്കില്ല. പക്ഷെ കാലമാണ് എല്ലാത്തിനും ഉത്തരം. ക്രൂരതയെ ആഘോഷിക്കാൻ നിർമ്മിച്ച ലിസ്ബണിലെ കാംപോ പെക്കേനോ ബുൾഫൈറ്റ് അരീന, ഇന്ന് സംഗീത പരിപാടികളുടെ അരങ്ങായി മാറിയിരിക്കുന്നു. കാംപോ പെക്കേനോ മാത്രമല്ല സ്പെയിനിലെയും പോർത്തുഗലിലെയും നിരവധി ബുൾഫൈറ്റ് അരീനകൾ ഇപ്രകാരം രൂപാന്തരപ്പെട്ടിട്ടുണ്ട്. നമ്മുടെനാട്ടിലെ കുരുതി എന്നപേരിൽ പരസ്യമായി മൃഗബലികൾ നടത്തിയിരുന്ന നിരവധി ക്ഷേത്രങ്ങൾ ഇന്ന് അത്തരം അവികസിത ചിന്തകളിൽനിന്നും മുക്തിനേടിയപോലെ. മനുഷ്യൻ ഒരുകാലത്ത് സ്വന്തം ഇനത്തിൽപെട്ടവരെ അടിമകളാക്കിയിരുന്നില്ലേ ? അടിമകളാൽ നിർമ്മിക്കപ്പെട്ട വൈറ്റ് ഹൌസ് മുറ്റത്തെ പുൽത്തകിടിയിൽ സുന്ദരികളും ബുദ്ധിമതികളുമായ എൻ്റെ മക്കൾ അവരുടെ പട്ടികുട്ടിയോടൊപ്പം കളിക്കുന്നത് കണ്ടുകൊണ്ടാണ് എന്നും ഞാൻ ഉണരുന്നത് എന്ന് കാലം മിഷായേൽ ഒബാമയുടെ സ്വരത്തിൽ പറഞ്ഞ ആ മറുപടിയാണ് കാലത്തിൽ പ്രതീക്ഷയർപ്പിക്കാനുള്ള പ്രേരകം.

ചിന്തകളിലാഴ്ന്ന് ഞാൻ ഏറെനേരം നടന്നു. കാലിലെ പുകച്ചിലും തോൾവേദനയും കൂടിവരുന്നുണ്ട്. ജീവിതത്തിൽ വേദനകളോ ആശയക്കുഴപ്പങ്ങളോ നേരിടുമ്പോൾ അഭയം തേടുന്ന ഒരിടമാണ് ‘അമ്മ’. ഒന്നും തുറന്ന് പറഞ്ഞില്ലെങ്കിലും ഫോളിൽവിളിച്ച് മറ്റെന്തെങ്കിലും സംസാരിച്ച് കട്ട് ചെയ്യുമ്പോഴേക്കും ആശ്വാസം ലഭിക്കാറുണ്ട്. ഞാൻ അമ്മയെ വിളിച്ചു. അവിടെനിന്നും വിശേഷങ്ങളുടെ കുത്തൊഴുക്കാണ്. അമ്മയും അച്ഛനും ഇന്ത്യയിലെ പ്രശസ്ത ഗോൾഡൻ ട്രയാങ്കിൾ വിനോദയാത്രയിലാണ്. അമ്മയുടെ യാത്രാവിവരണങ്ങളും വിമാനത്തിലെ എയർഹോസ്റ്റസിനെപ്പറ്റിയുള്ള പരാതികളുമെല്ലാം കേട്ടപ്പോൾത്തന്നെ എന്നിലെ വേദനകൾ അടങ്ങി. ദിവസവും അൽപ്പനേരം മാതൃഭാഷയായ മലയാളം സംസാരിക്കുന്നത് അമ്മയോടാണല്ലോ, അത് തന്നെ വലിയൊരു ആശ്വാസമാണ്.

അല്ഹന്ദ്രയിൽ നിന്നും ഏകദേശം ഒരുമണിക്കൂർ നടന്നപ്പോഴേക്കും വിശപ്പ് വല്ലാതെ തോന്നിത്തുടങ്ങി. പക്ഷെ വഴിയുടെ സൗന്ദര്യം ആസ്വദിച്ച് നടക്കുന്നതിനാൽ അൽപ്പംകൂടി നടന്നു. ഒടുവിൽ നദിക്കരയോട് ചേർന്ന പൈൻ മരത്തണലിൽ ചവറ്റുകുട്ടയും അതിൽനിന്നും അൽപ്പം മാറി ഒരു ഇരിപ്പിടവും കണ്ടു. ഭാണ്ഡം ഇറക്കിവെച്ച് ഉടനെ ഷൂവും സോക്‌സും അഴിച്ച് കാലിൽ കാറ്റുകൊള്ളിച്ചു. രാവിലെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു തോഫു സാൻഡ്വിച് ഉണ്ടാക്കി പൊതിഞ്ഞെടുത്തിരുന്നു. തണലിലെ ഇരിപ്പിടത്തിലിരുന്ന് ഞാൻ ആ സാൻഡ്വിച് കഴിച്ചുതീർത്തു. ഞാൻ വില്ല ഫ്രാങ്കയിൽ എത്തിക്കഴിഞ്ഞിരുന്നു. എനിക്ക് പുറകിലായി റെയിൽ പാളം, അതിനപ്പുറത്ത് വലിയ ആൾക്കൂട്ടം കാണാം. സിന്ന്യോർ ജോസേ പറഞ്ഞ ഫെസ്റ്റിവൽ അവിടെയാണ് നടക്കുന്നത്. റെയിൽൻറെ ഇങ്ങേ വശത്തായതിനാൽ ഞാൻ ഇരിക്കുന്നിടത്ത് ആളുകൾ ഇല്ല. വല്ലപ്പോഴും കടന്നുപോകുന്ന ഒരു സൈക്കിളിസ്റ്റോ കാൽനടക്കാരോ മാത്രം. ആ മരത്തണലിലെ ബെഞ്ചിൽ ഞാൻ അൽപ്പനേരം കിടന്നു.

നെഞ്ചിൽ വച്ചിരുന്ന എൻ്റെ കൈ താഴേക്ക് ഊർന്നുപോയപ്പോൾ ഞാൻ ഞെട്ടിയുണർന്നു. സമയം നാലുമണി കഴിഞ്ഞിരിക്കുന്നു. സോക്‌സും ഷൂവും ധരിച്ചു, അൽപ്പം വെള്ളം കുടിച്ചു, ഭാണ്ഡം തോളിലേറ്റി. സാവധാനം വീണ്ടും യാത്രക്കായി ഒരുങ്ങി.

“ക്യാമറ …! എൻ്റെ ക്യാമറ ബാഗ് എവിടെ..?”

ചാലക്കുടിക്കടുത്ത് മുരിങ്ങൂർ സ്വദേശി. പോർത്തുഗൽ തലസ്ഥാനമായ ലിസ്ബണിൽ ജീവിക്കുന്നു. സമൂഹമാധ്യമങ്ങളിൽ ചെറുകഥകൾ എഴുതാറുണ്ട്.