കമീനോ സാൻറ്റിയാഗോ – 32

വൈകിയെത്തിയ സത്രം

“റഫായേൽ പീയർ ജനനം 1972 – മരണം 2017 ” എന്ന കുറിപ്പോടെ ആയിരുന്നു പൈൻ മരത്തിൽ ഉറപ്പിച്ചരീതിയിൽ ആ ചിത്രം കാണപ്പെട്ടത്. ലാമിനേഷൻ ചെയ്തിരുന്നു എങ്കിലും കാലപ്പഴക്കംമൂലം ചിത്രത്തിലുള്ള വ്യക്തിയുടെ മുഖം വ്യക്തമല്ല.

മഴ തുടങ്ങുന്നതിനും മുൻപുള്ള ദിവസങ്ങളായിരുന്നു എങ്കിൽ ഒരുപക്ഷെ എനിക്കും ഈ കയറ്റം ഏറെ കഠിനമാവുമായിരുന്നു. കാരണം കഴിഞ്ഞ ഏതാനും മണിക്കൂറുകളായി ഞാൻ സമതലങ്ങളോ ഇറക്കമോ കാണാതെ തുടർച്ചയായി കയറ്റം കയറുകയാണ്. എൻ്റെ കയ്യിൽ ആവശ്യത്തിന് വെള്ളം ഉള്ളതുകൊണ്ടും, അല്പം തണുത്ത അന്തരീക്ഷമായതിനാലും എന്നെ ഈ ഭൂപ്രകൃതി വല്ലാതെ അവശനാക്കുന്നില്ല. പക്ഷെ അദ്ദേഹം ഒരുപക്ഷെ രാത്രി പോണ്ടെ ലിമയിലെ ആൽബർഗിൽ ഉറങ്ങിയശേഷം അടുത്തദിവസം ഉച്ചവെയിൽ കനത്തപ്പോൾ എവിടെ എത്തി ഈ കുത്തനെയുള്ള കയറ്റം കയറാൻ ശ്രമിക്കവെ കുഴഞ്ഞുവീണതായിരിക്കാം. അത്തരത്തിൽ കമീനോയിൽ ധാരാളം ആളുകൾ മരിച്ചതായി കേട്ടിട്ടുണ്ട്.

പക്ഷെ ആ ആലോചനകൾക്കിടയിൽ മറ്റൊരുകാര്യം എന്നിൽ പ്രകാശിച്ചു. ഞാൻ ചോദിക്കാതെതന്നെ കടക്കാരൻ കയ്യിൽവച്ചുതന്ന മെഴുകുതിരി !. വേഗം ഭാണ്ഡത്തിൽനിന്നും ലൈറ്റർ കണ്ടെടുത്ത് ചിത്രത്തിനുമുൻപിൽ ഞാൻ ആ മെഴുകുതിരി കത്തിച്ചു. എനിക്ക് മുൻപേ നടന്ന് വഴിമധ്യേ യാത്രയവസാനിപ്പിച്ച മുൻഗാമിക്ക് എൻ്റെ നമസ്കാരം. ആ നിമിഷം ഇനിയും മുന്നോട്ട് യാത്രചെയ്യാൻ എനിക്ക് ഒരു കാരണം കൂടെ വന്നുചേർന്നതായി തോന്നി. അൽപനേരം ഞാൻ ആ നിശബ്ദതയിൽ ചിലവിട്ടു. സൂര്യപ്രഭ നന്നേ കുറഞ്ഞുതുടങ്ങിയതോടെ യൂക്കാലി മണം പുരട്ടിയ കാറ്റ് എന്നെ തഴുകി ഉണർത്തി. ആൽബർഗിലേക്ക് ഇനിയു ദൂരമുണ്ട്. റഫായേൽ പീയർ യാത്ര അവസാനിപ്പിച്ച ഇടത്തുനിന്നും ഭാണ്ഡം ഏറ്റി ഞാൻ യാത്രതുടർന്നു.

കൊച്ചുകൊച്ചു ഉരുളൻ പാറകൾ നിറഞ്ഞ കയറ്റങ്ങൾ പിന്നെയും ഉണ്ടായിരുന്നു. ഒരുവിധത്തിൽ കയറ്റങ്ങൾ പിന്നിട്ട് നിരപ്പായ ഒരിടത്തെത്തി വീണ്ടും അല്പനേരം ഒരു പാറയിൽ ഇരുന്ന് വിശ്രമിച്ചു. അപ്പോഴേക്കും സമയം ഏഴുമണി ആയിരുന്നു, സൂര്യൻ ഇനി ഏറെനേരം കാത്തുനിൽക്കില്ല. ഇരുട്ടുവീഴും മുൻപേ ആൽബർഗിൽ എത്തണം. ഞാൻ വീണ്ടും നടത്തം തുടർന്നു.

നിരപ്പായ പ്രതലത്തിൽനിന്നും വീണ്ടും ചുറ്റും മരങ്ങൾനിറഞ്ഞ പ്രദേശത്തിനു നടുവിലൂടെയുള്ള മൺവഴിയിലൂടെയായി നടത്തം. കാഴ്ചയിൽ ഏറെ ഭംഗിയുള്ള പ്രദേശമായിരുന്നു അത്. ഇടതൂർന്ന മരങ്ങൾ സൂര്യപ്രകാശം ഒട്ടുംതന്നെ കടത്തിവിടാതെ തടഞ്ഞുനിർത്തുന്നതിനാൽ മണ്ണിലും മരച്ചുവട്ടിലെ വായുവിലും ധാരാളം ജലകണികകൾ എപ്പോഴും നിലനിൽക്കുന്നു. അതിനാൽ ആ പ്രദേശത്ത് “മൈക്കോറൈസൽ” ഫങ്കസ്സുകൾ ധാരാളം വളർന്നുനിൽക്കുന്നതായികാണാം. മാത്രമല്ല മരത്തിലും നിലത്തു വീണുകിടക്കുന്ന ചില്ലകളിലുമെല്ലാം ധാരാളം കൂണുകളും പച്ചയും ചുവപ്പും നിറമുള്ള പൂപ്പലുകളും വളർന്നിട്ടുണ്ട്.

അത്തരത്തിലുള്ള ചെറിയ കാടിനു നടുവിലൂടെ നടന്നുനീങ്ങുമ്പോൾ ഇത്രയും ദൂരം അനുഭവിച്ച കഠിനത എല്ലാം താനേ ഇല്ലാതാകുന്നു. ഇത് ജീവിതത്തിൻറെ ഒരു പരിച്ഛേദമാണെന്ന് എനിക്ക് തോന്നി. കാരണം ജീവിതത്തിലുണ്ടാകുന്ന കഷ്ടതകൾ താണ്ടി അല്പം അനായാസകരമായ ദിനങ്ങൾ വന്നുചേരുമ്പോൾ ആ ദിനങ്ങൾക്ക് ഭംഗി കൂടുതലുള്ളതായി അനുഭവപ്പെടാറുണ്ടല്ലോ. അല്പം നിരപ്പായതും ഇടക്കിടെ വന്നെത്തുന്ന കൊച്ചു ഇറക്കങ്ങളും നിറഞ്ഞ ഭൂമികയിലൂടെ നടക്കുന്നതിനാൽ ഇപ്പോൾ എൻ്റെ വേഗത ഇരട്ടിയായിരിക്കുന്നു. മരക്കൂട്ടങ്ങൾ പിന്നിട്ട് കുന്നിൻചരുവിന് അരികിലൂടെയുള്ള കല്ലുപാകിയവഴിയിലൂടെ നടക്കുമ്പോൾ സൂര്യൻ അതിൻ്റെ അവസാന കിരണങ്ങൾ പൊഴിക്കുകയാണ്.

എൻ്റെ ഇപ്പോഴത്തെ സ്ഥാനത്തുനിന്നും ആൽബർഗിലേക്കുള്ള ദൂരം നോക്കിയപ്പോൾ അത് ഏറെ ദൂരെയല്ല എന്ന് മനസ്സിലായി. പക്ഷെ ഇപ്പോൾ സമയം ഏഴ് മുക്കാൽ, ഞാൻ എത്തിനിൽക്കുന്ന “ആഗ്വാലോങ്ക” എന്ന ഗ്രാമത്തിൻറെ അതിർത്തിയിൽനിന്നും “റുബിആഷ്” എന്ന അടുത്ത ഗ്രാമത്തിൻറെ നടുവിലായി സ്ഥിതിചെയ്യുന്ന ആൽബർഗിലേക്ക് എട്ടുമണിക്ക് മുൻപായി എത്തുക എന്നത് അസാധ്യമാണ്. ഉടനെ ഞാൻ ഗൂഗിളിൽനിന്നും ആൽബർഗിലെ നമ്പർ എടുത്ത് വിളിച്ചു.

“തോ, ബോതാർദെ”

“ഓളാ, ഐ ആം ആദർശ്, എ പിൽഗ്രിം. റൈറ്റ് നൗ ഐ ഹാവ് റീച്ഡ് റുബിആഷ്. ബട്ട് ഇറ്റ് സീംസ് ഐ മൈറ്റ് ടേക്ക് 20 – 30 മോർ മിനിട്സ് ടു ബി ഇൻ ദി ആൽബർഗ്. സൊ കാൻ യു പ്ലീസ് വെയിറ്റ് 10 മോർ മിനിട്സ് ഫോർ മി ആഫ്റ്റർ 8 ഓ ക്ലോക്..?”

“ഓഹ്.. ഐ ആം സോറി.. ഐ ആൾറെഡി ലെഫ്റ്റ് ദി ആൽബർഗ്.”

മറുപുറത്തുനിന്നും ആ മറുപടി കേട്ടപ്പോൾ വളരെ വേഗം നടന്നുകൊണ്ടിരുന്ന ഞാൻ ഒരുനിമിഷം ഒന്ന് സ്തംഭിച്ചുപോയി. ഒരു നിമിഷത്തെ നിശ്ശബ്ദതക്കുശേഷം ചെറിയ വിക്കലോടെ ഞാൻ അവരോട് ചോദിച്ചു.

“ഡു യു നോ എനി അദർ ഓപ്‌ഷൻ ഫോർ മി ടുനൈറ്റ്.?”

“മ്മ്മ്.. റൈറ്റ് നൗ, ഓൾ ദി അദർ ആൽബർഗ്‌സ് ആൾസോ മൈറ്റ് ഹാവ് ക്ലോസ്ഡ്..”

ഒരു നിമിഷം ആലോചിച്ചശേഷം ആ സ്ത്രീ പറഞ്ഞു.

“ഒക്കെ യു ഗോ ടു ദി ആൽബർഗ്, ദേർ യു വിൽ സീ എ റെക്കോർഡ് ബുക്ക് ഇൻ ദി റിസപ്‌ഷൻ. യു റൈറ്റ് യുവർ ഡീറ്റെയിൽസ് ഇൻ ദാറ്റ് ബുക്ക് ആൻഡ് സെൻറ് മി എ പിക്ചർ ഓഫ് യുവർ ഡോക്യൂമെൻറ് ആൻഡ് മണി. ടുഡേ വീ ഡോണ്ട് ഹാവ് മെനി പീപിൾ സൊ യു കാൻ ചൂസ് എനി ബെഡ് യു വാണ്ട്. ഒകെ .?”

ആ മറുപടി കേട്ടതോടെ ആ സ്ത്രീയുടെ സ്ഥാനത്ത് ഞാൻ ആയിരുന്നു എങ്കിൽ എന്ന് ആലോചിച്ചുപോയി. ഒരാളുടെ ജീവിതത്തിൽ അയാൾ മറ്റൊരാളിൽനിന്നും കരുണാവഹമായ അനുഭവങ്ങൾ ഏറ്റുവാങ്ങുമ്പോൾ അത് അയാളെയും ഒരു ചെറു കരുണാലുവാക്കിമാറ്റും എന്ന് തോന്നി. സ്വാർഥരുടെ ഇടയിലുള്ള ജീവിതം ഒരാളെ സ്വാർത്ഥനാക്കാനും സാധ്യതയുണ്ട്. ഫോണിൽ മറുവശത്തുള്ള സ്ത്രീയോട് ഞാൻ നന്ദിപറഞ്ഞു. അവർ എനിക്ക് കാമീനോ ആശംസകൾ ഏകി. ഞാൻ സന്തോഷത്തോടെ നടത്തം തുടരാൻ ഒരുങ്ങിയപ്പോൾ വഴിയരികിലെ ഒരു കല്ലിൽ ഒരു ചിത്രം കണ്ടു. കല്ലിൽ ആരോ വരച്ചിട്ട ചിരിച്ചുനിൽക്കുന്ന സൂര്യൻ.

ഈ സൂര്യ ചിത്രം ഞാൻ ഇതിനുമുൻപ് എവിടെയൊക്കെയോ കണ്ടതായി ഓർക്കുന്നു. എൻ്റെ ഇപ്പോഴത്തെ സാഹചര്യത്തിന് ആ ചിത്രം ഏറെ അനുയോച്യമായി തോന്നി. ചില വ്യക്തികൾ അവരുടെ യാത്രയിൽ ഇത്തരം കയ്യൊപ്പുകൾ ഉപേക്ഷിക്കാറുണ്ട്. സിറ്റികളിലെ സ്ട്രീറ്റ് ആർട് കലാകാരന്മാർ മറ്റു സിറ്റികളിൽ യാത്രചെയ്യുമ്പോൾ അവർ അവരുടെ വ്യക്തിമുദ്ര എന്ന പോലെ ചില ചിഹ്നങ്ങൾ ഇത്തരത്തിൽ എവിടെയെങ്കിലും കോരിയിടാറുണ്ട്. മറ്റുചിലർ ഇത്തരം ചിഹ്നങ്ങളിലൂടെ മാത്രം അവരുടെ ആശയങ്ങൾ പങ്കുവക്കാറുമുണ്ട്. അത്തരത്തിൽ ബെർലിൻ നഗരമെമ്പാടും ഒരു യൂണികോൺ ചിഹ്നത്തിലൂടെ തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ച ഒരു കലാകാരനാണ് റോയ് ട്രൗൻസ് പക്ഷെ അദ്ദേഹത്തെ ഇന്നുവരേക്കും ആരും കണ്ടിട്ടില്ല. വിജനമായ നാട്ടുവഴിയിലൂടെ നടന്നുനീങ്ങുമ്പോൾ അങ്ങകലെ സൂര്യൻ പൂർണമായും യാത്രപറയുന്നു ഒപ്പം മറുവശത്തായി കുന്നിൻമുകളിലെ ജനവാസമേഖലയിൽ വെളിച്ചം തെളിയുന്നു.

അപ്പോഴേക്കും ആകാശമാകെ കാർമേഘം മൂടിത്തുടങ്ങിയിരുന്നു. കൂരിരുൾ വീഴുമ്പോഴേക്കും ഞാൻ ഒരു ടാറിട്ട റോഡിലേക്ക് കയറിപറ്റി. വീണ്ടും അതികം വലുതല്ലാത്ത ഒരു കുന്നിനെ വലംവച്ചു അതിൻ്റെ നെറുകയിൽ എത്തിയപ്പോൾ അതാ വഴിയരികിൽനിന്നും അല്പം ഉള്ളിലോട്ട് മാറി ആൽബർഗിൻറെ കവാടം എന്നെ സ്വാഗതം ചെയ്തുകൊണ്ട് നിലകൊള്ളുന്നു.

ഞാൻ ആൽബർഗിൻറെ കവാടത്തിനുള്ളിലേക്ക് കയറുമ്പോഴേക്കും ചാറ്റൽ മഴ പൊഴിഞ്ഞുതുടങ്ങിയിരുന്നു. അതിനാൽ വേഗം നടന്ന് ആൽബർഗിലേക്ക് കയറി. കാഴ്ചയിൽത്തന്നെ ഏകദെശം നമ്മുടെ നാട്ടിലെ ഒരു സ്‌കൂൾ കേട്ടിടത്തോളം വലിയതും വിശാലവുമായ കെട്ടിടമാണ് ആൽബർഗിൻറെത്. ഞാൻ ആൽബർഗിൻറെ വരാന്തയിലേക്ക് കയറിയപ്പോൾ അവിടെ കുറച്ചു പിൽഗ്രിമുകൾ വട്ടംകൂടി എന്തൊക്കെയോ കളികളിൽ ഏർപ്പെട്ടിരിക്കുന്നു. എന്നെ കണ്ടപ്പോൾ അവരിൽ ചിലർ മുഖത്തുനോക്കി പുഞ്ചിരിയോടെ എന്നെ സ്വാഗതം ചെയ്തു. ഞാൻ ആ കൂട്ടത്തിലെ എല്ലാവരോടും കൂടെ “ഹേ ഗൈസ്, ഗുഡ് ഈവനിംഗ്” എന്ന് ആശംസിച്ചശേഷം റിസപ്‌ഷൻ എവിടെയെന്ന് തിരക്കി. ആ കൂട്ടം ഒന്നടങ്കം “ഹേ മാൻ, ഇറ്റ് ഈസ് ദേർ ” എന്ന് പറഞ്ഞു വരാന്തയുടെ ഞാൻ നടന്നിരുന്നതിൻറെ മറുവശത്തുള്ള ദിശയിലേക്ക് കൈചൂണ്ടി. അവരോട് നന്ദിപറഞ്ഞു ഞാൻ അവർ വിരൽചൂണ്ടിയ വശത്തേക്ക് നടന്നു. വരാന്തയുടെ മൂലയിലുള്ള ആ തുറന്നിട്ട വാതിലിനോട് അടുക്കുമ്പോൾ അവിടെനിന്നും എന്തോ ആഹാരം പാകം ചെയ്യുന്ന മണം അനുഭവപ്പെടുന്നു. ഞാൻ ആ വാതിലിനകത്തേക്ക് കയറിച്ചെന്നു.

റിസപ്‌ഷനിൽ ആരുംതന്നെയില്ല, നേരത്തെ ഫോണിൽ സംസാരിച്ച സ്ത്രീ പറഞ്ഞ രീതിയിൽ റിസപ്‌ഷനിലെ മേശപ്പുറത്ത് ഒരു തടിയൻ പുസ്തകം ഇരിപ്പുണ്ടായിരുന്നു. ഞാൻ റിസപ്‌ഷനിലെ കസേരയിൽ ഭാണ്ഡം ഇറക്കിവെച്ച് ആ തടിയൻ പുസ്തകം തുറന്നു. അവസാനം എഴുതപ്പെട്ടിരിക്കുന്ന പേരിനുതാഴെ ക്രമനമ്പർ ചേർത്ത് എൻ്റെ പേരും മറ്റു വിവരങ്ങളും എഴുതിചേർത്തു. ഫോണിൽനിന്നും നേരത്തെ സംസാരിച്ച സ്ത്രീയുടെ നമ്പറിലേക്ക് പണവും അയച്ചുനൽകി. കമീനോ പാസ്സ്പോർട്ടിൽ സീലും പതിപ്പിച്ചു.

അങ്ങനെ സ്വയം ചെക്ക് ഇൻ നടപടികൾ പൂർത്തിയാക്കി ഞാൻ മുറിയിലോട്ട് ചെന്നു. വലിയ ഒരു ഹാൾ നിറയെ മൂന്നുനിലകളുള്ള കട്ടിലുകളിൽ ഒരുപാട് കിടക്കകൾ ഉണ്ട്. ആ ഹാളിൻറെ പകുതിയോളം മാത്രമാണ് ആളുകൾ ഉള്ളത് ബാക്കിയുള്ള അത്രയും കിടക്കകൾ കാലിയായികിടക്കുന്നു. ഹാളിനകത്തേക്ക് കയറിയ ഞാൻ ഒരു മൂലയിലുള്ള കട്ടിലിൻറെ നടുഭാഗത്തുള്ള ഒരു കിടക്ക കയ്യേറി. സാധനങ്ങൾ കിടക്കയിൽ ഇറക്കിവച്ചശേഷം നേരെ കുളിമുറിയിലേക്ക്. വിസ്തരിച്ചൊരു കുളിയുംപാസ്സാക്കി തിരികെ എത്തിയപ്പോഴേക്കും വിശപ്പ് വല്ലാതെ തോന്നിത്തുടങ്ങി. സമയം ഒൻപതുമണിയോടടുക്കുന്നു, ഒപ്പം പുറത്ത് മഴ കോരിചൊരിയുകയുമാണ്. ഇന്ന് ഇനി പുറത്ത് പോയി ഒരു കട കണ്ടെത്തി സാധനങ്ങൾ വാങ്ങൽ എല്ലാം കഷ്ടമാണ്. എന്തുതന്നെയായാലും ആദ്യം അടുക്കള കണ്ടെത്താൻ തീരുമാനിച്ചു.

ഞാൻ അടുക്കളയിലേക്ക് എത്തിയതും അവിടെ എന്തോ അടുപ്പത്ത് പാകംചെയ്യാൻ വച്ചശേഷം സംസാരത്തിൽ മുഴുകിനിൽകുന്ന രണ്ട് സ്ത്രീകൾ എനിക്ക് സ്വാഗതം നേർന്നു. ഞാൻ അവരോടും പുഞ്ചിരിയോടെ നമസ്കാരം പറഞ്ഞു. അവർ രണ്ടുപേരും എന്നെ സ്വയം പരിചയപ്പെടുത്തിയശേഷം ഞാൻ എവിടെനിന്നും നടന്നുതുടങ്ങി, എത്രദിവസ്സമായി നടത്തം തുടരുന്നു മുതലായ കമീനോ വിശേഷങ്ങൾ തിരക്കി. ഞാൻ അതെല്ലാം അവർക്ക് വിവരിച്ചുനൽകി. രണ്ടുപേരിൽ ഒരു സ്ത്രീ ബ്രസീലിയൻ ശൈലിയിലുള്ള പോർത്തുഗീസും മറ്റെയാൾ യൂറോപ്പ്യൻ പോർത്തുഗീസുമാണ് സംസാരിക്കുന്നത്. ഇരുവരും യോഗയും, ആത്മീയ യാത്രകളുമൊക്കെയായി റിട്ടയർമെൻറ് ജീവിതത്തിലാണ് ഇപ്പോൾ. അവർ കാമീനോ നടക്കാൻ ഇറങ്ങിയതല്ല, മറിച്ച് ഞാൻ സന്ധ്യയിൽ പിന്നിട്ട ആ വലിയ പാർക്കിൽ ഇ സ്ത്രീകൾ അംഗമായ ഒരു കൂടായ്മയുടെ പരിപാടി ഉണ്ടായിരുന്നു. അതിനുശേഷം രാത്രിയിൽ തിരികെ പോർത്തോ വരെ വാഹനം ഓടിച്ചു പോകാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകാരണം അവർ ഇവിടുത്തെ ആൽബർഗ് നടത്തിപ്പുകാരിയുമായി സംസാരിച്ച് ഒരു രാത്രിക്കായുള്ള അനുമതി നേടിയെടുത്തിരിക്കുകയാണ്.

പരസ്പരം പരിചയപ്പെടലും വിശേഷങ്ങൾ പങ്കുവെക്കലിനുമൊടുവിൽ അവർ എനിക്ക് ഇന്ന് രാത്രി കഴിക്കാനുള്ള ആഹാരം വാഗ്ദാനം ചെയ്തു. ധാരാളം പച്ചക്കറികൾ അരിഞ്ഞിട്ടുള്ള ഒരു സൂപ് നിർമ്മാണത്തിലായിരുന്നു അവർ ഞാൻ വരുമ്പോൾ. അവർക്ക് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ അളവിൽ ആ സൂപ്പ് തയ്യാറായിട്ടുണ്ട്. അതിനാൽ ഞാൻ അവരുടെ വാഗ്ദാനം നിരസിക്കാതെ അവരോടൊപ്പം ഇരുന്ന് വെജിറ്റബിൾ സൂപ്പ് അകത്താക്കി.

സൂപ് കഴിക്കുന്നതിനിടയിൽ പോർത്തോ സ്വദേശിനിയായ ആഗ്ന എന്ന സ്ത്രീ അടുത്തുള്ള ഒരു കൊച്ചു സൂപ്പർമാർക്കറ്റിനെപ്പറ്റി വിവരിച്ചു. ആൽബർഗിൽനിന്നും ഏറെ ദൂരെയല്ലാതെ സ്ഥിതിചെയ്യുന്ന ആ കട രാത്രി വൈകുവോളം പ്രവർത്തിക്കുമത്രേ. എനിക്ക് എന്തെങ്കിലും വാങ്ങാൻ ഉണ്ടെങ്കിൽ മഴ കുറഞ്ഞതിനുശേഷം പോയാൽ മതിയെന്നും അവർ കൂട്ടിച്ചേർത്തു.

രാവിലെ കഴിക്കാനായി ബ്രഡ്ഡ് പോലെ എന്നതെങ്കിലും വാങ്ങണം. ആഹാരശേഷം ആഗ്ന പറഞ്ഞ സൂപ്പർമാർക്കറ്റ് ലക്ഷ്യമാക്കി ഞാൻ പുറത്തിറങ്ങി. ആൽബർഗിന് ഞാൻ കയറിവന്ന കവാടമല്ലാതെ മറ്റൊരു കവാടം അതിൻ്റെ എത്തിവശത്തായി ഉണ്ട്. ആഗ്ന പറഞ്ഞതനുസരിച്ചു അതുവഴിയാണ് ഞാൻ പുറത്തിറങ്ങുന്നത്. കവാടത്തിനരികിലായി ധാരാളം പിൽഗ്രിമുകൾ ഒത്തുകൂടിയിട്ടുണ്ട്. എല്ലാവരും പലപല കൂട്ടങ്ങളായി കൂടിനിന്ന് വിശേഷങ്ങൾ പങ്കുവക്കലിലും , മദ്യപാനത്തിലുമൊക്കെ മുഴുകിയിരിക്കുകയാണ്. ഞാൻ അവരെ എല്ലാവരോടുമായി “ഓല” എന്ന നമസ്കാരം പറഞ്ഞശേഷം കവാടം കടന്ന് സൂപ്പർമാർക്കറ്റ് ലക്ഷ്യമാക്കി നടന്നു. ആൽബർഗ് സ്ഥിതിചെയ്യുന്ന കുന്ന് ഇറങ്ങി ഏകദെശം 200 മീറ്റർ നടന്നപ്പോഴേക്കും ക്രിസ്തുമസ്സ് വെളിച്ചം പോലെ അലംകൃതമായ ഒരു വീടിനുമുൻപിലെത്തി. ആ വീടിനോട് ചേർന്നുതന്നെയാണ് സൂപ്പർമാർക്കറ്റും.

ഞാൻ മെല്ലെ കടയുടെ അകത്തുകയറിയപ്പോൾ അവിടെ ഏതാനും പിൽഗ്രിമുകൾ നില്പുണ്ട്. ഞങ്ങൾ പരസ്പരം ഒന്ന് പുഞ്ചിരിച്ചശേഷം ഞാൻ അകത്തേക്കും അവർ പുറത്തേക്കും നീങ്ങി. പ്രധാനമായും ഒരു കുപ്പി പീനട്ട് ബട്ടർ വാങ്ങലാണ് ലക്ഷ്യം, ആദ്യം തന്നെ അത് കണ്ടെത്തി. പീനട്ട് ബട്ടർ പുരട്ടി കഴിക്കാനുള്ള ബ്രഡ്ഡ് നോക്കിയപ്പോൾ അതാ ആ കടക്കാർ തന്നെ വീട്ടിലുണ്ടാക്കുന്ന ബ്രഡ്ഡ് ആവശ്യമനുസരിച്ച് മുറിച്ചെടുക്കാനായി ഒരു പ്ലാസ്റ്റിക് പെട്ടിയിൽ മൂടി വച്ചിരിക്കുന്നു. പാറയുടെ ആകൃതിയിലുള്ള ആ ബ്രെഡ്ഡ് കട്ടകളിൽനിന്നും എനിക്ക് ആവശ്യമുള്ളത് മുറിച്ചെടുത്തു. ആ പരിസരങ്ങളിൽത്തന്നെ കൃഷിചെയ്യുന്ന പഴങ്ങൾ ധാരാളം വില്പനക്ക് വച്ചിട്ടുണ്ട്, അവയിൽനിന്നും ഏതാനും പഴങ്ങളും എടുത്ത് കടക്കാരനടുത്ത് ചെന്നു. അദ്ദേഹം എല്ലാം വൃത്തിയായി പേപ്പർ ബാഗിൽ പൊതിഞ്ഞുതന്നു.

സാധനങ്ങൾ വാങ്ങി കടയിൽനിന്നും പുറത്തിറങ്ങിയപ്പോൾ സമയം പത്തുമണി. തിരികെ നടക്കുമ്പോൾ വീണ്ടും ചെറുതായി മഴ ചാറിത്തുടങ്ങിയിരുന്നു, ആ ചാറൽ കനക്കുംമുൻപ് ഞാൻ ആൽബർഗിൽ എത്തി. കടയിലേക്ക് പോയ അതേവഴിയിലൂടെ തന്നെയാണ് തിരികെവന്നതും അതായത് അടുക്കളവഴിയിലൂടെ. തിരികെയെത്തിയപ്പോഴും അടുക്കളയിൽ നേരത്തെ പരിചയപ്പെട്ട ആഗ്നയും, ശാലോമിയും നിൽപ്പുണ്ട്. അവരെ കണ്ടപ്പോൾ കടയിലേക്കുള്ള വഴി പറഞ്ഞുതന്നതിന് ഞാൻ നന്ദി പറഞ്ഞു. നന്ദിപ്രകടനം നടത്തി അതുവഴിയങ്ങു നേരെ റൂമിലേക്ക് കയറാൻ ഒരുങ്ങിയ എന്നെ അവർ തടഞ്ഞുനിർത്തി. അവർ ഒരു പുതിയ തരം ചാ ഉണ്ടാക്കിയിട്ടുണ്ട് അത് ഞാൻ രുചിച്ചുനോക്കണമത്രേ. മഴച്ചാറ്റൽ കൊണ്ട് തണുത്ത് കയറിവന്ന ഞാൻ ചൂടുള്ള ചായ എന്നുകേട്ടപ്പോൾ സമ്മതം മൂളി. എന്നാൽ ചാ കയ്യിൽതന്ന് അത് എന്താണെന്ന് വിവരിച്ചപ്പോൾ ഞാൻ അറിയാതെ പൊട്ടിചിരിച്ചുപോയി.

മനുഷ്യൻ കഴിക്കുന്ന ഏതൊരു ഇലയും, പൂവും, കായും, മരത്തൊലിയും, വേരും വെള്ളത്തിൽ തിളപ്പിച്ച് ഒരു ഇൻഫ്യൂഷൻ ഉണ്ടാക്കി കുടിക്കുന്ന ശീലം പൊതുവെ യൂറോപ്പിയൻ നാടുകളിൽ ഉണ്ട്. പോർത്തുഗീസുകാർ അവ എല്ലാത്തിനെയും “ചാ” എന്നുതന്നെയാണ് വിളിക്കുക. ഇന്ന് ആഗ്നയും, സലോമിയും ഉണ്ടാക്കിതന്ന ചാ വളരെ രസകരമായ ഒന്നാണ്. “ചാ ഡെ അർറോസ്” അതായത് അരി കൊണ്ട് ഉണ്ടാക്കിയ ചായ. വെള്ളം തിളപ്പിച്ചശേഷം അതിലേക്ക് ഏതാനും അരിമണികൾ ഇട്ട് വീണ്ടും നന്നായി തിളപ്പിച്ച് ഗ്ലാസ്സുകളിലേക്ക് ഒഴിച്ചെടുത്തതാണ് ചാ ഡെ അർറോസ്. ചോറുവെക്കുമ്പോൾ കഞ്ഞിവെള്ളം ഊറ്റി ഗ്ലാസ്സിലാക്കി കുടിക്കുന്ന ഒരു മലയാളിക്ക് ചാ ഡെ അർറോസ് കിട്ടിയാൽ ചിരിവരുന്നത് സ്വാഭാവികമാണല്ലോ. എന്തായാലും ഞാൻ അവരോട് പ്രത്യേകിച്ചൊന്നും പറയാതെ ആ ചാ കുടിച്ചുതീർത്തു നന്നായിട്ടുണ്ടെന്നമട്ടിൽ പുഞ്ചിരിയോടെ നന്ദിപറഞ്ഞു മുറിയിലേക്ക് പോയി.

മുറിയിലെത്തിയപ്പോൾ എൻ്റെ കിടക്കയുടെ മുകളിലായി ഒരാൾ കിടപ്പുണ്ട്. ലൈറ്റ് ഓഫ് ആകിയിട്ടില്ല എങ്കിലും അയാളെ ശല്യംചെയ്യണ്ട എന്നരീതിയിൽ ഞാൻ മെല്ലെ ശബ്ദമുണ്ടാക്കാതെ സാധനങ്ങൾ ഒതുക്കിവച്ചു. പക്ഷെ ആ ചെറിയ ശബ്ദം കേട്ട്കൊണ്ട് അദ്ദേഹം എനിക്ക് നേരെ തിരിഞ്ഞുകൊണ്ട് ഹലോ എന്ന് ആശംസിച്ചു. ഞാനും തിരികെ ആശംസിച്ചു, മുഖം കണ്ടപ്പോഴാണ് അത് ഒരു പുരുഷനല്ല മറിച്ച് മുടി താഴ്ത്തിവെട്ടിയ മധ്യവയസ്കയായ ഒരു സ്ത്രീയാണെന്ന് മനസ്സിലായത്.

ആംസ്റ്റർഡാം സ്വദേശിനിയായ അവരുടെ പേര് കിറ്റി എന്നാണ്. ഒരു ആശുപത്രിയിൽ രോഗികൾക്ക് മരവിപ്പ് നൽകാനുള്ള കുത്തിവെപ്പ് എടുക്കുന്ന ജോലിചെയ്യുന്നു. ഒപ്പം ബാക്കി സമയങ്ങളിൽ ആയുർവേദ തെറാപ്പിസ്റ്റായും പ്രവർത്തിക്കുന്നു. ആയുർവേദം പഠിക്കാനായി അവർ ഇന്ത്യയിൽ ദീർഘകാലം താമസിച്ചിട്ടുണ്ടത്രെ. പ്രായപൂർത്തിയായ മൂന്നുമക്കളുടെ അമ്മകൂടിയാണ് കിറ്റി. അല്പനേരത്തെ പരിചയപ്പെടലിനൊടുവിൽ അവരോട് തല്ക്കാലം വിടപറഞ്ഞു ഞാൻ കിടക്കയിലേക്ക് കയറി. വൈകാതെ ആരോ ലൈറ്റും ഓഫ് ആക്കി.

ചാലക്കുടിക്കടുത്ത് മുരിങ്ങൂർ സ്വദേശി. പോർത്തുഗൽ തലസ്ഥാനമായ ലിസ്ബണിൽ ജീവിക്കുന്നു. സമൂഹമാധ്യമങ്ങളിൽ ചെറുകഥകൾ എഴുതാറുണ്ട്.