
കല്ലും മുള്ളും
ടോണിയുടെ ഫ്ലൂട്ട് വായനക്കുശേഷവും ഞാൻ ഏറെ നേരം ടോണിയോടും പങ്കാളിയോടും ഒപ്പം ചിലവിട്ടു. അവരുടെ കാനേഡിയൻ ജീവിതരീതിയും കമീനോ കഥകളും കേട്ടുകൊണ്ട് റെസ്റ്റോറണ്ടിന് പുറത്തിട്ടിരിക്കുന്ന ബെഞ്ചിൽതന്നെ ആയിരുന്നു ഇരിപ്പ്. ഏകദേശം മൂന്നുമണി ആയതോടെ ഞാൻ അവരോട് യാത്രപറഞ്ഞു, കമീനോ പാസ്സ്പോർട്ടിൽ സീൽ കിട്ടുമോ എന്നറിയാൻ പള്ളി ലക്ഷ്യമാക്കി നടന്നു. പക്ഷെ അപ്പോഴേക്കും പള്ളി താത്കാലികമായി അടച്ചിരുന്നു. ഇനി നാലുമണി ആകും പള്ളി വീണ്ടും തുറക്കാൻ. അതുവരെ കാത്തുനിൽക്കുക അസാധ്യം, കാരണം ഇപ്പോൾ നടന്നുതുടങ്ങിയാലേ “റുബിയഷ്” എന്ന സ്ഥലത്തെ അടുത്ത ആൽബർഗിൽ ഇരുട്ടും മുൻപേ എത്തിച്ചേരാനാകൂ. ഇപ്പോൾ നിൽക്കുന്ന ഇടത്തുനിന്നും ഏകദെശം 17 കിലോമീറ്ററുകൾ നടന്നുവേണം അവിടെ എത്താൻ. മാത്രമല്ല അവിടേക്കുള്ള പാതയിൽ ധാരാളം കുന്നുകളും, മൺപാതകളും താണ്ടേണ്ടതായി ഉണ്ട്.
പാഴാക്കാൻ സമയം തീരെ ഇല്ലായിരുന്നതിനാൽ പള്ളിമുറ്റത്തുനിന്നും പുഴക്ക് കുറുകെയുള്ള പാലവും, മറുകരയിലെ കാഴ്ചകളും ഒരുനിമിഷം തിരിഞ്ഞുനോക്കി ഒരു ദീർഘശ്വാസം എടുത്ത് നടത്തം തുടർന്നു. സമയം മൂന്നുമണിയിൽനിന്നും സൂചി അല്പം നീങ്ങിയിരുന്നു. പള്ളിയിൽനിന്നും കമീനോപാതയിൽ തുടരവെ ടോണിയേയും പങ്കാളിയെയും ഒരിക്കൽക്കൂടി കണ്ട് അവരോട് യാത്രപറഞ്ഞു.

പോണ്ടെ ലിമ പാലത്തിനടുത്തുള്ള സുന്ദരമായ, ധാരാളം സന്ദർശകർ എത്തുന്ന പ്രദേശത്തുനിന്നും അകന്നു തുടങ്ങിയതോടെ പാതയുടെ സ്വഭാവം മാറിത്തുടങ്ങി. കല്ലുപാകിയ വഴിയിൽനിന്നും ആദ്യം കോൺക്രീറ്റ് പാതയിലേക്കും, പിന്നീട് മൺപാതയിലേക്കും, അവിടെനിന്നും വയലിനരികിലൂടെ ഒഴുകുന്ന കുഞ്ഞുതോടിൻറെ വക്കിലൂടെയുള്ള ഒറ്റയടി പാതയിലേക്കും പരിവർത്തനപ്പെട്ടുകൊണ്ടിരുന്നു.

ഏകദേശം ഒന്നരമണിക്കൂർ നീണ്ട വയലുകളുടെയും മുന്തിരിപ്പാടങ്ങളുടെയും ഇടയിലൂടെയുള്ള നടത്തത്തിനൊടുവിൽ വീണ്ടും ടാറിട്ട റോഡിലേക്ക് കയറി. പക്ഷെ രണ്ടുകിലോമീറ്ററോളം മാത്രമായിരുന്നു ആ ടാറിട്ട റോഡിൻറെ നീളം. ടാർ റോഡിൽനിന്നും മൺപാതയിലെക്ക് ഇറങ്ങുന്നതിന് മുൻപായി പാതയുടെ ഒരുവശത്തായുള്ള മരങ്ങളുടെ കൂട്ടത്തിലെ ഒരുമരത്തിൽ ആരോ ഒരു ക്ലോക്ക് ഉറപ്പിച്ചുവച്ചിരിക്കുന്നു. ആ ക്ലോക്ക് 12 മണിക്ക് ഏതാനും സെക്കൻറ്റുകൾ മാത്രം ബാക്കിയുള്ളപ്പോൾ നിലച്ച രീതിയിലാണ് കാണപ്പെടുന്നത്. ആ കാഴ്ച്ച എൻ്റെ ഇപ്പോഴത്തെ സാഹചര്യവുമായി സാമ്യമുള്ളതായി തോന്നി. കാരണം, സാധാരണയായി ആൽബർഗുകൾ 8 മണിവരെ മാത്രമാണ് പ്രവർത്തിക്കുക. അതിനുശേഷം മിക്കവാറും ആൽബർഗുകളുടെ റിസപ്‌ഷൻ പ്രവർത്തിക്കാറില്ല. ഏതാനും സ്വകാര്യ ഹോസ്റ്റലുകൾ, ഹോംസ്റ്റേയ് പോലുള്ളവ ഒരുപക്ഷെ പ്രവർത്തിച്ചെന്നുവരാം. പക്ഷെ കമീനോ സംഘടനകളുമായി ബന്ധപ്പെട്ട ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ആൽബർഗുകൾ അല്ലാത്തവ സാധാരണ ഒരു ഹോട്ടൽ മുറിയുടെ തുക ഈടാക്കിയേക്കാം. അല്പം കൂടുതൽ പണം നൽകാനുള്ള സാഹചര്യം ഇപ്പോൾ ഉണ്ടെങ്കിലും മനസ്സ് എന്നെ അനുവദിക്കും എന്ന് തോന്നുന്നില്ല. മാത്രമല്ല എന്നെ സംബന്ധിച്ച് ഇന്ന് പുറത്തുള്ള ഉറക്കം ഒട്ടും പ്രായോഗികമല്ല. ഇപ്പോൾ തത്ക്കാലം മഴ പെയ്യുന്നില്ല, പക്ഷെ എപ്പോൾവേണമെങ്കിലും മഴയെ പ്രതീക്ഷിക്കാം. അതിനാൽ ഞാൻ നടപ്പിൻറെ വേഗം അല്പം കൂട്ടി.
ടാറിട്ട റോഡിൽനിന്നും മൺപാതയിലൂടെ അല്പം നടന്ന് ഞാൻ ഒരു യൂക്കാലി കാട്ടിലേക്ക് കയറുകയാണ്. അവിടെ പാതയുടെ ഒരുവശത്ത് കമീനോ ചിഹ്നത്തിന് അടിയിലായി ഒരു കുറിപ്പ് ശ്രദ്ധയിൽപെട്ടു.

“നിങ്ങളുടെ ജീവിതത്തിലെ ഏറെ പ്രാധാന്യമുള്ള രണ്ടു ദിവസങ്ങളിൽ ഒന്ന് നിങ്ങൾ ജനിച്ച ദിവസവും മറ്റൊന്ന് നിങ്ങൾ കമീനോപാത കണ്ടെത്തിയ ദിവസവും”
വഴിയരികിൽ കിടന്നിരുന്ന ഒരു നീളൻ കല്ലിൽ മാർക്കർ കൊണ്ട് എഴുതിയരീതിയിലായിരുന്നു ആ കുറിപ്പ് കാണപ്പെട്ടത്. ഞാൻ മുൻപ് സൂചിപ്പിച്ചപോലെ. മുന്നേ നടന്നവരുടെ ഇത്തരം കുറിപ്പുകൾ വായിക്കുന്നത് മുൻപേ നടന്നവരുടെ പ്ലാസ്റ്റിക്ക് സാധനങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണുന്നതിനേക്കാൾ ഏറെ അർത്ഥവത്തായ ഒരു അനുഭവമാണ്. ഒരുപക്ഷെ എൻ്റെ കയ്യിൽ ഒരു മാർക്കർ ഉണ്ടായിരുന്നെങ്കിൽ ഞാനും അത്തരത്തിൽ കുറിപ്പുകൾ എഴുതുമായിരുന്നു.
യൂക്കാലി കാടും, ഇടതൂർന്ന് പൈന്മരങ്ങൾ വളരുന്ന കുന്നുകളും കയറി ഏറെ ദൂരം പിന്നിട്ടു. പക്ഷെ സമതലത്തിൽനിന്നും നടത്തം തുടങ്ങി കിലോമീറ്ററുകളും മണിക്കൂറുകളും പിന്നിട്ടുകഴിഞ്ഞിട്ടും ഒരു ചെറിയ ഇറക്കം പോലും കിട്ടിയില്ല. പാറക്കല്ലുകൾ നിറഞ്ഞ കഠിനമായ കയറ്റങ്ങൾ മാത്രമാണ് ഇതുവരെ പിന്നിട്ടത്. ഇനി മുന്നോട്ടും കാണാവുന്ന അത്രയും ദൂരം കയറ്റംതന്നെയാണ്.

കഴിഞ്ഞ ദിവസങ്ങളിലെ മഴ ഭൂമിയെയും അന്തരീക്ഷത്തെയും തണുപ്പിച്ചതിനാൽ ഞാൻ വല്ലാതെ ക്ഷീണിതനാകുന്നില്ല എന്നിരുന്നാലും കാലുകളുടെ മസിലുകൾ മുറുകുന്നത് അറിയുന്നുണ്ട്. കഠിനമായ കയറ്റങ്ങൾ അനായാസമായി കയറാൻ വേണ്ടുന്ന പൊടിക്കൈകൾ എല്ലാം പരീക്ഷിച്ചു. മനസ്സിനെ തളരാതെ നിലനിർത്താനും ചിലപ്പോഴെല്ലാം ഉത്തേജിപ്പിക്കാനും റോക്ക്, ഹിപ്ഹോപ്, റാപ്, പോപ്പ്, ട്രാൻസ് പോലുള്ള സംഗീതങ്ങളും പ്രയോഗിച്ചു. ഒടുവിൽ പാറക്കല്ലുകൾ നിറഞ്ഞ കുന്നുകൾ കയറി ഒരുവിധം ഒരു നിരപ്പായ പ്രദേശത്ത് എത്തിച്ചേർന്നു.
നമ്മുടെ മലയോരമേഖലകളിലെ പോലെ ഇടുങ്ങിയ വീതികുറഞ്ഞ ഒറ്റവരിപ്പാതയുടെ ഒരുവശത്ത്, റോഡിൽനിന്നും ഒരാൾപൊക്കത്തിൽ തിട്ടയുടെമേൽ സ്ഥിതിചെയ്യുന്ന ഓടിട്ട ഒരു കൊച്ചു കട കണ്ടു. പഴയ ഫിലമെൻറ് ബൾബിൻറെ സ്വർണവെളിച്ചം കടക്കകത്തെ പൂശിയപ്പോൾ വെള്ളയായിരുന്ന പിന്നീട് കാലം അതിനെ ചന്ദനനിറം ആക്കിമാറ്റിയ ചുവരിലും, “എക്സ് പ്രെസ്സോ” നിറത്തിലുള്ള മര ഉരുപ്പടികളിലും തട്ടി എനിക്കുനേരെ അരിച്ചെത്തി. ഒരുനിമിഷം ഞാൻ കണ്ണൂരിലെ ഇരട്ടിയിലോ, ഇടുക്കിയിലെ കുളമാവ് പോലെയുള്ള ഏതോ പ്രദേശങ്ങളിൽ എത്തിപ്പെട്ടോ എന്ന് സംശയിച്ചുപോയി. അത് ഊട്ടിയുറപ്പിക്കുംവണ്ണം പഴയ ആകാശവാണി പോലെ ഒരു അശരീരിയും കേട്ടുതുടങ്ങി. ഒരുനിമിഷത്തേക്ക് ഞാൻ അടക്കാൻശ്രമിച്ചെങ്കിലും എന്നിൽനിന്നും ആ ചിരി കൂട്ടി ഇറുക്കിപ്പിടിച്ച ചുണ്ടുകൾമൂലം മൂക്കുവഴി പുറത്തുചാടി. ഞാൻ ആ ചിരിയോടെ വേഗം റോഡിനരികിൽനിന്നും റോഡിന് സമാന്തരമായി വെട്ടിയ പടികൾ കയറി തിട്ടയുടെ മുകളിൽ കടയുടെ മുറ്റത്തെത്തി.
കടയുടെ ഭൂമിനിരപ്പിൽനിന്നും തിരിഞ്ഞുനോക്കിയപ്പോൾ ഞാൻ കയറിവന്ന ആ വലിയ കുന്നിൻറെ വലിപ്പം കൃത്യമായി മനസ്സിലായി. കടയുടെ മുറ്റം അവസാനിക്കുന്നത് ഒരു കപ്പേളയുടെ മുന്നിലാണ്. ഏറെ പഴക്കമുള്ള ഒരു കപ്പേളയാണ് അത് എന്ന് കണ്ടമാത്രയിൽ എനിക്ക് മനസ്സിലായി. എന്നാൽ ഒരുപാട് നൂറ്റാണ്ടുകൾ പഴക്കമുള്ള ഒന്ന് അല്ലതാനും. ഞാൻ കടയോടടുത്തപ്പോൾ നേരത്തെകേട്ട ആ അശരീരി ആകാശവാണിയുടേതല്ല മറിച്ച് പ്രശസ്ത പോർത്തുഗീസ് “ഫാദോ” സംഗീതജ്ഞ “അമാലിയ റോഡ്രിഗസ്” ഫാദോ വിസ്തരിക്കുന്നതാണെന്ന് മനസ്സിലായി. ഞാൻ ആകാംഷയോടെ ആ കടയുടെ മുറ്റത്തുനിന്നും മൂന്നുപടികൾ കയറി കടയുടെ വരാന്തയിലേക്ക് എത്തി. കടയുടെ അകത്തേക്ക് ഒന്ന് കണ്ണോടിച്ചു.
ചില ക്ലാസിക് ചിത്രങ്ങളിൽ കണ്ടിട്ടുള്ള ഒരു പലചരക്കുകടയുടെ ഉൾവശം പോലെ തോന്നുംവിധം സാധനങ്ങൾ വൃത്തിയായി അടുക്കിവച്ചിരിക്കുന്നു. പാക്കറ്റുകൾ അല്ലാതെ ചാക്കുകളിൽനിന്നും ആവശ്യത്തിന് പൊതിഞ്ഞുവിൽക്കുന്ന ധാന്യങ്ങൾ, പഞ്ചസാര, ഉണക്കിയ വസ്തുക്കൾ മുതലായവയുടെ ചാക്കുകളിൽ അവ കടയിൽ എത്തിയ ദിവസ്സം, വില, കാലാവധി അങ്ങനെ എല്ലാം എഴുതിയതായി കാണാം. കടയുടെ പുറത്തേക്ക് കുന്തിരിക്കം പോലെ എന്തോ പുകച്ച ഒരു മണം വല്ലാതെ പരക്കുന്നുണ്ട്. എൻ്റെ മുഖത്തെ അത്ഭുത ഭാവം നിരീക്ഷിച്ചുകൊണ്ട് കടക്കകത്തെ ഒരു മൂലയിൽ കയ്യിൽ ഒരു കനമുള്ള പുസ്തകം പിടിച്ചുകൊണ്ട് ഒരു വൃദ്ധൻ ഇരിപ്പുണ്ട്. കറുത്ത കട്ടി ഫ്രെയിം കണ്ണാടി മൂക്കിലേക്ക് ഇറക്കി തല ഒന്ന് കുനിച്ചു നെറ്റി ചുളിച്ചാണ് അദ്ദേഹം എന്നെ വീക്ഷിക്കുന്നത്. കടയുടെ ഉൾഭാഗത്തെ ഒരു വശത്തുനിന്നും വീക്ഷിച്ച് മറുവശത്തെത്തിയപ്പോൾ ആണ് ഞാൻ അദ്ദേഹത്തിൻറെ ആ ഇരിപ്പ് കണ്ടത്. പെട്ടന്ന് എനിക്ക് അദ്ദേഹത്തോട് എന്തുപറയണം എന്ന് മനസ്സിലായില്ല. മാത്രമല്ല സത്യത്തിൽ ഞാൻ ആ കടയിൽ എന്തിനാണ് കയറിയത് എന്നും എനിക്ക് ആ സമയത് നിശ്ചയമുണ്ടായില്ല. ഒരുനിമിഷം ഞങ്ങൾ പരസ്പരം കണ്ണുകളിലേക്ക് നോക്കിനിന്നു.
എൻ്റെ ആ നിൽപ്പ് മനസ്സിലാക്കിയിട്ടാണെന്ന് തോന്നുന്നു അദ്ദേഹം വായിച്ചുകൊണ്ടിരുന്ന പുസ്തകം അതേപടി അദ്ദേഹത്തിൻ്റെ മേശപ്പുറത്ത് കമിഴ്ത്തിവെച്ചശേഷം പുസ്തകത്തിനുമുകളിലേക്ക് തൻ്റെ മടിയിൽനിന്നും ഒരു കറുത്ത തുണി എടുത്ത് വിരിച്ചു. ശേഷം അദ്ദേഹം ഇരിപ്പിൽനിന്നും എഴുന്നേറ്റ് നേരെ ഫ്രിഡ്ജിനടുത്തേക്ക് പോയി, ഒരുകുപ്പി വെള്ളം എടുത്ത് എനിക്ക് തന്നു. എൻ്റെ കയ്യിൽ ആൽബർഗ് വരെ എത്താനുള്ള വെള്ളം ഉണ്ടായിരുന്നിട്ടും ഞാൻ ആ വെള്ളം കുപ്പി അദ്ദേഹത്തിൽനിന്നും സ്വീകരിച്ചു. വീണ്ടും ഞാൻ നിശ്ചലനായിത്തന്നെ അവിടെത്തുടർന്നു.
അതുമനസ്സിലാക്കിയിട്ടാണെന്ന് തോന്നുന്നു അദ്ദേഹം എന്നെത്തന്നെ നോക്കി തൻ്റെ ഇടതുകൈ അരയിൽകുത്തി വലതുകാലിൻറെ പാദം നിലത്ത് കൊട്ടി ശബ്ദമുണ്ടാക്കികൊണ്ടിരുന്നു. പെട്ടന്ന് ഞാൻ ഉറക്കത്തിൽനിന്നും ഉണർന്നപോലെ എൻ്റെ അരയിൽകെട്ടിയ പൗച്ചിൽനിന്നും കയ്യിൽകിട്ടിയ ഒരു നാണയം എടുത്ത് അദ്ദേഹത്തിന് നൽകി. അത് ഒരു രണ്ട് യൂറോ നാണയമായിരുന്നു. അദ്ദേഹം 60 സെൻറ്റും ഒരു മെഴുകുതിരിയും തിരികെനൽകി.
വെള്ളംകുപ്പിക്ക് സാധാരണ ഒരുയൂറോ വിലയുണ്ട് പക്ഷെ ഈ മെഴുകുതിരി… അത് ഞാൻ ആവശ്യപെട്ടതല്ല. എനിക്ക് ഇത് അദ്ദേഹത്തോട് പറയണമെന്നുണ്ട് പക്ഷെ അപ്പോഴേക്കും അദ്ദേഹം തൻ്റെ ഇരിപ്പിടത്തിലേക്ക് മടങ്ങിക്കഴിഞ്ഞിരുന്നു. ഞാൻ അൽപനേരം അവിടെ സ്തംഭനായി നിന്നു. അപ്പോഴേക്കും തൻ്റെ ഇരിപ്പിടത്തിൽ തിരികെയെത്തിയ ആ മുത്തശ്ശൻ പുസ്തകത്തിലെ തുണിമാറ്റി അതിനെ ഒന്ന് തൊട്ടുതൊഴുത് പാരായണം തുടർന്നു. അതുകണ്ടപ്പോൾ വീണ്ടും അദ്ദേഹത്തെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി ഞാൻ മെല്ലെ അവിടെനിന്നും നടക്കാനൊരുങ്ങി. അപ്പോഴതാ പൊടുന്നനെ ഒരു മഴ.
ഞാൻ മെല്ലെ കടയിൽനിന്നും ഇറങ്ങി നേരെ ആ കപ്പേളയുടെ വരാന്തയിലേക്ക് കയറി. അകത്തേക്കുനോക്കിയപ്പോൾ ഒരു സ്ത്രീ ഒറ്റക്ക് കപ്പേളയുടെ അകത്ത് ഇരുന്ന് പ്രാർത്ഥിക്കുന്നത് കണ്ടു. അതിനാൽ അവരുടെ ഏകാന്തമായ പ്രാർത്ഥനയെ ശല്യംചെയ്യണ്ട എന്ന്കരുതി ഞാൻ വരാന്തയിൽത്തന്നെ നിന്നു. ഏകദെശം അഞ്ചുമിനിട്ടിനുള്ളിൽ മഴ തോർന്നു. അപ്പോഴേക്കും സമയം ആറുമണി ആയിക്കഴിഞ്ഞിരുന്നു. ഞാൻ നടത്തം തുടർന്നു. ടാറിട്ട ഇടുങ്ങിയ വഴിയിലൂടെ നടന്നുനീങ്ങവെ ഒന്നോ രണ്ടോ വീടുകൾ കണ്ടതായി തോന്നി.

പക്ഷെ ടാറിട്ട വഴിയും വീടുകളും ഏറെ നീണ്ടുനിന്നില്ല. വീണ്ടും പാറക്കല്ലുകൾ നിറഞ്ഞ കുത്തനെയുള്ള പാത വന്നെത്തി. ഞാൻ ഊന്നുവടി കുത്തിഊന്നി കഴിയാവുന്ന വേഗതയിൽ നടന്നുകയറി.

ആ നടത്തത്തിനിടയിൽ ഞാൻ ഒരുകാര്യം ശ്രദ്ധിച്ചു. കടയുടെ മുൻപിൽ പെയ്ത മഴ ഇങ്ങോട്ടൊന്നും എത്തിയിട്ടില്ല അഥവാ കടയുടെ പരിസരത്തുനിന്നും അധികം ദൂരേക്ക് പെയ്തിട്ടില്ല. അപ്പോഴാണ് കടയിൽനിന്നും കിട്ടിയ മെഴുകുതിരിയെപ്പറ്റി ഓർമവന്നത്. ഞാൻ എൻ്റെ പോക്കറ്റിൽ തപ്പിയപ്പോൾ മെഴുകുതിരികിട്ടി. അത് കയ്യിലെടുത്ത് നോക്കി മുന്നോട്ട് നീങ്ങവെ ഒരു 60 ഡിഗ്രിയോളം ചരിഞ്ഞ കയറ്റം മുന്നിൽവന്നെത്തി.

യഥാർത്ഥത്തിൽ വഞ്ചി തുഴയുന്ന അതേ രീതിയിൽ ഞാൻ എന്നെത്തന്നെ ഊന്നുവടി ഉപയോഗിച്ചു തുഴഞ്ഞു ഒരുവിധം മുകളിലെത്തിച്ചു. അപ്പോഴേക്കും നന്നേ കിതച്ചുപോയ ഞാൻ ഒരു നിമിഷം അവിടെ നിന്ന് അല്പം വെള്ളം കുടിച്ചു. വെള്ളം കുടിക്കുന്നതിനിടയിൽ അവിടെ ആ പാതയുടെ വശത്തായി ഒരു പാറക്കുചുറ്റും ധാരാളം ഉപേക്ഷിപ്പുകൾ, കുറിപ്പുകൾ, പൂക്കൾ അങ്ങനെ പതിവുപോലെ മുൻഗാമികളുടെ ഓർമ്മകൾ കിടക്കുന്നതായി കണ്ടു. ഞാൻ ആ കുറിപ്പുകൾ വായിക്കാനായി അതിനടുത്തേക്ക് ചെന്നു.
അവിടെ ഉപേക്ഷിപ്പുകളിൽ പതിവിൽനിന്നും വിപരീതമായി ധാരാളം നാണയങ്ങളും കാണാമായിരുന്നു. ഞാൻ ആ കുറിപ്പുകൾ ഓരോന്നായി വായിക്കാൻ ആരംഭിച്ചു. പക്ഷെ ഈ കുറിപ്പുകൾ എല്ലാം ഇതിനുമുൻപ് വായിച്ചവയിൽനിന്നും ഏറെ വ്യത്യസ്തമാണ്. ഞാൻ കുറിപ്പുകൾ ഒരുവശത്തുനിന്നും വേഗം വേഗം വായിച്ചു പാറയുടെ നടുവിലായി പുറകിൽനിന്നും വളരുന്ന പൈന്മരത്തിന് നേരെ എത്തി. ആ മരത്തിൽ ലാമിനേഷൻ ചെയ്തരീതിയിൽ ആണിയടിച്ച് ഉറപ്പിച്ചുവച്ചിരിക്കുന്ന ആ കുറിപ്പ് വായിച്ചപ്പോൾ ഞാൻ ഞെട്ടി അറിയാതെ ഒരടി പുറകോട്ട് വച്ചുപോയി.







