
ഇടവെയിൽ
ചുറ്റിലും വെള്ളമാണെങ്കിലും ഇപ്പോൾ മഴ താത്കാലികമായി നിലച്ചിരിക്കുന്നു. എൻ്റെ ആ തോന്നൽ ഉറപ്പിച്ചുകൊണ്ട് കെട്ടിനിൽക്കുന്ന വെള്ളത്തിൽനിന്നും കൊത്തിപ്പെറുക്കാൻ ധാരാളം കുഞ്ഞുകിളികൾ വന്നെത്തിയിട്ടുണ്ട്. മഴക്ക് സാധ്യതയുണ്ടെങ്കിൽ അവ കൂടിനു പുറത്തിറങ്ങില്ല.!
മുട്ടോളം വെള്ളത്തിൽ ഇനിയും ഉദിക്കാത്ത നുറുങ്ങുവെട്ടത്തിൽ കയ്യിലെ ഊന്നുവടി മുന്നിൽ കുത്തിനോക്കി ആഴമളന്ന് ഓരോ ചുവടും മുന്നോട്ടുവെച്ച് ഒരുവിധത്തിൽ ഞാൻ കരകയറി. അപ്പോഴേക്കും ഷൂവിനകത്ത് പൂർണമായും വെള്ളവും ചളിയും കയറിക്കൂടിയിരുന്നു. വെള്ളത്തിൽനിന്നും കയറിയശേഷം അല്പംകൂടി മുന്നോട്ടു നടന്നപ്പോഴേക്കും അങ്ങകലെ വയലിൻറെ മറുകരയിൽനിന്നും സൂര്യൻ മെല്ലെ ഉദിച്ചുയരുന്നു.

അപ്പോഴേക്കും നീണ്ട വയലിനു നടുവിലൂടെയുള്ള ടാറിട്ട പാതയിലേക്ക് കയറിയിരുന്ന ഞാൻ, പാതയോരത്തെ ഒരു കല്ലിൽ ഇരുന്ന് കാലിലെ ഷൂവും സോക്‌സും അഴിച്ചുമാറ്റി. ഇരിക്കുന്ന കല്ല് അടങ്ങിയ തിട്ടയുടെ താഴെ ഒഴുകുന്ന വെള്ളത്തിൽ ഷൂവും സോക്‌സും വൃത്തിയായി കഴുകിയെടുത്ത് സോക്‌സിൽ അല്പം സാനിറ്റൈസർ തളിച്ച് വീണ്ടും ധരിച്ചു. അതിനിടയിൽ പശ്ചാത്തലത്തിൽ സൂര്യോദയം മെല്ലെ നടക്കുന്നുണ്ടായിരുന്നു. പക്ഷെ പൂർണമായ സൂര്യോദയം കാണാൻ നില്കാതെ ഞാൻ മെല്ലെ നടന്നു.
ചുവന്നുതുടുത്ത ആകാശം പ്രതിഫലിപ്പിക്കുന്ന രീതിയിൽ ചുറ്റും വെള്ളം കെട്ടിനിൽക്കുന്ന വയലിനുനടുവിലൂടെ നടക്കുമ്പോൾ എനിക്കുണ്ടായ അനുഭൂതി വർണ്ണനാതീതമാണ്. പൊൻകിരണങ്ങളേറ്റ് വയലിൽനിന്നും നടത്തം ഒരു ഗ്രാമത്തിനരികിലൂടെ മുന്തിരിപ്പാടത്തിലേക്ക് നീണ്ടു. മഴപെയ്ത് തോർന്നതിൻറെ കുളിരേകുന്ന ഇരട്ടിമധുരമാണോ എന്നറിയില്ല പക്ഷെ ഇന്നത്തെ പ്രഭാതം അത് ഒരു മായാജാലമായി തോന്നി.

മായാജാലക്കാഴ്ചകൾ കണ്ട് മുന്തിരിപ്പാടത്തിലൂടെ നടന്നപ്പോൾ മഴയാൽ കഴുകി വൃത്തിയാക്കി എനിക്കായ് ആരോ കരുതിവെച്ചപോൽ രണ്ട് മുന്തിരിക്കുലകൾ കിട്ടി. ആ കുലകൾ പറിച്ചെടുത്ത് അവ കഴിച്ചുകൊണ്ടായി പിന്നീടുള്ള നടത്തം.

അങ്ങനെ മുന്തിരിപ്പാടവും പിന്നിട്ട് ഒരു ഫാംമിന് അരികിലെത്തി. അവിടുത്തെ അന്തേവാസികളുടെ പ്രഭാതഭക്ഷണത്തിൻറെ സമയമായിരുന്നു അത്. ട്ടർക്കിക്കോഴികൾ, വാത്തകൾ, താറാവ്, ആടുകൾ, മുയലുകൾ അങ്ങനെ ഒരുപാടുപേരുണ്ട് ആ ഫാമിൽ. അവർക്കെല്ലാം പ്രത്യേകം ആഹാരങ്ങളും ഒരുക്കിവച്ചിട്ടുണ്ട്. മുയലുകൾക്കും ആടുകൾക്കുമായി ക്യാബേജ്, കോളിഫ്‌ളവർ, കാരറ്റ് എന്നിങ്ങനെയുള്ള വിഭവങ്ങൾ ഒരിടത്തായി അരിഞ്ഞു കൂട്ടിയിട്ടുണ്ട്. മറ്റുള്ളവർക്കായി അവരുടേതായുള്ള വിഭവങ്ങളും അതാത് ഇടങ്ങളിൽ കാണാം. എല്ലാവരും തന്നെ കുട്ടികൾ രാവിലെ സ്കൂളിലേക്ക് ഇറങ്ങുന്നതിന് മുൻപായി വെപ്രാളപ്പെട്ട് ആഹാരം കഴിക്കന്നപോലെ തിരക്കിട്ട ആഹരിക്കലിലാണ്. മനസ്സുകൊണ്ട് ബന്ധനസ്ഥരാക്കപ്പെട്ട ജീവികളെ കാണുന്നതിൽ വിഷമമുണ്ടെങ്കിലും ഒരുനിമിഷം ഞാൻ ആ കാഴ്ചകളിൽ വിശ്രമിച്ചു.

എന്നെ കണ്ടപാടെ കൂട്ടത്തിൽനിന്നും ഒരു ആട് മെല്ലെ മെല്ലെ നടന്ന് ഇരുമ്പുവേലിക്കരികിൽ എത്തി. അദ്ദേഹം എനിക്ക് നേരെ നോക്കി നിൽപ്പായി. ഞാൻ മെല്ലെ വേലിക്കുള്ളിലൂടെ എൻ്റെ വിരലുകൾ കടത്തി കയ്യിൽ ഇരുന്ന മുന്തിരിക്കുലയിൽനിന്നും മുന്തിരികൾ അദ്ദേഹത്തിന് നൽകി. മുന്തിരി കഴിയുംവരെ അദ്ദേഹം അകത്താക്കിക്കൊണ്ടിരുന്നു. ഏറെ നേരത്തിനുശേഷം ഞാൻ മെല്ലെ നടക്കാൻതുടങ്ങിയപ്പോൾ ആടും എന്നോടൊപ്പം വേലിയുടെ മറുവശത്തുകൂടി നടന്നു. അഴികളായുള്ള ഇരുമ്പുവേലി തീരുംവരെക്കും ആ ആടും എന്നോടൊപ്പം നടന്നു. ഒടുവിൽ ഒരിടത്തുവെച്ച് എനിക്ക് അദ്ദേഹത്തോട് യാത്രപറയേണ്ടിവന്നു.

അപ്പോഴേക്കും സൂര്യൻ പൂർണമായും ഉദിച്ചുയർന്നിരുന്നു. ഇന്ന് മഴയുടെ ലക്ഷണങ്ങൾ തീരെ കുറവാണ്, ആകാശം തീർത്തും സുതാര്യമാണ്. സമയം ഏകദേശം ഒൻപതുമണിയോട് അടുത്തിരുന്നു. അപ്പോഴേക്കും വലിയ കല്ലുകൾ പാകിയ കൃഷിഭൂമികളോടും ഫാമിനോടും ചേർന്ന വഴികളെല്ലാം പിന്നിട്ട് ടാറിട്ട നേർവഴിയിലേക്ക് ഞാൻ എത്തിയിരുന്നു. നനഞ്ഞ സോക്‌സും ഷൂവും ധരിച്ച് അലക്ഷ്യമായി അകലെ അകലെ ചക്രവാളത്തിലേക്ക് നീളുന്ന നേർരേഖയിലുള്ള പാതയിലൂടെ വേച്ചു വേച്ച് നടക്കുമ്പോൾ മനസ്സ് തീർത്തും നിശബ്ദമാണ്.

“ടൂർ ഡി ഫ്രാൻസ്”, “ജിറോ ഡി ഇറ്റാലിയ” മുതലായ വലിയ സൈക്ലിംഗ് മത്സരങ്ങളിലെ താരമായ “മാർക്കോ പന്താനി” യെ പറ്റി വായിച്ചതോർക്കുന്നു. തുടർച്ചയായി ഒരേ വേഗതയിൽ വലിയ കയറ്റം കയറുമ്പോഴും, ഒന്നാമതായി ഏറെനേരം മുന്നേറുമ്പോഴുമെല്ലാം അദ്ദേഹത്തിൻ്റെ ഹൃദയമിടിപ്പിൻറെ തോത് കുറഞ്ഞു സാധാരണയിൽ എത്തുകയും ശേഷം ഒരേതാളത്തിൽ ദീർഘനേരം നിലനിൽക്കുകയും ചെയ്യുമത്രേ. ആ സമയം അദ്ദേഹത്തിൻ്റെ മസ്തിഷ്കത്തിൽ ചിന്തകൾ നന്നേകുറവായിരിക്കും, അഥവാ ചിതകൾ നിലച്ച അവസ്ഥ കൈവരിക്കും. പ്രതികൂലതയുടെ ഭാണ്ഡം പേറി നടന്നുനീങ്ങുന്ന എൻറെയും ഇപ്പോഴത്തെ അവസ്ഥയിൽ, ഞാനും ചിന്തകൾ ചത്ത് ശരീരം ഒരു താളത്തിൽ മുന്നോട്ട് ചലിക്കുന്ന യാന്ത്രീകത കൈവരിച്ചിരിക്കുന്നു. കാലുകൾ പോലും നിലത്ത് സ്പർശിക്കുന്നത് അറിയാതെയുള്ള ചലനം.
നനഞ്ഞ സോക്‌സും ഷൂവും ധരിച്ചുള്ള നടത്തം ഏറെനേരം തുടരുന്നതിനാൽ കാലുകൾ നിലത്തുറക്കാതെ ഒഴുകി നടക്കുന്ന യക്ഷിയെപോലെ സ്വയം തോന്നിത്തുടങ്ങിയപ്പോൾ. വീണ്ടും ഞാൻ ഒരു കല്ലിൽ ഇരുന്ന് അൽപനേരം കാലുകളെ സോക്സിൽനിന്നും ഷൂവിൽനിന്നും മോചിപ്പിച്ചു. കാൽപാദങ്ങൾ ഉണങ്ങിയ കവുങ്ങിൻ പാളയുടെ ഉൾവശംപോലെ ആയിക്കഴിഞ്ഞിരുന്നു. അൽപനേരം ആ ഇരുപ്പിൽത്തുടർന്ന് ദൂരെ കുന്നിൻചരുവിലുള്ള മനോഹരമായ പള്ളിയും അതിനോടനുബന്ധിച്ചുള്ള കെട്ടിടങ്ങളും വീക്ഷിച്ചു.

കാലിൻറെ സ്വഭാവികത്വം തിരികെലഭിച്ചതോടെ നടത്തം തുടർന്നു. നേരത്തെ നീണ്ടുകിടന്നിരുന്ന ആ ടാറിട്ട റോഡിൽനിന്നും കമീനോ ചിഹ്നങ്ങൾ വഴികാട്ടി അല്പം മുൻപായി കല്ലിൽ ഇരുന്ന് ഭംഗി ആസ്വദിച്ച കുന്നിൻചരുവിലെ പള്ളിമുറ്റത്ത് എത്തിച്ചു. പള്ളിയുടെ അടുത്തായി സ്ഥാപിച്ചിരുന്ന കുടിവെള്ള പൈപ്പിൽനിന്നും വെള്ളം നിറച്ചശേഷം ഞാൻ നടന്നുകൊണ്ടേയിരുന്നു.

നേരത്തെ ദൂരെനിന്നും കണ്ട പള്ളിക്കു പുറകിലെ കുന്നിൻറെ വിജനമായ താഴ്വരയിലൂടെ ഏറെദൂരം നടന്നു. ഒടുവിൽ ഏകദേശം ആ കുന്നിൻനിരകൾ മറികടക്കാറായപ്പോഴേക്കും ജനങ്ങൾ ഇടവിട്ട് താമസിക്കുന്ന ഒരു ജനവാസമേഖല എത്തി. അവിടെ ഇടുങ്ങിയ വഴികളിലൂടെ നടക്കുമ്പോൾ ചില വീടുകളുടെ മുൻവശത്തായി നമ്മുടെ നാട്ടിലെ വഴിയോര കച്ചവടക്കാരെപോലെ തട്ടിൽ വില്പനക്കുള്ള സാധനങ്ങൾ നിരത്തിവച്ചിരിക്കുന്നു. പക്ഷെ അവിടെ കച്ചവടം ചെയ്യാൻ ആളുകൾ ആരുംതന്നെ ഇല്ല. പകരം ചില സൂചനാ-കുറിപ്പുകൾ മാത്രം.
സാധനങ്ങളുടെ വില, പണം നിക്ഷേപിക്കാനുള്ള കുടുക്ക, നന്ദി – ബോം കമീനോ എന്നിവ മാത്രമായിരുന്നു ആ കുറിപ്പുകൾ. മഴയിൽനിന്നും സാധനങ്ങളെ സംരക്ഷിച്ചുകൊണ്ട് സുതാര്യമായ പ്ലാസ്റ്റിക് ഷീറ്റുകളും മറ്റും വിരിച്ചു സംരക്ഷിച്ച രീതിയിലാണ് സാധനങ്ങൾ തട്ടിൽ അടുക്കിവച്ചിട്ടുള്ളത്. പ്രധാനമായും പഴങ്ങൾ, ബിയർ, വേദനക്കുള്ള മരുന്ന്, ചെറിയ സുവനീറുകൾ, ബിസ്കറ്റുകൾ, വെള്ളം കുപ്പികൾ എന്നിവയാണ് വില്പന ചരക്ക്. ഏതു സാധനമാണ് നമുക്ക് ആവശ്യം അതിനുതാഴെ എഴുതിയിട്ടുള്ള തുക അടുത്തായി വച്ചിട്ടുള്ള കുടുക്കയിൽ നിക്ഷേപിച്ചശേഷം നമുക്കുതന്നെ സാധനം എടുക്കാം. കയ്യിൽ യൂറോ ഇല്ലയെങ്കിൽ അവിടെ പോർത്തുഗിസ് യു.പി.ഐ ആയിട്ടുള്ള എം.ബി.വേ യുടെ ക്യൂ ആർ കോഡ് പതിപ്പിച്ചിട്ടുണ്ട്, അതിലേക്ക് ഡിജിറ്റലായി പണം അയച്ചശേഷം സാധനങ്ങൾ എടുക്കാവുന്നതാണ്. അൽപനേരം ഞാൻ അതെല്ലാം നോക്കിനിന്നശേഷം നടത്തം തുടർന്നു.
ഏറെദൂരം ഇടവിട്ട് മാത്രം ആൾതാമസമുള്ള പ്രദേശമായതിനാൽ അവിടെ ഉള്ള വീടുകൾ പൂർണമായും സ്വയം പര്യാപ്തമാണ്. മിക്കവാറും എല്ലാവീടുകളിലും പഴം, പച്ചക്കറി കൃഷിയും ഒപ്പം മൃഗപരിപാലനവും ഉണ്ട്. നമ്മുടെ മലയോര മേഘലകളിൽനിന്നും ഇവിടെ ജീവിക്കുന്നവരെ കൂടുതൽ സ്വയം പര്യാപ്തമാകുന്നത് ഇവരുടെ സാങ്കേതികവിദ്യയോടുള്ള അനുവർത്തനം ആണ്. അത്തരത്തിൽ സാങ്കേതികവിദ്യയും യന്ത്രവൽക്കരണവും നിത്യജീവിതത്തിൽ ധാരാളമായി ഉൾകൊള്ളിക്കുന്നതോടെ ജീവിതം സുഗമവും മറ്റുമനുഷ്യരോട് ആശ്രയത്ത്വം കുറഞ്ഞതുമായിത്തീരുന്നു. പക്ഷെ അവിടെ മനുഷ്യർ തമ്മിലുള്ള വിനിമയം കുറയുന്നതോടെ മാനുഷിക മൂല്യങ്ങളും മനുഷ്യത്വവും എപ്രകാരം നിലനിൽക്കുന്നു എന്നത് സംവാദപരമാണ്. മാത്രമല്ല നമ്മുടെ നാട്ടിലെ ആളുകളേക്കാൾ ഏകാന്തത അനുഭവിക്കുന്നവരാണ് മിക്ക വികസിത നാടുകളിലെയും ആളുകൾ എന്ന് പൊതുവെ ഒരു ധാരണയും ഉണ്ടല്ലോ.
മനുഷ്യജീവിതത്തിലെ വ്യത്യാസങ്ങൾ മനസ്സിലാലോചിച്ചു നടന്നുനീങ്ങിയതിനാൽ ഏറെ ദൂരം പിന്നിട്ടത് അറിഞ്ഞില്ല. ഇപ്പോൾ നേരത്തെ കയറിത്തുടങ്ങിയ ആ വലിയ കുന്നിനെ വലംവെച്ച് അതിൻ്റെ മറുഭാഗത്തെത്തിയിരിക്കുന്നു. ഇവിടെയും പറയത്തക്ക ആൾതാമസ്സം ഉള്ളതായി കാണാനില്ല. ദീർഘദൂരം കുന്നിന്മുകളിൽനിന്നും വളഞ്ഞു പുളഞ്ഞുള്ള ടാറിട്ട ഇടുങ്ങിയ പാതയിലൂടെ നടന്ന് വന്നപ്പോൾ വഴിയോരത്ത് കൗതുകമുളവാക്കുന്ന ഒരു ഒലീവ് മരം നിൽക്കുന്നു. കണ്ടാൽ ആദത്തിൻറ്റെയും ഈവിൻറെയും കഥയിലെ “ട്രീ ഓഫ് ലൈഫ്” ആണെന്ന് തോന്നും.

ആ ഒലീവ് മരത്തിലും കടക്കലുമൊക്കെ ആയി എനിക്കുമുൻപേ സഞ്ചരിച്ചവർ അവരുടെ കയ്യൊപ്പ് എന്നരീതിയിൽ സാധനങ്ങൾ ഉപേക്ഷിച്ചിട്ടുണ്ട്. ചിലപ്പോഴെല്ലാം ഇത്തരം ഉപേക്ഷിപ്പുകൾ അല്പം തെറ്റായ വഴിയിലേക്ക് നീങ്ങുന്നുണ്ടോ എന്ന് എനിക്ക് തോന്നി. കാരണം കാടുപിടിച്ച പ്രദേശത്ത് ഉപേക്ഷിപ്പുകൾ എന്നപേരിൽ പ്ലാസ്റ്റിക് കുപ്പികൾ, പ്ലാസ്റ്റിക് കൂടുകൾ, പ്ലാസ്റ്റിക്കിൽ തീർത്ത രാജ്യങ്ങളുടെ കോടികൾ മുതലായവ നിക്ഷേപിക്കുന്നത് നേരിട്ട് പ്ലാസ്റ്റിക് കാട്ടിൽ ഉപേക്ഷിക്കുന്നതിന് തുല്യമാണ്. എൻ്റെ ഒരുകാഴ്ചപാടിൽ പിന്നാലെവരുന്നവർക്ക് അടയാളമായി ഇത്തരത്തിൽ പ്ലാസ്റ്റിക് നിക്ഷേപിക്കുന്നത് കർശനമായി വിലക്കേണ്ടതാണ്.
സമയം പതിനൊന്നുമണി ആയിക്കഴിഞ്ഞു എങ്കിലും മഴ കുളിർപ്പിച്ച പ്രകൃതിയിലൂടെ നടന്നുനീങ്ങുന്നതിനാൽ ചൂടോ, വിയർപ്പോ തീരെയില്ല. പക്ഷെ രാവിലെ വയറുനിറയെ പാസ്ത കഴിച്ചിട്ടാണ് യാത്രതുടങ്ങിയതെങ്കിലും നന്നായി വിശന്ന് തുടങ്ങിയിരിക്കുന്നു. പരിസരത്തൊന്നും മുന്തിരിയോ ആപ്പിളോ കൃഷിചെയ്യുനില്ല. ഈ പരിസരമാകെ “ചെസ്സ് നട്ട്, വോൾ നട്ട്” മുതലായ പറമ്പുവിളകൾ ആണ് കൃഷി. മഴ പെയ്തതോടെ ധാരാളം ചെസ്സ് നട്ട് ചുറ്റും വീണുകിടക്കുന്നത് കാണാം. “കശ്താന്യ” എന്ന് അറിയപ്പെടുന്ന അവ, മുള്ളൻ പുറംതോടോടുകൂടി വീണുകിടക്കുന്നത് കാണുമ്പോൾ. പുരാണ സിനിമകളിലും സീരിയലുകളിലുമെല്ലാം യുദ്ധത്തിൽ ഉപയോഗിക്കുന്ന ഒരുതരം ലോഹത്തിൻറെ മുള്ളുകളായുള്ള ഉണ്ടകൾ ഓർമവന്നു.

ഏകദേശം ഒരുമണിക്കൂറിനകം കുന്നിൻതാഴ്വരയിൽനിന്നും അല്പം തിരക്കുള്ള റോഡിലേക്ക് കയറി. ഇന്നലെ കമീനോ മാപ്പിൽ ഇന്ന് പിന്നിടാനുള്ള വഴികൾ നോക്കുന്നതിനിടയിൽ “പോണ്ടെ ലിമ” എന്ന ചെറുപട്ടണം ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇപ്പോൾ ആ പട്ടണത്തോടടുക്കുകയാണ്.

അതിനുള്ള സൂചനയായി വലിയ റോഡുകളും ആൾത്തിരക്കും അടുത്തടുത്തുള്ള കെട്ടിടങ്ങളും എല്ലാം വന്നുതുടങ്ങി. “റിയോ ലിമ” എന്ന ലിമ നദിക്ക് കുറുകെ റോമാക്കാരുടെ കാലത്ത് പണി തുടങ്ങിയ ഒരു കൽപ്പാലവും അതിനടുത്ത് മനോഹരമായ ഒരു പള്ളിയും ഉണ്ട്. കമീനോ നടന്നുതുടങ്ങും മുൻപേ ഈ പള്ളിയെപ്പറ്റിയും പാലത്തെപ്പറ്റിയും ഞാൻ കേട്ടിട്ടുണ്ട്. അതിനാൽ ഇന്നത്തെ ഉച്ചവിശ്രമം അവിടെയാവാം എന്ന് തീരുമാനിച്ചിരുന്നു. ഏതാണ്ട് അരമണിക്കൂറോളം നടന്നപ്പോൾ ദൂരെനിന്നും പാലവും പള്ളിയും ഞാൻ കണ്ടുതുടങ്ങി.

പക്ഷെ അപ്പോഴേക്കും വിശപ്പ് അതിൻ്റെ പാരമ്മ്യത്തിൽ എത്തിക്കഴിഞ്ഞിരുന്നു. ഈ വിശപ്പുംകൊണ്ട് ആ മനോഹരമായ പുഴക്കരയിലെ ദൃശ്യവിരുന്ന് എനിക്ക് ആസ്വദിക്കാൻ കഴിയില്ല എന്ന് മനസിലായതോടെ, ആദ്യം ആഹാരം കഴിക്കുക, ശേഷം വിശ്രമം എന്ന രീതിയിലേക്ക് ഞാൻ പദ്ധതി പുനർനിർമ്മിച്ചു. വേഗം ഫോണിലെ മാപ്പിൽ അടുത്തുള്ള ഭക്ഷണലഭ്യത പരതി. ഏകദെശം 800 മീറ്റർ അകലെയായി വലിയൊരു “പിങ്കോ ഡോസ്” സൂപ്പർമാർക്കറ്റ് ശ്രദ്ധയിൽപെട്ടു. പിന്നെ ആലോചിച്ചില്ല നേരെ അവിടേക്ക് ദിശതിരിച്ചു.
ഞാൻ വിചാരിച്ചതിലും വലിയ ഹൈപ്പർ മാർക്കറ്റ് കെട്ടിടമായിരുന്നു അത്. അതിനകത്ത് കയറിയതും നേരെ കണ്ടത് അവരുടെതന്നെ റെസ്റ്റോറൻഡ് ആയിരുന്നു. ചില്ലുകൂട്ടിൽ പാകംചെയ്ത ആഹാരങ്ങൾ നിരത്തിവച്ചിട്ടുണ്ട്. ഞാൻ ഒരു പ്ലേറ്റും എടുത്ത് നേരെ വരിയിൽ നിന്നു. അല്പം ചോറും ഉരുളക്കിഴങ്ങും ബ്രോക്കോളിയും കൂണും മറ്റു പച്ചക്കറികളും അടങ്ങിയ ഒരു കറിയും ആണ് ഞാൻ തിരഞ്ഞെടുത്തത്. ധാരാളം ആളുകൾ അവിടെ കഴിക്കാൻ ഇരിക്കുന്നതിനാൽ അല്പം തിക്കിത്തിരക്കിയാണെങ്കിലും ഒരു മേശയുടെ മൂലയിലെ കസേരയിൽ ഒതുങ്ങിയിരുന്ന് ഞാൻ ആഹാരം വേഗം കഴിച്ചുതീർത്തു.

ആഹാരം അകത്തുചെന്നതോടെ വിശപ്പിന് അല്പം ശമനമായി. ശേഷം ഹൈപ്പർമാർക്കറ്റിലൂടെ ഒന്ന് നടന്ന് ഇനി വിശന്നാൽ കഴിക്കാനായി അല്പം ധാന്യങ്ങൾ വാങ്ങി ഭാണ്ഡത്തിലാക്കി. ഹൈപ്പർ മാർക്കറ്റിൽനിന്നും ഇറങ്ങിയപ്പോഴേക്കും സമയം ഒന്നര കഴിഞ്ഞിരുന്നു.
ഹൈപ്പർ മാർക്കറ്റിൽനിന്നും സാവധാനം നടന്ന് വീണ്ടും പുഴക്കരയിലെ പള്ളിയുടെയും പാലത്തിൻറെയും അടുക്കൽ എത്തി. പുഴക്കരയിലെ ഒരുവലിയ പ്രദേശം നേർരേഖയിൽ കല്ലുപാകി ഇരുവശത്തും വലിയ മരങ്ങൾ നിലനിർത്തി മനോഹരമാക്കി വച്ചിരിക്കുന്നു. ആ പാതയുടെ അവസാനത്തിലായി വലിയ ഒരു വാട്ടർ ഫൗണ്ടനും അതിനുപുറകിലായി പഴയ ഒരു കെട്ടിടവുമുണ്ട്.

ഞാൻ മെല്ലെ അവിടേക്ക് നടന്നു. ഇടക്ക് ഈ നേർരേഖയിലുള്ള പാതയുടെ വശത്തായുള്ള പുഴക്കരയിലേക്ക് വന്ന് നോക്കുമ്പോൾ അല്പം ദൂരെയായി ആ പഴയപാലം മനോഹരമായി കാണാം. പാലത്തിൻറെ മറുവശത്തായി പള്ളിയും വ്യക്തമായി കാണാം. പുഴക്കരയാകമാനം വാഹനങ്ങൾ പാർക് ചെയ്തിരിക്കുന്നു. ഇവിടെ എത്തിയിട്ടുള്ള സന്ദർശകരുടെ വാഹനങ്ങളായിരിക്കാം അവ.

കാഴ്ചകൾ കണ്ട് മെല്ലെ നടന്നുനീങ്ങി ഒടുവിൽ നേരത്തെ ദൂരെനിന്നുംകണ്ട വാട്ടർ ഫൗണ്ടനിനരികിലെത്തി. അവിടെനിന്നും നോക്കിയാൽ അതാ അല്പം ദൂരെയായി പാലത്തിലേക്കുള്ള പ്രവേശനകവാടം. ഞാൻ നേരെ അങ്ങോട്ടുനടന്നു.
ആ പാലം ഒറ്റനോട്ടത്തിൽ തന്നെ അതിൻ്റെ പ്രായം വ്യക്തമാക്കിത്തന്നു. പ്രായത്തിലും ചരിത്രത്തിലും ഉപരി ആ ചെറുനദിക്ക് കുറുകെയുള്ള അതിൻ്റെ നിൽപ്പ് അതൊരു കാഴ്ചയാണ്. ഏറെനേരം കവാടത്തിനരികിൽ പുഴയും പാലവും മറുകരയിലെ പള്ളിയും നോക്കി അവിടെ നിന്നു. ശേഷം മെല്ലെ പാലത്തിലേക്ക് കയറി ഒരു വശംചേർന്ന് നടന്നു. ഒരുപാട് ആളുകളും ബഹളവും ഇല്ല, കാരണം ആളുകൾ എല്ലാം പരിസരങ്ങളിലുള്ള റെസ്റ്റോറണ്ടുകളിൽ ഭക്ഷണം കഴിക്കുകയാണ്. അതിനാൽ ഞാൻ കിട്ടിയ അവസരം നന്നായി മുതലാക്കി, ഏറെനേരം പാലത്തിൻറെ പല ഘട്ടങ്ങളിൽ നിന്ന് പുഴയിലേക്കും കരയിലേക്കുമെല്ലാം നോക്കി ഭംഗി ആസ്വദിച്ചുകൊണ്ട് വളരെ സാവധാനം മാത്രമാണ് മാറുകരയിലേക്ക് എത്തിയത്.

മറുകരയിലെത്തിയപ്പോൾ ദൂരെനിന്നുംകണ്ട ആ മനോഹരമായ പള്ളി അവിടെ നൂറ്റാണ്ടുകളുടെ ചരിത്രം പേറി തലയുയർത്തി നിൽക്കുന്നു. അടുത്തെത്തിയപ്പോൾ പള്ളിയേക്കാൾ ആ പള്ളിമുറ്റത്തുകിടന്ന വെളുത്ത എസ് ഡബ്ള്യു 111 മോഡൽ മെഴ്‌സിഡിസ് ബെൻസ് കാർ ആയിരുന്നു എന്നെ ആകർഷിച്ചത്. പള്ളിയകത്ത് നടക്കുന്ന വിവാഹശേഷം വധൂ വരന്മാർക്ക് പോകാനുള്ള വണ്ടിയാണ്. അകത്ത് ഒരു വിവാഹം നടക്കുന്നതിനാൽ ഇപ്പോൾ പള്ളിയകത്ത് കയറേണ്ട എന്ന് ഞാൻ തീരുമാനിച്ചു.

നേരെ അല്പം മുന്നോട്ട് നടന്നപ്പോൾ അവിടെ റെസ്റ്റോറണ്ടുകളുടെ ഒരു നീണ്ടനിരയാണ്. അതിലൊന്നിൽ പുറത്തേക്കിട്ടിരിക്കുന്ന ബെഞ്ചിൽ കുറച്ചു പിൽഗ്രിമുകൾ ഇരിക്കുന്നത് എൻ്റെ ശ്രദ്ധയിൽപെട്ടു. എന്നെ കണ്ടപാടെ അവർ ബോം കമീനോ നേർന്നു. ഞാൻ അൽപനേരം അവരോടൊപ്പം ചിലവിടാൻ തീരുമാനിച്ചു. ദമ്പതികളായ അല്പം പ്രായമുള്ള രണ്ടുപേരും ഒറ്റക്കുസഞ്ചരിക്കുന്ന രണ്ടുപേരും ആയിരുന്നു കൂട്ടത്തിലുള്ളവർ.
ദമ്പതികൾ കാനഡയിൽനിന്നുമുള്ളവരാണ്. ഒറ്റക്കുസഞ്ചരിക്കുന്ന രണ്ടുപേരും അമേരിക്കയിൽ സ്ഥിരതാമസമാക്കിയ അറബ് സംസ്കാരമുള്ളവരാണ്. ഞങ്ങൾ പരസ്പരം പരിചയപ്പെട്ടശേഷം അവർ എൻ്റെ യാത്രയെക്കുറിച്ചറിയാൻ ജിജ്ഞാസരായി. ഞാൻ അവർക്കുമുൻപിൽ എൻ്റെ യാത്രാനുഭവങ്ങളുടെ ഭാണ്ഡകെട്ടഴിച്ചു. കഥ പറഞ്ഞുകൊണ്ടിരിക്കവെ കൂട്ടത്തിൽനിന്നും ഒരാൾ അയാൾ കാത്തിരുന്നിരുന്ന പിൽഗ്രിം വന്നുചേർന്നതിനാൽ ഞങ്ങളോട് യാത്രപറഞ്ഞു നടത്തം തുടർന്നു. അതിനുശേഷം ശേഷിച്ച മൂന്നുപേരോടായി ഞാൻ കഥപറഞ്ഞു തീർത്തു. പരമാവധി കുറഞ്ഞവേഗത്തിൽ ആൽബർഗുകളെ മാത്രം ആശ്രയിച്ചു നീങ്ങിയിരുന്നു അവർക്ക് എൻ്റെ യാത്ര അല്പം സാഹസമായിരുന്നു. പക്ഷെ എനിക്ക് കുറഞ്ഞ, നിശ്ചിതമായ സമയത്തിലും ബഡ്ജറ്റിലും യാത്ര നടത്തണമെങ്കിൽ അല്പം സാഹസം കൂടിയേതീരൂ.
കഥ പറച്ചിലും പരിചയപ്പെടലും നടക്കുന്നതിനിടയിൽ ഞാൻ ഒരു കാര്യം ശ്രദ്ധിച്ചു. ദമ്പതികളിൽ അല്പം പ്രായമായ മനുഷ്യൻ പ്രത്യേകിച്ച് ചോദ്യങ്ങളോ വലിയരീതിയിലുള്ള ഉത്സാഹപ്രകടനങ്ങളോ കാട്ടുന്നില്ല. മറിച്ച് അദ്ദേഹം എന്നെത്തന്നെ വീക്ഷിക്കുകയാണ്, കേൾക്കുകയാണ്. അദ്ദേഹത്തിൻ്റെ ഭാവത്തിൽനിന്നും “ഐ ഹാവ് ബീൻ ദേർ, ടൺ ദാറ്റ്” എന്ന പ്രശസ്ത വാചകമാണ് എനിക്ക് വായിച്ചെടുക്കാൻ സാധിച്ചത്.
ടോണി എന്നാണ് അദ്ദേഹത്തിൻ്റെ പേര്. ജീവിതത്തിൽ ഏറെ അനുഭവസമ്പന്നനായ ഒരുമനുഷ്യനാണെന്ന് അദ്ദേഹത്തിൻ്റെ ഭാവത്തിൽനിന്നും വ്യക്തമാണ്. ഞാൻ അദ്ദേഹത്തെ നിരീക്ഷിച്ചുകൊണ്ടിരുന്നപ്പോൾ പെട്ടന്ന് എൻ്റെ കണ്ണ് അദ്ദേഹത്തിൻ്റെ ബാഗിന് വശത്തായുള്ള കള്ളിയിൽ വച്ചിരിക്കുന്ന ഒരു വസ്തുവിൽ ഉടക്കി. അത് ഒരു ഫ്ലൂട്ട് ആണ്, അമേരിക്കയിലെ നേറ്റീവ് അമേരിക്കൻസ് എന്നറിയപ്പെടുന്ന റെഡ്ഇന്ത്യൻസും, സൗത്തമേരിക്കയിലെ ചില ഗോത്രങ്ങളുമെല്ലാം ഉപയോഗിക്കുന്ന ഒരുതരം നേറ്റീവ് ഫ്ലൂട്ട്.
അത് കണ്ടപാടെ ഞാൻ ടോണിയോട് അതിനെപ്പറ്റി ചോദിച്ചു. ഏറെക്കാലത്തെ പരിശ്രമത്തിനൊടുവിൽ കമീനോക്ക് പുറപ്പെടുംമുൻപായി അത് അദ്ദേഹം സ്വയം ഉണ്ടാക്കിയതാണെന്നും. അതിനെപ്പറ്റിയുള്ള വിശദമായ കഥയും, അതിൻ്റെ ശാസ്ത്രവും അദ്ദേഹം എനിക്ക് വിവരിച്ചുതന്നു. ഏറെനേരത്തെ സംസാരത്തിനൊടുവിൽ അദ്ദേഹത്തിന് എന്നെയും എനിക്ക് അദ്ദേഹത്തെയും പരസ്പരം ആഴത്തിൽ ബോധിച്ചു എന്ന് മനസ്സിലാക്കിയപ്പോൾ അദ്ദേഹം ആ ഫ്ലൂട്ട് എൻ്റെ കയ്യിൽവച്ചുതന്നു. കഴിയുന്നപോലെ വായിച്ചുനോക്കിക്കോളു എന്നും പറഞ്ഞു. പക്ഷെ ഞാൻ അത് തിരികെനൽകി അദ്ദേഹത്തോട് അല്പം വായിക്കാൻ അപേക്ഷിച്ചു. അദ്ദേഹം എൻ്റെ അപേക്ഷ സ്വീകരിച്ച് അൽപനേരം എനിക്കായി അത് വായിച്ചു.
എഴുതാനിരിക്കുമ്പോൾ ലോകത്തിലെ പല ഭാഗങ്ങളിലെ മെഡിറ്റേഷൻ സംഗീതങ്ങൾ ഞാൻ കേൾക്കാറുണ്ട് അഥവാ പശ്ചാത്തലത്തിൽ ചെറിയ ശബ്ദത്തിൽ വെക്കാറുണ്ട്. അത്തരത്തിൽ നേറ്റീവ് മേരിക്കൻ ഫ്ലൂട്ട് സംഗീതം എനിക്ക് പരിചിതമാണ്. ടോണി വായിച്ചപ്പോൾ അത്തരം മെഡിറ്റേഷൻ സംഗീതം തത്സമയം കേൾക്കുന്ന അനുഭൂതിയിൽ ഞാൻ ലയിച്ചിരുന്നുപോയി.







