കമീനോ സാൻറ്റിയാഗോ – 29

പെരുവെള്ളം

സൂപ്പർമാർക്കറ്റിൽനിന്നും പുറത്തിറങ്ങി കാമീനോ ചിഹ്നം പിൻതുടർന്ന് നടത്തം ആരംഭിച്ചു. അൽപ്പം മുന്നോട്ട് നടന്നപ്പോൾ ഒരു സൂചനാ ഫലകം കാണാനിടയായി.

ഇന്ന് രാത്രി എനിക്കുമുന്നിൽ രണ്ട് മാർഗങ്ങളാണ് ഉള്ളത്. 9 കിലോമീറ്റർ നടന്ന് തമൽ എന്ന പ്രതേശത്തെ, സാവോ പെഡ്രോ ഫിൻഷ് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ആൽബർഗിൽ എത്തിച്ചേരുക. അവിടെ കിടക്ക ഒഴിവുണ്ടെങ്കിൽ അവിടെ തങ്ങുക അല്ലാത്തപക്ഷം രണ്ട് കിലോമീറ്റർ കൂടി നടന്നശേഷം അടുത്ത ആൽബർഗ് പിടിക്കുക. രണ്ടും മുന്നോട്ടുള്ള വഴിയിലായതിനാൽ ആലോചിക്കാൻ നിൽക്കാതെ ഞാൻ നടത്തം തുടർന്നു.
നേരം ഉച്ചയാണെങ്കിലും മാനം അത്ര പ്രസന്നമല്ല. എപ്പോൾവേണമെങ്കിലും തുള്ളികൾ ഉതിർത്താം എന്നമട്ടിലാണ് മേഘങ്ങളുടെ നിൽപ്പ്. ബാർസലോഷ് പട്ടണത്തിൻറെ പുരാതന വീഥിയിലൂടെ ഏക്കറുകളോളം പരന്ന കല്ലുപാകിയ മുറ്റമുള്ള നിർമിതികൾ പിന്നിലാക്കി ഞാൻ തിടുക്കത്തിൽ മുന്നേറി.

സ്ഥിരമായ ഇടവേളകൾ ഇല്ലെങ്കിലും അപ്പോഴും ഇപ്പോഴുമൊക്കെയായി മഴ പെയ്യുന്നുണ്ടായിരുന്നു. ഓരോ തുള്ളികൾ പതിക്കുമ്പോഴും എൻ്റെ ശ്രദ്ധ കാലിലെ ഷൂവിലേക്കായിരുന്നു. ഇത്തരത്തിൽ എത്രദൂരം നനഞ്ഞ ഷൂസും ധരിച്ചുകൊണ്ട് മുന്നോട്ട് പോകാനാകും എന്ന ചിന്തയിൽത്തന്നെയാണ് മനസ്സ് ഇപ്പോഴും. പക്ഷെ ഇപ്പോൾ കാലിലുള്ള ഷൂ ഊരിമാറ്റി വാട്ടർപ്രൂഫ് ആയവ വാങ്ങി ധരിക്കാനും അത്ര ധൈര്യം ഇല്ല. കാരണം അത്തരം ഷൂ എൻ്റെ മുന്നോട്ടുള്ള പ്രയാണം പ്രതിസന്ധിയിലാക്കിയതിനാൽ ആണല്ലോ ഇപ്പോൾ ഉപയോഗിക്കുന്ന ഷൂവിലോട്ട് മാറേണ്ടിവന്നത്. അത്തരം ചിന്തകളിൽ മുഴുകി മുന്നേറവെ, മറ്റൊരു ഫലകം കണ്ടു.

പോർത്തോ മുതൽ അങ്ങ് സാൻറ്റിയാഗോ വരെയുള്ള ആൽബർഗുകളുടെ വിവരങ്ങളാണ് ആ ഫലകത്തിൽ. മഴയുടെ മട്ടും ഭാവവും മനസ്സിലാക്കുമ്പോൾ ഇനിയങ്ങോട്ട് എല്ലാദിവസവും ആൽബർഗുകളിൽത്തന്നെ അഭയം തേടേണ്ടിവരും എന്ന് ഞാൻ ഊഹിച്ചു.

ഇടക്കിടക്ക് മഴ പെയ്യുമ്പോൾ ഉടനെ പോഞ്ചോ ധരിക്കേണ്ടിവരുന്നു. എന്നാൽ മഴ മാറിയശേഷവും പോഞ്ചോയിൽ തന്നെ നടത്തം തുടർന്നാൽ വിയർക്കുന്നതായും അനുഭവപ്പെടുന്നു. അതിനാൽ പോഞ്ചോ ഊരിയും, ഇട്ടും, വീണ്ടും ഊരിയും ഇട്ടും നടത്തം തുടർന്നുകൊണ്ടേയിരുന്നു. മഴ വല്ലാതെ പെയ്തുതുടങ്ങിയ ശേഷം കാര്യമായി ടാർ ഇടാത്ത വഴിയിലൂടെ നടക്കേണ്ടിവന്നിട്ടില്ല. ഒരുപക്ഷെ അത്തരത്തിൽ നടക്കേണ്ടിവന്നാൽ വെള്ളത്തോടൊപ്പം ചളിയും ഷൂവിനകത്തേക്ക് കയറിയേക്കാം. ആ സാഹചര്യം ഇപ്പോൾ ആലോചിക്കുമ്പോൾത്തന്നെ ഭയം തോന്നുന്നു. മുന്നോട്ടുള്ള വഴിയിൽ അത്തരം അനുഭവങ്ങൾ ഉണ്ടാകാതിരിക്കട്ടെ എന്ന് മനസ്സിൽ ഞാൻ ആഗ്രഹിച്ചു.

വടക്കൻ പോർത്തുഗലിലെ ഗ്രാമങ്ങളും അവയുടെ ചുറ്റുപാടുള്ള ഭൂപ്രകൃതിയും ഏറെ മനോഹരമാണ്. വടക്കോട്ട് പോകുംതോറും ഭംഗി ഏറിവരുന്നതായി എനിക്ക് തോന്നിത്തുടങ്ങി. മഴയുടെ കുളിരിൽ ചില കാഴ്ചകൾക്ക് ഇരട്ടി ഭംഗിയാണ്.

അത്തരം ഭംഗിയുള്ള കാഴ്ചകൾ ആസ്വദിച്ച് കുന്നുകൾ കയറിയിറങ്ങി വല്ലാതെ ഇരുട്ടാകുന്നതിനും മുൻപേ ഞാൻ ആദ്യത്തെ ആൽബർഗിൽ എത്തിച്ചേർന്നു. പൂർണമായും കരിങ്കല്ലുകൊണ്ട് നിർമ്മിക്കപ്പെട്ട വലിയൊരു കെട്ടിടമാണ് ആൽബർഗ്. മഴയിൽ നനഞ്ഞു കുതിർന്ന് ആൽബർഗിൻറെ റിസപ്‌ഷനിൽ എത്തി കിടക്കാൻ ഇടമുണ്ടോ എന്ന് അന്വേഷിക്കുമ്പോൾ ഉള്ളിൽ അല്പം ഭയവും, ആകാംഷയുമൊക്കെ ഉണ്ടായിരുന്നു. കാരണം ഒരുപക്ഷെ ഈ ആൽബർഗിൽ ഇടമില്ലാത്തപക്ഷം വീണ്ടും മഴയിൽ രണ്ട് കിലോമീറ്റർ നടക്കേണ്ടതുണ്ട്. ഒരുപക്ഷെ അവിടെയും ഇടമില്ലെങ്കിൽ എന്തുചെയ്യും ?

പക്ഷെ അത്തരം ഭയങ്ങൾ എല്ലാം ആസ്ഥാനത്തായിരുന്നു. ഞാൻ വരുന്നത് ശ്രദ്ധയിൽപെട്ട റിസപ്‌ഷനിസ്റ്റ് പുറത്തേക്ക് ഇറങ്ങിവന്നു. പോഞ്ചോ അഴിച്ചശേഷം അത് ഉണങ്ങാനായി ഒരിടത്ത് ഘടിപ്പിച്ചിട്ടുള്ള കൊളുത്തിൽ തൂക്കിയിടാനുള്ള സൗകര്യം കാണിച്ചുതന്നു. അപ്പോഴേ ഇവിടെ തങ്ങാനുള്ള ഇടമുണ്ടെന്ന് എനിക്ക് മനസ്സിലായി. ശേഷം അദ്ദേഹം വേഗത്തിൽ ചെക് ഇൻ നടപടികൾ പൂർത്തിയാക്കി. ഇവിടെ നിശ്ചിതമായി ഒരു തുക ആവശ്യപ്പെടുന്നില്ല, അഞ്ചു യൂറോ മുതൽ നമുക്കിഷ്ടമുള്ള തുക നൽകാം എന്നതാണ് രീതി. പണം സ്വീകരിച്ചശേഷം റിസപ്‌ഷനിസ്റ്റ് എന്നെയുംകൂട്ടി മുകളിലെ നിലയിലുള്ള വലിയൊരു ഹാളിൽ എത്തി, എനിക്ക് ഉറങ്ങാനുള്ള കിടക്ക കാട്ടിത്തന്നു. അത് ഒരു മിക്സഡ് ഡോർമെറ്ററി ആയിരുന്നു എങ്കിലും ഇന്ന് അവിടെ ആറ് വനിതകൾമാത്രമാണ് ഉള്ളത്. കാനഡ, ബെൽജിയം, ഫ്രാൻസ് , നെതർലൻഡ്‌സ്‌ എന്നീ രാജ്യങ്ങളിലെ സ്ഥിരതാമസക്കാരായവരാണ് അവർ. എല്ലാവരും തന്നെ ബർസെലോഷിൽ നിന്നും രാവിലെ നടത്തം ആരംഭിച്ച് ഉച്ചയോടെ ഇവിടെ എത്തിയവരാണ്. അതിനാൽ കുളിയും തുണി കഴുകലും എല്ലാം കഴിഞ്ഞശേഷം പരസ്പരം കുശലം പറഞ്ഞിരിക്കുകയാണ് അവർ.

ഭാണ്ഡം ഇറക്കിവച്ചശേഷം ഞാൻ വേഗം കാലിലെ ഷൂവും സോക്‌സും അഴിച്ചശേഷം അവ കഴുകി താഴെ നിലയിൽ മറ്റുള്ളവരുടെ ഷൂവുകൾ വച്ചിരിക്കുന്നതിൻറെ കൂട്ടത്തിൽ ഉണങ്ങാൻ വച്ചു. തിരികെവന്ന് കാലുകൾ നന്നായി പരിശോധിച്ചു. തത്ക്കാലം വെള്ളനിറം ഒഴികെ പ്രത്യേകിച്ച് കുഴപ്പങ്ങൾ ഒന്നും കണ്ടെത്താനായില്ല. ശേഷം അല്പം ചൂടുള്ള വെള്ളത്തിൽ നന്നായി കുളിച്ചു. കുളികഴിഞ്ഞു ഡോർമെറ്ററിയിൽ തിരികെയെത്തി കുശലക്കാരോട് ചോദിച്ച് അടുത്തുള്ള കടയിലേക്കുള്ള വഴിമനസ്സിലാക്കി പുറത്തിറങ്ങി. ചെറിയൊരു കുന്നിന്മുകളിലാണ് ആൽബർഗ് സ്ഥിതിചെയ്യുന്നത്. ആ കുന്നിറങ്ങിയാൽ അവിടെ പരിസരത്തായി ഒരു കൊച്ചു പലചരക്ക് കടയുണ്ട്. നമ്മുടെ നാട്ടിലേതുപോലെ ഒരു വീടിനോട് ചേർന്ന് ആ വീട്ടുകാർ രണ്ടുമുറികളിലായി നടത്തുന്ന ഒരു കുഞ്ഞു മിനി മാർക്കറ്റ്. അവിടെനിന്നും പാസ്തയും പച്ചക്കറികളും വാങ്ങി ഞാൻ ആൽബർഗിലേക്ക് മടങ്ങി. അപ്പോഴേക്കും അന്തരീക്ഷം പൂർണമായും ഇരുൾമൂടിയിരുന്നു.

ആൽബർഗിൽ എത്തിയശേഷം വേഗം പാസ്ത ഉണ്ടാക്കി കഴിച്ചു. ബാക്കിയുള്ള പാസ്ത നാളെ രാവിലെ കഴിച്ചിട്ടുപോകാം എന്ന ഉദ്ദേശത്തോടെ പൊതിഞ്ഞു ഫ്രിഡ്ജിൽ സൂക്ഷിച്ചുവച്ചു. അപ്പോഴേക്കും പുറത്ത് മഴ അതിൻ്റെ വിശ്വരൂപം പൂണ്ടിരുന്നു. ഞാൻ അടുക്കള വൃത്തിയാക്കി നേരെ ഡോർമെറ്ററിയിലേക്ക് പോയി. മുറി പങ്കെടുന്നവരിൽ ഭൂരിപക്ഷവും അപ്പോഴേക്കും ഉറക്കത്തിലാണ്ടിരുന്നു. അപ്പോഴും ഉറങ്ങാതെ ഇരുന്നിരുന്ന രണ്ടു യുവതികളുടെ ഒപ്പം ഞാൻ അൽപനേരം സംഭാഷണത്തിൽ ഏർപ്പെട്ടു. ഇരുവരും കമിതാക്കളാണ്. അവർ പോർത്തോയിൽ നിന്നുമാണ് യാത്ര ആരംഭിച്ചിരിക്കുന്നത്. സാവധാനമാണ് അവരുടെ നടത്തമെങ്കിലും കാലുകളിൽ ചെറിയ പോളങ്ങൾ പ്രത്യക്ഷപ്പെട്ടുതുടങ്ങിയിരിക്കുന്നു. ഇരുവരോടും അവരുടെ ഷൂവിനെപ്പറ്റി തിരക്കിയപ്പോൾ അവരും വാട്ടർപ്രൂഫ് ഷൂവുകളാണ് ധരിക്കുന്നത് എന്ന് മനസ്സിലായി. ഇരുവരോടും എനിക്ക് കമീനോയുടെ ആരംഭദിവസ്സങ്ങളിൽ ഉണ്ടായ അനുഭവം പങ്കുവച്ചു. ഇപ്പോൾ മഴയിൽ കുതിർന്നുള്ള നടപ്പിൽ എൻ്റെ കാലിനെപ്പറ്റിയുള്ള ആശങ്കയും പങ്കുവച്ചു. നിശ്ചയദാർഢ്യത്തിൽ ഞങ്ങൾ മൂന്നുപേരും ഒരുപോലെ ഉറച്ചവരാണെന്നു മനസ്സിലായപ്പോൾ, പ്രതിസന്ധികളെ മറികടന്ന് അവയിലെ പാഠം ജീവിതത്തിലേക്ക് ഉൾകൊള്ളാൻ കഴിവുള്ളവരാണ് അവർ എന്ന് എനിക്ക് മനസ്സിലായി. ഇരുവർക്കും ആശംസകൾ നേർന്ന് ഞാൻ മെല്ലെ കിടക്കയിലേക്ക് നീങ്ങി.

രാവിലെ ആറുമണി ആയപ്പോഴേക്കും ഞാൻ നടത്തത്തിന് തയാറായി എങ്കിലും കനത്ത മഴയെത്തുടർന്ന് ഒരുമണിക്കൂർ വൈകിയാണ് ഇറങ്ങിയത്. പുറത്തിറങ്ങിയപ്പോൾ ആകാശത്ത് കാർമേഘം മൂടി ചുറ്റും ഇരുൾ തുടരുന്നു.

എങ്കിലും പതിവുപോലെ ഫോൺ വെളിച്ചത്തിൽ ഞാൻ നടന്നു. കയറ്റവും ഇറക്കവും നിറഞ്ഞ ട്ടാറിട്ട ഒരു ഉൾവഴിയിലൂടെയാണ് നടത്തം. ഏകദെശം ഏഴേമുക്കാലോടെ കാർമേഘം നീങ്ങി ചുറ്റും ചെറുതായി വെളിച്ചം പരന്നുതുടങ്ങി. വെളിച്ചം വന്നുതുടങ്ങിയപ്പോഴാണ് ഗ്രാമത്തിലൂടെയുള്ള നീണ്ടവഴിയിൽ മഞ്ഞ്‌ തളംകെട്ടിനിൽക്കുന്ന കാഴ്ച കണ്ടത്.

പൊള്ളുന്ന ചൂടിൽ കിലോമീറ്ററുകൾ താണ്ടിയിരുന്ന ദിവസ്സങ്ങളിൽനിന്നും മഴയും മഞ്ഞും തണുപ്പിക്കുന്ന കുളിർ ദിനങ്ങളിലേക്ക് ഞാൻ നടന്നുകയറിയത് ഞാൻപോലും അറിയാതെ വളരെ പെട്ടന്നായിരുന്നു. ഒരുപക്ഷെ ഇതിനോട് പ്രതികരിക്കാൻ എൻ്റെ ശരീരം മറന്നുപോയിരിക്കാം. അല്ലാത്തപക്ഷം എല്ലാ ഋതുമാറ്റത്തിലും എൻ്റെ തൊണ്ടയിൽ ചെറിയ ഒരു അസ്വസ്ഥത അനുഭവപ്പെടാറുണ്ട്. ചുറ്റും എവിടെനോക്കിയാലും വെള്ളം ആണ്. കൃഷിഭൂമികളും, തോടുകളും, താഴ്ന്നപ്രതേശങ്ങളും എല്ലാം വെള്ളത്തിനടിയിലായിരിക്കുന്നു.

ഇന്നും രാവിലെതന്നെ ഫോണിൽ കാലാവസ്ഥ മുന്നറിയിപ്പ് മെസ്സേജ് ആയിവന്നിട്ടുണ്ട്. ഇനിയും കുറച്ചുദിവസ്സങ്ങൾകൂടി മഴ തുടരുമത്രേ. ലിസ്ബണിൽനിന്നും സുഹൃത്ത് റിക്കാർഡോയുടെ മെസ്സേജ് വന്നിട്ടുണ്ട്.

“സൂക്ഷിക്കുക, കുറച്ചുദിവസത്തേക്ക് കനത്തമഴയാണ്. അനുവാര്യമെങ്കിൽ ചിലദിവസ്സങ്ങൾ നടത്തം ഒഴിവാക്കുക.”

പക്ഷെ അപ്പോഴേക്കും നടപ്പിൻറെ കാലടിയോട് ഒപ്പിച്ച് ശ്വാസോച്ഛാസവും ഹൃദയമിടിപ്പും ക്രമീകരിച്ച് മുന്നോട്ട് നീങ്ങുന്ന എന്നെ മറ്റൊന്നിനും പിടിച്ചുനിർത്താനാകില്ല എന്ന അവസ്ഥയിലേക്ക് ഞാൻ എത്തിക്കഴിഞ്ഞിരുന്നു. മുന്നേറവെ ചിലയിടങ്ങളിലെല്ലാം മുട്ടോളം വെള്ളത്തിൽ കമീനോ ചിഹ്നം മാത്രം പിന്തുടരേണ്ടിവന്നിട്ടും ആ നടപ്പിൻറെ താളം തെറ്റാതെ ഞാൻ നടന്നുകൊണ്ടേയിരുന്നു.

ചാലക്കുടിക്കടുത്ത് മുരിങ്ങൂർ സ്വദേശി. പോർത്തുഗൽ തലസ്ഥാനമായ ലിസ്ബണിൽ ജീവിക്കുന്നു. സമൂഹമാധ്യമങ്ങളിൽ ചെറുകഥകൾ എഴുതാറുണ്ട്.