കമീനോ സാൻറ്റിയാഗോ – 28

പലതുള്ളി

പഴയ സിനിമകളിൽ പ്രഭാതം പൊട്ടിവിടരുന്ന രംഗത്തിൻറെ പശ്ചാത്തലം പോലെ, അങ്ങു ദൂരെ ഗ്രാമത്തിൽനിന്നും കോഴികൾ ഉറക്കെ കൂകി എന്നെ ഉണർത്തി. പക്ഷെ കൂവലുകാരുടെ പ്രഭാതം നമ്മളിൽനിന്നും അല്പം നേരത്തെതന്നെ ആയിക്കഴിഞ്ഞിരുന്നു. ഇപ്പോഴും ചെറുതായി മഴ ചാറുന്നുണ്ട് എങ്കിലും ഞാൻ സമയം കളയാതെ ടെൻറ്റിലെ വെള്ളം എല്ലാം കുടഞ്ഞു, മടക്കി ഭാണ്ഡത്തിൽ കെട്ടി. പല്ലുതേയ്പ്പും മുഖംകഴുകലും എല്ലാം കഴിഞ്ഞു നടത്തം ആരംഭിച്ചു. ഇരുൾ തിങ്ങിയ വിജനതയിലൂടെ ഫോൺവെളിച്ചത്തിൽ ഏറെദൂരം നടന്ന് ഗ്രാമത്തിലേക്ക് കയറി. ട്ടാറിട്ട ഗ്രാമവീഥിയുടെ തുടക്കം ഒരു കൊച്ചു പള്ളിമുറ്റത്തിനിന്നുമാണ്.

ഇരുളിൽ ആകാശത്തേക്ക് നോക്കിയപ്പോൾ വെളിച്ചത്തിൻറെ കിരണങ്ങൾ എങ്ങുമില്ല, പക്ഷെ പള്ളിമുറ്റത്തെ മഞ്ഞകലർന്ന വഴിവിളക്കിലേക്കു നോക്കിയപ്പോൾ കാറ്റിൽ പറന്നുനടക്കുന്ന അതിസൂക്ഷ്മ ജലകണികകൾ കാണാമായിരുന്നു. പ്രഭാതത്തിൻ്റെ ഇളം കുളിരിൽ മുഖത്തുവന്ന്ചേരുന്ന ജലകണികകൾ ഞാൻ ആസ്വദിച്ചു. ഒരുപക്ഷേ മഴമുറുകിയാൽ..?
ഭാണ്ഡത്തെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. കാരണം എൻ്റെ വസ്‌ത്രങ്ങളോ മറ്റു സാധനങ്ങളോ നനയുന്നതല്ല, ഞാൻ എന്ന ദൂതൻ പേറുന്ന കുറച്ചു കത്തുകൾ ഉണ്ടല്ലോ. അവ സാൻറ്റിയാഗോയിൽ പുണ്യവാൻറെ സമക്ഷം എത്തിയേമതിയാകൂ. അവിടെ മറ്റൊന്നിനും സ്ഥാനമില്ല.

ഒരുനിമിഷം “ദി കാസറ്റ് എവേയ്” എന്ന ചലച്ചിത്രം ഓർമ്മവന്നു.

ഞാൻ പള്ളിയുടെ വാതിലിനുമുന്നിലെത്തി. വെളിച്ചത്തിൽ ഭാണ്ഡം ഇറക്കിവെച്ച് അതിൽനിന്നും ഭാണ്ഡം മഴയിൽനിന്നും സംരക്ഷിക്കാനുള്ള വാട്ടർപ്രൂഫ് ബാക്ക്പാക്ക് കവർ പുറത്തെടുത്തു. ഒപ്പം എനിക്ക് ധരിക്കാനുള്ള പോഞ്ചോ എടുത്ത് ഭാണ്ഡത്തിൻറെ ഏറ്റവും മുകളിലായി എളുപ്പത്തിൽ എടുക്കാവുന്ന രീതിയിൽ വെച്ചശേഷം ഭാണ്ഡത്തിനെ അതിൻ്റെ കുപ്പായം അണിയിച്ചു.

പള്ളിയുടെ മുൻപിൽനിന്നും ഞാൻ നടത്തമാരംഭിക്കുമ്പോൾ സമയം 6 . 15 ആയതേ ഉള്ളു. പള്ളിമുതൽ തുടങ്ങിയ ഗ്രാമം പിന്നിട്ട് ഏകദേശം ഒരുമണിക്കൂർ നടന്നപ്പോൾ മാനത്തുനിന്നും പ്രകാശത്തിൻറെ ആദ്യകിരണങ്ങൾ എനിക്ക് വഴികാട്ടിത്തുടങ്ങി. പക്ഷെ ഇതേസമയത്ത് മുൻദിവസങ്ങളിൽ കണ്ട അത്രയും തെളിമയുള്ളതല്ല. മാനം മേഘം പുതച്ചുനിൽക്കുകയാണ്, എപ്പോൾവേണമെങ്കിലും തുള്ളികൾ ഭൂമിയിൽ പതിച്ചേക്കാം എന്നമട്ടിൽ.

ആ ഒരു കാലാവസ്ഥ എന്നിൽ ഒരു പ്രത്യേക അനുഭൂതിയേകി. ഞാൻ ചെവിയിൽ ഇയർഫോൺ ഘടിപ്പിച്ച് ഹിന്ദുസ്ഥാനി സംഗീതത്തിൽ മൽഹാർ ദാട്ട് എന്നറിയപ്പെടുന്ന രാഗ കുടുബത്തിൽപെട്ട “മേഘ് മൽഹാർ, മിയാൻ കി മൽഹാർ” പോലെയുള്ള രാഗങ്ങളിൽ ചില വാദ്യ സംഗീതം കേട്ടുനടന്നു. ആ നടപ്പ് ഏറെനേരം ആസ്വദിച്ചു. ഒടുവിൽ ഒരു സൂചന ഫലകം കണ്ടപ്പോൾ ഞാൻ അതിനുമുൻപിൽ ഒരുനിമിഷം ഒന്ന് നിന്നു.

ഇപ്പോൾ നിൽക്കുന്ന ഇടത്തുനിന്നും സാൻറ്റിയാഗോ ഇനി വെറും 200 കിലോമീറ്ററുകൾ മാത്രം.

ആ കാഴ്ച മനസ്സിൽ ഏറെ സന്തോഷമുളവാക്കി. കാരണം അപ്പോഴേക്കും ഞാൻ പൂർണമായും ഇനി പിന്നിടാനുള്ള ദൂരത്തെപ്പറ്റിയും ഇപ്പോൾ എത്രദിവസമായി നടക്കുന്നു എന്നതിനെപ്പറ്റിയുമെല്ലാം പാടെ മറന്നിരുന്നു. സന്തോഷം എൻ്റെ നടത്തത്തിൻറെ വേഗം കൂട്ടി. ഞാൻ ഊന്നുവടി വേഗം വേഗം മുന്നിൽ കുത്തി നടന്നുനീങ്ങികൊണ്ടിരുന്നു. കുറച്ചുദൂരം മുന്നോട്ട് ചെന്നപ്പോൾ കാലിയായി കിടക്കുന്ന കൃഷിഭൂമിക്കരികിൽ ഒഴിഞ്ഞ ഒരിടത്ത് രണ്ടുവശത്തായി നിലത്തുനിന്നും രണ്ട് അടിയോളം ഉയരത്തിൽ കരിങ്കല്ല് ഉപയോഗിച്ചു നീളത്തിൽ കെട്ടിയ വരമ്പിനുമുകളിലായി മുന്നേ നടന്ന പിൽഗ്രിമുകൾ കാഴ്ചവെച്ച ധാരാളം സാധനങ്ങൾ കണ്ടു. വെള്ളം കുപ്പികൾ, ഷൂവുകൾ, തൂവാലകൾ, റിബണുകൾ, നാണയങ്ങൾ, മാലകൾ, സോക്സുകൾ, പതാകകൾ, കുറിപ്പുകൾ, സെൽഫി സ്റ്റിക് മുതലായ എല്ലാം ഉണ്ട് അവിടെ. പൂർണമായും വെളിച്ചം ഇനിയും എത്തിയിട്ടിലാത്ത ആ പ്രഭാതത്തിൽ ഏകനായി, എന്നാൽ ആയിരകണക്കിന് എനിക്കും മുമ്പേനടന്നവരുടെ ഓർമകൾക്കൊപ്പം ഒരുനിമിഷം ഞാൻ ചിലവിട്ടു.

അവിടെനിന്നും നടത്തംതുടർന്ന് മണ്ണൊരുക്കം കഴിഞ്ഞു മഴകാത്തുകിടന്നിരുന്ന കൃഷിഭൂമികൾ പിന്നിടുമ്പോൾ ഇന്നലെപെയ്ത മഴയിൽ കുതിർന്ന പുതുമണ്ണിൻറെ മണം എന്നിൽ മറ്റൊരു അനുഭൂതിയേകി. നോക്കെത്താ ദൂരം പരന്നുകിടന്നിരുന്ന ആ കൃഷിഭൂമി താണ്ടി അടുത്ത ഒരു ഗ്രാമത്തോട് അടുത്തപ്പോഴേക്കും സമയം പത്തുമണിയോടടുത്തിരുന്നു.

ഒരു വെള്ളിയാഴ്ച ആയിരുന്നെങ്കിലും മഴ മൂലമാണെന്ന് തോന്നുന്നു ഗ്രാമം അപ്പോഴും ഉണർന്നിരുന്നില്ല. മേലെ മേഘം മൂടി ചെറു കുളിർമഞ്ഞും പുതച്ചു കുന്നിൻചെരുവിലെ ആ മനോഹരമായ ഗ്രാമം അങ്ങനെ പരന്നുകിടക്കുകയാണ്.

ഗ്രാമവീഥിയിലേക്ക് കയറി അൽപ്പം നടന്നപ്പോഴേക്കും ഞാൻ പ്രതീക്ഷിച്ചിരുന്നത് സംഭവിച്ചു. പൊടുന്നനെ ആകാശത്തുനിന്നും ആരോ വെള്ളം കോരിയൊഴിക്കുംപോലെ മഴ പെയ്തു. എവിടെയും കയറിനിൽക്കാൻ ഇടവും, സമയവും ഉണ്ടായില്ല. ഞാൻ ആ കല്ലിട്ട ഗ്രാമവീഥിയിൽ ഭാണ്ഡമിറക്കി അതിൽനിന്നും പോഞ്ചോ വലിച്ചെടുത്ത് വീണ്ടും ഭാണ്ഡമേറ്റി അതിനുമുകളിലൂടെ പോഞ്ചോ ധരിച്ചു. മഴ സാമാന്യം കനത്തതായിരുന്നു എങ്കിലും സമയോചിതമായി പോഞ്ചോ ധരിച്ചതിനാൽ ദേഹം വല്ലാതെ നനഞ്ഞില്ല. പക്ഷെ അവിടെനിന്നും എൻ്റെ മനസ്സിനെ അസ്വസ്ഥതപ്പെടുത്തുന്ന ഒരു പേടിസ്വപ്നത്തിൻറെ തുടക്കം കുറിക്കുകയായിരുന്നു. പേടിസ്വപ്നം എന്താണെന്ന് വഴിയെ പറയാം.

പെരൈര എന്ന ആ സുന്ദര ഗ്രാമം കോരിച്ചൊരിയുന്ന മഴയിൽ ഞാൻ മെല്ലെ പിന്നിട്ടു. മുന്നോട്ട് നീങ്ങവെ മഴ പലപ്പോഴായി അൽപനേരം നിന്നും, വീണ്ടും പൂർവാധികം ശക്തിയോടെ പെയ്തും തുടർന്നു. 1800 കളിൽ നിർമ്മിക്കപ്പെട്ട ഒരു കൊച്ചു കപ്പേളയുടെ കരിങ്കൽ കൂരക്കടിയിൽ ഒരുനിമിഷം നിന്നതല്ലാതെ അടുത്ത രണ്ടുമണിക്കൂർ നേരത്തേക്ക് ഞാൻ നടത്തം നിർത്തിയതേയില്ല. ഒടുവിൽ “ബർസെലോഷ്” നദി മുറിച്ചുകടന്ന് ബർസെലോഷ് പട്ടണത്തിലെത്തിച്ചേർന്നപ്പോൾ സമയം 12 മണി.

പോർത്തുഗൽ ചരിത്രത്തിൽ ഏറെ പ്രാധാന്യം ഉള്ള ഒരു പട്ടണമാണ് ബർസെലോഷ്. ചരിത്രം മാത്രമല്ല വടക്കൻ പോർത്തുഗീസ് പട്ടണങ്ങളിൽ അതിമനോഹരവുമാണ് ബർസെലോഷ്. പതാകയുടെ മധ്യത്തിൽ ഒരു ശാസ്ത്രീയ ഉപകരണം ചിഹ്നമാക്കിയ ലോകത്തിലെതന്നെ ഏക രാജ്യമാണല്ലോ പോർത്തുഗൽ. “ആർമില്ലറി സ്‌പേർ” എന്ന ആദിമ സെലെസ്റ്റിയൽ ഗ്ലോബ് ആണ് പതാകയുടെ നടുവിലെ ചിഹ്നം എങ്കിലും. അനൗദ്യോതിഗമായി മറ്റൊരു ചിഹ്നം കൂടി രാജ്യത്തെ സൂചിപ്പിക്കാൻ പോർത്തുഗലിൽ നിലനിൽക്കുന്നുണ്ട്. “ഗാലോ ദെ ബർസെലോഷ്” എന്ന പൂവൻകോഴിയാണ് ആ ചിഹ്നം.

ഫ്രാൻസ് ഉൾപ്പടെയുള്ള മറ്റുചില യൂറോപ്യൻ രാജ്യങ്ങളും പലയിടങ്ങളിലായി കോഴിയെ ചിഹ്നമാക്കി ഉപയോഗിക്കാറുണ്ടെങ്കിലും. ഗാലോ ദെ ബർസെലോഷ് അവയിൽനിന്നുമെല്ലാം വ്യത്യസ്തനായ ഒരു കോഴിയാണ്. ബർസെലോഷ് പട്ടണത്തിൽനിന്നും കടംകൊണ്ട ആ കോഴിച്ചാത്തൻ ഐശ്വര്യം, സമൃദ്ധി, ഭാഗ്യം, അഭിമാനം എന്നിവയെലാം സൂചിപ്പിക്കുന്നു.

ബർസെലോഷ് നദിയുടെ കുറുകെയുള്ള പാലം മുറിച്ചുകടക്കവെ അങ്ങ് മറുകരയിലായി തലയുയർത്തിനിൽകുന്ന പഴയ കോട്ടയുടെ തകരാത്ത ഭാഗങ്ങൾകാണാം. പാലത്തിനുതാഴെ ഏതോ പഴയകാല നിർമ്മിതിയായ വൈദ്യുത ടർബൈൻ ചക്രങ്ങളും കാണാം. ഇന്നത്തെ ഉപഭോഗം വച്ചുനോക്കിയാൽ കഷ്ടിച്ച് അഞ്ച് വീടുകൾക്കാവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കാൻ മാത്രം കഴിയുന്ന യന്ത്രമാണ് അത് എന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാകും.

ഞാൻ പാലം മുറിച്ചുകടന്ന് പട്ടണത്തിൻറെ പ്രധാന ഭാഗത്തെത്തി. അത് ഒരു പുരാതന പള്ളിയുടെ മുറ്റത്തുനിന്നും തുടങ്ങുന്ന വിശാലമായ നൽക്കവലപോലെയുള്ള ഒരു ചതുരമാണ്. ചെറിയ ഒരു കുന്നിൻമുകളിൽ നിലകൊള്ളുന്ന ആ പള്ളി ഒറ്റനോട്ടത്തിൽ കണ്ടാൽത്തന്നെ അതിൻ്റെ പഴക്കം ഊഹിക്കാവുന്നതാണ്. പാസ്സ്പോർട്ടിൽ സീൽ വാങ്ങേണ്ടുന്നതിനാൽ ഞാൻ പള്ളിയുടെ അകത്തേക്ക് കയറാൻ തീരുമാനിച്ചു.

ആ വലിപ്പമുള്ള പള്ളിയുടെ അകത്തെ തറ പൂർണമായും ചുവന്ന ചവിട്ടി വിരിച്ചിരിക്കുകയാണ് മാത്രമല്ല കരിങ്കല്ലുകൊണ്ട് പണിതീർത്ത ആ പള്ളിയുടെ അകത്ത് മെഴുകുതിരിയുടെ പ്രകാശം മാത്രമാണുള്ളത്.

ഞാൻ പോഞ്ചോയിൽനിന്നും പുറത്തിങ്ങി ഭാണ്ഡം ഒരു വശത്ത് ഇറക്കിവെച്ചശേഷം അൽപനേരം പള്ളിയകത്തെ ബെഞ്ചിൽ ഇരുന്നു. വളരെ ചെറിയ ശബ്ദത്തിൽ ബറോക് ശൈലിയിലുള്ള പ്രാർത്ഥനാ സംഗീതം അവിടെ ഒഴുകിനടക്കുന്നുണ്ടായിരുന്നു. പള്ളിയകത്ത് താരതമ്മ്യേന പുറത്തേക്കാൾ തണുപ്പ് കുറവുള്ളതായി തോന്നി. പക്ഷെ ഏറെനേരം ആ സുഖമുള്ള ഇരുപ്പ് തുടരാനായില്ല, അപ്പോഴേക്കും വിശപ്പിൻറെ വിളി എന്നെ പള്ളിയകത്തുനിന്നും പാസ്‌പോർട്ടിൽ സീൽ വാങ്ങി വേഗം പുറത്തിറക്കി. പള്ളിക്കരികിൽനിന്നും ഫോണിൽനോക്കി അടുത്തുള്ള സൂപ്പർമാർക്കറ്റ് കണ്ടെത്തി നേരെ ആ ദിശയിലേക്ക് നടന്നു.

അല്പനേരത്തിൽ സൂപ്പർമാർക്കറ്റിൽ എത്തിച്ചേർന്നു. വിശപ്പ് സഹിക്കാനാവാതെ ഞാൻ ആദ്യംതന്നെ ഈന്തപ്പഴവും കശുവണ്ടിയും മറ്റും ചേർത്തുണ്ടാക്കിയ ഒരു പ്രോടീൻ ബാർ വാങ്ങി അത് അകത്താക്കി. അപ്പോൾ വിശപ്പിന് അല്പം ശമനം ആയതോടെ വീണ്ടും സൂപ്പർമാർക്കറ്റിൽ ഒന്ന് നടന്ന് ആവശ്യത്തിന് പഴങ്ങളും അവിടെത്തന്നെ പാകംചെയ്ത ചോറും ഉരുളക്കിഴങ്ങ് കറിയും കിഡ്‌നി ബീൻ കറിയുമെല്ലാം വാങ്ങി ആർത്തിയോടെ അകത്താക്കി അല്പം വിശ്രമിച്ചു.

അപ്പോഴേക്കും സമയം ഒരുമണി കഴിഞ്ഞിരുന്നു. ഫോണിൽ സർക്കാരിൻറെ കാലാവസ്ഥ മുന്നറിയിപ്പ് വന്നിട്ടുണ്ട്. തീരത്തോട് ചേർന്നുള്ള കടലിലെ ന്യൂനമർദ്ദം കാരണം ഇനിയങ്ങോട്ട് രണ്ടാഴ്ചയോളം വടക്കൻ പോർത്തുഗലിൽ കനത്തമഴയാണ് പ്രവചനം. ആ മെസ്സേജ് വായിച്ചപ്പോൾ ഞാൻ ഉറക്കെ ഒന്ന് പൊട്ടിച്ചിരിച്ചു. എൻ്റെ കയ്യിൽ നിൽകാത്ത ഇത്തരം സന്ദർഭങ്ങളിൽ വിപരീത വികാരം പ്രകടിപ്പിക്കൽ പണ്ടെവിടെയോ നടത്തിയ ദീർഘയാത്രയിൽ കയറിക്കൂടിയ സ്വഭാവമാണ്.

സൂപ്പർമാർക്കറ്റിൽനിന്നും പുറത്തിറങ്ങുന്നതിനുമുൻപായി ഞാൻ എൻ്റെ കാലിലെ ഷൂസും സോക്‌സും അഴിച്ച് ഒന്ന് പരിശോധിച്ചു. സോക്സ് പൂർണമായും നനഞ്ഞിരിക്കുന്നു. കാൽപാതത്തിൻറെ തൊലി വെളുത്ത് മൃതുവായിട്ടുണ്ട്. മഴയിൽ ഷൂസിനകത്ത് വെള്ളം കയറിയാൽ ഇനിയങ്ങോട്ട് എത്രനാൾ ഇങ്ങനെ മുന്നോട്ട് പോകാനാകും എന്നതാണ് എൻ്റെ മനസ്സിനെ അലട്ടുന്ന ആ ചിന്ത. തത്ക്കാലം ഷൂ തിരികെയിട്ട് ഞാൻ നടത്തം ആരംഭിക്കാനൊരുങ്ങി. ഇപ്പോഴുള്ള ഇടത്തുനിന്നും ഏകദെശം 9 കിലോമീറ്ററുകൾ താണ്ടിയാൽ ഒരു ആൽബർഗ് ഉണ്ട്. ഇരുട്ടും മുൻപായി അവിടെ എത്തണം. ഇപ്പോൾ സമയം ഒന്നര, ഞാൻ നടത്തം തുടർന്നു.

ചാലക്കുടിക്കടുത്ത് മുരിങ്ങൂർ സ്വദേശി. പോർത്തുഗൽ തലസ്ഥാനമായ ലിസ്ബണിൽ ജീവിക്കുന്നു. സമൂഹമാധ്യമങ്ങളിൽ ചെറുകഥകൾ എഴുതാറുണ്ട്.