കമീനോ സാൻറ്റിയാഗോ – 27

ഒരു തുള്ളി

നമ്മുടെ നാട്ടിൽ യു.പി.ഐ എന്നപോലെ ഇവിടെ മൊബൈൽ ബാങ്കിങ് നടത്തുന്ന രീതിയെ എം. ബി. വേ എന്നാണ് പറയുന്നത്. ഞാൻ എം ബി വേ ഉപയോഗിച്ച് ഫിലിപ്പ് പറഞ്ഞ പണം അയച്ചുനൽകി ക്യാമറ സ്വന്തമാക്കി. പണം ലഭിച്ചതോടെ സന്തോഷത്തോടെ എൻ്റെ മുന്നോട്ടുള്ള യാത്ര സുഖകരമായിരിക്കും എന്ന് ആശംസിച്ച് ഫിലിപ് മടങ്ങി.

അൽപനേരം ആ കൊച്ചു ഉദ്യാനത്തിലെ ബെഞ്ചിൽ ഇരുന്ന് ക്യാമറയും ലെൻസും എല്ലാം പരിശോധിച്ചശേഷം ഞാൻ യാത്ര തുടരാൻ ഒരുങ്ങി. സത്യത്തിൽ ഞാൻ ചുമക്കുന്ന ഭാരത്തോടൊപ്പം ഈ ക്യാമറയുടെ ഭാരം കൂടി എന്ന് മാത്രമല്ല, ഇത്രനാളും ഇല്ലാതിരുന്ന പുതിയൊരു ഉത്തരവാദിത്വവും പേറിയാണ് ഇനിയങ്ങോട്ടുള്ള യാത്ര. പക്ഷെ ഇനി ഇങ്ങനെ ഒരെണ്ണം ലഭ്യമാവുക അത്ര എളുപ്പമാവില്ല. മാത്രമല്ല സാമ്പത്തികമായി ഈ കാമറ ഇപ്പോൾ വാങ്ങാനുള്ള സ്ഥിതിയിലാണ് ഞാൻ. കാരണം ഓരോ ദിവസ്സവും 30 യൂറോ താമസത്തിന് ബഡ്ജറ്റ് ഇട്ടാണ് നമ്മൾ യാത്ര തുടങ്ങിയത്. എന്നാൽ ഇതുവരെ മൂന്ന് ദിവസ്സം മാത്രമാണ് ആൽബർഗുകൾ എടുത്തത്. അതും വളരെ തുച്ഛമായ ചിലവിൽ, ബാക്കിയുള്ള എല്ലാ ദിവസ്സങ്ങളും ടെന്റിൽ ആണല്ലോ ഉറങ്ങിയത്. അതിനുപുറമെ മറ്റുചിലവുകളും ഇട്ടിരുന്ന ബഡ്ജറ്റിൻറെ നാലിൽ ഒന്നുമാത്രമാണ് ഓരോദിവസവും ചിലവഴിച്ചത്. ക്യാമറ വാങ്ങിയതിനെ ഇത്തരം കണക്കുകൾ നിരത്തി ഞാൻ എന്നെതന്നെ ബോധ്യപ്പെടുത്തി നടത്തം തുടർന്നു. ഏകദേശം അരമണിക്കൂർ നടന്നപ്പോഴേക്കും തിരക്കേറിയ പാതയിൽനിന്നും പുഴക്കരയിലൂടെ ആൾതാമസ്സം കുറഞ്ഞ മേഖലയിലേക്ക് പ്രവേശിച്ചു.

റിയോ ഡെ അവ് എന്ന നദിയുടെ കരയിലൂടെയാണ് നടത്തം.

പുറത്തുനിന്ന് നോക്കുമ്പോൾ ഇത്തരം ഗ്രാമങ്ങളിലെ ജീവിതം വളരെ സുഗമണെന്നു തോന്നും. അത് പോർത്തുഗലിലെ മാത്രമല്ല, ലോകമെമ്പാടും അത്തരത്തിലാണ്. നഗരവൽക്കരണത്തിൻറെ ബഹളവും, ഓട്ടപാച്ചിലുകളും ഒന്നുമില്ലാത്ത പ്രകൃതിയോടിണങ്ങിയ സാവധാനമായുള്ള ജീവിതം. തീർച്ചയായും ആ ജീവിതത്തിന് ഒരു മറുവശം ഉണ്ടായിരിക്കാം. പക്ഷെ ഉള്ളതിൽ സന്തുഷ്ടരാവുക എന്ന ഏറെ കഠിനമായ ആ മഹാശക്തി കൈവരിച്ചവർക്ക് സ്വർഗതുല്യമായ ഒരു അനുഭൂതിയായിരിക്കും അത്തരം ജീവിതം.

പക്ഷെ യൂറോപ്പ്യൻ നാടുകൾ ഇന്ന് നേരിടുന്ന ഒരു വലിയ പ്രശ്നമാണ് യുവാക്കളുടെ അഭാവം. അത് കൂടുതലായും ബാധിക്കുന്നത് ഇത്തരം ഉൾനാടുകളെയാണ്. കുറഞ്ഞുവരുന്ന ജനനനിരക്ക്, യുവാക്കളുടെ നഗരങ്ങളിലേക്കുള്ള കുടിയേറ്റം എന്നിവയാണ് ഈ പ്രതിസന്ധിയുടെ പ്രധാന കാരണങ്ങൾ. ഇപ്പോഴത്തെ അവസ്ഥയിൽ ഈ ഗ്രാമങ്ങളെല്ലാം ഒരുപറ്റം വൃദ്ധരുടേതുമാത്രമാണ്. അതിൽ ആരോഗ്യമുള്ളവർ ഇന്നും കൃഷിയും മറ്റും മുന്നോട്ട് നയിക്കുന്നു, അല്ലാത്തവർ സർക്കാർ സംവിധാനങ്ങളെ ആശയിച്ചു പുലരുന്നു. അക്കൂട്ടത്തിൽ അടുത്ത തലമുറകൾ ഇല്ലാത്ത ധാരാളം ഭൂസ്വത്തുക്കൾ കൈവശമുള്ള ആളുകളും ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
നദിയുടെ തീരത്തെ ഈർപ്പമുള്ള ഭൂമികയിൽനിന്നും നടന്നകന്ന് വരണ്ട പ്രദേശത്തിലെത്തി.

അപ്പോഴേക്കും കയ്യിൽകരുതിയിരുന്ന വെള്ളം തീർന്നുപോയിരുന്നു. ക്യാമറയുടെ പുറകെ മനസ്സിനെ കേന്ദ്രീകരിച്ച് നിലനില്പിനാവശ്യമായ ഘടകങ്ങൾ മറന്നു എന്നുപറയുന്നതായിരിക്കും ശരി. നിലവിൽ ഒരുതുള്ളി കുടിവെള്ളം ലഭിക്കാൻ യാതൊരു വഴിയും കാണുന്നില്ല. വറ്റിവരണ്ട തൊണ്ടയുമായി ഞാൻ നടന്നു. മണ്ണൊരുക്കം കഴിഞ്ഞു മഴകാത്ത് കിടക്കുന്ന വരണ്ട, പൊടിപാറുന്ന കൃഷിഭൂമികളും. ഇരുവശത്തും യൂക്കാലിമരങ്ങൾ നിറഞ്ഞ പാത കയറുന്ന കുന്നുകളും പിന്നിട്ട് ഞാൻ നടന്നുകൊണ്ടേയിരുന്നു.

ഇന്ന് രാവിലെ മുതൽ ആകാശം മൂടികെട്ടിനിൽപ്പാണ്. മാത്രമല്ല കാര്യമായ കാറ്റും ഇന്ന് വീശുന്നില്ല. അതിനാൽ വേഗം വിയർക്കുന്ന ചൂടാണ് ഇന്നത്തേത്. അത്തരത്തിൽ വിയർത്ത്, ദാഹിച്ചു വലഞ്ഞു നടന്നുനീങ്ങവെ ഞാൻ എൻ്റെ കുട്ടികാലം ഓർത്തുപോയി.

സാധാരണയായി കുട്ടികൾ അവരുടെ ജീവിതത്തിൽ ആദ്യം പഠിക്കുന്ന കവിത മിക്കവാറും കാക്കയും, പൂച്ചയും, നക്ഷത്രങ്ങളും, അമ്പിളിയമ്മാവനും ഒക്കെ കഥാപാത്രമായവയായിരിക്കും. പക്ഷെ എൻ്റെ ഓർമയിൽ ഞാൻ ആദ്യം പഠിച്ച ഒരു കവിത അത് കുമാരനാശാൻറെ ചണ്ടാലഭിക്ഷുകി എന്ന ഖണ്ഡകാവ്യത്തിലെ കുറച്ചുവരികളാണ്. ദാഹിച്ചുവലഞ്ഞു ഒരുഗ്രാമത്തിൽ എത്തിയ മുതിർന്ന ജാതിക്കാരനായ ഒരു സന്ന്യാസി, പാള കിണറ്റിലിട്ട് വെള്ളം കോരുന്ന ദളിതയായ യുവതിയോട് അല്പം ജലം ചോദിക്കുന്നതും. ജന്മത്താൽ ഉയർന്ന ജാതിക്കാരനുമുൻപിൽ നിൽക്കാൻ പോലും അർഹതയില്ലാത്തവൾ അവളുടെ ജീവൻപോലും അപകടത്തിലാവുന്നതിനെ ഭയക്കുന്നതുമായ ആ വരികൾ എന്നെ പഠിപ്പിച്ചത് മറ്റാരുമല്ല എൻ്റെ അച്ഛൻ തന്നെയാണ്.

മുരിങ്ങൂർ എന്ന എൻ്റെ ഗ്രാമത്തിൽ പള്ളിയോട് ചേർന്നുണ്ടായിരുന്ന ലിറ്റിൽ ഫ്‌ളവർ കോൺവെൻറിലെ കന്യാസ്ത്രീകൾ നടത്തിയിയിരുന്ന പ്രീ സ്കൂളിൽ പഠിക്കുമ്പോൾ. അവിടുത്തെ എൻ്റെ ക്ലാസ് ടീച്ചർ ആയിരുന്ന അനുമരിയ സിസ്റ്റർ, കുറച്ചുദിവസ്സങ്ങൾക്കപ്പുറം ഒരു കവിത ചൊല്ലൽ മത്സരമുണ്ടെന്നും അതിനായി എല്ലാവരും ഒരു കവിത പഠിക്കണമന്നും പറഞ്ഞു. ഈ കാര്യം അവർ എല്ലാകുട്ടികളുടെ ഡയറികളിൽ എഴുതുകയും ചെയ്തു. വീട്ടിലെത്തിയപ്പോൾ വീട്ടുകാർ എൻ്റെ ഡയറി പരിശോധിക്കുകയും അതിൽനിന്നും ഈ കവിത ചൊല്ലൽ മത്സരത്തെപ്പറ്റി മനസ്സിലാക്കുകയും ചെയ്തു.

വീട്ടിൽ കൊപ്ര കച്ചവടമുള്ള കാലമായിരുന്നു അത്. അതിനാൽ അച്ഛനും അമ്മയും ഉറങ്ങുമ്പോൾ മാത്രമാണ് മറ്റൊന്നും ചെയ്യാതെയിരിക്കുക. മുറ്റത്ത് ഒരു കുന്നുപോലെ കൂട്ടിയിട്ടിരുന്ന നാളികേരം മണ്ണിൽ കുഴിച്ചിട്ടിരിക്കുന്ന മൂർച്ചയുള്ള ഒരു കുറ്റിയിൽ കുത്തി തൊലിപൊളിക്കുന്നതിനിടയിൽ ആണ് അച്ഛൻ എനിക്ക് ആ വരികൾ പറഞ്ഞുതന്നത്. അദ്ദേഹം ഓരോതവണ ഓരോ വരികൾ പാടും, ഞാനത് അർത്ഥമറിയാതെ ഏറ്റുചൊല്ലും. അങ്ങനെ ഒന്നോ രണ്ടോ ദിവസ്സങ്ങൾകൊണ്ട് ഞാൻ ആ വരികൾ പഠിച്ചെടുത്തു. കവിത മത്സരത്തിൻറെ സമ്മാനമായ കുഞ്ഞുട്രോഫിയും മിഠായിയും എനിക്കുതന്നെ കിട്ടി. മത്സരം അവസാനിച്ചിരുന്നു എങ്കിലും, ആ വരികൾ പിന്നെയും വർഷങ്ങളോളം എന്നെ വേട്ടയാടി.

കുറേകാലം ദാഹജലം നിഷേധിക്കപ്പെട്ട ഭിക്ഷുവിനോടൊപ്പമായിരുന്നു ഞാൻ. കാലം കടന്നുപോയപ്പോൾ ജീവനിൽ ഭയന്നുപോയ ദളിത സ്ത്രീയോടൊപ്പം ചേർന്നു. പിന്നെയും ജീവിതം മുന്നോട്ട്പോയപ്പോൾ ഈ ഒരു അസമത്വം നിലവിൽ വരുത്തിയ മതത്തോടും അതനുഷ്ഠിക്കുന്ന സമൂഹത്തോടുമായി എൻ്റെ ദേഷ്യം. പിന്നെയും മുന്നോട്ടുപോയപ്പോൾ ചണ്ടാലയുവതി തൊടുത്തുവിട്ട ചോദ്യശരങ്ങൾ ഒരു മനുഷ്യനെ കൊണ്ടെത്തിക്കുന്ന നിർവാണയുടെ പുറകെ, പറയാൻ ഏറെ എളുപ്പമായ കുറച്ചുമൂല്യങ്ങളെ പിൻപറ്റി യാത്രചെയ്യാൻ പ്രേരിതനാക്കി. കരുണ, അനുകമ്പ, ദയ, അംഗീകാരം, മൈത്രി ഇവയുടെയെല്ലാം അകപ്പൊരുളായ സ്നേഹം എന്നിവയാണ് ആ മൂല്യങ്ങൾ.

ദാഹം അതിൻ്റെ പാരമ്മ്യത്തിൽ എത്തിയിരിക്കുന്നു എങ്കിലും അങ്ങകലെയായി ഞാൻ ഒരു വെളിച്ചം കണ്ടു. ഒഴിഞ്ഞ കൃഷിയിടങ്ങൾക്കു നടുവിലൂടെ നടന്നുനീങ്ങവെ ദൂരെയായി ഒരു മധ്യകാല കോട്ട ഉയർന്നുനിൽക്കുന്നതായി കാണാം. അതിനെ ചുറ്റിപറ്റി ധാരാളം കെട്ടിടങ്ങളും ഉണ്ട്. ഞാൻ അറിയാതെതന്നെ നടത്തത്തിൻറെ വേഗം കൂടി. പക്ഷെ മൂന്നോട്ട്പോകുംതോറും ഒരു മരീചിക പോലെ കോട്ട എന്നിൽനിന്നും അകലുന്നതായി തോന്നി. ഒടുവിൽ ഞാൻ തളർന്നോടിഞ്ഞു ഒരുവിധം ആ കോട്ടക്കരികിലെത്തി. പക്ഷെ ദുർഘടം അവിടെയും തീർന്നില്ല കോട്ടമതിലിനപ്പുറം പിന്നെയുമുണ്ടായി അൽപ്പം കയറ്റമുള്ള ഒരു നീണ്ട പാത.

ആ പാത നടന്നുനീങ്ങുമ്പോൾ ഞാൻ എന്നെ നാറാണത്തുഭ്രാന്തൻ മലമുകളിലേക്ക് ഉരുട്ടിക്കയറ്റുന്ന ഉരുണ്ട കല്ല് ആയി ആണ് കണ്ടത്. എൻ്റെ ശരീരം കല്ലും, ആത്മാവ് ഭ്രാന്തനും. ഒടുവിൽ ആ പാതയുടെ നോക്കെത്താദൂരം പിന്നിട്ട് ഒരു കൊച്ചു കഫെയുടെ മുന്നിലെത്തി. വിയർത്തുകുളിച്ച്, കിതച്ചുകൊണ്ട് കഫെയുടെ വാതിക്കൽ എത്തിയപ്പോൾ അതിനകത്തുനിന്നും ഒരുകൂട്ടം വൃദ്ധർ ബഹളത്തോടെ എന്നെ അകത്തേക്കു ക്ഷണിച്ചു. ഒരാൾ ഓടി അടുത്തുവന്ന് കയ്യിൽ ഒരുകുപ്പി ബിയർ തന്നു. ഞാൻ അയാൾക്കുമുൻപിൽ കൈകൂപ്പി. എൻ്റെ വരണ്ടചുണ്ടുകൾ മെല്ലെ ഉരുവിട്ടു.

“ആഗുവ” (വെള്ളം)

ആരാണെന്നുമനസ്സിലായില്ല, ഒരാൾ കയ്യിൽ തണുത്ത ഒരുകുപ്പി വെള്ളം വച്ചുതന്നു. ഞാൻ അപ്പോഴേക്കും എവിടെയോ ഇരുന്നുപോയിരുന്നു. ആ ഇരുപ്പിൽ മെല്ലെ ഇരുന്ന് ആ കുപ്പി വെള്ളം മുഴുവനും കുടിച്ചുതീർത്തു.

അൽപ്പനേരം ആ ഇരുപ്പിൽ തുടർന്നു. അപ്പോഴേക്കും അവിടെ ഉള്ളവരുടെ ശ്രദ്ധ എന്നിൽനിന്നും മെല്ലെ തിരികെ അവരുടെ മധുപാനത്തിലേക്ക് മാറി. ഞാൻ സാവധാനം എഴുന്നേറ്റു, വീണ്ടും ഒരുകുപ്പി വെള്ളം വാങ്ങി. കഴിക്കാൻ എന്തെങ്കിലും കിട്ടുമോഎന്ന് തിരക്കിയപ്പോൾ പുഴുങ്ങിയ കറിക്കോയിഷ് മാത്രമാണ് ഉള്ളതെന്ന് കൗണ്ടറിലെ സ്ത്രീ പറഞ്ഞു. അതുകേട്ട് ആ കടയിൽ ഒന്ന് ചുറ്റുംനോക്കിയപ്പോൾ ഒരു കൂടയിൽ ഏതാനും ബിസ്കറ്റുകൾ നിരത്തിവച്ചിരിക്കുന്നത് എൻ്റെ ശ്രദ്ധയിൽപെട്ടു. ഞാൻ ആ കൂടക്കരികിൽ എത്തി അതിലേക്കുനോക്കിയപ്പോൾ, കൂടയിൽ ഓറിയോ ബിസ്കറ്റിൻറെ പാക്കറ്റുകൾ മാത്രമാണ് ഉള്ളത്. പൊതുവെ മധുരമുള്ള ബിസ്കറ്റുകൾ എനിക്ക് ഇഷ്ടമല്ല, അതുംകൂടാതെ ഇപ്പോൾ ഇത്തരത്തിൽ ഉള്ള ശരീരത്തിന് നല്ലതല്ലാത്ത ഒന്നും കഴിക്കാൻ തോന്നുന്നില്ല. മാത്രമല്ല ഓറിയോ ബിസ്കറ്റിൽ പാൽ ചേർത്തായിരിക്കുമല്ലോ അത് നിർമ്മിക്കുന്നത്. എന്നിരുന്നാലും എൻ്റെ ഒരു ശീലത്തിൻറെ ഭാഗമായി വെറുതെ അതിൻ്റെ ചേരുവകൾ ഒന്നുവായിച്ചുനോക്കി.

എന്നെ അത്ഭതപ്പെടുത്തിക്കളഞ്ഞു. ഓറിയോയിൽ ഒരുതുള്ളി പാൽ പോലും ചേർക്കുന്നില്ല എന്നതാണ് സത്യം. ആട്ടയും, പഞ്ചസാരയും, ചോക്ലേറ്റും പിന്നെ കെമിസ്ട്രി ലാബിലെ ഭാഷ എന്ന് തോന്നുംവിധം കുറെ വാക്കുകളും. ആ ബിസ്കറ്റ് കൂടയിൽത്തന്നെ നിക്ഷേപിച്ചു ഞാൻ കഫേയിലെ കൗണ്ടറിൽനിന്നും പാസ്സ്പോർട്ടിൽ സീൽ വാങ്ങി. കഫേയിലെ ആളുകളോട് യാത്രപറഞ്ഞു പുറത്തിറങ്ങി.

പിന്നെയും നീളുന്ന കോട്ടയുടെ മതിലിനോടുചേർന്ന് ഞാൻ നടന്നുനീങ്ങി. വിശപ്പ് അപ്പോഴേക്കും ഉണരുന്നതേയുണ്ടായിരുന്നുള്ളു. എൻ്റെ വയറ്റിൽ ഉരുണ്ടുകയറിയ വായുവിനെപോലെ അപ്പോഴേക്കും മാനവും കറുക്കുന്നുണ്ടായിരുന്നു. ഏകദെശം അരമണിക്കൂർ പിന്നെയും നടന്നുനീങ്ങി. അല്പം ആൾതാമസമുള്ള ഒരു മേഖലയിലേക്ക് പ്രവേശിച്ചു. അങ്ങനെ മുന്നോട്ട് നീങ്ങികൊണ്ടിരിക്കവെ ഒരു കാഴ്ച എൻ്റെ കണ്ണിൽ അല്പം ഈറനണിയിച്ചു.

ഒരു വീടിനുമുൻപിൽ പഴയ ഒരു മരക്കസേര ഇട്ടിരിക്കുന്നു. ആ കസേരയിൽ ആ വീട്ടിൽ ഉണ്ടായ ആപ്പിൾ, പ്ലം, ചെറി, കിവി മുതലായ പഴങ്ങൾ ഒരു പാത്രത്തിൽ വെച്ചശേഷം അതിനരികിൽ ഒരു കുറിപ്പും.

“ഫ്രീ”

ഞാൻ ആ കസേരയുടെ മൂലയിൽ നിലത്ത് ഭാണ്ഡം ഇറക്കിവെച്ചു. അവിടെനിന്ന് കയ്യിലൊരു ആപ്പിൾ എടുത്ത് കൊച്ചുകുട്ടിയെപോലെ കണ്ണീരൊഴുക്കി കടിച്ചു തിന്നു. ശേഷം മെല്ലെമെല്ലെ മറ്റു പഴങ്ങളും തിന്നു. അപ്പോഴാണ് പഴക്കൂടക്കുതാഴെ ഒരു കടലാസ്സ് എൻ്റെ ശ്രദ്ധയിൽ പെട്ടത്. അതിലൂടെ കടന്നുപോയ പിൽഗ്രിമുകളുടെ പേരും ചെറിയ ഒരു കുറിപ്പും തിയതിയും ആണ് ആ കടലാസ്സിൽ. ഞാനും അതിൽ എൻ്റെ നന്ദി രേഖപ്പെടുത്തി.

ആ കൊച്ചു വിശ്രമത്തിനൊടുവിൽ വിശപ്പും മാറ്റി വീണ്ടും നടന്നുതുടങ്ങി. സമയം ആറരയോടടുക്കുന്നു. മാനം കറുത്തതിനാൽ ഇന്ന് അൽപ്പം നേരത്തെ ഇരുട്ടാകുന്ന ലക്ഷണം കാണുന്നുണ്ട്. മുന്നോട്ട് പോകവെ ഞാൻ ഇന്ന് കൂടുകൂട്ടാനുള്ള ഇടം നോക്കിത്തുടങ്ങിയിരുന്നു. അങ്ങനെ ഏകദെശം ഏഴുമണിയോടടുത്ത് ഒരു വലിയ തുറസ്സിലെത്തിപെട്ടു.

ആ ഒഴിഞ്ഞ കൃഷിയിടത്തിനപ്പുറം ഒരു പുതിയ ഗ്രാമം തുടങ്ങുകയാണ്. അല്പം നേരത്തെയാണെങ്കിലും ഇന്ന് അവിടെ കൂടൊരുക്കാൻ തീരുമാനിച്ചു. ഞാൻ റ്റെൻറെ സ്ഥാപിച്ചു അൽപ്പം കഴിഞ്ഞപ്പോഴേക്കും ആകാശം കാർമേഘം മൂടാൻ ആരംഭിച്ചു. ഒപ്പം മെല്ലെ തണുത്ത കാറ്റും വീശിത്തുടങ്ങി.

ഞാൻ വേഗം ഫോണിൽ ഇപ്പോൾ നിൽക്കുന്ന ഇടത്തെ കാലാവസ്ഥ പരിശോധിച്ചു. തൽക്കാലം വലിയ മഴ പെയ്യാനുള്ള സാധ്യത കാണുന്നില്ല. പക്ഷെ രാത്രി ചെറിയ ചാറ്റൽമഴക്ക് സാധ്യതയുമുണ്ട്.

ചെറിയ മഴയൊന്നും എൻ്റെ കൂടാരത്തിന് ഒരു പ്രശ്നമല്ല. ഞാൻ ധൈര്യപൂർവം കൂടാരത്തിൽകയറി ഇന്നിനോട് വിടപറഞ്ഞു. തണുത്ത കാറ്റുമേറ്റ് ആഴമേറിയ ഉറക്കത്തിൽ ആഴ്ന്നുപോയ ഞാൻ, രാത്രിയുടെ ഏതോ യാമത്തിൽ കൂടാരത്തിനുമുകളിൽ തുള്ളികൾ വീഴുന്നതായ് കേട്ടു. പക്ഷെ എനിക്ക് ആ ശബ്‌ദശകലങ്ങൾ വിലകൂടിയ സ്പാ കളിൽ മനുഷ്യനെ ശാന്തനാക്കാൻ ചെറിയ ശബ്ദത്തിൽ വെക്കുന്ന റൈൻ-മെഡിറ്റേഷൻ മ്യൂസിക് യാഥാർഥ്യത്തിൽ അനുഭവിക്കുന്ന അനുഭൂതിയായിരുന്നു.

ചാലക്കുടിക്കടുത്ത് മുരിങ്ങൂർ സ്വദേശി. പോർത്തുഗൽ തലസ്ഥാനമായ ലിസ്ബണിൽ ജീവിക്കുന്നു. സമൂഹമാധ്യമങ്ങളിൽ ചെറുകഥകൾ എഴുതാറുണ്ട്.