കമീനോ സാൻറ്റിയാഗോ – 21

ഇരുൾ നടത്തം

ഫലസ്‌തീൻ – ഇസ്രായേൽ.. ചെറുപ്പം മുതലേ എവിടെയൊക്കെയോ കേട്ടിട്ടുള്ള, വായിച്ചിട്ടുള്ള രണ്ടു രാജ്യങ്ങളുടെ പേരുകൾ മാത്രമായിരുന്നു. പക്ഷെ അലിയെ കണ്ടുമുട്ടുന്നതുവരെ മാത്രമായിരുന്നു ആ അകലം. ഞാൻ ദുബായിലും അബുദാബിയിലുമായി ജോലിചെയ്യുന്ന കാലം. ഒരുദിവസം ഞാൻ ജോലിചെയ്യുന്ന ഇടത്തേക്ക് ഒരു നർത്തകനായി കടന്നുവന്നയാളാണ് അലി. പലസ്തീനിയൻ കലാരൂപമായ “ദഭ്‌കെ” ആയിരുന്നു ആ നർത്തരൂപം. തലയിൽ കെട്ടും, തോളിൽ “ഖഫിയെ” അണിഞ്ഞും, തനത് ഫലസ്തീനിയൻ വേഷവിധാനങ്ങളിൽ ഒരുകൂട്ടം ചെറുപ്പക്കാർ കൈകോർത്ത്, ഒരുകൂട്ടർ പാടുന്നത് ഏറ്റുപാടി താളത്തിൽ നീളത്തിലും, വട്ടത്തിലും ചാടിയും, ചുവടുവെച്ചും നടത്തുന്ന രസകരമായ ഒരു പ്രകടനമാണ് ദഭ്‌കെ.

ഞങ്ങൾ ആദ്യമായി കണ്ടുമുട്ടിയപ്പോൾ നടന്ന ദഭ്‌കെ പ്രകടനത്തിൽ അലി ആയിരുന്നു ആ കൂട്ടത്തിൻറെ തലവൻ. അലി ദഭ്‌കെ നർത്തകനും പാട്ടുകാരനും മാത്രമല്ല. അയാൾ ദഫ്, ദർഭൂഖ, ബാഗ്‌പൈപ്പ്‌, ക്ലാരിനറ്റ്, നെയ്, ഊദ് മുതലായ അറേബിയൻ വാദ്യോപകരണങ്ങൾ ഭംഗിയായി വായിക്കാനറിയാവുന്ന കലാകാരനാണ്. അതുകൊണ്ടുതന്നെ ഞങ്ങൾ പെട്ടന്നുതന്നെ സുഹൃത്തുക്കൾ ആയി. ശേഷം എൻ്റെ മുതലാളി അലിയോട് കുറച്ചുദിവസം ഞങ്ങളുടെ കൂട്ടത്തിൽ ചേർന്ന് ജോലിചെയ്യാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് മുന്നോട്ട് കുറച്ചുദിവസം അലിയോടൊത്ത് സമയം ചെലവഴിക്കാൻ അവസ്സരം ലഭിച്ചു. ഈ അവസ്സരത്തിലാണ് ഞാൻ അലിയുടെ ജീവിതത്തെക്കുറിച്ച് കൂടുതലായി മനസ്സിലാക്കിയത്.

അലി ഒരു ഫലസ്തീനി ആണ്. അയാൾ കുടുംബത്തോടെ ദുബായിൽ ജീവിക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ കുറച്ചു വർഷങ്ങളായിരിക്കുന്നു. ഒരു കേരളീയനോട് അന്യനാട്ടിൽവെച്ച് ആരെങ്കിലും നമ്മുടെ സ്വന്തം നാടിനെപ്പറ്റിയുള്ള ഓർമ്മകൾ ചോദിച്ചാൽ നമ്മൾ വികാരഭരിതരായി മഴയുടെ, സ്നേഹത്തിൻറെ, ആഘാഷങ്ങളുടെ, അഭിമാനത്തിൻ്റെ എല്ലാം ഭാണ്ഡക്കെട്ടുകൾ അഴിക്കുമല്ലോ. പക്ഷെ ഒരു ഫലസ്തീനി ആ ചോദ്യത്തെ എന്നും ഒരു വിങ്ങലോടെ മാത്രമേ സ്വീകരിക്കൂ. അത് എനിക്ക് മനസ്സിലായത് അലിയുടെ സാക്ഷ്യത്തിൽ നിന്നുമാണ്.

തലമുറകളായി ജീവിച്ചുവന്ന സ്വന്തം രാജ്യത്തേക്ക് പെട്ടന്നൊരുനാൾ മറ്റൊരു ഭാഷ സംസാരിക്കുന്ന, മറ്റൊരു മതവിശ്വാസം അനുഷ്ഠിക്കുന്ന, ഏറെ വ്യത്യസമായ സംസ്കാരം പേറുന്ന ആളുകൾ കുടിയേറിയെത്തുന്നു. അവർ വൻകിട ശക്തിരാജ്യങ്ങളോട് ഒത്തുചെർന്ന് അലിയുടെ രാജ്യത്തെ പിളർത്തി, മതിലുകൾകെട്ടി അലിയുടെ രാജ്യത്തിനുനടുവിൽ അവരുടേതായ ഒരു രാജ്യംതന്നെ സൃഷ്ടിക്കുന്നു. പിന്നീടങ്ങോട്ട് അലിയുടെ ജനങ്ങളെ കൊന്നൊടുക്കുന്നു. സ്വാതന്ത്ര്യം ഹനിക്കപെട്ട, നിരന്തരം സംഘർഷത്തിൽ ഏർപ്പെട്ട് ജീവഹാനി ഭയന്ന് ജീവിതം നരകമായിത്തീർന്ന ജനതയായി അലിയുടെ ആളുകൾ ജീവിച്ചുതീർക്കുകയാണ് അവരുടെ നാട്ടിൽ. പക്ഷെ അവർ തോൽക്കാൻ തയ്യാറല്ല. ജനിച്ചുവീണ മണ്ണിനായി അവർ നിരന്തരം പോരടിക്കുകയാണ്. അത് ഓരോ ഫലസ്തീനിയുടെയും ജനിച്ചുവീഴുന്ന നിമിഷം മുതൽ അവസ്സാന ശ്വാസംവരേക്കും നീളുന്ന ധർമ്മയുദ്ധമാണ്. ലോകം അവരെ തീവ്രവാദികൾ എന്നുവിളിക്കുന്നു. പക്ഷെ അലിയുടെ കഥയിലെ യാസർ അറാഫത്തിനെ പോലെയുള്ള ആ പോരാളികൂട്ടത്തെ എനിക്ക് ഭഗവദ് സിംഗ്, സുഭാഷ് ചന്ദ്രബോസ് മുതലായ ഇന്ത്യൻ സ്വാതന്ത്യസമര പോരാളികളോട് താരതമ്മ്യം ചെയ്യാൻ തോന്നി. സത്യത്തിൽ ഇരുകൂട്ടരും ചെയ്തത് അധിനിവേശകർക്കെതിരായ യുദ്ധമാണല്ലോ.

കൂടാരത്തിനുള്ളിൽ അതിൻ്റെ കവാടത്തിൻറെ വിടവിലൂടെ ആകാശത്തേക്കുനോക്കി കിടക്കുമ്പോൾ അലിയുടെ ഓർമ്മകൾ മനസ്സിലൂടെ മിന്നിമാഞ്ഞു. അവനും കുടുംബവും ദുബായിൽ സമാധാനത്തോടെ ജീവിച്ചിരിക്കട്ടെ എന്ന് മനസ്സുകൊണ്ട് ആശിച്ചു. ഒപ്പം തങ്ങളുടെ മത, രാഷ്ട്ര തലവന്മാർ പണ്ടുചെയ്‌തതിനും, ഇപ്പോൾ തുടർന്നുകൊണ്ടിരിക്കുന്നതുമായ അനീതിയിൽ നേരിൽ പങ്കുകൊള്ളാതെ തങ്ങളുടേതല്ലാത്ത കാരണത്താൽ മരിച്ച മറുപക്ഷത്തെ സാധാരണ ജനങ്ങൾക്കുവേണ്ടിയും എന്നുള്ളം വേദനിച്ചു. പക്ഷെ ഏറെ നേരത്തെ അത്തരം ചിന്തകൾക്കൊടുവിൽ യുവാൽ നോഹ് ഹരാരിയുടെ സാപിയൻസ് എന്ന പുസ്തകത്തിൽ പറഞ്ഞുവെക്കുന്ന മനുഷ്യപരിണാമത്തിൻറെ ചരിത്രം ഓർത്തപ്പോൾ, നാൾവഴികളിൽ കുലത്തോടെ ഭൂമിയിൽനിന്നും ആപ്രത്യക്ഷരായ ചില മനുഷ്യകുലങ്ങൾ ഇവിടെ ഉണ്ടായിരുന്നു, ഒരുപക്ഷെ അവരുടെ വശത്തുനിന്നും ചിന്തിച്ചാൽ ഞാൻ ഉൾപ്പടെയുള്ള ഇന്നത്തെ മനുഷ്യൻ അവരോട് ചെയ്തത് അനീതിയാണെന്ന് തോന്നിയേക്കാം എന്ന ചിന്തയിൽ ഞാൻ എൻ്റെ മനസ്സിനെ പിടിച്ചുനിർത്തി. ചിലപ്പോഴെല്ലാം ഒരു വിഷയത്തിലേക്കുള്ള അമിത കേന്ദ്രീകരണം മനസ്സിനെ അലട്ടുമ്പോൾ ആ വിഷയത്തിൻറെ സമാനമായ, അതിൻ്റെ സത്ത അടങ്ങുന്ന പരപ്പിലേക്ക് മനസ്സിനെ അഴിച്ചുവിടുന്നത് താൽക്കാലിക ആശ്വാസം നൽകിയേക്കാം. എന്തായാലും ഇവിടെ അത് ഫലപ്രദമായി ഉപകരിച്ചു.

അതിരാവിലെ ഉറക്കമുണർന്നു, അഥവാ കിളികൾ എന്നെ ഉണർത്തി. ഇരുട്ടിൽ ഫോൺ വെളിച്ചത്തിൽ പല്ലുതേപ്പും, കൂടാരം മടക്കലും കഴിഞ്ഞു സമയം നോക്കിയപ്പോൾ അഞ്ചര ആയിട്ടുണ്ടായി. ഭാണ്ഡം ചുമലിലേറ്റി ഞാൻ നടത്തമാരംഭിച്ചു. കുന്നിൻമുകളിലെ പരപ്പിൽ കണ്ട ജനവാസമേഖല താണ്ടി കുന്നിറങ്ങി വീണ്ടും കയറി ഞാൻ നടന്നുകൊണ്ടേയിരുന്നു. ജനവാസമേഖലകൾക്കപ്പുറം വഴിവിളക്കുകളില്ലാത്ത പാതയിൽ കൂരിരുട്ടിലെ ഏകാന്ത നടത്തം എന്നിൽ പഴയൊരു ഓർമ പുതുക്കി.

ലിസ്ബണിൽനിന്നും പൊതുഗതാഗതം ഉപയോഗിച്ചാൽ ഏകദെശം ഒന്നേമുക്കാൽ മണിക്കൂറിൽ എത്തിപ്പെടാവുന്ന ഒരിടമാണ് “കാബോ ഡാ റോക്ക”. യുറോപ്പിൻറെ പടിഞ്ഞാറേ അറ്റം എന്ന പ്രത്യേകതയുള്ള സ്ഥലാണ് അത്. അവിടെ “സിൻട്രാ” മലനിരകളുടെ പടിഞ്ഞാറേ അറ്റം അറ്റ്ലാൻറ്റിക് സമുദ്രത്തിനോട് ചേരുന്ന ഭാഗത്തായി ഒരു ലൈറ്റ് ഹൗസ് ഉണ്ട്. അവിടുത്തെ സൂര്യാസ്തമയം കാണാൻ ഏറെ മനോഹരമാണ്. സാധാരണ ആളുകൾ ലൈറ്റ് ഹൗസിനോട് അടുത്ത് സൂര്യാസ്തമയം കണ്ട് മടങ്ങുക എന്ന ചടങ്ങ് നടത്തുമ്പോൾ എന്നെപോലെ ആൾക്കൂട്ടങ്ങളും ആരവങ്ങളും ഇഷ്ടമില്ലാത്തവർ ആ കുന്ന് ഇറങ്ങി താഴെ സമുദ്രത്തിൻറെ കരയിലോ, മലയുടെ അടുത്ത മടക്കിലോ ഏകാന്തമായി ഇരുന്ന് കാഴ്ച ആസ്വദിക്കാറുണ്ട്.

അത്തരത്തിൽ ഒരു വേനൽ ദിവസം ഞാൻ സൂര്യാസ്തമയം കാണാൻ ആ കുന്നിറങ്ങി. സൂര്യാസ്തമയം അതിമനോഹരമായിരുന്നു. ഞാൻ എന്നോടൊപ്പം അവിടെ ഏറെ നേരം ചിലവിട്ടു, സമാധാനത്തിൻറെ നെറുകയിൽ എത്തിപ്പെട്ടു. പക്ഷെ ആ മതിമറപ്പിൽ ഇത് വേനൽക്കാലമാണെന്നും, വേനൽക്കാലത്ത് സൂര്യാസ്തമയം ഒമ്പതുമണിക്ക് ശേഷമേ ഉണ്ടാകൂ എന്നെല്ലാം ഞാൻ വിസ്മരിച്ചു. അങ്ങനെ സൂര്യാസ്തമയത്തിനുശേഷം അൽപനേരം കൂടെ അവിടെ ചിലവിട്ടശേഷം സാവധാനം മുകളിലേക്ക് കയറി ലൈറ്റ് ഹൗസിന് അരികിലെത്തിയപ്പോഴേക്കും ഒമ്പതരയുടെ അവസ്സാന ബസ്സും പോയിരുന്നു. മാത്രമല്ല ഒരു വണ്ടിപോലുമില്ലാതെ ഒഴിഞ്ഞ ലൈറ്റ് ഹൗസും ഞാനും മാത്രമായി അവിടെ. അപ്പോഴേക്കും ആകമാനം ഇരുൾ പരന്നിരുന്നു. ഫോണിൽ റേഞ്ച് ഇല്ല, ഇനി ലിസ്ബണിലേക്ക് ട്രെയിൻ പിടിക്കണമെങ്കിൽ ഏകദെശം 8 കിലോമീറ്റർ നടന്ന് “കഷ്കൈഷ്” എന്ന സ്ഥലത്തെത്തണം.

സത്യത്തിൽ ഞാൻ അവിടെ പെട്ടുപോയിരുന്നു എങ്കിലും ഏറെ സന്തോഷത്തിലായിരുന്നു. കാരണം ശക്തിയായി വീശുന്ന പടിഞ്ഞാറൻ കാറ്റുമേറ്റ് പൂർണ ഏകാന്തതയിൽ കുന്നിൻമുകളിലെ ലൈറ്റ് ഹൗസിനുതാഴെ ഉള്ള ഇരുപ്പ് മനോഹരമായിരുന്നു. ബാഗിൽ കരുതിയിരുന്ന പിക്നിക് വിരി പുതച്ച് ഞാൻ അവിടെ ഉറങ്ങിയശേഷം അടുത്ത ദിവസം രാവിലെ വരുന്ന ആദ്യ വണ്ടിയിൽ പോകാൻ തീരുമാനിച്ചു.

പക്ഷെ രാത്രിയായതോടെ കാറ്റിൻറെ ശക്തിയേറി. വേനൽകാലമായതിനാൽ നനുത്ത കോട്ടൺ ഷർട്ടും മുട്ടൊപ്പം വരുന്ന ഷോർട്സും മാത്രം ധരിച്ചിരുന്ന എനിക്ക് തണുക്കാൻ തുടങ്ങി. പിക്‌നിക് വിരി പുതച്ച് ലൈറ്റ് ഹൗസിനു താഴെയുള്ള ബെഞ്ചിൽ കിടന്നെങ്കിലും തണുപ്പ് കൂടിവന്നതോടെ ഞാൻ വിറക്കാനാരംഭിച്ചു. ഒടുവിൽ ശരീരം അനക്കിയേ മതിയാകൂ എന്ന ഘട്ടമെത്തിയപ്പോൾ കഷ്കൈഷ് ലക്ഷ്യമാക്കി നടക്കാൻ ഞാൻ നിർബന്ധിതനായി.

കൂരാകൂരിരുട്ടിൽ ആ കാട്ടുപാതയിലൂടെ, മലമടക്കുകൾക്കിടയിലൂടെ നീളുന്ന ഒറ്റവരിപ്പാതയിലൂടെ ഞാൻ നടന്നു. അൽപ്പം ഇരുട്ടിൽ നടന്നതോടെ കണ്ണിലേക്ക് കയറിയ വെളിച്ചമലിനീകരണം ഇല്ലാതായി, ആകാശത്തെ തിളങ്ങുന്ന നക്ഷത്രത്തിൻറെ മങ്ങിയ വെളിച്ചത്തിൽ പാതയെ മനസ്സിലാക്കി നടന്നുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ മനസ്സിൽ ഓടിക്കൊണ്ടിരുന്ന ചോദ്യം ഒന്നുമാത്രമായിരുന്നു.
ആരാണ് ഞാൻ..?

ഒരുപക്ഷെ ഒരുപാടുനേരം വിജനമായ പ്രതേശത്ത് ഇരുട്ടിലോ, വെയിലത്തോ ഒറ്റക്ക് അകപെട്ടുപോയാൽ എല്ലാവർക്കും മനസ്സിൽ തോന്നിയേക്കാവുന്ന ഒരു ചോദ്യമായിരിക്കാം അത്. ഏറെ നേരം ചോദ്യം മാത്രമായിരുന്നു മനസ്സിൽ മിന്നിമാഞ്ഞതെങ്കിൽ അൽപ്പം കഴിഞ്ഞപ്പോൾ ആ ചോദ്യത്തിന് ഉത്തരമായി ചില ഉൾക്കാഴ്ചകൾ മനസ്സിൽ പ്രത്യക്ഷപെടാനാരംഭിച്ചു. അത് ഒരു 3 ഡി സിനിമ പോലെ എൻ്റെ കാഴ്ചയിൽ തെളിഞ്ഞു.

ആദ്യം അമ്മയുടെയും അച്ഛൻറെയും മുഖം വ്യക്തമായി തെളിഞ്ഞു. മുന്നോട്ട്പോകവെ അവരുടെ മുഖം ഒരു പ്രത്യേക രീതിയിൽ പരിണമിക്കുന്നതായി തോന്നാനാരംഭിച്ചു. വീണ്ടും മുന്നോട്ട് പോകവെ അവരുടെ മുഖം പൂർണമായും വികൃതമായ രൂപത്തിൽ പക്ഷെ വ്യക്തതയോടെ കണ്ടുതുടങ്ങി. അത്രത്തോളമായപ്പോൾ ഞാൻ മനപ്പൂർവ്വം ചിന്തകളെ പിടിച്ചുകെട്ടി. പിന്നീടുള്ള വഴി ഒരു താളത്തിൽ നടന്നു നീങ്ങാൻ ശ്രമിച്ചു, ചിന്തകളിൽനിന്നും ശ്രദ്ധ തിരിക്കാൻ പാട്ടും പ്രയോഗിച്ചു. പക്ഷെ ചിന്തകൾ പിൻതുടർന്നുകൊണ്ടിരുന്നു.

ഇപ്പോൾ ഞാൻ ആരാണെന്ന ചോദ്യത്തിനുത്തരമായി എൻ്റെ മാതാപിതാക്കളുടെ മുഖം വികൃതമായതിനുശേഷം. ചോദ്യം മാറിയിരിക്കുന്നു.

ഞങ്ങൾ എവിടെനിന്നുമാണ്.?

ചോദ്യം ഏറെ നേരം തലയിൽ കറങ്ങിയശേഷം അതിന് പ്രത്യേകിച്ച് ഉത്തരമൊന്നുമുണ്ടായില്ല. പക്ഷെ ആ ചോദ്യത്തിനുള്ള ഉത്തരം തേടവെയാണ് മാനത്തെ രത്നം പോലെ തിളങ്ങുന്ന ഒരു വലിയ നക്ഷത്രവും അതിനോട് ചേർന്നുതന്നെ ഒരു ചെറുനക്ഷത്രവും അടങ്ങിയ ഒരു നക്ഷത്രകൂട്ടം ശ്രദ്ധയിൽ പെട്ടത്. ഞാൻ ആ നക്ഷത്രങ്ങളെ പിന്തുടർന്ന് നടന്ന് ഒടുവിൽ ഏകദെശം വെളുപ്പാൻകാലം ആയപ്പോഴേക്കും കഷ്കൈഷ് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്നു. അതിനുശേഷം അവിടെ കുറച്ചുമണിക്കൂറുകൾ ചിലവിട്ട് നേരം വെളുപ്പിച്ച് രാവിലെ ആദ്യ വണ്ടിയിൽ കയറി വീട്ടിലെത്തി.

അടുത്ത ദിവസം എൻ്റെ യൂട്യൂബിൽ വന്ന ഒരു സജഷൻ കണ്ട് ഞാൻ ഞെട്ടിപ്പോയി. നാഷണൽ ജോഗ്രഫി ചാനലിൽ വന്ന ഒരു ഡോക്യൂമെൻറ്ററി ആയിരുന്നു അത്. ആഫ്രിക്കയിലെ മാലി എന്ന രാജ്യത്തെ “ഡോഗോൻസ്” എന്ന ഒരു ആദിവാസി വിഭാഗത്തെക്കുറിച്ചുള്ള വിവരങ്ങളാണ് ആ ചിത്രത്തിൻറെ ഇതിവൃത്തം. ഡോഗോൻസ് വിഭാഗം അവരുടെ ഉത്സവമായ “ധാമ” കൊണ്ടാടുന്നതിനെപ്പറ്റി ഡോക്യൂമെൻറ്ററി ചിത്രത്തിൽ പ്രതിഭാതിക്കുന്നു. കല്യാണപ്രായമെത്തിയ മക്കൾ ആണ്ടിലൊരിക്കൽ മാത്രം നടക്കുന്ന ഈ ധാമ ചടങ്ങിൽ ഒരു പ്രത്യേകതരം മുഖംമൂടി അണിഞ്ഞു നൃത്തം ചെയ്യുന്നു. അത്തരത്തിൽ നൃത്തം ചെയ്യുന്നവർക്ക് കല്യാണം കഴിക്കാനുള്ള യോഗ്യതയായി എന്നാണ് അവർ കരുതുന്നത്. പക്ഷെ അവർ ധരിക്കുന്ന ആ മുഖംമൂടി, അത് എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. കഴിഞ്ഞദിവസ്സത്തെ ഇരുൾ നടപ്പിൽ ഞാൻ ആരാണെന്ന ചോദ്യത്തിന് മറുപടിയായി എൻ്റെ ഉള്ളിൽത്തെളിഞ്ഞ മാതാപിതാക്കളുടെ വികൃതമായ മുഖം. അതേമുഖമാണ് ആ മുഖംമൂടികളുടേതും. മാത്രമല്ല അതിനുശേഷമുണ്ടായ വെളിപ്പെടുത്തൽ എന്നെ വീണ്ടും നടുക്കി. ഡോഗോൻസ് അവരുടെ ജ്ഞാനത്തിൻറെ ഉറവിടമായി കരുതുന്നത് “സിറിയസ്” എന്ന നക്ഷത്രത്തെയാണ്. അത് കേട്ടപ്പോൾ ഞാൻ എവിടെനിന്നാണെന്ന എൻ്റെ ചോദ്യത്തിന് ഉത്തരമായി ഞാൻ കണ്ട നക്ഷത്രം ഏതാണെന്ന് പരതിയപ്പോൾ അതാ “സിറിയസ് എ”. അതുകൂടിയായപ്പോൾ അത് എന്നെ ഏറെ പിടിച്ചുകുലുക്കി. പക്ഷെ ദിവസ്സങ്ങളും മാസങ്ങളും കഴിഞ്ഞപ്പോൾ അവയെല്ലാം വളരെ സമയോചിതമായി വന്ന യാദൃശ്ചികങ്ങൾ മാത്രമാണെന്ന് ഞാൻ മനസ്സിലാക്കി.

നടത്തം മുന്നേറിക്കൊണ്ടേയിരുന്നു. വീണ്ടും യാദൃശ്ചികം എന്നുപറയട്ടെ അന്ന് ആ ഇരുൾ നടത്തത്തിൽ കണ്ട അതേ രണ്ടുനക്ഷത്രങ്ങൾ ഇന്നും വിണ്ണിൽ എന്നെനോക്കി പുഞ്ചിരിക്കുന്നു.

ഏകദേശം രണ്ടുമണിക്കൂറോളം തുടർച്ചയായി നടന്നു. അപ്പോഴേക്കും ഇരുൾനീക്കി ഇനിയും ഉദിക്കാത്ത സൂര്യൻറെ നേർത്ത വെട്ടം ആകെ പരന്നു. എൻ്റെ നടപ്പിൻറെ താളം ഏറെ നേരമായി സ്ഥിരത കൈവരിച്ചിരിക്കുന്നു. ഞാൻപോലുമറിയാതെ ഞാൻ നടന്നുനീങ്ങുകയാണ്. വൈകാതെ ഒരു മലയുടെ ചെരുവിൽ ഹൈ വോൾട്ടേജ് വൈദ്യതകമ്പികൾ കടന്നുപോകുന്നിടത്ത്. അവക്കായി വെട്ടിമാറ്റിയ മരങ്ങളുടെ വിടവിലൂടെ സൂര്യൻ എന്നെ നോക്കി പുഞ്ചിരിച്ചു.

പതിവുപോലെ അൽപ്പസമയം അവിടെ ചിലവഴിച്ചു. ഭാണ്ഡത്തിൽനിന്നും കമീനോ മാപ് എടുത്ത് ഇന്നത്തെ കാര്യപരിപാടി ഒന്ന് നോക്കി. അപ്പോൾ എനിക്ക് ഒരു കാര്യം വ്യക്തമായി. അതായത് തുടക്കത്തിൽ കാമറ നഷ്ടപ്പെട്ടതും, കാൽവേദനയാലും മുൻ‌കൂർ തയാറാക്കിയ പദ്ധതിയിൽനിന്നും അല്പം വൈകി ഓടിക്കൊണ്ടിരുന്ന ഞാൻ, ഇപ്പോൾ ആ സമയനഷ്ടങ്ങളെല്ലാം മറികടന്നിരിക്കുന്നു. മാത്രമല്ല ഇന്ന് “ആൽബർഗേറിയ” എന്ന സ്ഥലത്ത് എത്താൻ പറ്റിയാൽ ഞാൻ പഴയ പദ്ധതിപ്രകാരം ഉള്ളതിൽനിന്നും ഒരു ദിവസ്സം മുന്നിൽ സഞ്ചരിക്കാൻ തുടങ്ങും. ഇന്ന് സാമാന്ന്യം സ്ഥിരതയുള്ള വേഗത ഉണ്ട്. മാത്രമല്ല വളരെ നേരത്തെ നടത്തം ആരംഭിക്കുകയും ചയ്തിരിക്കുന്നു.

Screenshot

പിന്നീട് സമയം പാഴാക്കിയില്ല ഞാൻ നടത്തം തുടർന്നു. പക്ഷെ വൈകാതെ ഒന്ന് കുളിച്ചേമതിയാകൂ. ഇപ്പോൾ കുളിച്ചിട്ട് ഏകദെശം 24 മണിക്കൂർ ആകുന്നു. എത്ര തണുത്താലും വിയർത്തില്ലെങ്കിലും ദിവസത്തിൽ രണ്ടുനേരം കുളിക്കാതിരുന്നാൽ എന്തോ ഒന്ന് കുറവുള്ളതായി എനിക്ക് തോന്നും. മുന്നോട്ട് നീങ്ങവെ കണ്ണുകൾ ഒരു കുളിക്കായുള്ള സൗകര്യം തേടിക്കൊണ്ടിരുന്നു. ഒടുവിൽ ആ ആവശ്യത്തിൻറെ സാക്ഷാൽക്കാരത്തിനുള്ള ഇടം കണ്ണുകൾ കണ്ടെത്തി.

“ആവേലഷ് ടെ കാമിനോ” എന്ന ഗ്രാമത്തിലെ ടാങ്കോ പുബ്ലിക്കോയിൽ നിറഞ്ഞൊഴുകുന്ന വെള്ളത്തിൽ ഞാൻ ഒരു സ്വിമ്മിങ് പൂളിൽ എന്നപോലെ വിസ്തരിച്ചൊരു കുളി പാസ്സാക്കി. ആരോഗ്യവും, ദീർഘായുസും വീണ്ടെടുത്ത റോമൻ ഗ്ലാഡിയേറ്റർ പടയാളിയുടെ പോലെ ഞാൻ ഉയർത്തെഴുന്നേറ്റു.

ചാലക്കുടിക്കടുത്ത് മുരിങ്ങൂർ സ്വദേശി. പോർത്തുഗൽ തലസ്ഥാനമായ ലിസ്ബണിൽ ജീവിക്കുന്നു. സമൂഹമാധ്യമങ്ങളിൽ ചെറുകഥകൾ എഴുതാറുണ്ട്.