
ഒക്ടോബർ 8
ഏകദേശം ഒരു മണിക്കൂർ നടത്തത്തിനുള്ളിൽ മേൽഹാദായിൽ എത്തി. പതിവുപോലെ ചന്ദന നിറമുള്ള ചുവരുകൾക്ക് മുകളിൽ ചുവന്ന ഓടിട്ട മേൽക്കൂരയും പേറി വരിയിൽ നിരയൊപ്പിച്ചു നിൽക്കുന്ന ധാരാളം ഒറ്റ നില വീടുകൾ നിറഞ്ഞ തനത് പോർത്തുഗീസ് ചെറുപട്ടണം. പട്ടണത്തിൻറെ കേന്ദ്രത്തിലേക്ക് എത്തിയപ്പോഴേക്കും കെട്ടിടങ്ങളുടെ നില ഒറ്റയിൽനിന്നും രണ്ടിലേക്ക് മെച്ചപ്പെട്ടു. ഒപ്പം ടാർ ഇട്ട റോഡിൽനിന്നും കല്ല് പാകിയ രാജവീഥിയിലേക് പാതയും രൂപാന്തരം പ്രാപിച്ചു.

പട്ടണമധ്യേ പച്ച വിരിച്ച് ഒരു വലിയ നീണ്ട പാർക്ക് നിലകൊള്ളുന്നു. പാർക്കിന് ഇരുവശത്തുമായി കടകളും മറ്റ് വ്യാപാരസ്ഥാപനങ്ങളും ഉണ്ട്. ഇന്ന് കാര്യമായി ആഹാരമൊന്നും കഴിച്ചിട്ടില്ലാത്തതിനാൽ നന്നായി വിശക്കുന്നു. പാർക്കിന് അടുത്തുള്ള സൂപ്പർമാർക്കറ്റിൽ കയറി ബ്രെഡ്, അറേബ്യൻ വിഭവമായ ഹമ്മസ്, അല്പം പഴങ്ങളും വാങ്ങി. ശേഷം നേരെ ആ വിശാലമായ പാർക്കിൽ വന്നിരുന്ന് അവയെല്ലാം അകത്താക്കി.

അപ്പോഴേക്കും സമയം നാലുമണിയോട് അടുത്തിരുന്നു. സാധാരണയായി ഭക്ഷണശേഷം അൽപ്പം വിശ്രമം പതിവുള്ളതാണ്. പക്ഷെ ഇന്ന് അതിന് സാധിക്കില്ല, കാരണം ഇതിനകം തന്നെ സമയം നാലുമണിയോടടുത്തു. ഇനി വിശ്രമിച്ചാൽ ഒരുപക്ഷെ സൂര്യനസ്തമിക്കും മുൻപേ പട്ടണത്തിന് വെളിയിൽ ആളൊഴിഞ്ഞ ഇടത്ത് എത്തുക പ്രയാസമായിരിക്കും. അല്ലാത്ത പക്ഷം ഇവിടെ ഈ പട്ടണത്തിൽ ഒരു ആൽബർഗ്ൽ ഇന്ന് അന്തിയുറങ്ങുക. ഞാൻ നടക്കാൻ തന്നെ തീരുമാനിച്ചു.
ഏറെ വൈകി ആഹാരം കഴിച്ചശേഷം അൽപ്പം പോലും വിശ്രമിക്കാതെ നടത്തം തുടരുന്നതിനാൽ എന്തോ ഒരു ആരോഗ്യക്കുറവ് അനുഭവപ്പെടാൻ തുടങ്ങി. വയറ്റിൽ ആകെ ഒരു ഉരുണ്ടുമറിച്ചിൽ ആയിരുന്നു പ്രധാനമായും. പക്ഷെ തൽക്കാലം അതൊന്നും വകവെക്കാതെ ഞാൻ മുന്നേറി. പട്ടണം പൂർണമായും പുറകിലാക്കി വീണ്ടും കാനനപാതയിലേക്ക് കയറി. അപ്പോഴേക്കും ഞാൻ ഒരു പ്രത്യേക അവസ്ഥയിലേക്ക് എത്തിച്ചേർന്നിരുന്നു.
പാതിമയക്കത്തിൽ ചുറ്റുപാടിനെ അവഗണിച്ച് ഒരു മോഹനിദ്രയിൽ അങ്ങനെ നടക്കുകയാണ്. ദാഹം തോന്നുന്നുണ്ട്, പക്ഷെ അരയിൽ കെട്ടിയിരിക്കുന്ന പൗച്ചിൽനിന്നും കുപ്പിയെടുത്ത് കുടിക്കാൻ സാധിക്കുന്നില്ല. എവിടെയെങ്കിലും അൽപ്പനേരം ഇരിക്കണമെന്നുണ്ട്. പക്ഷെ നടത്തം നിർത്താനോ ഭാണ്ഡം തോളിൽനിന്നുമിറക്കാനോ തോന്നുന്നില്ല. ഒരുപക്ഷെ ഭാണ്ഡം തോളിൽ ഇല്ലെങ്കിൽ എൻ്റെ തുലനാവസ്ഥ നഷ്ടപ്പെടുമെന്ന് തോന്നുന്നു. പക്ഷെ താളത്തിലുള്ള എൻ്റെ ചലനത്തെ ഈ അവസ്ഥ ബാധിക്കുന്നതേ ഉണ്ടായില്ല. നടന്നു, നടന്നുകൊണ്ടേയിരുന്നു. മുന്നോട്ട് നീങ്ങുംതോറും പതിയെ, വളരെ പതിയെ ഒരു വലിയ ഓപ്പറ സ്റ്റേജിലെ തിരശീല നീങ്ങുംപോലെ എൻ്റെ സ്വബോധം തിരികെ വരുന്നതായി തോന്നിത്തുടങ്ങി. ചുറ്റും കിളികൾ കരയുന്നതും, കാറ്റ് ചില്ലയിൽ തട്ടുന്നതുമെല്ലാം മെല്ലെ കേട്ടുതുടങ്ങി. മുന്നോട്ടുള്ള പ്രയാണത്തിനിടയിൽ എവിടേയോ ഞാൻ വെള്ളം കുടിച്ചു.
സമയം അഞ്ചരയായി, ഇപ്പോഴും കാനനപാതയിലാണ്. നടത്തം മുന്നേറവെ മൺപാതയിൽനിന്നും അൽപ്പം അകലെ മരങ്ങൾക്കിടയിൽ എന്തോ ഒന്ന് ശ്രദ്ധയിൽപെട്ടു. അൽപ്പംകൂടി മുന്നോട്ട് പോയപ്പോൾ അത് വ്യക്തമായി കാണാനായി.
വളരെ വിലപിടിപ്പുള്ള ഒരു വലിയ സോഫ.
എനിക്ക് അത്ഭുതം തോന്നി. കാരണം ഈ കൊടും കാടിന് നടുവിൽ ഈ സോഫ എങ്ങനെ വന്നു.? മാത്രമല്ല ഒറ്റനോട്ടത്തിൽ തന്നെ അത് ഏറെ വിലപിടിപ്പുള്ള, ഒരുപക്ഷെ എൻ്റെ ഒരുമാസത്തെ ശമ്പളത്തേക്കാൾ വിലയുള്ള ഒന്നാണ്. അത് എപ്രകാരം ഈ കാടിനകത്ത് ഉപേക്ഷിച്ചിരിക്കുന്നു. ഉടമസ്ഥന് ആവശ്യമില്ലെങ്കിൽ ആവശ്യമുള്ളവനിലേക്ക് എത്തിക്കാൻ ധാരാളം മാർഗമുള്ള ഈ ഡിജിറ്റൽ യുഗത്തിൽ ഇതിനെ ഇങ്ങനെ പാഴാക്കേണ്ടതുണ്ടായിരുന്നോ എന്ന് തോന്നി.
ഇന്നത്തെ ഈ മുതലാളിത്ത ലോകം നേരിടുന്ന ഏറ്റവുംവലിയ പ്രശ്നമാണ്. അമിത ഉത്പാദനവും, ഉപഭോഗവും വരുത്തിവെക്കുന്ന ഇത്തരം മാലിന്യങ്ങൾ. ഒരു വശത്ത് കുടിക്കാൻ ഒരുതുള്ളി വെള്ളത്തിനും കടിക്കാൻ ഒരു കഷ്ണം ബ്രെഡിനും നെട്ടോട്ടമോടുന്ന മനുഷ്യർ, മറുവശത്ത് ഇത്തരം ആഡംബര മാലിന്യങ്ങൾ ഒഴിവാക്കാൻ തരമില്ലാത്ത അതിസമ്പന്നർ. ഇതിന് രണ്ടിനുമിടയിൽ യാന്ത്രീകമായി ജീവിക്കുന്ന മറ്റൊരു വിഭാഗം. അതിനുപുറമെ താഴേക്കിടയിലുള്ളവരെ ഉയർത്താനായി എന്നപേരിൽ മുകളിലുള്ളവർ ചരടുവലിക്കുന്ന പ്രവർത്തനം. എവിടെയുമെത്താത്ത യൂണിസെഫ്, ഡബ്ള്യു എച് ഒ പോലെയുള്ള സംഘടനകൾ. ഈ ലോകം വിവേചനപരവും അന്യായവുമാണ്.
ഞാൻ സോഫയുടെ അടുത്ത് നടന്നെത്തി. അതിൽ “പിൽഗ്രിമുകൾക്കായി” എന്ന അർത്ഥത്തിൽ എന്തോ പോർത്തുഗീസിൽ എഴുതിവെച്ചിരിക്കുന്നു. ഒരുനിമിഷം ഭാണ്ഡം ഇറക്കിവെച്ച് ഞാൻ ആ സോഫയുടെ ഒരു മൂലയിൽ ഇരുന്നു. എനിക്കുമുൻപേ ധാരാളം പിൽഗ്രിമുകൾ ഈ സോഫയിൽ ഇരുന്നിട്ടുള്ളതായി മനസ്സിലായി.

അത് അപ്രകാരമാണല്ലോ. നമ്മുടെ നാട്ടിലെ തീർത്ഥാടകരെ കണ്ടിട്ടില്ലേ. മുൻപിൽ പോകുന്നവർ ചെയ്യുന്നത് അതേപടി അനുകരിക്കുക. ചില ക്ഷേത്രങ്ങളിൽ അത് പ്രത്യേകിച്ചും കാണാനാകും, ചിലയിടത്ത് ഒരാൾ നിന്നുകറങ്ങിയാൽ പുറകെ വരുന്നവരും അത് അനുകരിക്കുകയും പിന്നീട് അത് ഒരു ചടങ്ങായി മാറുന്നതും കാണാം. ഇവിടെയും അത് തന്നെയാണ് നടക്കുന്നത്. ഇവിടെ ആളുകളെ നേരിൽ കാണുന്നില്ല പകരം അവർ നിക്ഷേപിച്ചുപോയ അവരുടെ അടയാളങ്ങൾ പിൻതുടരുന്നു.
ഏതോ ഒരു കോടീശ്വരനോ കോടീശ്വരിയോ തൻ്റെ സോഫയിൽ ചെറിയ കേടുവന്നപ്പോൾ അത് ഒഴിവാക്കി പുതിയ ഒന്ന് വാങ്ങി. പക്ഷെ പഴയത് മുനിസിപ്പാലിറ്റിയുടെ റീസൈക്ലിങ് പദ്ധതിയിലേക്ക് നൽകാനുള്ള ക്ഷമയും സമയവും ഇല്ലാതിരുന്നതിനാലും, വഴിയിൽ ഉപേക്ഷിച്ചാൽ ഫൈൻ കിട്ടാൻ സാധ്യതയുള്ളതിനാലും ഇരുട്ടിൻറെ മറവിൽ അതിനെ ഈ കാട്ടിലേക്ക് നാടുകടത്തിയത് ആവാം. ഒരുപക്ഷെ ഉടമസ്ഥനുവേണ്ടി മറ്റാരെങ്കിലും ചെയ്തതുമാകാം. എന്തായാലും ഇപ്പോൾ ഇത് വഴി കടന്നുപോകുന്ന പിൽഗ്രിമുകൾക്ക് ഒരു വിശ്രമസ്ഥലമായി പരിണമിക്കപ്പെട്ടിരിക്കുന്നു.
ആ കാട്ടുസോഫയിലെ ഇരുത്തം എന്ന ചടങ്ങുപൂർത്തിയാക്കി ഞാൻ യാത്ര തുടർന്നു. ഏറെ നടന്നപ്പോൾ കാടിനുള്ളിൽ വെളിച്ചം കുറഞ്ഞുവരുന്നതായി തോന്നിത്തുടങ്ങി. ആ തോന്നൽ മുഴുവിക്കും മുൻപേ ഒരു ഗ്രാമവഴിയിലേക്ക് കയറി. ഇരുവശത്തും വലിയ കുന്നുകൾക്കിടയിലൂടെ നീളുന്ന പാത ഒരു മലയെ പിരിഞ്ഞു കയറുകയാണ്. പ്രകാശം മങ്ങിത്തുടങ്ങിയ ആ വേളയിൽ ചുറ്റുമുള്ള കാഴ്ചകൾ ഏറെ സുന്ദരമാണ്. ഇടക്കെപ്പോഴോ ഒന്നോ രണ്ടോ വീടുകൾ കടന്നുവരുന്നതൊഴിച്ചാൽ തികച്ചും ഒറ്റപ്പെട്ട പാത. പാത പിന്തുടർന്ന് ഞാൻ മലയെ ചുറ്റി അതിന് മുകളിലെത്തി. അവിടെ മറ്റൊരു ഗ്രാമത്തിൻറെ തുടക്കമായിരുന്നു. ഗ്രാമം തുടങ്ങുന്നതേ ഒരു വലിയ പാർക്കിൽ നിന്നുമാണ്.
“പാർക്ക് ദേ മെറാൻഡസ് ദേ അഗൈയിം”
റോഡിൻറെ ഒരുവശത്തായി സാമാന്ന്യം വലിയ ഒരു ഭൂഭാഗം നീളുന്ന പാർക്കാണ് അത്. നടുവിൽ ചുറ്റും കമ്പിവേലി കെട്ടിയ ഒരു വലിയ കുളവും, കുളത്തിൽ ധാരാളം അരയന്നങ്ങളും ഉണ്ട്. ഞാൻ പാർക്കിലേക്ക് നടന്നുകയറി. അകത്തെത്തിയപ്പോഴേക്കും സൂര്യൻ പൊൻകിരണങ്ങൾ പായിച്ചുതുടങ്ങിയിരുന്നു. പാർക്കിൻറ്റെ ഒരു മൂലയിൽ മരത്തടിയാൽ തീർത്ത മേശയിൽ ഭാണ്ഡമിറക്കിവെച്ചു. സൂര്യൻ മറയുംമുൻപേ കൂടാരമൊരുക്കി.

ഇന്ന് അതിരാവിലെ കുളിച്ചതാണ്, ഇപ്പോൾ കുളിക്കാൻ മാർഗമില്ല. ഇരുൾ മൂടിയതോടെ ഞാൻ കൂടാരത്തിനകത്ത് കയറി തോർത്ത് നനച്ച് മേലാകെ തുടച്ച് വസ്ത്രം മാറി. പൂർണ സംതൃപ്തി വന്നില്ലെങ്കിലും അതിനുശേഷം അല്പം ആശ്വാസം തോന്നി. അപ്പോൾ ലഭിച്ച ആശ്വാസത്തിൽ ഞാൻ മെല്ലെ നടുനിവർത്തി. അപ്പോഴതാ പതിവില്ലാതെ ഫോൺ റിങ് ചെയ്യുന്നു. അത് അബുദാബിയിൽനിന്നും സുഹൃത്ത് അരുൺ ആയിരുന്നു. യാത്രയുടെ പുരോഗമനങ്ങളും എൻ്റെ സുഖവിവരങ്ങളും തിരക്കുക എന്ന ഉദ്ദേശത്തോടെ ആയിരുന്നു അദ്ദേഹത്തിൻറെ വിളി.
ഒരുപാട് നാളായി ഉറ്റവരിൽനിന്നും അകന്ന് കഴിഞ്ഞിരുന്ന എന്നിൽ ആരോടെങ്കിലും ഉള്ളുതുറന്ന് സംസാരിക്കണം എന്ന ആവശ്യം ഞാൻ പോലുമറിയാതെ ഉടലെടുത്തിരുന്നു. ആ വേളയിലാണ് അരുണിൻറെ വിളിയെത്തിയത്. എൻ്റെ യാത്രാവിശേഷങ്ങൾ പങ്കുവെച്ചതിനുശേഷം പതിവുപോലെ പഴയ പഠനകാലത്തെ തമാശകൾ, സാഹിത്യം, രാഷ്ട്രീയം എല്ലാം പറഞ്ഞശേഷം അവൻ ഒരു വാർത്ത പങ്കുവെച്ചു. ഒരു നിമിഷം ഒഴിവുകിട്ടിയാൽ ഏതെങ്കിലും വാർത്താമാധ്യമത്തിൻ്റെ ഫോൺ ആപ്പിൽ സമയം ചിലവഴിച്ചിരുന്ന ഞാൻ, പുറംലോകത്തെപ്പറ്റി അറിഞ്ഞിട്ട് നാളുകൾ ഏറെയായിരുന്നു.
അരുൺ പങ്കുവെച്ച ആ വാർത്ത അത്ര സുഖകരമായിരുന്നില്ല. അവനുമായുള്ള സംഭാഷണം കഴിഞ്ഞശേഷം ഞാൻ ഇൻറ്റർനെറ്റിൽ പരതിയപ്പോൾ കാര്യം അത്രനിസ്സാരമല്ല എന്ന് മനസ്സിലായി. പലസ്തീൻ സംഘടനയായ ഹമാസ് ഇസ്രായേൽ രാജ്യത്തിനകത്തേക്ക് ആയിരക്കണക്കിന് റോക്കറ്റുകൾ തൊടുത്ത് അവരുടെ വ്യോമ പ്രതിരോധം നിഷ്പ്രഭമാക്കുകയും. ഹമാസ് പോരാളികൾ ഇസ്രായേലിലേക്ക് കടന്നുചെന്ന് നൂറുകണക്കിന് ഇസ്രായേലി പൗരന്മാരെ ബന്ദികളാക്കി ഗാസ മുനമ്പിലേക്ക് എത്തിച്ചിരിക്കുകയും ചെയ്തിരിക്കുന്നു. ഈ ആക്രമണത്തിൽ ആയിരത്തിനു മുകളിൽ ഇസ്രായേലി പൗരന്മാരും, ഏതാനും അമേരിക്കകാരും വധിക്കപ്പെട്ടിരിക്കുന്നു.







