കമീനോ സാൻറ്റിയാഗോ – 19

ഇരുപത്തിഒന്നര മൈൽസ്

ആൽബർഗിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോൾ സമയം സന്ധ്യമയങ്ങുന്നതേയുള്ളു. ഗൂഗിൾമാപ്പിൽ നോക്കി അടുത്തുള്ള സൂപ്പർമാർക്കറ്റ് കണ്ടെണ്ടത്തി. “ലിഡിൽ” എന്ന ജർമ്മൻ സൂപ്പർമാർകെറ്റ് ആയിരുന്നു അത്. ധാരാളം വീഗൻ ഭക്ഷ്യവസ്തുക്കൾ ലഭ്യമായ ഒരു സുപ്പെർമാർക്കറ്റ് ശൃംഖല ആണ് ലിഡിൽ. ലോകത്തിൽ ഏറ്റവും കൂടുതൽ വീഗൻ ആളുകൾ ജീവിക്കുന്ന നഗരമാണല്ലോ ജർമ്മനിയുടെ തലസ്ഥാനമായ ബെർലിൻ. അപ്പോൾ തീർച്ചയായും ഒരു ജർമ്മൻ കമ്പനി അവരുടെ ഉപഭോക്താക്കളെ നിശ്ചയിക്കുമ്പോൾ അതിൽ വീഗൻ ആയവരും ധാരാളം ഉൾപ്പെടുമല്ലോ!.

സൂപ്പർമാർക്കറ്റിൽനിന്നും സാലഡും, അൾജീരിയൻ വിഭവമായ “കുഷ് കുഷും” വാങ്ങി. ഞാൻ സൂപ്പർമാർക്കറ്റിൽ എത്തിയപ്പോൾ നേരത്തെ ആൽബർഗിൽ കണ്ട എല്ലാവരുംതന്നെ അവിടെയുണ്ട്. അവർ എല്ലാവരും ഒത്തുചേർന്ന് രാത്രിയിൽ ഏതുതരം വൈൻ കുടിക്കണം എന്ന ചർച്ചയിലാണ്. കൂട്ടത്തിൽ ഇറ്റാലിയൻ ചങ്ങാതി ലൂയിസ്‌ എന്നെ അവരോടൊപ്പം വൈൻ ചർച്ചയിലേക്ക് ക്ഷണിച്ചു. അൽപ്പനേരം അവരുടെ തമാശകൾ കേട്ട് പൊട്ടിച്ചിരിച്ച് അവിടെ സമയം പങ്കിട്ടശേഷം ഞാൻ സൂപ്പർമാർക്കറ്റിൽനിന്നും പുറത്തേക്കിറങ്ങി. കുന്നിന്മുകളിൽനിന്നും താഴെ പരന്നുകിടക്കുന്ന നഗരത്തിൻറെ അസ്തമയ കാഴ്ച സുതാര്യമായി കാണാവുന്നതും, ശാന്തമായതുമായ ഒരു വക്കിൽ സ്ഥാപിച്ചിട്ടുള്ള അടയാളകല്ലിൽ കുറച്ചുനേരം ഇരുന്നു. വിശാലമായ ഒരു നഗരത്തിനെ ഇരുൾ മൂടുന്ന കാഴ്ച താളത്തിൽ കൊട്ടുന്ന, നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളിമണിയുടെ പശ്ചാത്തലസംഗീതത്തിൽ കേട്ടുകൊണ്ടിരിക്കുന്നത് ഏറെ ധ്യാനാത്മകം ആയിരുന്നു.


കോയിംബ്രാ നഗരമാകെ ഇരുൾപരന്നു. നഗരം മനുഷ്യനിർമ്മിത പ്രകാശത്തിൽ തിളങ്ങാൻ ആരംഭിച്ചതോടെ തിരികെ ആൽബർഗിലേക്ക് നടന്നു. ഞാൻ എത്തിയപ്പോഴേക്കും അവിടെ മറ്റുള്ളവർ എല്ലാം എത്തിച്ചേർന്ന് പാനപാത്രങ്ങൾ കൂട്ടിമുട്ടിച്ചും ആഹാരം പങ്കുവെച്ചും ആഘോഷം തുടങ്ങിയിരുന്നു. ഞാനും എൻ്റെ ആഹാരത്തോടെ അവർക്കൊപ്പം പങ്കുചേർന്നു. മറ്റുള്ളവർ എല്ലാംതന്നെ വിവിധ യൂറോപ്പ്യൻ നാടുകളിൽനിന്നും ഉള്ളവരാണ്. അതിനാൽ എല്ലാവരും സംസാരിക്കുന്നത് ഇംഗ്ലീഷ് ആണെങ്കിലും വിവിധ ശൈലിയിലുള്ള ഇംഗ്ലീഷ് ഒരേ ചർച്ചയിൽ കേൾക്കാനാകുന്നത് രസകരമാണ്. ഇംഗ്ലീഷ് അത്ര വശമില്ലാത്ത ചില ഇറ്റാലിയൻ ആളുകൾ, അവരുടെ ഭാഷയിൽത്തന്നെ മറ്റുള്ളവരെ തങ്ങൾ ഉദ്ദേശിക്കുന്ന ഫലിതം പറഞ്ഞുഫലിപ്പിക്കാനും ശ്രമം നടത്തുന്നു. അവരുടെ ശ്രമം വിജയിക്കുന്നുമുണ്ട്. പൊതുവെ ഇറ്റാലിയൻ ഭാഷ കൈകാര്യം ചെയ്യുന്നവരുടെ ഇംഗ്ലീഷിൽ ഉള്ള സംസാരവും, സംസാരിക്കുന്നതിനിടയിൽ അവർ കൈകൾകൊണ്ട് കാട്ടുന്ന ആംഗ്യവും നിരീക്ഷിച്ചാൽ രസകരമായി തോന്നും. അപ്പോൾ അവർ തങ്ങൾക്ക് അറിയാത്ത ഒരു ഭാഷ പറഞ്ഞു ഫലിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ വന്നുപോകുന്ന ആംഗ്യങ്ങൾ ഏറെ രസകരം ആയിരിക്കുമല്ലോ.

യഥാർത്ഥത്തിൽ ശബ്ദശകലങ്ങൾക്കപ്പുറമുള്ള വിശാലമായ ഭാഷയെ അൽപ്പം ക്ഷമയോടെ നിരീക്ഷിച്ചാൽ ഏതൊരാൾക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. അത് മനുഷ്യർ തമ്മിലുള്ള ആശയവിനിമയം ആകണമെന്നില്ല, സസ്യ – ജീവജാലങ്ങൾ, ഭൂമി, ജലം വായു എന്തിനേറെ താൻ ഉൾപ്പെടുന്ന ചുറ്റുപാടിനെ കേന്ത്രീകൃതമായ ശ്രദ്ധയോടെ നിരീക്ഷിച്ചാൽ ഒരുപക്ഷെ സർവ്വ പ്രപഞ്ചത്തോടും ആശയവിനിമയം നടത്താൻ സാധ്യമായേക്കാം. അത് കർഷകൻ വിളവിറക്കാൻ പ്രകൃതിയെ നിരീക്ഷിക്കുന്നതിൻറെയോ, പക്ഷിമൃഗാദികൾ പ്രളയത്തെയും, വരൾച്ചയെയും നേരത്തെ അറിയുന്നതിൻറെയും എല്ലാം മറ്റൊരു തലം മാത്രം. പുതിയ ദേശങ്ങളിലൂടെ അറിയാത്ത ഭാഷ സംസാരിക്കുന്നവർക്കിടയിലൂടെ യാത്ര ചെയ്യുമ്പോൾ ഒരു മനുഷ്യൻ അയാളുടെ ഉള്ളിൽ ഉറങ്ങുന്ന ഈ തുറവിയെ തിരിച്ചറിയുന്നു. അതുവരെ അവൻ ഭാഷായുദ്ധത്തിൽ ഏർപ്പെടുന്നു.

ഇതുവരെ നടന്നതിൽവച്ച് ഒരു ദിവസ്സം ഏറ്റവും കൂടുതൽ ദൂരം നാളെ നടക്കണം, അതിനാൽ അതിരാവിലെ യാത്ര ആരംഭിക്കേണ്ടതുണ്ട്. ആഹാരം കഴിച്ചുകഴിഞ്ഞതോടെ മറ്റു പിൽഗ്രിമുകളോട് യാത്രപറഞ്ഞു ഞാൻ കിടക്കയിലേക്ക് നീങ്ങി. രാവിലെ നാലരയോടെ എഴുന്നേൽക്കണം, അതിനായി അലാം വെച്ച് ഞാൻ നിദ്രപൂണ്ടു.

കൃത്യം നാലര ആയപ്പോൾ അലാറം കേട്ട് ഉറക്കമുണർന്നു. രാത്രിയിൽ പല ശ്രുതിയിൽ ഉള്ള കൂർക്കംവലികൾ ആ ഡോർമെറ്ററിയിൽ മുഴങ്ങിയിരുന്നതിനാൽ ഉറക്കം അത്ര സുഖകരമായിരുന്നില്ല. രാവിലെ ധരിക്കാനുള്ള വസ്ത്രങ്ങളും തോർത്തുമുണ്ടും ശുചിമുറി സാമഗ്രികളുമെല്ലാം ഇന്നലെ കിടക്കുന്നതിനുമുൻപേ കിടക്കയുടെ ഒരു വശത്തായി വച്ചിരുന്നു. അതിനാൽ തപ്പി-പരതി ഉറങ്ങുന്നവരെ ഉണർത്താതെ ഞാൻ കുളിയും മറ്റുകാര്യങ്ങളും നടത്തി യാത്രക്ക് തയ്യാറായി. കൃത്യം അഞ്ചുമണിക്ക് ആൽബർഗിൽനിന്നും നടത്തമാരംഭിച്ചു.

ഞാൻ മാത്രമായിരിക്കും ഇത്രയും നേരത്തെ നടത്തമാരംഭിക്കുക എന്ന് കരുതിയ എനിക്ക് തെറ്റി. ആൽബർഗിൽനിന്നും നടത്തം തുടങ്ങി നിമിഷങ്ങൾക്കുള്ളിൽ പുറകിൽ നിന്നും പരിചയമുള്ള സ്വരത്തിൽ “ബോം ദിയ” വന്നെത്തി. ഒരിക്കൽക്കൂടി ലൂയിസ്‌. അദ്ദേഹം സ്ഥിരമായി അതിരാവിലെ നടത്തം തുടങ്ങുന്ന ശീലക്കാരനാണ്. ഞങ്ങൾ ഇരുവരും ഇരുട്ടിൽ വെളിച്ചമടിച്ച് കമീനോ ചിഹ്നങ്ങൾ കണ്ടെത്തി പതിയെ കുന്നിറങ്ങി താഴെ നഗരമധ്യത്തിലെത്തി. ഇന്ന് ഒരു ഞായറാഴ്ചയാണ്, അതിനാൽത്തന്നെ ഇന്നലെ സായാഹ്നത്തിൽ ആരംഭിച്ച ഒരു സംഗീത പരിപാടി ഇപ്പോഴും തുടരുന്നു. ഏതാനും നിമിഷങ്ങൾക്കുള്ളിൽ ആ പരിപാടി തീരുന്നതിനാൽ കോയിമ്പ്ര യൂണിവേഴ്‌സിറ്റിയിലേതടക്കം വലിയൊരു കൂട്ടം വിദ്യാർത്ഥികൾ ആഘോഷത്തിമിർപ്പിൽ അലതല്ലുകയാണ്. എത്രയുംപെട്ടെന്ന് നഗരമധ്യത്തിൽനിന്നും പുറത്തുകടക്കണം അല്ലാത്തപക്ഷം സംഗീതപാർട്ടികാരുടെ തിരക്കിൽ പെടാൻ സാധ്യതയുള്ളതായി ലൂയിസ്‌ നിരീക്ഷിച്ചു. ഞങ്ങൾ വേഗം മൊണ്ടേഗോ നദിക്കുകുറുകെ ഉള്ള പാലം മുറിച്ചുകടന്ന് മുന്നേറി.

നഗരത്തിൽ എങ്ങും നിശാ പാർട്ടിക്കാരുടെ തിരക്കാണ്. തുറന്നിട്ടുള്ള കടകളിൽ അവർ തടിച്ചുകൂടിയിരിക്കുകയാണ്. ഒരുവശത്തുനിന്നും മുനിസിപ്പാലിറ്റിക്കാരുടെ വൃത്തിയാക്കൽ ജോലികൾ പുരോഗമിക്കുന്നുമുണ്ട്. സ്വർണ വെളിച്ചത്തിൽ ചരിത്രത്തിൻറെ ഗാംഭീര്യത്തോടൊപ്പം യുവത്വം ഇരമ്പുന്ന കോയിമ്പ്രയുടെ ഹൃദയഭാഗത്തിലൂടെ, പ്രഭാത കാഴ്ചകൾ കണ്ടുകൊണ്ട് ഞങ്ങൾ നടന്നുകൊണ്ടിരിക്കവെ പെട്ടന്ന് ഒന്ന് എൻ്റെ ചലനത്തെ നിശ്ചലമാക്കി. “മലബാർ” നഗരത്തിൻറെ മധ്യഭാഗത്തായി ആഡംബര വസ്തുക്കൾ വിൽക്കപ്പെടുന്ന, തനത് പോർത്തുഗീസ് ശൈലിയിൽ കല്ലുപാകിയ പാതയോരത്ത് അതാ മലബാർ എന്ന പേരിൽ ഒരു സ്ഥാപനം. സാധാരണയായി കാണപ്പെടുന്നപോലെ ആ പേരിൽ ഒരു ഇന്ത്യൻ റെസ്റ്റോറണ്ട് ആയിരുന്നില്ല അത്. “കോർക്ക്” ഉപയോഗിച്ച് കരകൗശല വസ്തുക്കൾ നിർമ്മിക്കുന്ന ഒരു സ്ഥാപനമാണ് അത്. മുൻപ് പരാമർശിച്ചപോലെ ലോകത്തിലെ ഏറ്റവും വലിയ കോർക്ക് ഉൽപാദകരാണ് പോർത്തുഗൽ. വൈൻ കുപ്പിയുടെ അടപ്പുകൾ, സിറ്റികളിലെ മെട്രോ ട്രെയിനുകളുടെ സീറ്റുകൾ, എന്തിനേറെ തണുപ്പ് കാലത്ത് ധരിക്കുന്ന ജാക്കറ്റ് വരെ ഇവിടെ കോർക്ക് ഉപയോഗിച്ച് നിർമ്മിക്കാറുണ്ട്. ഒരുപക്ഷെ കേരളത്തിൽ കയർ ഉത്പന്നങ്ങൾ എന്നപോലെ ഈ നാടിൻറെ മുഖമുദ്രയാണ് കോർക്ക് ഉത്പന്നങ്ങൾ. അത്തരത്തിൽ കോർക്ക് എന്ന ദ്രവ്യം ഉപയോഗിച്ച് ആഡംബര വസ്തുക്കൾ നിർമ്മിച്ച് ആ സ്ഥാപനത്തിൻറെ മുന്നിലുള്ള കണ്ണാടി ജാലകത്തിനുള്ളിലായി പ്രദർശിപ്പിച്ചിരിക്കുന്നു.

ഞാൻ ആകാംഷയോടെ ചില്ലുകൂടിനകത്തെ വസ്തുക്കളുടെ വില പരിശോധിച്ചു. വീടിനകത്ത് ധരിക്കുന്ന ഒരു ജോഡി ചെരുപ്പിന് 150 യൂറോയോളം വിലയുണ്ട്. അതായത് ചൈനീസ് കടയിൽനിന്നും ഞാൻ വീടിനകത്ത് ധരിക്കാനായി വാങ്ങുന്ന ചെരുപ്പിൻറെ 10 ഇരട്ടി വില. ചില്ലുകൂടിനകത്തെ വിവിധ ഉത്പന്നങ്ങൾ ഒന്ന് ഓടിച്ചുനോക്കി ഒരു പുഞ്ചിരി നൽകി ഞാൻ സ്ഥാപനത്തിൻറെ ഒരു ചിത്രമെടുത്ത് യാത്ര തുടർന്നു. പക്ഷെ മുന്നോട്ട് നടക്കുമ്പോഴും ആ മലബാർ എന്ന പേര് എന്നെ പിടിച്ചുനിർത്തി. മലബാർ എന്ന വാക്കുമായി വലിയ ബന്ധമില്ലാത്ത ഒരു വ്യവസായമാണ് ആ സ്ഥാപനത്തിൽ നടക്കുന്നത്. ഒരുപക്ഷെ മലബാറിൽനിന്നുമുള്ള ആരെങ്കിലും ആയിരിക്കുമോ സ്ഥാപനയുടമ ?.

വാസ്കോ ഡാ ഗാമ മലബാറിലേക്ക് നടത്തിയ യാത്ര ഒരു ഖണ്ഡകാവ്യരൂപത്തിൽ എഴുതിയ ലുയിഷ് കാമോയിഷ് അദ്ദേഹത്തിൻ്റെ വിദ്യാഭ്യാസപരവും, വ്യക്തിപരവുമായ കാരണങ്ങളാൽ ഏറെ നാൾ കോയിമ്പ്ര നഗരത്തിൽ ജീവിക്കുകയും അദ്ദേഹത്തിൻ്റെ ധാരാളം ബന്ധുമിത്രാദികൾ ഇന്നും ഇവിടെ ഉള്ളതായി കേൾവിപ്പെട്ടിട്ടുണ്ട്. ഒരുപക്ഷെ ലിസ്ബണിനേക്കാൾ കാമോയിഷിനെ ഇവിടുത്തുകാർ ആരാധിക്കുന്നു. മലബാർ എന്ന പദം ഊഷ് ലൂസിയാദാഷ് എന്ന അദ്ദേഹത്തിൻ്റെ പ്രധാന കൃതിയിൽ ധാരാളം ഉപയോഗിച്ചിരിക്കുന്നതായി കാണാം. മാത്രമല്ല ഒരു കാലഘട്ടത്തിൽ മലബാർ എന്നത് ലോകം തിരഞ്ഞിരുന്ന നിധികുംഭമായിരുന്നല്ലോ. ഇതൊന്നുമല്ലെങ്കിൽ ചില അറബ് വംശജർ പ്രയോഗിക്കുന്നപോലെ ഉറവിടം എന്ന അർത്ഥത്തിലും മലബാർ എന്ന പദം ഉപയോഗിക്കാം. ഈ കടക്ക് മലബാർ എന്ന പേര് വന്നുചേരാൻ അത്തരത്തിൽ ധാരാളം സാധ്യതകൾ ഉണ്ട്.

മനസ്സിൽ മലബാർ കണ്ട സന്തോഷത്തോടെ ഞാൻ ലൂയിസിനോടൊപ്പം മുന്നേറി. ഞങ്ങൾ സാമാന്ന്യം വേഗത്തിലാണ് നടക്കുന്നത്. പ്രഭാതകിരണങ്ങൾ പൂർണമായി പരക്കുന്നതിലും മുൻപേ ഞങ്ങൾ നഗരത്തിൽനിന്നും പുറത്തുകടന്ന് ദീർഘമായി നീളുന്ന ചെറുപാതയിലേക്ക് കയറിയിരുന്നു. ഇപ്പോൾ നടത്തം ആരംഭിച്ചു ഏകദേശം രണ്ടു മണിക്കൂർ പിന്നിട്ടു. ആദ്യമെല്ലാം എനിക്ക് മുൻപേ നടന്നിരുന്ന ലൂയിസ് ഇപ്പോൾ എന്നെ പിൻതുടരുകയാണ്. പക്ഷെ അൽപ്പം കൂടെ മുന്നോട്ട് നടന്ന് ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ അദ്ദേഹം വഴിയോരത്തെ ഒരു കല്ലിൽ ഇരുന്ന്കൊണ്ട് എന്നോട് തുടർന്നുകൊള്ളാൻ ആംഗ്യം കാട്ടുന്നു. തിരികെ കൈ വീശികാട്ടി ഞാൻ നടത്തം തുടർന്നു.

ഗ്രാമ പശ്ചാത്തലത്തിൽ നീളുന്ന പാതയോരംപറ്റി നടന്നുനീങ്ങുമ്പോൾ, അങ്ങുദൂരെനിന്നും കിനിയുന്ന പ്രകാശം തിടുക്കത്തിൽ ചുറ്റുപാടിൽ പടർന്നുപിടിക്കുന്നുണ്ടായി. ആ പ്രകാശപടർച്ചയെക്കാൾ വേഗത്തിൽ എൻ്റെ വയറ്റിൽ വിശപ്പും പടർന്നു. ലക്ഷ്യമറിയാതെ നീളുന്ന ആ ഗ്രാമവഴിയിൽ ഉടൻ ആഹാരം ലഭിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തായി തോന്നി. ഒടുവിൽ പാതയോരത്തെ ഒരു പുൽതകിടിയിൽ ഇരുന്ന് ഭാണ്ഡത്തിൻറെ ആന്തരീകത്തിൽ എവിടേയോ കരുതിയിരുന്ന, അന്തോണീസ് പുണ്യവാൻറെ പ്രസാദം ആയ ബ്ലാസ്റ്റഡ് ബ്രെഡ് പീനട്ട് ബട്ടർ തേച്ചുപിടിപ്പിച്ച് അകത്താക്കി. ആ വിശ്രമവേള ആനന്ദകരമാക്കാൻ ചക്രവാളത്തിൽ സൂര്യൻ തൻ്റെ രംഗപ്രവേശനം അവതരിപ്പിച്ചു.

വിശ്രമം ഏറെ നീട്ടിയില്ല, നടത്തം പുനരാരംഭിച്ചു. ലൂയിസിനെ പിരിഞ്ഞതിൽ പിന്നീട് ഇന്ന് മറ്റൊരു പിൽഗ്രിമിനെയും ഇതുവരെ കണ്ടുമുട്ടിയിട്ടില്ല. പിൽഗ്രിമുകളെ മാത്രമല്ല മറ്റൊരു മനുഷ്യരെയും ഇന്ന് കണ്ടിട്ടില്ല. പക്ഷെ ഇപ്പോൾ ഈ കുറച്ചു ദിവസങ്ങളായി അത് അത്ര പ്രശ്നമല്ലാതായിരിക്കുന്നു. ഒരു മുക്കാൽ പകലോളം ഒരേ ജനുസിൽപ്പെട്ട മറ്റൊരു ജീവിയെ കണ്ടുമുട്ടിയില്ല എങ്കിലും അതൊന്നും എന്നെ ബാധിക്കാതായതായിരിക്കുന്നു. നടത്തത്തിൻറെ താളവും അതിൽ ലയിക്കുന്ന ചുറ്റുപാടിലെ ശബ്ദശകലങ്ങളും സംഗീതമായി എന്നെ ആസ്വദിപ്പിക്കുന്നു. അതിൽ ലയിച്ചു മുന്നോട് ഒഴുകുമ്പോൾ ചിന്തകൾ കാറ്റായ് തഴുകുന്നു.

ചിന്തകളെ അവയുടെ രീതിയിൽ മേയാൻവിട്ടു. പക്ഷെ ഇപ്പോൾ അവ എത്തിനിൽക്കുന്നത് ചരിത്രത്തിൽ കാൽനടയായി സത്യന്ന്വേഷണം നടത്തിയ വ്യക്തികളിലാണ്. എബ്രഹാം, ക്രിസ്തു, മുഹമ്മദ്, ബുദ്ധൻ, ഇബ്ൻ ബത്തുത്ത, ഗാന്ധി അങ്ങനെ പുതുതലമുറയിൽ രാഹുൽ ഗാന്ധി വരെ നീളുന്നു ആ പേരുകൾ. ഒരുകാര്യം വ്യക്തമാണ്. സൂക്ഷ്മമായി നോക്കിയാൽ ഇവരുടെയെല്ലാം നിലനിൽപ്പിൻറെ മൂല്യം ഇത്തരം യാത്രകൾക്കുശേഷം വല്ലാതെ കൂടിയതായി കാണാം. മാത്രമല്ല തന്നിലേക്ക് മാത്രം കേന്ദ്രീകരിച്ചിരുന്ന ചെറിയ ജീവിതത്തിൽനിന്നും വലിയ ഏതോ സാമൂഹിക ഉദ്ദേശം അവരാൽ നിർവഹിക്കപെട്ടതായും ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസ്സങ്ങളിൽ എനിക്കനുഭവപെട്ട സമൂഹത്തിൻറെ വ്യത്യസ്തങ്ങൾ ആയ യാഥാർഥ്യങ്ങളെ ഉൾക്കൊള്ളാനുള്ള മനവ്യാപ്തി കൂടുന്നതായുള്ള തോന്നൽ. ഈ വഴികാട്ടികളായ വ്യക്തിത്വങ്ങളിൽ എനിക്കുണ്ടായതിൻറെ ആയിരം ഇരട്ടി ഉണ്ടായിരിക്കാം. ഒരുപക്ഷെ യാത്രയുടെ ഉദ്ദേശം, ദൈർഘ്യം, കടന്നുപോകുന്ന സാഹചര്യങ്ങൾ എന്നിവക്കെല്ലാം ആസ്പദമായി ഇത്തരം അനുഭവങ്ങളുടെ അളവിലും മാറ്റമുണ്ടായേക്കാം.

ചിന്തകളിൽ മുഴുകി ഏറെ ദൂരം പിന്നിട്ടു. സമയം ഉച്ചയോട് അടുക്കുന്നതിനനുസരിച്ച് വെയിലിൻറെ തീവ്രത ഏറിവന്നു. പക്ഷെ തൽക്കാലം തണൽമരങ്ങൾ ധാരാളം ഉള്ള ഗ്രാമവഴിയിലൂടെ ആണ് നടത്തം എന്നതിനാൽ എന്നെ ചൂട് വല്ലാതെ അലട്ടുന്നില്ല. രാജ്യത്തിൻറെ വടക്കൻ പ്രവിശിയിലേക്ക് നീങ്ങുംതോറും കമീനോ ചിഹ്നങ്ങൾ ധാരാളം ആയി കാണാൻ തുടങ്ങിയിരിക്കുന്നു. അതിനാൽ മറ്റ് ആശയക്കുഴപ്പങ്ങൾ ഏതുമില്ലാതെ നടത്തം വേഗത്തിൽ മുന്നേറുന്നുണ്ട്. കമീനോ ചിഹ്നങ്ങൾക്ക് പുറമെ കമീനോ ആശയങ്ങൾ ആസ്പദമായ മനോഹരമായ ചുവർചിത്രങ്ങളും ധാരാളം കാണാം.

ടാറിട്ട ഗ്രാമീണ പാതയിൽനിന്നും ആദ്യം മൺവഴിയിലേക്കും, പിന്നീട് കാനന പാതയിലേക്കും കമീനോ ചിഹ്നങ്ങൾ വഴികാട്ടി. മനുഷ്യർ വസിക്കുന്നതിൻറെ യാതൊരു അടയാളവുമില്ലാത്ത പ്രദേശത്തുകൂടി മണിക്കൂറുകൾ നടന്നു.

ഒടുവിൽ ഒരു ഗ്രാമ കേന്ദ്രത്തിൽ എത്തി. കാസൽ കോമ്പ എന്നാണ് ഈ ഗ്രാമത്തിൻറെ പേര്. ഏറെ ചരിത്രമുള്ള ഒരു ഗ്രാമമാണ് കാസൽ കോമ്പ. കല്ലുപാകിയ ഇടുങ്ങിയ വഴിയിലൂടെ ഞാൻ നടന്ന് ഒരു ഇടത്തരം വലിപ്പമുള്ള കപ്പേളയുടെ മുൻപിലെത്തി. ആദ്യ കാഴ്ചയിൽതന്നെ കപ്പേളയുടെ പഴക്കം നൂറ്റാണ്ടുകളാണെന്ന് മനസ്സിലായി. അതിനാൽ കപ്പേളയുടെ ഉൾഭാഗം കാണാൻ അതിയായ ആഗ്രഹം തോന്നി. ഞാൻ കപ്പേളയുടെ അകത്തേക്ക് കയറി. മനസ്സിൽ കരുത്തിയപോലെ കല്ലിൽ കൊത്തിയെടുത്ത തൂണുകളും ഭിത്തിയുമെല്ലാം അടങ്ങിയ സുന്ദരമായ നിർമ്മിതി. അതിനെ ഇന്നും വൃത്തിയായി സൂക്ഷിച്ചു നിർത്തിയിരിക്കുന്നു.

സിമെൻറ് ഇല്ലാത്ത ഉറപ്പുള്ള നിർമ്മിതിയുടെ കാലഘട്ടത്തിലേക്ക് ആ കപ്പേളയുടെ ഉൾഭാഗം എന്നെ കൂട്ടികൊണ്ടുപോയി. പക്ഷെ ഇത്തരം കാഴ്ചകൾ കാണുമ്പോൾ അവ നിർമ്മിച്ചിരുന്ന കാലഘട്ടങ്ങളിലെ നിർമ്മാണ ശൈലിയുടെ ഭംഗി ആസ്വദിക്കുന്നതോടൊപ്പം മറക്കാൻ പാടില്ലാത്ത മറ്റൊരുകാര്യമാണ് അടിമ ജീവിതങ്ങളുടെ നരകയാതനകൾ. അതിന് ദേശവും മതങ്ങളും ഒന്നും ബാധകമല്ല. എല്ലാ ദേശത്തും എല്ലാ മതത്തിലും ഈ സമ്പ്രദായം നിലനിന്നിരുന്നു. ദേശങ്ങളും മതങ്ങളും തമ്മിലും അടിമക്കച്ചവടം ഉണ്ടായിരുന്നല്ലോ.

വൈകാതെ ഞാൻ കപ്പേളയുടെ അകത്തുനിന്നും പുറത്തിറങ്ങി. കല്ലുപാകിയ വഴിയിലൂടെ കമീനോ ചിഹ്നങ്ങളെ അനുസരിച്ച് യാത്ര തുടർന്നു. കാസൽ കോമ്പ ഗ്രാമത്തിൽനിന്നും അകന്ന് വീണ്ടും ആളനക്കമില്ലാത്ത കാനനപാതയിലേക്ക് കയറി. പതിവ് പോലെ ഇന്ന് ഉച്ചക്ക് വിശ്രമമില്ല. കാരണം ഇന്ന് ജോൺ ബ്രെർലിയുടെയോ മറ്റ് പ്രശസ്തരായ കമീനോ ഗൈഡ് നിർമ്മാതാക്കളുടെയോ മാപ്പ് പ്രകാരം യാത്ര ചെയ്യുന്നവർക്ക് മേൽഹാദ എന്ന അടുത്ത പട്ടണം വരെ നടന്നാൽ മതിയാകും. പക്ഷെ ഞാൻ മേൽഹാദയിൽ ആൽബെർഗ് എടുക്കുന്നില്ല. മറിച്ച് പിന്നെയും ഏകദെശം സൂര്യൻ അസ്തമിക്കും വരെ മുന്നോട്ട് നടന്ന് അപ്പോൾ കാണുന്ന ഒഴിഞ്ഞ സ്ഥലത്ത് കൂടാരം സ്ഥാപിക്കാൻ ആണ് പദ്ധതി. ഊഹം പ്രകാരം 35 നും 40 നും ഇടയിൽ കിലോമീറ്ററുകൾ ഇന്ന് ഞാൻ പിന്നിടും.

ചാലക്കുടിക്കടുത്ത് മുരിങ്ങൂർ സ്വദേശി. പോർത്തുഗൽ തലസ്ഥാനമായ ലിസ്ബണിൽ ജീവിക്കുന്നു. സമൂഹമാധ്യമങ്ങളിൽ ചെറുകഥകൾ എഴുതാറുണ്ട്.