
ആദ്യ സത്രം
പൂർണ ആരോഗ്യസ്ഥിതിയിലേക്ക് ഇപ്പോഴും മടങ്ങിയെത്തിയിട്ടില്ല. ഇന്നലെ കഴിച്ച ആഹാരം പുറത്തുപോകുംവരെക്കും അത് തുടരുകതന്നെ ചെയ്യും. പക്ഷെ ശരീരം പുറംതള്ളൽ പ്രക്രിയക്ക് ഇനിയും തയ്യാറായിട്ടില്ല എന്നുമാത്രമല്ല അങ്ങനെയൊരു സാധ്യതപോലും വിദൂരങ്ങളിൽ കാണുന്നില്ല. നടത്തത്തിൻറെ വേഗത വളരെക്കുറവാണ് എങ്കിലും കിതപ്പോ മറ്റ് അസ്വസ്ഥതകളോ അനുഭവപ്പെടുന്നില്ല. ഒരുതരം യാന്ത്രീകതയിൽ പ്രത്യേകിച്ച് വികാരങ്ങളൊന്നുമില്ലാതെ ഞാൻ മെല്ലെ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു.

ഏകദേശം ഒരുമണിക്കൂറോളം വിജനതയിലൂടെയുള്ള നടത്തത്തിനൊടുവിൽ, തിരക്കുകളിൽനിന്നും ഒഴിഞ്ഞുമാറി നിലകൊള്ളുന്ന ഒരു പുരാതന ഗ്രാമത്തിൻറെ കവാടത്തിലേക്ക് പ്രവേശിച്ചു. ചെറിയ കുന്നിൻചെരിവുകളിൽ കരിങ്കൽശകലങ്ങളാൽ രണ്ടാൾപൊക്കത്തിൽ കെട്ടിയ മതിലിൻറെ സംരക്ഷണയിൽ അടുത്തടുത്ത കെട്ടിടങ്ങൾ. കെട്ടിടങ്ങൾക്കിടയിലൂടെ കരിങ്കൽ പാകിയ ഇടുങ്ങിയ നടപ്പാത. ചക്രവാളത്തിൻ്റെ ഇങ്ങേ അതിരിനടുത്ത് എവിടെയോ എത്തിയിട്ടുള്ള സൂര്യൻറെ നിലാവുപോലുള്ള വെളിച്ചത്തിൽ ആ ഗ്രാമക്കാഴ്ചകൾ ഒരു ചരിത്ര സിനിമയുടെ സെറ്റ് ഇട്ടപോലെ അനുഭവപ്പെട്ടു. എവിടെയോ ഒരു ബോർഡിൽ വായിച്ച “പോൺട്ടെൻഡ്ഷ്” എന്ന പേരുമാത്രമേ തത്കാലം ഈ ഗ്രാമത്തെപ്പറ്റി അറിയൂ.
ഗ്രാമത്തെക്കുറിച്ചു ചോദിച്ചറിയാൻ അവിടെ ആളുകളെ ഒന്നും പുറത്തുകാണാനില്ല. അഥവാ ആരെങ്കിലും കണ്ടുമുട്ടിയാൽത്തന്നെ അവർ പോർത്തുഗീസ് മാത്രം സംസാരിക്കാനറിയുന്ന പ്രായംചെന്ന തലമുറക്കാരായിരിക്കും. യുവതലമുറയുടെ നാടുവിട്ടുള്ള പലായനം കേരളത്തെപോലെ ഇവിടെയും ഒരു പ്രശ്നംതന്നെയാണ്. ഇത്തരം വിദൂരഗ്രാമങ്ങളിൽ യുവത്വം തീരെ കിട്ടാക്കനിയാണ്. പക്ഷെ പോർത്തുഗലിൽ ഇത് നൂറ്റാണ്ടുകൾക്ക് മുൻപേ ആരംഭിച്ച ഒരു പ്രതിസന്ധി ആണ്. മധ്യകാലഘട്ടത്തിനിപ്പുറം വിദൂരഗ്രാമങ്ങളിലെ യുവാക്കൾ രാജ്യത്തിനുള്ളിൽത്തന്നെ വലിയ നഗരങ്ങളിലേക്ക് കുടിയേറി. കടലോര ഗ്രാമങ്ങളിലെ യുവാക്കൾ കപ്പലോട്ടത്തിലോ കപ്പൽ തൊഴിലാളികളായോ നാട് ചുറ്റി. അത്തരക്കാർ മറ്റുനാടുകളെ കീഴടക്കി കോളനികൾ സ്ഥാപിച്ചതോടെ നിർബന്ധിത സൈനീക സേവനം രാജ്യത്തെ വലിയൊരു കൂട്ടം യുവാക്കളെയും ആ രീതിയിൽ കവർന്നു. പിന്നീട് രാജ്യം ഏകാധിപതിയിൽനിന്നും മോചിതമാകുംവരെ ഇത് തുടർന്നു. 1974 ൽ പോർത്തുഗൽ സ്വതന്ത്ര ജനാധിപത്യത്തിൽ എത്തിയതോടെ ഇവിടത്തെ യുവത “ലക്സുംബർഗ്”, “സ്വിറ്റസർലാൻഡ്” പോലെയുള്ള മറ്റ് യൂറോപ്പ്യൻ നാടുകളിലേക്ക് മെച്ചപ്പെട്ട ജീവിതനിലവാരം എന്ന ലക്ഷ്യത്തോടെ കുടിയേറി. ഇന്നും ഈ രീതികൾ തുടർന്ന് പോകുന്നു.
ഗ്രാമക്കാഴ്ചകൾ കണ്ടുകൊണ്ട് നടത്തം പുരോഗമിച്ചുകൊണ്ടിരുന്നു. കയറ്റങ്ങളും ഇറക്കങ്ങളും പിന്നിട്ട് ഒടുവിൽ ഇരുവശത്തും ചെറുകാടുകൾ നിറഞ്ഞ ഒരു സമതലത്തിലെത്തി. അല്പദൂരം ആ സമതലത്തിലൂടെ മുന്നേറിയപ്പോൾ ധാരാളം അലങ്കാരപ്പണികൾ ചെയ്ത ഒരു ഫാം കാണാനിടയായി. പല വർണങ്ങളിൽ ആ ഫാം ഹൌസ്നു ചുറ്റും പാഴ്വസ്തുക്കൾ ഉപയോഗിച്ച് കരകൗശല പണികൾ ചെയ്തിരിക്കുന്നു. ഞാൻ മെല്ലെ നടന്ന് ആ ഫാമിൻറെ കവാടത്തിലെത്തി. അവിടെ കവാടത്തിൽ ഇതുവഴി കടന്നുപോകുന്ന എല്ലാ പിൽഗ്രിമുകളെയും അകത്തേക്ക് ക്ഷണിച്ചുകൊണ്ട് ഒരു വലിയ കുറിപ്പ് എഴുതിവച്ചിരുന്നു. അതുകണ്ടപ്പോൾ അതിനകത്ത് ഒന്ന് കയറാൻതന്നെ ഞാൻ തീരുമാനിച്ചു. അകത്തേക്ക് കയറിയപ്പോൾ ആ ഫാം വലിയൊരു ഭൂമിയിലാണ് നിലകൊള്ളുന്നതെന്ന് മനസ്സിലായി. പക്ഷെ അവിടെ കാര്യമായ കൃഷിയോ മറ്റ് കാർഷിക വൃത്തികളോ നടക്കുന്നതായി തോന്നിയില്ല. വിശാലമായ ആ ഭൂമിയിൽ അങ്ങിങ്ങായി ചില താത്കാലിക കെട്ടിടങ്ങളും മറ്റിടങ്ങളിൽ ഓറഞ്ച്, ആപ്പിൾ പോലുള്ള ചില മരങ്ങളും കാണാം.
കയറിച്ചെല്ലുന്ന ഇടത്തുതന്നെ പ്രധാന കെട്ടിടം പോലെ തോന്നിക്കുന്ന ഒരു താത്കാലിക കെട്ടിടമാണ്. കാണാൻ വലുതായി പ്രാധാന്യം തോന്നിയില്ലെങ്കിലും ഞാൻ ആ കെട്ടിടത്തിനരികിലേക്ക് നടന്നെത്തി. അത്ഭുതം എന്നുപറയട്ടെ, അതാ അവിടെ ഒരു പാത്രത്തിൽ ബ്രെഡ്, പഴച്ചാർ , മർമ്മലാദ, ചൂട് കാപ്പി, ചായക്കായുള്ള ചൂടുവെള്ളവും ഇൻസ്റ്റൻറ്റ് ടീ ബാഗുകളും, ആ ഫാമിൽ വിളഞ്ഞത് എന്ന് തോന്നുന്ന ധാരാളം പഴങ്ങളും എല്ലാം നിരത്തിവച്ചിരിക്കുന്നു. ഒപ്പം രണ്ട് കുറിപ്പുകളും, ഒന്ന് “ഗ്രാറ്റിഷ്” അഥവാ സൗജന്യം, മറ്റൊന്ന് “ഡൊഅസഓഷ്” അഥവാ സംഭാവനകൾ എന്ന് എഴുതിയ ഒരു കുടുക്കയും. ആഹാരം തികച്ചും സൗജന്യമാണ്. പക്ഷെ അത് കഴിച്ചതിന്ശേഷം ആ ഫാമിലേക്ക് എന്തെങ്കിലും സംഭാവന നൽകാൻ താല്പര്യമുള്ളവർക്ക് അത് ചെയ്യാം.

ചൂടോടെ പോർത്തുഗീസിൽ “കാമോമിൽ”, ഇംഗ്ലീഷിൽ “ചമോമൈൽ”, മലയാളത്തിൽ “ചിങ്ങു കുറ്റൻ” എന്നെല്ലാം അറിയപ്പെടുന്ന കുറ്റിച്ചെടിയുടെ വെളുത്ത പൂക്കൾകൊണ്ടുള്ള ചായയും രണ്ടു ബ്രെഡിൽ മർമ്മലാദ പുരട്ടി അതും ഞാൻ എടുത്തു. ശേഷം കയ്യിൽ ഉണ്ടായിരുന്ന ഏതാനും നാണയങ്ങൾ ആ ചെപ്പിലേക് നിക്ഷേപിച്ചു. ചൂടോടെ ആ ചായ അകത്താക്കിയതോടെ ഒരു സുഖം തോന്നി. ശേഷം ഫാമിൽ മൊത്തത്തിൽ ഒന്ന് കണ്ണോടിച്ചു അതിൻ്റെ നടത്തിപ്പുകാർ ആരെയെങ്കിലും കണ്ടുമുട്ടിയേക്കാം എന്ന ഉദ്ദേശത്തോടെ ചുറ്റും നടന്നു, പക്ഷെ ആരെയും കാണാനായില്ല. ചുറ്റും വലംവെക്കുന്നതിനിടയിൽ വലിയ ഗുഹപോലെ ഒരു നിർമ്മിതി കണ്ണിൽപ്പെട്ടു. ഞാൻ അതിനടുത്തേക്ക് നടന്നു. ഗുഹയുടെ കവാടത്തിൽ പൂച്ചെടികളും മറ്റും വച്ച് അലങ്കരിച്ചിരിക്കുന്നു. മാത്രമല്ല ഗുഹക്കകത്തുനിന്നും “പൗളോ സന്തോ” തിരികളുടെ മണവും പരക്കുന്നു. നമ്മുടെ നാട്ടിലെ കുന്തിരിക്കം പോലെ ഒരു സുഗന്ധ വസ്തുവാണ് പൗളോ സന്തോ, ബ്രസിൽ, പെറു പോലുള്ള ലാറ്റിനമേരിക്കൻ നാടുകളിൽ കണ്ടുവരുന്ന ഒരു കാട്ടുമരത്തിൽനിന്നുമാണ് ഇത് ഉത്പാദിപ്പിക്കുന്നത്.
ഞാൻ മെല്ലെ ഗുഹക്കകത്തേക്ക് കയറി. അകത്തുപ്രവേശിച്ചപ്പോളാണ് ഗുഹ അതിൻ്റെ ആശ്ചര്യജനകമായ അനുഭവം നൽകിയത്. ധാരാളം മെഴുതിരികൾ ചുറ്റും എരിയുന്നു, വളരെ സൂക്ഷ്മമായി സ്ത്രീകളുടെ സ്വരത്തിൽ കൊയർ സംഗീതം അലതല്ലുന്നു, ധാരാളം ബൈബിൾ കഥാപാത്രങ്ങൾ പ്രതിമകളായി നിലകൊള്ളുന്നു, ഗുഹയുടെ ചുവരിൽ ചുറ്റും ധാരാളം കുറിപ്പുകൾ, അനവധി നിരവധി പിൽഗ്രിമുകളുടെ കുറിപ്പുകളും അവർ തങ്ങളുടെ കയ്യിൽനിന്നും എന്തെങ്കുലും ഒരു വസ്തു അവിടെ അർപ്പിച്ചിരിക്കുന്നു. അങ്ങനെ മൊത്തത്തിൽ ഒരു മായാലോകം തന്നെയാണ് ആ ഗുഹ. പക്ഷെ ഗുഹയുടെ ഒരു കോണിൽ ഏതാനും ചില ചിത്രങ്ങളും കുറിപ്പുകളും കാണാനിടയായി. അവ കൂട്ടിവായിച്ചതിൽനിന്നും ഈ ഫാമിൻറെ കഥ മനസ്സിലായി.
ഒരു അഞ്ചഗ കുടുംബത്തിലെ രണ്ടു സഹോദരിമാരും അച്ഛനും അമ്മയും ഒരു വാഹനാപകടത്തിൽ കുടുംബത്തിലെ സഹോദരനെ തനിച്ചാക്കി വിടപറഞ്ഞു. അവരുടെ ഓർമ്മക്കായി ആ സഹോദരൻ അവരുടെ കുടുംബസ്വത്തായ ഈ ഫാം നടത്തുന്നു. അയാൾ അയാളുടെ കുടുംബത്തിൻറെ വേർപാടിൽനിന്നും മുക്തിനേടിയത് കമീനോ നടന്നതിലൂടെയാണ്. അതിനുശേഷം അദ്ദേഹം ഈ ഫാം പിൽഗ്രിമുകൾക്കായി നടത്തുന്നു. ആ കുറിപ്പുകളിലൂടെയും അയാളുടെ കുടുംബത്തിൻറെ പഴയ ചിത്രങ്ങളിലൂടെയും കടന്നുപോയപ്പോൾ ഏറെ ദുഃഖം തോന്നി പക്ഷെ ഇത്തരം അവസ്ഥകളിൽ മിക്കവാറും പോർത്തുഗീസുകാർ പറയുന്ന ആ വാചകം ഞാൻ എന്നോട് തന്നെ പറഞ്ഞു “ഇറ്റ് ഈസ് വാട്ട് ഇറ്റ് ഈസ്”.
ഗുഹക്കകത്തെ മായാലോകത്തുനിന്നും പുറത്തിറങ്ങി, ഒരിക്കൽക്കൂടി ഫാമിൻറെ കവാടത്തിൽവന്ന് ഫാമിനെ ഒന്ന് തിരിഞ്ഞുനോക്കി. ഞാൻ മെല്ലെ നടത്തം പുനരാരംഭിച്ചു. ഏതാനും കിലോമീറ്ററുകൾ കഴിഞ്ഞതോടെ വീണ്ടും കാനനപാത ആരംഭിച്ചു. കുന്നുകളും അതിനിടയിലൂടെ നീണ്ട മൺവഴികളും നിറഞ്ഞ പാതയിലൂടെ തുടർച്ചയായി നടന്നും, ഇടയ്ക്ക് മരത്തണലുകളിൽ അൽപ്പം വിശ്രമിച്ച് വീണ്ടും നടന്നും മണിക്കൂറുകളും കിലോമീറ്ററുകളും പിന്നിട്ടു.

തണൽവഴികളിലൂടെയുള്ള നടത്തം ഉച്ചയായതും വെയിൽമൂത്തതും അറിയിച്ചില്ല. ഏകദെശം രണ്ടുമണിയോടെ വീണ്ടും ട്ടാറിട്ട റോഡിലേക്ക് ഇറങ്ങി. അപ്പോഴേക്കും വിശപ്പ് അതിൻ്റെ പാരമ്മ്യത്തിൽ എത്തിയിരുന്നു. ഉടനെ വഴിയരികിൽ കണ്ട ഒരു റെസ്റ്റോറണ്ടിൽ കയറി. പോർക്ക് ഇറച്ചിയും വൻപയറും കഞ്ഞിപോലെ ഉണ്ടാക്കുന്ന “ഫേജുവാദ”, സ്റ്റേയ്ക്കുകൾ, മൽസ്യം മുതലായവ വിളമ്പുന്ന ഒരു തനത് പോർത്തുഗീസ് റെസ്റ്റോറണ്ട് ആയിരുന്നു അത്. എങ്കിലും ആഹാരം വിളമ്പുന്ന സ്ത്രീയോട് എൻ്റെ ആവശ്യങ്ങൾ പറഞ്ഞപ്പോൾ അവർ സാലഡും, ഉരുളക്കിഴങ്ങ് പുഴുങ്ങിയതും, പഴച്ചാറും നൽകാമെന്ന് ഏറ്റു. അതിന് സമ്മതിച്ചു ഞാൻ ഒരു ഒതുങ്ങിയ മേശയിൽ സ്ഥാനം പിടിച്ചു. റെസ്റ്റോറണ്ടിൻറെ ചുവർ പോർത്തുഗീസ് പ്രെസിഡൻറ് മാർസെല്ലോയുടെ ചിത്രത്താൽ അലംകൃതമാണ്. അദ്ദേഹം എപ്പോഴോ ഈ സ്ഥാപനത്തിൽ ആഹാരംകഴിക്കാനായി വന്നിരുന്നു എന്ന് തോന്നുന്നു. ഇവിടുത്തെ ക്യാഷ് കൗണ്ടറിലെ ആളുടെകൂടെയും ആഹാരം വിളമ്പുന്ന സ്ത്രീയുടെ കൂടെ നിൽക്കുന്ന ചിത്രങ്ങൾ ചുവരിൽകാണാം.
മാർസെല്ലോ വളരെ എളിമയുള്ള ഒരു പ്രെസിഡൻറ് ആണ്. അദ്ദേഹത്തിന് സെൽഫി പ്രെസിഡൻറ് എന്ന വട്ടപ്പേരും ഈയിടെ മാധ്യമങ്ങൾ ചാർത്തികൊടുത്തിരിക്കുന്നു. പൊതുഇടങ്ങളിൽ സാധാരണ മനുഷ്യരെപ്പോലെ പ്രത്യക്ഷപ്പെടുന്നത് അദ്ദേഹത്തിന് സാധാരണ കാര്യമാണ്. അത്തരത്തിൽ ബോക്സർ ഇട്ടുകൊണ്ട് ബീച്ചിൽ നിൽക്കുമ്പോഴോ റോഡ് മുറിച്ചുകടക്കാൻ സിഗ്നലിൽനിൽക്കുമ്പോഴോ എന്നില്ല എവിടെവെച്ചു ആര് ചോദിച്ചാലും അദ്ദേഹം സെൽഫിക്ക് തയ്യാറാണ്. കഴിഞ്ഞ ക്രിസ്മസ് രാത്രിയിൽ ലിസ്ബൺ തിയേറ്ററിൽ പാതിരാകുർബ്ബാനക്ക് ശേഷം അദ്ദേഹത്തോട് നേരിൽ അൽപനേരം ഒറ്റക്ക് സംസാരിക്കാൻ എനിക്കും അവസരം കിട്ടിയിരുന്നു.

വലതുപക്ഷ പാർട്ടിയായ പി സ് ഡി യിലൂടെയാണ് മാർസെല്ലോ പ്രെസിഡൻറ് ആയത്. അതിനാൽത്തന്നെ രാജ്യത്തെ ഇടത് സർക്കാരും പ്രധാനമന്ത്രിയുമായി എല്ലാം അദ്ദേഹം നിത്യ കലഹത്തിലാണ്. പക്ഷെ മർസെല്ലോയുടെ ഡൊണാൾഡ് ട്രംപുമായുള്ള 2017 ലോ മറ്റൊനടന്ന കൂടിക്കാഴ്ച ഏറെ പ്രശസ്തമായിരുന്നു. നിങ്ങൾ എന്നാണ് ക്രിസ്ത്യാനോ റൊണാൾഡോയെ പ്രെസിഡൻറ് ആക്കുന്നത് എന്ന ട്രമ്പിൻറെ ചോദ്യത്തിന്. “ഞങ്ങൾ ഇതുവരെ അമേരിക്കയെപോലെ ആയിട്ടില്ല” എന്ന മറുപടിനൽകി അദ്ദേഹം കയ്യടിവാങ്ങിയിരുന്നു.
കാത്തിരിപ്പിനൊടുവിൽ അകത്തേക്കുപോയ സ്ത്രീ ആഹാരവുമായി എത്തി. ഞാൻ ആർത്തിയോടെ സാലഡും ഉരുളക്കിഴങ്ങും കഴിച്ചുതീർത്തു. ആഹാരശേഷം പണം നൽകാൻ എത്തിയപ്പോൾ ക്യാഷ് കൗണ്ടറിലെ വ്യക്തി അൽപ്പം ജാതിവെറിയാനാണോ എന്ന് തോന്നി. കാരണം അയാൾ അവിടെ ഉണ്ടായിരുന്ന വെള്ളക്കാരായ ആളുകളോട് കുശലം പറയുകയും മറ്റും ചെയ്യുന്നു, എന്നാൽ എൻ്റെ മുഖത്തുപോലും നോക്കുന്നില്ല. മാത്രമല്ല ഒരു സാലഡിനും അൽപ്പം ഉരുളക്കിഴങ്ങിനും ജ്യൂസിനും ചേർത്ത് പത്ത് യൂറോ എന്നിൽനിന്നും ഈടാക്കുകയും ചെയ്തു.
പൊതുവെ പോർത്തുഗീസുകാർ റേസിസംപോലുള്ള പിന്നോക്ക ചിന്തകളിൽനിന്നും മുക്തമാണ്. പക്ഷെ സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം ആളുകളുടെ ചിന്തകളെ ഏറെ മോശമായി ബാധിക്കുന്നു. അയാൾ കൗണ്ടറിൽ ഇരുന്ന് ഫോണിൽ റീൽസ് പോലുള്ള വിഡിയോകൾ മാറ്റിമാറ്റി കാണുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. അവയിൽ സ്ത്രീശരീരത്തെ മോശമായ രീതിയിൽ ചിത്രീകരിക്കുന്ന കോമഡികൾ വന്നപ്പോൾ അയാൾ കുലുങ്ങി കുലുങ്ങി ചിരിക്കുന്നതും കണ്ടിരുന്നു. നേരമ്പോക്കിനായി ഇത്തരം വിഡിയോകൾ അമിതമായി കാണുന്നവർ സാവധാനം മുതലാളിത്ത വലതുപക്ഷ ചിന്താഗതിയിലേക്ക് വഴുതിവീഴുന്നതായി കാണാം. സ്ത്രീവിരുദ്ധത, പണക്കൊഴുപ്പ്, അപരനോടുള്ള വെറുപ്പ്, ജാതി മത വെറി, കപട ദേശീയത. ഇതെല്ലം തലയിൽ കയറാൻ ഇത്തരം നേരംപോക്ക് ഏറെ സഹായിക്കും. കാരണം നുണയും, വെറുപ്പും പ്രചരിക്കുന്നതിൻറെ ഉറവിടമാണല്ലോ ഇത്തരം സമൂഹ മാധ്യമങ്ങൾ. വലതുപക്ഷത്തിൻ്റെ പ്രധാന പ്രചാരണ മാർഗമായ നുണയും, അർദ്ധസത്യങ്ങളും, വളച്ചൊടിച്ച പ്രസ്താവനകളും, വെറുപ്പും ഒഴുകുമ്പോൾ. ചെറുത്തുനില്പിനായി സ്വന്തം ബോധ്യങ്ങൾ ഇല്ലാത്തവർ ആ ചതിക്കുഴിയിൽ എളുപ്പത്തിൽ വീണുപോകുന്നു. വളരെപെട്ടെന്നുതന്നെ ഒരു നേതാവിൻ്റെ ഭക്തനോ, പൂജാരിയോ ആയി മാറുന്നു പിന്നീട് അയാൾ കൊല്ലാൻ പറഞ്ഞാൽ കൊല്ലും, തല്ലാൻ പറഞ്ഞാൽ തല്ലും, മരിക്കാൻ പറഞ്ഞാൽ മരിക്കും.

ഭക്ഷണശാലയിൽനിന്നും ഇറങ്ങി ചൂടിനെ വകവെക്കാതെ ട്ടാറിട്ട റോഡിൻറെ അരികുചേർന്ന് നടന്നു. ഏകദെശം രണ്ടുമണിക്കൂർ നിർത്താതെ നടന്നതിനെത്തുടർന്ന് ഒടുവിൽ ആ നഗരം എത്തി.
“കോയിംബ്രാ”
ഇൻഡോ പോർത്തുഗീസ് ചരിത്രത്തിൻറെ ഏറ്റവും പ്രധാന ഗ്രന്ഥങ്ങളിലൊന്നായ “ഉഷ് ലൂസിയാദഷ്” എന്ന വാഷ്‌കോ ഡാ ഗാമയുടെ യാത്രയും തുടർന്നുള്ള സംഭവ വികാസങ്ങളുടെയും പോർത്തുഗീസ് ഭാഗത്തെ വിവരണം എഎഴുതിയ “ലുയിഷ് കാമോയിഷ്” എന്ന പര്യവേഷകൻറെ നാടാണ് കോയിംബ്രാ. രാജ്യത്തെ പ്രധാന യൂണിവേഴ്സിറ്റികളിലൊന്നായ കോയിംബ്രാ യൂണിവേഴ്‌സിറ്റി സ്ഥിതിചെയ്യുന്നതും ഇവിടെയാണ്. 1143 മുതൽ ഒരേ അതിർത്തിയിൽ നിലകൊള്ളുന്ന ലോകത്തിലെതന്നെ ഏറ്റവും പഴക്കം ചെന്ന ഈ രാജ്യത്തിൻറെ തലസ്ഥാന സ്ഥാനം ചരിത്രത്തിൽ ചിലപ്പോഴൊക്കെ കോയിംബ്രായും അലങ്കരിച്ചിട്ടുണ്ട്.

മൊണ്ടേഗോ നദിക്കരയിൽ തട്ടുതട്ടായി നിലകൊള്ളുന്ന നഗരമായ കോയിംബ്രായുടെ സിരാകേന്ദ്രം കുന്നിന്മുകളിലാണ് സ്ഥിതിചെയ്യുന്നത്. രാജഭരണകാലത്ത് പള്ളിയും അതേത്തുടർന്നുള്ള അനുബന്ധങ്ങളുമായിരുന്നല്ലോ അധികാരകേന്ദ്രം, അതിനാൽ പള്ളിയും അതിനോടുചേർന്നുള്ള മൊണാസ്റ്ററിയും കുന്നിന്മുകളിലാണ് സ്ഥിതിചെയ്യുന്നത്. വെയിൽ അൽപ്പം മങ്ങിതുടങ്ങിയതോടെ കുന്നിന്മുകളിലേക്കുള്ള കയറ്റം എനിക്ക് അത്ര പ്രയാസമായി തോന്നിയില്ല. കുന്നുകയറി പള്ളിക്കരികിൽ എത്തി. ഇവിടെ ഒരു ആൽബർഗ് ഉള്ളതായി കമീനോ മാപ്പിൽ കണ്ടു. ഞാൻ മാപ്പിൽ കണ്ട ഇടത്തേക്ക് നടന്നു. ഏറെ പഴക്കം ചെന്ന പള്ളിയും അതിൻ്റെ അനുബന്ധങ്ങളും കാഴ്ചയിൽത്തന്നെ മനോഹരമാണ്. ചില കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിരിക്കുന്നു എങ്കിലും പരമാവധി എല്ലാം അതിൻ്റെ സ്വത്വത്തിൽ സംരക്ഷിച്ചു നിർത്തിയിട്ടുണ്ട്.
അൽപ്പം തിരക്കി നടക്കേണ്ടിവന്നെങ്കിലും ഒടുവിൽ ഞാൻ ആൽബർഗ് കണ്ടെത്തി. അവിടെ റിസപ്‌ഷനിൽ എത്തി ചെക്ക് ഇൻ നടപടികൾ എല്ലാം പൂർത്തിയാക്കി. റിസപ്‌ഷനിൽ കമീനോ പാസ്പോർട്ട് നോക്കി അതിലെ സീലുകൾ വിലയിരുത്തിയശേഷം മാത്രമെ ആൽബർഗിൽ പ്രവേശിപ്പിക്കൂ. വളരെ തുച്ഛമായ പണമാണ് അവിടെ ഈടാക്കുന്നത്. ഒരു രാത്രി ഉറങ്ങാൻ 10 യൂറോ. അതിൽ പ്രഭാത ഭക്ഷണവും ഉൾപ്പെടുന്നു. റിസപ്‌ഷനിലെ വ്യക്തി എനിക്ക് കിടക്കാനുള്ള മുറിയും കട്ടിലും എന്നെ കൂട്ടികൊണ്ടുപോയി കാട്ടിത്തന്നു. ഒപ്പം തുണികഴിക്കാനും മറ്റുമായുള്ള സൗകര്യങ്ങളും, അവിടുത്തെ നിയമങ്ങളും അദ്ദേഹം വിവരിച്ചു.
ഏറെ പഴക്കമുള്ള കെട്ടിടമാണെങ്കിലും മുറികളും സൗകര്യങ്ങളും കാലാനുസൃതമായി പുതുക്കിയിട്ടുണ്ട്. ഒരു യൂറോപ്പ്യൻ സിറ്റിയിലെ ഇടത്തരം ഹോസ്റ്റൽ നൽകുന്ന എല്ലാ സൗകര്യങ്ങളും ഈ ആൽബർഗും നൽകുന്നു. ഞാൻ മെല്ലെ ഫോണും പവർബാങ്കും ചാർജിൽ ഇട്ട്, അലക്കും കുളിയും പാസ്സാക്കാൻ തീരുമാനിച്ചു. ഇന്ന് ഇവിടെ ധാരാളം പിൽഗ്രിമുകൾ എത്തിയിട്ടുള്ളതിനാൽ ശുചിമുറിയിലും തുണിയലക്കുന്നിടത്തും അൽപ്പം തിരക്ക് അനുഭവപ്പെട്ടു. എങ്കിലും ഏറെ വൈകാതെ ഞാൻ സ്വയം ശുചിയായി അല്പം സമാധാനത്തിലേക്ക് എത്തപ്പെട്ടു. ഇനി രാത്രിയിലേക്ക് അൽപ്പം ഭക്ഷണം വാങ്ങണം, ഒപ്പം കോയിമ്പ്ര നഗരത്തിൻറെ മുകളിൽനിന്നുമുള്ള കാഴ്ച ആസ്വദിക്കണം. ഞാൻ പുറത്തേക്ക് പോകാൻ തയ്യാറെടുത്തു.
