നിശബ്ദം
ഏറെ വിശപ്പോടെയാണ് അസിനഗ ഗ്രാമ മധ്യത്തിൽ എത്തിയിരിക്കുന്നത്. പക്ഷെ വിശപ്പിന് ഇപ്പോൾ രണ്ടാംസ്ഥാനമേയുള്ളു. ആദ്യം ഒന്ന് കുളിച്ച് വൃത്തിയാക്കണം. സിറ്റികളിൽ പണം നൽകി ഉപയോഗിക്കാവുന്ന ശുചിമുറികൾ ധാരാളം ഉള്ളപ്പോൾ, ഇത്തരം വിദൂര ഗ്രാമങ്ങളിൽ മറ്റൊരു രീതിയാണ്.
“ടാങ്കോ പുബ്ലിക്കോ”. അതായത് ഗ്രാമ മധ്യത്തിനോട് ചേർന്ന് ഒരു വലിയ ടാങ്കും അതിനുപരിസരത്ത് ശുചിമുറികളും ഉണ്ടായിരിക്കും. ടാങ്കിനുവശങ്ങളിൽ തുണിയലക്കാനുള്ള കല്ലുകൾ സ്ഥാപിച്ചിരിക്കും, ടാങ്കിലെ വെള്ളം എപ്പോഴും കവിഞ്ഞൊഴുകികൊണ്ടേയിരിക്കും.
എല്ലാ ഗ്രാമങ്ങളിലും, ഗ്യാസ് സ്റ്റേഷനുകളിലും പണം ഇട്ടാൽ ഉപയോഗിക്കാവുന്ന ലോണ്ടറി മെഷീനുകൾ സുലഭമായ ഈ കാലത്ത് ഇത്തരം പൊതു അലക്കു കേന്ദ്രങ്ങൾ ആരും ഉപയോഗിക്കാറില്ല. എന്നിരുന്നാലും പോർത്തുഗലിലെ ഗ്രാമങ്ങളും പട്ടണങ്ങളും മധ്യകാലഘട്ടത്തിനും മുൻപേ രൂപകൽപ്പന ചെയ്യപ്പെട്ടവയായതിനാലും, ഗ്രാമങ്ങളിൽ ജനസാന്ദ്രത കുറവായതിനാലും ഇപ്പോഴും ടാങ്കോ പുബ്ലിക്കോ ഒരു സ്മാരകം എന്ന രീതിയിൽ സംരക്ഷിച്ചുപോരുന്നു. ടാങ്കോ പുബ്ലിക്കോ മാത്രമല്ല, ഭൂഗർഭത്തിൽനിന്നും വെള്ളം പമ്പ് ചെയ്യുന്ന ചാമ്പ് പൈപ്പുകളും ഇവിടെ പൂർണ പ്രവർത്തനസജ്ജമായി നിലനിർത്തിയിരിക്കുന്നത് കാണാം.
ടാങ്കോ പുബ്ലിക്കോ തേടി ഗ്രാമ മധ്യത്തിലൂടെ നടന്നപ്പോൾ, സാഹിത്യത്തിൽ നോബൽ സമ്മാനം നേടിയ ജൊസ്സേ സരമാഗോയുടെ പ്രതിമ കാണാനിടയായി. ആ പ്രതിമക്കുതാഴെയുള്ള ലഘു വിശദീകരണം വായിച്ചപ്പോൾ അദ്ദേഹം ഈ ഗ്രാമത്തിലാണ് ജനിച്ചതെന്നു മനസ്സിലായി. കുറച്ചു നേരം ആ പ്രതിമക്ക് അരികിൽ ഇരുന്ന ശേഷം ഞാൻ നടന്നു. അൽപ്പം നടന്നപ്പോഴേക്കും ശുചിമുറിയുടെ ചിഹ്നം ദൃശ്യമായി. ആ ചിഹ്നം പിൻതുടർന്ന് മെയിൻ റോഡിൽനിന്നും അൽപ്പം അകത്തേക്ക് കയറിയപ്പോൾ അതാ താരതമ്യേന പുതിയതെന്നു തോന്നുന്ന ഒരു കെട്ടിടത്തിൽ ഏറ്റവും പുതിയ സൗകര്യങ്ങളോടെ ടാങ്കും അതിനോട് ചേർന്ന് ശുചിമുറികളും.
ആദ്യമായി തുണികൾ കഴുകി ആ ഉച്ചവെയിലിൽ ഉണങ്ങാനിട്ടു. അതിനുശേഷം വിസ്തരിച്ചൊരു കുളിയും പാസ്സാക്കി. ഈ ഗ്രാമം തികച്ചും സുരക്ഷിതമാണ് പ്രത്യേകിച്ച് ഈ ടാങ്കോ പ്രദേശം. കാരണം ഈ ടാങ്കും ശുചിമുറികളും ഇപ്പോൾ പിൽഗ്രിമുകൾ മാത്രമാണ് ഉപയോഗിക്കുന്നത്. അതിനാൽത്തന്നെ കളവിനുള്ള സാധ്യത ഏറെ കുറവാണ്. എങ്കിലും ഞാൻ നനഞ്ഞ തുണികൾ മാത്രം അവിടെ ഉണങ്ങാൻവിട്ട് ഭാണ്ഡവുമേന്തി വീണ്ടും ഗ്രാമ മധ്യത്തിലേക്ക് നടന്നു. ടാങ്കോ ലക്ഷ്യമാക്കി വരുന്ന വഴിയിൽ അവിടെ ഒരു റെസ്റ്റോറണ്ട് കണ്ടിരുന്നു. ഞാൻ അകത്തേക്ക് കയറിച്ചെന്നു.
തനി നാടൻ പോർത്തുഗീസ് വിഭവങ്ങൾ വിളമ്പുന്ന ഒരു റെസ്റ്റോറൻണ്ട് ആയിരുന്നു അത്. പക്ഷെ അതിനുൾവശം ഏറെ നവീകൃതവും ഒപ്പം പഴമയുടെ പ്രൗഡി നിലനിർത്തിയിരിക്കുന്നതുമാണ്. എന്നാൽ അൽപ്പം കൂടെ അകത്തേക്ക് കയറിചെന്നപ്പോഴാണ് ആ റെസ്റ്റോറൻണ്ട് ഒരു കാളപ്പോരിൻറെ ആശയത്തിലാണ് ക്രമപ്പെടുത്തിയിരിക്കുന്നത് എന്ന് മനസ്സിലായത്. അവിടവിടെയായി കാളപ്പോരിനുപയോഗിക്കുന്ന വസ്ത്രങ്ങൾ, ചാട്ട, വാൾ, കാളയുടെ കൊമ്പോടുകൂടിയ തലയോട്ടി മുതലായവ ചുവരിൽ തൂക്കിയിരിക്കുന്നു. ഒപ്പം ധാരാളം ചിത്രങ്ങളും, കാളകളുടെ പ്രതിമകളും. ഇത്രയും ആയതോടെ ഇവിടെ എനിക്ക് കഴിക്കാൻ ഉതകുന്നത് എന്തെങ്കിലും ലഭിച്ചേക്കാം എന്ന എൻ്റെ പ്രതീക്ഷ അണഞ്ഞു. മാത്രമല്ല ഇത്തരം കാലഹരണപ്പെട്ട ക്രൂരമായ ആശയം പേറുന്ന ഒരു സ്ഥാപനത്തിന് എൻ്റെ കയ്യിൽനിന്നും പണം വിനിമയം ചെയ്യേണ്ടതുണ്ടോ എന്ന സംശയം എന്നെ അലട്ടിത്തുടങ്ങി. ഞാൻ മെല്ലെ തിരിഞ്ഞുനടന്നു.
“ബോവ താർദേ അമിഗോ” ( ഗുഡ് ആഫ്റ്റർനൂൺ കൂട്ടുകാരാ)
“വൊസ്സേ സ്റ്റാ സൊസീന്യോ ?” (താങ്കൾ ഒറ്റക്കാണോ?)
വിടർന്ന പുഞ്ചിരിയോടെ ഒരു യുവാവ് എന്നോടായി ചോദിച്ചു.
“ബോവ താർദേ. സി, മഷ് അഷ് ക് നവ് തെൻഷ് ഉ ഖിയെ എയു ഖേറോ” (ഗുഡ് ആഫ്റ്റർനൂൺ. അതെ, പക്ഷെ എനിക്ക് വേണ്ടത് ഇവിടെ ഉണ്ടാകുമെന്ന് തോന്നുന്നില്ല.)
ഞാൻ മറുപടി നൽകി വീണ്ടും നടക്കാനൊരുങ്ങി.
“വി ഹാവ് പിൽഗ്രിംസ് മെനു” (ഞങ്ങളുടെപക്കൽ പിൽഗ്രിമുകൾക്ക് മാത്രമായുള്ള മെനു ഉണ്ട്)
എന്നോട് കൂടുതൽ അടുക്കാനായി ആ യുവാവ് ഇംഗ്ലീഷിൽ പറഞ്ഞു.
“എയു സൊ കുമീർ പ്ലാൻറ്റഷ്” (ഞാൻ ചെടികൾ മാത്രമേ കഴിക്കൂ) ഞാൻ അദ്ദേഹത്തോട് പറഞ്ഞു.
“ഐ ക്യാൻ ഗെറ്റ് യു സ്മോക്ഡ് സ്വീറ്റ് പൊട്ടറ്റോസ് ആൻഡ് സം വെജീസ്” (താങ്കൾക്കായി ചുട്ട മധുരക്കിഴങ്ങും കുറച്ചു ആവിയിൽ പുഴുങ്ങിയെടുത്ത പച്ചക്കറികളും നൽകാം) .
സ്ഥാപനത്തിൻറെ ക്രൂരത നിറഞ്ഞ മോഡിയെ ആ പയ്യൻ അവൻ്റെ കരുണയാർന്ന പേരുമാറ്റത്താൽ ഇല്ലാതാക്കി. ഒടുവിൽ അവൻ കാണിച്ച ഇരിപ്പിടത്തിൽ ഇരുന്ന് കൊണ്ട്, ഞാൻ സ്വയം സംവാദത്തിലേർപ്പെട്ട് ആ റെസ്റ്റോറണ്ടിൽനിന്നും ആഹാരം കഴിക്കാനുള്ള തീരുമാനമെടുത്തു. അപ്പോഴേക്കും മുന്നിൽ ഒരു സദ്യ തന്നെ വന്നെത്തി. അൽപ്പം സാലഡ്, പുഴുങ്ങിയ പച്ചക്കറികൾ ഒപ്പം ചുട്ട മധുരക്കിഴങ്ങ്, വേവിച്ച പയർ, അൽപ്പം ചോറ്, ഓറഞ്ച് ജ്യൂസ് അങ്ങനെ നീളുന്നു വിഭവങ്ങൾ. എല്ലാം മേശയിൽ നിരത്തിയശേഷം ഓരോന്നും പൂർണമായും വീഗൻ രീതിയിൽ പാകം ചെയ്തതാണെന്ന് അദ്ദേഹം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും, ധൈര്യമായി കഴിച്ചു തുടങ്ങിക്കൊള്ളൂ എന്നും പറഞ്ഞു. അയാൾ തന്ന ആഹാരം ഒട്ടും ബാക്കിവെക്കാതെ പൂർണമായും ഞാൻ കഴിച്ചുതീർത്തു.
“എൻ്റെ സ്വന്തം നിലനിൽപ്പിനായി ജീവിതമൂല്യങ്ങളെ ഞാൻ സ്വയം മയപ്പെടുത്തിയതാണോ, അതോ എന്നിൽനിന്നും വ്യത്യസ്തമായ മറ്റൊരു ധാരയിലും എൻ്റെ മൂല്യങ്ങൾ കണ്ടെത്താനാകുമെന്ന തുറവിയോ..?”
ഭക്ഷണം വിളമ്പിയ യുവാവിനോടും, അടുക്കളയിലെ ഷെഫ് ആയ സ്ത്രീയോടും ഏറെ നന്ദി പറഞ്ഞശേഷം ടാങ്കോ ലക്ഷ്യമാക്കി നടക്കവെ ഞാൻ ചിന്തിച്ചു. പക്ഷെ ചോദ്യങ്ങൾക്ക് സ്വയം ഉത്തരം നൽകാനായില്ലെങ്കിലും, ആരെയും നേരിട്ട് വേദനിപ്പിക്കാത്ത നിലപാടുകളുടെ തീവ്രത കുറക്കുമ്പോൾ ആ നിലപാടിനാസ്പദമായ ആശയത്തിൻറെ സംവേദനശേഷി വർധിക്കുകയും ആശയവും അത് പേറുന്ന വ്യക്തിയും കൂടുതൽ സ്വീകാര്യമാവുകയും ചെയ്യുന്നതായി എനിക്ക് മനസ്സിലായി.
ഞാൻ ടാങ്കോ എത്തിയപ്പോഴേക്കും തുണികൾ പൂർണമായും ഉണങ്ങിയിരുന്നു. തുണികൾ മടക്കി ഭാണ്ഡത്തിലാക്കി ടാങ്കോക്കരികിലെ ഒരു മരത്തണലിൽ അൽപ്പം വിശ്രമിച്ചു. മരത്തണലിലെ തിണ്ടിൽ നടുനിവർത്തവെ, തിണ്ടിനു മറുവശത്ത് താഴെയായി പരിചയമുള്ള ശബ്ദത്തിൽ ഇംഗ്ലീഷ് സംസാരിക്കുന്നതായി കേട്ടു. ഞാൻ മുകളിൽനിന്നും താഴേക്ക് നോക്കിയപ്പോൾ അത് പരിചയമുള്ള ആളുകൾതന്നെയാണെന്ന് മനസ്സിലായി. കഴിഞ്ഞ ദിവസ്സം പരിചയപ്പെട്ട ടോം, ലിൻഡ ദമ്പതികൾ.
ഉച്ചച്ചൂടിൽ അവർ അൽപ്പം തളർന്നിരിക്കുന്നു. ഇന്ന് അവർ ഈ ഗ്രാമത്തിലെ ഒരു ആൽബെർഗിൽ താമസിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. അൽപ്പനേരം കിതപ്പുമാറുംവരേയ്ക്കും ഇരുവരും എന്നോട് കുശലം പറഞ്ഞുനിന്നശേഷം യാത്രപറഞ്ഞു. അവർ പോയതിനുശേഷവും ഞാൻ അവിടെ വിശ്രമിച്ചു.
ഏകദെശം മൂന്നരയോടെ നടത്തം പുനരാരംഭിച്ചു. അസീൻഗ ഗ്രാമത്തിൻറെ ജനസാദ്രതയെ പുറകിലാക്കി കെട്ടിടങ്ങൾ തമ്മിലുള്ള അകലം കൂടിവന്നു. സാധാരണയായി പോർത്തുഗീസ് ഗ്രാമങ്ങളിലെയും, പട്ടണങ്ങളിലെയും വീടുകളുടെ നിറങ്ങളും നിർമ്മാണശൈലിയും ഒരുപോലെയായിരിക്കും. എന്നാൽ ഇവിടെ കാണുന്ന വീടുകൾ ഒന്ന് മറ്റൊന്നിൽനിന്നും ഏറെ വ്യത്യസ്തമാണ്.
പൊതുവെ പോർത്തുഗീസ് വീടുകൾക്ക് കണ്ടുവരുന്ന ചുവന്ന മേൽക്കൂരയും, മഞ്ഞയോ, ഇളം പിങ്കോ കലർന്ന ചുവരുകളും ഇവിടെ വിരളമാണ്. ധാരാളം അലങ്കാരപ്പണികൾ ഉള്ള പലനിറത്തിലുള്ള കെട്ടിടങ്ങളാണ് ഇവിടെ കാണാനാകുന്നത്. ചില കെട്ടിടങ്ങൾ പൂർണമായും ചെടികൾ പടർത്തി ഹരിതനിറമാക്കിയിരിക്കുന്നു.
അൽപ്പം മുന്നോട് നീങ്ങവെ നമ്മുടെ നാട്ടിലും കൽക്കട്ടയിലും കണ്ടുവരുന്ന ഒരു കാഴ്ച കണ്ടു. ഒരു കമ്മ്യൂണിസ്ററ് പാർട്ടി ഓഫീസ് ആയിരുന്നു അത്. “പാർട്ടിദോ കമ്മ്യൂണിസ്റ്റാ പോർത്തുഗൽ” അഥവാ “പി.സി.പി” എന്നപേരിൽ പോർത്തുഗലിൽ കമ്മ്യൂണിസ്ററ് പാർട്ടി നിലകൊള്ളുന്നു. ഇന്നും ഭരണത്തിൽ നേരിയതെങ്കിലും പ്രതിനിധി പങ്കാളിത്തമുള്ള ഒരു പാർട്ടിയാണ് പി സി പി. പക്ഷെ പോർത്തുഗീസ് ചരിത്രത്തിൽ ഈ പ്രസ്ഥാനം വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്.
1920 കളോടെ ഒളിഞ്ഞും തെളിഞ്ഞും തൊഴിലാളി സമൂഹത്തിനിടയിൽ പ്രവർത്തിച്ചുതുടങ്ങിയ ഈ പ്രസ്ഥാനം എന്നും പോർത്തുഗിസ് ഏകാധിപതി അന്തോണിയോ സല്ലസർൻറെ കണ്ണിലെ കരടായിരുന്നു. അടിമകളാക്കപ്പെട്ട പോർത്തുഗീസ് കോളനികളിലെയും ഇവിടുത്തെതന്നെയും ജനങ്ങളുടെ സ്വാതന്ത്ര്യത്തിനും വിമോചനത്തിനും വേണ്ടി മാർക്സിസ്റ്റുകൾ വലിയ പീഡനങ്ങൾ ഏറ്റുവാങ്ങിയും പ്രവർത്തിച്ചിട്ടുണ്ട്. ഒടുവിൽ ഏകാധിപതിയുടെ സമ്പൂർണ പതനം നടപ്പിലായ ഏപ്രിൽ 25 നു കാരണമായ പട്ടാളത്തിലെ ഇടത് അനുഭാവികളുടെ നീക്കത്തിനു പുറകിലും മാർസിസ്റ്റുകൾ ആണെന്ന് പറയപ്പെടുന്നു. പിന്നീടങ്ങോട് സ്വതന്ത്ര പോർത്തുഗലിൽ സോഷ്യലിസ്റ്റുകളോടൊപ്പം ഏറെ പ്രചാരമുള്ള ഒരു പാർട്ടിയായി പി സി പി നിലകൊണ്ടു. പക്ഷെ ലോക ചലനങ്ങൾ ഏറെ സൂക്ഷ്മമായി വീക്ഷിക്കുന്ന പോർത്തുഗീസ് ജനതയിൽ സ്റ്റാലിൻറെയും മാവോയുടേയുമെല്ലാം കൊന്നൊടുക്കലുകളുടെ കഥകൾ കമ്മ്യൂണിസ്ററ് പ്രസ്ഥാനത്തിൻറെ ശോഭ കെടുത്തി. ക്രമേണ “കമ്മ്യൂണിസ്റ്റ്സ് ആർ ഒൺലി ഗുഡ് ഫോർ പുട്ടിങ് ഡൗൺ ഡിക്റ്റേറ്റർസ്” എന്ന മനോഭാവത്തിലേക്ക് ജനങ്ങൾ എത്തിച്ചേരുകയും പാർട്ടി പാർലമെൻറ്റിൽ അതിൻറ്റെ പ്രാതിനിധ്യത്തിൽ ഏറെ കുറവ് നേരിടുകയും ചെയ്തു. എന്നാൽ ഇന്നും പോർത്തുഗലിലെ വലതുപക്ഷത്തിൻ്റെ പോപ്പുലിസ്റ്റ് നയങ്ങളെ ആദ്യം എതിർത്തുതുടങ്ങുന്നത് പി സി പി ആണ്. പി സി പി യുടെ പ്രവർത്തനങ്ങളിൽ എന്നെ ആകർഷിച്ചത് അവർ വർഷംതോറും നടത്തിവരുന്ന “അവന്തേ” എന്ന ഫെസ്റ്റിവൽ ആണ്. രാജ്യത്തെ ഏറ്റവും വലിയ സാംസ്കാരിക സംഗമമാണ് അവന്തേ. സെപ്റ്റംബർ ആദ്യം മൂന്നു ദിവസ്സം നീണ്ടുനിൽക്കുന്ന ആ ഫെസ്റ്റിവലിൽ ലോകത്തെ എല്ലാ രാജ്യങ്ങളിലെയും മാർക്സിസ്റ് പ്രസ്ഥാനങ്ങൾ അവരുടെ തനത് സംസ്കാരം, കല, സാഹിത്യം, കരകൗശലം എന്നിങ്ങനെ എല്ലാം പ്രദർശിപ്പിക്കുന്ന ആ ആഘോഷത്തിൽ പോർത്തുഗീസ് ജനത രാഷ്ട്രീയം മറന്ന് പങ്കുകൊള്ളുന്നു.
പി സി പി ക്കു പുറമെ വിശാലമായ ഒരു ഇടത് വിഭാഗം ഉള്ള രാഷ്ട്രീയമാണ് പോർത്തുഗലിൽ നിലനിൽക്കുന്നത്. അതിൽ ചില പാർട്ടികളുടെ പേരുകൾതന്നെ അവയുടെ ആശയങ്ങളെ മനോഹരമാക്കുന്നു. പി എ ൻ അഥവാ പാൻ, അതായത് (പെർസോവസ്, അനിമൈസ് ഇ നാച്ചുരേസ്സ) മനുഷ്യർ, സഹജീവികൾ ഒപ്പം പ്രകൃതിയും എന്ന അർഥം വരുന്ന ഒരു പാർട്ടി. മറ്റൊന്ന് “ലിവ്റെ” ആണ്. ഇംഗ്ലീഷിൽ ഫ്രീ എന്ന അർത്ഥമാണ് ഈ വാക്കിനുള്ളത്. ഇരുവശത്തും തണൽമരങ്ങൾ നിറഞ്ഞ നീണ്ട വഴിയിലൂടെ ഞാൻ നടന്നുകൊണ്ടിരുന്നു.
പാതയുടെ ഇരുവശത്തും ചോളക്കൃഷി പരന്നുകിടക്കുന്നു. മുന്നോട്ട് പോകവെ നാട്ടിലെ ഹൈറേഞ്ചിൽ കാണുന്ന ലയങ്ങളോട് സമാനമായ കെട്ടിടങ്ങൾ കാണാനിടയായി. എന്നാൽ അവയെപ്പറ്റി കൂടുതൽ അറിയാൻ മാർഗമില്ല. അപ്പോഴേക്കും തിളക്കം മങ്ങിയ വെയിലിൽ ഞാൻ മുന്നേറി. വൈകാതെ “ഗോളെഗാ” എന്ന സ്ഥലത്തെത്തി. ഒരുകൊച്ചു പട്ടണത്തിൻറെ സ്വഭാവമുള്ള തിരക്കേറിയ ഗ്രാമമാണ് ഗോളെഗാ.
ഗൊളെഗായിൽ എത്തി, തിരക്കുകളുടെ നടുക്കായി ഒരു പള്ളിയും അതിനുചുറ്റും അൽപ്പം ശാന്തതയും കണ്ടു. ഏറെ പഴക്കമുള്ള ആ പള്ളിയുടെ നിർമാണശൈലി മനോഹരമാണ്. ഞാൻ പള്ളിയകത്തേക്ക് കയറി. ഭാണ്ഡമിറക്കിവച്ചു അൽപ്പനേരം പള്ളിയകത്തെ ആ നിശ്ചലതയിൽ വിശ്രമിച്ചു. വളരെ സൂക്ഷ്മശബ്ദത്തിൽ ഗ്രിഗോറിയൻ കൊയർ പ്രാർത്ഥന സംഗീതം ഒഴുകുന്ന ആ പള്ളിയകത്തെ വിശ്രമം എന്നെ ഏറെ നേരം അവിടെ പിടിച്ചിരുത്തി.
ശേഷം പുറത്ത് വന്ന് ഒരു സൂപ്പർമാർക്കറ്റിൽ കയറി രാത്രിയിലേക്കാവശ്യമായ ആഹാരവും വെള്ളവുമെല്ലാം വാങ്ങി. അസ്തമയത്തിന് ഇനിയും മണിക്കൂറുകൾ ഉണ്ട്. അതിനാൽ ഇനിയുള്ള ഏറെ പുരാതനമായ ഗൊളെഗാ സാവധാനം അതിൻ്റെ ഭംഗി ആസ്വദിച്ചുകൊണ്ട് നടക്കാൻ തീരുമാനിച്ചു. ഏറെ പഴമയുള്ള കടകളും, മറ്റുസ്ഥാപനങ്ങളും, പൊതുവീഥികളും പിന്നിട്ട് ഗൊളെഗായുടെ തിരക്കുകളുടെ അവസാനത്തിലെത്തി.
ഇനിയങ്ങോട്ട് ഏറെദൂരം കൃഷിഭൂമികൾ മാത്രമാണ്. കഴിഞ്ഞ വിശ്രമവേളയിൽ ഞാൻ കമീനോ മാപ്പിൽ നോക്കി മുന്നോട്ടുള്ള വഴി മനസിലാക്കിയിരുന്നു. തിരക്കുകൾ ഒഴിഞ്ഞു കൃഷിഭൂമിയുടെ നീണ്ടപരപ്പിലേക്ക് ഇറങ്ങും മുൻപ് ഒടുവിലെ തണലായി ഒരു കഫെ കണ്ടു. ഞാൻ അവിടെ കയറിച്ചെന്നു. കയറിയപാടെ ഫോണും പവർ ബാങ്കും ചാർജ് ചെയ്യാൻ വെച്ചശേഷം ഒരു “പെട്രസ്” പാനീയം വാങ്ങി. പോർത്തുഗലിൻറെ സ്വിറ്റസർലാൻഡ് എന്ന് അറിയപ്പെടുന്ന “സെറ ദേ എസ്റ്റാറെല്ല” (നക്ഷത്രങ്ങളുടെ മലനിര) എന്ന പ്രദേശത്തുനിന്നും ശേഖരിക്കുന്ന വെള്ളം ആണ് പെട്രസ്. കാപ്പിയും ബിയറും മാത്രമുള്ള കഫെകളിൽ മറ്റാർക്കെങ്കിലുമൊപ്പം പോകേണ്ടിവരുമ്പോൾ അവർക്കൊപ്പം ഒരു കമ്പനിക്കായി ഞാൻ പെട്രസ് കൊണ്ട് ചെർസ് പറയാറുണ്ട്. സാവധാനം തണുത്ത പെട്രസ് കുടിച്ച് തീർത്ത് കമീനോ പാസ്സ്പോർട്ടിൽ സീൽ വാങ്ങി ചാർജിലിട്ടതെല്ലാം തിരിച്ചെടുത്ത് ഞാൻ നടത്തം തുടർന്നു. ഇടവിട്ട് ഫാം ഹൌസുകളും കൃഷിയിടങ്ങളും മാറിമാറി വന്നുകൊണ്ടിരുന്നു. പിന്നെയും മുന്നോട്ട് പോകവെ കൃഷിഭൂമികൾ മാത്രമായിത്തുടങ്ങി.
പീച്, പേർ, മാതളം, മുന്തിരി മുതലായവയാണ് പ്രധാന വിളകൾ. ഓരോന്നും ഹെക്ടറുകൾ പരന്നുകിടക്കുന്നു. സമയം സന്ധ്യയോടടുക്കുന്നതിനാൽ ചെടികളെ സ്വയം നനക്കുന്ന ഡ്രിപ്പ് ഇറിഗേഷൻ സാങ്കേതികവിദ്യയിലൂടെ നനയ്ക്കാൻ ആരംഭിച്ചിരിക്കുന്നു.
ഈ കാഴ്ചകളെല്ലാം കണ്ടുകൊണ്ട് ഞാൻ ഏറെ ദൂരം പിന്നിട്ടു. അപ്പോഴേക്കും സൂര്യൻ മറയാനാരംഭിച്ചിരുന്നു. ഞാൻ ചുറ്റുപാടും കൂടാരം സ്ഥാപിക്കാനുള്ള ഒരു പരന്നയിടം തേടിത്തുടങ്ങി. ഒടുവിൽ അൽപ്പംകൂടി മുന്നോട്ട് പോയപ്പോൾ ഒഴിഞ്ഞ ഒരു കൃഷിഭൂമി കണ്ടെത്തി. നോക്കെത്താ ദൂരത്തെ ഏകാന്തതയിൽ ഞാൻ എൻ്റെ കൂടൊരുക്കി.
കിലോമീറ്ററുകളോളം ചുറ്റും ആരുംതന്നെയില്ല. എന്തിനേറെ പക്ഷികളുടെയോ മറ്റു ജീവജാലങ്ങളുടെയോ ശബ്‌ദം പോലുമില്ല. സമ്പൂർണ നിശബ്ദതയാണ് അവിടെയാകമാനം, മെല്ലെ അത് എന്നെയും ബാധിച്ചു. സൂര്യൻറെ ഒടുവിലെ കിരണവും വിടപറയും മുൻപേ ആഹാരം കഴിക്കാൻ തീരുമാനിച്ചു. വേവിച്ച ചോളം, കടല, തക്കാളി, ഉള്ളി ഇവയെല്ലാം ചേർത്തിളക്കി കൂടാരത്തിന് പുറത്തിരുന്ന് മെല്ലെ കഴിച്ചുതീർത്തു.
വൈകാതെ സൂര്യൻ വിടപറഞ്ഞു, മെല്ലെ ഇരുൾ പടർന്നു. ഇപ്പോൾ എനിക്ക് ക്ഷീണമോ ഉറക്കമോ ഒന്നും അനുഭവപ്പെടുന്നില്ല. ഗാഢമായ നിശബ്‌ദതയാണ് അകത്തും പുറത്തും. ഏറെനേരം ചന്തകളിൽ മുഴുകിയശേഷം ഇരുൾ കനത്തതോടെ വാനനിരീക്ഷണം ആരംഭിച്ചു. തീരെ പ്രകാശമലിനീകരണം ഇല്ലാത്തതിനാൽ ആകാശവും നക്ഷത്രസമൂഹങ്ങളും വ്യക്തമാണ്. സൂക്ഷ്മമായി ആകാശത്തിലെ ഓരോ കോണും ഞാൻ നിരീക്ഷിക്കുകയായിരുന്നു. അപ്പോഴാണ് ഒരുകാര്യം ശ്രദ്ധയിൽപെട്ടത്. ഒരു നക്ഷത്രം അതിൻ്റെ കൂട്ടത്തിൽനിന്നും പെട്ടന്ന് മറ്റൊരു കൂട്ടത്തിലേക്ക് സഞ്ചരിക്കുന്നു. അൽപ്പനേരം അവിടെനിന്നശേഷം വീണ്ടും മറ്റൊരു ദിശയിലേക്ക് പായുന്നു. ഞാൻ കണ്ണുതിരുമ്മി വീണ്ടും സൂക്ഷ്മമായി ആ നക്ഷത്രത്തിലേക്ക് പൂർണ ശ്രദ്ധകേന്ദ്രീകരിച്ച് നോക്കി. അത് ഒരു നക്ഷത്രമായിരുന്നില്ല, ഡ്രോണോ വിമാനമോ അല്ല, ഉൽക്കയോ അത്തരം വസ്തുക്കളോ അല്ല. അതിൻ്റെ ചലനം അത്തരം പരിചിത വസ്തുക്കളിൽനിന്നും ഏറെ വ്യത്യസ്തമായിരുന്നു.