ഏകാന്തപർവ്വം
ആളൊഴിഞ്ഞ ആ കെട്ടിടത്തിന് പുറകിൽ എന്തോ പണികൾക്കായി സിമെൻറ് കൂട്ടിയ ഇടത്തിലാണ് ഞാൻ ടെൻറ്റ് സ്ഥാപിച്ചത്. മുട്ടോളം വളർന്നുനിൽക്കുന്ന പുൽകാടിനിടയിൽ അങ്ങനെ ഒരു സമതലം കിട്ടിയതിനാൽ നന്നായി ഉറങ്ങാനായി. രാവിലെ സൂര്യനേക്കാൾ മുൻപേ ഉറക്കമുണർന്ന് ടെൻറ്റ് മടക്കി ഭാണ്ഡവുമേന്തി ഞാൻ നടത്തം തുടങ്ങി. ഇന്ന് ഒക്ടോബർ 3 , പൂർണരീതിയിൽ യാത്ര തുടങ്ങിയിട്ട് ഇന്നേക് നാലാം ദിവസം.
ഒരു ചൊവാഴ്ചയായിട്ടും രാവിലെ ധാരാളം സൈക്ലിസ്റ്റുകൾ റോഡിൽ ഇറങ്ങിയിരിക്കുന്നു. എന്നെ കടന്നുപോകുന്നവരെല്ലാം എനിക്കും ഞാൻ അവർക്കും ബോം ദിയ നേർന്നു. പതിവുപോലെ ചിലർ എന്നോട് ബോം കമീനോ പറഞ്ഞു. പുലർകാല സൗന്ദര്യം ആസ്വദിച്ചുകൊണ്ട് ഞാൻ നടന്നുകൊണ്ടിരുന്നു. ഏകദേശം അരമണിക്കൂറോളം നടന്നപ്പോഴേക്കും പരന്ന കൃഷിഭൂമികൾ പുറകിലാക്കി റോഡ് ഒരു കുന്നിനുമുകളിലേക്ക് കയറിത്തുടങ്ങി. റോഡിനോട് ഓരം ചേർന്ന് മതിൽകെട്ടിനുള്ളിലായി നിരയടുപ്പിച്ചു കുഞ്ഞു കുഞ്ഞു വീടുകൾ പ്രത്യക്ഷമായി തുടങ്ങി. പട്ടിയും, പൂച്ചയും, കോഴികളും, മുറ്റത്ത് ചെടികളുമൊക്കെയായി നമ്മുടെ നാട്ടിലെതുപോലെ തോന്നുംവിധമുള്ള വീടുകളാണ് അവ.
വീടുകളുടെ മതിലിനു വെളിയിലേക്ക് ധാരാളം പഴചെടികൾ ചാഞ്ഞുനിൽപ്പുണ്ട്. ഓറെഞ്ച്, ആപ്പിൾ, മാതളം, കിവി, പിന്നെ പുറത്തുഗീസ് ഭാഷയിൽ ഡിയോസ്‌പെരു എന്ന് അറിയപ്പെടുന്ന കാക്കി ഫ്രൂട് മുതലായ പഴങ്ങളോടുകൂടിയ ചെടികളാണ് അത്തരത്തിൽ റോഡിലേക്ക് ചാഞ്ഞുനിൽക്കുന്നത്. റോഡിലേക്കുള്ള പഴങ്ങൾ പിൽഗ്രിമുകൾക്കായാണ് ഇവിടുത്തെ വീട്ടുകാർ വളർത്തുന്നത്. അത്തരത്തിൽ പിൽഗ്രിമുകളെ സഹായിക്കുന്നത് ഒരു സൽപ്രവർത്തിയായി കാണുന്നവരാണ് ഭൂരിപക്ഷവും. മതവിശ്വാസത്തിലുപരി മാനുഷിക പരിഗണനയിലൂന്നിയാണ് ആളുകൾ അപ്രകാരം ചിന്തിക്കുന്നത്.
അതാതു സീസണനുസരിച്ച് പഴങ്ങൾ കഴിക്കുന്ന ശീലമാണ് എനിക്കുള്ളത്. ഇപ്പോൾ പോർത്തുഗലിൽ ഇത് ഡിയോസ്‌പെരു കാലമാണ്. സെപ്റ്റംബർ അവസാനം മുതൽ ഫെബ്രുവരി അവസാനം വരെ നീളുന്നതാണ് ഡിയോസ്‌പെരു കാലം. രണ്ടുതരം ഡിയോസ്‌പെരു പഴങ്ങളാണുള്ളത് മഞ്ഞയും ചുവപ്പ് കലർന്ന ഓറഞ്ചും. അവ രണ്ടും തമ്മിൽ അൽപ്പം രുചി വത്യാസവും ഉണ്ട്.
മഞ്ഞയാണ് സാധാരണയായി നേരിട്ട് കഴിക്കാനുള്ള ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്. നാട്ടിലെ പനനൊങ്ൻറെ കാമ്പ് കടിക്കുന്ന മൃതുത്വവും ഘടനയുമാണ് ഈ പഴത്തിൻറെയും അകക്കാമ്പിനുള്ളത്. പക്ഷെ രുചി അൽപ്പം വ്യത്യസ്തമാണ്. ഒരു വീടിൻ്റെ മതികെട്ടിന് വെളിയിലേക്ക് പന്തലിച്ചുനിൽക്കുന്ന ഡിയോസ്‌പെരു മരത്തിൽ ധാരളം പഴങ്ങൾ പാകമായി നിൽക്കുന്നു. ഞാൻ ഊന്നുവടികൊണ്ട് ഒരു പഴം മെല്ലെ തട്ടി വീഴ്ത്തി. ഈ വർഷത്തെ ആദ്യ ഡിയോസ്‌പെരു. പഴം അരയിൽ കെട്ടിയിരിക്കുന്ന കുഞ്ഞു ബാഗിൽ നിക്ഷേപിച്ച് ഞാൻ നടത്തം തുടർന്നു.
കയറ്റം കയറി എത്തിയത് പാബ്ലോ പിക്കാസോ വരയ്ക്കുന്ന മനുഷ്യ നേത്രങ്ങൾ പോലൊരു മുക്കടയിലേക്കാണ്. കവലയുടെ ഒത്തനടുക്കായി പുൽത്തകിടിയിൽ പലനിറത്തിലുള്ള വേസ്റ്റ് ബിന്നുകളും, കുടിവെള്ളത്തിൻറെ ഒരു ഫൗണ്ടനും, ഇരിപ്പിടങ്ങളും ഉണ്ട്. സമയം 7 : 40 ആകുന്നു. മുക്കടയുടെ നടുവിലെ ഇരിപ്പിടത്തിൽ ഭാണ്ഡം ഇറക്കിവെച്ച് ഞാൻ ഒന്ന് ചുറ്റും വീക്ഷിച്ചു. ഒരുവശത്തായി പാതിതുറന്ന ഒരു കഫെ കണ്ടു. മറുവശത്ത് ഒരു ബസ് സ്റ്റോപ്പ് ആണ്. അവിടെ ഒന്നുരണ്ട് ആളുകൾ കൂടിനിൽപ്പുണ്ട്. പുകവലിയും സൊറപറച്ചിലുമൊക്കെയായി അവർ ജോലിക്ക് പോകാനായി വണ്ടികാത്തുനിൽക്കുകയാണ്. പാതി തുറന്നുകിടക്കുന്ന കഫേയിലേക്കുള്ള എൻ്റെ നോട്ടം കണ്ടപ്പോൾ അതിലൊരാൾ എന്നോടായി ഉറക്കെ വിളിച്ചുപറഞ്ഞു.
“അഷ് ഒയ്‌തു” ( എട്ടുമണിയാകും )
സത്യത്തിൽ അത് ഒരു സ്ത്രീയായിരുന്നു. ഉറച്ച ശരീരമുള്ള, സാധാരണയായി പുരുഷന്മാർ ധരിക്കുംവിധം വസ്ത്രമണിഞ്ഞ, കയ്യിൽ കൊളുത്തിയ സിഗരറ്റും, ഒരു ചെയിൻ വാച്ചും, കഴുത്തിൽ വീതികൂടിയ സ്വർണ ചങ്ങലയും, ബോക്സ് കട്ട് ഹെയർ സ്റ്റൈലും. അദ്ദേഹത്തിൻറെ കുപ്പായത്തിൽ പറ്റിയിരിക്കുന്ന സിമെൻറ് കറയിൽനിന്നും അദ്ദേഹം കോൺക്രീറ്റ് ജോലിയാണ് ചെയ്യുന്നത് എന്ന് മനസ്സിലാകും. ഞാൻ അദ്ദേഹത്തോട് പുഞ്ചിരിയോടെ നന്ദിപറഞ്ഞു.
ഇനിയും പത്തുമിനിറ്റോളം ഉണ്ട് കഫെ തുറക്കാൻ. കവലയിൽനിന്നും മൂന്നാമത്തെ വശത്തേക്ക് നോക്കിയപ്പോൾ വലിയൊരു മതിലിനുപുറകിലായി ഒരു പള്ളി കണ്ടു. ആ മതിൽ നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്. സിമെൻറ് ഇല്ലാതെ കല്ലുകൾ അടക്കി അതിനുമുകളിൽ മണ്ണും ചുണ്ണാമ്പും കുഴച്ച് പ്ലാസ്റ്റർ ചെയ്തിരിക്കുന്നു. മതിൽ അത്തരത്തിൽ ഉള്ളാതാണെങ്കിൽ പള്ളി എപ്രകാരമായിരിക്കുമെന്ന ചിന്ത എന്നെ അങ്ങോട്ട് നടക്കാൻ പ്രയരിപ്പിച്ചു. മതിൽകെട്ടിനപ്പുറം പടികെട്ടുകൾക്കുമുകളിലായി ഉയർന്നുനിൽക്കുന്ന ഒരുകൊച്ചു പള്ളി. വാലെ ദേ ഫിഗ്വേറിയ എന്ന ഈ കൊച്ചു ഗ്രാമത്തിൻറെ ദേവാലയമാണത്. വൈറ്റ് ചർച്ച് എന്ന പേരിലും ഈ പള്ളി അറിയപ്പെടുന്നു.
പള്ളിയുടെ പഴമ ആസ്വദിച്ചു നിൽക്കുമ്പോഴേക്കും കവലയിൽനിന്നും കഫെയുടെ ഷട്ടർ തുറക്കുന്ന ശബ്ദം കേട്ടു. ഞാൻ തിരികെ കഫെക്കുമുന്നിലെത്തി. എന്നെ കണ്ടപാടെ കഫേക്കാരൻ അമ്മാവൻ ബോം ദിയ നേർന്ന് അകത്തേക്ക് ക്ഷണിച്ചു. ഞാൻ ഭാണ്ഡം ഒരു കസേരയിൽ ഇറക്കിവെച്ച്, അതിനടുത്തായി ഫോൺ ചാർജ് ചെയ്യാൻ കുത്തിയിട്ടുകൊണ്ട് നേരെ ശുചിമുറിയിലേക്ക് നടന്നു. പല്ലുതേയ്പ്പും പ്രഭാത കൃത്യങ്ങളും നടത്തി തിരികെ എത്തിയപ്പോഴേക്കും അമ്മാവൻ അതാ ആവി പറക്കുന്ന ബ്രെഡ്ഡുകൾ ചില്ലുകൂട്ടിലേക്ക് വയ്ക്കുന്നു. അദ്ദേഹത്തോട് തിരക്കി ബ്രെഡിൽ മുട്ടയോ മറ്റ് സസ്യേതര ഉത്പന്നങ്ങളോ ചേർക്കുന്നില്ല എന്ന് ഉറപ്പുവരുത്തി. രണ്ട് ഉരുണ്ട ബ്രെഡ്ഡുകളും ചില്ലുകുപ്പിയിൽ നിറച്ച പഴച്ചാറും അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഫോണിനും ഭാണ്ഡത്തിനും അരികിലായി ഇരുന്ന് പതിയെ അവ ആസ്വദിച്ചു കഴിച്ചു.
ഏകദേശം അരമണിക്കൂർകൂടെ കഴിഞ്ഞപ്പോഴേക്കും ഫോൺ ഫുൾ ചാർജ് ആയി. കഫെകാരൻ അമ്മാവനിൽനിന്നും കമീനോ പാസ്പോർട്ട് സീൽ പതിപ്പിച്ചു വാങ്ങി അദ്ദേഹത്തോട് വിടപറഞ്ഞു. പതിയെ മുന്നോട് നടത്തം തുടർന്നു. സൂര്യൻ പൂർണമായും ഉദിച്ചുയർന്നിട്ട് അധികമായിട്ടില്ല. വഴിയോരത്ത് പാർക്ക് ചെയ്തിരിക്കുന്ന കാറുകളുടെ ചില്ലിലും, ചെടികളിലുമെല്ലാം ഇപ്പോഴും മഞ്ഞുതുള്ളികൾ കാണാം. കാലാവസ്ഥ പതിയെ മാറുന്നതിൻറെ ലക്ഷണങ്ങൾ ആണവ. നേർത്തതെങ്കിലും രാവിലെ ചെറുകുളിർ അനുഭവപ്പെട്ടുതുടങ്ങിയിട്ടുണ്ട്. വടക്കോട്ട് നീങ്ങുംതോറും തണുപ്പ് കൂടാൻ സാധ്യതയുണ്ട്.
കഫെയുടെ മുക്കടയിൽനിന്നും ഏകദെശം അരകിലോമീറ്റർ നടന്നപ്പോഴേക്കും വഴിയരികിൽ ചെറിയൊരു സൂപ്പർമാർക്കറ്റ് തുറന്നുവരുന്നു. ഞാൻ അതിനകത്തേക്ക് കയറി. പ്രധാനമായും കുളിക്കാനും അലക്കാനും ഒരുപോലെ ഉപയോഗിക്കാവുന്നതും എന്നാൽ പെട്ടന്ന് അലിഞ്ഞുപോകാത്തതുമായ ഒരു സോപ്പ് വാങ്ങലാണ് ഉദ്ദേശം. കുറച്ചുവർഷങ്ങളായി കർണാടക സർക്കാരിൻറെ ഉല്പന്നമായ മൈസൂർ സാൻറ്റൽ സോപ്പാണ് ഞാൻ സ്ഥിരമുപയോഗിക്കുന്നത്. അതിനാൽ പെട്ടന്ന് ഒരുദിവസം സോപ്പ് മാറ്റുമ്പോൾ തൊക്ക് സംബന്ധമായി ഉണ്ടായേക്കാവുന്ന അസ്വസ്ഥതയെ പറ്റി ചിന്തിച്ചുവെങ്കിലും. സാൻറ്റൽ സോപ്പ് വളരെ പെട്ടന്ന് അലിഞ്ഞുതീരുകയും, കുടിയേറ്റക്കാർ തീരെ ഇല്ലാത്ത ഈ ഗ്രാമപ്രതേശങ്ങളിൽ അത് ലഭ്യമാകലും പ്രായോഗികമല്ല. മാത്രമല്ല സാഹചര്യത്തോട് ഒത്തിണങ്ങൽ ആണല്ലോ ഇത്തരം ദീർഘ യാത്രകൾ മനുഷ്യരെ പഠിപ്പിക്കുന്ന ബാലപാഠം.
കടക്കാരൻറെ നിർദേശപ്രകാരം ഈ പരിസരത്തുതന്നെ നിർമ്മിക്കപ്പെടുന്ന ഒരു ലാവെണ്ടർ സോപ്പ് ഞാൻ തിരഞ്ഞെടുത്തു. ഇന്ന് ഇനി അൽപ്പം അധികം ദൂരം കാടും കൃഷിഭൂമികളും മാത്രമുള്ള പാത താണ്ടിയാണ് അടുത്ത ഒരു ഗ്രാമത്തിലെത്താനുള്ളത്. അതിനാൽ വഴിയിൽ അത്യാവശ്യത്തിനുള്ള പഴങ്ങളും രണ്ട് ക്യാരറ്റും വാങ്ങി ഭാണ്ഡത്തിൽ മുറുക്കി ഞാൻ യാത്ര തുടർന്നു.
വാലെ ദേ ഫിഗ്വേറിയ ഗ്രാമത്തിൻറെ പ്രധാന വീഥിയിൽനിന്നും ഉൾനാടൻ കാഴ്ചകളിലേക്ക് കമീനോ ചിഹ്നം എന്നെ നയിച്ചു. നിരയൊപ്പിച്ച് അടുത്തടുത്ത് പണിഞ്ഞിരിക്കുന്ന വീടുകളുടെ മതിലിൽ നമ്പറുകൾ പതിപ്പിച്ച റെസിഡൻഷ്യൽ കൂട്ടായ്മകൾ കടന്ന് ഏറെ അകലത്തിൽ സ്ഥിതിചെയ്യുന്ന ഒറ്റപ്പെട്ട വീടുകൾ കണ്ടുതുടങ്ങി. അൽപ്പംകൂടി കഴിഞ്ഞതോടെ വീടുകൾ വിരളമായിവന്നു. പിന്നെയും കുറച്ചുദൂരം കഴിഞ്ഞപ്പോഴേക്കും ടാർഇട്ട റോഡ് അപ്രത്യക്ഷമായി മൺപാത തെളിഞ്ഞു.
അൽപ്പം വരണ്ട പ്രദേശത്തു കൂടിയാണ് ആ പാത എന്നെ നയിക്കുന്നത്. ധാരാളം കള്ളിമുൾ ചെടികൾ അവിടെ വഴിയോരം അലങ്കരിക്കുന്നു. ചിലതിൽ പാകമായ പഴങ്ങളും നിൽപ്പുണ്ട്. ഒന്ന് രണ്ട് കള്ളിമുൾ പഴങ്ങൾ കഴിച്ചു ഊർജം സംഭരിച്ച് ഞാൻ വേഗത്തിൽ നടന്നു. വരണ്ട പ്രദേശത്തുനിന്നും ധാരാളം മരങ്ങൾ തഴച്ചുവളരുന്ന മൺപാതയിലേക്ക് നടത്തം നീണ്ടു. വഴിയോരത്തെ മരങ്ങളിൽ “പോർത്തുഗീസ് ഓക്ക്” മരങ്ങളാണ് ഭൂരിഭാഗവും. ഉള്ളിൽ ചുവന്ന കാതലുള്ള, തൊലി അടരുന്ന, കുഞ്ഞൻ ഇലകൾ നിറഞ്ഞ ഉറപ്പുള്ള മരമാണ് പോർത്തുഗീസ് ഓക്ക്. പ്രധാനമായും ഫർണിച്ചർ ആവശ്യത്തിനും സംഗീതോപകരണങ്ങളുടെ നിർമ്മാണത്തിനുമാണ് ഈ മരത്തിൻറെ തടി ഉപയോഗിച്ചുവരുന്നത്. അത്തരത്തിൽ ഓക്ക് മരംകൊണ്ട് നിർമ്മിക്കപ്പെടുന്ന ഏറെ പേരുകേട്ട ഒരു ഉപകരണമാണ് “കവക്കീന്യോ”.
പോർത്തുഗലിലും ബ്രസിൽ പോലുള്ള പഴയ പോർത്തുഗീസ് കോളനി രാജ്യങ്ങളിലും ഇപ്പോഴും പ്രശസ്തമാണ് കവക്കീന്യോ എന്ന പേരിൽ അറിയപ്പെടുന്ന കാഴ്ചയിൽ കുഞ്ഞൻ ഗിറ്റാർ പോലെ തോന്നുന്ന സംഗീതോപകരണം. ഹൈ ഫ്രീക്യുൻസി നോട്ടുകൾ ആണ് എങ്കിലും ഈ ഉപകരണം പുറപ്പെടുവിക്കുന്ന സംഗീതം കേൾക്കാൻ ഏറെ ഇമ്പമുള്ളതാണ്.
ഇന്ന് ലോകമെമ്പാടും അറിയപ്പെടുന്ന “ഊക്കുലെലെ” എന്ന ഉപകരണത്തിൻറെ ഉത്ഭവം ഈ കവക്കീന്യോയിൽ നിന്നുമാണ്. 1800 കളുടെ അവസ്സാനത്തിൽ പോർത്തുഗലിലെ മദെയ്‌റ ദ്വീപിൽനിന്നും ഹവായ് ദ്വീപിലേക്ക് കുടിയേറിയ തടി തൊഴിലാളികൾ ആയ മൂന്ന്പേർ ചേർന്ന് പോർത്തുഗീസ് ഫോൾക്‌ലോർ സംഗീതം വായിക്കാനായി ഓക്ക് തടിയുടെയും ലോഹ കമ്പിയുടെയും അഭാവത്തിൽ കവക്കീന്യോ നിർമ്മിക്കുകയും ശേഷം അവർ ചെറിയ വഴിയോര സംഗീതനിശകളിൽ അത് വായിക്കുകയും ചെയ്തു. പതിയെ ആ കാലഘട്ടത്തിലെ ഹവായ് രാജാവ് ഈ പോർത്തുഗീസ് സംഗീതത്തെയും ഉപകരണത്തെയും തൻ്റെ രാജ സദസ്സിലേക്ക് സ്വീകരിക്കുകയും ചെയ്തു. അതോടെ ഈ ഉപകരണത്തിൻറെ പ്രശസ്തി വർധിക്കുകയും ഹവായൻ ഭാഷയിൽ “മൂളിപ്പാട്ടും പാടി പറക്കുന്ന വണ്ട്” എന്ന അർത്ഥം വരുന്ന ഊക്കുലെലെ എന്ന പേരും ഉപകരണത്തിന് നൽകപ്പെട്ടു. ക്രമേണ ഹവായി ദ്വീപിൽ ലഭ്യമായ സൗകര്യങ്ങളിൽ ധാരാളം ഊക്കുലെലെകൾ നിർമ്മിക്കപ്പെട്ടതിനാൽ അവയുടെ രൂപവും ഭാവവും കവക്കീന്യോയിൽനിന്നും ഏറെ അകലുകയായിരുന്നു.
മരങ്ങൾ തഴച്ചുവളരുന്ന വഴിയോരത്തിൽനിന്നും മൺപാത ഒരു കാട്ടിലേക്കാണ് നീളുന്നത്. ചെറുകുന്നുകൾ കയറിയിറങ്ങി പാത അങ്ങനെ ആ കാട്ടിലൂടെ നീണ്ടു. മണിക്കൂറുകൾ നീണ്ട കാനനപാത എന്നിൽ നിശബ്ദത നിറച്ചു. ഒരു കുന്നിൻമുകളിലെ പാറപ്പുറത്ത് ഇരുന്ന്കൊണ്ട് കയ്യിൽകരുതിയ പഴങ്ങൾ കഴിച്ച ശേഷം ഞാൻ ഒരുനിമിഷം കണ്ണുകൾ അടച്ച് കാടിൻറെ ആ നിശബ്ദ സൗന്ദര്യം ആസ്വദിച്ചു. ചിലപ്പോഴൊക്കെ മനസ്സിനെ തഴുകാൻ ശബ്ദമുള്ള സംഗീതത്തേക്കാൾ ഏകാന്തതയുടെയും നിശ്ശബ്ദതയുടെയും മൗനസ്വരങ്ങളാണ് ഉത്തമം. മാത്രമല്ല അത് അങ്ങേയറ്റം ആസക്തി നിറക്കുന്ന അനുഭൂതിയാണെന്ന സത്യം ഞാൻ ആ വേളയിൽ തിരിച്ചറിയുകയായിരുന്നു.
മൗനസംഗീതത്തിൻറെ ആസ്വാദനം എൻ്റെ നടത്തത്തിൻറെ വേഗത കുറച്ചു, ഓരോ ചുവടും ആസ്വദിച്ചു വെക്കാൻ പ്രേരിപ്പിച്ചു. സൂര്യപ്രകാശത്തിൻ്റെ തീവ്രത കുറക്കുന്ന മരങ്ങളും ചെടികളും തിങ്ങി വളരുന്ന കുന്നിൻമുകളിലെ കാടിൽനിന്നും പാത അൽപ്പം സമഭൂമിയിലേക്ക് ഇറങ്ങി. ഇപ്പോൾ കാറ്റിൽ പൊടിപറക്കുന്ന ഓരത്ത് കുറ്റിച്ചെടികൾ നിറഞ്ഞ നീണ്ട മൺപാതയിലൂടെ നടക്കാൻ ആരംഭിച്ചു. അത്തരം ഭൂമികയിലൂടെ ഏറെ നടന്ന് കൃഷിക്കായി മണ്ണൊരുക്കം നടക്കുന്ന ഭൂമികയിലേക്ക് നടത്തം പ്രവേശിച്ചു. സാമാന്ന്യം വരണ്ട തണൽ തരിയില്ലാത്ത കൃഷിഭൂമിയിലേക്ക് നടന്നെത്തിയതോടെ വെയിൽച്ചൂട് അറിയാൻ തുടങ്ങി. ഞാൻ പതിവുപോലെ തലവഴി തോർത്ത് പുതച്ച് നടക്കാനാരംഭിച്ചു.
ഒരു വലിയ കൃഷിഭൂമിയുടെ നടുപിളർത്തി ചക്രവാളത്തിലേക്ക് നീളുകയാണ് പാത. ഇരുവശത്തും ഒരു പുൽക്കൊടി പോലും ഇല്ല. ആ വിദൂരതയിലേക്ക് ശൂന്യതയിൽ സ്ഥിതിചെയ്യുന്നു എന്ന് തോന്നുംവിധം പാതയുടെ ഇരുവശത്തായി ഒരുവലിയ കവാടത്തിൻ അവശേഷിപ്പുകൾ പോലെ രണ്ട് തൂണുകളിൽ പറ്റിനിന്ന് വിരൽചൂണ്ടുകയാണ് കമീനോ ചിഹ്നങ്ങൾ.
ഞാൻ ആ ചാരക്കടലിലേക്ക് ഇറങ്ങി മെല്ലെ എന്നെ അതിൻ്റെ ഒഴുക്കിന് വിട്ടുനൽകി. സമയമോ ദൂരമോ അളക്കാനായില്ല പക്ഷെ ഒഴുക്കിൻറെ ഓളത്തിലാടിയുലഞ്ഞു ഞാൻ ഒടുവിൽ ഒരു കെട്ടിടത്തിനരികിലെത്തി. കെട്ടിടത്തിന് ഒരുവശത്തായി ഒരു കൊച്ചു മരത്തണലും, ആ തണലിൽ പുൽമേടിലേക്ക് വെള്ളം ചീറ്റുന്ന ജാലവിദ്യയും കണ്ടു. മുകളിലേക്ക് ചീറ്റി അന്തരീക്ഷത്തിലേക്ക് പരക്കുന്ന ജലകണികകൾ സൃഷ്ട്ടിക്കുന്ന മഴവില്ല് കണ്ണിന് ഏറെ കുളിർമയേകി. അൽപ്പസമയം ഞാൻ ആ മരത്തണലിൽ മഴവിൽ ആസ്വദിച്ചുകൊണ്ട് വിശ്രമിച്ചു.
അത് വലിയൊരു കൃഷിഭൂമിയുടെ ആസ്ഥാനമാണ്. ഹെക്റ്റർ കണക്കിന് ഭൂമിയിൽ ചോളമാണ് കൃഷി. മണ്ണൊരുക്കം മുതൽ വിളവെടുപ്പ് വരെ യാന്ത്രീകമാണ് അവിടെ. വിശ്രമശേഷം ഭാണ്ഡമെടുത്ത് നടത്തമാരംഭിക്കും മുൻപ് ഞാൻ അവിടെ നിന്നും കാഴ്ച എത്തുദൂരം വരെ ഒന്ന് വട്ടത്തിൽ കണ്ണോടിച്ചു. ഒരു മനുഷ്യനെപോലും കാണാനായില്ല. ഞാൻ നടത്തം തുടർന്നു. കെട്ടിടത്തിൻറെ മറുവശത്തെക്ക് നടന്നുനീങ്ങിയതോടെ വിളവെടുപ്പ് കാത്ത് വിളഞ്ഞുനിൽക്കുന്ന ചോളപാടം കണ്ടുതുടങ്ങി.
ആ വശത്തെ കൃഷിഭൂമിയിൽ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്ന ഒന്നുരണ്ട് മനുഷ്യരെ കാണാനിടയായി. അവരും എന്നെ ഏതോ അന്യഗ്രഹത്തിൽനിന്നും നാടുകാണാനിറങ്ങിയ ജീവി തങ്ങളുടെ കണ്മുന്നിലൂടെ നടന്നകലുന്നപോലെ വീക്ഷിച്ചു.
ഏകദേശം ഒരുമണിക്കൂർ നേരം കൂടി ആ വരണ്ടുണങ്ങിയ കൃഷിഭൂമിയുടെയുള്ള നടത്തം എന്നെ ഒരു ഹരിത തീരത്തോടടുപ്പിച്ചു. എന്നാൽ അവിടെയും സ്ഥിതി മറുത്തല്ല. നോക്കെത്താദൂരം ആ പച്ചക്കടലിലൂടെ ഞാൻ വീണ്ടും ഒഴുകാനാരംഭിച്ചു. പരന്ന പച്ചപുൽതകിടിയുടെ ഒത്തനടുവിലൂടെ നീളുന്ന വണ്ടിയുടെ ടയർ പാടിലൂടെ നടന്നു നീങ്ങവെ പുറകിൽ ഒരു മണി ഒച്ച കേട്ടു. തിരിഞ്ഞുനോക്കിയപ്പോൾ അതാ ദമ്പതികളായ രണ്ട് പിൽഗ്രിമുകൾ സൈക്കിളിൽ വരുന്നു. അവർ വേഗത്തിൽ ബോം കമീനോ നേർന്ന് എന്നെ കടന്നുപോയി.
നോക്കെത്താ ദൂരം നീണ്ട പുൽത്തകിടി കടന്ന് അൽപ്പം നടന്നതോടെ മൺപാതയുടെ ഒരു വളവിലായി തണൽ കാഞ്ഞുകൊണ്ട് ഒരു പിൽഗ്രിം ഇരിക്കുന്നു. ഏറെ ക്ഷീണിതനായി ഇരിക്കുന്ന അദ്ദേഹത്തിന് അരികിൽ രുനിമിഷം നിന്നുകൊണ്ട് ഞാൻ ബോം കമീനോ ആശംസിച്ചു.
മാർട്ടിൻ. ഹോളണ്ട്കാരനാണ് മാർട്ടിൻ. ഐ ടി മേഖലയിൽ ജോലിചെയ്യുന്ന അദ്ദേഹം തൻ്റെ ജീവിതത്തിലേക്ക് വ്യായാമം ഒരു ശീലമായി ചേർക്കുക എന്ന ലക്ഷ്യത്തോടെയാണ് കാമീനോ നടക്കാൻ ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്. അദ്ദേഹം എനിക്ക് 5 ദിവസ്സം മുൻപേ ലിസ്ബണിൽനിന്നും യാത്ര പുറപ്പെട്ടതാണ്. ഇന്ന് “അസീന്യഗ” എന്ന ഗ്രാമത്തിൽ എത്തിച്ചേരുകയ്യാണ് ലക്ഷ്യം. കഴിഞ്ഞ ഏതാനും കിലോമീറ്ററുകൾ നൽകിയ ഒറ്റപ്പെടൽ അദ്ദേഹത്തെ ഏറെ ബാധിച്ചിരിക്കുന്നു. ഞാൻ അദ്ദേഹത്തിനുനേരെ കൈനീട്ടി.
മാരത്തോണിൽ ചെയ്യുന്ന ഒരു രീതിയാണ്. മുൻപിൽ ഓടുന്നവർ അവരുടെ ഉത്തേജനം നഷ്ടപ്പെട്ട് നിന്നുപോവുകയാണെന്ന് തോന്നിയാൽ നമ്മൾ പുറകില്നിന്നും ഓടിവന്ന് അവരുടെ പുറത്ത് മെല്ലെ ഒന്ന് തട്ടിയശേഷം “കം ഓൺ” എന്ന് പുഞ്ചിരിയോടെ പറഞ്ഞാൽ 80 ശതമാനം ആളുകളും അവരുടെ നഷ്ടപെട്ട കരുത്ത് തിരിച്ചുപിടിക്കുന്നതായി കാണാം. ഇത് ജീവിതത്തിലും ഉപയോഗപ്രദമാണ്. മാനസികമോ, ശാരീരികമോ, സാമ്പത്തികമോ ആയി തളർന്നുനിൽകുന്ന ഒരാൾക്ക് പ്രതീക്ഷയുടെ ഒരു കൈതാങ്ങു നൽകാനായാൽ ഒരു പക്ഷെ അയാൾ അതിൽപിടിച്ച് തിരികെ ജീവിതത്തിലേക്ക് കയറുന്ന മനോഹര കാഴ്ച കാണാനാകും.
മാർട്ടിൻ എൻ്റെ കൈയ്യിൽ പിടിച്ചു, മെല്ലെ എഴുന്നേറ്റു. ഞങ്ങൾ പതിയെ പരസ്പരം ജോലിയെപ്പറ്റിയും, നിലവിൽ ജീവിക്കുന്ന ഇടങ്ങളെ പറ്റിയുമെല്ലാം സംസാരിച്ചുകൊണ്ട് നടന്നുനീങ്ങി. മാർട്ടിൻ റോട്ടർഡാമിനടുത്ത് ഒരു പട്ടണത്തിലാണ് ജീവിക്കുന്നത്. അടുത്ത തവണ ഹോളണ്ടിൽ വരുമ്പോൾ അദ്ദേഹത്തിൻറെ നാട്ടിലേക്ക് വരണമെന്ന് അദ്ദേഹം എന്നെ ക്ഷണിച്ചു. എൻ്റെ യാത്രാ രീതിയിൽ മാർട്ടിന് ഏറെ ആകാംഷയാണ്. ഒരിക്കൽ ക്യാമ്പിംഗ് ചെയ്യുമെന്ന് അദ്ദേഹം എന്നോട് പുഞ്ചിരിയോടെ പറഞ്ഞു. ഞാൻ ആശംസകളും നേർന്നു. സംസാരിച്ചുനടന്നതിനാൽ ഞങ്ങൾ പിന്നിട്ട ദൂരം രണ്ടുപേർക്കും ഒരു പ്രശ്നമായി തോന്നിയില്ല. മാത്രമല്ല ഞങ്ങൾ ജനവാസമേഖലയിലേക്ക് കയറിയതായി ശ്രദ്ധയിൽപെട്ടതുമില്ല. ഒടുവിൽ ഒരു പാർക്കിനടുത്തെ ഇരിപ്പിടത്തിൽ ഇരുന്ന് ഞങ്ങൾ അൽപ്പം വിശ്രമിച്ചു. ആ ഇരുപ്പിടത്തിന് തൊട്ട് അരികിൽ നിന്നിരുന്ന അത്തിമരത്തിൽ പഴുത്തുനിന്ന രണ്ട് അത്തിപഴം ഞങ്ങളുടെ വിശ്രമത്തിന് മധുരമേകി.
ഞങ്ങൾ ഇപ്പോൾ അസീന്യഗ ഗ്രാമം എത്തിക്കഴിഞ്ഞിരുന്നു. ഗൂഗിൾ വഴികാട്ടിയ പ്രകാരം മാർട്ടിൻ ഇപ്പോൾ ഇരിക്കുന്ന ഈ പാർക്കിനരികിലൂടെയുള്ള വഴിയിലൂടെ ആൽബർഗിലേക്കും ഞാൻ നേരെ അസീന്യഗ ഗ്രാമത്തിൻറെ കേന്ദ്രത്തിലേക്കും വഴിപിരിയുന്നു. ഞാൻ അദ്ദേഹത്തോട് യാത്രപറഞ്ഞു നടത്തം തുടർന്നു.
ഒരു കിലോമീറ്ററോളം നടന്നപ്പോഴേക്കും ഞാൻ ഗ്രാമ മധ്യത്തിലെത്തി. അവിടെ പല പുരാതന കെട്ടിടങ്ങളും ഏറെ ഭംഗിയോടെ ഇന്നും നിലനിർത്തിയിരിക്കുന്നതായി കാണാം. അവയിൽ എനിക്ക് ഇപ്പോൾ ഏറെ അത്യാവശ്യമായി കണ്ടുപിടിക്കേണ്ടുന്ന ഒരു കെട്ടിടം ഉണ്ട്. ഞാൻ ഗ്രാമ മധ്യത്തിലെ ആ നാൽക്കവലയിൽ കണ്ടെത്തേണ്ടുന്ന കെട്ടിടത്തിനായുള്ള അന്ന്വേഷണം തുടങ്ങി.