നഷ്ട സ്മരണകൾ
കുളി പാസ്സാക്കി ഒലീവ് മരത്തണലിൽ ഇരുന്ന് അൽപ്പം എഴുത്തും വിശ്രമവും കഴിഞ്ഞപ്പോഴേക്കും തുണികളെല്ലാം നന്നായി ഉണങ്ങി കിട്ടി. ആ അവസരം ഭാണ്ഡത്തിലെ എല്ലാം ഒന്ന് പുറത്തെടുത്ത് വീണ്ടും പാക്ക് ചെയ്യാൻ ഉപയോഗപ്പെടുത്തി. ഇപ്പോൾ എല്ലാംകൊണ്ടും ഉന്മേഷം വീണ്ടെടുത്തിരിക്കുന്നു.
ഞാൻ മെല്ലെ നടത്തമാരംഭിച്ചു. സാമാന്യം വിശപ്പ് ഉള്ളതിനാൽ ഏറ്റവും അടുത്തുള്ള സൂപ്പർമാർക്കറ്റ് ആണ് ലക്ഷ്യം. ഏകദേശം ഒരു കിലോമീറ്റർ നടന്നപ്പോഴേക്കും സാന്തരേം ടൌൺ എത്തി. ഇവിടെനിന്നും ഇനി മുന്നോട്ടുള്ള വഴി രണ്ടായി പിളരും. ഫാത്തിമ തീർത്ഥാടകർ പട്ടണത്തിൻറെ ഒരുവശത്തേക്കും, സാൻറ്റിയാഗോ പോകുന്നവർ മറുവശത്തേക്കും തിരിഞ്ഞു പോകാനുള്ള സൂചനകൾ കണ്ടു. പക്ഷെ സൂപ്പർമാർക്കറ്റ് തേടി അല്പദൂരം ഞാനും ഫാത്തിമ പാതയിലൂടെ നടന്നു. “സെൻട്രോ ഡോ കൊമേർസ്യൽ” അഥവാ W – ഷോപ്പിംഗ് മാൾ എന്ന വലിയൊരു ഷോപ്പിംഗ് മാളിൽ “പിങ്കോ ദോസ്” (തേൻ തുള്ളി ) എന്ന് പേരുള്ള ഒരു സൂപ്പർമാർക്കറ്റിൽ കയറി.
ഒരു പോർത്തുഗീസ് സൂപ്പർമാർക്കറ്റ് ശൃംഖലയാണ് പിങ്കോ ദോസ്. പോർത്തുഗലിൽ ലിഡൽ, അൽദി, ഓഷാൻ, മെർക്കഡോണിയ പോലുള്ള വലിയ യൂറോപ്പ്യൻ സൂപ്പർമാർക്കറ്റ് ശൃംഖലകൾ പലതും ഉണ്ടെങ്കിലും ഇവിടുത്തുകാർക്കിടയിൽ പിങ്കോ ദോസ് ഏറെ ജനപ്രിയമാണ്. പിങ്കോ ദോസ് തദ്ദേശ ഉൽപ്പന്നങ്ങൾ കൂടുതലായി വിപണനം ചെയ്യുന്നതിനാൽ അവിടെ സാധനങ്ങളുടെ വില കുറവും ഗുണമേന്മ കൂടുതലുമാണ്. മാത്രമല്ല എന്നെ സംബന്ധിച്ച് പിങ്കോ ദോസ് അവരുടെ ശേഖരത്തിൽ വീഗൻ ഉത്പന്നങ്ങൾ മിതമായ നിരക്കിൽ ധാരാളം ഉൾക്കൊള്ളിച്ചിട്ടുണ്ട്. മറ്റ് ഇടങ്ങൾപോലെ വീഗൻ ചിഹ്നം പതിച്ച ഉത്പന്നങ്ങൾക്ക് കൊള്ള വില ഈടാക്കുന്ന സമ്പ്രദായം ഇവിടെ ഇല്ല.
ഞാൻ നേരെ “കുസിന്ന്യ” (അടുക്കള) എന്ന വിഭാഗത്തിലേക്ക് ചെന്നു. അൽപ്പം ചോറും തൊലിയോടെ തക്കാളിചാറിൽ പുഴുങ്ങിയ ഉരുളക്കിഴങ്ങും വെളുത്തുള്ളിയും ഉപ്പും മാത്രം ചേർത്ത് വാട്ടിയ ചീരയും ഒരു കണ്ടൈനറിൽ വാങ്ങി. ആ വലിയ ഷോപ്പിംഗ് മാളിൽ ഊന്നുവടി കുത്തി ഭാണ്ഡവുമേന്തി നടക്കുന്ന ഞാൻ, കാണുന്നവർക്ക് ഒരു കൗതുകമായിരുന്നു. എന്നാൽ ചിലരാകട്ടെ അടുത്തുവന്ന് കുശലം ചോദിക്കുകയും ശേഷം ബോം കമീനോ നേരുകയും ചെയ്യുന്നു.
ഞാൻ ഒരു ഇന്ത്യാക്കാരനാണെന്നും, പ്രത്യേകിച്ച് മതവിശ്വാസങ്ങൾ ഒന്നും ഇല്ല എന്നും മനസ്സിലാക്കുമ്പോൾ പലരും അത്ഭുതപ്പെടുന്നു. കാരണം അവരുടെ അറിവിൽ ഇന്ത്യക്കാർ എന്നാൽ ഒന്നുകിൽ ഇസ്‌ലാമുകൾ, അല്ലെങ്കിൽ ഹിന്ദുക്കൾ. മതത്തിന് പുറത്ത് കടന്നവർ ഉണ്ടാകാൻ വഴിയില്ലെന്നാണ് അവരുടെ ധാരണ. അത്തരക്കാരെ ഇന്ത്യയുടെ ഭരണഘടനതന്നെ മതത്തിന് പുറത്തുള്ളതും അതേസമയം പൗരർക്ക് എല്ലാതരം വിശ്വാസങ്ങൾക്കുള്ള സ്വാതന്ത്ര്യം നൽകുന്നതുമായ ഒന്നാണെന്ന അറിവ് പകർന്ന് നൽകി. അതോടൊപ്പം മനുഷ്യനെ വേർതിരിക്കുന്ന രാഷ്ട്രബോധമോ ദേശീയതയോ ഞാൻ പേറുന്നില്ല എന്നും കൂട്ടിച്ചേർത്തു.
ചൈനീസ്, ജാപ്പനീസ് വംശജർ ഒഴികെ മറ്റുള്ള ഏഷ്യാക്കാർ പൊതുവെ ഇത്തരം യൂറോപ്പ്യൻ നാടുകളിൽ പാടത്തും കമ്പനികളിലും പണിയെടുക്കുന്ന ആളുകൾ മാത്രമായാണ് ഈ നാട്ടുകാർ സാധാരണയായി കാണുന്നത്. ടൂറിസ്റ്റുകൾ ആയോ പ്രത്യേകിച്ച് കമീനോ നടക്കുന്നവരോ ആയ തെക്കേ ഏഷ്യാക്കാർ വളരെ കുറവാണ്. മാത്രമല്ല ഇന്ത്യക്കാർ എന്ന് കേൾക്കുമ്പോൾ ഒട്ടും വികസിതമല്ലാത്ത സങ്കുചിതമായ ചിന്തകൾ പേറുന്ന ആളുകൾ ആണെന്ന് കരുതുന്നവരാണ് ഭൂരിഭാഗവും. അതിൻ്റെ പ്രധാന കാരണം നമ്മുടെ നാട്ടിലെ സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങളും ബീഫ് ഇറച്ചി കൊലകളുമാണ്. കമീനോക്ക് മുൻപും ധാരാളം ആളുകൾ എന്നോട് അവരുടെ ഇത്തരം ധാരണകൾ പങ്കുവെച്ചിട്ടുണ്ട്.
ഭക്ഷണം വാങ്ങിയ ശേഷം ഞാൻ വീണ്ടും കമീനോ പാതയിലേക്ക് കയറി. ഇന്നത്തെ സീൽ വാങ്ങണം അൽപ്പനേരം ഫോണും പവർ ബാങ്കും ചാർജ് ചെയ്യണം. അതിനായി പറ്റിയ ഒരിടം പാതയിൽ താനേ വന്നെത്തി. ഹോളി മിറക്കിൾ പള്ളി. വലിപ്പത്തിൽ ചെറുതാണെങ്കിലും, പതിമൂന്നാം നൂറ്റാണ്ടു മുതൽക്കേ നിലവിലുള്ള ഐതിഹ്യം പറയാനുണ്ട് ആ പള്ളിക്ക്. ഞാൻ പതിയെ പള്ളിയിലേക്ക് കയറി. ഏകദെശം 50 പേരുടെ ഒരു ചൈനീസ് ടൂറിസ്റ്റ് സംഘം പള്ളിയകമാകെ നിറഞ്ഞു നിൽക്കുകയാണ്. ഞാൻ പള്ളിയകത്തെ ടിക്കറ്റ് കൗണ്ടറിൽ ചെന്ന് എൻ്റെ കാമീനോ പാസ്‌പോർട്ടിൽ സീൽ വാങ്ങിയശേഷം കൗണ്ടറിലെ വ്യക്തിയോട് ചോദിച്ച് ഫോൺ ചാർജ് ചെയ്യാനുള്ള സൗകര്യം എവിടെയെന്ന് മനസ്സിലാക്കി. ആദ്യം ഫോണും പവർ ബാങ്കും ചാർജ് ചെയ്യാൻ വെച്ചശേഷം അതിനോട് ചേർത്ത് ഭാണ്ഡവും ഇറക്കിവെച്ചു. ശേഷം സൂപ്പർമാർക്കറ്റിൽനിന്നും വാങ്ങിയ ആഹാരവുമെടുത്ത് പള്ളിക്ക് മുൻവശത്തെ ഒരു മരത്തണലിൽ ചെന്നിരുന്നു. സാവധാനം അവിടെ ഇരുന്ന് ആഹാരം കഴിച്ചുതീർത്തു.
ശേഷം വീണ്ടും പള്ളിയകത്തേക്ക് കയറി അവിടെ ടൂറിസ്റ്റുകൾക്കായി ഒരുക്കിയിട്ടുള്ള ശുചിമുറി ഉപയോഗിച്ചശേഷം ചാർജ് ചെയ്യുന്നതിനോട് ചേർന്ന ഒരു ബെഞ്ചിൽ ചെന്നിരുന്നു. വീണ്ടും എൻ്റെ ഡയറി എടുത്ത് എഴുതാൻ ബാക്കിയുള്ള കാര്യങ്ങൾ എഴുതി.
പള്ളിയകത്തെ ആ നിശബ്ദതയിലെ ഇരിപ്പ് ഏറെ സമാധാനപരമാണ്. മാത്രമല്ല പള്ളിയുടെ പഴമയെ തുറന്നുകാട്ടുന്ന അതിൻ്റെ നിർമ്മാണ ശൈലിയും മറ്റ് അലങ്കാരപ്പണികളും സൂക്ഷ്മതയോടെ നിരീക്ഷിച്ചുകൊണ്ട് ഞാൻ ആ ഇരിപ്പ് തുടർന്നു. ഏകദെശം ഒരുമണിക്കൂർ നേരം കഴിഞ്ഞപ്പോഴേക്കും ഫോണും പവർ ബാങ്കും ചാർജിങ് പൂർത്തിയായി. ഇനി രണ്ടു ദിവസത്തോളം ചാർജ് ചെയ്യാൻ ഇടം കിട്ടിയില്ലെങ്കിലും മുന്നോട്ട് പോവാനുള്ള അത്രയും ചാർജ് സൂക്ഷിച്ചിട്ടുണ്ട് പവർ ബാങ്കിൽ.
ഞാൻ മെല്ലെ ഭാണ്ഡവുമെടുത്ത് പുറത്തിറങ്ങി. പള്ളിയുടെ വശത്തുകൂടെ നടന്ന് കമീനോ പാതയിലൂടെ യാത്ര തുടർന്നു. സാന്തരേം പട്ടണം ജലനിരപ്പിൽനിന്നും എത്ര ഉയരത്തിലാണെന്ന് മനസ്സിലാകുന്ന കാഴ്ചകളാണ് ചുറ്റും.
പഴമ നിറഞ്ഞ ജനവാസമേഖലകൾ പിന്നിട്ട് കാട്ടുവഴികൾ പോലെ തോന്നുന്ന പാതയിലൂടെ കുന്നിറങ്ങി സമതലത്തിലെത്തി. പതിയെ പട്ടണത്തിൻറെ തിരക്കുകളും ആളുകൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളും പുറകിലാക്കി ഇരുവശത്തും കൃഷിഭൂമികൾ പരന്നുകിടക്കുന്ന വിജനമായ റോഡിലൂടെ നടത്തം ഏറെ മുന്നേറി.
അപ്പോഴാണ് എൻ്റെ മനസ്സിൽ ഒരു സംശയം ഉടലെടുത്തത്.
“എൻ്റെ ഡയറി.!!”
പള്ളിയകത്ത് ഇരുന്ന് എഴുതിയശേഷം ഞാൻ ഡയറി ഭാണ്ഡത്തിലേക്ക് തിരികെ വച്ചതായി ഓർക്കുന്നില്ല. പെട്ടന്നുതന്നെ നടത്തം നിർത്തി ഭാണ്ഡം പരിശോധിച്ചു. ഭാണ്ഡത്തിൻറെ ഡയറിവക്കുന്ന കള്ളിയിൽ അത് കാണുന്നില്ല. പള്ളിയകത്തെ പുറകിലെ നിര ഇരിപ്പിടത്തിൽ ഫോൺ ചാർജ് ചെയ്യാൻവച്ചതിനരികിലായി എൻ്റെ കയ്യിലിരുന്ന ഡയറിയിൽ കുത്തികുറിച്ചിരിക്കുകയായിരുന്നു. അതിനിടയിൽ പള്ളിയകത്ത് ചുറ്റിനടന്നിരുന്ന ചൈനീസ് ടുറിസ്റ്റുകളിൽ ഒരാൾ തലചുറ്റിവീഴുന്നത് കണ്ടപ്പോൾ ഞാൻ കയ്യിലെ ഡയറിയും പേനയും കയ്യിൽത്തന്നെ വച്ചുകൊണ്ടാണ് അയാളുടെ അടുത്തേക്ക് ഓടിയെത്തിയത്. അതിനുശേഷം അയാൾ വീണ ഇടത്തിനോട് ചേർന്ന ഒരു ഇരിപ്പിടത്തിൽ ഡയറിയും പേനയും വക്കുകയും ആ മനുഷ്യനെ എഴുന്നേൽക്കാൻ സഹായിക്കുകയും ചെയ്തിരുന്നു.
“ഓഹ്.. ഡയറിയും അതിൽ ഇതുവരെ എഴുതിയ ഓർമകളും പള്ളിയകത്തെ ആ ഇരിപ്പിടത്തിൽ തന്നെ.. റസ്റ്റ് ഇൻ പീസ് മൈ മെമ്മറീസ്..”
ഞാൻ എന്നോട് തന്നെ പറഞ്ഞു.
തിരികെ അത്രയും ദൂരം നടക്കാൻ ഞാൻ ഒരുക്കമല്ലായിരുന്നു. അതിനാൽ തന്നെ ആ നിമിഷം ഡയറിയെയും അതിൽ കുറിച്ചിട്ടിരിക്കുന്ന ഓർമ്മകളെയും പറ്റി അൽപ്പം നിരാശയും സങ്കടവുമെല്ലാം ഉണ്ടായിരുന്നെങ്കിലും മുന്നോട്ട് തന്നെ നടന്നു. നീണ്ട യാത്രകളിൽ എല്ലാദിവസവും ഡയറി എഴുതുന്ന ശീലം എനിക്ക് വർഷങ്ങളായുണ്ട്. മിക്കവാറും അത്തരം ഓരോ യാത്രകളിലും ഓരോ ഡയറി എന്നതാണ് ശീലം. ഒരിക്കൽ ബാംഗ്ളൂർ നിന്നും ലോക്കൽ ട്രെയിനുകൾ മാറി മാറി കയറി പൂനെയും, ബോംബെയുമെല്ലാം കൂടി ഗുജറാത്തിൽ പോയ യാത്രയുടെ ഡയറി നാട്ടിലെ വീട്ടിൽ വച്ച് ഞാൻ മറ്റൊരു യാത്രക്ക് പോയപ്പോൾ ചേച്ചി എടുത്ത് വായിക്കാൻ ഇടയായി. അന്ന് അവൾ എന്നോട് ഇനിയും യാത്രകൾ എഴുതണം എന്ന് പറഞ്ഞിരുന്നു. അതിൻ്റെ എല്ലാം തുടർച്ചയാണ് ഈ ഡയറിയും.
ഡയറിയുടെ വിയോഗം എന്നെ സാരമായി ബാധിച്ചില്ല. വിജനമായ കൃഷിഭൂമികൾ താണ്ടി ഞാൻ നടന്നുകൊണ്ടേയിരുന്നു.
കൃഷിഭൂമികളിൽ സാരമായ വ്യത്യാസം വന്നിരിക്കുന്നു. ഇപ്പോൾ കാണുന്ന കൃഷിഭൂമികളിൽ പ്രധാനമായും മുന്തിരി, മാതളം, പെയർ, കുറ്റിച്ചെടി ഒലീവ് മുതലായ വിളകളാണ് നട്ടിരിക്കുന്നത്. വർഷങ്ങൾ നീണ്ടുനിൽക്കുന്ന ഇത്തരം വിളകളുടെ ചുവട്ടിൽ ഓട്ടോമാറ്റിക്ക് ഇറിഗേഷൻ സ്ഥാപിച്ചിട്ടുള്ളതിനാൽ അവിടം മണ്ണിന് ഒരു കുളിർമ്മയുള്ളതായി അനുഭവപ്പെട്ടു.
നടത്തം അൽപ്പംകൂടി നീണ്ടതോടെ അസ്തമയമായി. കൃഷിഭൂമിയിൽ ഇറിഗേഷൻ സ്ഥാപിച്ചിട്ടുള്ളതിനാൽ അവിടെ റ്റെൻറ് സ്ഥാപിക്കൽ അത്ര പ്രായോഗികമല്ല. സൂര്യൻ ഏറെക്കുറെ അസ്തമിച്ച മട്ടായി. അപ്പോഴാണ് വഴിയരികിൽ കൃഷിഭൂമിയോട് ചേർന്ന് ഒരു ആളൊഴിഞ്ഞ കെട്ടിടം ശ്രദ്ധയിൽ പെട്ടത്. ഞാൻ പുല്ലുനിറഞ്ഞ ആ കെട്ടിടത്തിൻറെ ചുറ്റും ഒരുവലം വെച്ച് ചുറ്റുപാട് ഒന്ന് മനസ്സിലാക്കി. അവിടെ ആരും താമസമില്ലാതെ ആയിട്ട് ഏറെ നാളുകളായിരുന്നു. പക്ഷെ കെട്ടിടത്തിനകത്തേക്ക് ഞാൻ കയറിയില്ല. കാരണം ഒരു പഴയ അമേരിക്കൻ സഞ്ചാരി സുഹൃത്തിൻറെ വാക്കുകൾ ഓർമ്മയിൽവന്നു.
“ക്യാമ്പിംഗ് യാത്രകളിൽ ആളൊഴിഞ്ഞ കെട്ടിടങ്ങൾ കണ്ടേക്കാം. പക്ഷെ ഓർക്കുക ആ കെട്ടിടത്തിനുള്ളിൽ എന്താണ് എന്ന് നമുക്കറിയില്ല. അതുകൊണ്ട് മറ്റ് വഴികളൊന്നുമില്ലയെങ്കിൽ മാത്രം കെട്ടിടത്തിന് വെളിയിൽ ക്യാമ്പ് ചെയ്യുക. അതായിരിക്കും കെട്ടിടത്തിന് പുറത്തുനിന്ന് വന്ന നമുക്കും, കെട്ടിടത്തിനകത്ത് ഉള്ളത് എന്തോ അതിനും നല്ലത്” വൈകിച്ചില്ല. സൂര്യൻറെ അവസാന തരി കിരണങ്ങൾ യാത്രപറയും മുൻപ് ഞാൻ ടെൻറ്റ് സ്ഥാപിച്ചു. പതിയെ അതിനുള്ളിലേക്ക് ഉൾവലിഞ്ഞു.