കനൽവഴികൾ

മുന്നിൽക്കാണും വഴികളിലേതാ –
ണെന്നുടെവഴിയെന്നറിവീല
കനലുണ്ടൊന്നിലൊളിഞ്ഞു കിടപ്പൂ
കല്ലും ചളിയും മറ്റൊന്നിൽ

പൂവു പുതച്ചു കിടക്കും വഴിയിൽ –
പ്പോതുകളുണ്ടതിൽ വീണീടും
കാലറിയുന്നീല, കനത്തിൽ
ചളിയാൽ മൂടിയിരിക്കുമ്പോൾ

ആരാരാരുണ്ടിനി നേർവഴികാട്ടാൻ
കൂരിരുളിൽ ദ്യുതിപകരാനായ്
വരവാ,യൊരു തിരി നീട്ടി,യെനിക്കായ്
ക്കരുതിയവെട്ടം തരിവെട്ടം

കാടും നാടും കവിതകൾതേടി –
പ്പാടിനടക്കും കൗതുകമോ?
കണ്ണിലിരുട്ടിന്നഞ്ജനമെഴുതും
കണ്ണീരോ കരിമുകിലോ നീ

വിണ്ണിൻ മാറിലുറങ്ങും ചന്ദ്ര-
ന്നുള്ളിലെ മായാ നീലിമയോ?
നേരിൻ നേരിയ നന്മകൾവീശും
ചാമരമോ പൊൻകതിർമണിയോ?

അത്തിരിവെട്ടച്ചാലിൽ നടന്നേ-
നെട്ടും പൊട്ടും തിരിയാതെ
വഴിയിൽ പൂവിൻ നറുമണമെന്നിൽ
നിറയുമ്പോൾ മനമുണരുന്നൂ

കണ്ടേനപ്പോൾ കനൽവഴിയിൽച്ചെറു
ചെണ്ടായ് നിന്നുടെ സൗഹാർദ്ദം
വേണ്ടാ മറ്റൊരു വഴിയും നിൻ കൈ –
ത്തണ്ടു കരുത്തായ്ച്ചേരുമ്പോൾ

ഹൃത്തിൽക്കവിയും കാവ്യവിപഞ്ചിക –
പുത്തൻ രാഗമുതിർക്കുന്നൂ
കനലും കുളിരും മനമതിലൊന്നായ്
മെനയും കാവ്യകലാഭരണം

(സാവിത്രി പി.ഡി) മലയാളത്തിൽ ബിരുദാനന്തര ബിരുദവും എം.ഫില്ലും. 2007 മുതൽ ഭാരതീയ വിദ്യാഭവനിൽ മലയാളം അദ്ധ്യാപിക. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ കവിതകളും, ശ്ലോകങ്ങളും എഴുതുന്നു. അക്ഷരശ്ലോകസദസ്സുകളിലെ സജീവ സാന്നിദ്ധ്യം