കഥ തുടരും

ഗേറ്റിൽ ഒരു ഓട്ടോ വന്നു നിൽക്കുന്ന ശബ്ദം കേട്ട് ഗീത കർട്ടൻ നീക്കി പുറത്തേക്ക് നോക്കി. അമ്മയാണല്ലോ. എന്താണ് ഒരു മുന്നറിയിപ്പുമില്ലാതെ? അവൾ വേഗം കതക് തുറന്നു പുറത്തിറങ്ങി. അമ്മ ഓട്ടോയിൽ നിന്ന് സാധനങ്ങൾ ഇറക്കുകയാണ്. അവൾ വേഗം ഗേറ്റിലേക്ക് ചെന്നു.

“എന്താണ് അമ്മുക്കുട്ടി ഒരു മുന്നറിയിപ്പും ഇല്ലാതെ?

“അതു കൊള്ളാല്ലോ നിന്നെ കാണാൻ അപ്പോയിന്മെന്റ് എടുക്കണോ?”

“വേണ്ടായേ”. അവൾ ഒരു ബാഗ് എടുക്കാൻ കുനിഞ്ഞെങ്കിലും അമ്മ സമ്മതിച്ചില്ല.

“വയ്യാണ്ട്. അങ്ങോട്ട് മാറ് എനിക്ക് എടുക്കാൻ പറ്റുന്നതേ ഞാൻ കൊണ്ടുവന്നിട്ടുള്ളു”

അമ്മ തന്നെ മൊത്തം ലഗേജും എടുത്തു നടന്നു. അല്ലേൽ തന്നെ എപ്പോഴാണ് അമ്മ എന്നെ കൊണ്ട് എന്തേലും ചെയ്യിച്ചിട്ടുള്ളത്.

വീട്ടിനകത്തു കയറിയിട്ടും രണ്ടാളും സംസാരിക്കാൻ ഒന്നുമില്ലാതെ കുറെ നേരം ഇരുന്നു.

“അമ്മ കുളിച്ചിട്ടു വാ. ഞാൻ രണ്ടു ദോശ ഉണ്ടാക്കാം”

അമ്മ കുളിമുറിയിലേക്ക് നടന്നു. എന്താവാം ഒരു മുന്നറിയിപ്പുമില്ലാതെ അമ്മ വന്നേ. ഗീതയ്ക്ക് ഒരു ചെറിയ ടെൻഷൻ തോന്നി. മൂന്നു മാസത്തിനു മുൻപ് എന്റെ ഒപ്പം ഹോസ്പിറ്റൽ പോകാൻ വന്നതാ. പതിവ് ട്രീറ്റ്മെന്റിന് പോകുമ്പോൾ അമ്മ വരും കൂട്ടിന്. അവൾ ഫ്രിഡ്ജിൽ നിന്ന് മാവ് എടുത്തു പുറത്തു വച്ചു. തികയുമോ? ഉള്ളത് രണ്ടു പേർക്കും കൂടി കഴിക്കാം. ഇച്ചിരി തണുപ്പ് മാറട്ടേ.. ഇപ്പോ ചുട്ടാൽ ദോശ സോഫ്റ്റ് ആകില്ല. അവൾ ചായയ്ക്ക് വെള്ളം വച്ചു.

“നീ ആഹാരം ഒന്നും കഴിക്കുന്നില്ലേ കുഞ്ഞേ? പിന്നേം ക്ഷീണിച്ചല്ലോ?

“കഴിക്കുന്നുണ്ട് അമ്മേ. പണ്ടേ ചില്ലില്ലാത്ത പുട്ടുകുറ്റി പോലല്ലേ . ഒന്നും ശരീരത്തിൽ പിടിക്കൂല”

“കോമഡി ആയിരിക്കും” അമ്മുക്കുട്ടി പരിഭവത്തിൽ ആണ്.

“ഗുളികേം മരുന്നും ചൂടാ കുഞ്ഞേ അതിനനുസരിച്ച് നല്ല ഫുഡ് കഴിക്കണം. നിന്നോട് ഒരു ജോലിക്കാരിയെ വയ്ക്കാൻ പറഞ്ഞാൽ പോലും കേൾക്കൂല”

“ഞാൻ കഴിക്കുന്നുണ്ട് അമ്മേ. ചില നേരത്ത് ഒന്നും കഴിക്കാൻ തോന്നൂല”

“അതു ഒറ്റയ്ക്ക് ആയ കൊണ്ടാ. ഒറ്റയ്ക്ക് ആണേൽ ആരായാലും മടിക്കും. പിന്നെ സ്വതേ മടിച്ചി ആയ നിന്റെ കാര്യം പറയണോ? പറയാൻ അല്ലേ ഒരു അമ്മയ്ക്ക് പറ്റൂ. നീ അറിവും വിവരവും ഉള്ളവൾ ആണ്. പക്ഷേ പല കാര്യത്തിലും നി ഒന്നും അറിഞ്ഞൂടാത്ത പോലാ”

ആ സംഭാഷണം പതിവ് പോലെ ഒരിടത്ത് ആകും ചെന്നു നിൽക്കുക എന്നു ഗീതയ്ക്ക് അറിയാം.

“അച്ഛൻ എന്തു പറയുന്നു. രണ്ടാൾക്കും കൂടി വന്നൂടേ.?”

“വീട്ടിൽ എന്തോരം കാര്യങ്ങൾ ആണ്. നേരം പോകാൻ എന്നും പറഞ്ഞ് കൃഷി തുടങ്ങി. ഇപ്പോ എങ്ങും പോകാൻ പറ്റൂല. അതുങ്ങൾക്ക് വെള്ളം കൊടുക്കണ്ടേ.? രാവിലേ കിഴക്കേലെ അമ്മിണീടെ മോളു വന്ന് മുറ്റമടിക്കും. അതിനു എവിടെയോ ഒരു ചെറിയ പണി ഉണ്ട്. എന്നാലും ഒരു മണിക്കൂർ എന്തേലും ഒക്കെ ചെയ്തു തരും”

മാവിൽ ഉപ്പ് ഇട്ട് ഇളക്കിയപോഴേക്കും അമ്മ എണിറ്റു.

“നീ അങ്ങോട്ടു മാറ്”

അമ്മ ദോശ ചുടാൻ തുടങ്ങി. നല്ല മൊരിഞ്ഞ ദോശ കനം കുറച്ച് അമ്മ ഉണ്ടാക്കുന്നത് ഗീത നോക്കി നിന്നു.
കാപ്പികുടി കഴിഞ്ഞ് പത്രപാരായണം തുടങ്ങി അമ്മ. വന്ന കാര്യം എന്തെന്നറിയാൻ ഗീതയ്ക്ക് ആകാംക്ഷ കൂടി. അമ്മേടെ മൊബെൽ റിംഗ് ചെയ്യുന്നു. അച്ഛനാണ്. അമ്മ യാത്രാ വിശേഷം പറയുന്നു. ഫോൺ എനിക്ക് ഹാൻഡ് ഓവർ ചെയ്തിട്ട് അമ്മ വായനയിലേക്ക് മടങ്ങി.

“ഗീതമ്മ” സുഖം തന്നെയല്ലേ?”

അച്ചന്റ ശബ്ദം കേൾക്കുമ്പോഴേ അവൾക്കു കണ്ണു നിറയും പിന്നെ ശബ്ദം പുറത്തു വരാൻ പാടാണ്. നിറയുന്ന കണ്ണുകൾ അമ്മ കാണാതിരിക്കാൻ അവൾ തിരിഞ്ഞു നിന്നു.

“പറമോളെ”

“ഒന്നുമില്ലാ സുഖം. അച്ഛനോ?

“ശരീരസുഖം ഉണ്ട് മോളെ.” പിന്നേം അച്ഛൻ എന്തൊക്കെയോ ചോദിക്കേം പറയുകേം ചെയ്തു.

ഉച്ചയ്ക്ക് അമ്മ കൂടി ഉള്ളതാ എന്തേലും വൃത്തിക്ക് ഉണ്ടാക്കണം. അവൾ അകത്തു പോയി ചുരിദാർ മാറ്റി. സ്കൂട്ടിയുടെ ചാവിയും ഒരു ബിഗ് ഷോപ്പറും എടുത്ത് ഇറങ്ങി.

“നീ എങ്ങോട്ടാ?”

“കടേൽ ഒന്നു പോയിട്ടു വരാം. ഇച്ചിരി മീൻ കൂട്ടാൻ കൊതി. ഇന്നാകുമ്പോൾ അമ്മുകുട്ടി ഉണ്ടാക്കി തരുമല്ലോ”.

അമ്മ മറുപടി പറയും മുൻപേ ഗീത വണ്ടി സ്റ്റാർട്ടാക്കി. ഈയിടെ കടേൽ പോക്ക് വളരെ കുറവാ. ഓഫീസിൽ നിന്ന് വരുന്ന വഴി വിടിനടുത്ത് ഒരു ചെറിയ കടയുണ്ട്, അവിടുന്ന് വാങ്ങും. ചില ദിവസങ്ങളിൽ അവിടത്തെ ചേച്ചി മീൻ വാങ്ങി തരാറുണ്ട്. ഇന്ന് ഒന്ന് വിസ്തരിച്ച് ഉണ്ണണം. അമ്മ എന്നു മടങ്ങും എന്നറിയില്ല. ഒരാഴ്ചത്തേയ്ക്കുള്ള സാധനങ്ങൾ വാങ്ങി. ബാഗിന് നല്ല വെയിറ്റ് ഉണ്ട്. വണ്ടി പാർക്കിംഗ് ഏരിയ വരെ അതും തൂക്കി നടന്നപ്പോൾ കൈയ്ക്ക് ഒരു ചെറിയ വേദന തോന്നി. ഡോക്ടർ പറഞ്ഞ എക്സർസൈസുകൾ ചെയ്യുമോ എന്നു ചോദിച്ചാൽ ഇല്ല. മടിയാണ് തനിക്ക്.

ബാഗിൽ നിന്ന് സാധനങ്ങൾ ഓരോന്നായി അമ്മ എടുത്തു വച്ചു.

“നീ മാറ് അമ്മ എല്ലാം ചെയ്യാം.”

അമ്മ സ്പീഡിൽ എല്ലാം ചെയ്യുന്നത് നോക്കി ഗീത അടുത്തു തന്നെ നിന്നു. അമ്മയുടെ മുടി വെളുത്തു തുടങ്ങി.

“അമ്മുക്കുട്ടി മുടി നരച്ചല്ലോ”

“കൊച്ചു കുഞ്ഞല്ലേ വയസ് 63 കഴിഞ്ഞു”

“ചോറ് അവിയൽ മീൻ കറി മതിയോ?”

“ധാരാളം. ഞാൻ അവിയൽ ഉണ്ടാക്കാറേ ഇല്ലമ്മു”.

കഴിക്കാൻ നേരവും അമ്മയുടെ മുഖത്ത് ഒരു തെളിച്ച ഗീത കണ്ടില്ല. തന്നെ നിർബന്ധിച്ചു കഴിപ്പിക്കുമ്പോഴും എന്തോ ഒരു സന്തോഷക്കുറവ് ഗീത ശ്രദ്ധിച്ചു.

” ടൈം എത്രയായി?”

“ഒന്നര കഴിയുന്നു.”

“ഒരു സിനിമയ്ക്ക് പോകാമോ?”

“ഓക്കെ”

“ആ ചുരിദാർ ഊരി ഇടുന്നതിനു മുൻപ് പറഞ്ഞൂടായിരുന്നോ അമ്മുക്കുട്ടീ”

“ആ ളോഹ ഇടാൻ എത്ര നേരം വേണം?”

“നീ പോയി റെഡി ആയി വാ” ഞാനും സാരി മാറ്റി വരാം.

സ്കൂട്ടിയുടെ പുറകിൽ ഇരിക്കാൻ അമ്മയ്ക്ക് അത്ര ഇഷ്ടമല്ല.

“ഈ വെയിലത്ത്… ഒരു ആട്ടോ പിടിക്ക്.”

“അമ്മാ ഞാൻ കുണ്ടും കുഴിയിലും വീഴ്ത്താതെ കൊണ്ടുപോകാം കയറ്”.

മനസില്ലാമനസോടെ അമ്മ വണ്ടീൽ കയറി. നാലു തീയേറ്റർ ഉള്ള കോംപ്ലക്സ് ആണ്.

“ഏതേലും തമാശ പടം മതി. ബുദ്ധിജീവി പടം വേണ്ട”

“ഓക്കെ അമ്മു”

പ്രതീക്ഷിച്ച തമാശ ഒന്നും ഇല്ലായിരുന്നു എങ്കിലും പടം രണ്ടര മണിക്കൂർ കണ്ടിരിക്കാൻ കൊള്ളാം. തീയേററിൽ നിന്ന് നേരെ പോറ്റി ഹോട്ടലിൽ കയറി മസാല ദോശയും ചായയും കഴിച്ചു. രാത്രി റൂമിൽ കിടക്കാറില്ല. ഹാളിലെ ദീവാനിൽ ആണ് കുറേക്കാലം ആയി തന്റെ ഉറക്കം. ടി വി കണ്ട് കിടന്ന് എപ്പോഴെങ്കിലും ആണ് ഉറങ്ങുന്നേ. ഇന്ന് അമ്മ ഉണ്ടല്ലോ റൂമിലെ ബെഡിൽ അവൾ ഷീറ്റ് ഒക്കെ മാറ്റി വിരിച്ചു. പുതിയ തലയിണ ഉറ ഇട്ടു. എ സി വേണോ? വേണ്ട. അത്ര ചൂടില്ല. ബാത്ത് റൂമിൽ പോയി മേലുകഴുകി ഗീത നൈറ്റി ഇട്ടു. കിടക്കുമ്പോൾ ബ്രാ ഇടാറില്ല. ഇന്നു ഇടാം അമ്മയ്ക്ക് സംസാരിക്കാൻ ഒരു ടോപിക്കു ഇട്ടു കൊടുക്കണ്ട.

“നീ ഈ വീട്ടിൽ താമസം തുടങ്ങീട്ട് എത്ര കാലം ആയി?”

“ആറു വർഷം”

“കാലങ്ങൾ എത്ര വേഗം പോകുന്നു.” അമ്മ അടുത്തു കിടന്നു തന്റെ മുടിയിഴ തലോടി.

“എന്തോരം മുടി ഉണ്ടായി …. “പറഞ്ഞു വന്നതും സ്വിച്ച് ഇട്ട പോലെ അമ്മ നിർത്തി. ഞാനും അതു കേട്ടതായി ഭാവിച്ചില്ല.

“മോളെ അമ്മ ഒരു കാര്യം പറയുവാ. നീ വയലന്റ് ആകരുത്. നന്ദിനി എന്നെ വിളിച്ചു. അവർക്ക് തീരെ വയ്യ. നിന്നെ ഒന്നു കാണണം എന്നു പറഞ്ഞു. അവർക്ക് ഇപ്പോ യാത്ര പറ്റില്ല. നീ പറ്റുമെങ്കിൽ ഒന്നു തൃശൂർ വരെ പോയാൽ കൊള്ളാം.”

“ഇതു പറയാൻ അമ്മ ഇത്രേം പേടിക്കുന്നത് എന്തിനാ.എനിക്കും അവരെ കാണണം എന്ന് തോന്നി. അച്ഛനോട് അതേ പറ്റി സംസാരിക്കാൻ ഇരുന്നതാ.നോക്കട്ടമ്മേ ലീവ് ശരിയാകുമ്പോൾ ഞാൻ പോകാം.”

“നീ വീട്ടിൽ വാ നമുക്ക് മൂന്നാൾക്കും കൂടി ഒരു ടാക്സി അറേഞ്ച് ചെയ്ത് പോകാം.”

“വേണ്ടമ്മേ എനിക്ക്… വേണ്ട : ഞാൻ ഒറ്റയ്ക്ക് പോകാം.”

“നിന്റെ ഇഷ്ടം. അധികം വൈകണ്ട.”

“അവരെ നോക്കാൻ ആരാ ഉള്ളത്.?”

“ഒരു ഹോം നഴ്സ് ഉണ്ട്. വേറെ ആരുമില്ല. അനിലും ലീവിന് ശ്രമിക്കുന്നുണ്ട്. എന്നാ നന്ദിനി പറഞ്ഞേ”

“നിങ്ങൾ തമ്മിൽ ഫോൺ വിളി ഉണ്ടോ?”

“എനിക്ക് അവളെ ഉപ്രക്ഷിക്കാൻ പറ്റുമോ? തെറ്റ് ആരുടെ ഭാഗത്ത് ആയാലും. എനിക്ക് അവളെ കളയാൻ പറ്റില്ല.”

“ഹും.”” അമ്മ ഉറങ്ങിക്കോ”

ജനാലയിലൂടെ അരിച്ചിറങ്ങുന്ന നിലാവിൽ അമ്മയുടെ മുഖം ഗീത ശ്രദ്ധിച്ചു. മറ്റമ്മേടെ കാര്യം പറയുമ്പോൾ ഞാൻ ദേഷ്യം പിടിക്കും എന്നായിരുന്നു അമ്മ പ്രതീക്ഷിച്ചേ . എന്റെ ദേഷ്യ കടൽ ഒക്കെ എന്നേ വറ്റി നദി ആയിരിക്കുന്നു. ഇപ്പോ നദിയിലും വെള്ളം കുറഞ്ഞു തുടങ്ങി. നശിക്കാത്ത ആത്മബന്ധങ്ങളിൽ കോർത്തു കിടക്കുകയാണ് ജീവിതം. പയ്യെ ഗീതയും ഉറങ്ങി.

“എന്താ ഗീതേ ട്രീറ്റ്മെന്റ് റിഗാർഡിംഗ് ആണോ?” ഓഫീസിൽ രണ്ടു ദിവസം ലീവ് കൊടുത്തപ്പോൾ സാർ തിരക്കി

“അല്ല സർ. മദർ ഇൻലാ കിടപ്പിലാ ഒന്നു കാണാൻ ആണ്.”

“ഗീത ലോങ് ട്രാവൽ തുടങ്ങിയോ?”

“ഇല്ല ആദ്യമായിട്ടാ. നോക്കാം. ടെയിനിൽ ആണ്.”

ടിക്കറ്റ് സൈറ്റിൽ കയറി ബുക്ക് ചെയ്തു. അമ്മേ വിളിച്ച് ഡേറ്റ് പറയണോ? വേണ്ട പോകുന്നതിന്റെ തലേന്ന് പറയാം.

മറ്റമ്മയ്ക്ക് അത്ര പ്രായം ആയിട്ടില്ല. അമ്മേടെ ക്ലാസ് മേറ്റ് ആണ്. പക്ഷേ പണ്ടേ അത്ര ഹെൽത്തി അല്ല. ഇപ്പോ തീരെ വയ്യ എന്നാ കേട്ടത്. അമ്മയ്ക്ക് ഡീറ്റയിൽസ് അറിയാം പക്ഷേ ഞാൻ തിരക്കാത്ത കൊണ്ട് അമ്മ പറയാറില്ല. ലാസ്റ്റ് അവരെ കണ്ടത് എന്നാണ്. താൻ ഹോസ്പിറ്റലിൽ ഓപറേഷൻ കഴിഞ്ഞ് കിടന്നപ്പോൾ തന്നെ നോക്കി വന്നിരുന്നു. രണ്ടു ദിവസം ബൈ സ്റ്റാൻഡർ ആയി നിൽക്കാം എന്നും പറഞ്ഞു. പൊട്ടിയ കണ്ണി വിളക്കി ചേർക്കണ്ട അമ്മേ എന്നു പറഞ്ഞ് താനാണ് അവരെ മടക്കി അയച്ചത്. എന്നിട്ടും എന്നും അമ്മേ ഫോൺ ചെയ്യുന്നത് അറിയുന്നുണ്ടായിരുന്നു. തന്റെ അന്നത്തെ ശരികൾ ശരികൾ ആയിരുന്നോ? അറിയില്ല. നശിക്കാത്ത ആത്മബന്ധങ്ങളിൽ കോർത്തു കിടക്കുകയാണ് ജീവിതം. പൊട്ടിച്ചെറിയാൻ എളുപ്പമല്ല.
ബുധനാഴ്ച രാത്രി ഗീത ട്രാവൽ ബാഗ് എടുത്തു. എത്രയോ നാളായി ഒരു യാത്ര പോയിട്ട്. ടെയിനിൽ കയറിയത് മറന്നു. അത്യാവശ്യം ഒന്നു രണ്ടു ജോടി ഡ്രസും സാധനങ്ങളും എടുത്തു ബാഗിൽ വച്ചു. അച്ഛനെ ഫോൺ ചെയ്തു വ്യാഴാഴ്ചത്തെ ട്രയിനിൽ പോകുന്നു എന്നും സൺഡേ ഈവനിംഗ് എത്തുമെന്നും പറഞ്ഞു. അച്ഛൻ കൂടുതൽ ഒന്നും ചോദിച്ചില്ല. പതിവു പോലെ ” ടേക്ക് കെയർ മൈ ഗേൾ” എന്നു പറഞ്ഞു.

ടെയിനിൽ വായിക്കാനായി ഒരു പുസ്തകം കരുതി ഇരുന്നെങ്കിലും അതു വച്ച ബാഗ് മുകളിൽ വച്ച കാരണം അതു നടന്നില്ല. പിന്നെ ഫോണിൽ കൂട്ടുകാരി അയച്ചു തന്ന പച്ചക്കുതിര മാസികേടെ പി ഡി എഫ് വായിച്ചു. ‘മന്ദാക്രാന്താ മദന തതഗം’ എന്നൊരു കഥ വായിക്കാൻ തുടങ്ങി. ശരിക്കും തൃശൂർ എത്തിയത് അറിഞ്ഞില്ല. പുതിയ കഥാകാരി ആണെന്നു തോന്നുന്നു. ഷബിത. അധികം കേട്ടിട്ടില്ല. എന്തായാലും അവരുടെ ലൈല ഉടനെയൊന്നും എന്നെ വിട്ടു പോകുന്ന മട്ടില്ല.

കാളിങ്ങ് ബെൽ അടിക്കുന്നതിനു മുമ്പേ വാതിൽ തുറന്നു ഹോം നഴ്സ് വന്നു. ” വൈകിയോ? എപ്പഴേ കാത്തിരിക്കുന്നു ചേച്ചി.”

കയ്യും മുഖവും കഴുകി ഗീത റൂമിലേക്ക് കയറി. മറ്റമ്മ തന്നെയാണോ? ആകെ ഒരു കോലം ആയി. ഗീത ലൈറ്റിട്ടു. എണീക്കാൻ ഒരു പാഴ്ശ്രമം നടത്തി.

“എണീക്കണ്ട കിടന്നോളൂ”

ഗീത അടുത്തിരുന്നു. രണ്ടാൾക്കും ഒന്നും ചോദിക്കാൻ ഉണ്ടായില്ല പറയാനും.

യാത്ര കഴിഞ്ഞു വന്നതല്ലേ ഒന്നു കുളിക്കാം. ഹാളിന്റെ സൈഡിലെ ബാത്ത് റൂമിൽ കയറാൻ തുടങിയതും സഹായി വന്നു പറഞ്ഞു.

” അയ്യോ. കുഞ്ഞിന്റെ മുറി വൃത്തിയാക്കി ഇട്ടിരിക്കുവാ” . അവർ ബാഗുമെടുത്ത് മുന്നിൽ നടന്നു. മുറിക്ക് പ്രത്യേകിച്ച് മാറ്റം ഒന്നും വന്നിട്ടില്ല. മാറ്റം മനുഷ്യർക്കു മാത്രമാണല്ലോ.

കുളി കഴിഞ്ഞ് കാപ്പിയും കുടിച്ചു വീണ്ടും മറ്റമ്മേടെ അടുത്ത് പോയി. ആരോടോ ഫോണിൽ സംസാരിക്കുന്നു. തന്നെ കണ്ടതും ഫോൺ നീട്ടി. അമ്മ ആയിരുന്നു. അധികം സംസാരിച്ചില്ല. യാത്രാ വിശേഷം ചോദിച്ച് വച്ചു. മൗനം ആരു മുറിക്കും എന്ന മത്സരം താൻ തന്നെ തോൽക്കാൻ തീരുമാനിച്ചു. രോഗ വിവരത്തിൽ തുടങ്ങി. സംസാരിക്കാൻ നല്ല ബുദ്ധിമുട്ടുണ്ട്. കിതയ്ക്കുന്നു. എന്നാലും സംസാരിക്കാൻ ഇഷ്ടം. എന്റെ ജോലിക്കാര്യം താമസം ഒക്കെ ചോദിച്ചു. എന്റെ അസുഖം രണ്ടാളും പരാമർശിച്ചില്ല. പിന്നീട് അനിലിന്റെ മോളെപ്പറ്റി വർണന ആയി. നേരിൽ കണ്ടിട്ട് രണ്ട് കൊല്ലം ആയി. എന്നും വീഡിയോ വിളിക്കും എന്നു പറഞ്ഞു. ഇന്നു വിളിക്കുമ്പോൾ നിന്നെ കാണാം എന്നുള്ള സന്തോഷത്തിൽ ആണ് ഇന്നലെ ഫോൺ വച്ചത്.

“ഞാനിച്ചിരി കിടക്കട്ടേ മറ്റമ്മേ”.. ആ മുറിയുടെ സൈഡിൽ കിടന്ന സോഥയിൽ അവൾ കിടന്നു.

“നിന്റെ ശീലങ്ങൾ ഒന്നും മാറ്റിയില്ലേ. ഇത്രേം കട്ടിൽ ഈ വീട്ടിൽ ഉള്ളപ്പോൾ നീയെന്തിനാ സോഫയിൽ കിടക്കുന്നേ.?”

“മറ്റമ്മയ്ക്ക് ഇനി എന്നാ ഹോസ്പിറ്റലിൽ പോകേണ്ടേ?”

“എനിക്ക് ഇനി പ്രത്യേകിച്ച് ട്രീറ്റ്മെന്റ് ഒന്നുമില്ല. പാലിയേറ്റീവ് കെയർ ആണ്. ബെഡ് സോർ ഒക്കെ വരാതിരുന്നാൽ ഭാഗ്യം.”

സംസാരിക്കാൻ നല്ല ബുദ്ധിമുട്ടുന്നവർക്ക്. ഇങ്ങോട്ടു പോരുമ്പോൾ അവരോട് ചോദിക്കാൻ കരുതിയിരുന്ന ചോദ്യങ്ങൾ ഒക്കെ വെള്ളം തൊടാതെ അവൾ വിഴുങ്ങി. ഇനി രണ്ടാളും എത്രനാൾ. ദൈവം അനുവദിച്ച പരോളിൽ ആണ് തന്റെ ഇപ്പോഴത്തെ ജീവിതം.

അനിലിന്റെ മോളെ കാണണം എന്നുള്ള ആഗ്രഹത്തെ ഉള്ളിൽ അമർത്തി അവൾ നേരത്തെ ഉറങ്ങാൻ കിടന്നു. കാഴ്ചകൾ മങ്ങി തുടങ്ങിയിട്ട് കൊല്ലം എത്രയായി. മങ്ങിയ കാഴ്ചകൾ കണ്ടു ജീവിച്ച് ശീലമായി. ഇനി അങ്ങനെ പോട്ടെ. ഉറങ്ങാൻ നേരം അവൾ പതിവു പോലെ അച്ഛനു മെസേജിട്ടു. തിരിച്ചു അച്ഛന്റെ ഒരു ഉമ്മ സ്മൈലി അവൾക്കു കിട്ടി.

നന്നായി ഉറങ്ങി വന്നപ്പോൾ അരോ കുലുക്കി ഉണർത്തി. നോക്കുമ്പോൾ മറ്റമ്മെടെ സഹായി അണ്.. “ഫോണിൽ കുഞ്ഞു”

ഗീത പതുക്കെ എണീറ്റു. മുടി ഒന്ന് കയ്യ് വച്ച് ഒതുക്കി. മറ്റമ്മ ചാരി ഇരുന്നു സംസാരിക്കുന്നു.വീഡിയോ കോൾ അണ്. ഗീത മടിച്ചു മടിച്ചു കട്ടിലിൻ്റെ ഓരത്ത് എത്തി. മറു വശത്ത് പതിമൂന്ന് വയസ്സ് മുതൽ താൻ കൊണ്ട് നടന്ന ജീവൻ അണ്. എത്ര പെട്ടെന്നാണ് എല്ലാം അന്യമായത്. നിസാര സംഭവങ്ങൾ മുള പൊട്ടി വളർന്നു എത്ര വേഗത്തിൽ ആണ് ശത്രുത പന്തലിച്ചത്. ഇന്നലെയുടെ നഷ്ടങ്ങളെ മാത്രമേ ഓർമ്മകൾ വെള്ളവും വളവും നൽകി വളരാൻ അനുവദിക്കാറുള്ളൂ.

ഗീതയെ കണ്ടതും അനിൽ ഹായ് പറഞ്ഞു. ഗീത തിരിച്ചും. ഗീത അനിലിനെ നോക്കി. ഒരു മാറ്റവും ഇല്ല. ഇച്ചിരി കുട വയർ വന്നിട്ടുണ്ടോ? ഇല്ല, പണ്ടെ സൗന്ദര്യത്തിൽ ബദ്ധശ്രദ്ധ അണ് .അടുത്തിരിക്കുന്ന കുഞ്ഞിലേക്ക് ഗീത നോട്ടം മാറ്റി.

“ഹലോ വല്യമ്മ”

“ഹലോ മോളൂ.. ഹൗ ആർ യു?

“ഐ ആം ഫയിൻ . വാട്ട് എബൗട്ട് യൂ?

“ഐ ആം പെർഫെക്റ്റലി ആൾ റെറ്റ്.”

ഗീതയും കുഞ്ഞും കൂടി കുറച്ചു സംസാരിച്ചു. വീണ്ടും അനിൽ.

” നിനക്ക് സുഖം അല്ലേ. പീരിയോഡിക് ചെക്ക് അപ്പ് ഒക്കെ ഇല്ലേ?”

“എല്ലാം ഉണ്ടു..ഞാൻ നന്നായി ഇരിക്കുന്നു”

രണ്ടു പേരും ജോലിക്കാര്യം സംസാരിച്ചു. അനിൽ അവന്റെ പുതിയ പ്രൊജെക്ടിനെ കുറിച്ചു വാചാലനായി. ഒടുവിൽ രണ്ടാളും ഇനി എന്ത് ചോദിക്കാൻ എന്ന അവസ്ഥയിൽ എത്തി.

“താങ്ക്സ് ഫോർ കമിങ്” “മൈ അമ്മാ ഇസ് സോ ഹാപ്പി ടുഡേയ് ‘”

“മൈ അമ്മാ റ്റൂ’

ഗീത ഫോൺ മറ്റമ്മെടെ കയ്യിൽ കൊടുത്തു റൂമിൽ നിന്ന് പുറത്ത് ഇറങ്ങി. ആറു വർഷങ്ങൾക്ക് മുൻപ് ഞണ്ടുകൾ എൻ്റെ ശരീരത്തിൽ താമസം തുടങ്ങി എന്നറിഞ്ഞപ്പോൾ തുടങ്ങിയ അകലം. അമേരിക്കയിൽ ജോലി കണ്ടെത്തി രക്ഷപ്പെടൽ ആയിരുന്നു എന്നിൽ നിന്നും. ഒരു വർഷം കഴിഞ്ഞ് ലീവിന് വന്നപ്പോൾ…

“എനിക്ക് ഇനി നിന്നോട് പൊരുത്തപ്പെടാൻ പറ്റില്ല. ഞാൻ കൂടെ ജോലി ചെയ്യുന്ന അന്നയുമായി അടുപ്പത്തിൽ അണ്.”

കേട്ടപ്പോൾ ശരീരത്തിൻ്റെ വേദന എന്ത് നിസാരം എന്ന് തോന്നി. ജോയിൻ്റ് ഡിവോർസ് പെറ്റിഷനിൽ ഒപ്പിടാൻ പോയപ്പോൾ അച്ഛൻ എതിർത്തു.

“ഒപ്പിട്ടു കൊടുക്കല്ല്. അവൻ അങ്ങനെ വേറെ കെട്ടി താമസിക്കണ്ട ” അച്ഛൻ കട്ടായം പറഞ്ഞു.

പതിമൂന്നാം വയസു മുതൽ 26 വയസു വരെ ഹൃദയത്തിൽ ചേർത്ത് പിടിച്ച ആള് നിഷ്കരുണം തള്ളിയപ്പോൾ അസുഖം ശരീരത്തെ തളർത്തിയപ്പോൾ അച്ഛനെ മാത്രം ഓർത്തു. അമ്മയുടെ ഉറ്റ കൂട്ടുകാരിയുടെ പഠിപ്പിൽ മിടുക്കനായ മകൻ. അവൻ പഠിച്ച പുസ്തകങ്ങൾ കൈമാറിയാണ് ഞാൻ പഠിച്ചത്. പുസ്തകത്തിലെ അക്ഷരങ്ങളെ സ്നേഹിച്ച പോലെ അവനെ സ്നേഹിച്ചു. പ്രേമമാണ് എന്നറിഞ്ഞപ്പോൾ അമ്മ മൗനാനുവാദം തന്നു. എന്തോ അച്ഛനു ഒട്ടും ഇഷ്ടമല്ലായിരുന്നു.

“നിന്റെ സെലക്ഷൻ അല്ലേ.. മോശമാകാതിരിക്കട്ടെ. എന്തു വന്നാലും നിനക്ക് കയറി വരാൻ ഈ വീടുണ്ട്. പിന്നെ നിന്റെ അച്ഛനും”

പറഞ്ഞ വാക്ക് അച്ഛൻ ഒരിക്കലും മാറ്റിയില്ല. അനിലിന് എന്നും സ്വന്തം ഉയർച്ച മാത്രം ആയിരുന്നു ലക്ഷ്യം. തനിക്ക് അസുഖം ആയപ്പോൾ അയാളുടെ അമേരിക്കൻ പ്രോജക്റ്റ് മുടങ്ങുമോ എന്ന ആശങ്ക മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്നാണ് താൻ കൊണ്ടു നടന്നത് ചെമ്പ് നാണയം ആയിരുന്നു എന്നു ബോധ്യമായത്.
ഓപ്പറേഷൻ കഴിഞ്ഞ് പോയാൽ പോരേ എന്ന് ചോദിച്ച രാത്രി നിന്നെ ഒറ്റ മുലച്ചി ആയി കാണാൻ എനിക്ക് ശക്തി ഇല്ല എന്നായിരുന്നു മറുപടി. ആ മറുപടി ആയിരുന്നു പിന്നീടുള്ള എന്റെ ശക്തി. ഇനിയും അച്ഛനെ വിഷമിപ്പിച്ചു കൂടാ എന്ന് തീരുമാനം എടുക്കാൻ ഇനിയും ജീവിക്കണം എന്നു തീരുമാനിച്ചു. ഡിവോഴ്സ് പെറ്റീഷനിൽ ഒപ്പിടുമ്പോൾ കൈ വിറച്ചില്ല. പോകാൻ നേരം ഫസ്റ്റ് ആനിവേഴ്സറിക്ക് വാങ്ങി തന്ന ഡയമന്റ് റിംഗ് അന്നയ്ക്ക് സമ്മാനമായി കൊടുത്തു വിട്ടു. പിന്നീട് കാണുന്നത് ഇന്നാണ്. ഇതിനിടയിൽ ഫേസ്ബുക്കിൽ പീപ്പിൾ യു മേ നോയിൽ ഫോട്ടോ ഐഡി കണ്ടിട്ടുണ്ട്. പക്ഷേ ഒരിക്കൽ പോലും പ്രൊഫൈൽ ഓപ്പൺ ആക്കാനോ ടൈം ലൈൻ ഫോട്ടോസ് നോക്കാനോ തോന്നിയിട്ടില്ല. കാണുന്ന ഏതോ ഒരാൾ അങ്ങനെയേ തോന്നിയിട്ടുള്ളൂ.

ഇപ്പോഴത്തെ ഈ വരവ് പോലും തന്റെ അമ്മയ്ക്ക് വേണ്ടി ആണ്. അമ്മയും മറ്റമ്മയും തമ്മിലുള്ള സ്നേഹം താൻ കാരണം ഇല്ലാതാകരുത് എന്നുണ്ട്. ഒരു പക്ഷേ തന്നെ കണ്ടത് അവർക്ക് സന്തോഷം ആയെങ്കിൽ തനിക്ക് കൊടുക്കാൻ പറ്റുന്ന സമ്മാനവും അതു തന്നെ അല്ലേ.

അകത്ത് ഫോൺ വച്ചു എന്നു തോന്നുന്നു. ഗീത റൂമിലേക്ക് കയറി. മറ്റമ്മ സന്തോഷത്തിൽ ആണ്. ഗീത അടുത്തു ചെന്നു. നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടി മെല്ലെ ഒതുക്കി. കുനിഞ്ഞ് നെറ്റിയിൽ ഒരുമ്മ കൊടുത്തു. മറ്റമ്മ കരയുന്നു.

“കരയണ്ട എല്ലാം നിയോഗം ആണ്. ഞാൻ നാളെ രാവിലത്തെ വണ്ടിക്ക് പോകും. ഇടയ്ക്ക് വരാം”

മറ്റമ്മ എന്തോ പറയുന്നുണ്ടായിരുന്നു. വിതുമ്പലിൽ അത് പുറത്തേയ്ക്ക് വന്നില്ല. മുറുകെ പിടിച്ചിരിക്കുന്ന കൈകൾ വിടുവിച്ച് ആ കൈകളിൽ മുത്തി ഗീത തന്റെ മുറിയിലേക്ക് പോയി. കിടന്നു എങ്കിലും ഗീതയ്ക്ക് ഉറക്കം വന്നില്ല. മറ്റമ്മയോട് ഇത്രയും വാശിയും വിരോധവും വേണമായിരുന്നോ? പോട്ടെ എല്ലാം കഴിഞ്ഞു. അവൾക്ക് കുറെ കാലത്തിന് ശേഷം ഒരു ഭാരക്കുറവ് തോന്നി.

രാവിലെ ബാഗുമായി ഇറങ്ങാൻ നേരം ഗീത വീണ്ടും മറ്റമ്മയുടെ അടുത്തെത്തി. അവർ സുഖമായി ഉറങ്ങുന്നു. അവൾ കുനിഞ്ഞ് ഒരുമ്മ കൊടുത്തു. രണ്ടു തുള്ളി കണ്ണീർ ആ മുഖത്ത് വീണു. അവൾ പുറത്തേയ്ക്ക് നടന്നു. നേരം പുലരുന്നതേ ഉള്ളൂ. ഇനിയുള്ള പ്രഭാതങ്ങൾ എനിക്കുള്ളതാണ്. എനിക്ക് മാത്രം.

തിരുവനന്തപുരം പേരൂർക്കട സ്വദേശിനി. പ്രോവിഡന്റ് ഫണ്ട് ഓഫീസിൽ ജോലി ചെയ്യുന്നു. നവമാധ്യമങ്ങളിൽ കഥകൾ എഴുതുന്നു.