കഥാവശേഷം

വായനാമുറിക്കുള്ളില്‍ നിന്നും  തേടിപ്പിടിച്ച കവിതകള്‍, അവ ഇരുപതെണ്ണം ഉണ്ടായിരുന്നു. പ്രണയത്തെയോ വിരഹത്തെയോ കുറിച്ച്, ജീവിതത്തെയോ മരണത്തെയോ കുറിച്ച് നല്ലതും ചീത്തയും ആയ കവിതകള്‍. പനിച്ചു കിടന്ന പകലില്‍ എഴുതി വച്ച ഒന്ന്, രോഗത്തെക്കുറിച്ചുള്ളത്, മരുന്നിന്‍റെ കുറിപ്പടി പോലെയാണ് കണ്ടെടുത്തത്; പകുതി മടക്കിവച്ച പുസ്തകത്തിനുള്ളില്‍ നിന്ന്.

കവിതകള്‍ കൈകളിലെടുത്ത് പുറത്തേക്കിറങ്ങുമ്പോള്‍ തോന്നിയത് മീര മുയല്‍ക്കൂടുകള്‍ക്കരികില്‍തന്നെ ഉണ്ടാകുമെന്നാണ്. അവളുടെ പ്രിയപ്പെട്ട മുയലുകള്‍, ഉറങ്ങുമ്പോള്‍ പഞ്ഞിമേഘങ്ങള്‍ പോലെ തോന്നുന്നവ, നോഹയുടെ പെട്ടകത്തിലേതു പോലെ ഒരാണും ഒരു പെണ്ണും.

ഞാന്‍ കരുതിയതു പോലെ അവള്‍ കൂടുകള്‍ക്ക് അരികില്‍ത്തന്നെ നിന്നിരുന്നു. മറ്റെവിടെ നിന്നോ കൊണ്ടുവന്ന ഇലകള്‍ വൃത്തിയാക്കി മുയലുകള്‍ക്ക് നല്‍കിക്കൊണ്ട്.

മിനിയാന്ന് പട്ടണത്തില്‍  സ്വന്തമായുള്ള ബുക്ക്ഷോപ്പില്‍ നിന്നു മടങ്ങിയെത്തുമ്പോള്‍ ഒരു ടാബ്ളോയിഡ് മീര  കരുതിയിരുന്നു. കറുപ്പിലും വെളുപ്പിലും അച്ചടിക്കുന്ന, ഇന്ത്യന്‍ എഴുത്തുകാരുടെ ചിത്രം മുഖചിത്രമായി ചേര്‍ത്തിരുന്ന ഒന്ന്. അതിന്‍റെ അവസാനത്തെ പേജില്‍ കത്തുകള്‍ പ്രസിദ്ധീകരിച്ചിരുന്നതിനു കീഴെ അവള്‍ വിരല്‍ചൂണ്ടി. ഇതുവരെ അച്ചടിക്കാത്ത കവിതകള്‍ക്കുള്ള അവാര്‍ഡിനെക്കുറിച്ചുള്ള അിറയിപ്പായിരുന്നു അത്. ശരിക്കും ഒരു വിവാഹപ്പരസ്യമോ ചരമ അിറയിപ്പോ പോലെ.

‘നോക്ക്’  അവള്‍ അതിലേക്കു ചൂണ്ടി.

വായനാമുറിക്കുള്ളില്‍ ഏറെ നേരം ചിലവഴിച്ചിരുന്ന അവധിദിനങ്ങളില്‍ പുസ്തകഗന്ധം ഏറെ അനുഭവിക്കുന്ന പകലുകളില്‍ ഒന്നോ രണ്ടോ പുറങ്ങളില്‍ ഞാന്‍ കവിത കുറിക്കാറുണ്ടെന്ന് അവള്‍ക്കറിയാം. മുമ്പ് എഴുതിത്തുടങ്ങുമ്പോള്‍ അവ പ്രസിദ്ധീകരണങ്ങള്‍ക്ക് അയച്ചു കൊടുക്കുകയും അച്ചടിക്കാതെ തന്നെ അപ്രത്യക്ഷമാകുകയും ചെയ്തിരുന്നു. അതുകൊണ്ടോ കീബോര്‍ഡിലെ അക്ഷരങ്ങള്‍ വഴങ്ങാത്തതു കൊണ്ടോ പിന്നീട് എഴുതിയവയൊക്കെ കുറച്ചു നേരത്തിനു ശേഷം ഉപേക്ഷിക്കുകയാണ് പതിവ്. ചിലപ്പോള്‍ അതേ നേരം വായിച്ചിരുന്ന പുസ്തകത്തിനുള്ളില്‍, മറ്റു ചിലപ്പോള്‍ നിലത്തോ മറ്റോ.

വിവാഹം കഴിഞ്ഞ നാളുകളില്‍ അവള്‍ക്ക് പുസ്തകങ്ങളോട് പ്രിയമുണ്ടായിരുന്നില്ല. പിന്നീടെപ്പോഴോ അവയെ കുഞ്ഞുങ്ങളോടുപമിക്കുവാന്‍ തുടങ്ങുകയും ചെയ്തു. ഒരുച്ചയുറക്കത്തിനിടയില്‍ കിടപ്പറയിലേക്ക് ഓടിക്കയറുവാനും നമ്മളെ തട്ടിയുണര്‍ത്തുവാനും അവയ്ക്കാകുമെന്ന് മീര പറഞ്ഞിരുന്നു, ഒരു രാത്രിയില്‍, നിലത്ത് പുകവലിച്ചു കിടക്കുമ്പോള്‍.

അങ്ങനെ പറഞ്ഞതിന്‍റെ പിറ്റേന്നോ അതേ ആഴ്ചയിലോ അവള്‍ എന്നെയും കൂട്ടി പട്ടണത്തിലേക്ക് യാത്ര തിരിച്ചു. നിത്യയാത്രികയെപ്പോലെ നിരത്തുകളില്‍ അലഞ്ഞു. നിരത്തിന്‍റെ അങ്ങേയറ്റത്ത് അഴുക്കുപിടിച്ചു കിടന്ന പീടികമുറി ചൂണ്ടി ഇവിടെ ഒരു ബുക്ക്ഷോപ്പ് തുടങ്ങാമോ എന്നു ചോദിച്ചു. അന്നേ ദിവസം ബസില്‍ വീട്ടിലേക്കു മടങ്ങുമ്പോള്‍  മീര ഒരു കഥ പറഞ്ഞു. കഴുകാനെടുക്കുന്ന ഷേര്‍ട്ടിന്‍റെ പോക്കറ്റില്‍ നിന്നും കണ്ടെടുക്കാറുള്ള ബസ് ടിക്കറ്റുകള്‍ കൊണ്ട് ഭര്‍ത്താവിന്‍റെ സഞ്ചാരപാതകള്‍ വരച്ചുണ്ടാക്കുന്ന ഒരു സ്ത്രീയെക്കുറിച്ച്. പിന്നെപ്പിന്നെ അവര്‍ക്കത് മനപാഠമാകുന്നു. ഇതേ കഥ ഞാനും മുമ്പ് വായിച്ചിരുന്നതായി തോന്നി.

ബുക്കഷോപ്പ് തുടങ്ങിയ ശേഷം വൈകുന്നേരങ്ങളില്‍ മടങ്ങിയെത്തുമ്പോള്‍ ഒരു പുസ്തകമോ വാരികയോ അവള്‍ കൈകളില്‍ കരുതുകയും രാത്രി വൈകുവോളം അതു വായിക്കുകയും ചെയ്തു. ഏകാന്തതയെക്കുറിച്ചുള്ള പുസ്തകങ്ങള്‍ക്കായി ഒരു പ്രത്യേക ഷെല്‍ഫ് തന്നെ ഒരുക്കി. മികച്ച പുസ്തകങ്ങള്‍ ഒന്നും തന്നെ വില്‍ക്കാനില്ല എന്നു തോന്നുമ്പോള്‍ ദിവസങ്ങളോളം ബുക്ക്ഷോപ്പ് പൂട്ടിയിട്ടു. അത്തരം ദിവസങ്ങളില്‍ ആയിടയ്ക്ക് വായിച്ച പുസ്തകത്തിലെ കഥാപാത്രത്തെപ്പോലെയാണ് അവള്‍ ജീവിച്ചത്. ഒരിക്കല്‍ മേല്‍വസ്ത്രങ്ങള്‍ ധരിക്കാതെ സസ്യാഹാരം മാത്രം കഴിച്ച്, മറ്റൊരിക്കല്‍ പ്രത്യേകമായ ഭാഷയില്‍ സംസാരിച്ചുകൊണ്ട്.

ഷോപ്പിലെ നിത്യസന്ദര്‍ശകരില്‍ ഒരാള്‍ സമ്മാനമായി നല്കിയതായിരുന്നു മുയല്‍ക്കുഞ്ഞുങ്ങള്‍. അതിലൊന്ന് ഗര്‍ഭിണിയാണ്. കവിതകളുമായി ഞാന്‍ അവള്‍ക്കരികിലേക്കു ചെന്നു. എന്‍റെ വരവില്‍ ഭയന്നുപോയ മുയലിനെ അവള്‍ കൂട്ടിലേക്ക് വിട്ട് കൂട് ഭദ്രമായി അടച്ചു. ഞങ്ങള്‍ വീടിനുള്ളിലേക്കു കയറി. അവള്‍ കവിതകള്‍ വാങ്ങി ശ്രദ്ധയോടെ നോക്കി. എന്‍റെ കൈപ്പട നന്നായിരുന്നുവെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിച്ചു.

പിന്നെയവള്‍ ടെലിവിഷനു മുകളില്‍ വച്ചിരുന്ന ടാബ്ളോയിഡ് കൈയ്യിലെടുത്തു. അവാര്‍ഡിനെക്കുറിച്ച്  ഉറക്കെ വായിച്ചു. എഴുതി സൂക്ഷിച്ച കവിതകള്‍ക്ക് കൊടുക്കുന്ന ഒന്ന്. പിന്നെ വിലാസവും ഫോണ്‍ നമ്പരും വായിച്ചു. അതേ നമ്പര്‍ ഡയല്‍ ചെയ്തു. മറ്റേ തലയ്ക്കല്‍ ഒരു സ്ത്രീ സംസാരിച്ചു തുടങ്ങി.

‘ഹലോ’

‘മാഡം എന്‍റെ പേരു മീര എന്നാണ്. ഒരു അവാര്‍ഡിനെക്കുറിച്ച് വായിച്ചു വിളിക്കുന്നതാണ്.’

‘ആ പറയൂ.’

‘കവിതകള്‍ കോപ്പിയെടുത്ത് അയച്ചാല്‍ മതിയാകുമോ?’

‘മതിയാകും ടൈപ്പ് ചെയ്താല്‍ നന്ന്.’

‘മറ്റു ഉപാധികള്‍ എന്തെങ്കിലും.’

‘മത്സരാര്‍ത്ഥി ഇതുവരെ കഥകള്‍ ഒന്നും എഴുതിയിട്ടുണ്ടാകരുത്. കവിതകള്‍ മാത്രം എഴുതിയവരായിരിക്കണം.’

‘നന്ദി മാഡം.’

അവള്‍ ഫോണ്‍ കട്ട് ചെയ്തു പിന്നെ ഏറെ നേരം ഒന്നും മിണ്ടിയില്ല. ഞാന്‍ ടാബ്ളോയിഡിന്‍റെ മറ്റു പേജുകള്‍ മറിച്ചു നോക്കി. ഇടയ്ക്കിടെ അവളെ നോക്കിക്കൊണ്ട്.

‘നിങ്ങളൊരു കഥയെഴുതിയിരുന്നു അല്ലേ?’ പെട്ടെന്നാണ് അവള്‍ അതു ചോദിച്ചത്.

‘ഉവ്വ് മുമ്പൊരിക്കല്‍ പക്ഷേ അച്ചടിച്ചിരുന്നില്ല.’

ശരിക്കും ഒരുപാടു മുമ്പായിരുന്നു അതെഴുതിയത്. ഒരു പക്ഷേ ആദ്യത്തേതെന്നു തന്നെ പറയാം. അന്നെന്‍റെ കൈകള്‍ക്ക് അപാരമായ വേഗമുണ്ടായിരുന്നു.

‘അതിന്‍റെ പേരു ഓര്‍മ്മയുണ്ടോ?’ അവള്‍ ചോദിച്ചു.

എനിക്കതു കൃത്യമായി ഓര്‍മ്മയുണ്ടായിരുന്നു. ആദ്യത്തെ സുരതത്തിനു ശേഷം കുഞ്ഞിനൊരു പേരു പറയാന്‍ അവള്‍ പറഞ്ഞപ്പോള്‍ അതേ പേരു ഞാന്‍ പറഞ്ഞിരുന്നു. അത് മീര ഓര്‍ക്കുന്നുണ്ടാവണം.

‘അതൊരു മോശം കഥയായിരുന്നുവല്ലേ?  ഒരിക്കലും അച്ചടിക്കാത്തത്.’

‘ആ’ ഞാന്‍ തറയിലേക്കു നോക്കി.

‘എന്തിനാണു നിങ്ങള്‍ ആണുങ്ങള്‍ കെട്ടുകഥകളെഴുതുന്നത്. സ്ത്രീകളാണ് മികച്ച കെട്ടുകഥക്കാര്‍. അല്ലെങ്കില്‍ ഇത്രമേല്‍ ഭാവനാത്മകമായി മരിച്ചുപോകാന്‍ മറ്റാര്‍ക്കാണു കഴിയുക.’

ഞാന്‍  കവിതകള്‍ കൈയ്യിലെടുത്ത് വായനാമുറിയിലേക്കു നടന്നു.

‘അതു ഇനി അച്ചടിക്കില്ല എന്നുറപ്പു വരുത്തൂ. ആര്‍ക്കാണ് നിങ്ങളത് അയച്ചു കൊടുത്തത്.’ അവള്‍ പിന്നില്‍ നിന്നു  വിളിച്ചു പറയുന്നുണ്ടായിരുന്നു.

തൊട്ടടുത്ത ദിവസങ്ങളില്‍ കഥ ആര്‍ക്കാണ് അയച്ചു കൊടുത്തതെന്ന് ഓര്‍ത്തെടുക്കുവാന്‍ ഞാന്‍ ശ്രമിച്ചു. എത്രയോ കാലം കടന്നുപോയിരിക്കുന്നു. ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല.

ആയിടെ പട്ടണത്തില്‍ നിന്നും അവള്‍ കൊണ്ടു വന്ന മാസികയില്‍ മുമ്പ് നന്നായി അച്ചടിക്കുകയും പിന്നീട് നിന്നു പോകുകയും ചെയ്ത ഒരു വാരികയെക്കുറിച്ചും അതിന്‍റെ എഡിറ്ററായിരുന്ന ആളെക്കുറിച്ചും ആരോ എഴുതിയിരുന്നു. അതു വായിച്ചിരിക്കുമ്പോള്‍ തന്നെ അവള്‍ എന്‍റെ അരികിലേക്കു വന്നു. ഞാന്‍ ആ പേജുകള്‍ വിടര്‍ത്തി അവള്‍ക്കു നേരേ പിടിച്ചു.

‘നോക്ക് ഇവര്‍ക്കാണ് ഞാന്‍ അയച്ചുകൊടുത്തത്. അവര്‍ അച്ചടി നിര്‍ത്തിയിരിക്കുന്നു.’

എന്താണ് ആ പേജുകളിലെന്ന് അവള്‍ നോക്കി.

‘ഓ ഇതു ഞാന്‍ വായിച്ചിരുന്നു. അതില്‍ അയാളുടെ വിലാസമുണ്ട്. നാളെത്തന്നെ പോയി കഥ മടക്കി വാങ്ങാമോ?’ അവള്‍ ചോദിച്ചു.

‘എത്രയോ മുമ്പ് അയച്ചതാണ്. അവരതു സൂക്ഷിച്ചിട്ടുണ്ടാകില്ല.’

‘എന്നാല്‍ അത്ര നന്ന് ഏതായാലും പോകണം.’

പിറ്റേന്നു രാവിലെ അയാളെ കാണാന്‍ ഞാനിറങ്ങുമ്പോള്‍ അവള്‍ പെണ്‍മുയലിനെ താലോലിക്കുകയായിരുന്നു.

‘ഇന്ന് തീര്‍ച്ചയായും ഇവള്‍ പ്രസവിക്കും.’ കൗതുകത്തോടയൊണ് അവള്‍ പറഞ്ഞത്.

പട്ടണത്തിലെ ഒറ്റമുറി ഫ്ളാറ്റിലാണ് എഡിറ്റര്‍ താമസിച്ചിരുന്നത്. പകുതി തുറന്ന വാതിലിലൂടെ ആദ്യം എന്നെ വീക്ഷിക്കുകയും പിന്നെ അകത്തേക്കു ക്ഷണിക്കുകയും ചെയ്തു. ശരിക്കും അതിനുള്ളില്‍ പുസ്തകങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അയാള്‍ ജീവിച്ചിരിക്കുന്നുണ്ടോ എന്നും എനിക്കു തോന്നി. ആദ്യം വാരികയെക്കുറിച്ചു സംസാരിച്ചു. അതു നിന്നു പോയതിനെക്കുറിച്ചും. സംസാരത്തിനിടെ ഞാനെന്‍റെ കഥയെക്കുറിച്ചും പറഞ്ഞിരുന്നു.

‘ഇല്ല അത്തരത്തില്‍ ഒന്നു കണ്ടതായി ഓര്‍ക്കുന്നില്ല. പ്രസിദ്ധീകരിക്കാത്തതൊന്നും ഞാന്‍ സൂക്ഷിച്ചിട്ടുമില്ല.’  കഥ കേട്ട ശേഷം അയാള്‍ പറഞ്ഞു.

ഞാന്‍ ഏറെ നേരം  അവിടെയിരുന്നു. പിന്നെ അയാള്‍ ഒരുഎഴുത്തുകാരന്‍റെ പേരു പറഞ്ഞു.

‘അയാള്‍ വാരികയുമായി സഹകരിച്ചിരുന്നു. കഥകള്‍ കൈകാര്യം ചെയ്തതും അയാളായിരുന്നു. കൂടുതല്‍ എഴുതിയാല്‍ നന്നാകും എന്നു തോന്നുന്ന ചിലരുടെ കഥകള്‍ അയാള്‍ എടുത്തു വയ്ക്കുമായിരുന്നു.’ എഡിറ്റര്‍ പറഞ്ഞു

പിന്നീടയാള്‍ ഉള്ളിലേക്കു പോയി പഴയ ഡയറിയില്‍ നിന്നും ഒരു വിലാസം കുറിച്ചു തന്നു. അവസാനമായി എഴുത്തുകാരന്‍ കത്തുകളയച്ച വിലാസമായിരുന്നു അത്.

പട്ടണത്തിലെ പുസ്തകോത്സവത്തില്‍ പങ്കെടുത്ത് ചില സുഹൃത്തുക്കളേയും കണ്ട് വൈകിയാണ് ഞാന്‍ മടങ്ങിയത്. വീട്ടിലെത്തുമ്പോള്‍ മീര മുയല്‍ക്കൂടിനരികിലുണ്ടായിരുന്നു.

‘നോക്ക് അഞ്ചെണ്ണമുണ്ടായിരുന്നു.’

ഞാന്‍ കൂട്ടിലേക്ക് സൂക്ഷിച്ചു നോക്കി. പരസ്പരം കെട്ടുപിണഞ്ഞ് നാലു കുഞ്ഞുങ്ങള്‍. ‘എത്ര’ എന്ന ഭാവത്തില്‍ ഞാന്‍ അവളെ നോക്കി

‘ശരിക്കും അഞ്ചെണ്ണമുണ്ടായിരുന്നു. ആദ്യത്തേതിനെ അമ്മ തന്നെ തിന്നുകളയും അറിയില്ലേ?’

‘അതേയോ.

‘അതേ. ആദ്യത്തേത് കുറവുകളുള്ള ഒന്നായിരിക്കും. ഇരപിടിയന്മാരില്‍ നിന്നു രക്ഷിക്കാന്‍ അമ്മ തന്നെ തിന്നുകളയും.’

മുയലുകളെക്കുറിച്ചുള്ള വിചിത്രമായ കെട്ടുകഥ കേട്ടാണ്  ഞാന്‍ ഇറയത്തേക്ക് കയറിയത്.

‘പോയ കാര്യം എന്തായി.’ അവള്‍ ചോദിച്ചു.

ഞാന്‍ എഴുത്തുകാരനെക്കുറിച്ചും തൊട്ടടുത്ത ദിവസം അയാളെ കാണാന്‍ പോകുന്നതിനെക്കുറിച്ചും പറഞ്ഞു. അന്നു രാത്രി മീര ആണ്‍മുയലിനോടൊപ്പം ശയിക്കുന്നത് സ്വപ്നം കണ്ടു. പിറ്റേന്നു പുലര്‍ച്ചെ പുറപ്പെടുമ്പോള്‍ ഞാന്‍ മുയല്‍ക്കൂടിലേക്ക് പാളി നോക്കി. അവ നാലെണ്ണം തന്നെയുണ്ട്. മീര പറഞ്ഞതുപോലെ ആദ്യത്തേതിനെ കൊന്നുതിന്നിട്ടുണ്ടാകണം.

കവലയില്‍ നിന്നും ഏറെ അകലെയായിരുന്നു എഴുത്തുകാരന്‍റെ വീട്. ബെല്ലമര്‍ത്തി കാത്തു നില്‍ക്കുമ്പോള്‍ ഒരു നായ അമര്‍ഷത്തോടെ പിന്നിലേക്ക് ഓടിപ്പോയി. അതേസമയം തന്നെ മുമ്പിലെ തകരഷെഡ്ഡില്‍ ഉപേക്ഷിച്ചിരുന്ന ആക്കാദമി അവാര്‍ഡും കണ്ടിരുന്നു. മറ്റൊരു പട്ടണത്തില്‍ ഉയര്‍ത്തിക്കെട്ടിയ വേദിയില്‍ ഞാന്‍ ഒരു അവാര്‍ഡ് വാങ്ങുന്നതിനെപ്പറ്റി ചിന്തിച്ചു നില്‍ക്കുമ്പോള്‍ മകനെന്നു തോന്നുന്ന ഒരാള്‍ പുറത്തേക്കു വന്നു. ഞാന്‍ എഴുത്തുകാരനെക്കുറിച്ചു ചോദിച്ചു.

‘അച്ഛന്‍ മരിച്ചുപോയല്ലോ അിറഞ്ഞിരുന്നില്ലേ?’

ശരിക്കും ഞാനും മീരയും ഒരുപാടു കാലമായി ദിനപ്പത്രങ്ങള്‍ വായിച്ചിരുന്നില്ല.

‘അച്ഛനെ അിറയുമോ?’ അയാള്‍ ചോദിച്ചു.

അച്ചടി നിര്‍ത്തിയ വാരികയില്‍ ജോലി ചെയ്തിരുന്നതായി ഞാന്‍ കളവു പറഞ്ഞു. അയാള്‍ എന്നെ അകത്തേക്കു ക്ഷണിച്ചു. പഴയ ഫയലുകളോ മറ്റോ സൂക്ഷിച്ചിട്ടുണ്ടോ എന്ന് ഞാന്‍ വീട്ടിനുള്ളിലേക്ക് പാളി നോക്കി.

‘ഞാന്‍ അദ്ദേഹത്തോടൊപ്പം കഥകളുടെ വിഭാഗത്തില്‍ ജോലി ചൊയ്തിരുന്നു.’ ഞാന്‍ പിന്നെയും കളവു തുടര്‍ന്നു.

‘ഇന്നത്തെ പ്രധാന എഴുത്തുകാരൊക്കെ എഴുതിത്തുടങ്ങിയ കാലത്ത് പലതും അദ്ദേഹത്തിന്‍റെ കൈകളിലും വന്നുപെട്ടിരുന്നു. അങ്ങനെ വാരികയില്‍ അച്ചടിക്കാത്തതൊക്കെ അദ്ദേഹം സൂക്ഷിച്ചതായി അിറയുമോ?’ കണ്ണുകളെ പരതാന്‍ വിട്ടുകൊണ്ടു തന്നെ ഞാന്‍ ചോദിച്ചു.

‘കുറേയൊക്കെ സൂക്ഷിച്ചിരുന്നു. പിന്നീടെപ്പോഴോ അച്ഛന് ലിറ്ററേച്ചറിനോട് വല്ലാത്ത ദേഷ്യം തോന്നിത്തുടങ്ങി. പുസ്തകങ്ങളും കൈയ്യെഴുത്തുകളും കത്തിച്ചു കളയുമായിരുന്നു. ദാ നോക്ക്.’

ഇറയത്തെ ഷെല്‍ഫിലേക്ക് അയാള്‍ ചൂണ്ടി ഒന്നോ രണ്ടോ മരുന്നുകുപ്പികള്‍ മാത്രമാണ്  ഉണ്ടായിരുന്നത്. അതേ നേരത്ത് ശരിക്കും എനിക്കവിടെ നിന്നും വേഗത്തില്‍ ഓടിപ്പോകുവാന്‍ തോന്നി. പുറത്തേക്കിറങ്ങുമ്പോള്‍ ഉപേക്ഷിച്ചിരുന്ന ആക്കാദമി  അവാര്‍ഡിലേക്കും നോക്കിയിരുന്നു. ആ വീട്ടില്‍ നിന്നും അകന്നു പോകും തോറും എന്‍റെ യാത്രക്ക് വേഗം കൂടി വന്നു. തടവില്‍ നിന്നും രക്ഷപ്പെടുന്ന ഒരാളെപ്പോലെ.

തിരികെ യാത്ര ചെയ്യുമ്പോള്‍ ആ കഥയെക്കുറിച്ച് ചിന്തിച്ചു. ഒന്നും തന്നെ അവശേഷിക്കുന്നില്ല. എഴുതിയ പേന നഷ്ടപ്പെട്ടിരുന്നു. കടലാസുകള്‍ കീറിക്കളഞ്ഞിരുന്നു. ശരിക്കും അതിന്‍റെ ആദ്യവാചകം പോലും ഞാന്‍ മറന്നുപോയിരുന്നു. നേരം വൈകിയാണ് വീട്ടിലെത്തിയത്. വിളക്കു തെളിച്ചിരുന്നില്ല. മുയലുകള്‍ എന്നെ തുറിച്ചു നോക്കുന്നതായി തോന്നി. ഞാന്‍ മീരയെ വിളിച്ചു. ഏറെ നേരത്തിനു ശേഷം ഉറക്കത്തില്‍ നിന്നെന്നപോലെ അവള്‍ പ്രത്യക്ഷപ്പെട്ടു.

‘അയാള്‍ മരിച്ചു പോയിരിക്കുന്നു. കഥകളൊക്കെയും തീയിട്ടിരിക്കുന്നു. ഇനി ആ നശിച്ച കഥയെ ഓര്‍മ്മിപ്പിക്കുന്ന ഒന്നും തന്നെയില്ല.’

വിളക്കുകള്‍ തെളിച്ചുകൊണ്ട് ഞാന്‍ വേഗത്തില്‍ തന്നെ അവളോടു പറഞ്ഞു.

മറ്റൊന്നും പറയാതെ അവളെന്നെ പുണര്‍ന്നു. അത്രമേല്‍ ഗാഢമായി. എന്‍റെ വലതുകൈ അടിവയറ്റിനോട് ചേര്‍ത്തു. എരിഞ്ഞുപോയി എന്നു കരുതിയ കഥയുടെ വേരുകള്‍ അവളുടെ നാഭിയെ പുണര്‍ന്നു കിടക്കുന്നത് ഞാനറിഞ്ഞു. കഥകള്‍ ജനിതകങ്ങളിലൂടെയാണ് തലമുറകളിലേക്ക് സഞ്ചരിക്കുകയെന്നു തോന്നി. ജീവന്‍റെ തുടിപ്പ് എന്നത് അതുവരേക്കും വായിച്ചറിഞ്ഞ ഒന്നു മാത്രമായിരുന്നു.

ആനുകാലികങ്ങളിൽ എഴുതുന്നു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി.