കഥയിൽ നിറങ്ങളുടെ ആധാരം

കഥ കഥയെന്നു പറയാനാവാത്ത ഘട്ടമാണ് കഥാസാഹിത്യത്തിൻ്റെ തീവ്രമായ പ്രായം. തിളച്ചു തൂവുന്ന ജലരേഖ പോലെ അതപ്പോൾ വായനയിലുമൊതുങ്ങില്ല. കഥയ്ക്കു വെളിയിലാണ് കാലം പിടയ്ക്കുക. കഥാകൃത്തിൻ്റെ നിസ്സഹായതയാണ് മികച്ച കഥകളുടെ മൗലികത. ‘കരുത്തും നിസ്സഹായതയും ഒരേ സമയം വിങ്ങുന്ന ഇട’മെന്ന്, ജെഫു ജൈലാഫിൻ്റെ കഥാസമാഹാരത്തിന് നൽകിയ അവതാരികയിൽ പി.ജെ.ജെ.ആൻ്റണി ചൂണ്ടിക്കാട്ടുന്നതും ആ യാഥാർഥ്യമാണ്.

എനിക്കും പ്രിയസുഹൃത്താണ് ജെഫു ജൈലാഫ്. ജെഫുവിൻ്റെ ഈ കൃതിയുടെ പേര് – ‘വെയിൽക്കല്ലുകളിൽ വേരിറങ്ങുമ്പോൾ’. ഏഴു കഥകളുണ്ടതിൽ. പ്രസിദ്ധീകരണം – സാപ്പിയൻസ് ലിറ്ററേച്ചർ

അന്യശരീരത്തിലെ പരിചിതമായ ഓരോ ദേശ(അവയവ)ത്തിൻ്റേയും സ്മൃതിമുദ്രകൾ ഈ സമാഹാരത്തിലെ കഥകളിൽ അനാവൃതമാകുന്നു. വികാരത്തിൻ്റെ അസംഭവ്യതകളെ ശരീരഭൂപടത്തിൽ സാക്ഷാത്കരിക്കാനുള്ള അദമ്യമായ ചിറകടികളാണ് ഈ എഴുത്തിൽ സംഭവിക്കുന്നത്. ഏഴു കഥയിലും കണ്ടു – അസ്തമിക്കാത്ത ശരീരഭാഗങ്ങൾ. ഒരു ചിത്രകാരൻ്റെ നോട്ടം ഓരോ അവയവത്തേയും ഒറ്റപ്പെടുത്തുന്നു. അവയിൽ ഭൂതം-ഭാവിരേഖകൾ വായിക്കുന്നു.

ഭാവി പ്രവചിക്കുന്ന ഒരു പാദരേഖാശാസ്ത്രം തന്നെ കഥാകാരൻ കണ്ടുപിടിക്കുന്നുണ്ട്; ചിലപ്പോൾ പൊക്കിൾച്ചുഴിയിൽ മാത്രമായി ലൈംഗികതയുടെ ഇതിഹാസം ആദ്യന്തം കുഴിച്ചുമൂടുന്നു; രണ്ടു ശരീരങ്ങൾക്കിടയിൽ നിന്ന് കടംകഥകളുടെ പൂർവജ്ഞാനം കുഴിച്ചെടുക്കുന്നു; ശരീരത്തിൻ്റെ എഞ്ചിനീയറിങ്ങിനെ കബറിൻ്റെ സൗന്ദര്യശാസ്ത്രമാക്കി വികസിപ്പിക്കുന്നു…

അസാധാരണ വികാരങ്ങളേ ഇത്തരം സാങ്കേതികതയിൽ പെടൂ. ഒന്നും മനുഷ്യനു വേണ്ടി കല്പിച്ചതല്ല. പ്രകൃതിയുടെ രസതന്ത്രത്തിനുള്ളിൽ മനുഷ്യനേയും പരീക്ഷിക്കുന്നുവെന്നേ അർഥമാക്കുന്നുള്ളു. ഒന്നിലേറെ ഭൗമഗ്രഹങ്ങളെ ഒരച്ചുതണ്ടിൽ, അഥവാ ഒന്നിലേറെ ജന്മങ്ങളുടെ നിറക്കൂട്ട് ഒറ്റനിമിഷത്തിൻ്റെ ഘടികാരവൃത്തത്തിൽ ഒതുക്കാനുള്ള അതിക്രമത്തിനൊക്കെ കഥാകാരൻ തുനിയുകയാണ്. അത്തരത്തിൽ ‘വിരൽ വരകൾ’ ആണ് ഒരു കഥ.

അന്യശരീരത്തിൽ വരയ്ക്കുന്ന രഹസ്യങ്ങളാണ് വിരൽ വിതയ്ക്കുന്നത്. ഒന്നും അനുഭവമല്ല അനുഭൂതിയാണെന്ന് തൊട്ടറിഞ്ഞാലും, പറഞ്ഞറിയിക്കേണ്ടി വരുന്ന സ്പർശമാണ് ശരീരത്തിലെ വര. മികച്ച നിറക്കൂട്ടുകളിലേക്ക് വിരൽ തെന്നി മാറുന്നു. വികാരങ്ങളുടെ ഉറവിടം തേടുന്ന വിരൽമുനകൾ രക്തത്തേക്കാൾ വേഗത്തിൽ ശരീരത്തിൽ പടരുന്നു. രതിലാവകൾ തിളപ്പിക്കുന്നു. അവയവങ്ങളെപ്പറ്റിയുണ്ടാക്കിയ മുൻവിധികൾ തെറ്റുമ്പോൾ വിരലുകൾ നിലയ്ക്കാം. ആദ്യമേ വരച്ചു ചേർത്തതല്ലാത്ത അവയവങ്ങൾ ചലനമധ്യേ പ്രത്യക്ഷപ്പെട്ടാൽ വിരലുകൾ സ്വയംവിറച്ചു മരവിച്ചു പോകാം; യാഥാസ്ഥിതികതയുടെ അങ്ങേയറ്റം.

കാൽവിരലുകളായും വേരുകളായും ഗോത്രസഞ്ചാരത്തിൻ്റെ രഹസ്യങ്ങളായും ഭൂതകാലത്തിൻ്റെ ഭാഷ ഈ കഥകളിൽ വിളയുന്നു. ഒരു കഥാകാരൻ ചരിത്രത്തെ, രാഷ്ട്രീയത്തെ, എങ്ങനെ കഥയിൽ വിതയ്ക്കണമെന്ന് വകതിരിവുള്ളതാണ് ആ കൈയടക്കം.

‘വെയിൽക്കല്ലുകളിൽ വേരിറങ്ങുമ്പോൾ ‘ പ്രകാശനം : ഇന്റർനാഷണൽ ബുക്ക് ഫെയർ, ഷാർജ 2021
Shemi,Shabu Kilithattil, Arfaz & Jeffu

ഏഴു കഥകളും ഏഴു മാനങ്ങളിൽ നിവർന്നു കിടക്കുന്നു. രതിയുടെ പാഴ് ഭൂമിയാണ് ഒരു കഥയിലെ ദൃശ്യം. പൗരുഷത്തിനു പാകമായ ആൺശരീരങ്ങളില്ലെന്ന് അറിഞ്ഞ ഒരു പെണ്ണ് പ്രകൃതിയൊരുക്കുന്ന മരുശില്പങ്ങളിൽ കാമന പൂർത്തീകരിക്കുകയാണ്. അവിടെ ആണിനെ കാഴ്ചക്കാരനാക്കാൻ പോലും ചിന്തിക്കുന്നില്ല. പരമമായ ഭോഗമാണത്. മണൽക്കുന്നു പോലെ അവളുടെ മുലകൾ അദൃശ്യമാകുന്ന രംഗം പുരുഷകാമനകളെ പാടെ പരിഹസിക്കുകയാണ്.

വംശകാമനകളുടെ വരിയുടയ്ക്കുന്ന രാഷ്ട്രീയമാണ് അടുത്ത കഥ – ‘വരിയുടഞ്ഞ ഞാവൽമരങ്ങൾ’. ‘പതിന്നാലു തികയാത്ത മഞ്ഞണ്ണാനുകളും മുതിർന്ന പെൺചില്ലകളിലിരുന്ന് തലമുറകൾക്കു വേണ്ടി പുതിയ താളത്തിൽ ചിലയ്ക്കാൻ തുടങ്ങു’ ന്നതോടെ പ്രമേയത്തിൻ്റെ രാഷ്ട്രീയപക്ഷം പൂവിടുകയാണ്.

മരണമെന്ന ജൈവപതനത്തെ സ്വർഗീയമാക്കുന്ന ഭാവസങ്കേതം ഈ കഥാകൃത്തും പിന്തുടരുന്ന പോലെ. ‘വേരു കുരുക്കുന്നിട’ത്തിൽ കബറിൻ്റെ സാങ്കേതികതയും സൗന്ദര്യവുമാണ് പ്രതിപാദ്യം. ‘ദിശയും അളവും വലിപ്പവും കൃത്യമായി വരച്ച് ഞാൻ പണിത ആദ്യ വീടെ’ന്നാണ് സിവിൽ എഞ്ചിനിയറിങ്ങുകാരൻ്റെ നിർവൃതി. “ഒരു കബർസ്ഥാനിൽ ആദ്യമായി വയ്ക്കുന്ന മയ്യിത്ത് സ്വർഗത്തിലേക്കാണെന്ന്” ജവനത്തങ്ങൾ പറയുമ്പോൾ, കേൾക്കുന്ന ഓരോരുത്തർക്കും അവിടെയെത്താൻ തിടുക്കമാവും. പ്രവചിച്ച മരണം, അതെത്ര അടുത്തവരുടേതായാലും, സംഭവിക്കുമ്പോഴുണ്ടാകുന്ന സംതൃപ്തി ആദ്യത്തെ കഥയിൽ കണ്ടതാണ്. ഫീലിംഗ് തിയറി ഇവിടെ പാടെ മാറിമറിയുന്നു.

ഭൂതകാലത്തിൻ്റെ അച്ചടക്കം വരച്ചുകാട്ടാനാണ് ‘അവിശുദ്ധ രേഖകൾ’ എഴുതിത്തുടങ്ങിയിട്ടുണ്ടാവുക. ഭാവിയുടെ തകർന്ന ചിത്രങ്ങളാണ് പക്ഷെ കഥ മൊത്തം പ്രതിഫലിപ്പിക്കുന്നത്.

‘വയൽ ദൂരങ്ങളി’ലെ ഐദു ഒ.വി.വിജയൻ്റെ ‘ഖസാക്കി’ലും ‘പീലിക’യിലെ സൈറ കാരൂരിൻ്റെ ‘മരപ്പാവകളി’ലും പിറന്നവരായിരിക്കാം, ഛായ പങ്കിടുന്നതായി തോന്നി.

ദിവ്യഗർഭമാണ് ഒരു കഥയെ അമ്പരപ്പിക്കുന്നത്. ശരീരം കൊണ്ട് അന്യോന്യം നിറയാനുള്ളതല്ല പ്രണയമെന്ന പഴയ ഇതിവൃത്തം അതിൻ്റെ സുഗന്ധം മായാതെ ഈ കഥയും ധരിക്കുന്നു. ‘ആദിവൈഗന്ധി’യെന്ന ഈ കഥ കന്യാഗന്ധം പൊഴിയാത്ത രചനയാണ്.

ജെഫുവിനെ ഒരു ചിത്രകാരനായിട്ടാണ് ഞാനറിഞ്ഞുവച്ചിട്ടുള്ളത്. ഈ കഥാസാമാഹാരം വായിച്ചപ്പോൾ അതൊന്നുകൂടി ഉറച്ച പോലെ. ചുമരില്ലാതെ വരയ്ക്കുന്ന ചിത്രമാണ് ഓരോ കഥയുടേയും പ്രതലം. വരകൾ മാഞ്ഞാലും ജ്വാല പോലെ നിറങ്ങളുടെ സ്മൃതിരേഖകൾ അതിൽ കാണാം.

കണ്ണൂർ ജില്ലയിൽ കാവുമ്പായി സ്വദേശി. വിവിധ പാരലൽ കോളേജുകളിൽ ഗണിതാധ്യാപകൻ. ജില്ലാ - സംസ്ഥാന തലത്തിൽ രാഷ്ട്രീയ- സാംസ്കാരിക പ്രവർത്തകനായിരുന്നു. കേരള ട്രാൻസ്പോർട് കമ്പനിയിൽ ഒന്നരപ്പതിറ്റാണ്ട് ജോലി ചെയ്തു. കൈരളി ബുക്സ്, അകം മാസിക, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പുസ്തകവിഭാഗം എന്നിവയിൽ എഡിറ്ററായും ചാനലിൽ സ്ക്രിപ്റ്റ് റൈറ്ററായും പ്രവർത്തിച്ചു. പത്രപ്രവർത്തനത്തിലും നാടക- തെരുവുനാടകവേദികളിലും ഹ്രസ്വകാല ബന്ധം. ചരിത്രം, കവിത, ഓർമ, നോവൽ, ജീവചരിത്രം എന്നിവയിൽ 12 കൃതികൾ പ്രസിദ്ധീകരിച്ചു.