കഥകൾ നിറയും കൽമണ്ഡപങ്ങളിൽ : തഞ്ചാവൂർ – ചെട്ടിനാട്

പുത്രനെ വെല്ലൂരിൽ ചേർത്ത്, ‘മകനേ നിൻ്റെ ബാല്യകാലം കഴിഞ്ഞു. ഇനി കൂടുതൽ ഉത്തരവാദിത്വമുള്ളതും രസകരവും വെല്ലുവിളികൾ നിറഞ്ഞതുമായ പ്രഫഷണൽ വിദ്യാഭ്യാസത്തിലേക്ക് കടക്കുകയാണ്. അത് പരമാവധി പ്രയോജനപ്പെടുത്തുക ‘ എന്ന വലിയ ഉപദേശവും കൊടുത്ത് ഞങ്ങൾ വീട്ടിലേയ്ക്കുള്ള മടക്കയാത്ര ആരംഭിച്ചു. എന്താണെങ്കിലും ഇവിടം വരെ എത്തിയതല്ലെ തഞ്ചാവൂർ വഴിയാവാം യാത്ര എന്ന് ഞങ്ങൾ രണ്ടു പേരും ഐകകണ്ഠ്യേന തീരുമാനിച്ചു.

തഞ്ചാവൂർ അമ്പലങ്ങളുടെ നാടാണ്. തനതായ ചിത്രരചനശൈലിയുടേയും. കുംഭകോണം മുതൽ തഞ്ചാവൂർ വരെ ചരിത്രം വിളംബരം ചെയ്യുന്ന ആയിരത്തോളം അമ്പലങ്ങൾ ഉണ്ടെന്ന് പറയുന്നു. ചോളൻമാർ, നായക, മറാത്താസ് തുടങ്ങിയ രാജവംശത്തിൻ്റെ ഭരണത്തിൻ കീഴിലാണ് ഇവയുടെ ഒക്കെ സുവർണ്ണകാലം. ( സാധാരണ ജനങ്ങൾക്ക് അത് സുവർണ്ണമായിരിന്നിരിക്കുമോ. യുദ്ധങ്ങളും അദ്ധ്വാനങ്ങളും വരേണ്യ പ്രീതിപ്പെടുത്തലും എത്രത്തോളം സുഖകരം.!!!? ഇന്നും രീതികളിൽ അല്പം വ്യത്യസ്തതകൾ ചാലിച്ച് ചൂഷണങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു . ഏകാധിപതികളും യുദ്ധവെറിയൻമാരും ഭൂരിഭാഗം വരുന്ന ജനതയെ അടക്കിവാഴുന്നു ) ഇങ്ങനെയൊക്കെയെങ്കിലും കാലത്തെ അതിജീവിക്കുന്ന സ്മാരകങ്ങൾ ഇന്നും കാണാനാവുന്നു.സ്വർണ്ണത്തിൽ ചാലിച്ച്, മുത്തുകളാൽ നിറഞ്ഞ വർണ്ണാഭമായ ചിത്രങ്ങളാണ് തഞ്ചാവൂർ പെയിന്റിംഗ് . കൊള്ളാവുന്ന തഞ്ചാവൂർ ചിത്രങ്ങൾ തപ്പുകയായിരുന്നു ആദ്യത്തെ പരിപാടി .

മിശിഹാകർത്താവിൻ്റെ അവസാന അത്താഴത്തിൻ്റെ ഒരു ഓയിൽ പെയ്ൻ്റിംഗ്, നൃത്തമാടുന്ന അർദ്ധനാരീശ്വരൻ്റെ ഒരു മ്യൂറൽ പെയിന്റിംഗ്, Madonna of Rocks എന്ന ഡാ വിഞ്ചി ചിത്രത്തിൻ്റെ ചുവടുപിടിച്ചുള്ള ഓയിൽ പെയിന്റിംഗ് ഇങ്ങനെയൊക്കെയും, പഴയ ആക്രി സാമാനങ്ങൾ ( Antiques) ശേഖരിച്ച് അവയെ നോക്കിയിരിക്കുക, ഇപ്പൊ ചിതലരിക്കും എന്ന മട്ടിലുള്ള പഴയ ഇന്ദ്രജാൽ കോമിക്സ് വാങ്ങി കൂട്ടുക, പുസ്തകത്തിന് എങ്ങാനും വേദനിച്ചാലോ എന്ന മട്ടിൽവളരെ സൂക്ഷിച്ച് വായിക്കുക, പഴയ ഗ്രാമഫോൺ റിക്കോർഡുകൾ വാങ്ങി അത് കേൾക്കുക ഇവയൊക്കെയാണ് കൊച്ചു കൊച്ചു സന്തോഷങ്ങൾ. ഇവയൊക്കെയും കണ്ടും കേട്ടും രസിക്കാറുണ്ടെങ്കിലും സംഘാടനത്തിനുള്ള അദ്ധ്വാനത്തിനും സാമ്പത്തിക ചിലവുകളെക്കുറിച്ചും ഞാൻ അന്വേഷിക്കാറില്ല. അപ്പം തിന്നാൽ പോരെ, കുഴി എണ്ണുന്നത് എന്തിന്? വെറുതെ ഇരുന്ന് ആനന്ദാന്വേഷണം എന്നതാണ് എൻ്റെ പോളിസി. പലപ്പോഴും സാധിക്കാറില്ല എങ്കിലും എത്ര കണ്ടു് ആനന്ദത്തെ തേടുമെങ്കിലും അത്രകണ്ട് ദു:ഖത്തിൽ മുങ്ങുക എന്നതാണ് പതിവ്. അതിൽ എന്തോ നിഗൂഢാനന്ദം അനുഭവിക്കുന്നതു പോലെ .

അഭിപ്രായ വ്യത്യാസം ഉണ്ടാവുക സ്വഭാവികം. ഫ്രാൻസീസ് അസ്സീസ്സിയും നെപ്പോളിയനും തമ്മിലായിരുന്നു അതിലൊന്ന്. Gods Pauper (Kazantzakis) ആയ ഫ്രാൻസീസിനെ വേണമെന്ന് ഞാനും, അസാദ്ധ്യം എന്ന വാക്ക് നിഘണ്ടുവിലില്ലാത്ത ശൂരപരാക്രമിയായ നെപ്പോളിയന്റെ പെയിന്റിംഗ് മതിയെന്ന്‌ ഭർത്താവും.

ഏതായാലും ബോധിച്ച തഞ്ചാവൂർ പെയിന്റിംഗ് കിട്ടാത്തതിനാൽ ബൃഹദീശ്വര / Big Temple ലേക്കായി അടുത്ത യാത്ര. വിസ്മയം തീർക്കുന്ന ശില്പചാതുരി. ശിവൻ്റെ പല പല ഭാവങ്ങൾ നൃത്യരൂപത്തിൽ. ക്ഷോഭം, പ്രണയം, ആനന്ദം, ആഘോഷം, രൗദ്രം, കാമം എത്ര എത്ര ഭാവങ്ങൾ. കളിപ്പാട്ടം കിട്ടുന്ന കുട്ടിയെ പോലെ അവ നോക്കി നിൽക്കാം.

മറാത്ത എൻട്രൻസ്, കേരളാന്തകൻ തിരുവാസൽ, രാജരാജൻ തിരുവാസൽ ഇവയ്ക്കപ്പുറമാണ് നന്ദികേശൻെറ ബൃഹുത്തായ മണ്ഢപത്തിലേക്ക് പ്രവേശിക്കുക. ആദ്യത്തെ കാഴ്ചയ്ക്ക് ഒരു ആനച്ചന്തം എന്നല്ലാതെ പ്രത്യേകിച്ചൊന്നും മനസ്സിലായില്ല. പിന്നീട് ഗൈഡിനെ സംഘടിപ്പിച്ചു, അദ്ദേഹത്തിന്റെ സംഭാഷണം ശ്രദ്ധിക്കുമ്പോഴാണു് ഏറ്റം വലിയ ഹിസ്റ്ററി ടീച്ചറിനേക്കാൾ ഉന്നതനാണ് ഇദ്ദേഹം എന്ന് തോന്നുക. അങ്ങനെ വലിയ ശ്രദ്ധയോടെ അദ്ദേഹം പറഞ്ഞ കഥകളൊക്കെയും റിക്കോർഡ് ചെയ്തെങ്കിലും അത് എവിടെയോ മാഞ്ഞു പോയി. കഥതന്നെ ഓർമ്മിക്കാൻ പോലുമാവാത്ത വണ്ണം ബൃഹുത്താവുമ്പോൾ ഇവ സൃഷ്ടിച്ചെടുക്കാനുള്ള അദ്ധ്വാനത്തെ കുറിച്ച് ഓർത്ത് ഞാൻ അദ്ഭുതപ്പെട്ടു.

കല്ല് കല്ലിന് ഉറപ്പേകുന്ന ശില്പചാതുരി, ആകാശത്തോളം മുകളിലേക്കുയരുന്ന ഗോപുരങ്ങൾക്ക് സിമൻ്റിൻ്റെ യോ തൂണിൻ്റെയോ താങ്ങില്ല. അത്രയ്ക്ക് കണിശമാണ് വാസ്തുവിദ്യാ കണക്കുകൾ. ഇവിടുള്ള ഗണേശ വിഗ്രഹങ്ങൾ മറ്റു ഗണേശ വിഗ്രഹങ്ങളേക്കാൾ വ്യത്യസ്തമാണത്രേ. തുമ്പിക്കൈയുടെ സ്ഥാനത്തിലാണ് വ്യതിയാനം. പാർവ്വതി ദേവിയുടെ കാവലാളായ ഗണേശ ഭഗവാൻ്റെ ഉത്ഭവത്തെ കുറിച്ചുള്ള രസകരമായ കഥയും കേട്ടു. ക്ഷേത്ര നിർമ്മിതിക്കായി ഗ്രാനൈറ്റ് കല്ലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. തനതായി ഈ പ്രദേശങ്ങളിൽ കാണപ്പെടുന്ന ശിലകളല്ല അവ. ഗതാഗത സൗകര്യങ്ങൾ ശുഷ്കമായിരുന്ന അക്കാലത്ത് ഇവയൊക്കെ എങ്ങനെ അടുപ്പിച്ചെടുത്തു എന്നത് അത്‌ഭുതപ്പെടുത്തുന്നു. 25 ടൺ ഭാരമുള്ള കൂറ്റൻ ഒറ്റക്കൽ പ്രതിമയാണ് നന്ദി വിഗ്രഹം. കരിമ്പാറയിൽ കൊത്തിയെടുത്തത്. മേൽക്കൂരയിൽ മനോഹരമായ ചിത്രപ്പണികൾ കാണാം. ചുറ്റോടു ചുറ്റും ബൃഹുത്തായ ചുറ്റമ്പലമാണ്. അവയെ താങ്ങി നിർത്തിയിരിക്കുന്ന ചില തൂണുകളിൽ ലിഖിതങ്ങളുണ്ട്. മറ്റു ചിലതിൽ ചിത്രപ്പണികളും. ചില സ്ഥലങ്ങളിൽ ചുവർചിത്രങ്ങളും കാണാം. ചോള കാലഘട്ടത്തിൽ പ്രകൃതിദത്ത ചായക്കൂട്ടുകളാൽ രചിക്കപ്പെട്ടതും അവയ്ക്കു മീതെ അടുത്ത ഭരണകാലത്ത് വരയ്ക്കപ്പെട്ടതുമായ ചിത്രങ്ങളാണവ. Archeological survey of India ഏതോ പ്രത്യേക ടെക്‌നോളജി പ്രയോഗിച്ച് കീഴെയുള്ള ചോള ചിത്രങ്ങളെ വീണ്ടെടുത്തുവത്രേ. അവിടിവിടെ എഴുതപ്പെട്ടിരിക്കുന്ന ലിഖിതങ്ങളിൽ നിന്ന് അവർ ചരിത്രത്തെ വീണ്ടെടുക്കുന്നു.

ഞങ്ങൾ ക്ഷേത്രത്തിൽ എത്തിയത് നട്ടുച്ച തിരിഞ്ഞ സമയത്തായതിനാൽ ക്ഷേത്ര മുറ്റത്തെ ശിലാപാളികൾ ചുട്ടുപൊള്ളുകയായിരുന്നു. നഗ്നപാദരായി നടക്കുക ബുദ്ധിമുട്ടു്. ചുറ്റമ്പലത്തിൽ ഓടിക്കയറിയപ്പോൾ നല്ല തണുപ്പു് അനുഭവപ്പെട്ടു. അനേകം ശിവലിംഗങ്ങളും ചിരിക്കുന്ന ദേവിയെയും ( അത് അപൂർവ്വമാണെന്നാണ് ഗൈഡ് പറഞ്ഞത് ). ഗണേശ പ്രതിമയുമെല്ലാം കൗതുകത്തോടെ ഞങ്ങൾ കണ്ടു. ശിവലിംഗത്തെ പൂജിക്കുന്ന നമ്മുടെ സംസ്കാരത്തിൽ ലൈംഗികത വെറുക്കപ്പെട്ടതും അക്രമകാരിയും ആയത് എങ്ങനെ എന്ന് വെറുതെ ഒന്ന് ചിന്തിച്ചു.

80 ടൺ ഭാരം വരുന്ന വലിയ താഴിക്കുടം ആശ്ചര്യത്തോടെയല്ലാതെ നോക്കി നിൽക്കുക സാദ്ധ്യമല്ല. അതിനെ താങ്ങി നിർത്തുന്നത് ശില്പചാതുരി മാത്രം. ശിഖരം എന്നാണ് താഴികക്കടത്തിന് പേർ പറഞ്ഞത്. അനേകം ശില്പങ്ങളുടെ ഇടയിൽ ഒരു ഇംഗ്ലീഷുകാരൻ്റെ മുഖ പ്രതിമയും ഒരു ചൈനീസ് പ്രതിരൂപത്തെയും ഗൈഡ് കാണിച്ചു തന്നു. മാർക്കോപോളോയുടെ പ്രതിമ എന്നാണ് അദ്ദേഹം പറഞ്ഞത്.

രാജ രാജ ചോളൻ്റെ കാലത്തെ മെറ്റൽ ആർട്ട് വിഖ്യാതമായിരുന്നു. മെഴുക് കൊണ്ടുള്ള അച്ചുണ്ടാക്കി അതിൽ പഞ്ചലോഹ മിശ്രിതം ഒഴിക്കുന്നു. മൂശയുടെ പ്രതിരൂപത്തിൽ വിഗ്രഹം രൂപപ്പെടുന്നു. പിന്നീട് അച്ച് പൊട്ടിച്ചാൽ ആർക്കും ഒരേ രീതിയിൽ രണ്ടാമതൊന്ന് ഉണ്ടാക്കുവാനാവാത്ത ശില്പം പുറത്തെടുക്കുന്നു. ഇത്തരത്തിൽ ഉണ്ടാക്കിയെടുത്ത നടരാജ വിഗ്രഹം പ്രസിദ്ധമാണ്. ഈ രീതിയിൽ ശില്പം മിനഞ്ഞെടുക്കുന്ന കലാകാരൻ്റെ അടുക്കൽ ഞങ്ങൾ പോവുകയുണ്ടായി.

ക്ഷേത്രത്തിൽ ഇപ്പോഴും നിത്യപൂജ നടക്കുന്നുണ്ട്. നവരാത്രി പ്രമാണിച്ച് തലേയാഴ്ച വലിയ ആഘോഷമായിരുന്നത്രേ. നാലു മണിക്ക് നടത്തുറന്നപ്പോൾ പ്രസാദം ലഭിക്കുന്ന ആദ്യത്തെ ആൾക്കാർ നമ്മളായി. സുഗന്ധമുള്ള ഭസ്മം കൂടി പൂശിയപ്പോൾ പ്രത്യേക ഉണർവ്വ്. മറ്റൊരു രസകരമായ മിത്തും ഈ അമ്പലത്തെക്കുറിച്ചു കേൾക്കാനിടയായി. ഭരണാധികാരികൾ ഈ ക്ഷേത്രം സന്ദർശിച്ചാൽ അവരുടെ അധികാരം നഷ്ടപ്പെടുകയോ മരണപ്പെടുകയോ ചെയ്യുമെന്നാണ് പ്രാദേശിക വിശ്വാസം. ഇന്ദിരാഗാന്ധിയുടെ മരണം അമ്പല സന്ദർശനത്തിന് ശേഷം ഏതാനും ആഴ്ചകൾക്കുള്ളിലായിരുന്നു. കൂടെയുണ്ടായിരുന്ന എം.ജി.ആർ രോഗാതുരനായ ശേഷം പിന്നീട് സുഖപ്പെട്ടില്ല എന്നു മാത്രമല്ല മൂന്ന് വർഷങ്ങൾക്കുള്ളിൽ മരണപ്പെടുയും ചെയ്തു. കരുണാനിധി ഒരു നിരീശ്വരവാദി ആയിരുന്നിട്ട് കൂടി ആ ഭയം അദ്ദേഹത്തിന് ഉണ്ടായിരുന്നത്രേ.

ഗൈഡ് പറഞ്ഞു തന്നത് ഇതിലും എത്രയോ അധികം കാര്യങ്ങൾ. ചരിത്രം കഥ പറയുന്ന എല്ലാ സ്ഥലങ്ങളിലും ഒരു ഗൈഡ് അത്യന്താപേക്ഷിതമാണ്. ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ ഇത്ര മാത്രമേ ഓർമ്മിച്ചെടുക്കാനാവുന്നുള്ളു. കൂടുതലായൊന്നും തലയ്ക്കുള്ളിൽ നിന്ന് പുറത്തെടുക്കുവാൻ ആവുന്നില്ല..തത്കാലം അന്നത്തെ ഊരുചുറ്റൽ അവസാനിപ്പിച്ചു. യാത്രാമധ്യേ ബുക്ക് ചെയ്ത അന്തിയുറക്ക ഇടത്തിലേക്ക് കയറി. മനോഹരസ്ഥലം…. ചോള ഹെറിറ്റേജ് എന്നായിരുന്നു ആ ഇടത്തിന്റെ പേര്.

അവിടെ അതിഥികൾ ആയി അന്ന് ഞങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ഒരു ഗൃഹാന്തരീക്ഷം. കോഴി ,ആട്, പൂച്ച, മുയൽ, പുഞ്ചിരിക്കുന്ന മനുഷ്യർ ഇങ്ങനെ. ചിലപ്പോഴെങ്കിലും വീട് സത്രം പോലെയും സത്രം വീടു പോലെയും പരിണമിക്കുന്നുവോ. ട്രാൻസ്ഫറുകൾക്ക് ശേഷം അവധിയുള്ളപ്പോൾ എല്ലാവരും ഒരുമിക്കുന്ന സ്ഥലമായി മാറിയിരിക്കുന്നു വീട്. ‘അന്നദാതാവിനെ അനുസരിച്ചേ മതിയാവൂ’. പ്രഭാത ഭക്ഷണത്തിന് ഇഡ്ഢലി ,സാമ്പാർ, ചമ്മന്തി, റാഗിറൊട്ടി, കവുണി അരിസി കഞ്ഞി, (Kavuni Arisi Kanji) കുളി പണിയാരം (Kuli Paniyaram), എന്നിങ്ങനെ രുചികരമായ വിഭവങ്ങൾ. പതിവു താമസസ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമായി പാചകക്കാരിയും വിളമ്പുകാരിയുമൊക്കെ നാണം കുണുങ്ങി ആയ ഒരു പെൺകുട്ടി.

ബ്രേക്ക്‌ഫാസ്റ്റിനു ശേഷം ഞങ്ങൾ അവിടെ നിന്ന് കരൈക്കുടി ആൻ്റിക് മാർക്കറ്റ് തപ്പി നീങ്ങി. കേരളത്തിലെ മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി തെരുവുകളെ പോലെയാണ് ഇവ. ഒരു പാതയ്ക്ക് ഇരുവശവും ചെറു കടകൾ .ഒളിഞ്ഞിരിക്കുന്ന ഈ ചെറുവഴി കണ്ടു പിടിക്കാൻ നാട്ടുകാരുടെ സഹായം വേണ്ടി വരും. വലിയ വൃത്തി ഒന്നും തോന്നിയില്ല. ഈ ദേശത്തിന് ചെട്ടിനാട് എന്നും പേര് പറയും. ചെട്ടിയാരുടെ നാട് .

ചോളൻമാരുടെ കാലം തൊട്ട് ഇന്നും നിലനില്ക്കുന്ന കച്ചവടക്കാരാണ് ചെട്ടിയാൻമാർ. അതിസമ്പന്നരായ അവരുടെ കൊട്ടാരസദൃശ്യമായ അനേകം ഭവനങ്ങളുണ്ട് ഇവിടെ. അവയിൽ ചിലത് ഒക്കെ ക്ഷയിച്ചു പോവുകയും കുറച്ചധികം പേർ വിദേശങ്ങളിൽ വാസം ആരംഭിക്കുകയും ചെയ്തു. കടൽ കടന്ന് കച്ചവടം നടത്തിയവരാകയാൽ വിദേശങ്ങളിൽ നിന്നുള്ളതും മനോഹരവുമായ അനേകം വസ്തുക്കൾ ഈ ചെട്ടിയാർ ഭവനങ്ങളിൽ ഉണ്ട്. ഈ ഭവനങ്ങളിൽ നിന്ന് കിട്ടിയിട്ടുള്ള അനവധി വസ്തുക്കൾ ഈ ആൻ്റിക് ഷോപ്പുകളിൽ ഉണ്ട്. ചിലത് സാമ്പത്തികമായി ക്ഷയിച്ചപ്പോൾ ചെട്ടിയാർ പണത്തിന് വേണ്ടി വിറ്റതും ചിലത് സൂക്ഷിക്കുക അസാധ്യമായതിനാൽ ഉരുപ്പടിയായി വിൽക്കുന്നതും. ചുളു വിലയിൽ വിൽക്കുന്ന ഈ സാമാനങ്ങൾ കൈമറിയുമ്പോഴേക്കും വില പതിൻമടങ്ങാകുന്നു.

ഈ കഥ പറയുമ്പോൾ കേരളത്തിലെ വീടകങ്ങളെ കുറിച്ച് വെറുതെ ചിന്തിച്ചു. ചെറുപ്പക്കാർ വിരളം. പഠിപ്പു കഴിഞ്ഞ് ഭൂരിഭാഗം പേരും വിദേശങ്ങളിൽ . തുച്ഛമായ ശമ്പളവും ജോലി സ്ഥലങ്ങളിലെ അരക്ഷിതാവസ്ഥയും തന്നെ കാരണം. കുറച്ചധികം വൃദ്ധർ വസിക്കുന്ന നാടായി മാറിയിരിക്കുന്നു കേരളം. മിഴിവുറ്റ വൃദ്ധസദനങ്ങളിലേയ്ക്കുള്ള പ്രവേശനത്തിന് അധികം പേരുണ്ടാവും എന്നത് നിസ്സംശയം. അതാവും കേരളത്തിലെ ഇനിയുള്ള മികച്ച ബിസിനസ്സ്… മനസ്സ് കൊണ്ടു് ആ പ്രവേശനത്തിന് ഞാനും തയ്യാറെടുത്ത് കഴിഞ്ഞു. രമ്യഹർമ്മ്യങ്ങളൊക്കെ വെറും വേസ്റ്റ്, ജീർണ്ണിക്കപ്പെടാനുള്ളത് മാത്രം.സമാനഹൃദയരുടെ ഒരുമിച്ചുള്ള വാസം ആഘോഷകരമാവില്ല എന്നാര് കണ്ടു. പ്രായം കടന്നു പോകും തോറും ഇണങ്ങി ചേരാനുള്ള മനുഷ്യൻ്റെ വൈഭവം കുറയും എന്നത് വാസ്തവമെങ്കിലും. ചിന്തകൾ ആ വഴിക്ക് നീങ്ങിയപ്പോഴാണ് ആൻ്റിക് പ്രണയം നല്ലതു തന്നെ എന്ന് തമാശയായി പറഞ്ഞത്. നടക്കാൻ വയ്യാതാവുമെങ്കിലും ശാഠ്യങ്ങൾ കൂടുമെങ്കിലും നമുക്കും ഉണ്ട് ഒരു ആൻ്റിക് വാല്യു എന്ന് തത്ക്കാലം സ്വയം ആശ്വസിക്കുകയേ തരമുള്ളു !!! പതിൻമടങ്ങ് വില കൊടുക്കേണ്ടി വരും….ഇതാവാം ഇനിയുള്ള വലിയ വിപ്ലവം..

വിപ്ലവത്തിൽ നിന്ന് വർത്തമാനത്തിലേക്ക് ഞാൻ ചിന്തകളെ തിരിച്ചു പിടിച്ചു. അത്തൻകുടി പാലസ് കാണണം എന്നാണ് ചോള ഹെറിറ്റേജിൽ നിന്ന് ഞങ്ങളോട് പറഞ്ഞത്. പക്ഷേ അവിടെയുള്ള ക്ഷേത്രങ്ങളോ അഗ്രഹാരങ്ങളോ, ചെട്ടിയാർ ഭവനങ്ങളോ ഒന്നും കാണാൻ സമയമില്ല. ഇന്നലെ വീട്ടിലെത്തേണ്ടിയിരുന്ന ഞങ്ങൾ ഇന്നും എത്തുമെന്ന് തോന്നുന്നില്ല. പുരാതന സാമാനങ്ങളുടെ ഇടയിലൂടെ ചുറ്റിത്തിരിയുകയാണ്. പലതും എന്താണെന്ന് കച്ചവടക്കാർക്കും അറിയില്ല. കാണാത്ത കുറച്ചു സാധനങ്ങൾ ഞങ്ങൾ കൈക്കലാക്കി. ഇംഗ്ലീഷുകാർ കാപ്പിക്കുരു പൊടിച്ചു കാപ്പിയുണ്ടാക്കുന്ന ഒരു മെറ്റൽ പീസ്. കട്ടിലിൽ തൂക്കിയിട്ട് വെളിച്ചം കിട്ടാൻ ഉപയോഗിക്കുന്ന മറ്റൊന്ന് . ഗൂഗിൾ ദൈവം ഉള്ളത് കൊണ്ട് ഇവയൊക്കെ എന്തെന്ന് കണ്ടു. ഇതൊക്കെ അനാവശ്യമെന്നും, കള്ളുകുടിസമാനമെന്ന് ഉറക്കെ പ്രഖ്യാപിച്ച് നല്ല പിള്ള ചമയുമെങ്കിലും, ഇവയെല്ലാം പറയാതെ പറയുന്ന ചരിത്രം ഇഷ്ടപ്പെടുകയും കൈക്കലാക്കാൻ ആഗ്രഹം ജനിക്കുകയും ചെയ്യുന്നു എന്നത് സത്യം. മറ്റു പലതിൻ്റെയും ബോധം കെടുത്തുന്ന വില കേട്ട്, കണ്ടാസ്വദിക്കാനേ പറ്റൂ എന്ന സത്യം ഉൾക്കൊണ്ടു് ഞങ്ങൾ അവിടെ നിന്ന് പുറപ്പെട്ടു. അപ്പോഴേക്കും വൈകന്നേരം ആയിരുന്നു. നീണ്ടു നിവർന്നു കിടക്കുന്ന ഉഗ്രൻ ഹൈവേകൾ, ചുറ്റും തരിശായ കര… യാത്ര സുഖകരം. പൊള്ളാച്ചി -പാലക്കാട് വഴിയോ ,മൂന്നാർ വഴിയോ മടക്കം എന്ന ആലോചനയ്ക്ക് അല്പം സമയനഷ്ടം ഉണ്ടെങ്കിലും മൂന്നാർ വഴിയാകാം എന്ന് തീരുമാനം.

അങ്ങനെ കാഴ്ചകളൊക്കെ കണ്ട് ഞങ്ങൾ കേരള അതിർത്തി കടന്നു. ഒരു അതിർത്തി കടക്കുമ്പോഴേക്കും വേഷത്തിലും ഭാവത്തിലുo ഭാഷയിലും സംസാരരീതിയിലും ഉള്ള വ്യത്യാസം കണ്ട് അദ്ഭുതപ്പെട്ടു. സന്ധ്യ രാത്രിക്ക് വഴിമാറി കൊടുത്തു കൊണ്ടിരിക്കുകയാണ്. മാനത്ത് നിറഭേദങ്ങളുടെ വർണ്ണ പ്രപഞ്ചം. കണ്ണെടുക്കാൻ പറ്റാത്തത്ര മനോഹാരിത. എത്ര ആഘോഷത്തോടെയാണ് സൂര്യൻ നിശയെ ആശ്ലേഷിച്ചാനയിക്കുന്നത്. ഞങ്ങൾ ഗാട്ട് മല കയറി തുടങ്ങി. ചന്ദ്രപ്രഭയിൽ മോഹനപ്രദേശങ്ങൾ നിഴലുകളായി കണ്ണുകളിൽ ആവേശിച്ചു തുടങ്ങി. അല്പം പ്രകാശമുണ്ടായിരുന്നെങ്കിൽ പച്ചപ്പ് നൃത്തമാടിയേനേ.., ഏതായാലും ഈ രാത്രിയും വീട്ടിലെത്തുകയില്ല. മൂന്നാറിൽ Mountain Mist എന്ന താമസ സൗകര്യത്തിലേക്ക് സുഹൃത്ത് മുഖേന കയറി കൂടി. ഡാഡി മമ്മി വീട്ടിലില്ല എന്ന അവസ്ഥയാണ്. ചെന്നെത്തുന്നിടം താവളം. പിറ്റേന്ന് ചെറിയൊരു ട്രെക്കിങ്ങ് പരിപാടി. ചുറ്റും മരങ്ങൾ, മല, അരുവി പച്ചപ്പിൻ്റെ മേളം. അനുഭൂതി സൃഷ്ടിക്കുന്ന ചെറുതണുപ്പു്. പ്രകൃതിയെ പോലെ മനുഷ്യന് ആനന്ദമേകുക മറ്റെന്ത്?

സമയം അതിൻ്റെ പോക്ക് അറിയിക്കാതെ നീങ്ങിക്കൊണ്ടേയിരുന്നു. വൈകുന്നേരമെങ്കിലും തിരികെ വീട്ടിലെത്തേണ്ടിയിരിക്കുന്നു. പിറ്റേന്ന് മുതൽ ജോലിക്ക് പോകേണ്ടതുണ്ടു്. ഒരാൾ ബോംബെക്കും മറ്റാൾ ആലപ്പുഴയ്ക്കും. കാർ മെല്ലെ മലയിറങ്ങുകയായി, പശ്ചാത്തലത്തിൽ Nana Mouskauri പാടി തുടങ്ങി…

Till the white rose blooms again,
You must leave me, leave me lonely,
But like the rose that comes
back in spring time
You will return when
spring time comes around…

അഡീഷണൽപ്രൊഫസർ, ഫിസിയോളജി ഡിപ്പാർട്ട്മെൻ്റ്, ഗവൺമെൻ്റ് മെഡിക്കൽ കോളജ് ആലപ്പുഴ. എറണാകുളം ജില്ലയിൽ തിരുവാങ്കുളത്ത് താമസം. ആനുകാലികങ്ങളിലും ഓൺലൈനിലും എഴുത്തുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ടു്.