കഥകഴിക്കാനാകില്ല കഥയുടേയും വായനക്കാരെന്റെയും

അമേരിക്കയിലെ നോര്‍ത്ത് കരോലിനയില്‍ ജനിച്ച വില്യം സിഡ്നി പോര്‍ട്ടര്‍ ഒരു ബാങ്കിലെ ബുക്ക് കീപ്പര്‍ ആയിരുന്നു. ബാങ്കില്‍ ക്രമക്കേട് നടത്തിയതിന് കിട്ടിയ അഞ്ചു വര്‍ഷത്തെ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങി ന്യുയോര്‍ക്കിലേക്ക് പോയ അദ്ദേഹം പേര് മാറ്റി ഒ.ഹെൻട്രി എന്നാക്കി കഥയെഴുതാന്‍ തുടങ്ങി. കഥയെഴുതിയിരുന്നില്ലെങ്കില്‍ ഒരു വലിയ കള്ളന്‍ എന്ന നിലയില്‍ പോലും അദ്ദേഹത്തെ ഇന്ന് ലോകമറിയുമായിരുന്നില്ല. സാഹിത്യ ശാഖകളില്‍ ഇന്നും യൗവനം കൈവിടാത്തതും കാര്യമായ രോഗങ്ങള്‍ ബാധിച്ചിട്ടില്ലാത്തതും നിരന്തരം സ്വയം നവീകരിക്കുന്നതും കഥ തന്നെയാണ്.     രവിവര്‍മ്മ  തമ്പുരാന്‍ എഴുതുന്നു: കഥകഴിക്കാനാകില്ല, കഥയുടേയും വായനക്കാരെന്റെയും 

പ്രസാധകരെല്ലാം ഒരേ പോലെ പറയുന്നു, കഥയ്ക്കു വിൽപ്പനയില്ലെന്ന്. സമകാലിക മലയാളം വാരിക കുറെച്ചുനാള്‍  മുമ്പ് സംഘടിപ്പിച്ച കഥാമത്സരത്തിന്‍റെ മൂല്യനിര്‍ണയം നടത്തിയ സാറ ജോസഫും ഡോ. കെ.എസ്.രവികുമാറും ബെന്യാമിനും പറഞ്ഞത് മത്സരത്തിന് ലഭിച്ച  കഥകളൊന്നും നിലവാരം പുലര്‍ത്തുന്നില്ല എന്നാണ്. ഇത് അറിഞ്ഞപ്പോഴും പ്രസാധകന്‍ പ്രതികൂലം പറഞ്ഞപ്പോഴും എനിക്ക് നിരാശയൊന്നും തോന്നിയില്ല. അങ്ങനെ ആത്മഹത്യ ചെയ്യാന്‍ കഥയ്ക്കാവില്ല എന്ന ഉത്തമ വിശ്വാസം തന്നെ കാരണം. 

സന്തോഷ് എച്ചിക്കാനത്തിന്‍റെ ബിരിയാണിയും, എസ്.ഹരീഷിന്‍റെ മോദസ്ഥിതനായങ്ങു നില്‍പ്പൂ മല പോലെയും മലയാളത്തിലുണ്ടാക്കിയ സംവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഒന്ന് തിരിഞ്ഞുനോക്കുമ്പോള്‍ വീണ്ടും ഉറപ്പാക്കുന്നു മലയാള കഥ മരിക്കില്ലെന്ന്. കഥയെ അങ്ങനെയൊന്നും ഞെക്കികൊല്ലാനാവില്ല. കാരണം സാഹിത്യ ശാഖകളില്‍ ഇന്നും യൗവനം കൈവിടാത്തതും കാര്യമായ രോഗങ്ങള്‍ ബാധിച്ചിട്ടില്ലാത്തതും നിരന്തരം സ്വയം നവീകരിക്കുന്നതും കഥ തന്നെയാണ്.

നോവല്‍ പോലെ വലുപ്പമുള്ള ഒരു കൃതി രചിച്ചിട്ടുണ്ടെന്നതൊഴിച്ചാല്‍ ചെറുകഥ മാത്രം എഴുതിയിട്ടുള്ള ആലീസ് മണ്‍റോയ്ക്ക് എൺപത്തിരണ്ടാമത്തെ വയസ്സില്‍ 2013 ൽ കിട്ടിയ നോബേല്‍ സമ്മാനം ആഗോളതലത്തില്‍ ചെറുകഥ മരിച്ചിട്ടില്ലെന്നതിന്‍റെ തെളിവാണ്. 1740 ല്‍ പ്രസിദ്ധപ്പെടുത്തിയ പമേല എന്ന എന്ന ഇംഗ്ലീഷ് കൃതിയാണ് ആഗോളതലത്തില്‍ പ്രസിദ്ധീകരിച്ച ആദ്യ നോവൽ. മലയാളത്തിൽ അപ്പു നെടുങ്ങാടിയുടെ കുന്ദലതയാണ് ആദ്യ നോവല്‍. അതായത് ലോക സാഹിത്യത്തില്‍ നോവല്‍ പിറന്ന് 147 വര്‍ഷം കഴിഞ്ഞാണ് മലയാളത്തില്‍ നോവല്‍ പിറക്കുന്നത്. 

പക്ഷേ ചെറുകഥയുടെ കാര്യത്തില്‍ മലയാളം ഇത്ര വലിയ കാലതാമസം വരുത്തിയില്ല. 1827 ല്‍ വാള്‍ട്ടര്‍ സ്കോട്ട് എഴുതിയ ദി ടു ഡ്രോവേഴ്സ് ആണ് ലോകത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ചെറുകഥയെന്ന് സാഹിത്യചരിത്രം പറയുന്നു. മലയാളത്തിലെ ആദ്യത്തെ ചെറുകഥയാവട്ടെ 1891 ല്‍ പ്രസിദ്ധപ്പെടുത്തിയ കേസരി വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാർ  കഥയും. ലോകത്തില്‍ കഥയുണ്ടായി 64 ആം വർഷം മലയാളത്തിലും കഥയുണ്ടായി. മലയാള ചെറുകഥയ്ക്ക് 125 വയസാകുമ്പോള്‍ ലോക ചെറുകഥയോട് കിടപിടിക്കും വിധത്തില്‍ ശക്തമായ മാധ്യമമായി അത് തലയുയര്‍ത്തി നില്‍ക്കുകയാണ്. ആരൊക്കെ അവഗണിച്ചാലും കഥ മലയാളത്തില്‍ നിലനില്‍ക്കുക തന്നെ ചെയ്യും. 

കഥയെ നിലനിര്‍ത്തുന്നത് അതിന്‍റെ സാഹിത്യഭംഗിയും ഭാഷാ ശുദ്ധിയുമൊക്കെയാണ്. മനസ്സില്‍ കഥ നില്‍ക്കണമെങ്കില്‍ കഥയില്‍ കാഴ്ചവേണം. ഒരിക്കലും മറക്കാത്ത ദൃശ്യങ്ങളും. ഉറൂബിന്‍റെ രാച്ചിയമ്മയില്‍ ഒരു ദൃശ്യമുണ്ട്. മുളകള്‍ക്കും മനസിനും ആണ്ടണ്‍ പൊട്ടുന്ന കാലം. അസ്വസ്ഥമായിരുന്നു മനസ്സ്. അതുകൊണ്ട് എന്തിനെന്നില്ലാതെ തെണ്ടി നടന്നു. ഒടുവില്‍ ആണ്ടണ്‍ പൊട്ടിച്ചു തിന്ന് ചെവിയും തുമ്പിയും ആട്ടി കൊണ്ട് നിന്ന ആ കട്ട പിടിച്ച ഇരുട്ടിന്‍മേല്‍ ചെന്ന് കയറിപ്പോയേനെ. ഒരടി കൂടി വച്ചാല്‍ മതി. പക്ഷെ, നിന്നു. മുന്‍പോട്ട് ഒരടി വെച്ചു കൂടാ. പിൻപോട്ടു  പോകാന്‍ ശക്തിയുമില്ല. വെറങ്ങലിച്ച നില്‍പ്പ്.

ഇവിടെ വര്‍ണിക്കപ്പെടുന്നത് കാട്ടാനയാണെന്ന് ഉറൂബ് പറഞ്ഞിട്ടില്ല. പക്ഷെ ധ്വനിയിലൂടെ ഒരു കാട്ടാനയുടെ മുമ്പില്‍ ചെന്നു പെട്ടാലെന്നപോലെ നമ്മള്‍ സംഭീതരാവുന്നു. അത് തന്നെയാണ് കാലത്തെ അതിജീവിക്കുന്ന കഥകളുടെ ശക്തി.

കഥയുടെ കാലാതിവര്‍ത്തിത്വത്തെ വിശദീകരിക്കാൻ ഇനിയുമേറെ ഉദാഹരണങ്ങള്‍ പറയാം. 2013 നവംബറില്‍ അച്ചടിച്ചു വന്ന സന്തോഷ് എച്ചിക്കാനത്തിന്‍റെ കലാതിലകം എന്ന കഥയില്‍ ‘അടുത്ത നിമിഷം ശര്‍മിള തന്നെ ഒരു പരവതാനി പോലെ സതിയേച്ചിയുടെ മുന്നില്‍ നിവര്‍ത്തിയിട്ടു ‘ എന്നൊരിടത്തും ‘തുറമുഖത്തേക്ക് വരാന്‍ ഊഴം കാത്തുനില്‍ക്കുന്ന ഒരു കപ്പലിന്‍റെ കൊടിമരത്തില്‍ അവളുടെ നെറ്റിയിലെ പൊട്ടുപോലെ ഒരു വലിയ സൂര്യന്‍ പറ്റിനിന്നിരുന്നു’ എന്നു  മറ്റൊരിടത്തും പറയുന്നുണ്ട്. ഇത്തരം പ്രയോഗങ്ങളിലൂടെ കഥയെ കവിത പോലെയോ ചിത്രകല പോലെയോ ചലച്ചിത്രം പോലെയോ നമ്മെക്കൊണ്ട് അനുഭവിപ്പിക്കുകയാണ് സന്തോഷ് എച്ചിക്കാനം. 2014 ഡിസംബറില്‍ സമകാലിക മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ച സന്തോഷിന്‍റെ തന്നെ ആട്ടം എന്നകഥയില്‍ തെയ്യത്തിലെ കുട്ടിത്തരം വേഷങ്ങള്‍ കെട്ടാന്‍ കുട്ടികളില്ലാത്തതിനാല്‍ അന്യസംസ്ഥാന തൊഴിലാളിയുടെ മകനെ കൊണ്ട് ആടിവേടന്‍ കെട്ടിക്കുന്നതിനെ കുറിച്ച് പറയുന്നു.

കഥയില്‍ നിന്ന്: സിമെന്‍റിലും വെള്ളത്തിലും ദീര്‍ഘകാലം കിടന്ന് ഞൊറി വീണ ബബുലുവിന്‍റെ  കുഞ്ഞു കാല്‍പാദങ്ങള്‍  

കണ്ടപ്പോള്‍  അലന്‍സിയറിന് പെട്ടെന്നൊരു വിഷമം തോന്നി. അതിന്‍റെ വക്കുകള്‍ പലയിടത്തും  തഴമ്പ് പിടിച്ച് പൊട്ടിത്തുടങ്ങിയിരുന്നു. കെട്ടിട നിര്‍മാണത്തൊഴിലാളിക്കൂട്ടത്തില്‍ ബാലവേല ചെയ്ത് ക്ലേശിക്കുന്ന ബബുലു തെയ്യം കെട്ടുന്നതും ഒരു ബാലവേലയുടെ കഷ്ടപാടുകളോടെയാണെന്ന്‌ കഥ മുന്നോട്ട് വായിക്കുമ്പോള്‍ നമ്മെ അനുഭവിപ്പിക്കുന്നു എഴുത്തുകാരന്‍. 

‘വന്നയുടന്‍ നേത്രോല്‍പ്പലമാലയുമിട്ടാള്‍ മുന്നേ 

പിന്നാലെ വരണാര്‍ഥമാലയുമിട്ടീടിനാല്‍ ‘

എന്ന രണ്ടു വരികൊണ്ട് തുഞ്ചത്ത് എഴുത്തച്ഛന്‍ സീതാ സ്വയംവരത്തെ ദൃശ്യമായി അവതരിപ്പിക്കുന്നതിലെ മിതത്വവും കഥയ്ക്ക് വേണം .

പ്രസാധകനും നിരൂപകനും പത്രാധിപനും ഗ്രനഥശാലക്കാരനുമൊക്കെ കുറേക്കാലം വലിയ പരിഗണന കൊടുക്കാതിരുന്നിട്ടും ബെന്യാമിന്‍ എന്നൊരു എഴുത്തുകാരനെ വായനക്കാര്‍ കണ്ടെത്തിയെങ്കില്‍, തഴഞ്ഞ എല്ലാവരെകൊണ്ടും അദ്ദേഹത്തെ അംഗീകരിപ്പിക്കാന്‍ വായനക്കാരന് കഴിഞ്ഞെങ്കില്‍, കൈമോശം വന്ന താരമൂല്യം അദ്ദേഹത്തിലൂടെ മലയാള സാഹിത്യകാരന് തിരികെ നല്‍കാന്‍ വായനക്കാരന്‍ തയ്യാറായെങ്കിലും സുഹൃത്തുക്കളെ, ഇപ്പറഞ്ഞ വായനക്കാരന്‍  മാത്രം മതി എഴുത്ത് ശ്രദ്ധിക്കപ്പെടാന്‍.

കഥയിലെ  ദൃശ്യങ്ങളെ കുറിച്ച് പറഞ്ഞു. ദൃശ്യങ്ങള്‍ കുറെ ഉണ്ടായതുകൊണ്ട് മാത്രം കഥയാവില്ല. കഥയില്‍ ജീവിതം വേണം, വികാരം വേണം, മനസ്സിനെ ദ്രവീകരിക്കാന്‍ ശേഷിയുള്ള ഔഷധം വേണം.105 വര്‍ഷം മുമ്പ് മരിച്ച ഒ ഹെന്‍റി  ഇന്നും ജീവിക്കുന്നുണ്ട് അദ്ദേഹമെഴുതിയ അനേകം കഥകളിലൂടെ. ദ ലാസ്റ് ലീഫ്  എന്ന കഥ നോക്കൂ. ന്യുമോണിയ ബാധിച്ച് മരണത്തെ മുഖാമുഖം കണ്ടണ്‍ ജോണ്‍സി എന്ന ചിത്രകാരിയെ ജീവിതത്തിലേക്കു തിരികെ കൊണ്ടു വന്നത് ബെര്‍മാന്‍ എന്ന ഇടത്തരം ചിത്രകാരന്‍റെ മാസ്റ്റര്‍പീസ് ചിത്രമായ അവസാനത്തെ ഇലയാണ്. പക്ഷെ അത് വരയ്ക്കാന്‍ അയാള്‍ നഷ്ടപ്പെടുത്തിയത് സ്വന്തം ജീവിതമാണ്. കൊടും മഞ്ഞത്ത് അര്‍ദ്ധരാത്രിയില്‍ ആരു മറിയാതെ ജോണ്‍സി നോക്കി കിടക്കുന്ന ചുവരില്‍ ഏണിയില്‍ കയറി നിന്ന് ജീവനുള്ള ഇല വരച്ചുകൊണ്ട് ബെര്‍മാന്‍ ന്യുമോണിയയെയും അത് വഴി മരണത്തെയും തന്‍റെ ജീവിതത്തിലേക്ക് സ്വീകരിച്ചു. 1962 ല്‍  (154 വർഷം മുമ്പ്) അമേരിക്കയിലെ നോര്‍ത്ത് കരോലിനയില്‍ ജനിച്ച വില്യം സിഡ്നി പോര്‍ട്ടര്‍ ഒരു ബാങ്കിലെ ബുക്ക് കീപ്പര്‍ ആയിരുന്നു. ബാങ്കില്‍ ക്രമകേട് നടത്തിയതിന് അദ്ദേഹം 5 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജയിലില്‍ നിന്നിറങ്ങി ന്യുയോര്‍ക്കിലേക്ക് പോയി അദ്ദേഹം പേര് മാറ്റി ഒ.ഹെൻട്രിയായി കഥയെഴുതാന്‍ തുടങ്ങി. കഥയെഴുതിയിരുന്നില്ലെങ്കില്‍ ഒരു വലിയ കള്ളന്‍ എന്ന നിലയില്‍ പോലും അദ്ദേഹത്തെ ഇന്ന് ലോകമറിയുമായിരുന്നില്ല.

വാല്‍മീകി കാട്ടിലെ പിടിച്ചുപറിക്കാരനായി തുടര്‍ന്നിരുന്നെങ്കില്‍ അദ്ദേഹത്തിന്‍റെ മരണത്തോടെ ആ ഓര്‍മകളും ഇല്ലാതായേനെ. പക്ഷെ ആദ്യ കാവ്യമെഴുതി അദ്ദേഹം അനശ്വരനായി. എഴുത്തിന്‍റെ അനുഗ്രഹം അതാണ്. പക്ഷെ എഴുത്തുകാരനെ അവനാക്കുന്നതും നിലനിര്‍ത്തുന്നതും വായനക്കാരനാണ്. വായനക്കാരനാണ് രാജാവ്. അവനാണ് ചക്രവര്‍ത്തി. രാജ്യവും മഹത്വവും  ശക്തിയും അവനുള്ളതാണ്. സ്വന്തം എഴുത്തിനെ കുറിച്ച് ഹുങ്ക് വിചാരിക്കുകയും പറയുകയും വായനക്കാരനെ പുച്ഛത്തോടെ കാണുകയുമൊക്കെ ചെയ്യുന്ന എഴുത്തുകാരുണ്ട്. വായനക്കാരന്‍റെ മഹത്വം അംഗീകരിക്കുന്ന എഴുത്തുകാരുമുണ്ട്. നിലപാട് എന്തുതന്നെയായാലും എല്ലാ എഴുത്തുകാരും ബോധവാന്‍മാരാകേണ്ട ഒരു സത്യമുണ്ട്. എഴുത്തുകാര്‍ ഒരിക്കലും സ്വന്തം ബ്രഹ്മാവല്ല  വായനക്കാരനാണ് എഴുത്തുകാരനെ സൃഷ്ടിക്കുന്നത്. വായനക്കാരനെ നമസ്കരിക്കാനുള്ള കടമ എഴുത്തുകാരനുണ്ട്. വായനക്കാരനില്ലെങ്കില്‍ എഴുത്തുകാരനുമില്ല. വായനക്കാരനെ കബളിപ്പിക്കാതെ നൂതനവും വ്യത്യസ്തവുമായ വായനാ വിഭവം  കൊടുക്കാൻ കഴിയുമെങ്കിൽ ഒരു എഴുത്തുകാരനും മാധ്യമം  ഒരു തടസ്സമാവുകയില്ല. എഴുത്തോ വായനയോ  മരിക്കുകയുമില്ല.കഥ വിശേഷിച്ചും.

ചെറുകഥാകൃത്തും നോവലിസ്റ്റും മാധ്യമ പ്രവർത്തകനും. മലയാള മനോരമയിൽ അസിസ്റ്റന്റ് എഡിറ്റർ. ചെന്താമരക്കൊക്ക, റിയാലിറ്റിഷോ, ശയ്യാനുകമ്പ, ഭയങ്കരാമുടി, ആർട്ടിസ്റ്റ് വി.എസ്. വല്യത്താന്റെ ലഘു ജീവിതരേഖ തുടങ്ങിയവയാണ് പ്രധാന കൃതികൾ.