കത്തി

ആശുപത്രിയുടെ നീണ്ട ഇടനാഴിയിലൂടെ എതിരെ വരുന്നവർ ചുമയ്ക്കുമോ  എന്ന പേടിയോടെ  മുഖത്തെ മാക്സ് ശരിയല്ലേയെന്ന് ഇടയ്ക്ക് വിരൽ തൊട്ട് ഉറപ്പ് വരുത്തി കൊണ്ട് ആളുകൾ നിരന്തരം തെക്ക് വടക്ക് നടക്കുന്നുണ്ട്. ഓരോ അപരിചിതനെയും തനിക്ക് നേരെ വരുന്ന അക്രമിയെ പോലെയാണ് ഓരോ മനുഷ്യനും നോക്കുന്നത് എന്ന് തോന്നും പലരുടെയും മുഖാവരണം കടന്ന് പുറത്തേക്ക് നീളുന്ന  ഭാവം കണ്ടാൽ.. ..!

ഡോക്ടർ രാജശേഖരൻ എന്ന് നീല നിറമുള്ള ബോർഡിൽ വെള്ള വിനീൽ അക്ഷരങ്ങൾ പതിച്ചതിന് താഴെയാണ് നീരജയുടെ അച്ഛൻ ഫോൺ ചെയ്യുമ്പോൾ നിന്നിരുന്നത്. ഇടത് കൈ മുട്ട് ചുമരിൽ കുത്തി നിന്ന് കൊണ്ടുള്ള ഫോൺ സംഭാഷണം കഴിഞ്ഞപ്പോൾ അയാളും നീരജ ഇരുന്ന അതേ മര ബഞ്ചിൽ വന്നിരുന്നു. സത്യത്തിൽ എന്താണ് സംഭവിച്ചത് എന്ന് അയാൾക്ക് അത്ര ബോധ്യം വന്നിട്ടില്ല. ഇന്ന് വരെ നീരജയുടെ അമ്മയ്ക്ക് അത്തരമൊരു ക്ഷീണമോ പെട്ടെന്നുള്ള തല കറക്കമോ ഒന്നും തന്നെ ഉണ്ടായ ഓർമ്മയില്ല അയാൾക്ക്. ഇതിപോൾ മറ്റു വല്ല അസുഖവുമായിരിക്കുമോ എന്ന പേടി അയാളെ സമ്മർദ്ദത്തിൽ ആക്കി.

നീരജയുടെ ഫോൺ വിളി വന്നപ്പോൾ അയാൽ വിൽപന നികുതി ഓഫീസിലെ ഫയൽ കൂമ്പരങ്ങൾക്ക് ഇടയിൽ നിന്ന് പുറത്തേക്ക് ഊളിയിട്ട് ഒരു ഓട്ടോ റിക്ഷയിൽ ചാടി കയറി അഞ്ചു മിനുട്ടിനുള്ളിൽ അശ്വനി ഹോസ്പിറ്റലിൻ്റെ അത്യാഹിത വിഭാഗത്തതിന് മുന്നിൽ തുള്ളി ഇറങ്ങുകയായിരുന്നു. എന്നിട്ടിപ്പോൾ രണ്ടു മണിക്കൂർ കഴിഞ്ഞ് കാണും. ഇപ്പൊൾ കൊടുത്തു കൊണ്ടിരിക്കുന്ന ഡ്രിപ്പ് കൂടി കഴിഞ്ഞാൽ ഇന്ന് തന്നെ വീട്ടിലേക്ക് പോവാമെന്നാണ് ഡോക്ടർ പറഞ്ഞിട്ടുള്ളതെങ്കിലും വേണു നായർക്ക് സമാധാനമായിട്ടില്ല. ഒന്നാമത് രാവിലെ വരുമ്പോൾ യാതൊരു ക്ഷീണമോ അസുഖ ലക്ഷണമോ ഇല്ലാതിരുന്ന ആളാണ്, ഇപ്പോ നീട്ടി വച്ച കൈകളിൽ ഡ്രിപ്പ് നീഡിലുമായി കിടക്കുന്നത്. ഒന്നുകിൽ കാര്യമായ എന്തോ ഡിസ് ഓർഡർ ശരീരത്തിൽ ഉണ്ടാവാം. പ്രായം നാല്പത്തി അഞ്ചു തൊട്ടു. അതല്ലെങ്കിൽ മനസിന് വിഷമം സൃഷ്ടിക്കുന്ന എന്തോ സംഭവിച്ചു കാണണം. ഇതിൽ ഏതെങ്കിലും ഒന്നിൽ  ഉറപ്പിക്കണമെങ്കിൽ അവൾക്ക് എന്തെങ്കിലും മിണ്ടാനും പറയാനും ആവണം. അതിനാണെങ്കിൽ ചുരുങ്ങിയത് ഒരു മണിക്കൂർ എങ്കിലും കാക്കണം. മുഖത്തെ മാക്സ് ഒന്ന് കൂടി മൂക്കിൻ തുമ്പ് തോട്ടിട്ടുണ്ട് എന്നുറപ്പിച്ച ശേഷം അയാള് മകൾക്ക് നേരെ തിരിഞ്ഞു.

“മോളെ..സത്യത്തിൽ…..”
അയാള് ഒന്ന് മിണ്ടാൻ കാത്ത പോലെ നീരജ ലോഞ്ചിൽ ഇരുന്ന സ്ത്രീയുടെ നേരെ വിരൽ ചൂണ്ടി..
“നോക്കച്ച്ചാ..അവരുടെ ഒരു പേടി കണ്ടോ…” നീരജയുടെ കണ്ണുകളിൽ ചിരി വന്നു മുട്ടുന്നുണ്ട്. അവൾക്കാണെങ്കിൽ ഒരുത്കണ്ഠയും അമ്മയെപറ്റിയില്ലെന്ന് തോന്നിപ്പോയി വേണു നായർക്ക്. അയാൽ നീരജ വിരൽ ചൂണ്ടിയ ഇടത്തേക്ക് നോക്കി. അവിടെ ഒരു സ്ത്രീ അത് വരെ ഇരുന്ന സീറ്റിൽ നിന്ന് ഒരു സ്പ്രിംഗ് പോലെ ചാടി പൊങ്ങിയത് അയാള് കണ്ടൂ.ചുവന്ന റിബൺ കൊണ്ട് ഇവിടെ ഇരിക്കരുത് എന്ന് സൂചിപ്പിച്ചതിനുമപ്പുറം മറ്റൊരു കസേരയിൽ അവർ പെട്ടെന്ന് മാറി ഇരിക്കുന്നതും കണ്ടൂ. അപ്പോഴും മുഖത്തെ മാക്സ് ഊരി വീണെക്കുമോ എന്നത് പോലെ അവർ അസ്വസ്ഥത പ്രകടിപ്പിക്കുന്നത് വ്യക്തമാണ്.
അവരുടെ ചലനത്തിൽ കണ്ട അസ്വാഭാവികതയാണ് നീരജയ്‌ക്ക് കൗതുകം നൽകിയത്..

അവള് അച്ഛൻ്റെ മുഖത്തേക്ക് നോക്കാതെ ചോദിച്ചു.
“അച്ഛന് പറയാമോ അവർ വല്ലാതെ പേടിക്കുന്നത് എന്ത് കൊണ്ടാണ് എന്ന് ?.”
“അത്…. നമുക്കെല്ലാം ഉള്ളതല്ലേ ചില സമയത്ത് പെട്ടെന്നുള്ള …. അതിലെന്താണ് ഇത്ര….?”
“അതല്ലച്ചാ…എനിക്കുറപ്പുണ്ട്….”
അത്രയും പറഞ്ഞിട്ട് നീരജ പിറകിലേക്ക് ചാരിയിരുന്നു.
അയാള് മകളുടെ മുഖത്തേക്ക് നോക്കി.
“എന്തുറപ്പുണ്ട്…?..”
അവള് അപ്പോൾ മറുപടി ഒന്നും പറഞ്ഞില്ല. കുറച്ചു നേരം കഴിഞ്ഞ് കയ്യിലെ മൊബൈലിൽ വിരല് തൊട്ടു കൊണ്ട് പറഞ്ഞത് ഇതാണ്: ….

“അത് വിട്ട് കള…അച്ഛാ..എനിക്ക് ചിലപ്പോ ഓരോന്ന് തോന്നുന്നതാ…”
“അതെന്തെങ്കിലും  ആവട്ട്…..അമ്മയ്ക്ക് എന്ത് പറ്റിയെന്ന്  പറഞ്ഞില്ലല്ലോ നീ..? വീണത്എ ങ്ങനെയാണ്…. ഇവലെന്താ കൊച്ചു കുഞ്ഞാണോ… നിന്ന നില്പിൽ മറിഞ്ഞ് വീഴാൻ..?”
“അതച്ചാ ..ഞാൻ പറയാം…” നീരജ കയ്യിലുള്ള റെഡ് മി ഫോൺ സ്ക്രീനിൽ “S” എന്ന പറ്റെൻ വിരല് കൊണ്ട് വരഞ്ഞു. അന്നത്തെ പത്രത്തിലാണ് സുന്ദരിയായ ഒരു  പെൺകുട്ടി ഭർതൃവീട്ടിലെ പീഡനം സഹിക്കവയ്യാതെ ഭർത്താവിൻ്റെ വീട്ടിലെ ബാത്ത് റൂമിൽ ആത്മഹത്യ ചെയ്ത വാർത്ത വന്നത്. വാർത്തയുടെ ലിങ്ക് മെല്ലെ വിരൽ തൊട്ട് ഓപ്പൺ ചെയ്ത് കൊണ്ട് അവള് അച്ഛൻ്റെ മുന്നിലേക്ക് ഫോൺ നീട്ടി പിടിച്ചു.

“ഈ വാർത്ത വായിക്കുകയായിരുന്നു …അമ്മ…പത്രത്തിൽ..”
ഒരു വാർത്ത വായിച്ചതിനു എന്തിന് മറിഞ്ഞ് വീഴണം എന്ന ചോദ്യം കണ്ണിൽ കൊളുത്തി അയാള് സുമിത്രയെ നോക്കി.
“അതല്ല .. അച്ഛാ…വാർത്ത വായിച്ച ശേഷം അമ്മയും ഞാനും പലതും സംസാരിച്ചിരുന്നു… ഇതൊക്കെ കാണുമ്പോൾ പെടിയാവുന്നല്ലോ മോളെ… എന്നൊക്കെ പറഞ്ഞു തുടങ്ങിയിരുന്നു അമ്മ ..”
കട്ടി ഫ്രെയിം ഉള്ള  കണ്ണടയ്ക്കുള്ളിൽ ഒരു ചിരി കൊണ്ട് വരാൻ ശ്രമിച്ചു നീരജ. പിന്നെ അന്ന് നടന്ന കാര്യങ്ങൾ അവള് വിശദമായി അച്ഛനോട് പറഞ്ഞു തുടങ്ങി.

അവളുടെ അമ്മ പത്രം വായിക്കാൻ ഇരിക്കുന്നത് രാവിലെ ചായ കുടിയോക്കെ കഴിഞ്ഞ ശേഷം ഒൻപത് പത്ത് മണി നേരമൊക്കെ ആവുമ്പോഴാണ്. സത്യത്തിൽ വിസ്മയ യുടെ മരണ വാർത്ത പത്രം കാണും വരെ അവർ അറിഞ്ഞിട്ടുമുണ്ടായിരുന്നില്ല. നീരജയാണെങ്കിൽ അതിരാവിലെ തന്നെ സോഷ്യല് മീഡിയ വഴി കാര്യങ്ങൾ എല്ലാം അറിഞ്ഞു കഴിഞ്ഞിരുന്നു.

“ഇവരൊക്കെ എന്ത് മനുഷ്യരാണ്…..പണത്തിന് വേണ്ടി സ്വന്തം…..ഭാര്യയെ കൊല്ലാൻ മടിയില്ലാത്ത നീചന്മാര് എന്നാണ് അമ്മ പൂർത്തിയാക്കാതെ വിട്ട ഭാഗം എന്നത് അവള് ഉള്ളിൽ സ്വയം കേട്ടു.
അപ്പോഴാണ് അവള് അത് പറയുന്നത്..!:
“അമ്മേ…എനിക്ക് നല്ലൊരു കത്തി വാങ്ങിക്കണം …നല്ല മൂർച്ചയുള്ള ഒന്ന്..”
വാർത്തയുടെ ഞെട്ടലിൽ നിന്ന് അമ്മ മകളുടെ മുഖത്തേക്ക് തെറിച്ചു വീണു.
“അതെന്തിനിപ്പോ നിനക്ക് ….കത്തി,,?  എന്നവൾ സ്വയം ചോദ്യം പൂർത്തിയാക്കിയ ശേഷം മറുപടി പറഞ്ഞു.
“നല്ല മൂർച്ചയും തിളക്കവും ഉള്ളത് തന്നെ വേണം ….ഒരൊറ്റ കുത്തിന്  തീർന്നു പോകുന്ന…..”
സോഫയിൽ നിന്ന് ഒരു ശബ്ദവും ഉയർന്നില്ല ….അവൾക്ക് നല്ല തമാശ തോന്നി…
“എൻ്റെ  നിശ്ചയമൊക്കെ കഴിഞ്ഞതല്ലെ അമ്മെ…….!”
“അതിനിപ്പോ…? ” എന്തിന് കത്തി !

അമ്മയുടെ മുഖത്തെ ആന്തൽ കണ്ടപ്പോൾ  ശരിക്കും ചിരി വന്നു പോയവൾക്ക്..
“അതില്ലെ അമ്മെ… ഇന്ന് രാവിലെ മുതൽ ഉള്ളിലുള്ളതാ… കല്യാണമൊക്കെ കഴിഞ്ഞാൽ നല്ലൊരു കത്തി  കൂടി നമ്മൽ സ്ത്രീകൾ തലയിണ കീഴിൽ തന്നെ കരുതി വയ്ക്കണമെന്നോരു ….”അവള് പറഞ്ഞ് വന്നത് മുഴുവൻ മനസ്സിലാവാതെ അമ്മ

പറഞ്ഞു വരുമ്പോൾ സുരേഷ് നല്ലൊരു പയ്യനാണ്… സര്ക്കാര് സർവീസിൽ തന്നെ ജോലി വേണം എന്നത് അച്ഛനും അമ്മയും കൂടി തീരുമാനിച്ചു വച്ചത് മിക്കവാറും അവള് മുട്ടിട്ട് നടക്കുന്ന കാലത്താ വും….. ഈ ആലോചന വന്നപ്പോൾ അമ്മയ്ക്ക് ജോലിയെക്കാൾ  ബോധിച്ചത് പയ്യൻ്റെ കുടുംബ പേരിലാണ്… കണ്ണൂര് ആകെ പേര് കെട്ടോരു കുടുംബം. മിലിട്ടറിയില് ഉന്നത സ്ഥാനത്ത് ഇരിക്കുന്നവർ അടക്കം സംസ്ഥാന അസംബ്ലിയില് വരെ ഒപ്പ് പതിപ്പിച്ച ഇനീഷ്യൽ. അവളുടെ അച്ഛൻ കണക്ക് കൂട്ടി നോക്കിയത് പയ്യൻ്റെ പ്രമോഷൻ സാധ്യതയും താവഴിക്ക് കിട്ടിയ തറവാട്ട് വിഹിതം എത്ര വരും എന്നുമാണ്.  ആലോചന വന്നപ്പോ തന്നെ അയാള് പലതും ഉള്ളിലൂടെ അറിഞ്ഞു വച്ചിരുന്നു താനും… ഭൂനിയമം വന്നപ്പോൾ തറവാട്ട്കാർക്ക് കയ്യിൽ നിന്നതിൽ നിന്ന് ഇന്നെത്തി നിൽക്കുന്ന താവഴികൾക്കു കൈ വിട്ട് കിട്ടിയ പറമ്പും കണ്ടവും ഏതാണ്ട് എത്ര സെൻ്റ് വരുമെന്ന് അയാലു അറിഞ്ഞു വച്ചിരുന്നു. കിട്ടിയ വകയിൽ പയ്യൻ തന്നെ കെട്ടിപ്പൊക്കിയ രണ്ടു നില വീട് ചുറ്റുപാടും ഉളള ഗൾഫ്  പണക്കാരുടെതിനേക്കാൽ മികച്ചതാണ് എന്നതും അയാൾക്ക്  നന്നേ രുചിച്ചു. അങ്ങനെയൊക്കെയാണ് വിവാഹ നിശ്ചയം വരെ എത്തി നിൽക്കുന്നത്; അവളുടെ കല്യാണ കാര്യം.

“തലയിണ കീഴിൽ ആക്കണ്ട….കയ്യിൽ തന്നെ കരുതിക്കോ എന്നാ പിന്നെ “
പത്രം മടക്കി കൊണ്ട് ബാക്കി കൂടി പറഞ്ഞു “എന്തിന് കത്തി യാക്കുന്ന്… …ഒരു കൊടുവാൾ തന്നെ ആയ്‌കൊട്ടെ…..”
അമ്മയ്‌ക് ഉള്ളിൽ പുകഞ്ഞു തുടങ്ങിയിട്ടുണ്ട്, തൻ്റെ വാക്കുകൾ എന്ന് അവളറിഞ്ഞൂ.
“പത്രം അല്പം ശബ്ദമുണ്ടക്കി കൊണ്ട് സോഫയിൽ എറിഞ്ഞിട്ടു അമ്മ അകത്തേക്ക് പോയപ്പോൾ അവളും പിറകെ ചെന്നു.
“നോക്ക്.. ഈ  പാവം കുട്ടികളൊക്കെ ചെറുപ്പന്നെ മരിക്കേണ്ടി വരുന്നത് ആരുടെ കുറ്റാ..? അറിയോഅമ്മക്ക് ?..”
എൻ്റെ കുറ്റമാണോ എന്ന മട്ടിൽ അവർ മകളെ നോക്കി. നാലാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഒരു പയ്യൻ എൻ്റെ ചന്തിക്ക് പെൻസിൽ കൊണ്ട് കുത്തിയത് ഓർമ്മയുണ്ടാ…അമ്മക്ക് “

അവള് ഇപ്പോ കിട്ടിയ കുത്ത് എന്നത് പോലെ അറിയാതെ പിറകു വശം തടവി പോയി. പതിനാല് കൊല്ലം കഴിഞ്ഞിട്ടും അവളുടെ കൈ തരിച്ചു, അന്നത്തെ പോലെ. കുത്ത് കിട്ടി തിരിഞ്ഞു നിന്ന അവള് കണ്ടത് പല്ലിളിച്ചു ചിരിക്കുന്ന മനോജിനെയാണ്. കയ്യിൽ ഉണ്ടായിരുന്ന പുസ്തകക്കെട്ടും ഇൻസ്ട്രൂമെൻ്റ് ബോക്സും രണ്ടു കൈ കൊണ്ടും കൂട്ടി പിടിച്ചാണ് അവൻ്റെ മുഖം അടച്ചു കൊടുത്തത്. ബോക്സിൻ്റെ അടപ്പ് തുറന്ന് പുറത്ത് ചാടിയ കോമ്പസ് കൊണ്ട് അന്നു കീറി വച്ച മുറിവ് ഇന്നും നീളെ കിടപ്പുണ്ട് എന്നവൾക്ക് അറിയാം. എന്നിട്ട് മൂന്ന് കൊല്ലതിന് ശേഷം പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം സ്കൂളിൽ തുടങ്ങിയ സമയം ആണിനെ തച്ചവൾ എന്ന ഒരൊറ്റ കാരണം കൊണ്ട് അമ്മ തന്നെയാണ് അവളെ തടഞ്ഞു വച്ചത്. നീ അത് കൂടി പഠിച്ചാൽ നാട്ടിൽ ആൺപില്ലേർക്ക് വഴി നടക്കാൻ പറ്റാണ്ടാവും…എന്നാണ് കാരണം പറഞ്ഞത്.  

“ഞാൻ ഏതായാലും കത്തി വാങ്ങും മുന്നേ കരാട്ടെ ക്ലാസിനു പോവും ..തീർച്ച.. എന്നിട്ട് വേണം അവനിട്ട് ഒന്നുങ്കൂടി പൂശാൻ..”
മകളുടെ ശബ്ദത്തിലെ മൂർച്ച കേട്ട് അമ്മ ഞെട്ടി .”ആർക്ക്…. ആരെയാണ് നിനക്ക് തല്ലാൻ…” പൂതി എന്ന് സ്വയം പൂരിപ്പിച്ചിട്ട് അവള് പറഞ്ഞു
“അവനെ തന്നെ … ആ പഴയ മനോജിനെ….”

സ്വന്തം മുറിയിലേക്ക് നടക്കാൻ തുടങ്ങിയ അവളുടെ പിറകിൽ മെല്ലെ നിലത്തേക്ക് ഇരിക്കും പോലെയാണ് അമ്മ വീണത്..
“എൻ്റീശ്വരാ…. എന്ന നിലവിളി പോലുള്ള ശബ്ദം കേട്ട് തിരിഞ്ഞു നോക്കുമ്പോൾ അമ്മ ഒരു കൈ നീട്ടി മറ്റെ കൈ കൊണ്ട് തറയിൽ കുത്തി കിടക്കുകയാണ്. അവിടുന്ന് അവള് ഒറ്റയ്ക്കാണ് ആശുപത്രിയില് എത്തിച്ചതും അതിനു ശേഷം അച്ഛനെ വിളിച്ചതും. ഒട്ടും പരിഭ്രമം ഒന്നും കാണിക്കാതെ തന്നെ അവള് നടന്നതോക്കെ അശ്വനി ഹോസ്പിറ്റലിലെ ഡോക്ടറോട് വിശദീകരിച്ചു കൊടുക്കുകയും ചെയ്തു.

ആശുപത്രി വരാന്ത യില് പരസ്പരം പേടിച്ച് കൊണ്ട് ജനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പോവുന്ന മനുഷ്യരെ നോക്കികൊണ്ട് അവളുടെ അച്ഛൻ മെല്ലെ ചോതിച്ചു
“നീ സത്യത്തിൽ അവനെ  ഇനിയും തല്ലുമൊ…? മോളെ..”
അവള് ചിരിച്ചു.
“അച്ഛൻ ഓർത്തു നോക്കൂ.. ഒരു കാര്യവും ഇല്ലാതെ എന്നെ ദ്രോഹിച്ചതല്ലെ അവൻ… അവനിപ്പോ അവൻ്റെ ഭാര്യയെ എങ്ങനെയാവും…” കൈ കാര്യം ചെയ്യുന്നുണ്ടാവുക എന്നത് അയാൾ മനസ്സിൽ കണക്ക് കൂട്ടി തുടങ്ങിയപ്പോഴാണ് ഒരു സിസ്റ്റർ ചില കടലാസുകൾ നീട്ടി കൊണ്ട് ബില്ലടച്ച് വന്നോളൂ എന്ന് പറഞ്ഞത്.

വീട്ടിൽ എത്തും വരെ ഭാര്യയോടു അയാളോന്നും ചൊദിച്ചില്ല, അവരൊന്നും പറഞ്ഞുമില്ല. നീരജ ആണെങ്കിൽ ഇടയ്ക്ക് അമ്മയെ വീണ്ടും ശുണ്ഠി പിടിപ്പിക്കാൻ ശ്രമിക്കാതെ ഇരുന്നില്ല. അവൾക്കറിയാം, താൻ ഇനി എന്ത് പറഞ്ഞാലും അമ്മ തല കറങ്ങി വീഴാനൊന്നും പോവുന്നില്ലെന്ന്..!

അന്ന് വൈകിട്ട് പേരും .,…….
അവള് മെല്ലെ ചോതിച്ചത്..
“അച്ഛാ…കല്യാണത്തിന് മുൻപ് എനിക്കൊരു  ചെറിയ കത്തി….?”
അച്ഛൻ അമ്മയെ പോലെ ഞെട്ടും എന്നാണ് അവള് വിചാരിച്ചത്, അതുണ്ടായില്ല.

തൻ്റെ ഓഫീസിന് പുറത്ത് ഉണക്കം പിടിച്ച ആൽമരചുവട്ടിൽ പല മാതിരി കത്തികൾ വിൽകാരുള്ള തമിഴൻ്റെ കാര്യം ഓർത്തു അയാൾ.  ഒരു പുൽപായയിൽ കൂടുതലും നിരത്തി വച്ചിട്ടുള്ളത് അലങ്കാര കത്തികൾ ആണല്ലോ എന്നത് ഇപ്പോഴാണ് അയാളിലേക്ക് ഒരു കൗതുകമായി മുനകൂർപ്പിച്ചു വന്നത്.  എന്തെങ്കിലുമൊക്കെ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു, അവ ഓരോന്നിനും..! അറക്കവാൾ കഷണങ്ങൾ കൊണ്ട് പണിതീർത്ത കത്തികളായിരുന്നു കൂടുതലും. പച്ചിരുമ്പിൽ ഉള്ളതും ഇടയ്ക്ക് കാണാം. വില കുറവായിരിക്കും അവയ്ക്ക്. അത്രയേ ഗുണവും കാണൂ. എളുപ്പത്തിൽ മൂർച്ച പോവുന്നവയാണ് പച്ചിരുമ്പിൽ  പണി തീർത്തവ. ജോലി കഴിഞ്ഞ് പോവുന്ന സഹപ്രവർത്തകരിൽ ചിലർ പലപ്പോഴും നല്ല ഒന്ന് തിരഞ്ഞു കൊണ്ട് ആലിൻ ചുവട്ടിൽ നൽകാറുള്ളത് കാണാം. വെറും കൗതുകത്തിന് വാങ്ങിക്കാൻ തോന്നിക്കുന്ന തരം ചെറിയതും കാണാൻ ഭംഗിയുള്ളതുമായ ഒന്ന് ഒരിക്കൽ അയാൽ കണ്ടിട്ടുണ്ട്. പക്ഷേ വെറും കൗതുകതിന് വാങ്ങിക്കാൻ പറ്റുന്ന ഒന്നാണ് കത്തികൾ എന്നത് അയാള് ഒരിക്കലും ആലോചിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ മറ്റാരോ വാങ്ങും വരെ ചെറിയ കത്തി തമിഴന് മുന്നിലെ ഷീറ്റിൽ തന്നെ കിടന്നു.

അയാള് പിറകിലേക്ക് ചാരി ഇരുന്നു കൊണ്ട് പറഞ്ഞു.
“നാളെ വരുമ്പോൾ…..”