കണ്ണ്‌ വെട്ടിയവർ

ജീൻസ് പാന്റും ടീഷർട്ടുമിട്ടവൾ
മുറിക്കുള്ളിൽ
നിൽക്കുമ്പോൾ
ഞാനവളോട് പറയും
ഈ കോലത്തിൽ
നിനക്കൊന്ന് അങ്ങാടി
ചുറ്റി വന്നാലെന്താ.. ?

വിമാനം പിടിച്ചു വരേണ്ട
നാണത്തിനു പകരം
ഭയം അവൾക്കു ചുറ്റുമൊരു
ഇരുട്ടിനെ കൊണ്ടിരുത്തി,

പേടിയിൽ പൊതിഞ്ഞ
ഇരുട്ടിനു ചുറ്റും ഞാൻ
മെഴുകുതിരികൾ
കത്തിച്ചപ്പോൾ
അവൾ പതിയെ
കോലായിലേക്കു
കാലുകൾ എടുത്തുവച്ചു,

കവലയിലിരുന്ന്
കള്ളക്കഥ എഴുതുന്നവർ
ഇരുക്കുന്ന മുരിക്കു മരത്തിലെ മുള്ളുകൾ
വേരുകളായി
പടർന്നു വന്ന്
കോലായിയെ
ചുറ്റിവരിഞ്ഞു,
അവളുടെ കാലുകളിൽ
മുള്ളുകൾ തറച്ച്
ചോരപൊടിഞ്ഞു,

അരുവിയായി ഒഴുകിയ
ചോരയുടെ അറ്റം
പുഴയെ ചുംബിച്ചപ്പോൾ
അവളൊരു
ചുഴലിക്കാറ്റായി
മുറ്റത്ത് കൊഴിഞ്ഞുവീണ
ഇലകളെ പറത്തിയോടിച്ചു ,

കവലയും കടന്നു
വളവ് കഴിഞ്ഞു,
നഗരം കണ്ടു,
അവളെ കണ്ടവർ
പുറകെക്കൂടി,

എന്റെ നോട്ടം
അസ്തമിച്ച് പടിഞ്ഞാറിൽ
ഉറങ്ങിയപ്പോൾ
പാതിരാവിൽ
മുരിക്ക് മരത്തിൽ
ചന്തിയുറപ്പിച്ചവർ
മതിലുചാടി,
വാതിലിനു മുട്ടി ,

നേര പുലർന്നു
ഞാനെഴുന്നേറ്റു
അവളുടെ വീട്ടിലെ പിന്നാമ്പുറത്തെ
കുളിമുറിയിൽ നിന്നും
ഉച്ചത്തിലുള്ള നിലവിളി
ഞാനുണർന്ന കിഴക്കിനെ ഞെട്ടിച്ചു,

മതിലുചാടിയവർ
കുളിമുറിയിൽ അവളുടെ ചിത്രം വരച്ചു
പാതി മുല!
പാതി വയർ!
പാതി പാതി…!
നമ്പറുകളുമെഴുതി..

ഞാനസ്തമിച്ചപ്പോൾ
നിലാവിനെ
ചന്ദ്രനെ
നക്ഷത്രങ്ങളെ വിളിച്ചു ,
അയ്യേ.. ഇതുപോലൊരു കുളിമുറി
എന്റെ നാട്ടിലില്ല.

വയനാട് ജില്ലയിലെ മാനന്തവാടി സ്വദേശി. കർണാടക മടിക്കേരിയിൽ ജോലി ചെയ്യുന്നു