കടൽ, കാന്തം

ഒരാകാശത്തിന് കീഴെ

ഒരുമിച്ചിരുന്നിട്ടും

നിന്റെ

ഹൃദയപ്പുഴ ഒഴുകിയത്

മറ്റൊരു

കടലിലേക്കായിരുന്നില്ലേ ?

കടലിലൊന്നിക്കാമെന്ന്

കരുതി

ഞാനൊഴുകി

എത്തുമ്പോഴേക്കും

വരണ്ട ഭൂമിക

എന്നെ

വലിച്ചൂറ്റി

കളഞ്ഞില്ലേ ?

കാന്തം 

പോകുമ്പോൾ

കൊണ്ടുപോയതെന്റെ

ഹൃദയമായിരുന്നു.

നെഞ്ച് വിങ്ങിയ വേദനയാൽ

അത് അടയാളപ്പെടുത്തി

മറയുന്നതിന് മുമ്പുള്ള നോട്ടവും

വിരൽ തൊട്ട തണുപ്പും

മാത്രമാണിനിയെന്റെ സ്വന്തം.

ബോധചിന്ത നഷ്ടപ്പെട്ട

ഉപയോഗശൂന്യമായ

എന്നെ

തിരിച്ചെടുക്കേണ്ടതിനി

നീയാണ്.

എത്ര അകലേയ്ക്കോടി മറഞ്ഞാലും

നിന്റെ കാന്തിക വലയത്തിലേക്ക്

എന്തിനാണ് വീണ്ടും

ആകർഷിക്കുന്നത് ?

അത് തരുന്ന മൗനത്തിൽ

നിന്ന് എങ്ങനെയാണൊന്ന് രക്ഷപ്പെടുക ?

കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും. ആനുകാലികങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ഇ മലയാളിയിലും സ്‌ഥിരമായി എഴുതുന്നു. വയനാട് സ്വദേശി.