അവര്‍
ഒറ്റയ്ക്കായിരുന്നു.
അവിവാഹിത
ആയിരുന്നു.
എനിക്കെതിരെയുള്ള
ജനാല സീറ്റില്‍
അയഞ്ഞ ടീ ഷര്‍ട്ടില്‍
രണ്ട് പൂജ്യം.
കണ്ണടയിലൂടെ
കനപ്പെട്ട ഏതോ
ഇംഗ്ലീഷ് പുസ്തകം
വായിക്കുകയായിരുന്നു.
ഒന്ന് പരിചയപ്പെടണമെന്ന്
മനസ്സ് പറഞ്ഞു.
അടുത്ത സ്റ്റേഷനില്‍
അപശകുനം പോലെ
വട്ടം നോക്കിയിരിക്കുന്ന
പഴുതാര മീശക്കാരന്‍
ഇറങ്ങട്ടെ എന്ന് കരുതി
മുടിക്ക് കടും കാപ്പിയുടെ
നിറമായിരുന്നു.
ഇടയ്ക്കത്
മാടിയൊതുക്കുന്നു
ണ്ടായിരുന്നു.
സ്മാര്‍ട്ട് ഫോണില്‍
ആര്‍ക്കോ
ചിരിച്ച മോന്ത
അയയ്ക്കുന്നുമുണ്ടായിരുന്നു.
ഒന്ന് പേര് ചോദിച്ചാലോ
എന്ന് ആഞ്ഞതാണ്.
ഉമിനീരടക്കി
പയറ് പച്ച നിറത്തിലെ
ജീന്‍സ് നോക്കി
കുനിഞ്ഞിരുന്നു.
ഉടുപ്പിലെ
കാപ്പിരി ഗായികയുടെ
കയ്യിലെ മൈക്ക്
മുഴച്ച് നില്‍ക്കുന്നു.
ഗോതമ്പിന്റെ
നിറമുള്ള
കൈവണ്ണയില്‍
പടര്‍ന്ന് ചുറ്റിയ
വള്ളിച്ചെടിയുടെ
ടാറ്റൂ ഉണ്ടായിരുന്നു.
അവരേതോ
ആക്റ്റി വിസ്റ്റാണ്
ഉറപ്പ്.
എവിടേക്കാണ്
എന്നൊരു കുശലം
തൊണ്ട വിടാന്‍
ഒരുങ്ങിയതാണ്.
നാശം
കടുത്തുരുത്തിയി
ലെവിടെയോ
മെമുവിന്
വഴിയൊതുങ്ങി,
വണ്ടി ചലനമറ്റു.
അവിടെ
നനഞ്ഞൊട്ടിയ
കരിനീല
യൂണീഫോമണിഞ്ഞ
തൊഴിലാളികള്‍
ഓട കോരുന്നു
ണ്ടായിരുന്നു.
അവരുടെ
കൈ കാലുകളില്‍
കറുത്ത് കുറുകിയ
ചെളി പറ്റി
പിടിച്ചിട്ടുണ്ടായിരുന്നു.
ഓട കോരുന്നവരേ
പാളി നോക്കി
അവരസ്വസ്ഥയായി
അവര്‍ക്ക് മനംപുരട്ടി,
അവരൊന്ന് ഓക്കാനിച്ചു.
ഇത് കൂടി കോരെന്ന
മട്ടില്‍
ജനാല വഴി
അവര്‍
പുറത്തേക്ക് തുപ്പി.
ഞാന്‍
വാതില്‍ക്കലേക്ക്
നടന്ന്
ഓടയിലേക്ക് കുനിഞ്ഞ്
തപ്പി
പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍
പെറുക്കി കരയ്ക്കിടുന്ന
ആളോട്
ചോദിച്ചു,
പെരിയോരേ
പേരന്നാ?
തമിള്‍ നാട്ടിലെ
എന്ത ഊര്?
വീട്ടിലെ
യാരെല്ലാം ഇരുക്ക്?
പൊഞ്ചാതിക്ക്
സൗഖ്യം താനാ?
നിലവിളിക്കൊപ്പം
വണ്ടി നീങ്ങി
തുടങ്ങിയപ്പോള്‍
അയാള്‍ തന്ന
മറുപടികളും
മനസ്സിലിട്ട്
ഞാന്‍
ഇടം മാറിയിരുന്നു.