രാവിരുണ്ടു കേറി വന്ന കീറ്റുപായയിൽ
നേർത്ത തോർത്തു വീശി, വീശി ഞാനിരിക്കുമ്പോൾ,
കാഴ്ചവട്ടത്തിട്ട കേറി വന്ന കോലങ്ങൾ,
ചാരു ബെഞ്ചുലച്ചിരുന്നു കള്ളുമോന്തുന്നു.
ചേറ്റുമണം ചീറ്റിടുന്ന കായലോരത്തെ,
കാറ്റുപോലും കാത്തു നിന്നുമുഷിഞ്ഞിരുന്നു.
ചേറുകുത്തി കിഴക്കോട്ടു തുഴഞ്ഞതോണി,
കാലുറയ്ക്കാക്കായലിൻ്റെ നാടകീറുന്നു.
ഞാനിരുന്നു കോട്ടുവായ വിടർത്തിടുന്നു,
കാറ്റുപോയ വാശിതേടി കൂട്ടുപോകുന്നു.
കാലമെത്ര നീട്ടിവെച്ച കായലോരത്തെ,
കാട്ടുപൂവു പൂത്ത പോലെ വാനിലമ്പിളി.
നേർക്കുനേരെ നോക്കിനോക്കി ഞാനിരിക്കുമ്പോൾ,
പോയകാലമോർമ്മ കേറിപ്പായ നീർക്കുന്നു.
കോറമുണ്ടുടുത്തു വീരശൂരനെപ്പോലെ,
കാവിലശ്വതിപ്പൊങ്കൽ കേമമാക്കാനായ്,
വീടുതോറും കേറിമേഞ്ഞു പോയ നേരത്തു,
പൂവു ചൂടി വാസനക്കാറ്റോടി വന്നപ്പോൾ,
നേർക്കുനേരെ നോട്ടമേറിലാഴ്ന്നു പോയി ഞാൻ
കാത്തു നിന്നും, കൂട്ടുപോയുമെത്രകാലങ്ങൾ,
വേച്ചു, വേച്ചു നടന്നതുമറിഞ്ഞേയില്ല.
കാറ്റു വീശി, ക്കോളുപെയ്ത കാളരാത്രിയിൽ,
ചോറ്റുപാത്രം വീണൊഴുകിപ്പാഞ്ഞ കായലിൽ,
ചോരവറ്റി, മരവിച്ച ശവക്കൂനയിൽ,
വീണടിഞ്ഞു, ജീവനറ്റു നീ കിടന്നില്ലേ?
കായലിൻ്റെ കലിപ്പിൻ്റെ നേരു സാക്ഷിയായ്,
കേവുവള്ളത്തുഴചീറ്റി ഞാൻ നടക്കുന്നു.
പാലമിന്നും കുലുങ്ങാതെ കാലുറപ്പിച്ചു,
കായലിൻ്റെ വിരിമാറിൽ നേർവരയിട്ടു.
ഞാനിരുന്നു,വോർമ്മകേറ്റി കേണിടും നേരം,
പാലമൊട്ടും കുലുങ്ങാതെ നിലകൊള്ളുന്നു.
കായലിനെ ചാലുകീറി വരച്ച പോലെ,
പാലമെൻ്റെ നെഞ്ചിലുണ്ട് കടവൂർപാലം.