കടല്‍ പോലെ

ഞാന്‍ സ്വയമൊരു കടലാകുന്ന നിമിഷം

നീയൊരു നദിയാകൂ.

നോവു പൊതിയുന്ന ഓര്‍മ്മകളെ

നിന്‍റെ മടിത്തട്ടില്‍ ഒളിപ്പിച്ചു

ആരും കാണാതെ എന്നിലേക്ക്

പകര്‍ന്നു തരൂ .

മറന്നുപോയ കിനാക്കളെ

ആകാശത്തിലേക്ക് പറത്തിവിട്ട് 

മേഘപാളികളാല്‍ കൊട്ടാരം കെട്ടി

മഞ്ഞു കണങ്ങളാല്‍ ഉമ്മവച്ചു

പാറിപറക്കട്ടെ കുഞ്ഞു നക്ഷത്രങ്ങളെ പോല്‍.

നൂറു നൂറു പുഴകളെ ചേര്‍ത്തുപിടിച്ചു

വാക്കുകള്‍ തമ്മില്‍ സ്നേഹത്തിന്‍ അലകള്‍

നിറച്ചു കവിതകളില്‍ മൂടപ്പെട്ട

മത്തുപിടിപ്പിക്കുന്ന ഓര്‍മ്മകള്‍

പരസ്പരം ജലം കൊണ്ട് വരിഞ്ഞു മുറുക്കപ്പെടുന്നു.

കുടിച്ചു വറ്റിക്കപ്പെടുന്ന ജല തടാകങ്ങള്‍

മുടിനാരെങ്കിലും കണ്ടിരുന്നെങ്കില്‍

രക്ഷപ്പെടുമെന്നു ചെകിളയിളക്കി

മരണത്തെ തേടുമ്പോള്‍

ചേര്‍ത്തുപിടിക്കൂ പുഴകളെ

സ്നേഹം കാത്തുകിടക്കുന്ന

എന്നിലേക്ക് കൂട്ടികൊണ്ടു വരൂ.

ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും എഴുതുന്നു. രണ്ടു കവിതാസമാഹാരത്തില്‍ കവിതകളുണ്ട്.തിരുവനന്തപുരത്ത് താമസം