വൈകുന്നേരം,
കടലിലേയ്ക്ക് നോക്കി
ഒരാളിരിക്കുന്നു.
കാഴ്ചയുടെ അനന്തതയില്‍
കടലിന്റെ അറ്റം തേടുന്ന കണ്ണുകൾ
അവിടെ,
കാഴ്ച ചെന്നൊടുങ്ങുന്ന
ആകാശമാകുന്നു പ്രതീക്ഷ.
അത്രമേൽ വിദൂരം.
കണ്ണുകളില്‍ പടരുന്ന
സാന്ധ്യശോണിമ
കടലിന്റെ നീലിമയെ മായ്ക്കുന്നു.
നിലനിൽക്കാൻ നിഴലിനുവേണം
വെളിച്ചത്തിന്റെ സ്പർശം.
ഇരുട്ടിൽ,
കടലും കരയും അപ്രത്യക്ഷമാകുന്നു
വഴിയും ദിശയും ഇല്ലാതാവുന്ന വക്കിൽ
അയാൾ
എഴുന്നേറ്റു നിൽക്കുന്നു.