‘ഉമ മഹേശ്വരനെ സ്നേഹിച്ചതുപോലെ .. നളൻ ദമയന്തിയെ സ്നേഹിച്ചതുപോലെ നിന്നെ ഞാൻ സ്നേഹിയ്ക്കുന്നു ‘ എന്ന ഒപ്പുവയ്ക്കൽ…
‘അന്തിവെയിൽ ചാഞ്ഞ അമ്പലവഴിയിൽ നിന്നെ ഞാനെത്രയോ കാത്തുനിന്നു .. എന്തേ നീ വന്നില്ല ?’ എന്ന കാത്തിരിപ്പിന്റെ വീർപ്പുമുട്ടൽ..
‘പ്രിയപ്പെട്ട കൂട്ടുകാരീ , നിന്നെ ഞാനിന്നും ഒത്തിരി ഓർത്തു .. നീയെന്നും സുഖമായിരിയ്ക്കണം..’ എന്ന സൗഹൃദത്തിന്റെ കരുതൽ..
‘പ്രിയപ്പെട്ട കുട്ടീ , നിനക്ക് സുഖമല്ലേ ? നിനക്ക് വേണ്ടി ഞാനെന്നും പ്രാർത്ഥിയ്ക്കും ‘ എന്ന സ്നേഹത്തിന്റെ ഉറപ്പ്കൊടുക്കൽ …
‘പ്രിയപ്പെട്ട മോളൂ , നിന്നോട് യാത്ര പറഞ്ഞുപോന്ന അന്ന് ഞാൻ ഉറങ്ങിയതേയില്ല ..ഉറങ്ങാൻ കഴിഞ്ഞില്ലെനിയ്ക്ക്..’ എന്ന വിരഹത്തിന്റെ വിങ്ങൽ…
അതെ ! കത്തുകൾ !! ഫാ. ബോബി ജോസ് കട്ടിക്കാടിന്റെ വാക്കുകൾ കടമെടുത്താൽ ” നെഞ്ചോട് ചേർത്തു പിടിച്ചാൽ സ്നേഹത്തിന്റെ കടലിരമ്പുന്ന കത്തുകൾ ” !!!
എത്ര മനോഹരമായാണ് അദ്ദേഹം കത്തുകൾ നിർവ്വചിച്ചിരിയ്ക്കുന്നത് !
സ്നേഹത്തിന്റെ’ സുരക്ഷിതത്വത്തിന്റെ , സൗഹൃദത്തിന്റെ’ പ്രണയത്തിന്റ, വിരഹത്തിന്റെ , വേദനയുടെ ഒക്കെ “ഇലക്കൂടുകളായിരുന്നു “(കട്ടികാട്) ഓരോ കത്തും. ഞാൻ കടന്നുപോന്ന വഴിത്താരകളിൽ അന്ന് കത്തുകളുടെ ആഘോഷമുണ്ടായിരുന്നു. വരികൾക്കിടയിൽ ഹൃദയം ഒളിപ്പിച്ചു വച്ച് ചിരിയ്ക്കുകയും കരയുകയും കലഹിയ്ക്കുകയും ചെയ്ത കത്തുകൾ.. !!!
തൊട്ടാൽ കുളിരുന്ന , മഞ്ഞുതുള്ളി പോലുള്ള മനസ്സിൽ മയിൽപ്പീലിത്തുണ്ടുകൾ കൊണ്ട് കത്തെഴുതി നടന്ന അതേ കാലത്ത് തന്നെയാണ് മറ്റു ചില കത്തുകളും ഞാൻ വായിച്ചത്. സത്യം പറഞ്ഞാല്‍ അതൊരു ആത്മസഞ്ചാരം തന്നെയായിരുന്നു . വിവിധ നിറത്തിലും ഭാവത്തിലുമുള്ള എത്രയോ കത്തുകളിലൂടെ ഉള്ളൊരു ആത്മസഞ്ചാരം.. അതാണ് ഞാനിവിടെ പങ്കുവയ്ക്കുന്നത്.
‘ഒരച്ഛൻ മകൾക്കയച്ച കത്തുകൾ ‘.. (ജവഹർലാൽ നെഹ്റു – ഇന്ദിരാഗാന്ധി ) എന്ന പുസ്തകം മറക്കാനാവില്ല..
അതിനു രണ്ട് ഭാവങ്ങളായിരുന്നു. വാത്സല്യവും രാജ്യസ്നേഹവും കൂട്ടിക്കുഴച്ച മധുരമുള്ള കത്തുകൾ. ഇന്ദിരാഗാന്ധി മുസ്സൂറിയിലും നെഹ്റു അടിവാരത്തുള്ള സമഭൂമിയിലും താമസിയ്ക്കുമ്പോഴും , അതുപോലെ ജയിൽവാസകാലത്തുമൊക്കെയുള്ള കത്തുകൾ.. ഭൂമിയുടെ ഉത്ഭവം, മനുഷ്യന്റെ പരിണാമം , പ്രകൃതി വൈവിധ്യം , ഭാഷാ ചരിത്രം, ഇന്ത്യയുടെ സാംസ്ക്കാരികപൈതൃകം എന്നിവയിലേയ്ക്കൊക്കെ തുറന്നിട്ട ജാലകങ്ങളായിരുന്നു ഓരോ കത്തും.
‘പൊരുതിവീണവരുടെ കത്തുകൾ ‘ എന്ന പുസ്തകവും ഒരു നിധി തന്നെയായിരുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതി വീരചരമം പ്രാപിച്ചവർ മരണത്തിനു മുൻപ് അവസാനമായി എഴുതിയ കത്തുകളുടെ സമാഹാരം.. ശരിയ്ക്കും കണ്ണ് നിറഞ്ഞുപോയി വായിച്ചപ്പോൾ..
അതിനിടയിൽ കനൽ കോരിയൊഴിച്ച വാക്കുകളുമായി ‘ഒരമ്മ മകൾക്കെഴുതിയ കത്തുകൾ ‘…. അമ്മ മകൾക്കയച്ച കത്തുകളെക്കുറിച്ച് വായിച്ചു. (മാതൃഭൂമി ).
പൂജപ്പുര സെന്ററൽ ജയിലിലേക്കാണ് ആ അമ്മ കത്തുകളയച്ചത്. നക്സലൈറ്റ് പ്രസ്ഥാനത്തിൽ ചേർന്ന്, വയനാട്ടിലെ പുൽപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണക്കേസിൽ തടവ് ശിക്ഷ അനുഭവിയ്ക്കുന്ന വെറും ഇരുപത് വയസ്സ്കാരിയായ മകൾക്കായിരുന്നു ആ കത്തുകൾ !!
കണ്ണീരും കൈയുമായി ആവലാതികൾ എഴുതി നിറച്ച കത്തുകളായിരുന്നില്ല അത്. മറിച്ച് , പോരാട്ടവീര്യമായിരുന്നു അതിൽ നിറയെ!
വിപ്ലവവും പോരാട്ടവീര്യവുമായി. ഞരമ്പിന് തീ പിടിച്ച കാലത്ത് നക്സലൈറ്റ് പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത് അറസ്റ്റ് വരിയ്ക്കുകയും ജയിൽ ശിക്ഷ അനുഭവിയ്ക്കുകയും ചെയ്ത, ഇന്നും നമ്മോടൊപ്പം ഉള്ള. കെ.അജിത എന്ന ആ മകൾ നമുക്ക് അപരിചിതയല്ലല്ലോ… ! അജിതയ്ക്ക് അവരുടെ അമ്മ മന്ദാകിനി നാരായണൻ അയച്ച കത്തുകളായിരുന്നു അവ.
” ……. ഒരു ബ്ലോക്കേഡ് നമുക്ക് ചുറ്റും ഉയർത്താനുള്ള ശ്രമം നിന്റെയും ഞങ്ങളുടേയും നിശ്ചയദാർഢ്യത്തിന് മുന്നിൽ പൊളിഞ്ഞുപോകും . നമുക്ക് ആ തടയിണ തകർക്കാൻ സാധിയ്ക്കും. നിന്നെ കൂട്ടിലടച്ച് ശാരീരികമായും മാനസികമായും തകർക്കാനും , ആത്മവീര്യം കെടുത്താനുമാണ് അവർ ശ്രമിയ്ക്കുന്നത് . ബുറു ദ്വീപിലെ കരിമീനിനെപ്പോലെയാകും നീ എന്നാണ് അവർ കരുതുന്നത് . പക്ഷേ , നിന്റെ വിപ്ലവഗാനം , ഉയർന്ന തടവറ ഭിത്തികൾക്കപ്പുറം കേൾക്കാം …..”
ഞാൻ വായിച്ച, ആ അമ്മയുടെ കത്തിലെ ചില വരികളാണിത്..! എത്രയോ മക്കൾക്ക്, എത്രയോ പോരാളികൾക്ക്, എത്രയോ സമരമുഖങ്ങൾക്ക് ആവേശം പകരുന്ന വരികൾ !!
കത്തുകളുടെ അത്ഭുതലോകത്ത് ഞാൻ പിന്നെയും അലഞ്ഞുനടന്നു…
മഹാനായ ആചാര്യ വിനോബാ ഭാവെ സ്വന്തം ‘ആത്മീയപുത്രി ‘ യ്ക്ക് എഴുതിയ കത്ത് എന്നെ വളരെ അതിശയിപ്പിച്ചു ! മലയാളിയായ എ .കെ .രാജമ്മയായിരുന്നു ആ പുത്രി. പൊതുകാര്യപ്രസക്തനും സംസ്കൃത പണ്ഡിതനും ഗീതാ വിവർത്തകനുമായ അയ്യപ്പൻ വൈദ്യന്റെ അഞ്ചാമത്തെ മകൾ. ഗാന്ധിയൻ മൂല്യങ്ങൾക്കായി സമർപ്പിയ്ക്കപ്പെട്ട ജീവിതം. നിശ്ശബ്ദ സേവനത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമായ അവരുടെ ജീവിതം തന്നെയാണ് അവരുടെ സന്ദേശവും.
വായിച്ചപ്പോള്‍ എനിയ്ക്ക് വളരെ കൗതുകം തോന്നി. മറ്റൊന്നുമല്ല, സ്നേഹം പ്രകടിപ്പിയ്ക്കാനും പറയാനും ആർക്കും ഇപ്പോൾ സമയവും താൽപ്പര്യവുമില്ല. സ്നേഹത്തോടെയുള്ളൊരു വാക്ക്…. പരിഗണനയോടെയുള്ളൊരു നോക്ക് … ഇതെല്ലാം നമ്മുടെ ജീവിതത്തെ എത്രമാത്രം താങ്ങി നിർത്തുന്നു! അതെപ്പോഴും അങ്ങനെ തന്നെയായിരുന്നു…വലിപ്പച്ചെറുപ്പമില്ലാതെ , കാലദേശ ഭേദമില്ലാതെ എല്ലാ മനുഷ്യരുടെ മനസ്സിലും ഉണ്ട്, സ്നേഹത്തിനും കരുതലിനും ഒരു ചേർത്ത് പിടിച്ചുള്ള സാന്ത്വനത്തിനും ഉള്ള അദമ്യമായ ആഗ്രഹം. സ്നേഹത്തോടെയുള്ള ഒരു വാക്ക് നമ്മുടെ മനസ്സിൽ എത്ര സ്വാധീനമാണ് ഉണ്ടാക്കുന്നതല്ലേ ?
വിനോബാ ജി, രാജമ്മയ്ക്ക് അയച്ച ഒരു കത്ത് നോക്കൂ ..
“പ്രിയപ്പെട്ട മകളേ,
ഞാൻ നിന്റെ കത്തിന് വേണ്ടി എത്ര പ്രതീക്ഷിച്ചു .. അവസാനം എഴുത്തല്ല വന്നത്. മൂന്ന് മാസത്തെ റിപ്പോർട്ട് .! വെറും ശുഷ്കം . എനിയ്ക്ക് നിന്റെ കത്ത് ഈശ്വരാംശമായിരിയ്ക്കുന്നു … എന്റെ ഹൃദയത്തിനു അതിൽ നിന്നും വളരെ കുളിർമ കിട്ടുന്നു . നിന്റെ കുറച്ചു വാക്കുകൾ കൊണ്ട് എനിയ്ക്ക് ആനന്ദം കിട്ടുമെങ്കിൽ , നീയെന്തിന് വാക്കുകളെഴുതാൻ പിശുക്ക് കാണിയ്ക്കുന്നു? …………”
ഇങ്ങനെ പോകുന്നു ആ കത്ത്.
കണ്ടോ? ഒരു മഹാത്മാവ് ആണ് ഇത് എഴുതിയത് ..! ഇന്നും ആ ചോദ്യം വളരെ പ്രസക്തമല്ലേ? ഒരു നല്ല വാക്ക് … ഒരിത്തിരി കരുതൽ… ഒരിത്തിരി പരിഗണന… എന്തിന് നമ്മൾ മടിയ്ക്കണം?
വിന്‍സന്റ് വാന്‍ഗോഗ് ന്റെയും സഹോദരന് തിയോ യുടെയും ഇടയിലുള്ള കത്തുകളെക്കുറിച്ച് വായിച്ചിട്ടുണ്ട്. വാന്‍ഗോഗ് ഏത് നിമിഷവും വിഷാദത്തിലേയ്ക്ക് വഴുതിവീഴാവുന്ന പല അവസ്ഥകളിലും വാന്‍ഗോഗിന്റെ മനസ്സിനെ അക്ഷരങ്ങള്‍ കൊണ്ട് കെടാവിളക്ക് കത്തിച്ച് തിയോ കാത്തുസൂക്ഷിയ്ക്കുകയായിരുന്നു .
പരസ്പരം അതിതീവ്രമായി പ്രണയിച്ച ഖലീല്‍ ജിബ്രാനും അദ്ദേഹത്തിന്റെ മേയ് സിയാദ് എന്ന പ്രണയിനിയും എന്നെ കുറച്ചൊന്നുമല്ല അതിശയിപ്പിച്ചത്.
കവിയും ആര്‍ട്ടിസ്റ്റും തത്വചിന്തകനുമൊക്കെയായ ഖലീല്‍ ജിബ്രാന് , മേയ് സിയാദിനെ പ്രണയിച്ചത് കത്തുകളിലൂടെ! ഒരിയ്ക്കലും അവര്‍ നേരില്‍ കാണണ്ട എന്ന് തീരുമാനിച്ചു. തരളവും മനോഹരവും അസാധാരണവും വ്യത്യസ്തവുമായ പ്രണയം! ഒരിയ്ക്കല്‍പ്പോലും തമ്മില്‍ കാണാത, ശബ്ദം പോലും പരസ്പരം കേള്‍ക്കാതെ കത്തുകളിലൂടെ പ്രണയിച്ച രണ്ടുപേര്‍. ഒരിയ്ക്കല്‍പ്പോലും കാണാതെ പരസ്പരം സാന്നിദ്ധ്യം അറിഞ്ഞവര്‍. 1912 മുതല്‍ 1931 ഇല് മരിയ്ക്കുന്നതുവരെ ജിബ്രാന്, പ്രിയപ്പെട്ട മേയ്ക്കയച്ച നിറയെ ചിത്രങ്ങള്‍ കോറിയിട്ട കത്തുകള്‍, ഒരുപക്ഷെ അദ്ദേഹത്തിന്റെ കവിതകളേക്കാള്‍ മനോഹരമായിരിക്കും എന്നെനിയ്ക്ക് തോന്നുന്നു.. വിദൂരമായ രണ്ടു നഗരങ്ങളിലിരുന്ന് ഒരേ മനസ്സോടെ സംവദിച്ചവര്!
ജിബ്രാന് മേയ്ക്കെഴുതി …. “മേയ് , നിന്റെ കത്തുകള്‍ മധുരതരമാണ്.എന്റെ സ്വപ്നങ്ങളുടെ താഴ്വരകളില്‍ , മലകളില്‍ നിന്നൊഴുകിവരുന്ന നദിപോലെ നിന്റെ വാക്കുകള്‍ ശക്തിയായി പതിയ്ക്കുന്നു. ഈ പ്രവാഹം എന്റെ ജീവിതത്തിന്റെ ദൃഡശിലകളെ താഡനം ചെയ്ത് രത്നക്കല്ലുകലാക്കി മാറ്റുന്നു. അത് ഓര്‍ഫ്യൂസ് ന്റെ പുല്ലാങ്കുഴല്‍ പോലെ എന്നില്‍ മന്ത്രവിദ്യ ചെയ്യുന്നു… “
ഒരുപാട് വായിച്ചു അവരെപ്പറ്റി. ജിബ്രാന് എഴുതാനുള്ള പ്രചോദനമായിരുന്നു മേയ്. അദ്ദേഹം എഴുതിയതത്രയും മേയ്ക്ക് വേണ്ടിയായിരുന്നെന്നു തോന്നും.. പറഞ്ഞാല്‍ തീരില്ല. എന്തായാലും ജിബ്രാന്റെ മരണം മേയ് യുടെ മനസ്സിന്റെ സമനില തെറ്റിച്ചു എന്നാണു പറയുന്നത്.
മാതാപിതാക്കള്‍ക്ക് ഇഷ്ടമില്ലാത്ത വിവാഹം കഴിച്ചു എന്നതിന്റെ പേരില്‍ , എലിസബത്ത് വാട്സന് , മാതാപിതാക്കള്‍ക്ക് ദീര്‍ഘകാലമായി അയച്ചുകൊണ്ടിരുന്ന കത്തുകളത്രയും ഒന്ന് പൊട്ടിച്ചുപോലും നോക്കാതെ ഒരു പിറന്നാള്‍ ദിനത്തില്‍ അവര്‍ തിരിച്ചയച്ചു എന്നത് കത്തുകളുടെ ചരിത്രത്തിലെ കണ്ണീര് വീണ ഒരേടാവണം.. സങ്കടം തോന്നി..
കാമിലോ ടോരസ്സിന്റെ അമ്മ , പോള്‍ ആറാമന്‍ കത്തെഴുതി, ” നിരന്തരം സത്യങ്ങള്‍ പറഞ്ഞതിന്റെ പേരിലാണ് എന്റെ മകന് അവന്റെ ജീവന് കൊളംബിയന്‍ മലനിരകളില്‍ എവിടെയോ ബലി നല്‍കേണ്ടി വന്നത്. സഭ അനുശാസിയ്ക്കുന്ന കര്‍മ്മങ്ങള്‍ അനുഷ്ടിയ്ക്കാന് എനിയ്ക്കെന്റെ മകന്റെ മൃതദേഹമെങ്കിലും വേണം.. ”
മാര്‍ക്ക് ട്വയിൻ കത്തുകളില്‍ കുറുമ്പ് നിറച്ചെഴുതുന്ന ആളായിരുന്നു. ഭൂമിയിലെ ഏറ്റവും ചെറിയ കത്തുകളില്‍ ഒന്ന് എഴുതിയത് അദ്ദേഹമാണത്രെ. ഒരു പ്രസാധക കമ്പനിയുടെ മാനേജര്‍ക്ക്. അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ വില്പന എങ്ങനെ പോകുന്നു എന്ന് ചോദിയ്ക്കുകയായിരുന്നു ഉദ്ദേശം. കത്തിങ്ങനെ.. വലിയൊരു പേജിന് നടുവില്‍ ഒരു ചോദ്യചിഹ്നം ( ? ) മാത്രം ഇട്ട് അയച്ചു ! ആ പ്രസാധകനാണെങ്കിലോ ? അതിലും കേമന്‍ !! അദ്ദേഹം മറുപടി അയച്ചു .. വലിയൊരു പേജിനു നടുവില്‍ ഒരു ആശ്ചര്യചിഹ്നം ( ! ) മാത്രം . വളരെ രസകരമായിരുന്നു അത്.
പമീല റിച്ചാര്ട്സന് ന്റെ നോവല്‍ തന്നെ ഒരു വലിയ കത്ത് ആണെന്നും അതുപോലെ പുതിയ നിയമത്തില്‍ പകുതിയിലേറെ സ്ഥലം കത്തുകളാണ് കൈയ്യടക്കിയിരിയ്ക്കുന്നതെന്നും വായിച്ചിട്ടുണ്ട്.
എന്റെ രചനകളിലും കത്തുകള്‍ ഒരു ബിംബമായി വന്നിട്ടുണ്ട് പലപ്പോഴും . കുഞ്ഞിന് കത്തെഴുതുന്ന മയില്പ്പീലിയായും, ഒരിയ്ക്കലും കാണാത്ത എഴുത്തുകാരന് കത്തെഴുതുന്ന പ്രണയിനിയായും, മക്കള്‍ക്ക് കത്തെഴുതുന്ന അമ്മയായും , കാണാത്ത കാമുകിയ്ക്ക് കത്തെഴുതിയെഴുതി ഒടുവില്‍ നേരില്‍ കാണാന്‍ വരുമ്പോള്‍ കാമുകിയുടെ മരണമറിഞ്ഞ് തകരുന്ന കാമുകനായും , രവീന്ദ്രനാഥ ടാഗോറിന് കത്തെഴുതുന്ന ആരാധികയായുമൊക്കെ കത്തുകളുടെ കഥകളിലെ രാജകുമാരിയായി ഞാനെത്രയോ അവതരിച്ചു ! എന്തുകൊണ്ടാണ് പല രചനകളിലും കത്തുകൾക്ക് പ്രാധാന്യം വന്നതെന്ന് എനിയ്ക്കറിയില്ല. ഞാനറിയാതെ വന്നുപോയതാണ് അതെല്ലാം..
ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിയ്ക്കുന്ന കാലം. അന്ന് കത്തുകളുടെ ആഘോഷകാലമാണ്. അമ്മയ്ക്ക് ഇടയ്ക്കൊക്കെ കത്ത് വരുന്നത് കാണാം . അച്ഛനാണേൽ , പൊതുരംഗത്ത് പ്രവൃത്തിയ്ക്കുന്നത്കൊണ്ട് കത്തുകളുടെ ചാകര ! എനിയ്ക്ക് മാത്രം ആരും കത്തയയ്ക്കുന്നില്ല. അന്നത്തെ എന്റെ ഏറ്റവും വലിയ സങ്കടം അതായിരുന്നു. ആർക്കെങ്കിലുമൊക്കെ കത്തയയ്ക്കാനും ആരുടെയെങ്കിലുമൊക്കെ കത്ത് കിട്ടാനും വല്യ കൊതിയായിരുന്നു . ഒരു അഞ്ചാം ക്ലാസ് കാരിയ്ക്ക് ആര് കത്തയയ്ക്കാൻ..
അങ്ങനെയിരിയ്ക്കുമ്പോൾ, എന്റെയൊരു കൂട്ടുകാരി ട്രീസയുടെ അച്ഛന് ജോലിയിൽ സ്ഥലം മാറ്റം. അങ്ങനെ അവൾ സ്കൂൾ മാറുന്നു. എന്റെ മനസ്സിൽ നക്ഷത്രങ്ങൾ വിരിഞ്ഞു. സ്കൂൾ മാറ്റത്തോടനുബന്ധിച്ച് എന്തോ കാര്യത്തിന് അവളുടെ അമ്മ സ്കൂളിൽ വന്നപ്പോൾ ഞാൻ ആ അമ്മയോട് ചോദിച്ചു, ‘ട്രീസയുടെ പുതിയ സ്കൂളിലെ അഡ്രസ്സ് തരുവോ’ എന്ന്. എന്റെ മുഖത്തെ കള്ളച്ചിരിയിൽ കൗതുകത്തോടെ നോക്കി ‘എന്തിനാ മോളെ ?’ എന്ന് ചോദിച്ചു. ഞാൻ വിനീതവിധേയയായി.. “ചുമ്മാ “..
അവർ അഡ്രസ്സ് തന്നു. ഞാൻ തീരുമാനിച്ചു , എനിയ്ക്കും കത്തയയ്ക്കണം. ഇൻലൻഡോ കവറോ കിട്ടാൻ ഒരു മാർഗ്ഗവുമില്ല . വീട്ടിൽ പറയാൻ പേടി. ഒടുവിൽ അച്ഛന് വന്ന ഒരു കത്തിന്റെ കവർ അടിച്ചുമാറ്റി. അച്ഛന്റെ അഡ്രസ്സ് വെട്ടിക്കളഞ്ഞു. അതിനടിയിൽ ട്രീസയുടെ സ്കൂൾ അഡ്രസ്സ് എഴുതി. പഴയ സ്റ്റാമ്പ് പറിച്ചുകളയണമെന്നോ പുതിയ സ്റ്റാമ്പ് ഒട്ടിയ്ക്കണമെന്നോ ഓർത്തതേയില്ല. അന്നെനിയ്ക്കത് അറിയാമായിരുന്നോ ആവോ.. എന്നെ സംബന്ധിച്ചിടത്തോളം ,, എഴുതി കവറിലിട്ടു ഭദ്രമായി ഒട്ടിച്ചു അഡ്രസ്സ് എഴുതി അയയ്ക്കുക. അതാണ് കാര്യം. ബുക്കിന്റെ താളിൽ ഇരുപുറവും എഴുതി നിറച്ച് കവറിലാക്കി ഒട്ടിച്ച് അഡ്രസ്സും എഴുതി വീടിനടുത്തുള്ള തപാൽപ്പെട്ടിയിൽ ഇട്ടു. അങ്ങനെ എന്റെ ജീവിതത്തിലെ ആദ്യത്തെ (കൂലി) കത്ത് പറന്നു…
മറുപടി വരുമെന്ന പ്രതീക്ഷയിൽ കുറെ നാൾ കാത്തു. വന്നില്ല. നിരാശയോടെ അത് വിട്ടു. ആ കത്ത് കണ്ട പോസ്റ്റുമാസ്റ്റർ ചിരിച്ചുകാണില്ലെ ? അതൊരു കൊച്ചുകുട്ടിയുടെ വല്യ മോഹമാണെന്നു അദ്ദേഹം തിരിച്ചറിഞ്ഞുകാണണം. എന്തായാലും കത്ത് ട്രീസയുടെ സ്കൂളിൽ എത്തുകതന്നെ ചെയ്തു. അവളുടെ ക്ലാസ്ടീച്ചർ അത് വാങ്ങിക്കൊടുക്കുകയും ചെയ്തു. പിന്നീടുള്ള അവധിയ്ക്ക് അവളെ നാട്ടിൽ വച്ച് കണ്ടപ്പോ , വളരെ നിഷ്ക്കളങ്കമായി അവളെന്നോട് പറഞ്ഞു, “ഡീ നിന്റെ എഴുത്ത് കിട്ടിയാരുന്നു ഡീ ..സ്റ്റാമ്പ് ഒട്ടിയ്ക്കാത്ത കാരണം പൈസ കൊടുക്കണന്ന് പറഞ്ഞു. ടീച്ചറ് കൊടുത്തു. ” ( ശ്ശെ …മോശമായിപ്പോയില്ലേ… സ്റ്റാമ്പ് ഒട്ടിയ്ക്കാതിരുന്നതെയ് .. ചമ്മൽ കാരണം മറുപടി അയക്കാഞ്ഞതെന്ത് എന്ന് ഞാനവളോട് ചോദിച്ചതുമില്ല )
എന്തായാലും കാലം പോകെ , ലോകം വിരൽത്തുമ്പിലേയ്ക്ക് ചുരുങ്ങിയപ്പോൾ , മൊബൈൽ എന്ന കുഞ്ഞു പെട്ടിയ്ക്കുള്ളിൽ മനുഷ്യൻ ഒതുങ്ങിപ്പോയപ്പോൾ , വിരൽത്തുമ്പിലെ ഒറ്റ ക്ലിക്കിൽ പ്രണയത്തിന്റെയും സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ജനനമരണങ്ങൾ സംഭവിച്ചപ്പോൾ കട്ടികാടച്ചൻ പറയുന്നതുപോലെ ” കത്ത് എന്ന കടൽശംഖ് കടലെടുത്തുപോയി “….
നനുത്ത അക്ഷരങ്ങളിൽ സങ്കടങ്ങളെഴുതി, ഒടുക്കം “എനിയ്ക്കിവിടെ സുഖം തന്നെ” എന്ന് ആശ്വസിപ്പിച്ച് കത്ത് നിർത്താനോ “നിനക്ക് സുഖമല്ലേ ” എന്ന് സ്നേഹാന്വേഷണം നടത്താനോ കത്തയയ്ക്കാത്തതിൽ പരിഭവിയ്ക്കാനോ പോസ്റ്റുമാന്റെ വരവും കാത്തിരിയ്ക്കാനോ നമുക്കിന്നാരുമില്ല. നമുക്കതിനൊട്ടു നേരവുമില്ല.
വൈദികപാഠശാലയിലേക്കുള്ള കത്തുകൾ പോസ്റ്റ് ഓഫിസിൽ നിന്നും ശേഖരിച്ചു കൊണ്ടുവരുന്ന വഴി ഒരു ഭിക്ഷക്കാരൻ തടഞ്ഞു നിർത്തി , ‘ഒരു കത്തെനിയ്ക്ക് തരാമോ ‘ എന്ന് ചോദിച്ച അനുഭവം ഫാ. ബോബി ജോസ് കട്ടികാട് വളരെ സങ്കടത്തോടെ പങ്കുവയ്ക്കുന്നുണ്ട്.. ആ അനുഭവം കേട്ടതിനു ശേഷം ദിവസങ്ങളോളം എനിയ്ക്കത് മറക്കാൻ കഴിഞ്ഞില്ല… കത്തെഴുതാൻ ആരുമില്ലാത്തവൻ… കത്തയയ്ക്കാൻ ഒരു മേൽവിലാസം പോലുമില്ലാത്തവൻ…
മാഞ്ഞുപോയൊരു കാലഘട്ടത്തിന്റെ ഈറൻ മാറാത്ത ഇലക്കൂടുകൾ … അതിന്റെ നോവും നഷ്ടബോധവും കൊണ്ടുതന്നെയാണ് കത്തുകളിലൂടെ ഞാനിങ്ങനെയൊരു തീർത്ഥയാത്ര നടത്തിയത്…