കടന്നു പോയാലും..

പാമ്പുകൾ പുറം തൊലിയുരിഞ്ഞ്
കടന്നു പോയാലും
തൊലിയൊരു പാമ്പായി-
ക്കിടക്കുംപോലെ
പകലൊരുമിച്ചതിൻ
തൂമണം പേറിയ
ചെമന്ന ഉടുപ്പ്
മുറിയിലുരിഞ്ഞിട്ട്
അവളിറങ്ങിപ്പോയി.

എന്നിട്ടും
ഇടയ്ക്കിടെ അത്
അവളായി ഉയർത്തെഴുന്നേൽക്കുന്നു.
ഒരാളെക്കുറിച്ചോർക്കുകയെന്നാൽ
ഉടലിന്റെ തുടർക്കാഴ്ചയെന്നല്ല,
ഒരു മുടിയിഴ, ഒരു കമ്മൽ
ഒരു പുരികക്കൊടി, കൺമഷിപ്പാട്..
അങ്ങനെ
അഴിഞ്ഞുവീണ എന്തുമാവാം.

നോക്കൂ..
ഒരാളെന്നാൽ
മറന്നുവെച്ച ഒരു തുണിക്കഷ്ണം പോലുമാകാം.
അഴിഞ്ഞുവീണതൊക്കെയും
മറന്നുവെച്ചതാകെയും
ഓരോ മനുഷ്യന്റെയുള്ളിലും
ഓർത്തുവെപ്പിന്റെ
ആഴമുള്ള ചേർച്ചകളായിരിക്കാം.

വടകര പുതുപ്പണം സ്വദേശി.വിവിധ മേഖലകളിലായി പതിനഞ്ചു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ഡി സി ബുക്സ് ബെസ്റ്റ് സെല്ലറായ 'പ്രേമനഗരം' എന്ന നോവലിൻ്റെ രചയിതാവാണ്. സിനിമകൾക്ക് സംഭാഷണവും ഗാനങ്ങളും രചിച്ചിട്ടുണ്ട്.നിലമേൽ എൻ.എസ്.എസ് കോളേജിൽ അസി.പ്രൊഫസർ.