ഓർമ്മകളിൽ നിന്നും
പടിയിറക്കിവിടാൻ
വെമ്പുന്ന, ചില ചിത്രങ്ങളുണ്ട്.
ഭൂതകാലത്തെ
ചീകിയുണ൪ത്തവെ
ഔട്ട് ഓഫ് ഫോക്കസ്
ആകുന്നവ.
എന്നും കാരമുള്ളിൻ
നോവു പട൪ത്തുന്നവ.
ഓരോ അയവിറക്കലിലും
ചെടിപ്പുള്ളവ.
എപ്പോഴും മടുപ്പിക്കുന്ന
ഗന്ധമുള്ളവ.
മുറിഞ്ഞ പ്രണയത്തിന്റെ
അഴൽ പട൪ന്നവ.
പാതയോരങ്ങളിൽ,
തെരുവിന്നു പിന്നാമ്പുറങ്ങളിലെ
അരണ്ട നൂൽവെളിച്ചങ്ങളിൽ,
വിശന്നുതീർത്ത സത്രമുറികളിൽ,
മനംമടുത്ത സായന്തനങ്ങളിലെ
കടൽത്തിരകൾക്കുമുന്നിൽ,
ഇരമ്പങ്ങളൊടുങ്ങാത്ത
റെയിൽപ്പാളങ്ങളിൽ,
ദുരാത്മാക്കൾ മേയുന്ന
അഗാധമാം, കൊക്കകളുള്ള
കുന്നുകളിൽ,
ആടിക്കഴിഞ്ഞ പഴയകാല
നിറമൂർന്ന ചിത്രങ്ങൾ.
ഓരോ തവണയും
കളയാനായ്
മാറാപ്പിലാക്കി
ദൂരെയെറിയവെ
ശരവേഗത്തിൽ
തിരിച്ചെത്തുന്നവ.
എന്നിട്ടൊരു ചോദ്യവും,
ഞങ്ങളില്ലെങ്കിൽ നീയുണ്ടോ?