ഓർമ്മ ലോഡ്ജ്

ഡൽഹിയിലെ തണുത്ത സായന്തനങ്ങളിൽ അവർ നടക്കാനിറങ്ങി. ഇളവേൽക്കാനായി ഒത്തുചേർന്ന സത്രങ്ങളിലും ചായക്കടകളിലും അവർ ഇനിയും പിറന്നിട്ടില്ലാത്ത മലയാളത്തിലെ ഉയിരെഴുത്തുകളുടെ പൊരുൾ പങ്കുവെച്ചു. ഗവർമെൻറ് ആശുപത്രിയിലെ ലേബർറൂമിൽ ഞാൻ നിലവിളിച്ച് പിറവിയുടെ പ്രതിഷേധമറിയിക്കുന്നതിനും എത്രയോ മുൻപായിരുന്നു അത്. അടിയന്തിരാവസ്ഥക്കും മലമ്പുഴ ഡാമുപണിയുന്നതിനും മുൻപ്. അതിൽപിന്നെ അതിലൊരാൾ മയ്യഴിയുടെ വിമോചനമെഴുതി, മറ്റൊരാൾ ഉഷ്ണമേഖലയിൽ സ്വയം അന്യനാകുന്ന മനുഷ്യൻറെ കഥയെഴുതി, വേറൊരാൾ പയ്യൻറെ സാഹസികകഥകളെഴുതി, ഇനിയുമൊരാൾ അതിനുമെത്രയോ മുൻപെഴുതി തയ്യാറാക്കിയ ഗൂഢാക്ഷരങ്ങളുടെ ഒരു കയ്യെഴുത്തുപ്രതിയുമായി പന്ത്രണ്ടുകാലങ്ങൾ ആ തണുത്ത തെരുവുകളിലൂടെ അലഞ്ഞു നടന്നു. ആ സന്ദേഹിയെപ്പറ്റി ആരുമന്വേഷിച്ചില്ല, ഒന്നുമറിഞ്ഞില്ല..സന്ദേഹി പാലക്കാട്ടുചുരം കയറിയതുമിറങ്ങിയതുമേതുമറിയാതെ എൺപത്തിരണ്ടിൽ പി.പദ്മരാജൻറെനവംബറിൻറെ നഷ്ടം ഇറങ്ങിയ ആഗസ്‌തുമാസത്തിൽ ഞാൻ ജനിച്ചു.


മഴ പെയ്യുന്നു,മഴ മാത്രമേയുള്ളു. ആരോഹണമില്ലാതെ അവരോഹണമില്ലാതെ, കാലവർഷത്തിന്റെ വെളുത്ത മഴ. മഴ ഉറങ്ങി. മഴ ചെറുതായി ..

ഞാൻ പീടികക്കോലായിൽ നിന്നിറങ്ങി ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു. അവൾ പിറകിൽ അള്ളിപ്പിടിച്ചിരുന്നു. ഒരുപെരുമഴ അവശേഷിപ്പിച്ചുപോയ നനവോർമ്മകൾ ഞങ്ങളെ നനച്ചുകൊണ്ടിരുന്നു. സമാനതകളില്ലാത്ത പ്രണയത്തണുവിൽ വലിയ ശബ്ദത്തോടെ ബുള്ളറ്റ് അതിൻറെ താളം വീണ്ടെടുത്തു. ഇന്നലെ രാത്രി ഏറെവൈകിയും അലസി പിരിഞ്ഞേക്കാമെന്നു കരുതിയ ചർച്ച ഉപാധികളോടെ അംഗീകരിക്കുകയായിരുന്നു അവൾ. മുൻപെന്നത്തേയും പോലെ ഇത്തരം സന്നിഗ്ധഘട്ടങ്ങളിൽ കോഴിക്കോട് നഗരം തന്നെ എൻറെ നിലയിടമായി.

മഴ, യാത്ര, കോഴിക്കോട്, ഗസൽ, ജോൺസൺമാഷ്, പത്മരാജൻ, ഖസാക്ക് എൻറെ ഈ എന്നിടങ്ങളിൽ ഈ കാലം കൊണ്ട് മഴയും യാത്രയും, കോഴിക്കോടുമൊക്കെയായി അവൾ നനയപ്പെട്ടിരിക്കുന്നു. നാല്പത്തിഅഞ്ചുകിലോമീറ്റർ എൻഫീൽഡിൽ കോഴിക്കോടേക്ക്‌, അതുചെന്നുനിൽക്കുക കല്ലുപാകിയ മിഠായി തെരുവിൻറെ ഉമ്മറത്ത്. അവിടെ കലന്തൻ ജ്യൂസിനുമുന്പിൽ മംഗോ ഷേക്കിനോ ചിക്കു ഷേക്കിനോ തിരക്കുകൾക്ക്‌ പിന്നിൽ കാത്തുനിൽക്കുമ്പോൾ ഉച്ചഭക്ഷണത്തിനുള്ള തിരക്കിട്ട ചർച്ചകൾ നടക്കും. റഹ്മത്തിലെ ബീഫ് ബിരിയാണി,’അമ്മ മെസ്സിലെയോ പാരഗണ്ണിലെയോ ഉച്ചയൂൺ, ബോംബെ ഹോട്ടലിലെ മട്ടൻബിരിയാണി, പലപ്പോഴും അവൾ റഹ്മത്തിലേക്കോ അമ്മമെസ്സിലേക്കോ ആകും എത്തുക.
ജ്യൂസ്‌കുടിച്ചു കല്ലുപാകിയ തെരുവിലൂടെ ഭൂതകാലം അപ്പാടെ പിന്നിലാക്കി ഒരു നടത്തം, ചെമ്പുട്ടി ബസാറിൽ നിന്ന് തിരിഞ്ഞു നടക്കുമ്പോൾ ഹലുവ വാങ്ങുമ്പോൾ കടക്കാരൻ മുറിച്ചുനൽകിയ കറുത്ത ഹൽവ അവൾ കൊതിയോടെ നുണയുന്നുണ്ടാകും.
തെരുവിന്റെ കഥാകാരനു മുൻപിൽ തിരിച്ചെത്തി വായനശാലയിലേക്കോ ഡിസി ബുക്സിലേക്കോ ആയുന്ന എൻറെ ചലനം ഒറ്റവിരൽ ഷർട്ടിലോ പാന്റിൻറെ ഹുക്കിലോ കൊളുത്തി മാനാഞ്ചിറ മൈതാനത്തേക്ക് ഗതിതിരിച്ചു വിടും. പുൽമൈതാനിയിൽ ‘കാലപ്രവാഹ’ ത്തിനു ചുവട്ടിലിരിക്കുമ്പോൾ എന്നത്തേയും പോലെ അവൾ ചോദിക്കും…
“ഇക്കാ,കല്യാണത്തിന് മുൻപ് ഞാൻ എത്രയോ തവണ കോഴിക്കോട് വന്നിട്ടുണ്ട് അന്നു കണ്ട കോഴിക്കോടിനയേ അല്ല ഇങ്ങളോട് വരുമ്പ കാണുന്നത്..”
“അതെന്താ ?”
ശബ്ദത്തിൽ അല്പം ബേസ് കൂട്ടി അവളുടെ മടിയിൽ കിടന്നു ഞാൻ പറയും-

”കോഴിക്കോട് പഴയ കോഴിക്കോട് തന്നെ, ബിലാലാണ് മാറിയത് പെണ്ണേ” അവൾ തട്ടം കൊണ്ട് എൻറെ മുഖമാകെ മൂടി, നെഞ്ചിൽ മൃദുവായി മർദ്ദിക്കും. പത്മരാജനും,ബേപ്പൂർ സുൽത്താനും, ജോൺ എബ്രഹാമും അങ്ങനെ പിന്നെയും കുറേപ്പേർ, മരിക്കാനും എഴുത്തിനിരിക്കാനുമായികോഴിക്കോട് വണ്ടിയിറങ്ങിയെങ്കിൽ..

…എങ്കിൽ പെണ്ണേ… ഈ മണ്ണ് നമ്മുടെ കാഴ്‌ചക്കുമപ്പുറത്താണ്.

”അനുരാഗ ലോല ഗാത്രി,
വരവായി നീല രാത്രി
നിനവിൻ മരന്ദ ചഷകം”

ഇങ്ങനെ ഏതെങ്കിലും ഒരു പ്രണയ ഗാനത്തെ ആക്രമിച്ചു അവളുടെ കരിമഷിക്കണ്ണുകൾ നോക്കി മടിയിൽ കിടക്കുമ്പോഴേക്കും വെയിലു കനക്കും,വയറുകത്തും.

എന്നത്തേയും പോലെ ബീഫ് ബിരിയാണി ഒരത്ഭുതമായിപ്രഖ്യാപിച്ചു. റഹ്മത്ത് ഹോട്ടലിൻറെ ഇടുങ്ങിയ മരപ്പടികളിറങ്ങി റെയിൽവേ
ഗേറ്റുകടന്നു വലത്തോട്ട് ബീച്ചിലേക്ക്. ഉപ്പിലിട്ടതും ഐസുരതിയും വാങ്ങി മണലിലിരുന്നു. പ്രണയത്തിൻറെ നിലക്കാത്ത തിരമാലകൾ കാലുകളെ നനച്ചുകൊണ്ടിരുന്നു. ബാബുക്കയുടെ ഓരോ പാട്ടും ഓരോതിരമാലക്കൊപ്പവും വരുന്നതുപോലെ എനിക്ക് തോന്നി.അപ്പോൾ വന്ന ഒരു ഗാനം ഞാൻ ഏറ്റുപാടി,

“സുറുമയെഴുതിയ മിഴികളെ,
പ്രണയമധുര തേൻ തുളുമ്പും …”

കരിമഷിയെഴുതിയ അവളുടെ മിഴികൾ ദിശതെറ്റിപ്പറക്കുന്ന പട്ടങ്ങൾക്കൊപ്പം ചലിച്ചുകൊണ്ടിരുന്നു. തിരക്ക് കൂടി വന്നു. രാപ്പാർക്കുന്ന പ്രണയങ്ങളുടെ , ജീവിത സായന്തനത്തിൻറെ നിലയിടങ്ങൾ..

”കരിമ്പനകളുടെ ചക്രവാളങ്ങളിൽ സന്ധ്യ കറുത്തുതുടങ്ങിയിരുന്നു. പച്ചക്കിളികൾ കൂട്ടംചേർന്നു പറന്നുപോകുന്നതും നോക്കി അപ്പുക്കിളി പടിക്കൽ നിന്നു.
”ഈ കിളിക്കു എന്നും അന്തിയാണ് മാഷേ” മാധവൻ നായർപറഞ്ഞു.
”എന്നാലോ കൂടൊട്ടു പറ്റൂമില്ല”
”ആരും കൂട് പറ്റാറില്ല മാധവൻനായരെ”

ആദാമിൻറെ ചായക്കടയിൽ നിന്ന് പഴംപൊരിയും ഇലയടയും ചായയും കഴിച്ചു സ്റ്റേഡിയം വഴി ഒന്നുകൂടെ ചുറ്റി, ആതിര ബുക്സിൽ നിന്ന് ഞാൻ രണ്ടുപുസ്തകം വാങ്ങി,സി വി ബാലകൃഷ്ണൻറെ ‘സിനിമയുടെ ഇടങ്ങളും,’പത്മരാജൻ :ദുരന്തകാമനകളിലെ ഗന്ധർവ്വൻ’ എന്ന മറ്റൊന്നും. അതിനടുത്തകടയിൽ നിന്നവൾ ഒരു നന്നാറി സർവത്ത് ബോട്ടിലും വാങ്ങി. ഉടമ്പടി പ്രകാരമുള്ളതെല്ലാം നിവർത്തിച്ചിരിക്കുന്നു. ഞങ്ങൾ മടക്കമാരംഭിച്ചു.

“വിട തരുക…. മന്ദാരത്തിൻറെ ഇലകൾ ചേർത്തുതുന്നിയ ഈ പുനർജനിയുടെ കൂടുവിട്ട് ഞാൻ വീണ്ടും യാത്രായാണ്.”

നാളെ പുലർച്ചെക്കുള്ള വണ്ടിക്കാണ് പാലക്കാട്ടേക്ക്. അവൾ അത്യാവശ്യമുള്ളതെല്ലാ ബാഗിൽ നിറച്ചുവെക്കാൻതുടങ്ങി. ഖസാക്കിൻറെ ഇതിഹാസം ഇന്നിതെവരെ വായിച്ചിട്ടില്ലാത്ത, സ്നേഹത്തോടെ എൻറെ ആ താല്പര്യം വച്ചുനീട്ടിയപ്പോഴൊക്കെ അവൾ ക്രൂരമായി നിരസിച്ച്, ചെവിയിൽ ഹെഡ്സെറ്റ് തിരുകി കൊല്ലം ഷാഫിയുടെയോ മറ്റോ മാപ്പിളപ്പാട്ട് കേട്ടു കിടന്നു. അവളുടെ അഭിരുചിയെ ബഹുമാനിച്ചു ജോൺസൺ മാഷെയോ, ജഗജിത്തിനെയോ കേട്ട് ഞാനുമരികിൽ കിടക്കും. അവൾക്കിത് വെറുമൊരു യാത്രയുടെ ഒരുക്കമാണ്. എനിക്കത് പ്രകടമാക്കാൻ പദസമ്പത്തില്ലാത്ത എന്തോ ഒന്നും. ”ഇംഗ്ലീഷ് സാഹിത്യമൊക്കെയല്ലേ പഠിക്കുന്നത്, ഇതിരിക്കട്ടെ” ഇങ്ങനെ പറഞ്ഞു വർഷങ്ങൾക്ക് മുൻപ് ഒരവധിക്കാലത്ത് വായനശാലയിലെ രഘുവേട്ടൻ തുമ്പികളുടെ ചിത്രമുള്ള ഒരു പുസ്തകം എൻറെ കയ്യിൽ വച്ചു തന്നു. വായനാശീലം പേരിനുപോലുമില്ലാത്തകാലം. ഒട്ടും താല്പര്യമില്ലാതെ വായന കഴിഞ്ഞു ഞാനാ പുസ്തകം രഘുവേട്ടനെ തിരിച്ചേൽപ്പിച്ചു. പിന്നെ ‘കാല’വും ‘അസുരവിത്തും’ മയ്യഴിയും സങ്കീർത്തനവുമൊക്കെ വായിച്ചു ഞാൻ ഒരു ശരാശരി വായനക്കാരനായി. പക്ഷെ ആദ്യ പുസ്തകം തിരിച്ചേൽപ്പിച്ചു വായനശാലയിൽ നിന്നിറങ്ങുമ്പോൾ ആ തുമ്പികൾ ചിറകടിച്ചു എനിക്കു പിറകേ വന്നത് ഞാനറിഞ്ഞതല്ല. രഘുവേട്ടൻ പിന്നെയും പലവട്ടം ഇതിഹാസത്തിനു നേരെ ലെഡ്ജറിൽ എൻറെ പേരെഴുതിച്ചേർത്തു. പലകാലങ്ങളിൽ അതെൻറെയൊപ്പം വട്ടമിട്ടുപറന്നു. ഇന്നിതാ ഇപ്പൊ അതെന്നെ തസറാക്കിലേക്കു വഴി കാണിക്കുന്നു.

”ദാ ,ഇത് മതിയാകോ ?” എൻറെ നാല് അണ്ടർവിയർ എടുത്തു കാട്ടി ബാഗിൽ വെക്കുമ്പോൾ അവൾ ചോദിച്ചു .
”ഓ,എനിക്കത് നിർബന്ധമൊന്നുമില്ലെടി ” ഞാൻ ശൃംഗരിച്ചു.
”അയ്യാ !!”അവൾ ചുണ്ടുകോട്ടി കൊഞ്ഞനം കുത്തി. ഒരുക്കിവെക്കൽ കഴിഞ്ഞപ്പോൾ നേരംകെട്ട നേരം കരിമഷി കലങ്ങിയ അവളുടെ കണ്ണിലേക്കു ഞാനൊരുബാണമയച്ചു. അവൾ അതിൻറെ മുനയൊടിച്ചു നിലത്തിട്ടു.

”തൽക്കാലം തസറാക്ക് കണ്ടാമതി. വെളുപ്പിന് പോകാനുള്ളതല്ലേ അങ്ങനിപ്പോ കൊഞ്ചണ്ട…” ഒരു തലയിണ ചുഴറ്റിയെന്നെയെറിഞ്ഞു അവൾ ടവ്വലെടുത്തു വാഷ്‌റൂമിലേയ്ക്ക് നടന്നു. ചീറ്റി കരിഞ്ഞു പോയ ബാണമോർത്തു ഞാനിതിഹാസം തുറന്നു പിന്നെയും വായിച്ചു.

“ഒടമ്പേ പാത്ത്ട്ങ്കോ” ഇറങ്ങുമ്പോൾ അവൾ പറഞ്ഞു, നടന്നകന്ന അവളുടെ സമൃദ്ധമായ പിൻപുറത്തേക്ക് അയാൾ നോക്കിയില്ല അതിൻറെ ഓർമ്മ നുണഞ്ഞുകൊണ്ട് പള്ളിതണുവിന്റെ ആലിലയിൽ അയാൾ കിടന്നു ”

ഞാൻ പുസ്തകം അടച്ചു വച്ചു തലയിണക്കടിയിൽ തലപൂഴ്ത്തിവച്ചു കമഴ്ന്നു കിടന്നു.

ഒലവക്കോട് സ്റ്റേഷനിൽ ഇറങ്ങിയതു മുതൽ ചെറുതായി മഴയുണ്ട്. താമസിക്കാനൊരിടം അന്വേഷിച്ചു ഓട്ടോയിൽ കയറാൻ തുടങ്ങിയപ്പോഴാണ് ഓട്ടോക്കാരൻ നടന്നുപോകാൻ അകലത്തിലുള്ള ടൂറിസ്റ്റു ഹോം കാണിച്ചു തന്നത്. മഴ കനം വച്ചു തുടങ്ങി. ഒരു പത്മരാജൻ ഫ്രെയിമിലേതുപോലെ റോഡിനുമറുവശത്ത് മഴനൂലികൾക്കിടയിലൂടെ ആ പേര് തെളിഞ്ഞു വന്നു. “ഓർമ്മ ലോഡ്ജ്”” മറവിയിൽ വീണുപോയതുപോലുള്ള ആ സ്ഥലരാശിയെ ഞാൻ വീണ്ടെടുക്കാൻ ശ്രമിച്ചു. ജന്മാന്തരങ്ങളുടെ അതിരുകൾ വിട്ടു കാലത്തിൻറെ ഏതുകോണിലാണ് ഈ വഴിയമ്പലം എൻറെ കണ്ണിൽ തെളിഞ്ഞത്. നിശ്ചയമില്ല. മഴപെരുത്തു പടർന്നു..

”അങ്ങിനെ പടർന്നു പന്തലിച്ച മാവുകൾക്കടിയിൽ നാലഞ്ച് ഏറുമാടങ്ങളുടെ നടുവിൽ താൻ വന്നെത്തുമെന്ന് പണ്ടേ കരുതിക്കാണണം. വരുംവരായ്കളുടെ ഓർമ്മകളിലെവിടെയോ ആ മാവുകളുടെ ജരയും ദീനതയും കണ്ടുകണ്ടു ഹൃദിസ്ഥമായിത്തീർന്നതാണ് ”

നനച്ചമഴയും തളിർത്തപ്രണയവും തളർന്നുമയങ്ങിയുറങ്ങിയുണർന്ന വൈകുന്നേരം പുറത്തേക്കിറങ്ങി. റോഡിൽനിന്ന് വലത്തോട്ട് അലക്ഷ്യമായിനടന്നു. മറ്റൊരു ദേശത്തു മറ്റേതോ ഒരു കാലത്തിലൂടെ നടക്കുന്നെന്നോണം അവൾ എൻറെ കൈ ചുറ്റിപിടിച്ചു. മഴയുടെ അറ്റത്തുനിന്നു വീശി വന്ന കാറ്റ് ഇടയ്ക്കിടെ ഞങ്ങളെ തണുപ്പിച്ചുകടന്നുപോയി. നടന്നെത്തിയത്തി തിരക്കേറിയ ഒരു തെരുവിലാണ്. ആധുനികതയുടെ ഒരു പൊങ്ങച്ചവും കെട്ടുമാറാപ്പുകളുംവന്നെത്തിയിട്ടില്ലാത്ത മനുഷ്യരും പീടികകളും. ഒരു നിരയിൽ നിറയെ കപ്പയും
കായും വറുക്കുന്ന കടകൾ. മറുവശത്തു പച്ചക്കറികളും മറ്റും. കപ്പ വറുത്തത് വാങ്ങി കൊടുത്തപ്പോൾ അവളുടെ നടത്തം വേഗത്തിലായി. പിന്നെയും പോയപ്പോൾ ആ ചെറിയ തെരുവ് ഒരു പട്ടണമായി രൂപാന്തരപ്പെട്ടു. വെള്ളയപ്പവും മുട്ടറോസ്‌റ്റും കഴിച്ചു റൂമിലേയ്ക്ക് മടങ്ങി. റൂമിലെത്തുന്നതിനു മുൻപേ നനച്ചു പെയ്‌തൊരൊറ്റമഴ ശൈശവം പിന്നിട്ടു. മഴ പെരുകിപ്പരന്നു. ‘ഓർമ്മ’യിലെ ആദ്യരാത്രി, നനഞ്ഞത് മാറ്റാൻ അവൾ ബാത്റൂമിലേക്ക് കയറി. ഒരു മഴയുറക്കത്തിന് മഴനൂലുകൊണ്ട് വില്ലീസൊരുക്കി മഴകണ്ണുപൊത്തി കൂട്ടുനിന്നു.

”മൈമൂന ഇറങ്ങി. അവൾ അറബിക്കുളത്തിലേക്കു നടന്നു. ആ നീരാട്ടം നോക്കികൊണ്ട് രവി അറയുടെ തണുവിൽ കിടന്നു.”

തണ്ണീർപന്തലിലേക്കോ എണ്ണപ്പാടത്തേക്കോ ഉള്ള ബസ്സിൽ കയറണം എന്നാലും അവിടുന്ന് തസറാക്കിലേക്കു പോകാൻ വാഹനം കിട്ടണമെന്നില്ല. വഴിചോദിച്ച മൂന്നാമത്തെ ബസ്സുകാരൻ ഇങ്ങനെ പറഞ്ഞപ്പോഴാണ് ഓട്ടോപിടിക്കാമെന്ന തീരുമാനത്തിലെത്തിയത്.
”മനുഷ്യൻമാർക്കറിയാത്ത,വാഹനം പോകാത്ത കാട്ടുമുക്കിലാണ് ടൂറു വന്നത്, ബെസ്ററ്” ഓട്ടോ സ്റ്റാൻഡിലേക്ക് നടക്കുമ്പോൾ അവളുടെ ക്രൂരമായ കൗണ്ടർ. മഴ പതിഞ്ഞ താളത്തിൽ അപ്പോഴുമുണ്ട്. ഓട്ടോ സ്റ്റാൻഡിലും രണ്ടുമൂന്നു പേര് ഖസാക്കെന്നും തസറാക്കെന്നും വിജയനെന്നും കേട്ട് പരസ്പരം നോക്കി.അപ്പോഴാണ് ‘വാ ഇതില്കയറിക്കോ എനിക്കറിയാം,ഞാൻ കൊണ്ടു പോകാം’ നിരക്ക് നടുവിൽ നിന്നാണൊരാൾ പറഞ്ഞത്. നാനൂറു രൂപ പറഞ്ഞൊറപ്പിച്ചു വണ്ടിയെടുത്തു.

”അവിടെ പാർക്കോ മറ്റോ ഉണ്ടാക്കിയെന്ന്കേട്ടു, അതിനുമുൻപൊരുവട്ടം പോയതാ, ഇതിപ്പോ എനിക്കും കൂടെ കാണാമല്ലോ. ഇവിടെയീ മലമ്പുഴക്കും നെല്ലിയാമ്പതിക്കുമല്ലേ ആള് വരുന്നേ അതാ എല്ലാവർക്കും റൂട്ട് പരിചയമല്ലാത്തത് ” ഡ്രൈവർ ക്ഷമാപണം നടത്തി പിന്നെയും ചോദിച്ചു.
”നിങ്ങളെവിടുന്നാ ..?”
”കോഴിക്കോട്,വടകരക്കടുത്തുന്നു” കണ്ണാടിയിൽ നോക്കി ഞാൻ പറഞ്ഞു.
അയാൾ അത്ഭുതത്തോടെ തിരിഞ്ഞു നോക്കി.

‘ഇത്രേം ദൂരത്തു നിന്ന്….!!!, അപ്പൊ അത്രേ വലിയ ആളാ വിജയൻ ,ഓ ?’

ഞാനൊന്നും പറഞ്ഞില്ല, കണ്ണാടിയിൽ നോക്കി ചിരിക്കുക മാത്രം ചെയ്തു.

ചൂടുനഷ്ടപ്പെട്ട വെയില്, കരിമ്പനകളുടെ സീൽക്കാരം. എന്താണ് മനസ്സിലൂടെ കടന്നുപോയത്? കരുണ, ആസക്തി, നീരസം, ക്രൂരമായ ജിജ്ഞാസ, കൃതാർത്ഥത -എന്തായിരുന്നു അത്? അല്ലെങ്കിൽ അത് എല്ലാമായിരുന്നു. ജന്മാന്തരങ്ങളുടെ ഇളംവെയിലിൽ തുമ്പികൾ പറന്നലഞ്ഞു. രവി നടന്നു.നെടുവരമ്പ് അറ്റമില്ലാതെ നീണ്ടുകിടന്നു.

ഒടുവിൽ ഞാനെത്തിയിരിക്കുന്നു. ഒരു കർക്കിടകമഴതോർന്ന സന്ധ്യയിൽ വായനശാലയിൽ നിന്ന് എനിക്കൊപ്പം വന്ന തുമ്പികൾ എന്നെ ഇവിടെയെത്തിച്ചിരിക്കുന്നു. ഹൃദയമെത്രയോവട്ടം വന്നുപോയ സ്ഥലരാശി. കല്ലിൽ ‘ഖസാക്ക്’ എന്ന്കൊത്തിവച്ച കവാടം കടന്നാൽ ഞാറ്റുപുര. മാധവൻനായരുടെ ഞാറ്റുപുരയിന്ന് ഇതിഹാസ സ്മാരകമാണ്. അതിനുചുറ്റും വെളിമ്പുറങ്ങളിൽ ശിൽപവനം. കല്ലിൽ കൊത്തിവച്ച ഇതിഹാസത്തിലെ ഖസാക്കുകാരും തുമ്പിയും പാമ്പും പരുന്തുമെല്ലാം മൃത്യുവില്ലാതെ അതിനു കാവലുനിൽക്കുന്നു. ചെതലിയുടെ താഴ്വരയിൽ തലയെടുപ്പോടെ നിൽക്കുന്ന കരിമ്പനകളുടെ നിഴലുകൾ അവിടെമാകെ വീണുകിടക്കുന്നു. പഴയ ഏകാദ്ധ്യാപക വിദ്യാലയ
ത്തിൻറെ ഓർമ്മയിൽ ഖസാക്കിനെ ഗർഭംധരിച്ച ഞാറ്റുപുരയുടെ തിണ്ണയിൽ ഇരിക്കുമ്പോഴാണ്,മജീദ് റാവുത്തർ വന്നത്. ഖസാക്കിൻറെ സൂക്ഷിപ്പുകാരൻ എന്ന് സ്വയമേ പരിചയപ്പെടുത്തി അയാൾ നരവന്ന മീശരോമങ്ങൾ ഇടയ്ക്കിടെ തടവി ഭൂതകാലത്തെ കൂടുതുറന്നുവിട്ടു. ഞാനിരിക്കുന്ന തിണ്ണയിലിരുന്നു മന്ത്രവാദി ഇതിഹാസത്തിൽ ഗൂഡാക്ഷരങ്ങൾ എഴുതിച്ചേർത്തതിന് സാക്ഷ്യം പറഞ്ഞു. അക്ഷരങ്ങളിലൂടെ വായിക്കാതെ ഇതിഹാസം അതിൻറെ സ്രഷ്ടാവിൽ നിന്ന് നേരിട്ടുകേട്ടറിഞ്ഞ ആ വൃദ്ധനെ ഞാൻ കൗതുകത്തോടെ നോക്കി നിന്നു. മൈമൂന നീരാടിയ അറബിക്കുളം കണ്ടു മടങ്ങുമ്പോൾ ഒരു കിഴക്കൻ കാറ്റ് കരിമ്പനയിൽ കുടുങ്ങി ചിതറി വീണു. വിസ്മയങ്ങൾ തിരയുന്ന കണ്ണുകളുമായി ഞാൻ റാവുത്തർക്കൊപ്പം നടന്നു.

രാജാവിൻറെ പള്ളിയിൽ അപ്പോൾ അസറുവാങ്കു വിളിച്ചു.

കരിമ്പനപ്പട്ടകളിൽ കാറ്റുശമിക്കുന്നില്ല നരിച്ചീറുകൾ നിറഞ്ഞ മുകൾത്തട്ടിലേക്കുഅയാൾ കേറി. ചെവികുറ്റിമേൽ കൈപ്പടമമർത്തിക്കൊണ്ട് അള്ളാപ്പിച്ചാമൊല്ലാക്ക വാങ്ക് വിളിച്ചു… ഏതോ വിപൽസ്വരം പോലെ ഖസാക്കുകാർ ആ വാങ്കുവിളി ചെകിടോർത്തു.

വാർദ്ധക്യം ചുളിച്ച നരവീണ ഖസാക്കിലെ സുന്ദരിയോട് ഞങ്ങൾ യാത്ര പറഞ്ഞു മുറ്റത്തേക്കിറങ്ങി. ഒന്നുറപ്പാണ് അറബികുളത്തിലെ രതിയിൽ നീരാടിയ ഖസാക്കിലെ യാഗാശ്വം ഇതല്ല.. അത് മന്ത്രവാദിയുടെ ധ്യാനത്തിൽ നിന്ന് ഉടലുകൈവന്ന സങ്കൽപ്പ ശരീരമാണ്. സാരിയും പുള്ളിയുള്ള മുണ്ടും വിരിച്ചിട്ട അയക്കിടയിലൂടെ നടക്കുമ്പോൾ ഞാൻ ഒന്നുകൂടെ തിരിഞ്ഞു നോക്കി. ഖസാക്കിലെ പുരോഹിതൻറെ മൈമൂനയുടെ,അത്തറിന്റെ ബീഡിക്കമ്പനിയിൽ ചേരും വരെ ഖാലിയാർ നൈസാമലി നിന്ന കരിമ്പനപ്പട്ട മേഞ്ഞ വീട് ഇന്നോടുമേഞ്ഞിട്ടുണ്ട്. മറ്റൊന്നും മാറിയിട്ടില്ല ,കാലം അവിടെ നിശ്ചലമായിത്തന്നെ കിടക്കുന്നു. ഖസാക്കുകാർ ഈ സന്ദർശനങ്ങളിൽ അസ്വസ്ഥരല്ല. അവർക്കത് ശീലമായിക്കഴിഞ്ഞിരിക്കുന്നു. കുപ്പുവച്ഛൻ പനങ്കള്ളു ചെത്തി കയറിയിറങ്ങിയ ഒറ്റപ്പനകൾ താണ്ടി ഞങ്ങൾ പിന്നെയും ഞാറ്റുപുരയിലെത്തി.

ശിലയായി ഘനീഭവിച്ച ഖസാക്കിലെ പാമ്പിനടുത്തു നിന്ന് ഞാൻ വയൽ വരമ്പിൽ നിരയായി നിൽക്കുന്ന കരിമ്പനകൾക്കിടയിലൂടെ കാലത്തിനു പിന്നിലേക്ക് നോക്കി നിന്നു. സ്വാമിനിയുടെ കാവിക്കച്ചചുറ്റി രവി ഖസാക്കിലേക്കു വന്നപ്പോൾ വഴിമുറിച്ചു കടന്നു കാരപൊന്തയിലേക്കു
മറഞ്ഞ ഒരു ദേവിയാൻ പാമ്പ്. രവിക്കും ഖസാക്കിനും മുൻപേ ആസർപ്പം പത്തിവിടർത്തി ആടിയിരുന്നു. ഊട്ടിയിലെ അവധിക്കാലത്ത് ചിറ്റമ്മയായി, ആശ്രമത്തിൽ സ്വാമിനി നിവേദിതയായി അതിഴഞ്ഞു വന്നു. രവിക്കുമുന്പേ ഖസാക്കിൽ ഒരു ദേവിയാനായി പൊന്തയിൽ മറഞ്ഞു.
പിന്നെയത് രതിയുടെ മായികമാണിക്യക്കല്ലുകൾ തലയിൽച്ചൂടി ഖസാക്കിൽ മൈമൂനയായും കോടച്ചിയായും പത്മയായും ഒടുവിൽ രവിയുടെ വിരലിലൂടെ പടർന്നു പുളഞ്ഞൊഴുകിയ കുഞ്ഞാമിനയുടെ ഋതുരക്തമായി പത്തിവിടർത്തിയാടി. ഒടുവിലൊടുവിൽ രവിക്കുമുൻപേ അത് കൂമൻകാവങ്ങാടിയിൽ കാത്തു നിന്നു. പാപത്തിൻറെ വിഷം പകർന്നു നൽകാൻ ഒരു ദംശനത്തിനായി. ഖസാക്കിൻറെ അതിരുകളാകെ അതിൻറെ ഉടൽ പരന്നിരുന്നു.

“നീ ഏൻ മൂർക്കൻപാമ്പെ പിടിക്കലൈ?” മൊല്ലാക്ക ചോദിച്ചു.
“ഇന്ത പാമ്പും മൂർക്കനാഹലാം ” ചെറുക്കൻ പറഞ്ഞു.
“എന്ത കാലത്തിലെ?”
“അതിനോട കാലം വരപ്പോ “

അതിൻറെ കാലംവരേക്കും അതു കാരപൊന്തയിൽ കഴിഞ്ഞിരുന്നു. ഞാറ്റുപുരക്കകത്തു സന്ദർശകർക്ക് വേണ്ടി ഒരുക്കിയ ഒ.വി. വിജയനെ കുറിച്ചുള്ള വീഡിയോ കണ്ട് ഇറങ്ങുമ്പോഴേക്കും ഖസാക്കിലെ സന്ധ്യ കാറുമൂടി കറുത്തിരുന്നു. കൗണ്ടറുകൾ അവസാനിപ്പിച്ചു ഒരു തീർത്ഥാടകയെ പോലെ അവൾ എന്നെ അനുഗമിക്കുന്നത് ഞാൻ കൗതുകത്തോടെ നോക്കിനിന്നു. കുറെ ചിത്രങ്ങൾ പകർത്തി പിന്നെയും കുറച്ചുസമയം ഞാറ്റുപുരയുടെ ഉമ്മറത്തിരുന്നു. എനിക്കഭിമുഖമായി ശിൽപമായി മന്ത്രവാദിയും. ഞങ്ങൾ ഏറെനേരം മുഖത്തോടു മുഖം നോക്കിയിരുന്നു. ഞാൻ ചോദിച്ചു,

“ഗുരോ ..? ഡൽഹിയിലെ സത്രങ്ങളിൽ എഴുതിത്തീർത്ത ഇതിഹാസവുമായി അങ്ങ് വിശ്രമം കൊള്ളുമ്പോൾ എൻറെ ജനനത്തിനു നേരിയ സാധ്യതപോലുമില്ലായിരുന്നു. എന്നിട്ടും അങ്ങിരുന്നിതിഹാസമെഴുതിയ ഈ പീഠത്തിൽ എന്നെയെത്തിച്ച പൊരുൾ എന്താണ് ഗുരോ ..?

ഗുരു നിഗൂഢപദപർവ്വങ്ങളിൽ ധ്യാനനിരതനായി. സ്മരണകളുടെ ബഹുവചനങ്ങളിൽ നിന്ന് ഒരു ചോദ്യം എന്നിലേക്ക്‌ അടുത്തുവന്നു.

കർമ്മബന്ധത്തിൻറെ ഏതു ചരടാണ്‌ നിങ്ങളെ ഈ വഴി കൊണ്ടുവന്നത് ..?

ഞങ്ങൾ ഖസാക്കിൽ നിന്നിറങ്ങി,

പൂട്ടിയടഞ്ഞ വാതിലിൽ രവി ഇത്തിരിനേരം നോക്കി. കുടയും സഞ്ചിയുമായി ഇറങ്ങുമ്പോൾ ഒരു നിമിഷത്തേക്ക് രവി കണ്ണുകൾചിമ്മി. സായാഹ്‌നയാത്രകളുടെ അച്ഛാ, രവി പറഞ്ഞു.
വിടതരുക മന്ദാരത്തിൻറെ ഇലകൾ ചേർത്തുതുന്നിയ ഈ പുനർജ്ജനിയുടെ കൂടുവിട്ട് ഞാൻ വീണ്ടും യാത്രയാണ്.

മജീദ് റാവുത്തർ ഒരോർമ്മത്തെറ്റുപോലെ ഞാറ്റുപുരയുടെ പടിക്കൽ നിന്നു. ഇതിഹാസം പിറന്ന കാലം ആ കണ്ണുകളിൽ ഊറിനിന്നു. ആ തീർത്ഥാടനഭൂമിയിൽ ഖസാക്കിൻറെ കാവൽക്കാരൻ ഖിന്നനായി നിലകൊണ്ടു. ഖസാക്കിലെ പാത എനിക്കുമുൻപേ നീണ്ടുകിടന്നു.അവൾ എനിക്കുപിറകേ മറ്റൊരു കാലത്തിൽ നിന്നെന്നപോലെ നടന്നുവരുന്നു. ഞൻ തിരിഞ്ഞുനോക്കിയതേ ഇല്ല. ഇതിഹാസത്തിൽനിന്നിറങ്ങിനടന്ന കഥാപാത്രമായി ഞാനപ്പോൾ. നൈസാമലിക്കും അള്ളാപ്പിച്ചക്കും മൈമൂനക്കും കുഞ്ഞാമിനക്കും മാധവൻനായർക്കുമൊക്കെയൊപ്പം കിതച്ചുനടന്നു. കൂമൻകാവിൽ ആ ബസ്സുവരുന്നതിനു മുൻപേ ഞങ്ങൾക്കവിടമെത്തണം. പോകെ അപ്പക്കിളിയും കോടച്ചിയും കുപ്പുവച്ചനും ആബിദയും ചക്രുറാവുത്തറുമൊപ്പം ചേർന്നു. ഒരു ബഹിരാകാശകപ്പലുപോലെ പുനർജ്ജനിയുടെ ഏതോ ഒരു സ്ഥലരാശിയിൽ നിന്ന് അയാൾക്കുള്ള ബസ്സു പുറപ്പെട്ടിട്ടുണ്ട്. രവി ആ ബസ്സിൽ കയറുന്നതിനു മുൻപേ കൂമൻകാവിലെത്തണം.

”ഖസാക്ക് വിട്ടു മറ്റൊരിടമില്ല അയാൾക്കെത്തിച്ചേരാൻ അയാളീമണ്ണിൽ ചേരേണ്ടയാളാണ്” ഖസാക്കിലെ പുരോഹിതൻ വിറയാർന്ന സ്വരത്തിൽ പറഞ്ഞു. നിറഞ്ഞുപെയ്യുന്ന വെളുത്ത മഴയിലും ഉള്ളിലെ ആളലണയാതെ ഞങ്ങൾ വേഗംകൂട്ടി. അകലെ ചെതലിയിൽ അസ്തമയം ചുവക്കാതെ ഇരുണ്ടുവരുന്നു. മൺകട്ടകൾക്കിടയിൽ നിന്ന് നീലനിറത്തിലുള്ള മുഖമുയർത്തി ഇണർപ്പ് പൊട്ടിയ കറുത്തനാക്ക് പുറത്തേക്കിട്ട് അവൻറെ പല്ലുകൾ രവിയുടെ കാൽപ്പടത്തിൽ പതിയുന്നതിനു മുൻപേ ഞങ്ങൾക്കവിടെമെത്തണം. മഴവീണു കുതിർന്ന നിലം അമർത്തിച്ചവിട്ടി മുന്നോട്ടായുന്ന ഞാൻ പിന്നിൽ നിന്നൊരു വിളികേട്ടു.

”ഇക്കാ ….?”

ബോധത്തിനുമബോധത്തിനുമിടയിലെ മഴവെള്ളം കുത്തിയൊഴുകുന്ന ഒരിടുങ്ങിയവഴിയിലൂടെ ആ വിളി എന്നിൽ ആപതിച്ചു. അവൾ ഏറെ പിന്നിലായിരുന്നു. അവളുടെ നനുത്ത വിരലുകൾ മുടിയിലൂടെ ഇഴഞ്ഞപ്പോഴാണ് എൻറെ കൂടെ വന്ന ഖസാക്ക്കാരെ ഞാൻ തിരഞ്ഞത്. ഞാൻ തിരിഞ്ഞുനോക്കി. മഴക്കാടുകൾക്കിടയിലൂടെ ഖസാക്കിലേക്കുള്ള വഴി നീണ്ടുകിടക്കുന്നു. മഴമയങ്ങിമണ്ണിലമർന്നു. പിന്നിൽ ചെതലിയുടെ മടിയിൽ ഖസാക്ക് നെടുവീർപ്പിൻറെ നനവോടെ അഴലുപുതച്ചുകിടന്നു.

ഞങ്ങൾ കൂമൻകാവങ്ങാടിയിൽ ബസ്സുകാത്തു നിന്നു.

ദുഃഖം പോലെ ,സാന്ത്വനം പോലെ ഇരുട്ട്. ഇരുട്ടിൽ അങ്ങിങ് മിന്നാമിനുങ്ങുകൾ. നാട്ടുവിളക്കുകളെന്ന പഥികൻമാർ. ഇരുവശവും ഇരുട്ടിൻറെ തരിശുകളിലൂടെ തിരിവിളക്കുകൾ നീങ്ങിമറഞ്ഞു. യാത്രക്കിടക്കൊരിക്കൽ എങ്ങുനിന്നോ മറ്റൊരു തണ്ടുവാളം പാഞ്ഞടുത്തു. മറ്റൊരു പ്രയാണം.

‘ഓർമ്മ’ പൂട്ടി താക്കോല് കൈമാറി ഞങ്ങളിറങ്ങി. മഴകാവൽനിന്ന എത്രയോ പകലുകൾ, രാത്രികൾ. അങ്ങിനെയേ കരുതാൻ കഴിയുന്നുള്ളൂ. റയിൽവേസ്റ്റേഷനിലേക്ക് നടന്നു. എന്തോ അവളുടെ മുഖത്തു ഒരു വിഷാദഛായ കാറുമൂടിയിരിക്കുന്നു. തിരിഞ്ഞു നോക്കിക്കൊണ്ടവൾ എൻറെയൊപ്പം നടന്നു. മറവിമൂടാതെ ‘ഓർമ്മ’ ഞങ്ങൾക്കു പിന്നിൽ തെളിഞ്ഞു നിന്നു. ജന്മാന്തരങ്ങളുടെ,പുനർജ്ജനിയുടെ ആ ഓർമ്മകൂട് വിട്ടു ഞങ്ങൾ യാത്രയായി.

അവസാനത്തെ ഈരചൂട്ട് കത്തിത്തീരുമ്പോൾ ചവിട്ടുവഴിക്കെതിരെ ഉദയം ചുവക്കുകയായിരുന്നു. പത്തുമണിയോടെ തീവണ്ടിയാപ്പീസിലെത്തി. ആ മണിക്കൂറിൻറെ ദൈർഘ്യമറിഞ്ഞില്ല.

ഒറ്റപ്പാലം കഴിഞ്ഞപ്പോൾ അവൾ എൻറെ ചുമലിൽ ചാരിക്കിടന്നു ചോദിച്ചു. കൂമൻകാവങ്ങാടിയിൽ നിന്ന്, ഒരുപക്ഷെ അതിനും
മുൻപേ അവളുടെ ഉള്ളിൽ ഗർഭംധരിച്ച ആ ചോദ്യം,

”ഇക്കാ.. എനിക്കാ പുസ്തകമൊന്നു തരാമോ ..?

അവളുടെ കണ്ണിലെ പൊരുളിനുള്ളിൽ ഞാൻ എന്നിലെ ഖസാക്ക് രോഗിയെ കണ്ടു. അവൾ ഖസാക്കിൻറെ ഇതിഹാസം വായിച്ചു ..

ഖസാക്കിലെ ഓത്തുപള്ളിയിലിരുന്നു അള്ളാപ്പിച്ചാമൊല്ലാക്ക റാവുത്തന്മാരുടെ കുട്ടികൾക്ക് ആ കഥ പറഞ്ഞുകൊടുത്തു. പണ്ട് പണ്ട് , വളരെ പണ്ട് ഒരു പൗർണ്ണമി രാത്രിയിൽ ആയിരത്തൊന്നു കുതിരകളുടെ ഒരു പട ഖസാക്കിലേക്ക് വന്നു..

കോഴിക്കോട് വടകര സ്വദേശിയാണ്. ഇപ്പോൾ ഖത്തറിൽ ജോലി ചെയ്യുന്നു. ആനുകാലികങ്ങളിലും , ഓൺലൈനിലും എഴുതുന്നു. 2020ൽ ആദ്യ കഥസമാഹാരം 'പെൻഗ്വിനുകൾ പറന്നുയരുമ്പോൾ ' പ്രസിദ്ധീകരിച്ചു.