
നീലാകാശമേലാപ്പിലുറങ്ങാതിരിക്കും
ഓരോ നക്ഷത്ര കുഞ്ഞിക്കണ്ണുകളും
മൗനപ്രണയത്തിൻ മണിദീപമെങ്കിൽ
നിലാക്കസവു മിന്നും മനസ്സിന്നിരുളിൽ
നെഞ്ചു കനത്ത് മുകിലമ്മ പൊഴിക്കും
ഓരോ നീർമുത്തുമണി നാദങ്ങളിലും
കാതോർക്കും മഴയൊച്ചയെങ്കിലെത്ര
മഴചാറി ചിരിക്കും ചൂടാറാമനസ്സിൽ
മഞ്ഞണിമാനം കുറുക്കും നിലാവും
പൂമണിക്കാറ്റു വിളമ്പും നറുമണവും
രാക്കിനാവിൻ നീരാട്ടിലുണ്ടെങ്കിലെത്ര
രാഗപരാഗം പറക്കും മാനസ മാനത്തിൽ
ചാന്ദ്രതാരകം തങ്കവിരലാൽ വരയ്ക്കും
ചാരുചിത്രം, കഥതേടിയിറങ്ങിയെങ്കിൽ
വെൺശംഖിനുള്ളിലൂറും മൗനങ്ങളെത്ര
പൊട്ടിച്ചിതറും മാനസക്കാമ്പിനുള്ളിൽ
മാനത്തു മേയും കിനാവുകളൊക്കയും
കാറ്റുലഞ്ഞാടും ചെമ്പകപ്പൂവെങ്കിൽ
ശലഭസ്പർശംതേടും ഓർമ്മപൂക്കളെത്ര
മാധവമൊരുക്കും മാനസഞൊറികളിൽ
പ്രഭ പൊലിയാത്ത താരകം പോലെ
ഇലത്തുമ്പിലകലാത്ത മഴയൊച്ച പോലെ
രതിരേഖമായാത്ത വെൺശംഖുപോലെ
ഓർമ്മനഭസ്സിലണയാ നക്ഷത്രമല്ലോ നീ








